2012, ഡിസംബർ 24, തിങ്കളാഴ്‌ച

കിഴവന്റെ കൊട്ടാരം

വൃദ്ധൻ നോക്കുന്നുണ്ട്.

മണ്ണില്‍ കുത്തിയിരുന്ന് തൂമ്പയിലെ മണ്‍കട്ട ചെറിയൊരു കമ്പുകൊണ്ട് കുത്തിക്കളയുന്നതിനിടയില്‍ ദാസന്‍ പാളിനോക്കി. ഉവ്വ്, ഇങ്ങോട്ടുനോക്കി അവിടെത്തന്നെയിരിപ്പാണ്. ദൂരെയാണെങ്കിലും നോട്ടത്തിന്റെ രൂക്ഷമുന ഇവിടംവരെയെത്തി നോവിക്കുന്നുണ്ട്. കിഴവന് വേറൊരു പണിയുമില്ലേ? എത്ര നേരമായി ഇതേ ഇരിപ്പും നോട്ടവും തുടരുന്നു?

ദാസന്‍ കുനിഞ്ഞിരുന്ന് തന്റെ പ്രവൃത്തി തുടര്‍ന്നു. അപ്പോള്‍ ദാസന് വൃദ്ധന്‍ രാവിലെ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മ വന്നു. “നിന്റെ ഭാഗ്യമാണ് നിന്നെ ഇന്ന് ഇവിടെ എന്റെ മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നത്. എന്നെ നിന്റെ യജമാനനായി തീരുമാനിക്കാന്‍ നിന്നെ പ്രേരിപ്പിച്ച അതേ ഭാഗ്യം. ഇതില്‍പ്പരം നല്ലതൊന്ന് നിനക്കിനി സംഭവിക്കാനില്ല. ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. നീ വെടിപ്പായി നിന്റെ ജോലിചെയ്യുക. നിന്നെ ഞാന്‍ പോറ്റും.”

ദാസന് അത് മതിയായിരുന്നു. ജീവിക്കുക, അത്ര മാത്രം. നാട്ടിൽ സ്വന്തമായി കൃഷിയുണ്ടായിരുന്നു. വിളവെടുക്കുവാൻ പണമില്ലാതെ കൃഷി നശിച്ചു. വിതയ്ക്കുവാൻ കൊണ്ട കടത്തിന്മേൽ നിലവും പോയി. ഇപ്പോഴവിടെ മുന്തിയ ഒരിനം കാറിന്റെ ഫാക്ടറി ഉയരുകയാണ്. അങ്ങനെയാണ് നാട്ടുകവലയിലെ ചായക്കടയില്‍ കട്ടനൂതി ഇരിക്കുമ്പോള്‍ പത്രത്തിന്റെ മൂലയ്ക്ക് ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടന്ന ചെറിയകോളം പരസ്യത്തില്‍ കണ്ണുടക്കിയത്. ജോലിക്ക് ആളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങള്‍ പത്രത്തില്‍ എന്നും ധാരാളമായി വരാറുണ്ടായിരുന്നു. പക്ഷേ ദാസന്‍ അതിനുമുന്‍പ് പത്രങ്ങളെ കാര്യമായി ഗൌനിച്ചിട്ടില്ലാതിരുന്നതിനാല്‍ ആ പരസ്യം അയാള്‍ക്ക് ഒരു പുതുമ ആയിരുന്നു.

“ഈ ബംഗ്ലാവും പുരയിടവും പരിചരിക്കുകയെന്നത് മാത്രമാണ് ഇവിടെ നിന്റെ ലളിതമായ ജോലി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നിന്റെ കടമ. ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടോ നിനക്ക്?.” വൃദ്ധന്‍ മുഖം മുകളിലേയ്ക്കുയര്‍ത്തി കണ്ണടയുടെ താഴത്തെ കട്ടികൂടിയ പാതിയില്‍ക്കൂടി നോക്കിക്കൊണ്ടുപറഞ്ഞു. അയാളുടെ കഴുത്തിലെ ചുക്കിച്ചുളിഞ്ഞ തൊലിയ്ക്കടിയില്‍ താഴേയ്ക്കും മുകളിലേയ്ക്കും ഓടിക്കളിക്കുന്ന തൊണ്ടമുഴയ്ക്കിരുവശവുമായി കുലച്ച വില്ലിന്റെ ഞാണുകള്‍പോലെ ഓരോ പഴഞ്ഞരമ്പുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

ദാസന്‍ തലയാട്ടി വിധേയനായി നിന്നു. വൃദ്ധന്‍ പിന്നെ കുറേനേരം ഒന്നും മിണ്ടിയില്ല. ഈട്ടിത്തടിയില്‍ തീര്‍ത്ത, കൊത്തുപണികളുള്ള, രാജകീയമായ ആ ചാരുകസേരയില്‍ ചാഞ്ഞിരിക്കുന്ന മെലിഞ്ഞുണങ്ങിയ വൃദ്ധശരീരത്തില്‍നിന്നാണ് പാറകള്‍ തമ്മില്‍ കൂട്ടിയുരസുമ്പോള്‍ ഉണ്ടാകുന്നതുമാതിരിയുള്ള ആ മുഴങ്ങുന്ന ശബ്ദം വന്നതെന്നത് ദാസന് അത്ഭുതമായിരുന്നു. പൂമുഖവാതിലില്‍ക്കൂടിവീഴുന്ന പുലരിവെയിലിന്റെ ചതുരം വൃദ്ധന്റെ കണ്ണടയുടെ കട്ടിച്ചില്ലില്‍ തട്ടിത്തെറിച്ച് നേരിയ മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടായിരുന്നിട്ടും ആ ചില്ലുകള്‍ക്കപ്പുറത്തെ കൃഷ്ണമണികളില്‍ പടര്‍ന്നുകിടക്കുന്ന തിമിരത്തിന്റെ വെളുത്ത മേഘമാലകള്‍ ദാസന്‍ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ കടന്നുവരുന്നതുപോലെ തിമിരത്തിന്റെ മൂടാപ്പിനെയും ഭേദിച്ചുകൊണ്ട് രൂക്ഷമായ നോട്ടം അയാളെ നിരന്തരം, അടിമുടി ഉഴിഞ്ഞുകൊണ്ടിരുന്നു. ഉയര്‍ന്നുനില്‍ക്കുന്ന ഇരുളിന്റെ ഒരു കൂമ്പാരം പോലെ കസേരയുടെ കാല്‍ക്കലിരുന്ന, ഭീമാകാരനായ കറുത്ത പട്ടിയുടെ ഉച്ചിയിലെ മിനുമിനുപ്പുള്ള രോമങ്ങളില്‍ക്കൂടി വൃദ്ധന്റെ കൈവിരലുകള്‍ കൃത്യമായ താളത്തില്‍ ഒഴുകുന്നുണ്ടായിരുന്നു. ഉമിനീരിറ്റുന്ന നാവുനീട്ടി കിതച്ചുകൊണ്ടിരുന്ന ആ ജന്തുവിന്റെ തേന്‍നിറമുള്ള, ഇടുങ്ങിയ കണ്ണുകളിലെ തണുത്തതും ക്രൂരവുമായ ശാന്തതയിലേക്ക് നോക്കിയപ്പോള്‍ ദാസന് ഭയം തോന്നി. വൃദ്ധന്റെയും നായയുടെയും അചഞ്ചലദൃഷ്ടികള്‍ക്ക് കീഴ്പ്പെട്ടുനില്‍ക്കുമ്പോള്‍ അയാള്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ഇരുണ്ടതെങ്കിലും കൊട്ടാരസദൃശ്യമായ ആ വലിയ മുറിയുടെ, തരിമ്പും വെളിച്ചമില്ലാത്ത മൂലകളില്‍ അസഹ്യമായ മൌനം പെറ്റുപെരുകിയപ്പോള്‍ എങ്ങിനെയെങ്കിലും അവിടെനിന്ന് രക്ഷപെട്ടാല്‍ മതിയെന്ന് ദാസന്‍ തീവ്രമായി ആഗ്രഹിച്ചു.

ഒടുവില്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുഴങ്ങുന്ന സ്വരത്തില്‍ വൃദ്ധന്‍ മുരണ്ടു: “എങ്കില്‍ വൈകിക്കേണ്ട. നിനക്ക് ജോലി തുടങ്ങാം. ആദ്യം പറമ്പൊന്ന് കിളച്ച് കള പറിച്ച് വൃത്തിയാക്ക്. എന്നിട്ട് അതില്‍ കുഴിയെടുത്ത് തെങ്ങ് നടണം. ഉം, വേഗമാകട്ടെ.”

ദാസന്‍ ദ്രുതഗതിയിലാണ് പുറത്തിറങ്ങിയത്. ആശ്വാസത്തിന്റേതായൊരു ദീര്‍ഘനിശ്വാസത്തോടെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് പണിയായുധങ്ങള്‍ എവിടെയാണെന്ന് കിഴവനോട് ചോദിച്ചില്ലല്ലോ എന്ന് അയാളോര്‍ത്തത്. വീണ്ടും അകത്ത് കയറണോയെന്ന് ശങ്കിച്ചതും തൊട്ടുപുറകില്‍നിന്ന് വൃദ്ധന്റെ സ്വരം മുഴങ്ങി:

“ഈ വരാന്തയിലൂടെ വലത്തേയ്ക്കുപോയി പുറകില്‍ ചെന്നാല്‍ മതി. പിന്നാമ്പുറത്ത് പണിസാമാനങ്ങള്‍ കാണും.”

ദാസന്‍ ഞെട്ടിപ്പോയി. വൃദ്ധനും നായയും തൊട്ടരികില്‍ നില്‍ക്കുന്നു. അയാള്‍ക്ക് കുളിര്‍ന്നു. അവര്‍ വന്നതിന്റെ നേരിയ അനക്കം പോലും കേട്ടില്ലല്ലോ എന്ന് ദാസന്‍ ഉള്ളില്‍നിന്ന് ഒരു ആന്തല്‍ പോലെ ഓര്‍ത്തു. അല്ലെങ്കില്‍, അവര്‍ എങ്ങിനെ ഇത്ര വേഗം തന്റെയടുത്തെത്തി?

നായയുടെ ചുവന്നുനേര്‍ത്ത നാവ് തന്റെ കാലിലേയ്ക്ക് നീണ്ടുവരുന്നത് കണ്ടപ്പോള്‍ ദാസന്‍ ധൃതിയില്‍ തറയോട് പാകിയ നീണ്ട വരാന്തയിലൂടെ നടന്നു. പഴമ കടുത്ത കറകളായി ഉണങ്ങിപ്പിടച്ച ആ വരാന്തയിലൂടെ കുറേ നടക്കേണ്ടിയിരുന്നു പിന്നാമ്പുറത്തെത്താന്‍. അത്രയേറെ വലുതായിരുന്നു ആ ബംഗ്ളാവ്.

രാവിലെ വരുന്ന വഴിക്ക്, ദൂരെനിന്ന് ആ ബംഗ്ലാവിന്റെ അസാധാരണമായ വലുപ്പം കണ്ടപ്പോഴേ ദാസന്‍ കുറച്ച് അമ്പരന്നുപോയിരുന്നു. എങ്കിലും അയാള്‍ അതിന്റെ നിഗൂഢതയില്‍ അമ്പരന്നിരുന്നില്ല. കാരണം അവിടേയ്ക്കുള്ള വഴി ആ ബംഗ്ലാവിനെപ്പോലെ തന്നെ തികച്ചും അപരിചിതവും നിഗൂഢവുമായിരുന്നു. പുലര്‍ച്ചയ്ക്കും മുന്‍പുള്ള ബസില്‍ മണിക്കൂറുകള്‍ ഇരുന്ന്, കാട്ടുമൂലയിലുള്ള ഒരു ഇടത്ത് പരപരായെന്നുള്ള വെളുപ്പിന് ഇറങ്ങിയപ്പോള്‍ മുതല്‍ അനുഭവിച്ചുതുടങ്ങിയ നിഗൂഢതകള്‍. ആ ഇടുങ്ങിയ കാട്ടുവഴി ദാസനെ മാത്രം കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി. വളഞ്ഞുപുളഞ്ഞുകിടക്കുന്ന വഴിയുടെ ഇരുവശവും രണ്ടാള്‍ പൊക്കമുള്ള പൊന്തകള്‍ വളര്‍ന്നുനിന്നിരുന്നു. അക്കാരണംകൊണ്ടുതന്നെ വഴി എങ്ങോട്ടേയ്ക്കാണ്, എങ്ങിനെയാണ് പോകുന്നതെന്ന് കാണാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും പലയിടങ്ങളിലും ചെറുകൈവഴികള്‍ വന്നുചേരുന്ന ആ കാട്ടുപാത തനിക്കുമുന്‍പിലുള്ള ഒരേ ഒരു പാതയാണെന്ന് എന്തുകൊണ്ടോ ദാസന് തോന്നിയിരുന്നു. കനത്ത നിശബ്ദതയും ചീവീടുകളുടെ ഘോഷത്തിന്റെ അസഹ്യമായ ആരോഹണാവരോഹണങ്ങളും മാറിമാറി നിറയുന്ന വഴിയിലൂടെ, ഇടയ്ക്കിടെ ആകാശത്തിനുകുറുകേ ഉയരുന്ന ഏതൊക്കെയോ കാട്ടുപക്ഷികളുടെ ഉച്ചത്തിലുള്ള, പേടിപ്പെടുത്തുന്ന വിലാപങ്ങള്‍ക്കടിയിലൂടെ ദാസന്‍ നടന്നു. എത്രനേരം നടന്നുവെന്ന് നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും ആ യാത്രയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു എന്ന് അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു.

മൂന്നടിയോളമേ ഉയരമുണ്ടായിരുന്നുള്ളുവെങ്കിലും വീതിയേറിയ ഇരുമ്പുപാളികൊണ്ടുണ്ടാക്കിയ പഴകിത്തുരുമ്പിച്ച ആ ഗേറ്റ് തുറക്കുവാന്‍ ഒരു രണ്ടാളുവേണ്ടിവരുമെന്ന് ദാസന് തോന്നി. വിജാഗിരികള്‍ തുരുമ്പിച്ച് ഉണങ്ങിയടര്‍ന്നിരുന്നതിനാല്‍ ഗേറ്റ് അല്‍പ്പം താങ്ങിയുയര്‍ത്തി വേണ്ടിയിരുന്നു തുറക്കാന്‍. ഗേറ്റിനിരുവശവും മതിലുകളൊന്നും ഉണ്ടായിരുന്നില്ല. കാടുകള്‍ക്കിടയിലേയ്ക്ക് നീണ്ടുപോകുന്ന മുള്ളുവേലികളായിരുന്നു പകരം.

ഇരുനിലയുള്ള ആ ബംഗ്ലാവ് പുറകിലേയ്ക്ക് അനന്തമായി നീണ്ടുകിടക്കുകയാണോ എന്നാണ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് ചുവടുവച്ചപ്പോള്‍ ദാസന്‍ ആദ്യം ചിന്തിച്ചത്. ആ കെട്ടിടത്തെ മുന്‍പില്‍നിന്ന് നോക്കുന്ന ആര്‍ക്കും അങ്ങനെ തോന്നുമായിരുന്നു. പായല്‍ പിടിച്ചും മഴവെള്ളമൊലിച്ചും അതിന്റെ കുമ്മായം തേച്ച ഭിത്തികള്‍ കെട്ടുപോയിരുന്നു. ഓടുകള്‍ അവിടവിടെ പൊട്ടിക്കിടന്നു. വെയിലുകൊണ്ട് ഉണങ്ങി വിണ്ടുപൊട്ടിയ തടിത്തൂണുകള്‍ നിരന്നുനില്‍ക്കുന്ന വരാന്ത ചുറ്റോടുചുറ്റുമെന്നപോലെ നീണ്ടുപോകുന്നുണ്ടായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ഗേറ്റിന്റെ പുറം പ്രതലം വരെ വന്നലച്ചുകൊണ്ടിരുന്ന ചീവീടുകളുടെയും കാട്ടുപക്ഷികളുടെയും വിലാപങ്ങള്‍ പുരയിടത്തിലേയ്ക്ക് കാലെടുത്തുവച്ച നിമിഷം മുതല്‍ മരിച്ചുപോയിരുന്നു. ആ വിലാപങ്ങളേക്കാള്‍ ഭയാനകമായ നിശബ്ദതയുടെ അഗാധഗര്‍ത്തങ്ങളില്‍ അസ്ഥിവാരമുറപ്പിച്ച്, നിശ്ചലവും പരിശൂന്യവുമായ ആകാശത്തിലേയ്ക്ക് ആ ബംഗ്ലാവ് തലയുയര്‍ത്തി നിന്നു.

“നീ വരുമെന്ന് എനിയ്ക്കറിയാമായിരുന്നു. ആയുധങ്ങള്‍ നിനക്കുവേണ്ടി കാച്ചിവെച്ചിരിക്കുന്നതാണ്. സൂക്ഷിയ്ക്കുക.”

പിന്നാമ്പുറത്തെ വരാന്തയിലേയ്ക്ക് തുറന്നുകിടക്കുന്ന, പാതിയിരുണ്ട കുടുസുമുറിയില്‍ നിന്ന് ദാസന്‍ തൂമ്പയുടെ വായ്ത്തല പരിശോധിയ്ക്കുമ്പോള്‍ അയാളുടെ കാതിന്റെ പുറകില്‍ ചുണ്ടുമുട്ടിച്ച് വൃദ്ധന്‍ പറഞ്ഞു. ദാസന്റെ പിന്‍കഴുത്തിലെ രോമങ്ങള്‍ എഴുന്നുവന്നു. അയാള്‍ വീണ്ടും ഞെട്ടിയിരുന്നെങ്കിലും വൃദ്ധന്റെയും നായയുടെയും ചലനങ്ങള്‍ ഇത്തവണയും താന്‍ അറിഞ്ഞില്ലല്ലോ എന്ന് അമ്പരപ്പെട്ടില്ല. പെട്ടെന്നുതന്നെ അയാള്‍ സാഹചര്യങ്ങളെ കുറെയൊക്കെ അംഗീകരിച്ചുതുടങ്ങിയിരുന്നു; മനസിലായില്ലെങ്കിലും.

