2012, നവംബർ 11, ഞായറാഴ്‌ച

അക്ഷരപൂജ

“നീ സ്നേഹം ജ്ഞാനമാനന്ദം* ”

അക്ഷരങ്ങൾ സസ്യനാഭികൾ പോലെയാണ്. പുഷ്പകേന്ദ്രങ്ങളെപ്പോലെതന്നെ അവയും അമൃതവാഹിനികളാകുന്നു. അവ ചേതനകളെ സ്പർശിച്ചുണർത്തുകയും വളര്‍ത്തുകയും പരസ്പരം ചേർക്കുകയും ചെയ്യും. അല്ലെങ്കിൽ പിന്നെ ഇപ്പോൾ, ഈ പുലർച്ചെയുടെ കുളിരുന്ന ഇരുളിൽ, ഈ നഗരത്തിൽ, ഈ തീവണ്ടിയാപ്പീസിൽ ഞാനെങ്ങനെ വരുവാനാണ്?

തുലാവർഷം രാത്രിയിൽ ഉപേക്ഷിച്ചുപോയ നീർത്തണുപ്പിനെ ആവാഹിച്ചെത്തിയ കാറ്റേറ്റ് പ്ലാറ്റ്ഫോമിൽക്കൂടി നടക്കുമ്പോൾ ഞാൻ ആലോചിച്ചത് അങ്ങനെയൊക്കെയായിരുന്നു.

പ്ലാറ്റ്ഫോമിലെങ്ങും ആരുമുണ്ടായിരുന്നില്ല. തീവണ്ടിയെ യാത്രയയച്ച ആശ്വാസത്തില്‍ അത് തണുത്തും ഇരുണ്ടും അതിന്റെ ഏകാന്തതയെ ആസ്വദിച്ച് നീണ്ടുകിടന്നു. ആപ്പീസില്‍നിന്നുവരുന്ന വെളിച്ചത്തില്‍ എന്റെ ശ്വാസം മാത്രം കൃത്യമായ ഇടവേളയില്‍, കൃത്യമായ താളത്തില്‍ പുക പോലെ പടരുന്നുണ്ടായിരുന്നു.

തീവണ്ടിയാപ്പീസിന് വെളിയിലെ ഇരുട്ടില്‍ പത്തുമിനുട്ടോളം കാത്തുനില്‍ക്കേണ്ടിവന്നു ഫെദോര്‍ എത്താന്‍.

“ഡാ, സോറി. ഞാന്‍ ഒത്തിരി ലേറ്റായോ?” കാറിന്റെ ജനാലച്ചില്ല് താഴ്ത്തി നിറഞ്ഞുചിരിച്ചുകൊണ്ട് ഫെദോര്‍ ചോദിച്ചു.

“ഏയ്.. ഒത്തിരിയൊന്നുമില്ല. ഞാന്‍ ദേ ഇപ്പോ എത്തിയതേയുള്ളു.” വണ്ടിയുടെ മുന്‍വാതില്‍ തുറന്ന് ഞാന്‍ അകത്തുകയറിയിരുന്നു.

“ട്രെയിന്‍ കൃത്യസമയത്ത് എത്തിയല്ലേ. ഞാന്‍ വിചാരിച്ചില്ല.” ഫെദോര്‍ വീണ്ടും ക്ഷമാപണം ചെയ്യുകയാണ്. വെളുത്തുതുടുത്ത മുഖത്തെ കണ്ണടയ്ക്കപ്പുറം ഉറക്കം ഇപ്പോഴെങ്ങോ എഴുന്നേറ്റുപോയി ശൂന്യമായിത്തീര്‍ന്ന കണ്ണുകള്‍.

“നീ വണ്ടി വിടളിയാ.” ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ തോളില്‍ തട്ടി.

“ഹ്മം..” ഫെദോര്‍ നേരിയ ജാള്യത കലര്‍ന്ന പുഞ്ചിരിയോടെ ഗിയര്‍ മാറ്റി വണ്ടി മുന്‍പോട്ടെടുത്തു. അവന് കുറച്ചുകൂടി തടിവെച്ചിട്ടുണ്ട്. മീശ കനംവെച്ചിരിക്കുന്നു.