“ദാസാ....”

വൃദ്ധന്റെ ശബ്ദം ദൂരെനിന്നും മുഴങ്ങിയെത്തിയപ്പോള്‍ ദാസന്‍ ചിന്തയില്‍നിന്ന് ഉണര്‍ന്നു. അയാള്‍ ചാരിയിരുന്ന മരത്തണലില്‍നിന്നും നിവര്‍ന്നു.

വൃദ്ധന്‍ നായയെ തഴുകി അങ്ങനെ തന്നെ ഇരുപ്പാണ്. നോട്ടം മാത്രം സ്ഥിരപ്രതിഷ്ഠം. നായ വൃദ്ധന്റെ കാല്‍ നക്കിത്തുടച്ചുകൊണ്ടിരിക്കുന്നു. ദാസന്‍ അടുത്തേയ്ക്ക് ചെന്നു. ആലസ്യം വിട്ട നായ നിവര്‍ന്നിരുന്ന് നാവ് നുണഞ്ഞു. വൃദ്ധന്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ദൃഷ്ടി മാത്രം ദാസനില്‍ കൊണ്ടുനിന്നു.

ദാസന്‍ വൃദ്ധന്റെ വാക്കുകള്‍ കാത്ത് നിശബ്ദനായി നിന്നു. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.

ഒടുവില്‍ വൃദ്ധന്‍ പറഞ്ഞു, “പോയി ജോലി ചെയ്തോളു.”

ദാസന് ഒന്നും മനസിലായില്ല. അയാള്‍ തിരികെ നടന്നു.

വീണ്ടും തൂമ്പയെടുത്ത് കിളയ്ക്കുവാനാരംഭിച്ചു. പറമ്പ് വിശാലമായി ദൂരേയ്ക്ക് നീണ്ടുപോവുകയാണ്. കിഴവന്‍ സ്ഥലത്തെ പ്രധാന ജന്മി ആയിരിക്കണം. അല്ലെങ്കില്‍ അങ്ങനെ ചിന്തിയ്ക്കുന്നതില്‍ അര്‍ഥമെന്താണ്? ഈ കാട്ടുമൂലയില്‍ ഈ കിഴവന്‍ മാത്രമേ മനുഷ്യജീവി ആയിട്ടുള്ളു എന്നാണ് തോന്നുന്നത്. പിന്നെ എന്ത് പ്രധാന ജന്മി?

തലേന്ന് കിളച്ചിട്ടതുപോലെ മണ്ണ് വിടര്‍ന്നും അയഞ്ഞും കിടന്നു. പക്ഷേ ദാസനെ അതിശയിപ്പിച്ചുകൊണ്ട് അതിലെല്ലാം കുറ്റിച്ചെടികള്‍ വളര്‍ന്നുനില്‍ക്കുകയും ചെയ്തു. എല്ലാം ഉണക്കുപ്രദേശങ്ങളില്‍ വളരുന്നമാതിരി പാഴ്ചെടികളാണെന്നു മാത്രം. കൂടുതലും കള്ളിച്ചെടികളാണ്.

ദാസന്‍ കിളയും കളപറിക്കലും തുടരുന്നതിനിടയിലെല്ലാം ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വൃദ്ധനും നായയും...

കിളച്ചുമുന്നേറും തോറും പണ്ട് ചത്തൊടുങ്ങിയ മൃഗങ്ങളുടെ എല്ലുകള്‍ മണ്ണില്‍നിന്ന് പൊങ്ങിവന്നുകൊണ്ടിരുന്നു. യുഗങ്ങള്‍ക്കുമുന്‍പു മുതലുള്ള, ദ്രവിച്ചുനുറുങ്ങിപ്പോയ എല്ലുകള്‍. ഇത്രമാത്രം മൃഗങ്ങളിവിടെ ജീവിച്ചിരുന്നോയെന്ന് സ്വയം ചോദിച്ച ദാസന്‍ ജീവിതത്തിലാദ്യമായി ജീവന്റെ ചരിത്രത്തെക്കുറിച്ച്, ഉല്‍പ്പത്തി മുതല്‍ ചിന്തിച്ചുതുടങ്ങി. മുന്‍പ് ചിന്തിച്ചിട്ടേയില്ലാതിരുന്നിട്ടും, മുന്‍പരിചയമില്ലാതിരുന്നിട്ടും ചരിത്രം ദാസന് അപരിചിതമായി തോന്നിയില്ല. മാത്രമല്ല, അത് തീര്‍ത്തും, സ്ഫടികതുല്യം വ്യക്തവുമായിരുന്നു. എങ്കിലോ, അതൊട്ട് ദാസനൊന്നും മനസിലാകാത്ത ഒരു പ്രഹേളിക ആയിത്തോന്നുകയും ചെയ്തു. ഒരേ സമയം സുവ്യക്തലളിതവും അവ്യക്തസങ്കീര്‍ണവുമായ ചരിത്രമെന്ന അതുല്യവൈചിത്ര്യത്തെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടാണ് അയാള്‍ പിന്നെ ജോലി തുടര്‍ന്നത്. എല്ലുകള്‍ കൊണ്ട് നിറയുകയായിരുന്നു കിളയ്ക്കും തോറും പറമ്പ്. ഗന്ധകത്തിന്റെയും ഫോസ്ഫറസിന്റെയും നാറ്റം കൂടിക്കൂടിവന്നപ്പോള്‍ ദാസന് ഛര്‍ദ്ദിയ്ക്കാന്‍ തോന്നി.

അയാള്‍ അവശനായി അടുത്തുകണ്ട മാവിന്റെ ചുവട്ടിലിരുന്നു. എന്നിട്ട് ഒരു ബീഡിയെടുത്ത് കൊളുത്തിക്കൊണ്ട് വൃദ്ധനും നായയും ഇരിയ്ക്കുന്ന വരാന്തയിലേയ്ക്ക് നോക്കി. അവര്‍ അവിടെയില്ലായിരുന്നു. പകരം വരാന്തയില്‍ ഇരുന്ന അതേ രീതിയില്‍ മട്ടുപ്പാവില്‍ ഇരുന്ന് ദാസനെ നിരീക്ഷിക്കുകയായിരുന്നു. വരാന്തയില്‍ ഇരുന്ന ഒരു ചിത്രം ആരോ എടുത്ത് അതേപടി മട്ടുപ്പാവില്‍ കൊണ്ടുവച്ചതുപോലെയാണ് അയാള്‍ക്ക് തോന്നിയത്. അല്‍പ്പം മുന്‍പ് താഴെ ഇരുന്നവര്‍ ഇതിനിടയില്‍ എപ്പോള്‍ മുകളില്‍ കയറിയെന്ന് അത്ഭുതചിന്തകളേതുമില്ലാതെ ദാസന്‍ മനസ്സില്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചു.

“ഒരു കടല്‍ക്കിഴവനെപ്പോലെയുണ്ട് ഇയാള്‍,” ദാസന്‍ മനസിലോര്‍ത്തു. എത്ര പ്രായമുണ്ടെന്ന് പോലും മനസിലാകുന്നില്ല. തൊണ്ണൂറ്? നൂറ്? അതോ ഇനി അതിലുമേറെയോ?

മാമ്പഴക്കാലമായിട്ടും പൂക്കുകയോ കായ്ക്കുകയോ ചെയ്യുന്നതിന്റെ വിദൂരലക്ഷണങ്ങള്‍ പോലും പ്രകടിപ്പിയ്ക്കാത്ത മാവിന്റെ ശിഖരങ്ങളിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും, മട്ടുപ്പാവിനെ മറക്കുവാനായി മന:പ്പൂര്‍വ്വം നോക്കിയിരുന്നപ്പോള്‍, വൃദ്ധന്റെ വളപ്പില്‍ വേരിറങ്ങിയ ഒരു മരം പോലും വസന്തത്തിന്റെ ആ ഉച്ചയിലും പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ലെന്ന, വിചിത്രമായൊരു വസ്തുത ദാസന്‍ മനസിലാക്കി.

ഏതോ കിളികള്‍ അതീതഭാഷയില്‍ പരസ്പരം സംവദിച്ചുകൊണ്ടിരുന്ന മാവിന്റെ ചില്ലകളിലേയ്ക്ക് തണുത്ത കാറ്റ് വീശുന്നുണ്ട്. ആകാശം നേര്‍ത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പിണങ്ങിയിരുണ്ട് നില്‍ക്കുകയാണ്. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടാവണം. കാറ്റില്‍ വിയര്‍പ്പ് തണുത്ത് ആറിപ്പോകുന്നു. മെലിഞ്ഞതെങ്കിലും ഇരുണ്ടുറച്ച നെഞ്ചില്‍ ചിതറിക്കിടന്ന മൂന്നേ മൂന്ന് രോമങ്ങളില്‍ മെല്ലെ വലിച്ചുകൊണ്ട് വിയര്‍പ്പിന്റെ ശൈത്യത്തെ ആസ്വദിച്ച് അയാളിരുന്നു.

“ഈ കിഴവനും പട്ടിയ്ക്കും ദിവസം മുഴുവന്‍ ഇതുതന്നെയാണോ തൊഴില്‍?” കാഴ്ചയുടെ കാന്തം മട്ടുപ്പാവില്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന് തോന്നിപ്പിക്കും വിധത്തില്‍, ദാസന്റെ പരാജിതനേത്രങ്ങള്‍ ഒടുവില്‍ അയാളുടെ നിശ്ചയദാര്‍ഢ്യത്തെ വെല്ലുവിളിച്ചുകൊണ്ട് മട്ടുപ്പാവിലേയ്ക്കുതന്നെ നീണ്ടു.

“ചുമ്മാതല്ല ഇതിന് മുന്‍പ് ഇവിടെ നിന്ന ജോലിക്കാരൊക്കെ ഇട്ടേച്ച് പോയത്. ദിവസം മുഴുവന്‍ ഇങ്ങനെ കിഴിഞ്ഞുനോക്കിയിരുന്നാല്‍ എങ്ങനെ സ്വസ്ഥമായി ജീവിക്കാനാണ്!”, അങ്ങനെ ചിന്തിച്ചപ്പോഴാണ് തനിയ്ക്ക് മുന്‍പ് ആരായിരുന്നു ഇവിടെ ജോലിക്ക് നിന്നിരുന്നതെന്നും എന്തിനാണ് അവര്‍ ജോലി ഉപേക്ഷിച്ച് പോയതെന്നുമുള്ള ചോദ്യങ്ങള്‍ പെട്ടെന്ന് ദാസനെത്തേടിയെത്തിയത്. അയാള്‍ക്ക് ആകാംക്ഷയായി.

“ഇന്നലെ ആരായിരുന്നിരിയ്ക്കും ഈ പറമ്പില്‍ പണിചെയ്തിരിയ്ക്കുക? ആരായിരിയ്ക്കും കിഴവന്റെയും പട്ടിയുടെയും രൂക്ഷദൃഷ്ടികളില്‍പ്പെട്ട് ദിവസം മുഴുവന്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടാവുക? ആ വീര്‍പ്പുമുട്ടിലില്‍നിന്ന് അയാള്‍ എങ്ങിനെയാവും രക്ഷപെട്ടിരിയ്ക്കുക?”

“ആരോടാണൊന്ന് ചോദിയ്ക്കുക? കിഴവനും പട്ടിയുമല്ലാതെ ഈ വലിയ ബംഗ്ലാവില്‍ ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. വേറാരുടെയും അനക്കം ഈ പരിസരത്തെങ്ങും ഇതുവരെയും കാണാനോ കേള്‍ക്കുവാനോ പറ്റിയിട്ടില്ല. കിഴവന് കുടുംബമൊന്നുമില്ലേ? ചിലപ്പോള്‍... കിഴവനെ സഹിക്കാന്‍ പറ്റാഞ്ഞിട്ട് അവരും ഉപേക്ഷിച്ച് പോയതാവും.”

“ദാസാ...” ഗുഹയില്‍നിന്നെന്ന പോലെ വീണ്ടും വിളിവന്നു. പെട്ടെന്ന് കാറ്റ് നിന്നതും കിളികള്‍ നിശബ്ദരായതും പിടഞ്ഞെഴുന്നേല്‍ക്കുന്നതിനിടയില്‍ ദാസന്‍ ശ്രദ്ധിച്ചില്ല. കാര്യങ്ങള്‍ ഗ്രഹിച്ചുതുടങ്ങിയിരുന്ന അയാള്‍ ഇത്തവണ വൃദ്ധന്റെയടുത്തേയ്ക്ക് ചെന്നതുമില്ല. മുറുമുറക്കലുകള്‍ നിര്‍ത്തി നിശ്ചലമായിത്തീര്‍ന്ന ഇരുണ്ട ആകാശത്തിന് കീഴെ, ഹുങ്കാരം മുഴക്കുന്ന മൌനത്തിന്റെ ഗുരുത്വകേന്ദ്രത്തില്‍നിന്നുകൊണ്ട്, മിനുങ്ങുന്ന തൊലിക്കടിയില്‍ ബലിഷ്ഠവും അളവുപൂര്‍ണതകള്‍ മുറ്റിയതുമായ പേശികളെ നൃത്തം ചെയ്യിച്ച് ദാസന്‍ തെങ്ങുനടാന്‍ കുഴിയെടുത്തു തുടങ്ങി. ജീര്‍ണിച്ച ജൈവികതയുടെ ഗന്ധം മനംപിരട്ടലുണ്ടാക്കുന്നുണ്ടായിരുന്നു. അയാള്‍ മണ്ണില്‍ പണിയെടുക്കുന്നത് ആദ്യമല്ല. പക്ഷേ ഇത്ര ചീഞ്ഞ നാറ്റമുള്ള മണ്ണിനെ ആദ്യമായി പരിചയപ്പെടുകയായിരുന്നു.

ഇടയ്ക്ക് വീണ്ടും തലയുയര്‍ത്തി നോക്കി. ഉവ്വ്, കിഴവനും നായയും ഇങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നു. ഇപ്പോള്‍ മുറ്റത്തെ മാഞ്ചുവട്ടില്‍ കസേരയിട്ടാണെന്ന് മാത്രം. വിശന്നുതുടങ്ങിയിരിക്കുന്നു. അതിലുമേറെ ദാഹിയ്ക്കുകയും ചെയ്യുന്നു.

“കിഴവനും പട്ടിയ്ക്കും വിശപ്പും ദാഹവും പോലുമില്ലെന്ന് തോന്നുന്നു. ഇതുവരെ ഇരുവരും അല്‍പ്പം വെള്ളം കുടിയ്ക്കുന്നതുപോലും കണ്ടില്ലല്ലോ” എന്ന് ദാസന്‍ ആകുലപ്പെട്ടു. തങ്ങള്‍ക്കോ ദാസനോ വിശക്കുമെന്നോ ദാഹിക്കുമെന്നോ കിഴവനും നായയും ചിന്തിക്കുവാനുള്ള സാധ്യതകള്‍ പോലും അന്തരീക്ഷത്തിലെങ്ങും ഇല്ല. അവര്‍ ജാഗരൂകരായി ഒരേയൊരു പ്രവൃത്തിയില്‍ മുഴുകിയിരിയ്ക്കുകയാണ്. ദാസന്‍ തൂമ്പ വായുവിലുയര്‍ത്തി മണ്ണില്‍ ആഞ്ഞ് വെട്ടി. ഓരോ വെട്ടിലും ആഴങ്ങളില്‍ തുടിച്ചിളകുന്ന ജീവജലത്തിന്റെ മഹാവാരിധി മുകളിലേയ്ക്ക് കുതിക്കാന്‍ വൃഥാ ഉള്ളുനൊന്തുപിടഞ്ഞു.

ഏതോ മൃഗത്തിന്റെ തലയോട്ടിയുടെ അംശങ്ങള്‍ കറുത്തരോമങ്ങളോടെ മണ്ണില്‍നിന്ന് പൊന്തിവന്നപ്പോള്‍ ദാസന്‍ ഞെട്ടി തൂര്‍ന്നുപോയി. കുറച്ചുനേരം കുഴിയുടെ വക്കില്‍ത്തന്നെ കിതച്ചുകൊണ്ട് ഇരിയ്ക്കേണ്ടിവന്നു ദാസന്. കിതപ്പൊന്ന് ആറിയപ്പോള്‍ അയാള്‍ തലയുയര്‍ത്തി മാഞ്ചുവട്ടിലേയ്ക്കുനോക്കി. എന്നാല്‍ കിഴവനും നായയും അപ്പോള്‍ വരാന്തയിലായിരുന്നു. ഉച്ചതിരിഞ്ഞ് ചാഞ്ഞുവീശുന്ന വെയിലില്‍ വരാന്തയില്‍ ഒരു ക്യാന്‍വാസ് സ്റ്റാന്റ് വെച്ച് വലിയൊരു പ്രതലത്തില്‍ ചിത്രം വരയ്ക്കുകയായിരുന്നു വൃദ്ധന്‍. അയാള്‍ തന്റെ നേരെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നതെന്ന് കണ്ടപ്പോള്‍ ദാസന്‍ ഒരുപാട് ആശ്വാസപ്പെട്ടു. നായയുടെ തേന്‍ നിറമുള്ള കണ്ണുകളുടെ ക്രൂരമായ ശാന്തതയെ മാത്രം സഹിച്ചാല്‍ മതിയല്ലോ.