ഫെദോര്‍ എന്നെ അവസാനമായി ഇതേ തീവണ്ടിയാപ്പീസില്‍നിന്ന് യാത്ര അയച്ച ദിവസത്തെ അപ്പോള്‍ ഞാനോര്‍ത്തു. ആ യാത്ര പക്ഷേ ഒരു സന്ധ്യയിലായിരുന്നു. കോളേജ് ക്യാമ്പസിലെയും പുറത്തെയും കാലങ്ങള്‍ നീണ്ട സൌഹൃദം ദു:ഖം ഭാവിച്ച് ഇരുവരുടെയും മനസില്‍ കനപ്പെട്ടുകിടന്നിരുന്നു. അഞ്ചുവര്‍ഷം ഞാനൊരു രക്താണുപോലെ അലിഞ്ഞുചേര്‍ന്നൊഴുകിയ വിശുദ്ധമായ നഗരധമനികളോടും ഇരുണ്ട നഗരസിരകളോടും കൂടിയാണ് വിട പറയുന്നത്, എന്ന ചിന്ത എന്റെ കണ്ണുകളെക്കൂടി ഈറനാക്കിയിരുന്നു. തീവണ്ടിയുടെ വാതില്‍ക്കല്‍ നിന്ന്, ഇരുവശത്തുമുള്ള കൈപ്പിടികളില്‍ പിടിച്ച് പുറത്തേയ്ക്കാഞ്ഞ്, തീവണ്ടിയാപ്പീസിനപ്പുറത്ത് സോഡിയം വേപ്പര്‍ ലാമ്പിന്റെ വെളിച്ചത്തിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന പഴയ മുനിസിപ്പല്‍ കെട്ടിടത്തിന്റെ ക്ലോക്കിലേയ്ക്കും ടൌണ്‍ഹാളിന്റെ തലക്കെട്ടിലേയ്ക്കും അതിനുമുന്‍പിലെ അരയാലിന്റെ തലപ്പിലേയ്ക്കും അരികിലെ പള്ളിയുടെ മിനാരങ്ങളിലേയ്ക്കും അവയുടെയെല്ലാം ആകാശത്തേയ്ക്കും നോക്കി ഞാന്‍ നിന്നു.

“എന്നെ ഞാനാക്കിയ പ്രിയനഗരമേ, വിട!”

“എപ്പഴാ നിന്റെ ബ്ലോഗേഴ്സ് മീറ്റ്?” കടലരികിലെ റോഡില്‍ക്കൂടി കാര്‍ പതിഞ്ഞ വേഗതയില്‍ ഓടിച്ചുകൊണ്ട് ഫെദോര്‍ ചോദിച്ചു.

“പത്തുമണിക്ക്, ടൌണ്‍ഹാളി വെച്ച്. നീയെന്നെ അവടം വരെ കൊണ്ടുവിടണം.”

“ആഹ്! അപ്പോ ഇനീമിഷ്ടം പോലെ സമയമൊണ്ടല്ലോ.”

“ഉം.... വീട്ടിച്ചെന്ന് നന്നായൊന്നൊറങ്ങണം, ട്രെയിനില് ഒരു പോള കണ്ണടയ്ക്കാന്‍ പറ്റിയില്ല.” കരിനീലിച്ചുകിടക്കുന്ന കിഴക്കേ ആകാശത്ത്, തിരശ്ചീനമായി തെളിഞ്ഞുനീണ്ടുവരുന്ന തീമഞ്ഞച്ചുവപ്പാര്‍ന്ന നേര്‍ത്ത മേഘനാടകളെ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“ഇനി ഒറങ്ങാനോ.. ഞാന്‍ സമ്മതിക്കില്ല. ഇന്ന് നവരാത്രിയല്ലേ. നമ്മളുനേരെ വീട്ടിച്ചെന്ന് കുളിച്ച് അമ്പലത്തിപ്പോകുന്നു. തൊഴുന്നു. രാവിലെ എട്ടുമണിക്ക് പഞ്ചരത്നകീര്‍ത്തനാലാപമൊണ്ട്. അതുകേക്കുന്നു.” ഫെദോര്‍ പറഞ്ഞു.

“ഞാനില്ല. നീ പോയാ മതി.”

“നീ എഴുതുന്നവനല്ലേ. പൂജസമയത്തേലും അമ്പലത്തിപ്പോടാ. ഒന്നുമില്ലേലും എഴുതുമ്പോ ഈശ്വരകടാക്ഷമൊണ്ടാകും.” ഫെദോര്‍ പ്രലോഭിപ്പിച്ചു.

എന്നിട്ടും, വീടിന് തൊട്ടടുത്തായിരുന്നിട്ടും, അമ്പലത്തില്‍ പോയി തൊഴുവാനും പഞ്ചരത്നകീര്‍ത്തനം കേള്‍ക്കുവാനും ഫെദോര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സമയമത്രയും അവന്റെ കിടപ്പുമുറിയില്‍ക്കിടന്ന് തീവണ്ടി കൊണ്ടുപോയ ഉറക്കത്തിന്റെ ബാക്കി ഞാന്‍ വീണ്ടെടുക്കുകയായിരുന്നു.

ഫെദോര്‍ ചന്തിയില്‍ തല്ലി ഉണര്‍ത്തിയപ്പോഴാണ് എഴുന്നേറ്റത്. കുളിച്ച് വസ്ത്രം മാറുമ്പോള്‍ അവന്‍ വന്ന് പ്രാതല്‍ കഴിക്കുവാന്‍ വിളിച്ചു.

“അച്ഛന്‍ ഒരു കമ്പനിക്കുവേണ്ടി നിന്നേം നോക്കിയിരിപ്പൊണ്ട്. ഷുഗറൊള്ള ആളാണ്. വെയ്റ്റ് ചെയ്ക്കാതെ നീ വേഗം വാ.” ഫെദോര്‍ പറഞ്ഞു.

പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ശുഭ്രവസ്ത്രധാരിയായി, വിശാലമായ നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമായി, ആഢ്യത്വത്തോടെ ഊണുമുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു.

“എത്ര കാലമായെടോ തന്നെയൊക്കെ കണ്ടിട്ട്. വല്ലപ്പോഴുമൊക്കെ ഇതിലേ വരണ്ടേ.” മൂവര്‍ക്കും പുട്ടും കടലക്കറിയും വിളമ്പിക്കൊണ്ട്, ചിരിയോടെ അദ്ദേഹം പറഞ്ഞു. പ്രൌഢവും അതേസമയം ഹൃദ്യവുമായ ചിരി.

“എപ്പഴുമോര്‍ക്കും. എന്നാലും ഓരോ തിരക്കുകളാണച്ഛാ..” ഞാന്‍ വിനയാന്വിതനായി.

“നീ പോയേപ്പിന്നെ ഇവിടച്ഛന് സാഹിത്യോം രാഷ്ട്രീയോം പറയാന്‍ ആളില്ലാതായി.” ഫെദോര്‍ ചിരിച്ചു.

അന്നേരം ഓര്‍മ്മകളില്‍ ഒരു പുസ്തകം നീട്ടിപ്പിടിച്ചുകൊണ്ട് പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ നിന്നു.

“നിന്ദിതരും പീഡിതരും.”

മുഴക്കവും ആഴവുമുള്ള സ്വരത്തില്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ പറഞ്ഞു.

ഫെദോറിന്റെ വീട്ടിലെ ആദ്യദിവസങ്ങളിലൊന്നായിരുന്നു. കോളജ് പഠനകാലത്ത് ഹോസ്റ്റലിലായിരുന്നു താമസമെങ്കിലും മിക്കവാറും ഫെദോറിന്റെ വീട്ടിലാണ് പൊറുതി. ഈ ലോകത്ത് പൊതുവായനശാലകള്‍ മാത്രമല്ല, വലിയ ലൈബ്രറികളുള്ള വീടുകളുമുണ്ടെന്ന് അവിടെ വെച്ചാണ് ആദ്യമായി മനസിലാക്കിയത്.

ഞാന്‍ പുസ്തകം തുറന്നുനോക്കി. പല പല വിരലുകളുടെയും കണ്ണുകളുടെയും നിത്യസമ്പര്‍ക്കത്താല്‍ തേഞ്ഞുമയപ്പെട്ട ചന്ദനനിറമുള്ള താളുകള്‍. ആദ്യ പേജില്‍ നീലമഷിയില്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായരുടെ നീട്ടിപ്പിടിച്ചുള്ള സുന്ദരമായ ഒപ്പ്.

“ദസ്തേവ്സ്കിയുടെയാണ്. ഇനി താന്‍ സീരിയസായി വായിച്ചുതുടങ്ങണം. ഇതുവരെ പോയപോലെ പോയാ പോര.”

സ്ഫടികച്ചില്ലിട്ട വലിയ പുസ്തകഅലമാരയിലേയ്ക്ക് നോക്കി ഞാന്‍ നിന്നു. ഒരുപാട് എഴുത്തുകാരുടെ ഒരുപാട് പുസ്തകങ്ങള്‍ സ്കൂള്‍ബെഞ്ചില്‍ കുട്ടികള്‍ തിങ്ങിഞെരുങ്ങിയിരിക്കുന്നതുപോലെ പരസ്പരം ഉരുമ്മിനിറഞ്ഞിരിക്കുന്നു. അതില്‍ ഒരു ഭാഗം നിറയെ ഫെദോര്‍ ദസ്തേവ്സ്കി പല തലക്കെട്ടുകളിലായി, പല പുറംചട്ടകളിലായി ശാന്തഗാംഭീര്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ഫെദോറെന്ന, അല്‍പ്പം പോലും കേരളത്തനിമയില്ലാത്തൊരു പേര് ഒരു മലയാളിക്ക് വന്ന വഴി ആ വായനാമുറിയില്‍, ആ സ്ഫടികപാളിയില്‍ എന്റെ മുന്‍പില്‍ തെളിഞ്ഞുകിടന്നു.

“ഞാനായിരുന്നു നിന്റെ അച്ഛനെങ്കില്‍ നിനക്ക് ഞാന്‍ പ്രിൻസ് മിഷ്ക്കിൻ എന്നായിരിക്കും പേരിടുക,” എന്ന് ഫെദോറിനോട് ഒരിക്കല്‍ തമാശ പറഞ്ഞിട്ടുണ്ട് ഞാന്‍.

“നിന്നെ അച്ഛന്‍ ടൌണ്‍ഹാളിലേക്ക് വിടും. അച്ഛന്‍ അതുവഴി ഒരു കല്യാണത്തിന് പോകുന്നൊണ്ട്.” പ്രാതല്‍ കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഫെദോര്‍ പറഞ്ഞു.

“തനിക്കറിയാമെടോ. എന്റെ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ്ഡായിരുന്ന കുമാരന്‍സാറിന്റെ മകന്റെയാണ് കല്യാണം. ഓര്‍ക്കുന്നില്ലേ താന്‍?”

ഞാനോര്‍ക്കുകയായിരുന്നു കുമാരന്‍സാറിനെ. ബിരുദത്തിന് രണ്ടാം ഭാഷയുടെ ക്ലാസില്‍ കവിത പഠിപ്പിച്ചിരുന്ന, മെലിഞ്ഞുനീണ്ട, തേജസ്വിയായ പ്രൊഫസര്‍ കുമാരന്‍സാര്‍.

"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.."

കുമാരന്‍സാര്‍ കുറത്തിയായും കടമ്മനിട്ടയായും പകര്‍ന്നാടുകയായിരുന്നു. അയഞ്ഞ ഖദര്‍ജുബ്ബയ്ക്കുള്ളിലെ, ജീവല്‍ത്രാസമുള്ള ഇളംമണ്ണിന്റെ നിറമാര്‍ന്ന, ആ യോഗീരൂപത്തില്‍നിന്നുയര്‍ന്ന തീച്ചൂടില്‍ ക്ലാസും കൂടെ ഞാനും കുറേശെയായി വേവുന്നുണ്ടായിരുന്നു. അലൌകികമായ പകരലുകളുടെ അപൂര്‍വ്വനിമിഷങ്ങള്‍. വിദ്യാര്‍ഥിയുടെ തിരിച്ചറിവ്, അതിന്റെ സ്തംഭനം, കുളിര്.

പിന്നെ ക്യാമ്പസിനകത്തും പുറത്തും കവിസദസുകളില്‍ കുമാരന്‍സാര്‍ കവിതയായും കവിയായും നീറിപ്പിടിക്കുന്നത് പലപ്പോഴും കണ്ടു. ചിലപ്പോള്‍ സാര്‍ കാട്ടാളനും കടമ്മനിട്ടയുമാണെങ്കില്‍ ചിലപ്പോള്‍ വെയില്‍ തിന്നുന്ന പക്ഷിയും അയ്യപ്പനുമായിരിക്കും. മറ്റുചിലപ്പോള്‍ പാതകള്‍ പണിയുന്നവനും ചുള്ളിക്കാടുമായിരിക്കും.

“കുമാരന്‍സാറാണ് അതിന് അവതാരിക എഴുതിയിരിക്കുന്നത്. താന്‍ കണ്ടില്ലേ?”

ടൌണ്‍ഹാളിലേയ്ക്ക് കാറോടിക്കുമ്പോള്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ചോദിച്ചു. ഞാന്‍ കയ്യിലിരുന്ന പുസ്തകം മറിച്ചുനോക്കുകയായിരുന്നു.

“ദസ്തേവ്സ്കിയുടെ മനുഷ്യര്‍: ഒരു പഠനം - പ്രൊഫ.ബാലകൃഷ്ണന്‍നായര്‍.”

"മനുഷ്യർടെ എഴുത്തുകാരനാരുന്നെടോ ദസ്തേവ്സ്കി. അഗതീടേം അവഗണിക്കപ്പെടുന്നവന്റേം എഴുത്തുകാരൻ.” നിന്ദിതരും പീഡിതരും തിന്നുതിരികെനൽകിയ വൈകുന്നേരം ഒരു കൈക്കുഞ്ഞിനെയെന്നപോലെ കുറ്റവും ശിക്ഷയും എനിയ്ക്കു കൈമാറുമ്പോൾ പ്രൊഫസർ ബാലകൃഷ്ണൻനായർ പറഞ്ഞു.

പ്രൊഫസറിന്റെ മനുഷ്യപഠനപ്പുസ്തകത്തിന്റെ പുതുമണം മാറാത്ത കടലാസുകളിലേയ്ക്ക് ഞാന്‍ മുഖം ചേര്‍ത്തു. ഒരുവേള അവയ്ക്ക് ലോകതെരുവിന്റെയും സമസ്തമണ്ണിന്റെയും ഗന്ധവുമുണ്ടോ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുമില്ലായിരുന്നു.

ടൌണ്‍ഹാളിന്റെ ഗേറ്റിനുമുകളില്‍ “മലയാളം ബ്ലോഗേഴ്സ് മീറ്റ്” എന്ന് വലിയ ബാനര്‍ വലിച്ചുകെട്ടിയിട്ടുണ്ടായിരുന്നു. അതുണര്‍ത്തിയ ചിരിയുമായി പ്രൊഫസര്‍ ബാലകൃഷ്ണന്‍നായരോട് യാത്ര പറഞ്ഞ് ഗേറ്റിനകത്തേയ്ക്ക് കടക്കുമ്പോള്‍ ആരൊക്കെയോ വാതില്‍ക്കല്‍ നില്‍ക്കുന്നത് കണ്ടു. ബ്ലോഗ് സുഹൃത്തുക്കള്‍ തന്നെയാവണം. ഇതുവരെ ആരെയും നേരിൽ കണ്ടിട്ടില്ല. കീബോഡുകൾക്ക് അപ്പുറവുമിപ്പുറവുമുള്ള സൗഹൃദങ്ങളാണ്. അക്ഷരങ്ങളിൽക്കൂടി മാത്രമുള്ള പരിചയം.