അയവ് തട്ടിയ മനസുമായി, കണ്‍കുഴിയില്‍ കാല്‍വിരല്‍ കടത്തി ഒരു വലിയ തലയോട്ടിക്കഷ്ണമെടുത്ത് വെറുതെ ആട്ടിക്കൊണ്ട് അയാള്‍ വൃദ്ധന്‍ ചിത്രം വരയ്ക്കുന്നത് നോക്കിയിരുന്നു. നിശബ്ദരാക്കപ്പെട്ട മഴമേഘങ്ങള്‍ ദൂരെയൊഴിഞ്ഞ ആകാശച്ചെരുവില്‍നിന്ന് ബംഗ്ലാവിന്റെ വരാന്തയോളം നീളുന്ന പോക്കുവെയിലില്‍ കിഴവന്റെ വെളുത്തതലമുടികള്‍ സ്വര്‍ണം പോലെ തിളങ്ങുന്നു. ബംഗ്ലാവിലേയ്ക്ക് വീഴ്ത്തുന്ന വെയിലില്‍ സൂര്യന്‍ അസാധാരണമായൊരു മാര്‍ദവം കലര്‍ത്തുന്നുണ്ടെന്ന വിചിത്രമായ ഒരു ശ്ലഥമനോവ്യാപാരത്തിലായിരുന്നു ദാസനപ്പോള്‍. ആ ചിന്തയുടെ ആലസ്യത്തില്‍ അയാള്‍ കൈകള്‍ പുറകിലേയ്ക്ക് കുത്തി നടുനിവര്‍ത്തിയതും വൃദ്ധന്റെ ശബ്ദം മുഴങ്ങി.

“ദാസാ....”

ദാസന്‍ നടുങ്ങിപ്പോയി. വൃദ്ധന് തലയ്ക്കുപിന്നിലും കണ്ണുകളുണ്ടോ? അതോ നായയും വൃദ്ധനും തമ്മില്‍ മറ്റാര്‍ക്കും മനസിലാകാത്തതരം ഒരു ടെലിപ്പതിക് ബന്ധം ഉണ്ടോ? ഒരുപക്ഷേ വൃദ്ധനുവേണ്ടിയാണോ നായ ദാസനില്‍നിന്ന് ദൃഷ്ടിമാറ്റാതെയിരിയ്ക്കുന്നത്? വൃദ്ധന് കാണാതെ കാണുവാനായി?

ദാസന്‍ തിടുക്കത്തില്‍ എഴുന്നേറ്റ് അസ്ഥിക്കഷ്ണങ്ങള്‍ കാലുകൊണ്ട് തട്ടിയകറ്റിയിട്ട് വീണ്ടും കിളയ്ക്കുവാനാരംഭിച്ചപ്പോള്‍ വൃദ്ധന്റെ സ്വരം പിന്നെയും വിളിച്ചു.

“ദാസാ..., ഇവിടെ വരൂ.”

ദാസന്‍ അസ്ഥികളെയും രോമങ്ങളെയും തൂമ്പയെയും കുഴിയില്‍ത്തന്നെ ഉപേക്ഷിച്ചിട്ട് ധൃതിയില്‍ വരാന്തയ്ക്കരികിലേയ്ക്ക് ചെന്നു.

“കുഴി തീര്‍ന്നോ?” വൃദ്ധന്‍ പുറംതിരിഞ്ഞുനിന്നുകൊണ്ടുതന്നെ ചോദിച്ചു. കടുത്ത വര്‍ണങ്ങള്‍ അയാളുടെ ക്യാന്‍വാസിലെ കറുത്ത വരകള്‍ക്കിടയില്‍ അമൂര്‍ത്തമായി ചിതറിക്കിടന്നു. നായ തേന്‍ നിറമുള്ള കണ്ണുകള്‍ ദാസന്റെ വിയര്‍പ്പ് തിളങ്ങുന്ന മേനിയില്‍ ഉറപ്പിച്ച്, വാല്‍ വിറപ്പിച്ച് ഇരുന്നു.

കിഴവന്‍ തിരിഞ്ഞാണുനില്‍ക്കുന്നതെങ്കിലും തന്നെ കാണുന്നുണ്ടെന്ന് ദാസന് അറിയാമായിരുന്നു.

“ഒരെണ്ണം തീര്‍ന്നു. രണ്ടാമത്തേത് എടുത്തുകൊണ്ടിരിയ്ക്കുകയാണ്.” വൃദ്ധന്റെ കണക്കുകളില്‍ താന്‍ മടിയനായ ഒരു പണിക്കാരനായിരിക്കുമോ എന്ന് അയാള്‍ വേവലാതികൊണ്ടു.

“ഉം...” അമര്‍ത്തിയൊരു മുരളല്‍. അത് കിഴവനില്‍നിന്നാണോ നായയില്‍നിന്നാണോ എന്ന് വ്യക്തമായിരുന്നില്ല.

“നിനക്ക് പാചകം ചെയ്യാനറിയുമോ?” വൃദ്ധന്‍ തിരിഞ്ഞുകൊണ്ടുചോദിച്ചു. തിമിരത്തിന്റെ അലകള്‍ വെള്ളപൂശിയ കണ്ണുകള്‍ ദാസനിലേയ്ക്ക് നീണ്ടു.

“പാചകം....”

“ഉം...?” ഇത്തവണത്തെ മൂളല്‍ കിഴവനില്‍നിന്ന് തന്നെയാണെന്ന് ദാസന് ഉറപ്പായിരുന്നു.

“അറിയാം.” അയാള്‍ അറിയാതെ പറഞ്ഞുപോയി.

“ഉം. സന്ധ്യതിരിയുമ്പോള്‍ എന്റെ ചില സുഹൃത്തുക്കള്‍ വരും. അവര്‍ക്ക് ഭക്ഷണം ഒരുക്കണം.”

“കിഴവന്, ഈ കാട്ടുമൂലയില്‍ സുഹൃത്തുക്കളോ!” ദാസന്‍ അമ്പരന്നുനിന്നു.

“അത് നീ അറിയേണ്ടുന്ന വിഷയമല്ല ദാസാ. അവര്‍ എന്റെ നിത്യസന്ദര്‍ശകരാണെന്ന് മാത്രം അറിയുക. ഞാന്‍ അവരുടെയും” ദാസന്റെ മനസ് വായിച്ചുകൊണ്ട് വൃദ്ധന്‍ പറഞ്ഞു. ദാസന് ആ മന:ഖനനത്തില്‍ സവിശേഷമായൊന്നും തോന്നിയതുമില്ല.

വൃദ്ധന്‍ ദാസനെ അകത്തേയ്ക്ക് നയിച്ചു. പ്രധാനമുറിയില്‍നിന്നും ഏതോ ഒരു ഇടനാഴിയിലൂടെയായിരുന്നു യാത്ര. അവിടെയെങ്ങും ജീര്‍ണതയുടെ ഒരു ഗന്ധം കനത്തുകിടപ്പുണ്ടായിരുന്നു. അതിശൈത്യമാര്‍ന്ന ആ ഗന്ധം രാവിലെ വൃദ്ധന്റെ മുന്‍പില്‍ ആദ്യം നില്‍ക്കുമ്പോഴേ ദാസന് ലഭിച്ചിരുന്നു. എന്നാല്‍ അത് കിഴവന്റെ പടുവാര്‍ദ്ധക്യത്തിന്റെ നാറ്റമാണോ, നായയുടെ വന്യമായ മൃഗഗന്ധമാണോ എന്ന് മനസിലായിരുന്നില്ല. പക്ഷേ ഇപ്പോള്‍ വൃദ്ധനും നായയ്ക്കും ആ ഇടത്തിലെ വായുവിന്റെ ജീര്‍ണതയുടെ കെട്ട ഗന്ധമാണെന്ന് അയാള്‍ക്ക് മനസിലായി.

വൃദ്ധന്‍ മുന്‍പിലും ദാസന്‍ നടുവിലും നായ പുറകിലുമായി ഒരു ഇടനാഴിയില്‍നിന്നും അടുത്തതിലേയ്ക്ക്, അതില്‍ നിന്നും പിന്നെയും അടുത്തതിലേയ്ക്ക് എന്ന രീതിയില്‍ പടികള്‍ കയറിയും ഇറങ്ങിയും നടന്നുകൊണ്ടിരുന്നു. ഇടത്തേയ്ക്കും വലത്തേയ്ക്കുമായി എത്ര ഇടനാഴികള്‍ കടന്നുവെന്നോ എതിലെയാണ് തങ്ങള്‍ വന്നതെന്നോ ദാസന് നിശ്ചയമുണ്ടായിരുന്നില്ല. ഇടനാഴികളില്‍ ഇരുളിന്റെ ഇടവേളകളിട്ടുകൊണ്ട് പഴയ മുട്ടവിളക്കുകള്‍ അരണ്ട മഞ്ഞവെളിച്ചം പരത്തി, കൃത്യമായ അകലം പാലിച്ച് കരിങ്കല്‍ഭിത്തികളിന്മേല്‍ നിന്നു. തൊട്ടുപുറകില്‍ നായയുടെ കിതപ്പിന്റെ നിശ്വാസച്ചൂടും കാറ്റും തന്റെ കാല്‍വണ്ണകളില്‍ തട്ടുന്നത് ദാസന്‍ അറിയുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കാന്‍ ഭയപ്പെട്ട്, നിവര്‍ന്നു നില്‍ക്കുന്ന രോമങ്ങളുമായി അയാള്‍ ഇടനാഴികളിലെ അരണ്ടവെട്ടത്തിലൂടെ വൃദ്ധനെ ഒരേ വേഗത്തില്‍ പിന്തുടര്‍ന്നു.

പുകയറ പിടിച്ച കരിങ്കല്‍ഭിത്തികളുള്ള വലിയൊരു ഊണുമുറിയിലേയ്ക്കാണ് അവര്‍ എത്തിയത്. കരിങ്കല്‍പ്പാളികൊണ്ടുള്ള, ദീര്‍ഘചതുരാകൃതിയിലുള്ള വലിയൊരു തീന്‍മേശ മുറിയുടെ നടുവില്‍ സ്ഥാപിച്ചിരിയ്ക്കുന്നു. ചുറ്റും ഏതാനും പഴകിയ തടിക്കസേരകളും. മേശയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന, മാറാല കെട്ടിയ, വട്ടത്തിലുള്ളൊരു തകിടുമറയ്ക്കുള്ളില്‍ പൊടിപിടിച്ച് മങ്ങിയ ഒരു വലിയ മുട്ടവിളക്ക്. മേശപ്പുറത്ത് എന്തൊക്കെയോ വിഭവങ്ങള്‍ പാത്രങ്ങളില്‍ അടച്ചുവച്ചിരിയ്ക്കുന്നു. അടപ്പുകളുടെ വക്കില്‍നിന്നും ആവി ഉയരുന്നുണ്ട്. വായുവില്‍ പടര്‍ന്നുനില്‍ക്കുന്ന ജീര്‍ണതയ്ക്കൊപ്പം മസാലയില്‍ വെന്ത ഇറച്ചിയുടെ മണം തിരിച്ചറിഞ്ഞപ്പോഴാണ് തന്റെ വിശപ്പും ദാഹവും കെട്ടുപോയിരിക്കുന്നുവെന്ന് ദാസന്‍ ഓര്‍ത്തത്.

“കിഴവന്‍ സദാസമയവും തന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ, ഇതിനിടയില്‍ എപ്പോള്‍ ഇതെല്ലാം പാകം ചെയ്തു?” അയാള്‍ ആശ്ചര്യപ്പെട്ടു.

“ഒരുപക്ഷേ ഇവിടെ വേറെയും ജോലിക്കാര്‍ ഉണ്ടായിരിക്കാം. നിശബ്ദരായ ജോലിക്കാര്‍.”

ആ മുറിയുടെ അങ്ങേവശത്ത് ഒരു വാതിലുണ്ടായിരുന്നു. തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി എരിയുന്ന വിറകടുപ്പ് കണ്ടപ്പോള്‍ അത് അടുക്കളയാണെന്ന് ദാസന്‍ ഊഹിച്ചു.

വൃദ്ധന്‍ ദാസനെയുംകൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു. അത് പുരാതനമായൊരു അടുക്കള ആയിരുന്നു. മഞ്ഞച്ചു നിറം കെട്ടുപോയ ഭിത്തികളെല്ലാം കരിപിടിച്ച മാറാലകളാല്‍ നിറഞ്ഞിരുന്നു. നിലത്തുറപ്പിച്ച, വലിയൊരു തന്തൂരി അടുപ്പും ഉണ്ടായിരുന്നു ആ അടുക്കളയില്‍. വലിയൊരു വീപ്പ പോലുള്ള അതിന്റെ വായില്‍നിന്ന് ഉള്ളിലെരിയുന്ന കനലുകളുടെ ചുവപ്പുനിറം പുറത്തേയ്ക്ക് തിളച്ചുയര്‍ന്നുകൊണ്ടിരുന്നു.

“അത് പുകമുറിയാണ്. ഉള്ളിലെ ചേരുകളില്‍ പുകയിലുണങ്ങുന്ന ഇറച്ചി കാണും. കുറച്ചെടുത്ത് വറക്കൂ. കുറച്ച് തന്തൂരിയില്‍ പൊള്ളിക്കുകയും ചെയ്യൂ.” അടുക്കളയുടെ വലതുവശത്തെ ഭിത്തിയില്‍ കണ്ട വാതിലിലേയ്ക്കുചൂണ്ടി വൃദ്ധന്‍ പറഞ്ഞു.

ദാസന്‍ പുകമുറിയിലേയ്ക്ക് കടന്നു. മിക്കവാറും ഇരുളായിരുന്നു അതിനുള്ളില്‍. അരണ്ട വെട്ടത്തില്‍, മുറിയുടെ മദ്ധ്യത്തിലായി വലിയൊരു നെരിപ്പോട്. അതിന്റെ മുകളിലെ വായില്‍നിന്ന് വരുന്ന പുകയേറ്റുകൊണ്ട്, ഇല്ലിക്കമ്പുകൊണ്ടുള്ള അനവധി തട്ടുകളിലായി ഇറച്ചിത്തുണ്ടങ്ങള്‍ ചൂടുകാഞ്ഞുകിടന്നു.

“അതാണ് കാര്യം. വായുസഞ്ചാരമില്ലാത്ത ഇവിടെ വെടിയിറച്ചിയിട്ട് ഉണക്കിയാല്‍ പിന്നെങ്ങനെ ഈ മുറികളെല്ലാം നാറാതിരിയ്ക്കും?” അങ്ങനെ ചിന്തിച്ചുകൊണ്ട് ദാസന്‍ അടുക്കളയിലേയ്ക്ക് തിരികെയെത്തുമ്പോള്‍ വൃദ്ധനും നായയും അവിടെ ഉണ്ടായിരുന്നില്ല. അവര്‍ എല്ലായ്പ്പോഴുമെന്ന പോലെ മായികമായി മറഞ്ഞുപോയിരുന്നു.

ദാസന്‍ പാതുകത്തില്‍ ചാരി നിന്നൊരു ബീഡി കത്തിച്ചു. കനത്ത നിശബ്ദത. ഇടയ്ക്കിടെ അടുപ്പില്‍നിന്നും ആ നിശബ്ദതയിലേയ്ക്ക് പൊട്ടിവീഴുന്ന, കറയുള്ള വിറകിന്റെ നേര്‍ത്ത നിലവിളികള്‍. നിരീക്ഷണവലയം പൂര്‍ണമായി ഇല്ലാതായതിന്റെ സ്വാതന്ത്ര്യം അയാള്‍ ബീഡി തീരുന്നതുവരെയും ആസ്വദിച്ചു.

പിന്നെ പുകമുറിയിലേയ്ക്ക് നടന്നു. ചേരുകളില്‍ ഉണങ്ങുന്ന മാംസം പരിശോധിച്ചു. ഏറ്റവും താഴെയുള്ള തട്ടിലെ മാംസം പുതിയതാണ്. ഇന്നലെയോ മറ്റോ കിട്ടിയതാവണം, ദാസന്‍ ഓര്‍ത്തു.

ഒരു പാത്രത്തില്‍ കുറെ ഇറച്ചി എടുത്ത് അയാള്‍ അടുക്കളയിലേയ്ക്ക് നടന്നു. ചൂടുവമിക്കുന്ന തന്തൂരിയടുപ്പിലേയ്ക്ക് കുനിഞ്ഞ് മാംസത്തുണ്ടുകള്‍ പൊള്ളിക്കുവാനിടുമ്പോള്‍ ദാസന്‍ മുട്ടിന്റെ പുറകുവശത്ത് തണുപ്പും നനവുമുള്ളതെന്തോ ഇഴയുന്നതറിഞ്ഞു. ഒപ്പം ചുടുനിശ്വാസവും. ദാസന്റെ നെഞ്ചിലെ മൂന്നേ മൂന്ന് രോമങ്ങള്‍ പോലും ഒറ്റനിമിഷം കൊണ്ട് എഴുന്ന് വിറങ്ങലിച്ചു.

തിരിഞ്ഞപ്പോള്‍ പാതിയിരുളില്‍ മുഴു ഇരുളായി നായ. കണ്ണുകളില്‍ അടുപ്പിലെ തീ തിളങ്ങുന്നു. വൃദ്ധന്റെ അസാന്നിധ്യം തീര്‍ത്ത പൂര്‍ണമായ അരക്ഷിതാവസ്ഥയില്‍ കുളുര്‍ന്ന്, ആ ജന്തുവിന്റെ രത്നമിഴികളുടെ മുന്‍പില്‍ ദാസന്‍ വിറച്ചുനിന്നു. നായ നാവുനീട്ടി ദാസന്റെ അകംതുടയില്‍ നാവൊന്നുഴിഞ്ഞിട്ട് പതിയെ പിന്തിരിഞ്ഞ് താളത്തില്‍നടന്ന് ഊണുമുറിയിലെ കസേരകളിലൊന്നില്‍ കയറി അയാളെ നോക്കിയിരിപ്പായി. അതിന്റെ കറുത്തുമിനുത്ത ദേഹം തീന്‍മേശയ്ക്ക് നടുവിലായി തൂങ്ങിക്കിടക്കുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.