-അക്ഷരങ്ങൾ നൽകിയ സുഹൃത്തുക്കളെ ആദ്യമായി കാണുവാന്‍ അക്ഷരങ്ങളുടെ പൂജാകാലം തന്നെയാണ് നല്ലത്.

ബ്ലോഗേഴ്സ് സംഗമം ഉച്ചകഴിയുംവരെ നീണ്ടു. ഭക്ഷണം കഴിഞ്ഞ്, എല്ലാവരോടും യാത്ര പറഞ്ഞ്, തിരിച്ചെത്തുമ്പോള്‍ ഫെദോര്‍ പൂമുഖത്ത് കാത്തിരിക്കുകയായിരുന്നു.

“നീയൊന്ന് ഫ്രഷാക്. നമുക്കൊന്ന് കറങ്ങാന്‍ പോകാം. പറ്റിയാലൊരു സിനിമേം കാണാം.” ഫെദോര്‍ പറഞ്ഞു.

പോര്‍ച്ചില്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായരുടെ കാര്‍ കിടപ്പുണ്ടായിരുന്നു.

ഫെദോറിന്റെ മുറിയില്‍നിന്ന് മുഖം കഴുകി, പുതുതായൊരു ഉന്മേഷത്തോടെ അവനുമൊത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ഊണുമുറിയിലിരുന്ന് ചോറുണ്ണുന്നത് കണ്ടു.

“ആങ്ഹാ... അച്ഛന്‍ കല്യാണത്തിന് പോയില്ലേ?” ഞാന്‍ ചോദിച്ചു.

“കല്യാണത്തിനൊക്കെ പോയെടോ. അന്നേരം വിശന്നില്ല. അതുകൊണ്ട് ഞാനിങ്ങ് പോന്നു.” പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ചിരിച്ചുകൊണ്ടുപറഞ്ഞു.

“കാര്യം ഒരുപാട് അറിവും അനുഭവങ്ങളുമൊക്കെയൊണ്ടേലും അച്ഛന്‍ ചെല കാര്യത്തിലൊക്കെ ഇപ്പഴും ആ പഴേ രീതിയാണ്.” റോഡിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഫെദോര്‍ പതിയെ പറഞ്ഞു.

“എന്ത് രീതി?”

“അച്ഛന്‍ ഇപ്പഴും പൊറത്ത് പോയാ എല്ലാടത്തുനിന്നൊന്നും കഴിക്കില്ല. സെലക്ടഡ് ആയ സ്ഥലങ്ങളീന്ന് മാത്രമേ കഴിക്കൂ.”

“അതെന്താ അങ്ങനെ?” എനിയ്ക്ക് മനസിലായില്ല.

“അതെന്താ അങ്ങനേന്ന് ചോദിച്ചാ..” ഫെദോര്‍ ഒരു നിമിഷം നിര്‍ത്തി, എന്ത് പറയണമെന്ന് ആലോചിച്ചു.

“ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കിയിട്ടൊണ്ട്. പക്ഷേ ഒരു മാറ്റോമൊണ്ടായിട്ടില്ല. ചെല കാര്യങ്ങളില്‍ അച്ഛനങ്ങനെയാണ്.” ഫെദോര്‍ സങ്കോചത്തോടെ അത്രയും പറഞ്ഞിട്ട് ഇനിയെന്ത് പറയണം എന്നറിയാത്തതുപോലെ സംസാരം നിര്‍ത്തി. അവന്റെ ശബ്ദത്തില്‍ വിഷാദം കലര്‍ന്നിരുന്നതായി തോന്നി. പ്രിൻസ് മിഷ്ക്കിന്റെ മുഖമായിരുന്നു അവനപ്പോൾ.

എനിയ്ക്കൊന്നും മനസ്സിലായിരുന്നില്ല. ചായുന്ന വെയിലിലൂടെ ഞങ്ങള്‍ ഇരുവരും നിശബ്ദരായി അമ്പലത്തിന് മുന്‍പിലെ റോഡിലൂടെ നടന്നു. പയ്യെപ്പയ്യെ മനസ് ഇരുണ്ടുതുടങ്ങിയിരിക്കുന്നു. ഫെദോര്‍ ഏതോക്കെയോ സുഹൃത്തുക്കളെ കണ്ട് സംസാരിച്ചുനില്‍ക്കുമ്പോള്‍ ഞാന്‍ അമ്പലം നോക്കി നിന്നു. പൂഴിമണല്‍ നിറഞ്ഞ വിശാലമായ മുറ്റത്തിനപ്പുറം അമ്പലവും അരയാലും നിശബ്ദമായി നിലകൊള്ളുന്നു. പൂഴിമണലില്‍, ചാഞ്ഞുവീഴുന്ന അമ്പലത്തണലില്‍ അവിടവിടെയായി സൌഹൃദം പങ്കിട്ടിരിക്കുന്ന പല പ്രായക്കാരുടെ ചെറുസംഘങ്ങള്‍. ഓടിക്കളിക്കുന്ന കുട്ടികള്‍. അവര്‍ പുസ്തകങ്ങള്‍ പൂജവെച്ചതിന്റെ ആഘോഷത്തിലാണ്. പാഠപുസ്തകങ്ങളുടെ ചുമട് തൊടാതിരിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന വര്‍ഷത്തിലെ രണ്ടേ രണ്ട് ദിവസങ്ങളാണല്ലോ പൂജാകാലം.

ഫെദോര്‍ ഇപ്പോഴും സംസാരത്തിലാണ്. ഞാന്‍ പൂഴിമണലില്‍ കാലുകള്‍ വലിച്ചുവച്ച് അമ്പലത്തിന് നേര്‍ക്കുനടന്നു. ഉച്ചയ്ക്ക് ബ്ലോഗേഴ്സ് മീറ്റിന് കഴിച്ച ബിരിയാണിയ്ക്കുംമേലെ രാവിലത്തെ പുട്ടും കടലയും നെഞ്ചെരിച്ചിലായി പുളിച്ചുതികട്ടുന്നത് ഞാനറിഞ്ഞു.

നട തുറന്നുകിടന്നിരുന്നു. ഞാന്‍ അകത്തേയ്ക്ക് നടന്നു. ഉള്ളിലെങ്ങും ആരുമുണ്ടായിരുന്നില്ല. നമസ്ക്കാരമണ്ഡപത്തിലേയ്ക്കുള്ള വഴിയുടെ ഇരുവശവുമുള്ള ചുറ്റമ്പലത്തിണ്ണകളില്‍ കുട്ടികള്‍ പൂജവെച്ച, പത്രക്കടലാസുകളില്‍ പൊതിഞ്ഞ പുസ്തകക്കെട്ടുകള്‍ നിരന്നിരുന്നു. അവയ്ക്ക് മേലെ വാടിത്തുടങ്ങിയ പൂജാപുഷ്പങ്ങള്‍ ചിതറിക്കിടപ്പുണ്ടായിരുന്നു.

ഞാന്‍ ചുറ്റമ്പലത്തിനുള്ളിലെ അപാരമായ വിജനതയിലേയ്ക്ക് കടന്നു. ഗാഢമായൊരു മൌനം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. ആ മൌനം ദു:ഖപൂര്‍ണവുമായിരുന്നു.

നമസ്ക്കാരമണ്ഡപത്തിലും പ്രദക്ഷിണവഴിയിലും സോപാനത്തിലുമൊക്കെ തലമുറകള്‍ പൂജവെച്ച എണ്ണമറ്റ ഗ്രന്ഥക്കെട്ടുകള്‍ കൂന കൂടിക്കിടക്കുന്നത് ഞാന്‍ കണ്ടു. ചിതലുകള്‍ തിന്നു ദ്രവിച്ച പുറംചട്ടകളുള്ള അവ പല കാലങ്ങളുടെ പൊടിയും മാറാലയും പേറിയിരുന്നു. പണ്ടേയ്ക്കുപണ്ടേ ഉണങ്ങിക്കരിഞ്ഞുപോയ പൂജാപുഷ്പങ്ങളുടെ അവശിഷ്ടങ്ങള്‍ ചെറുപല്ലികളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ അവയ്ക്ക് മേലേ കിടന്നു.

മലയേക്കാള്‍ ഉയരമുള്ള ആ കൂമ്പാരത്തിനിടയിലൂടെ ഞാന്‍ ബദ്ധപ്പെട്ട് സോപാനത്തിനരികിലെത്തി അകത്തേയ്ക്ക് നോക്കി. അകത്ത് എപ്പഴോ കരിന്തിരി കത്തി അണഞ്ഞുപോയ, കരിപിടിച്ച വിളക്കുകള്‍ക്ക് നടുവില്‍ ചിലന്തികള്‍ മാറാല കെട്ടിയ ദേവീവിഗ്രഹം ഞാന്‍ കണ്ടു. ഇളം പാല്‍ച്ചുണ്ടിന്റെ സ്പര്‍ശം എങ്ങോ എന്നോ അന്യമായിത്തീര്‍ന്ന, നീരുകെട്ടിയ, കനത്തുവിങ്ങുന്ന അമ്മിഞ്ഞ പോലെ ആ കല്‍വിഗ്രഹത്തിന്റെ മുലത്തടം പാല്‍ ചുരന്ന് നനയുന്നുണ്ടായിരുന്നു.

======================

* ഗുരുസ്മരണയില്‍.

അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.

15 അഭിപ്രായങ്ങൾ:

  1. ആത്മാവിനെ അനന്തകാലം പൂജയ്ക്ക് വെയ്ക്കുന്ന തലമുറകളുടെയും അമൃത് നുകരുവാന്‍ പൈതങ്ങളില്ലാതെ പോകുന്ന മാതാവിന്റെയും കഥ.