“ഈ നാശം എപ്പോഴാണ് തിരികെയെത്തിയത്? അതോ കിഴവനോടൊപ്പം പോയില്ലേ?“ അരണ്ടവെട്ടത്തില്‍ തന്റെ നേരെ പ്രകാശിക്കുന്ന രണ്ട് ചെറുനക്ഷത്രങ്ങളെ നോക്കി ദാസന്‍ നിശ്ചലനായി നിന്നു. താനും നായയും ഈ കുടുസില്‍ ഒറ്റയ്ക്കാണെന്നും കിഴവന്‍ ഒരുപാട് വളവുകള്‍ക്കും തിരിവുകള്‍ക്കുമപ്പുറം ദൂരെയെങ്ങോ ഒരിടത്ത് ആയിരിക്കുമെന്നുമുള്ള ചിന്ത അയാളെ, നട്ടെല്ലില്‍ തുളച്ചുകയറുന്ന ഒരു തണുപ്പായി പൊതിഞ്ഞു.

നോക്കിനില്‍ക്കുംതോറും തണുപ്പ് വര്‍ദ്ധിയ്ക്കുകയായിരുന്നു. അത് സഹിക്കവയ്യാതെ ദാസന്‍ ഒടുവില്‍ തിരിഞ്ഞ് തന്റെ ജോലികള്‍ തുടര്‍ന്നു. സമയം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് ദാസന്‍ വിചാരിച്ചു. ഊണുമുറിയില്‍നിന്ന് അടുക്കളയിലേയ്ക്ക് ഉറ്റുനോക്കിയിരിയ്ക്കുന്ന രണ്ടു വൈരക്കണ്ണുകള്‍ തന്റെ പുറത്തുവന്നുകുത്തുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ എങ്ങനെയെന്നറിയില്ല, ഇതിനുമുന്‍പ് ആരും ഇന്ന് ഈ അടുക്കളയില്‍ പെരുമാറിയിട്ടില്ലായിരിക്കാം എന്ന ചിന്ത ദാസനെ ജ്വരം പോലെ ബാധിച്ചു.

“ദാസാ....”

വൃദ്ധന്റെ വിളി അതിവിദൂരതയില്‍നിന്നെന്നവണ്ണം മുഴങ്ങി.

ദാസന്‍ പാകം ചെയ്ത ഇറച്ചി പാത്രങ്ങളിലാക്കി അടച്ചുവെച്ച് നായയെ നോക്കി. അത് അയാളെത്തന്നെ നോക്കിയിരിക്കുന്നു. നായയുടെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ട് ദാസന്‍ പതിയെ അതിന്റെയരികിലൂടെ നടന്ന് ഇടനാഴിയിലേയ്ക്കിറങ്ങി. നായയുടെ കണ്ണുകള്‍ ആ നേരമത്രയും അയാളെ പിന്തുടര്‍ന്നു.

ദാസന്‍ വേഗത്തില്‍ ഇടനാഴികളില്‍നിന്ന് ഇടനാഴികളിലേയ്ക്ക് നടന്നു. എവിടെനിന്നോ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള ചിരികള്‍ ഉയരുന്നുണ്ടായിരുന്നു. അവ ഒരേ സമയം വിദൂരതയില്‍ നിന്നും അതേ സമയം ഒരു ഭിത്തിക്കപ്പുറത്തുനിന്നും എന്ന് തോന്നിച്ചു. പല ഇടനാഴികള്‍ കൂട്ടിമുട്ടുന്ന കവലകളില്‍ ദാസന്‍ ശങ്കിച്ചുനിന്നു. പിന്നെ, ഓരോ തവണയും ചിരികേട്ടതെന്ന് തോന്നിയ ദിക്ക് ലക്ഷ്യമാക്കി നടന്നു. നടന്നുനടന്ന് അയാള്‍ക്ക് ഭ്രാന്ത് പിടിയ്ക്കുന്നതുപോലെ തോന്നി. മുട്ടവിളക്കുകള്‍ നല്‍കിയ, കൃത്യമായ ഇരുളിടവേളകളില്‍ തന്നെ ഒറ്റയ്ക്കാക്കുന്ന നിഴലിനെ കാല്‍പ്പാദങ്ങളില്‍ കെട്ടിവലിച്ച് അയാള്‍ ഇടനാഴികളില്‍നിന്നും ഇടനാഴികളിലേയ്ക്ക് ഓടി.

ഒടുവില്‍ ഒരു ഇടനാഴിയിലെത്തിയപ്പോള്‍ അതിന്റെയങ്ങേയറ്റത്ത് താന്‍ ആദ്യം കണ്ട പ്രധാനമുറിയാണെന്നും അവിടെനിന്നാണ് ചിരിയും സംഭാഷണവും ഉയരുന്നതെന്നും ദാസന്‍ അറിഞ്ഞു. പിന്‍കാലിലെ ഇരുളില്‍ ചുടുനിശ്വാസവും കിതപ്പിന്റെ ശബ്ദവും തട്ടിയപ്പോള്‍ അയാള്‍ ഞെട്ടിയോടി ചിരിയുടെ തുടക്കത്തിലേയ്ക്ക് ചാടിവീണു. എന്നിട്ട് ആശ്വാസത്തോടെ കിതച്ചു.

മുറിയില്‍ വൃദ്ധനോടൊപ്പം വേറെയും അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാം പടുവൃദ്ധന്മാര്‍. ദാസന്റെ വൃദ്ധനെപ്പോലെതന്നെ കടല്‍ക്കിഴവന്മാര്‍. ഓരോരുത്തര്‍ക്കും വ്യത്യസ്തച്ഛായ ആയിരുന്നെങ്കിലും ആരും തന്നെ ഈ ദേശക്കാരാണെന്ന് തോന്നുന്നില്ല എന്നതായിരുന്നു അവരില്‍ ദാസന്‍ കണ്ടെത്തിയ മറ്റൊരു സാമ്യത.

“ഭക്ഷണം പാകമായോ ദാസാ?” വൃദ്ധന്‍ ചോദിച്ചു. ദാസന്‍ കിതച്ചും വിയര്‍ത്തും തലയാട്ടി.

“എങ്കില്‍ ഇവരെ ഭക്ഷണമുറിയിലേയ്ക്ക് കൊണ്ടുപോവുക.” വൃദ്ധന്‍ പറഞ്ഞു.

മറ്റ് വൃദ്ധന്മാരെല്ലാം എഴുന്നേറ്റ് ഇടനാഴിയ്ക്കരികിലേയ്ക്ക് നടന്നു.

“ഈ രാവണന്‍കോട്ടയില്‍ അങ്ങോട്ടുപോകുവാനുള്ള വഴി എനിയ്ക്കുതന്നെ നിശ്ചയമില്ല. പിന്നെങ്ങനെയാണ് ഞാനിവരെ കൊണ്ടുപോവുക?” എന്ന് ദാസന്‍ ശങ്കിക്കവേ വൃദ്ധന്മാര്‍ അയാളെ കടന്ന് ഇടനാഴിയിലേയ്ക്ക് നടന്നു. എല്ലാ വൃദ്ധന്മാര്‍ക്കും തന്റെ വൃദ്ധന്റെ അതേ നാറ്റം തന്നെയാണെന്നൊരു സാമ്യത കൂടി ദാസന്‍ ശ്വസിച്ചെടുത്തു.

വാര്‍ദ്ധക്യത്തിന്റെ നേരിയ ഇടര്‍ച്ചയോടെ, എന്നാല്‍ തികച്ചും അസാധാരണമായൊരു ഊര്‍ജസ്വലതയോടെ, വൃദ്ധന്മാര്‍ ഊന്നുവടികളുടെ മുഴങ്ങുന്ന ശബ്ദങ്ങളെ ഇടനാഴികളില്‍ കടവാവലുകളെപ്പോലെ തലങ്ങും വിലങ്ങും പറക്കുവാനയച്ച്, ചിരപരിചിതരേപ്പോലെ നീങ്ങി. അത്ഭുതത്തോടെ ദാസന്‍ അവരെ അനുഗമിച്ചു.

“ഇവരുടെ വീടുകളും ഒരുപക്ഷേ ഇതുപോലെതന്നെയുള്ള ബംഗ്ലാവുകള്‍ ആയിരിക്കണം. അവിടങ്ങളിലെല്ലാം ഇതേ ഇടനാഴികള്‍ ഇതേ കവലകളും വളവുകളും പടവുകളും കടന്ന് ഇതേ ഭക്ഷണമുറിയില്‍ എത്തുമായിരിക്കണം.” അയാള്‍ വിചാരിച്ചു.

അതിഥികള്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞാണ് വൃദ്ധന്‍ നായയുമായി എത്തിയത്.

ദാസന്‍ അടുക്കളയിലെ പാതുകത്തില്‍ ചാരി അത്താഴവിരുന്ന് നോക്കിനിന്നു.

കിഴവന്‍ കറുത്തനിറമുള്ള പഴയൊരു കുപ്പി തുറന്ന് ചില്ലുകോപ്പകളിലേയ്ക്ക് പകര്‍ന്നു. പിന്നെ തന്റെ അരികിലായി നിലത്തിരിയ്ക്കുന്ന നായയുടെ മുന്‍പിലെ പാത്രത്തിലും കുപ്പിയില്‍നിന്ന് പാനീയം പകര്‍ന്നു. നായ അത് ആര്‍ത്തിയോടെ നക്കിക്കുടിച്ചു. പാനീയത്തിന്റെ കടുത്തനിറം കണ്ടപ്പോള്‍ വീഞ്ഞായിരിക്കാം എന്ന് ദാസന്‍ ഊഹിച്ചു. ദാസന്റെ ദാഹം എന്നെന്നേക്കുമായി കെട്ടുപോയതുപോലെയായിരുന്നു.

സാവധാനം വിരുന്ന് മുറുകി. മേശയ്ക്കുചുറ്റും ഇരിക്കുന്നവരെല്ലാം വീഞ്ഞും ഇറച്ചിയുമല്ലാതെ മറ്റൊന്നും തിന്നുന്നില്ലല്ലോ - അല്ലെങ്കില്‍ തന്നെ ഇറച്ചിയല്ലാതെ മറ്റൊന്നും ആ മേശമേല്‍ തിന്നുവാനായി ഇല്ലായിരുന്നു - എന്ന കൌതുകത്തോടൊപ്പം, കാലങ്ങളുടെ പഴക്കം കൊണ്ടുമാത്രം സ്വായത്തമാകുന്ന, കണിശവും കൃത്രിമവുമായൊരു ഔപചാരികതെയെ അവരെല്ലാംതന്നെ വിരുന്നിലുടനീളം പിന്തുടരുന്നതായി തോന്നിക്കുന്നുവെന്ന മറ്റൊരു കൌതുകവും ദാസന് ലഭിച്ചു.

സംഭാഷണങ്ങളും ചിരികളും ഊണുമുറിയില്‍ നിറഞ്ഞു. ഇടയ്ക്ക് ദാസന്‍ സദസിലേയ്ക്ക് വിളിയ്ക്കപ്പെട്ടു. അയാള്‍ക്കും കിട്ടി ഒരു പാത്രത്തില്‍ കുരുമുളകുപൊടിയിട്ടുപൊരിച്ച ഉണക്കയിറച്ചി. നല്ല രുചിയുണ്ട്. മ്ലാവോ, മാനോ? എന്ത് ഇറച്ചിയാണെന്ന് ദാസന് മനസിലായില്ല. വെടിയിറച്ചി തിന്ന് തനിക്ക് ശീലമില്ലല്ലോയെന്ന് മാത്രം അയാള്‍ ഓര്‍ത്തു.

രാത്രി എപ്പോഴാണ് വിരുന്ന് തീര്‍ന്നതെന്നും അതിഥികള്‍ പോയതെന്നും ദാസന്‍ അറിഞ്ഞില്ല. പാതുകത്തില്‍ ചാരിയിരുന്ന് ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയ അയാളെ വൃദ്ധന്റെ ശബ്ദമാണ് തട്ടിയുണര്‍ത്തിയത്.

“ദാസാ...”

ഊണുമുറിയില്‍ കിഴവനും നായയും മാത്രം. ദാസന്‍ കടവായ പുറംകൈകൊണ്ട് തുടച്ച്, ധൃതിയില്‍ ഊണുമുറിയിലേയ്ക്ക് നടന്നു. തീന്‍മേശപോലും ആരോ വൃത്തിയാക്കിയിരിക്കുന്നു. അയാള്‍ കുറ്റബോധത്തോടെ നിന്നു.

വൃദ്ധന്‍ തീന്‍മേശയുടെ വീതികുറഞ്ഞ വശത്തിട്ടിരുന്ന ഒറ്റക്കസേരയില്‍ ദാസനെത്തന്നെ സൂക്ഷിച്ചുനോക്കിയിരുന്നു. തമോഗര്‍ത്തങ്ങളിലെത്തിപ്പെടുന്ന പ്രകാശരശ്മികളേപ്പോലെ, തിമിരത്തിന്റെ മേഘമാലകളില്‍ മുട്ടവിളക്കിന്റെ ദുര്‍ബലമായ മഞ്ഞവെളിച്ചം വീണലിഞ്ഞുചേര്‍ന്നുകൊണ്ടിരുന്നു. നായ ചിറിനക്കിത്തുടച്ച് വൃദ്ധന്റെ അരികില്‍ അലസമായി ദാസനെ കടാക്ഷിച്ചുകിടന്നു.

“നിന്റെ വസ്ത്രം അഴിച്ചുമാറ്റുക.”

ദാസന്‍ ഞെട്ടിപ്പോയി. ശരീരത്ത് നാണം മറയാന്‍ ആകെയുള്ളത് ഈ മുണ്ടാണ്. ദാസന്‍ പരുങ്ങിനിന്നു.

“ഞാന്‍ നിന്റെ യജമാനനാണ്. നീ തേടിനേടിയ യജമാനന്‍. ഞാന്‍ നിന്നോടെന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് നിന്റെ നല്ലതിനാണെന്ന് നീ മനസിലാക്കുക.” വൃദ്ധന്റെ ശബ്ദം അമര്‍ന്ന ശ്രുതിയിലും താളത്തിലും പതിയെ പുറത്തുവന്നു. അതിനൊരു ആജ്ഞാശക്തിയുണ്ടെന്ന് ദാസന് മനസിലായില്ല. കാരണം ആ ആജ്ഞയുടെ മാന്ത്രികതയില്‍ അയാള്‍ക്ക് വിഭ്രാന്തി സംഭവിച്ചുകഴിഞ്ഞിരുന്നു. കാന്തികശക്തിയുള്ള തിമിരനേത്രങ്ങള്‍ക്ക് അടിപ്പെട്ട് ദാസന്‍ ശരീരത്തെ ഏക കവചവും അഴിച്ചുമാറ്റി.

“മേശമേല്‍ കയറിക്കിടക്കുക.”

ചാവികൊടുത്ത ഒരു പാവയെപ്പോലെ യാന്ത്രികമായി ദാസന്‍ കല്‍മേശയുടെ തണുപ്പിലേയ്ക്ക് വലിഞ്ഞുകയറി മലര്‍ന്നുകിടന്നു.

വൃദ്ധന്‍ ദാസനില്‍ത്തന്നെ മിഴിയുറപ്പിച്ച്, എഴുന്നേറ്റ് മേശയ്ക്കുചുറ്റും മന്ദമായി ഒരു വലം വെച്ചു. നായ താളത്തില്‍ കിതച്ചുകൊണ്ട് അയാളെ പിന്തുടര്‍ന്നു. ഒടുവില്‍ അയാള്‍ ദാസന്റെ വലത്തേ അരികിലെത്തിനിന്നു. പിന്നെ മേശയുടെ അടിയിലെ കല്ലുകൊണ്ടുതന്നെയുള്ള ഒരു വലിപ്പ് തുറന്ന് എന്തോ പുറത്തെടുത്തു. പുറത്തേയ്ക്കുള്ള വഴിയറിയാതെ ഊണുമുറിയില്‍ ചുറ്റിത്തിരിയുന്ന, കെടുംബിച്ച മൌനത്തിലേയ്ക്ക് ലോഹങ്ങള്‍ തമ്മിലുരയുന്ന ശബ്ദം ഇരട്ടിയായി മുഴങ്ങിയുയര്‍ന്നു.നേരെ മുകളില്‍നിന്ന് തൂങ്ങിക്കിടക്കുന്ന മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ പലതരം കത്തികളുടെ തിളങ്ങുന്ന വായ്ത്തലകളെ ദാസന്റെ കൃഷ്ണമണികള്‍ പ്രതിഫലിപ്പിച്ചു. നായ വൃദ്ധന്റെ അരികില്‍ക്കിടന്ന ഒരു കസേരയിലേയ്ക്ക് ചാടിക്കയറി ദാസനെനോക്കിയിരിപ്പായി.

വൃദ്ധന്‍ കരം നീട്ടി ദാസന്റെ നെഞ്ചില്‍ സ്പര്‍ശിച്ചു. അയാളുടെ കര്‍ക്കശമായ കൈപ്പടം മൂന്നുരോമങ്ങള്‍ മാത്രമുള്ള നെഞ്ചിലും രോമരഹിതമായ വയറിലും പതിയെ ഉഴിഞ്ഞപ്പോള്‍ തന്റെ അരക്കെട്ടില്‍ക്കൂടി ഒരു തരിപ്പ് കയറുന്നത് ദാസന്‍ അറിഞ്ഞു. വൃദ്ധന്റെ കൈ സാവധാനം ദാസന്റെ ഉണര്‍ന്നുദ്ധരിക്കുന്ന പുരുഷാവയവത്തിലേയ്ക്ക് സഞ്ചരിക്കുന്നതും നോക്കി നായ മേശത്തണുപ്പിലേയ്ക്ക് താടിവെച്ച് അലസമായിരുന്നു.

“നിനക്കെന്തിനാണ് ദാസാ ഇത്? യഥാര്‍ഥത്തില്‍ ഇവിടെ, നിനക്ക് ഇതിന്റെ ആവശ്യം തന്നെയില്ല. ഉണ്ടോ? നീ തന്നെ ചിന്തിക്കുക.” വൃദ്ധന്‍ അതിന്മേല്‍ ചൂണ്ടുവിരലിന്റെ നഖമോടിച്ചുകൊണ്ട് ചോദിച്ചു.

തലയുയര്‍ത്തി വൃദ്ധന്റെ ചലനങ്ങള്‍ കാണുകയായിരുന്ന ദാസന്‍ പകുതിചിമ്മിയ കണ്ണുകളോടെ നിഷേധാര്‍ഥത്തില്‍ സാവധാനം ശിരസ്സിളക്കി.

വൃദ്ധന്‍ ദാസന്റെ നാഭിയിലെ രോമങ്ങളെ സാവധാനം കത്തികൊണ്ട് മാറ്റിയിട്ട് ലിംഗത്തിന്റെ കടയ്ക്കലേയ്ക്ക് കത്തിയുടെ മഞ്ഞുപോലെ തണുത്ത മൂര്‍ച്ചയെ ചേര്‍ത്തു പതിയെ ചലിപ്പിച്ചു. ലോഹത്തിന്റെ തിളക്കത്തെ രക്തത്തിന്റെ തിളക്കം ജയിക്കുന്നത് വീക്ഷിച്ചുകൊണ്ട് അയാള്‍ നിസംഗമായൊരു ശ്രദ്ധയോടെ ജോലിതുടര്‍ന്നു. യുഗങ്ങളുടെ പാരമ്പര്യമുള്ളൊരു ജൈവികത്തുടര്‍ച്ചയെ തേടുന്ന, ദാസന്റെ പരിഭ്രാന്തപ്പെട്ട ജനിതകം ലിംഗശീര്‍ഷത്തില്‍ പകുതിമാത്രം പനിച്ചുനിന്ന ഒരു രേതസിന്‍തുള്ളിയുടെ ഉള്‍ഭിത്തിയില്‍ ചെന്നിടിച്ച് വഴിമുട്ടിപ്പിടഞ്ഞു. ദാസന് അഗാധമായി വേദനിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദാസന് വേദനിക്കുന്നുമില്ലായിരുന്നു. കുരിയാലയില്‍ ഒരു ബലി കാണുന്നവനെപ്പോലെ അയാള്‍ ആ കര്‍മ്മത്തിന് ദൃക്‌സാക്ഷിത്വം വഹിച്ചു.

ദാസന്റെ ലിംഗവും പിന്നാലെ വൃഷണസഞ്ചിയും മേശയുടെ വിളുമ്പിലേയ്ക്കുവീണു. മേശയില്‍നിന്ന് തലയുയര്‍ത്തിയ നായ നാവുനുണഞ്ഞ് തന്റെ മുന്‍പിലേയ്ക്കുവീണ വസ്തുക്കളെ മണത്തു. പിന്നെ തന്റെ അസ്തിത്വത്തെ എല്ലാ അര്‍ത്ഥത്തിലും സ്ഥാപിച്ചുകൊണ്ട്, ഒരു മുരളലോടെ, ഒറ്റയാക്കത്തില്‍ അവ കടിച്ചെടുത്തു. വൃഷണങ്ങള്‍ ഉടയുന്നതിന്റെ നേര്‍ത്തശബ്ദം കേട്ട് നായയെ ശ്രദ്ധിച്ച ദാസന്‍ രക്തവും രേതസും ഉമിനീരും കലര്‍ന്ന കൊഴുത്ത ദ്രാവകം നായയുടെ കടവായിലൂടെ ഒലിച്ചിറങ്ങുന്നത് കണ്ടു.

വൃദ്ധന്‍ അല്‍പ്പനേരം നായയുടെ ചവയ്ക്കല്‍ നോക്കിനിന്നിട്ട് വീണ്ടും ദാസനിലേയ്ക്കു തിരിഞ്ഞു. നായ നാവുനീട്ടി മേശക്കല്ലിന്മേല്‍ പരന്ന ചോരനക്കിയെടുത്തു, പിന്നെ ചിറിനക്കിയിട്ട് വീണ്ടും മേശമേല്‍ താടിചേര്‍ത്തു.

“നീയൊരു ഭാഗ്യവാനാണ് ദാസാ. എത്ര ആരോഗ്യമുള്ളവനാണ് നീ. ഓരോ വ്യക്തിയും അവനെക്കുറിച്ച്, അവന്റെ അനന്തസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അവശ്യമാണ്. നിനക്കു നിന്നെക്കുറിച്ചുതന്നെ അറിയേണ്ടേ?” വൃദ്ധന്‍ മുന്‍പോട്ടാഞ്ഞ് ദാസന്റെ മുഖത്തേയ്ക്കു മുഖമടുപ്പിച്ചു ചോദിച്ചു. ദാസന്‍ അമ്പരന്ന, എന്നാല്‍ അടിപ്പെട്ട കണ്ണുകളുമായി തലയാട്ടി.

വൃദ്ധന്‍ ദാസന്റെ മുഖത്തേയ്ക്ക് ചിരിച്ചു. ഈത്തയൊലിയ്ക്കുന്ന വായിലെ നാറ്റത്തില്‍ ദാസന് വയറ് കടഞ്ഞു. വൃദ്ധന്‍ നിവര്‍ന്ന് ഒരു ദീര്‍ഘശ്വാസമെടുത്തു. പിന്നെ കൈയ്യിലിരുന്ന കത്തിയുടെ അറ്റം ദാസന്റെ നെഞ്ചിന്‍കൂടിന്റെ മദ്ധ്യാസ്ഥിയ്ക്കിരുപുറവും കണക്കാക്കിക്കൊണ്ട് തൊലിപ്പുറത്തുകൂടി ഓടിച്ചു.

പിന്നത്തെ നിമിഷങ്ങള്‍ നിറഭേദങ്ങളുടേതായിരുന്നു. ദാസന്റെ കറുത്ത നെഞ്ചില്‍ മാംസത്തിന്റെ ഇളം ചുവപ്പുള്ള രണ്ട് സമാന്തരരേഖകള്‍ തെളിഞ്ഞുവന്നു. പിന്നെ ആ ഇളംചുവപ്പിന്മേല്‍ ചോരയുടെ കടുംചുവപ്പ് പതിയെപ്പടര്‍ന്നു. മൂന്നുരോമങ്ങള്‍ വളര്‍ന്നുമുറ്റിയ തൊലിയുടെ ഒരു ചതുരഭൂഖണ്ഡത്തെ കീറിമാറ്റിയിട്ട് വൃദ്ധന്‍ കത്തിതാഴെയിട്ടു. എന്നിട്ട് കൈത്തഴക്കത്തോടെ ദാസന്റെ നെഞ്ചിലെ മദ്ധ്യാസ്ഥിയുടെ വശങ്ങളിലായി തള്ളവിരലും ചൂണ്ടുവിരലും ആഴ്ത്തി. ചൂടും വഴുക്കവുമുള്ള മാംസത്തിനിടയിലൂടെ വിരലുകള്‍ അസ്ഥിയുടെ താഴ്വാരം തേടിച്ചെന്നു. ദാസന് നെഞ്ചില്‍ കൊളുത്തിപ്പിടിക്കുന്ന കഠിനമായ നോവുണ്ടായിരുന്നു. എന്നിട്ടും താന്‍ ആ നോവിനെ നിര്‍ദയം അവഗണിക്കുന്നതെന്തേയെന്ന്, വൃദ്ധന്റെ വിരലുകള്‍ തന്റെ നെഞ്ചിന്റെ നടുവിലുള്ള അസ്ഥി വലിച്ചൂരിയെടുക്കുന്നത് നോക്കിക്കിടക്കവേ അയാള്‍ അത്ഭുതപ്പെടുന്നുമുണ്ടായിരുന്നു.

വൃദ്ധന്‍ ദാസന്റെ വാരിയെല്ലുകളെ ഇരുവശത്തേയ്ക്കും ശക്തിയായിത്തള്ളി നെഞ്ചിന്‍കൂട് തുറന്നു. തന്റെ നെഞ്ചകം നേരിട്ടുകാണാന്‍ ദാസന് പെട്ടെന്ന് ഉല്‍ക്കടമായൊരു ആസക്തിയുണ്ടായി. അയാള്‍ ആളിപ്പിടിക്കുന്ന അതിവേദനയെ തന്റെ ചുണ്ടുകളില്‍ ആവാഹിച്ച്, പല്ലുകള്‍ക്കിടയിലേയ്ക്ക് ഞെരുക്കിക്കൊണ്ട് തലയുയര്‍ത്തി നോക്കി. മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ ചുവന്നുതിളങ്ങുന്ന, കൊഴുത്ത ശരീരരസത്തില്‍ മുങ്ങിക്കിടക്കുന്ന, മിടിക്കുന്ന ഹൃദയം.

“ആഹ്! ഇതാണ്! എനിയ്ക്കറിയാം, നിനക്ക് ആകാംക്ഷ കാണുമെന്ന്! നോക്കൂ, എത്ര സുന്ദരവും ആരോഗ്യമുള്ളതുമാണ് നിന്റെ ഹൃദയം. താളത്തിലുള്ള അതിന്റെ ആ ഇളക്കവും കുണുക്കവും കാണൂ..”

കിഴവന് ഇത്രയും വാചാലനാകാന്‍ അറിയാമോ എന്ന് ദാസന്‍ ആശ്ചര്യപ്പെട്ടു. അയാളുടെ മുഴങ്ങുന്ന ഘര്‍ഷണശബ്ദത്തില്‍ ആ വാചാലത സ്ഥാനം തെറ്റിയ ഒരു ആഭരണം പോലെയായിരുന്നു.

“നിന്നെപ്പോലെ ഭാഗ്യം ചെയ്തവര്‍ വേറെ കാണില്ല ദാസാ. സ്വന്തം ഹൃദയം മിടിക്കുന്ന ജീവനോടെ നേരെ കാണുവാന്‍ എത്രപേര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്, ശരിയല്ലേ?” ത്രസിക്കുന്ന മാംസത്തിന്റെ ചൂടിലേയ്ക്ക് കൈകള്‍ താഴ്ത്തിക്കൊണ്ട് വൃദ്ധന്‍ ചോദിച്ചു. അതുശരിയാണെന്ന് ദാസന്‍ തലചലിപ്പിച്ചു.

കൊഴുപ്പിന്റെ മഞ്ഞപ്പൂക്കള്‍ക്കിടയില്‍നിന്ന്, വഴുക്കുകയും കുതറുകയും ചെയ്യുന്ന ഹൃദയം വൃദ്ധന്‍ കൈയ്യിലെടുത്ത നിമിഷം തിമിരത്തിന്റെ സമസ്ത മൂടാപ്പുകളെയും ഭേദിച്ചുകൊണ്ട് അയാളുടെ കൃഷ്ണമണികള്‍ നിലാവുതട്ടിയ പുതുവൈഡൂര്യങ്ങള്‍ പോലെ ഒരുമാത്ര അസാധാരണമായി തിളങ്ങിയോയെന്ന് ദാസന് നൈമിഷികമായ ഒരു വിഭ്രമം ഉണ്ടായി. നായ മേശപ്പുറത്തുനിന്ന് തല ഒന്നുയര്‍ത്തിനോക്കിയിട്ട് വീണ്ടും നിസംഗനായി പഴയ സ്ഥിതിയില്‍ കിടന്നു.

“ഇതാണ് പെരിക്കാര്‍ഡിയം. നിന്റെ ഹൃദയത്തെ തടവിലാക്കിവെച്ചിരിക്കുന്ന വില്ലന്‍. ഇതില്‍നിന്നും നമുക്ക് നിന്റെ ഹൃദയത്തെ സ്വതന്ത്രമാക്കണം, വേണ്ടേ ദാസാ?” ഹൃദയത്തെ പൊതിഞ്ഞുകിടന്ന നേര്‍ത്തുസുതാര്യമായൊരു സ്തരത്തെ നഖങ്ങള്‍ക്കിടയില്‍ നുള്ളിയുയര്‍ത്തിക്കാണിച്ചുകൊണ്ട് വൃദ്ധന്‍ ചോദിച്ചു.

“ഏത് ഹൃദയമാണ് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം കൊതിക്കാത്തത്?” ദാസനോടെന്നതിലുപരി സ്വയം ചോദിച്ചുകൊണ്ട് ഒരു കത്തിയുടെ കൂര്‍ത്തമുനകൊണ്ട് വൃദ്ധന്‍ ഹൃദയത്തെ സ്തരത്തിന്റെ തടവില്‍നിന്നും വേര്‍പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച ഹൃദയം പതിന്മടങ്ങ് ശക്തിയോടെ കുതിച്ചുയരുകയും മിടിക്കുകയും ചെയ്യുന്നത് കണ്ട ദാസനും തോന്നി,

“എല്ലാ ഹൃദയങ്ങളും യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ട്.”

ദാസന്‍ ശാന്തനായി, സുഷുമ്നയിലൂടെ അരിച്ചുകയറുന്ന കല്‍ത്തണുപ്പിനെ ആസ്വദിച്ചുകൊണ്ട് കിടന്നു. വൃദ്ധന്റെ പരുപരുത്ത കൈകള്‍ ദാസന്റെ ഹൃദയത്തിന്റെ അരികുകളിലും അടിയിലുമൊക്കെ ധാര്‍ഷ്ട്യത്തോടെ, മയമില്ലാതെ പരതിനടന്നു. ദാസന് നെഞ്ചിനുള്ളില്‍ അതിവേദനയുടെ ഇക്കിളിതോന്നി.

“നിന്റെ രക്തം അമൂല്യമാണ്, ദാസാ. അത് വെറുതെ വിയര്‍പ്പിച്ച് ആവിയാക്കാനുള്ളതല്ല. അതോര്‍ത്ത് എനിയ്ക്ക് വളരെയേറെ ഉല്‍ക്കണ്ഠ ഉണ്ട്, ഒരുപക്ഷേ നിന്നേക്കാളുമേറെ.”

ദാസന്‍ തലയുയര്‍ത്തിനോക്കുമ്പോള്‍ വൃദ്ധന്‍ ചെമ്പുകൊണ്ടുള്ള ഒരു കുഴിയന്‍ പിഞ്ഞാണം നെഞ്ചിന്‍കൂട്ടില്‍, ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ഹൃദയത്തിനടിയിലേയ്ക്ക് തിരുകുകയായിരുന്നു. പിന്നെ അയാള്‍ കത്തിയെടുത്ത് ഹൃദയത്തിലേയ്ക്കുള്ള തടിച്ച ഞരമ്പുകളെ ഓരോന്നായി മുറിച്ചു. ഞരമ്പുകളുടെ മൃദുപേശികളില്‍ക്കൂടി, നീളന്‍ കോശങ്ങളെ രണ്ടായിപ്പിളര്‍ന്ന്, ലോഹം നേരിയൊരു കിരുകിരുപ്പോടെ തണുത്തുരഞ്ഞു ചലിച്ചു. എല്ലാം സാവധാനമാണ് വൃദ്ധന്‍ ചെയ്യുന്നത്. പക്ഷേ രക്തം എത്രവേഗമാണ് പിഞ്ഞാണത്തില്‍ ഒഴുകിനിറയുന്നത്.

രക്തത്തില്‍മുങ്ങിക്കിടക്കുന്ന ഹൃദയത്തോടെ പിഞ്ഞാണമെടുത്ത് വൃദ്ധന്‍ മാറ്റി. മുറിഞ്ഞുകിടന്ന ഞരമ്പുകളില്‍നിന്ന് നെഞ്ചിനുള്ളിലെ ചുവന്ന ഇറച്ചിയിലേയ്ക്ക് ഒഴുകിപ്പടരുന്ന ചോര കണ്ട് നായ തല ദാസന്റെ നെഞ്ചിലേയ്ക്ക് നീട്ടി മണപ്പിച്ചു. നായയുടെ മൂക്കിന്‍തുമ്പിലെയും നാവിലെയും തണുപ്പ് ഇറച്ചിയില്‍ തട്ടിയപ്പോള്‍ ദാസന്റെ നെഞ്ച് പിന്നെയും ഇക്കിളികൊണ്ടു.

“ഈ കുപ്പികൂടി മതിയാകുമെന്ന് എനിയ്ക്ക് ഉറപ്പാണ്. നീ ആശങ്കപ്പെടേണ്ടതില്ല, അല്‍പ്പം പോലും നഷ്ടപ്പെടില്ല,” നായയുടെ തലയില്‍ ഒരു കിഴുക്കുകൊടുത്തിട്ട് വൃദ്ധന്‍ കറുത്ത നിറമുള്ള ഒരു കുപ്പിയെടുത്ത് രക്തക്കുഴലുകളെ ഒരുമിച്ച് അതിന്റെ വായ്ക്കുള്ളിലേയ്ക്ക് തള്ളി. അല്‍പ്പം മുന്‍പ്, കിഴവന്മാര്‍ക്കുള്ള വിരുന്നില്‍ ആദ്യം തുറന്ന പാനീയക്കുപ്പിയാണതെന്ന് ദാസന് മനസിലായി. അയാള്‍ക്ക് കൊതിപ്പിക്കുന്നൊരു തളര്‍ച്ചയുടെ അത്യാധിക്യമുണ്ടായിത്തുടങ്ങി.

വൃദ്ധന്‍ ക്ഷമയോടെ കുപ്പിനിറയുന്നത് കാത്തിരുന്നു. പിന്നെ, ഒഴുക്കുനിലച്ച ഞരമ്പുകളെ ശ്രദ്ധയോടെ കുപ്പിയില്‍നിന്ന് ഊരിമാറ്റി കുപ്പിയുടെ വായ കോര്‍ക്കുവെച്ച് അടച്ച് മാറ്റിവെച്ചു. ദാ‍സന്റെ കണ്ണുകളില്‍ മയക്കം ശക്തമായി ബാധിച്ചു. ചലിക്കുവാന്‍ ശേഷിയില്ലാതെ അയാള്‍ ബോധത്തിന്റെ ഒരേയൊരു താമരനൂലിന്മേല്‍തങ്ങി വാടിക്കിടന്നു. സുഷുംനയ്ക്കിരുവശവും വലിഞ്ഞുനിന്ന നാഡിഞരമ്പുകളില്‍ ചരിത്രത്തിന്റെ ഞാണൊലി കേള്‍ക്കുമോയെന്ന് വൃദ്ധന്റെ വിരലുകള്‍ കുസൃതിപ്പെട്ട നിമിഷം, തികച്ചും അനൈശ്ചികമായി ദാസന്‍ തന്റെ ഇരുകാലുകളും വിരലുകളും അസാധാരണമാം വിധം ചടുലമായി വിറപ്പിച്ച നേരം, അവസാനത്തെ താമരനൂലും പൊട്ടിയകന്നു. പാതിവിടര്‍ച്ചയില്‍ അനക്കം നിലച്ചുപോയ കണ്‍പോളകള്‍ തീര്‍ത്ത വിടവില്‍ക്കൂടി, പ്രജ്ഞയില്‍ രേഖപ്പെടാതെ പോയ ഒരു ലോഹത്തിളക്കം ദാസന്റെ ഇടത്തേ കണ്‍കോണില്‍ വീണു.