    മറുപടിഇല്ലാതാക്കൂ
  2. മനസ്സിനെ സ്പര്‍ശിച്ചു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. മനോഹരകഥ

    റെയില്‍ വേ സ്റ്റേഷന്‍ പല പ്രതിഭകളും ഒറ്റ വാക്യത്തിലും ഒരു ഖണ്ഢികയിലും ഒക്കെ പലതരത്തില്‍ വര്‍ണ്ണിക്കുന്നത് വായിച്ചിട്ടുണ്ട്
    എന്നാല്‍ ഇത്ര ആകര്‍ഷകമായി വര്‍ണ്ണിച്ചിരിക്കുന്നത് ആദ്യമായാണ് കാണുന്നത്”

    തീവണ്ടിയെ യാത്രയയച്ച ആശ്വാസത്തില്‍ അത് തണുത്തും ഇരുണ്ടും അതിന്റെ ഏകാന്തതയെ ആസ്വദിച്ച് നീണ്ടുകിടന്നു.

    ദര്‍ശിപ്പിക്കുന്ന ആഖ്യാനം

    മറുപടിഇല്ലാതാക്കൂ
  4. എന്റെ പരിധിയില്‍ ഒതുങ്ങാത്തതിനാല്‍ ഒരഭിപ്രായം സാധ്യമല്ല.
    "റസ്ക്കോള്‍ നിക്കോവ്" പോലുള്ളവരെ അറിഞ്ഞിരുന്നാലെ കഥ വ്യക്തമായി ആസ്വദിക്കാന്‍ പറ്റു എന്ന് തോന്നി. ബിനുവിന്റെ ആദ്യ കമന്റ് ചേര്‍ത്ത് നിര്‍ത്തി നോക്കിയിട്ടും എനിക്ക് തോന്നിയത് പുസ്ത്കവായന അന്നും ഇന്നും എന്നതിലെക്കാണ്. ബ്ലോഗും പുസ്തകപൂജയും തമ്മില്‍ ബന്ധപ്പെടുത്തിയത്, 'അകത്ത് എപ്പഴോ കരിന്തിരി കത്തി അണഞ്ഞുപോയ, കരിപിടിച്ച വിളക്കുകള്‍ക്ക് നടുവില്‍ ചിലന്തികള്‍ മാറാല കെട്ടിയ ദേവീവിഗ്രഹം ഞാന്‍ കണ്ടു.'തുടങ്ങിയ ഭാഗങ്ങള്‍ എന്നെ അങ്ങിനെ ചിന്തിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. റാംജി സാര്‍ പറഞ്ഞപോലെ "എന്റെ പരിധിയില്‍ ഒതുങ്ങാത്തതിനാല്‍ ഒരഭിപ്രായം സാധ്യമല്ല".
    കഥ പൂര്‍ണമായി ആസ്വദികണമെങ്കില്‍ വായനക്കാരന്‍ കൂടി അതേ നിലവാരത്തില്‍ എത്തേണ്ടിയിരിക്കുന്നു.
    നോണ്‍ വെജ് കഴിച്ചു അമ്പലത്തില്‍ കയറിയാല്‍ പുളിച്ചുതികട്ടുമോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില തിരിച്ചറിവുകളാണ് ഉദയപ്രഭന്‍സാര്‍ പുളിച്ചുതികട്ടുന്നത്. അതിപ്പോ വെജ് ആയാലും വ്യത്യാസമുണ്ടോ.. :)

      ഇല്ലാതാക്കൂ
  6. അമിത പ്രതീക്ഷയോടെ വന്നത് കൊണ്ടു ഉദ്ദേശിച്ചത് കിട്ടിയില്ല എന്നൊരു തോന്നല്‍...?
    അതെന്റെ മാത്രം തോന്നലായിരിക്കുമോ.
    എഴുത്തിന്റെ ഭാഷ എന്നെത്തെയും പോലെ സൂപ്പര്‍.

    മറുപടിഇല്ലാതാക്കൂ
  7. രോസിലിയുടെ അഭിപ്രായത്തിന് എന്‍റെ ഒരു ഒപ്പ്‌

    മറുപടിഇല്ലാതാക്കൂ
  8. എനിക്കിഷ്ടമായി ഈ കഥ, ഒരു മനോഹര കഥ

    നമസ്ക്കാരമണ്ഡപത്തിലും പ്രദക്ഷിണവഴിയിലും സോപാനത്തിലുമൊക്കെ തലമുറകള്‍ പൂജവെച്ച എണ്ണമറ്റ ഗ്രന്ഥക്കെട്ടുകള്‍ കൂന കൂടിക്കിടക്കുന്നത് ഞാന്‍ കണ്ടു. ചിതലുകള്‍ തിന്നു ദ്രവിച്ച പുറംചട്ടകളുള്ള അവ പല കാലങ്ങളുടെ പൊടിയും മാറാലയും പേറിയിരുന്നു. പണ്ടേയ്ക്കുപണ്ടേ ഉണങ്ങിക്കരിഞ്ഞുപോയ പൂജാപുഷ്പങ്ങളുടെ അവശിഷ്ടങ്ങള്‍ ചെറുപല്ലികളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ അവയ്ക്ക് മേലേ കിടന്നിരുന്നു.