“നിനക്കറിയുമോ ദാസാ, സ്വന്തം തലച്ചോര്‍ കാണാന്‍ സാധിക്കുകയെന്നത് ഹൃദയം കാണുന്നതിലുമേറെ ഭാഗ്യമാണ്. കാരണമെന്തെന്നോ, ഹൃദയത്തേക്കാള്‍ പ്രധാനം ബുദ്ധിയാണെന്നത് തന്നെ!” തുടര്‍ന്ന് വൃദ്ധന്‍ പൊട്ടിച്ചിരിച്ചു. ഒരു വിസ്മൃതിയിലെന്ന പോലെ, സംവേദനക്ഷമത തീരെയില്ലാത്ത ഒരു സ്വരം പോലെ നേര്‍ത്ത്, അവ്യക്തമായിക്കേട്ട ആ ചിരിയായിരുന്നു ദാസന്‍ അവസാനമായി ശ്രവിച്ച ശബ്ദം. പിന്നെ, ചെന്നിയില്‍ക്കൂടി കത്തിയുടെ മുന പരിചയസമ്പന്നനായ ഒരു പര്യവേക്ഷകനേപ്പോലെ തലയോട്ടിയിലെ വിടവുകളിലേയ്ക്ക് വഴിതേടുന്നത് ദാസനറിഞ്ഞതേയില്ല.

“നോക്കൂ, നോക്കൂ ദാസാ, നിന്റെ തലച്ചോര്‍, നിന്റെ സിരാകേന്ദ്രം. കാണൂ, അഭിമാനത്തോടെ കാണൂ..” സുഷുമ്നനാഡി തുടങ്ങുന്നയിടത്തുവെച്ച് മുറിച്ചെടുത്ത തലച്ചോര്‍ വൃദ്ധന്‍ തലപൊളിഞ്ഞ ദാസന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു. അതില്‍നിന്ന് രക്തം കലര്‍ന്ന കൊഴുത്ത ദ്രാവകം അയാളുടെ പാതിവിടര്‍ന്ന, ശോണരാശി മാഞ്ഞു കറുത്തുപോയ ചുണ്ടിലേയ്ക്കും ഉമിനീരുണങ്ങി തിളക്കം കെട്ട പല്ലിലേയ്ക്കും ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്തമട്ടിലുള്ള വൃദ്ധന്റെ ആവേശം കാണുവാനായിമാത്രം ദാസന്‍ കണ്ണുതുറന്നില്ല. അതുമനസിലാക്കിയ വൃദ്ധന്‍ പുലമ്പല്‍ തുടര്‍ന്നുകൊണ്ട് തന്റെ പരുക്കന്‍ വിരലുകളാല്‍ ദാസന്റെ കണ്‍പോളതുറന്ന് തലച്ചോറിനെ ആ കണ്ണുകളിലേയ്ക്ക് അടുപ്പിച്ചുപിടിച്ചു. മുട്ടവിളക്കിന്റെ വെളിച്ചത്തില്‍, ദൃക്‌ക്ഷമത അന്യപ്പെട്ടു നിശ്ചലമായിത്തീര്‍ന്ന കൃഷ്ണമണിമേല്‍ സിരാകേന്ദ്രത്തിന്റെ അനന്തമായ ഇടുക്കുവഴികള്‍ തെളിഞ്ഞുകിടന്നു.

ഏതാനും നിമിഷം മാത്രം നീണ്ട, ഒരു രതിമൂർച്ഛയെ അനുസ്മരിപ്പിച്ച ആവേശത്തിനൊടുവില്‍ പെട്ടെന്ന് പഴയ നിസംഗത വീണ്ടെടുത്ത വൃദ്ധന്‍ തലച്ചോര്‍ ഒരു പാത്രത്തില്‍ വെച്ചശേഷം മറ്റൊരു വലിയ കത്തി എടുത്തു. ദാസന്റെ തല അല്‍പ്പം പുറകിലേയ്ക്ക് വലിച്ചുപിടിച്ച്, കഴുത്തില്‍ തൊണ്ടമുഴത്തുമ്പില്‍ വരഞ്ഞു. പിന്നെ കത്തി ആ വരയിലേയ്ക്ക് അമര്‍ത്തിയിട്ട് മുന്നിലേയ്ക്കും പുറകിലേയ്ക്കും മന്ദമായി ചലിപ്പിച്ചുകൊണ്ടിരുന്നു. സ്വനതന്തുക്കള്‍ സൂക്ഷ്മമായി അളന്നുതിട്ടപ്പെടുത്തിയിട്ടെന്നപോലെ നീളം കൃത്യമായി വിഭജിച്ചുകൊണ്ട്, രണ്ട് നാലായി, പൊട്ടിയ വീണക്കമ്പികള്‍ പോലെ വിറച്ചടങ്ങി. വളരെ സാവധാനം പിടലി മുറിഞ്ഞുവന്നു. വേര്‍പെട്ട കൊരവള്ളിയ്ക്ക് താഴെ നട്ടെല്ലിന്റെ കശേരുവിനിടയില്‍ കത്തിമുന കയറ്റി വൃദ്ധന്‍ ഒന്ന് തിരിച്ചു. സുഷുംനയില്‍ നാഡീകോശങ്ങള്‍ തൂവെള്ളത്തുമ്പപ്പൂക്കളായിച്ചിതറി. ദാസന്റെ തലയും ഉടലും യാതൊരു എതിര്‍പ്പുമില്ലാതെ രണ്ടായി പിരിഞ്ഞു.

പിന്നെ, വിദഗ്ദ്ധനായ ഒരു കശാപ്പുകാരനെപ്പോലെ അവിടെയുമിവിടെയും ഓരോ പോറല്‍. ദാസന്റെ എണ്ണമിനുപ്പുള്ള തൊലി മേശമേല്‍ നീണ്ടുനിവര്‍ന്നുകിടന്ന വിളറിവെളുത്ത മാംസശരീരത്തിനപ്പുറം മുഷിഞ്ഞൊരു മുഴുക്കുപ്പായംപോലെ ചുരുണ്ടുകിടന്നു.

വൃദ്ധന്റെ കൈക്കുഴ ഒരു വാദ്യകലാകാരന്റേതിന് സമമായിരുന്നു. കത്തികള്‍ കൃത്യമായും മെയ്‌വഴക്കത്തോടെയും ഓടിനടന്നു. ആദ്യം കക്ഷത്തില്‍, പിന്നെ ഇടുപ്പില്‍. കൈകളും കാലുകളും ശരീരത്തില്‍നിന്ന് മാറി ഒരുമിച്ച് ചേര്‍ന്നുകിടന്നു. കല്ലിന്മേല്‍ കത്തിയുടെ വായ്ത്തല ഓരോ പോറലും വീഴ്ത്തുന്നതനുസരിച്ച് ദാസന്റെ ഇറച്ചി വലിയ തുണ്ടുകളായി മുറിഞ്ഞ് മാറിക്കൊണ്ടിരുന്നു.

“ദാസന്റെ കരള് എത്ര വലുതെന്ന് നോക്ക് നീ..” വൃദ്ധന്‍ തവിട്ടുനിറമുള്ള, വഴുക്കുന്ന വലിയ കരള്‍ കൈയിലെടുത്ത് നായയുടെ നേരെ തിരിഞ്ഞ് അതിശയം പറഞ്ഞു. നായ തലയുയര്‍ത്തി നാവ് നുണഞ്ഞു.

“നിനക്കിനിയും കൊതിമാറിയിട്ടില്ല, അല്ലേ?” അയാള്‍ വാത്സല്യമൂറുന്ന ഒരു ചിരിയോടെ ചോദിച്ചു. പിന്നെ ദാസന്റെ കരള്‍ നായയുടെ മുന്‍പിലേയ്ക്കിട്ടുകൊടുത്തു.

പുകമുറിയ്ക്കുള്ളില്‍ ഏറ്റവും താഴെ ഒഴിഞ്ഞുകിടന്ന തട്ടിലേയ്ക്ക് ഇറച്ചിത്തുണ്ടുകള്‍ അടുക്കിവെച്ചിട്ട് ചൂളയിലേയ്ക്ക് കുറച്ചുകൂടി വിറകുകള്‍ തള്ളിവെച്ച് വൃദ്ധന്‍ തിരികെ തീന്മുറിയില്‍ എത്തുമ്പോള്‍ മേശമേല്‍ നായയുടെ തീറ്റ കഴിഞ്ഞിരുന്നു. അതിന്റെ ചുണ്ടിനുചുറ്റുമുള്ള രോമങ്ങളും മൂക്കും പിത്തരസത്തിന്റെ സ്നിഗ്ദ്ധതയില്‍ കൂടുതല്‍ തിളങ്ങി.

വൃദ്ധന്‍ ഹൃദയവും തലച്ചോറും വെച്ചിരുന്ന പാത്രങ്ങളും രക്തം സൂക്ഷിച്ച കുപ്പിയുമെടുത്ത് അടുക്കളയിലേയ്ക്ക് വീണ്ടും നടന്നു. ചെറിയ ചതുരക്കട്ടകളായിമുറിഞ്ഞ് പിഞ്ഞാണത്തിലെ ചോരയില്‍ മുങ്ങി, അടുപ്പിന്മേല്‍ തിളച്ചുമറിയുന്ന എണ്ണയിലേയ്ക്കു യാത്രചെയ്ത ദാസന്റെ തലച്ചോറിനെ ഹൃദയം പിന്തുടര്‍ന്നു. ഒറ്റ വ്യത്യാസം മാത്രം, ഹൃദയം മുറിക്കപ്പെടാതെ അതേപടിയാണ് എണ്ണയിലേയ്ക്ക് പോയത്. നായ വറചട്ടിയിലേയ്ക്കുനോക്കി പാതുകത്തിന്റെ ഒരരികില്‍  ക്ഷമയോടെയിരുന്നു. തലച്ചോറും ഹൃദയവും എണ്ണയില്‍ മൂക്കുന്ന നേരത്ത് വൃദ്ധന്‍ പിഞ്ഞാണത്തില്‍നിന്ന് കട്ടകെട്ടാതിരിക്കാനുള്ള പൊടി ചേര്‍ത്ത രക്തം കുപ്പികളിലേയ്ക്ക് വടിച്ചൊഴിച്ച്, കോര്‍ക്കുകൊണ്ട് അടച്ച് അലമാരയില്‍ വെച്ചു.

ദാസന്റെ അവശിഷ്ടങ്ങള്‍ തെങ്ങിന് വെട്ടിയ കുഴിയില്‍കൊണ്ടിട്ടുമൂടി വൃദ്ധൻ സ്വീകരണമുറിയില്‍ തിരിച്ചെത്തുമ്പോള്‍ നായ വറുത്ത ഹൃദയം കടിച്ചുമുറിച്ച്, അതിനുള്ളില്‍ ചോക്ലേറ്റിന്റെ നിറത്തില്‍ കട്ടകെട്ടിയിരുന്ന വെന്ത ചോര നക്കിനുണഞ്ഞുകൊണ്ട് ചാരുകസേരയുടെ കാല്‍ക്കല്‍ കിടക്കുന്നുണ്ടായിരുന്നു. നായയുടെ തലയില്‍ തലോടിക്കൊണ്ട് അയാൾ കസേരയിലേയ്ക്ക് ചാഞ്ഞു. ഇരുളടഞ്ഞ മുറിയ്ക്കുള്ളില്‍, പൂമുഖവാതിലില്‍ക്കൂടി വെളിപ്പെട്ട കിഴക്കേ ആകാശത്ത് പടരുന്ന നേരിയ വെളിച്ചത്തിലേയ്ക്കുനോക്കി, വറുത്തുകോരിയ തലച്ചോര്‍ കഷ്ണങ്ങള്‍ കൊറിച്ചുകൊണ്ട് വൃദ്ധന്‍ ദാസനെ പ്രതീക്ഷിച്ചിരുന്നു.

2012, നവംബർ 11, ഞായറാഴ്‌ച

അക്ഷരപൂജ

“നീ സ്നേഹം ജ്ഞാനമാനന്ദം* ”

അക്ഷരങ്ങൾ സസ്യനാഭികൾ പോലെയാണ്. പുഷ്പകേന്ദ്രങ്ങളെപ്പോലെതന്നെ അവയും അമൃതവാഹിനികളാകുന്നു. അവ ചേതനകളെ സ്പർശിച്ചുണർത്തുകയും വളര്‍ത്തുകയും പരസ്പരം ചേർക്കുകയും ചെയ്യും. അല്ലെങ്കിൽ പിന്നെ ഇപ്പോൾ, ഈ പുലർച്ചെയുടെ കുളിരുന്ന ഇരുളിൽ, ഈ നഗരത്തിൽ, ഈ തീവണ്ടിയാപ്പീസിൽ ഞാനെങ്ങനെ വരുവാനാണ്?

തുലാവർഷം രാത്രിയിൽ ഉപേക്ഷിച്ചുപോയ നീർത്തണുപ്പിനെ ആവാഹിച്ചെത്തിയ കാറ്റേറ്റ് പ്ലാറ്റ്ഫോമിൽക്കൂടി നടക്കുമ്പോൾ ഞാൻ ആലോചിച്ചത് അങ്ങനെയൊക്കെയായിരുന്നു.

പ്ലാറ്റ്ഫോമിലെങ്ങും ആരുമുണ്ടായിരുന്നില്ല. തീവണ്ടിയെ യാത്രയയച്ച ആശ്വാസത്തില്‍ അത് തണുത്തും ഇരുണ്ടും അതിന്റെ ഏകാന്തതയെ ആസ്വദിച്ച് നീണ്ടുകിടന്നു. ആപ്പീസില്‍നിന്നുവരുന്ന വെളിച്ചത്തില്‍ എന്റെ ശ്വാസം മാത്രം കൃത്യമായ ഇടവേളയില്‍, കൃത്യമായ താളത്തില്‍ പുക പോലെ പടരുന്നുണ്ടായിരുന്നു.

തീവണ്ടിയാപ്പീസിന് വെളിയിലെ ഇരുട്ടില്‍ പത്തുമിനുട്ടോളം കാത്തുനില്‍ക്കേണ്ടിവന്നു ഫെദോര്‍ എത്താന്‍.

“ഡാ, സോറി. ഞാന്‍ ഒത്തിരി ലേറ്റായോ?” കാറിന്റെ ജനാലച്ചില്ല് താഴ്ത്തി നിറഞ്ഞുചിരിച്ചുകൊണ്ട് ഫെദോര്‍ ചോദിച്ചു.

“ഏയ്.. ഒത്തിരിയൊന്നുമില്ല. ഞാന്‍ ദേ ഇപ്പോ എത്തിയതേയുള്ളു.” വണ്ടിയുടെ മുന്‍വാതില്‍ തുറന്ന് ഞാന്‍ അകത്തുകയറിയിരുന്നു.

“ട്രെയിന്‍ കൃത്യസമയത്ത് എത്തിയല്ലേ. ഞാന്‍ വിചാരിച്ചില്ല.” ഫെദോര്‍ വീണ്ടും ക്ഷമാപണം ചെയ്യുകയാണ്. വെളുത്തുതുടുത്ത മുഖത്തെ കണ്ണടയ്ക്കപ്പുറം ഉറക്കം ഇപ്പോഴെങ്ങോ എഴുന്നേറ്റുപോയി ശൂന്യമായിത്തീര്‍ന്ന കണ്ണുകള്‍.

“നീ വണ്ടി വിടളിയാ.” ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ തോളില്‍ തട്ടി.

“ഹ്മം..” ഫെദോര്‍ നേരിയ ജാള്യത കലര്‍ന്ന പുഞ്ചിരിയോടെ ഗിയര്‍ മാറ്റി വണ്ടി മുന്‍പോട്ടെടുത്തു. അവന് കുറച്ചുകൂടി തടിവെച്ചിട്ടുണ്ട്. മീശ കനംവെച്ചിരിക്കുന്നു.

ഫെദോര്‍ എന്നെ അവസാനമായി ഇതേ തീവണ്ടിയാപ്പീസില്‍നിന്ന് യാത്ര അയച്ച ദിവസത്തെ അപ്പോള്‍ ഞാനോര്‍ത്തു. ആ യാത്ര പക്ഷേ ഒരു സന്ധ്യയിലായിരുന്നു. കോളേജ് ക്യാമ്പസിലെയും പുറത്തെയും കാലങ്ങള്‍ നീണ്ട സൌഹൃദം ദു:ഖം ഭാവിച്ച് ഇരുവരുടെയും മനസില്‍ കനപ്പെട്ടുകിടന്നിരുന്നു. അഞ്ചുവര്‍ഷം ഞാനൊരു രക്താണുപോലെ അലിഞ്ഞുചേര്‍ന്നൊഴുകിയ വിശുദ്ധമായ നഗരധമനികളോടും ഇരുണ്ട നഗരസിരകളോടും കൂടിയാണ് വിട പറയുന്നത്, എന്ന ചിന്ത എന്റെ കണ്ണുകളെക്കൂടി ഈറനാക്കിയിരുന്നു. തീവണ്ടിയുടെ വാതില്‍ക്കല്‍ നിന്ന്, ഇരുവശത്തുമുള്ള കൈപ്പിടികളില്‍ പിടിച്ച് പുറത്തേയ്ക്കാഞ്ഞ്, തീവണ്ടിയാപ്പീസിനപ്പുറത്ത് സോഡിയം വേപ്പര്‍ ലാമ്പിന്റെ വെളിച്ചത്തിലേയ്ക്ക് തലയുയര്‍ത്തിനില്‍ക്കുന്ന പഴയ മുനിസിപ്പല്‍ കെട്ടിടത്തിന്റെ ക്ലോക്കിലേയ്ക്കും ടൌണ്‍ഹാളിന്റെ തലക്കെട്ടിലേയ്ക്കും അതിനുമുന്‍പിലെ അരയാലിന്റെ തലപ്പിലേയ്ക്കും അരികിലെ പള്ളിയുടെ മിനാരങ്ങളിലേയ്ക്കും അവയുടെയെല്ലാം ആകാശത്തേയ്ക്കും നോക്കി ഞാന്‍ നിന്നു.

“എന്നെ ഞാനാക്കിയ പ്രിയനഗരമേ, വിട!”

“എപ്പഴാ നിന്റെ ബ്ലോഗേഴ്സ് മീറ്റ്?” കടലരികിലെ റോഡില്‍ക്കൂടി കാര്‍ പതിഞ്ഞ വേഗതയില്‍ ഓടിച്ചുകൊണ്ട് ഫെദോര്‍ ചോദിച്ചു.

“പത്തുമണിക്ക്, ടൌണ്‍ഹാളി വെച്ച്. നീയെന്നെ അവടം വരെ കൊണ്ടുവിടണം.”

“ആഹ്! അപ്പോ ഇനീമിഷ്ടം പോലെ സമയമൊണ്ടല്ലോ.”

“ഉം.... വീട്ടിച്ചെന്ന് നന്നായൊന്നൊറങ്ങണം, ട്രെയിനില് ഒരു പോള കണ്ണടയ്ക്കാന്‍ പറ്റിയില്ല.” കരിനീലിച്ചുകിടക്കുന്ന കിഴക്കേ ആകാശത്ത്, തിരശ്ചീനമായി തെളിഞ്ഞുനീണ്ടുവരുന്ന തീമഞ്ഞച്ചുവപ്പാര്‍ന്ന നേര്‍ത്ത മേഘനാടകളെ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“ഇനി ഒറങ്ങാനോ.. ഞാന്‍ സമ്മതിക്കില്ല. ഇന്ന് നവരാത്രിയല്ലേ. നമ്മളുനേരെ വീട്ടിച്ചെന്ന് കുളിച്ച് അമ്പലത്തിപ്പോകുന്നു. തൊഴുന്നു. രാവിലെ എട്ടുമണിക്ക് പഞ്ചരത്നകീര്‍ത്തനാലാപമൊണ്ട്. അതുകേക്കുന്നു.” ഫെദോര്‍ പറഞ്ഞു.

“ഞാനില്ല. നീ പോയാ മതി.”

“നീ എഴുതുന്നവനല്ലേ. പൂജസമയത്തേലും അമ്പലത്തിപ്പോടാ. ഒന്നുമില്ലേലും എഴുതുമ്പോ ഈശ്വരകടാക്ഷമൊണ്ടാകും.” ഫെദോര്‍ പ്രലോഭിപ്പിച്ചു.

എന്നിട്ടും, വീടിന് തൊട്ടടുത്തായിരുന്നിട്ടും, അമ്പലത്തില്‍ പോയി തൊഴുവാനും പഞ്ചരത്നകീര്‍ത്തനം കേള്‍ക്കുവാനും ഫെദോര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സമയമത്രയും അവന്റെ കിടപ്പുമുറിയില്‍ക്കിടന്ന് തീവണ്ടി കൊണ്ടുപോയ ഉറക്കത്തിന്റെ ബാക്കി ഞാന്‍ വീണ്ടെടുക്കുകയായിരുന്നു.

ഫെദോര്‍ ചന്തിയില്‍ തല്ലി ഉണര്‍ത്തിയപ്പോഴാണ് എഴുന്നേറ്റത്. കുളിച്ച് വസ്ത്രം മാറുമ്പോള്‍ അവന്‍ വന്ന് പ്രാതല്‍ കഴിക്കുവാന്‍ വിളിച്ചു.

“അച്ഛന്‍ ഒരു കമ്പനിക്കുവേണ്ടി നിന്നേം നോക്കിയിരിപ്പൊണ്ട്. ഷുഗറൊള്ള ആളാണ്. വെയ്റ്റ് ചെയ്ക്കാതെ നീ വേഗം വാ.” ഫെദോര്‍ പറഞ്ഞു.

പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ശുഭ്രവസ്ത്രധാരിയായി, വിശാലമായ നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമായി, ആഢ്യത്വത്തോടെ ഊണുമുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു.

“എത്ര കാലമായെടോ തന്നെയൊക്കെ കണ്ടിട്ട്. വല്ലപ്പോഴുമൊക്കെ ഇതിലേ വരണ്ടേ.” മൂവര്‍ക്കും പുട്ടും കടലക്കറിയും വിളമ്പിക്കൊണ്ട്, ചിരിയോടെ അദ്ദേഹം പറഞ്ഞു. പ്രൌഢവും അതേസമയം ഹൃദ്യവുമായ ചിരി.

“എപ്പഴുമോര്‍ക്കും. എന്നാലും ഓരോ തിരക്കുകളാണച്ഛാ..” ഞാന്‍ വിനയാന്വിതനായി.

“നീ പോയേപ്പിന്നെ ഇവിടച്ഛന് സാഹിത്യോം രാഷ്ട്രീയോം പറയാന്‍ ആളില്ലാതായി.” ഫെദോര്‍ ചിരിച്ചു.

അന്നേരം ഓര്‍മ്മകളില്‍ ഒരു പുസ്തകം നീട്ടിപ്പിടിച്ചുകൊണ്ട് പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ നിന്നു.

“നിന്ദിതരും പീഡിതരും.”

മുഴക്കവും ആഴവുമുള്ള സ്വരത്തില്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ പറഞ്ഞു.

ഫെദോറിന്റെ വീട്ടിലെ ആദ്യദിവസങ്ങളിലൊന്നായിരുന്നു. കോളജ് പഠനകാലത്ത് ഹോസ്റ്റലിലായിരുന്നു താമസമെങ്കിലും മിക്കവാറും ഫെദോറിന്റെ വീട്ടിലാണ് പൊറുതി. ഈ ലോകത്ത് പൊതുവായനശാലകള്‍ മാത്രമല്ല, വലിയ ലൈബ്രറികളുള്ള വീടുകളുമുണ്ടെന്ന് അവിടെ വെച്ചാണ് ആദ്യമായി മനസിലാക്കിയത്.

ഞാന്‍ പുസ്തകം തുറന്നുനോക്കി. പല പല വിരലുകളുടെയും കണ്ണുകളുടെയും നിത്യസമ്പര്‍ക്കത്താല്‍ തേഞ്ഞുമയപ്പെട്ട ചന്ദനനിറമുള്ള താളുകള്‍. ആദ്യ പേജില്‍ നീലമഷിയില്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായരുടെ നീട്ടിപ്പിടിച്ചുള്ള സുന്ദരമായ ഒപ്പ്.

“ദസ്തേവ്സ്കിയുടെയാണ്. ഇനി താന്‍ സീരിയസായി വായിച്ചുതുടങ്ങണം. ഇതുവരെ പോയപോലെ പോയാ പോര.”

സ്ഫടികച്ചില്ലിട്ട വലിയ പുസ്തകഅലമാരയിലേയ്ക്ക് നോക്കി ഞാന്‍ നിന്നു. ഒരുപാട് എഴുത്തുകാരുടെ ഒരുപാട് പുസ്തകങ്ങള്‍ സ്കൂള്‍ബെഞ്ചില്‍ കുട്ടികള്‍ തിങ്ങിഞെരുങ്ങിയിരിക്കുന്നതുപോലെ പരസ്പരം ഉരുമ്മിനിറഞ്ഞിരിക്കുന്നു. അതില്‍ ഒരു ഭാഗം നിറയെ ഫെദോര്‍ ദസ്തേവ്സ്കി പല തലക്കെട്ടുകളിലായി, പല പുറംചട്ടകളിലായി ശാന്തഗാംഭീര്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ഫെദോറെന്ന, അല്‍പ്പം പോലും കേരളത്തനിമയില്ലാത്തൊരു പേര് ഒരു മലയാളിക്ക് വന്ന വഴി ആ വായനാമുറിയില്‍, ആ സ്ഫടികപാളിയില്‍ എന്റെ മുന്‍പില്‍ തെളിഞ്ഞുകിടന്നു.

“ഞാനായിരുന്നു നിന്റെ അച്ഛനെങ്കില്‍ നിനക്ക് ഞാന്‍ പ്രിൻസ് മിഷ്ക്കിൻ എന്നായിരിക്കും പേരിടുക,” എന്ന് ഫെദോറിനോട് ഒരിക്കല്‍ തമാശ പറഞ്ഞിട്ടുണ്ട് ഞാന്‍.

“നിന്നെ അച്ഛന്‍ ടൌണ്‍ഹാളിലേക്ക് വിടും. അച്ഛന്‍ അതുവഴി ഒരു കല്യാണത്തിന് പോകുന്നൊണ്ട്.” പ്രാതല്‍ കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഫെദോര്‍ പറഞ്ഞു.

“തനിക്കറിയാമെടോ. എന്റെ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ്ഡായിരുന്ന കുമാരന്‍സാറിന്റെ മകന്റെയാണ് കല്യാണം. ഓര്‍ക്കുന്നില്ലേ താന്‍?”

ഞാനോര്‍ക്കുകയായിരുന്നു കുമാരന്‍സാറിനെ. ബിരുദത്തിന് രണ്ടാം ഭാഷയുടെ ക്ലാസില്‍ കവിത പഠിപ്പിച്ചിരുന്ന, മെലിഞ്ഞുനീണ്ട, തേജസ്വിയായ പ്രൊഫസര്‍ കുമാരന്‍സാര്‍.

"നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്.."

കുമാരന്‍സാര്‍ കുറത്തിയായും കടമ്മനിട്ടയായും പകര്‍ന്നാടുകയായിരുന്നു. അയഞ്ഞ ഖദര്‍ജുബ്ബയ്ക്കുള്ളിലെ, ജീവല്‍ത്രാസമുള്ള ഇളംമണ്ണിന്റെ നിറമാര്‍ന്ന, ആ യോഗീരൂപത്തില്‍നിന്നുയര്‍ന്ന തീച്ചൂടില്‍ ക്ലാസും കൂടെ ഞാനും കുറേശെയായി വേവുന്നുണ്ടായിരുന്നു. അലൌകികമായ പകരലുകളുടെ അപൂര്‍വ്വനിമിഷങ്ങള്‍. വിദ്യാര്‍ഥിയുടെ തിരിച്ചറിവ്, അതിന്റെ സ്തംഭനം, കുളിര്.

പിന്നെ ക്യാമ്പസിനകത്തും പുറത്തും കവിസദസുകളില്‍ കുമാരന്‍സാര്‍ കവിതയായും കവിയായും നീറിപ്പിടിക്കുന്നത് പലപ്പോഴും കണ്ടു. ചിലപ്പോള്‍ സാര്‍ കാട്ടാളനും കടമ്മനിട്ടയുമാണെങ്കില്‍ ചിലപ്പോള്‍ വെയില്‍ തിന്നുന്ന പക്ഷിയും അയ്യപ്പനുമായിരിക്കും. മറ്റുചിലപ്പോള്‍ പാതകള്‍ പണിയുന്നവനും ചുള്ളിക്കാടുമായിരിക്കും.

“കുമാരന്‍സാറാണ് അതിന് അവതാരിക എഴുതിയിരിക്കുന്നത്. താന്‍ കണ്ടില്ലേ?”

ടൌണ്‍ഹാളിലേയ്ക്ക് കാറോടിക്കുമ്പോള്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ചോദിച്ചു. ഞാന്‍ കയ്യിലിരുന്ന പുസ്തകം മറിച്ചുനോക്കുകയായിരുന്നു.

“ദസ്തേവ്സ്കിയുടെ മനുഷ്യര്‍: ഒരു പഠനം - പ്രൊഫ.ബാലകൃഷ്ണന്‍നായര്‍.”

"മനുഷ്യർടെ എഴുത്തുകാരനാരുന്നെടോ ദസ്തേവ്സ്കി. അഗതീടേം അവഗണിക്കപ്പെടുന്നവന്റേം എഴുത്തുകാരൻ.” നിന്ദിതരും പീഡിതരും തിന്നുതിരികെനൽകിയ വൈകുന്നേരം ഒരു കൈക്കുഞ്ഞിനെയെന്നപോലെ കുറ്റവും ശിക്ഷയും എനിയ്ക്കു കൈമാറുമ്പോൾ പ്രൊഫസർ ബാലകൃഷ്ണൻനായർ പറഞ്ഞു.

പ്രൊഫസറിന്റെ മനുഷ്യപഠനപ്പുസ്തകത്തിന്റെ പുതുമണം മാറാത്ത കടലാസുകളിലേയ്ക്ക് ഞാന്‍ മുഖം ചേര്‍ത്തു. ഒരുവേള അവയ്ക്ക് ലോകതെരുവിന്റെയും സമസ്തമണ്ണിന്റെയും ഗന്ധവുമുണ്ടോ എന്ന് ഞാന്‍ വെറുതെ ഓര്‍ത്തു. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊന്നുമില്ലായിരുന്നു.

ടൌണ്‍ഹാളിന്റെ ഗേറ്റിനുമുകളില്‍ “മലയാളം ബ്ലോഗേഴ്സ് മീറ്റ്” എന്ന് വലിയ ബാനര്‍ വലിച്ചുകെട്ടിയിട്ടുണ്ടായിരുന്നു. അതുണര്‍ത്തിയ ചിരിയുമായി പ്രൊഫസര്‍ ബാലകൃഷ്ണന്‍നായരോട് യാത്ര പറഞ്ഞ് ഗേറ്റിനകത്തേയ്ക്ക് കടക്കുമ്പോള്‍ ആരൊക്കെയോ വാതില്‍ക്കല്‍ നില്‍ക്കുന്നത് കണ്ടു. ബ്ലോഗ് സുഹൃത്തുക്കള്‍ തന്നെയാവണം. ഇതുവരെ ആരെയും നേരിൽ കണ്ടിട്ടില്ല. കീബോഡുകൾക്ക് അപ്പുറവുമിപ്പുറവുമുള്ള സൗഹൃദങ്ങളാണ്. അക്ഷരങ്ങളിൽക്കൂടി മാത്രമുള്ള പരിചയം.

-അക്ഷരങ്ങൾ നൽകിയ സുഹൃത്തുക്കളെ ആദ്യമായി കാണുവാന്‍ അക്ഷരങ്ങളുടെ പൂജാകാലം തന്നെയാണ് നല്ലത്.

ബ്ലോഗേഴ്സ് സംഗമം ഉച്ചകഴിയുംവരെ നീണ്ടു. ഭക്ഷണം കഴിഞ്ഞ്, എല്ലാവരോടും യാത്ര പറഞ്ഞ്, തിരിച്ചെത്തുമ്പോള്‍ ഫെദോര്‍ പൂമുഖത്ത് കാത്തിരിക്കുകയായിരുന്നു.

“നീയൊന്ന് ഫ്രഷാക്. നമുക്കൊന്ന് കറങ്ങാന്‍ പോകാം. പറ്റിയാലൊരു സിനിമേം കാണാം.” ഫെദോര്‍ പറഞ്ഞു.

പോര്‍ച്ചില്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായരുടെ കാര്‍ കിടപ്പുണ്ടായിരുന്നു.

ഫെദോറിന്റെ മുറിയില്‍നിന്ന് മുഖം കഴുകി, പുതുതായൊരു ഉന്മേഷത്തോടെ അവനുമൊത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ഊണുമുറിയിലിരുന്ന് ചോറുണ്ണുന്നത് കണ്ടു.

“ആങ്ഹാ... അച്ഛന്‍ കല്യാണത്തിന് പോയില്ലേ?” ഞാന്‍ ചോദിച്ചു.

“കല്യാണത്തിനൊക്കെ പോയെടോ. അന്നേരം വിശന്നില്ല. അതുകൊണ്ട് ഞാനിങ്ങ് പോന്നു.” പ്രൊഫസര്‍ ബാലകൃഷ്ണന്‍നായര്‍ ചിരിച്ചുകൊണ്ടുപറഞ്ഞു.

“കാര്യം ഒരുപാട് അറിവും അനുഭവങ്ങളുമൊക്കെയൊണ്ടേലും അച്ഛന്‍ ചെല കാര്യത്തിലൊക്കെ ഇപ്പഴും ആ പഴേ രീതിയാണ്.” റോഡിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഫെദോര്‍ പതിയെ പറഞ്ഞു.

“എന്ത് രീതി?”

“അച്ഛന്‍ ഇപ്പഴും പൊറത്ത് പോയാ എല്ലാടത്തുനിന്നൊന്നും കഴിക്കില്ല. സെലക്ടഡ് ആയ സ്ഥലങ്ങളീന്ന് മാത്രമേ കഴിക്കൂ.”

“അതെന്താ അങ്ങനെ?” എനിയ്ക്ക് മനസിലായില്ല.

“അതെന്താ അങ്ങനേന്ന് ചോദിച്ചാ..” ഫെദോര്‍ ഒരു നിമിഷം നിര്‍ത്തി, എന്ത് പറയണമെന്ന് ആലോചിച്ചു.

“ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കിയിട്ടൊണ്ട്. പക്ഷേ ഒരു മാറ്റോമൊണ്ടായിട്ടില്ല. ചെല കാര്യങ്ങളില്‍ അച്ഛനങ്ങനെയാണ്.” ഫെദോര്‍ സങ്കോചത്തോടെ അത്രയും പറഞ്ഞിട്ട് ഇനിയെന്ത് പറയണം എന്നറിയാത്തതുപോലെ സംസാരം നിര്‍ത്തി. അവന്റെ ശബ്ദത്തില്‍ വിഷാദം കലര്‍ന്നിരുന്നതായി തോന്നി. പ്രിൻസ് മിഷ്ക്കിന്റെ മുഖമായിരുന്നു അവനപ്പോൾ.