    എത്ര സുന്ദരമാണീ ഭാഷ ,

    മറുപടിഇല്ലാതാക്കൂ
  9. അഭിപ്രായം പറയാന്‍ മാത്രം അറിവില്ല .

    മറുപടിഇല്ലാതാക്കൂ
  10. മുഖപുസ്തകത്തിലെ കഥ ഗ്രൂപ്പിലെ ദീര്‍ഘമായ ചര്‍ച്ചകളിലാണ് കെ.എസ്.ബിനു എന്ന പേര് എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇന്നേ വരെ ബിനുവിനെ വായിച്ചിട്ടില്ലായിരുന്നു. പകരം ബിനുവിന്റെ വായനചിന്തകളെ ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെ തവണ. ചിലപ്പോള്‍ കൂടെ മിണ്ടിയും മിണ്ടാതെയും തര്‍ക്കിച്ചും ഒക്കെ. ആദ്യമായാണ് ഒരു ബിനു കഥ വായിക്കുന്നത്. ചര്‍ച്ചകളില്‍ നിന്നും ലഭിച്ച ബിനുവിന്റെ റേഞ്ച് എന്തോ എനിക്ക് കഥയുടെ തീമില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞില്ല. മറിച്ച് , ഭാഷയുടെ സ്വാധീനം, പ്രയോഗങ്ങളുടെ അനന്യമായ സാദ്ധ്യതകള്‍ ഇവയൊക്കെ ബിനു ഈ കഥയില്‍ ഭംഗിയായി കോര്‍ത്തിട്ടുണ്ട്. പക്ഷെ എത്രത്തോളം ശ്രമിച്ചിട്ടും കഥയുടെ തീം അല്ലെങ്കില്‍ എന്‍ഡിങില്‍ ഉദ്ദേശിച്ചത് എനിക്ക് പൊരുത്തപ്പെടുവാനോ കൂട്ടിവായിക്കുവാനോ കഴിഞ്ഞില്ല എന്നത് പോരായ്മയായി തോന്നി. ഒരു പക്ഷെ എന്റെ വായനയുടെയാവാം എന്ന ഒരു കിഴിവ് നല്‍കാമെന്ന് മാത്രം. ഇവിടെ ഈ കഥയില്‍ ബിനുവിലെ എഴുത്തുകാരനേക്കാള്‍ മികച്ച വായനക്കാരനെ ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ട്. മറ്റൊന്ന് ഒരു സംശയമാണ് ബിനു. ഫെദോര്‍ എന്നാണോ ഫെയോദാര്‍ എന്നാണോ ദസ്തയവസ്കിയുടെ പേരിന്റെ ആദ്യഭാഗം. ഞാന്‍ ഇത് വരെ ശീലിച്ചിട്ടുള്ളത് ഫയോദാര്‍ ദസ്തയവ്സ്കി എന്നായിരുന്നു. കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഫെദോര്‍ എന്ന ഒരു പേര് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ദസ്തയവ്സ്കിയെ തന്നെയായിരുന്നു താനും. പിന്നീട് അതുതന്നെയാണ് കഥാകൃത്ത് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ സംശയം ചോദിച്ചു എന്നും ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ
  11. എഴുത്തുകാരൻ നല്ലൊരു വായനക്കാരനും ചിന്തകനുമാവുമ്പോൾ, സർഗാത്മകമായ എഴുത്തിലും അതു പ്രതിഫലിക്കും. കഥയുടെ ഘടനയെക്കുറിച്ചുള്ള കൂടുതൽ ധാരണകളും,ഉത്കണ്ഠയും, ശ്രദ്ധയും ചിലപ്പോൾ സർഗാത്മകതയുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടും.....

    നല്ല ഭാഷയും പ്രയോഗങ്ങളും ഉപയോഗിച്ച് കഥ വളർത്തിക്കൊണ്ടു വന്നിട്ടും,കൃത്യമായ ഒരു അവസാനത്തിലേക്ക് എത്തിക്കാനായില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം...

    മറുപടിഇല്ലാതാക്കൂ
  12. മനോഹരമായ ഭാഷയും നിരീക്ഷണങ്ങളും ആഹ്ലാദിപ്പിച്ചു....അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  13. കഥ വായിച്ച എല്ലാ സഹൃദയരോടും എന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.

    കഥ അളന്നുകുറിച്ച് അതിന്റെ കൃത്യമായ അന്ത്യത്തില്‍ത്തന്നെയാണ് എത്തിയിരുക്കുന്നതെന്ന് ഞാന്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നു. എന്നെ സംബന്ധിച്ച് ഈ കഥ ഇത്രമാത്രമേ ഉള്ളു. ഇതില്‍ക്കൂടുതലായി ഒരു വാക്കുപോലും ഇതിന്റെ ബാക്കിയായി ചേര്‍ക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. :)

    മറുപടിഇല്ലാതാക്കൂ