എനിയ്ക്കൊന്നും മനസ്സിലായിരുന്നില്ല. ചായുന്ന വെയിലിലൂടെ ഞങ്ങള്‍ ഇരുവരും നിശബ്ദരായി അമ്പലത്തിന് മുന്‍പിലെ റോഡിലൂടെ നടന്നു. പയ്യെപ്പയ്യെ മനസ് ഇരുണ്ടുതുടങ്ങിയിരിക്കുന്നു. ഫെദോര്‍ ഏതോക്കെയോ സുഹൃത്തുക്കളെ കണ്ട് സംസാരിച്ചുനില്‍ക്കുമ്പോള്‍ ഞാന്‍ അമ്പലം നോക്കി നിന്നു. പൂഴിമണല്‍ നിറഞ്ഞ വിശാലമായ മുറ്റത്തിനപ്പുറം അമ്പലവും അരയാലും നിശബ്ദമായി നിലകൊള്ളുന്നു. പൂഴിമണലില്‍, ചാഞ്ഞുവീഴുന്ന അമ്പലത്തണലില്‍ അവിടവിടെയായി സൌഹൃദം പങ്കിട്ടിരിക്കുന്ന പല പ്രായക്കാരുടെ ചെറുസംഘങ്ങള്‍. ഓടിക്കളിക്കുന്ന കുട്ടികള്‍. അവര്‍ പുസ്തകങ്ങള്‍ പൂജവെച്ചതിന്റെ ആഘോഷത്തിലാണ്. പാഠപുസ്തകങ്ങളുടെ ചുമട് തൊടാതിരിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന വര്‍ഷത്തിലെ രണ്ടേ രണ്ട് ദിവസങ്ങളാണല്ലോ പൂജാകാലം.

ഫെദോര്‍ ഇപ്പോഴും സംസാരത്തിലാണ്. ഞാന്‍ പൂഴിമണലില്‍ കാലുകള്‍ വലിച്ചുവച്ച് അമ്പലത്തിന് നേര്‍ക്കുനടന്നു. ഉച്ചയ്ക്ക് ബ്ലോഗേഴ്സ് മീറ്റിന് കഴിച്ച ബിരിയാണിയ്ക്കുംമേലെ രാവിലത്തെ പുട്ടും കടലയും നെഞ്ചെരിച്ചിലായി പുളിച്ചുതികട്ടുന്നത് ഞാനറിഞ്ഞു.

നട തുറന്നുകിടന്നിരുന്നു. ഞാന്‍ അകത്തേയ്ക്ക് നടന്നു. ഉള്ളിലെങ്ങും ആരുമുണ്ടായിരുന്നില്ല. നമസ്ക്കാരമണ്ഡപത്തിലേയ്ക്കുള്ള വഴിയുടെ ഇരുവശവുമുള്ള ചുറ്റമ്പലത്തിണ്ണകളില്‍ കുട്ടികള്‍ പൂജവെച്ച, പത്രക്കടലാസുകളില്‍ പൊതിഞ്ഞ പുസ്തകക്കെട്ടുകള്‍ നിരന്നിരുന്നു. അവയ്ക്ക് മേലെ വാടിത്തുടങ്ങിയ പൂജാപുഷ്പങ്ങള്‍ ചിതറിക്കിടപ്പുണ്ടായിരുന്നു.

ഞാന്‍ ചുറ്റമ്പലത്തിനുള്ളിലെ അപാരമായ വിജനതയിലേയ്ക്ക് കടന്നു. ഗാഢമായൊരു മൌനം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. ആ മൌനം ദു:ഖപൂര്‍ണവുമായിരുന്നു.

നമസ്ക്കാരമണ്ഡപത്തിലും പ്രദക്ഷിണവഴിയിലും സോപാനത്തിലുമൊക്കെ തലമുറകള്‍ പൂജവെച്ച എണ്ണമറ്റ ഗ്രന്ഥക്കെട്ടുകള്‍ കൂന കൂടിക്കിടക്കുന്നത് ഞാന്‍ കണ്ടു. ചിതലുകള്‍ തിന്നു ദ്രവിച്ച പുറംചട്ടകളുള്ള അവ പല കാലങ്ങളുടെ പൊടിയും മാറാലയും പേറിയിരുന്നു. പണ്ടേയ്ക്കുപണ്ടേ ഉണങ്ങിക്കരിഞ്ഞുപോയ പൂജാപുഷ്പങ്ങളുടെ അവശിഷ്ടങ്ങള്‍ ചെറുപല്ലികളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ അവയ്ക്ക് മേലേ കിടന്നു.

മലയേക്കാള്‍ ഉയരമുള്ള ആ കൂമ്പാരത്തിനിടയിലൂടെ ഞാന്‍ ബദ്ധപ്പെട്ട് സോപാനത്തിനരികിലെത്തി അകത്തേയ്ക്ക് നോക്കി. അകത്ത് എപ്പഴോ കരിന്തിരി കത്തി അണഞ്ഞുപോയ, കരിപിടിച്ച വിളക്കുകള്‍ക്ക് നടുവില്‍ ചിലന്തികള്‍ മാറാല കെട്ടിയ ദേവീവിഗ്രഹം ഞാന്‍ കണ്ടു. ഇളം പാല്‍ച്ചുണ്ടിന്റെ സ്പര്‍ശം എങ്ങോ എന്നോ അന്യമായിത്തീര്‍ന്ന, നീരുകെട്ടിയ, കനത്തുവിങ്ങുന്ന അമ്മിഞ്ഞ പോലെ ആ കല്‍വിഗ്രഹത്തിന്റെ മുലത്തടം പാല്‍ ചുരന്ന് നനയുന്നുണ്ടായിരുന്നു.

======================

* ഗുരുസ്മരണയില്‍.

അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

പാരഡൈസ് ബാര്‍

സനാതനധര്‍മ്മരക്ഷാസേന - അംഗബലം കുറവാണെങ്കിലും സേന സേനതന്നെയാണ്. അരവിന്ദന്‍ അതിന്റെ സ്ഥാപകനേതാവും. അങ്ങനയായിരിയ്ക്കും ചരിത്രത്തില്‍ അരവിന്ദനെ കാലം അടയാളപ്പെടുത്തുക. ചരിത്രപുരുഷനായ ആ അരവിന്ദന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ പുറം ലോകം കാണുകയാണ്. ഇതിന് മുന്‍പൊരിക്കല്‍ അരവിന്ദന്‍ ലോകത്തിന്റെ ദൃശ്യപ്പുതുമയിലേയ്ക്ക് ആശ്ചര്യത്തോടെ മിഴിച്ചുനോക്കിയത് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നട്ടുച്ചയ്ക്കായിരുന്നു. അന്ന് അരവിന്ദനെ ആ കാഴ്ച കാണിച്ചത് അവന്റെ അമ്മ പത്മാവതി ആയിരുന്നു.

അന്ന് കണ്ടതെന്താണെന്ന് തീര്‍ച്ചയായും അപ്പോള്‍ പൊടിക്കുഞ്ഞായിരുന്ന, ഇന്നത്തെ അരവിന്ദന് ഓര്‍മ്മ കാണുകയില്ലെന്നത് നിശ്ചയം. എന്നാല്‍ ആ കാഴ്ച കാലത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ചിത്രഗുപ്തര് രേഖപ്പെടുത്തിയിരിയ്ക്കുന്നത് തെക്കേതിലെ നസീറിന്റെ ഉടുക്കാക്കുണ്ടി എന്ന അടിക്കുറിപ്പോടെയാണ്. നസീറിനെ അവന്റെ ഉമ്മ നൂര്‍ജഹാന്‍ കുളിപ്പിക്കുവാന്‍ പാളയില്‍ കിടത്തുന്നതിന് മുന്നോടിയായി വായുവിലേയ്ക്കുയര്‍ത്തിപ്പിടിച്ച് കൊഞ്ചിക്കുകയായിരുന്നു അന്നേരം. പാലുകുടിച്ച് സമാധാനമായി ഉറങ്ങുവാന്‍ വിധിക്കപ്പെട്ട അരവിന്ദന്‍ അതിനുപകരം ഉണര്‍ന്നിരിക്കുവാനും കരയുവാനുമുള്ള നിയോഗം തിരഞ്ഞെടുത്തപ്പോള്‍ അവനെ സമാധാനിപ്പിക്കുവാനായാണ് പത്മാവതി അവനെയുമെടുത്ത് ഉമ്മറത്ത് വന്ന് ആ നഗ്നരംഗം കാണിച്ചുകൊടുത്തത്. ദൈവത്തിന്റെ തോട്ടത്തില്‍നിന്ന് അരവിന്ദന്റെ മനസ്സ് വിടുതല്‍ പ്രാപിച്ചിരുന്നില്ല അന്ന്. എന്നാലും പത്മാവതിയുടെ കൈയ്യില്‍ അരവിന്ദന്‍ നസീറിനേപ്പോലെതന്നെ ഉടുക്കാക്കുണ്ടിയായിരുന്ന്, രണ്ട് വലിയ ചെറുനാരങ്ങാവലിപ്പമുള്ള നസീറിയന്‍ നഗ്നചന്തിക്കവിളുകള്‍ കണ്ട് ചുവന്ന തൊള്ള കാണിച്ച് വെറുതെ ചിരിച്ചു.

പിന്നെയും അരവിന്ദന്‍ ഒരുപാട് തവണ നസീറിന്റെ മുന്നിലെയും പിന്നിലെയും നഗ്നത കണ്ടിട്ടുണ്ട്. നസീറിന്റെ മാത്രമല്ല, അവന്റെ അനിയത്തി നിലോഫറിന്റെയും. അരവിന്ദനും അനിയത്തിയായ ആരതിയും നസീറും അനിയത്തിയായ നിലോഫറും ഒരുമിച്ചാണ് തോട്ടില്‍ കുളിക്കാന്‍ പോവുക. ഒന്നുരണ്ടുതവണ അരവിന്ദന്‍ തോട്ടിലെ വെള്ളത്തിനടിയില്‍ വെച്ച് നിലോഫറിന്റെ വിളര്‍ത്തുമെലിഞ്ഞ ബാലികാശരീരത്ത് ചുറ്റിയ തോര്‍ത്തിനുള്ളില്‍ കൈയ്യോടിച്ചുനോക്കിയിട്ടുണ്ട്. ആദ്യത്തെ തവണ നിലോഫര്‍ ഇളകിച്ചിരിച്ചുകൊണ്ട് നീന്തിയകന്നു. രണ്ടാമതൊരിക്കല്‍ നിലോഫര്‍ അരവിന്ദന്റെ കുഞ്ഞുകൈത്തണ്ടയില്‍ വെളുത്ത കീരിപ്പല്ലുകള്‍കൊണ്ട് ആഞ്ഞൊരു കടി കൊടുത്തു. വെള്ളം തോര്‍ത്തി വീട്ടിലേയ്ക്ക് നടക്കുന്നതിനിടയില്‍ ആരതിയും നസീറും കേള്‍ക്കാതെ നിലോഫര്‍ പറഞ്ഞു:

“ഞാന്‍ ഉമ്മായോട് പറഞ്ഞുകൊടുക്കും!”

അരവിന്ദന്‍ എന്ന തെമ്മാടിയായ കുട്ടി വിയര്‍ത്തുപോയി.

“എന്റെ പൊന്നു നീലുവല്ലേ.. ആരോടും പറയല്ലേ. സത്യമായിട്ടും ഞാനിനി അങ്ങനെ ചെയ്യില്ല.” എന്ന് പറയണമെന്നുണ്ടായിരുന്നു അരവിന്ദന്. പക്ഷേ പറഞ്ഞില്ല. പറയാന്‍ നാവ് പൊങ്ങിയില്ല.

നൂറുമ്മയെ പേടിച്ച് അരവിന്ദന്‍ രണ്ട് ദിവസം തെക്കേതിലേയ്ക്ക് പോയതേയില്ല. പക്ഷേ അവന്‍ ഭയപ്പെട്ടതുമാതിരി ഒന്നുമുണ്ടായിരുന്നില്ല. നിലോഫര്‍ സ്നേഹമുള്ളവളായിരുന്നു.

“വലുതാവുമ്പോ നിന്റെ അനീത്തി നീലൂനെ എനിക്ക് കെട്ടിച്ച് തരണം.” നസീറിന്റെ പറമ്പിലെ ചിലുമ്പിപ്പുളിമരത്തിന്റെ ചോട്ടിലിരുന്ന് സിപ്-അപ് പകുതിയോളം വലിച്ചുകുടിച്ചിട്ട് അരവിന്ദന്‍ നസീറിനോട് പറഞ്ഞു.

“ആരതിയെ എനിക്ക് കെട്ടിച്ച് തന്നാല്‍ നീലൂനെ നിനക്ക് കെട്ടിച്ച് തരാം.” അരവിന്ദന്റെ കൈയ്യില്‍ നിന്ന് സിപ്-അപ് പിടിച്ചുവാങ്ങി മറ്റേ അറ്റം കടിച്ചുപൊട്ടിച്ച് കുടിച്ചുകൊണ്ട് നസീര്‍ പറഞ്ഞു.

അങ്ങനെയൊരു ബാല്യസന്ധ്യയില്‍ ഒരു മാറ്റക്കല്യാണഉടമ്പടിമേല്‍ അരവിന്ദനും നസീറും ഒരു സിപ്-അപ്പിന്റെ ഓറഞ്ച് മഷിയാല്‍ പ്രതീകാത്മകമായി ഒപ്പ് വെച്ചു.

സ്ക്കൂളില്‍നിന്ന് പുറത്തുകടന്നപ്പോള്‍ നസീര്‍ ദൂരെ, ഉമ്മവീടിന്റെ അടുത്തുള്ള ഒരു കോളേജില്‍ ചേര്‍ന്നു. അരവിന്ദന്‍ നാട്ടിലെ കോളേജിലും.

അവിടെവെച്ചാണ് ചിത്രഗുപ്തരുടെ ഓര്‍മ്മപ്പുസ്തകത്തില്‍നിന്നുപരിയായി ഭൂമിയിലെ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തുവാന്‍ യോഗ്യമായേക്കുന്ന വിധം അരവിന്ദന്റെ ജീവിതം മാറുന്നത്. അരവിന്ദന്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ബിരുദവിദ്യാഭ്യാസകാലത്താണ്.

അരവിന്ദന്റെ അച്ഛന്‍ വാസുദേവന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അരവിന്ദന്റെ ഗ്രാമം ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമവും. എന്നിട്ടും കോളേജില്‍ അരവിന്ദന്‍ മൃദുഹിന്ദുത്വസമീപനം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയിലാണ് ചേര്‍ന്നത്. അതിന്റെ ഒരേയൊരു ലളിതമായ കാരണം അരവിന്ദന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ആ സംഘടനയിലെ അംഗങ്ങളായിരുന്നു എന്നതാണ്. ആ കാലഘട്ടത്തിലാണ് അരവിന്ദന്‍ ഹൈന്ദവതയെക്കുറിച്ചും അത് നേരിടുന്ന ഭീഷണികളെക്കുറിച്ചും അതിന്റെ നിലനില്‍പ്പിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ ആധികാരികമായി മനസ്സിലാക്കുന്നത്. അങ്ങനെ അരവിന്ദന്‍ രണ്ടാം വര്‍ഷം തീവ്രഹിന്ദുത്വനയമുള്ള മറ്റൊരു സംഘടനയില്‍ അംഗമായി. മൂന്നാം വര്‍ഷമായപ്പോഴേയ്ക്കും അവരുടെയും നിലപാടുകള്‍ക്ക് തീവ്രത പോരായെന്നും സനാതനധര്‍മ്മപരിപാലനത്തിന് അവയൊന്നും പര്യാപ്തമല്ലായെന്നും ഉള്ള തോന്നലില്‍ അരവിന്ദനും ഒരു കൂട്ടം സുഹൃത്തുക്കളും മാതൃസംഘടനയില്‍നിന്ന് ഇറങ്ങിപ്പോന്ന് രൂപീകരിച്ച സംഘടനയാണ് മേല്‍പ്പറഞ്ഞ സേന.

കൊണ്ടുപിടിച്ച സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നെയൊരു മൂന്നാല് കൊല്ലം. ലഘുലേഖകള്‍ ഇറക്കിയും സേനാംഗങ്ങളെ അഭ്യാസമുറകള്‍ പരിശീലിപ്പിച്ചും പോലീസിന്റെ തല്ലുകൊണ്ടും സേനയും അരവിന്ദനും ജീവിച്ചു. വാസുദേവന്റെ ആക്രോശങ്ങളും പത്മാവതിയുടെ നിലവിളിയും അരവിന്ദന്റെ വീട്ടില്‍നിന്നുയരുന്ന രാത്രികളില്‍ നൂറുമ്മയും നിലോഫറും വടക്കേവീട്ടിലേയ്ക്ക് നോക്കി ആദ്യമൊക്കെ നെടുവീര്‍പ്പിടുമായിരുന്നു. പിന്നെ പിന്നെ വാസുദേവന്‍ ആക്രോശിക്കാതായി. പത്മാവതി നിലവിളിക്കാതെയുമായി.

അങ്ങനെയൊരു ദിവസം പെട്ടെന്ന് വാസുദേവനങ്ങ് മരിച്ചുപോയി. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. നടന്നുപോയ വഴിയെ നെഞ്ച് പൊത്തിപ്പിടിച്ച് ചുമ്മാതങ്ങ് മരിച്ചുവീഴുകയായിരുന്നു. മുടിയാനായിട്ടൊണ്ടായ ആണ്‍പിറപ്പിനെചൊല്ലി ദു:ഖിച്ചിട്ടാണെന്ന് വാസുദേവനെ അടുത്തറിയുന്ന, പല്ലില്ലാത്ത ഒന്ന് രണ്ട് വല്യപ്പന്മാര്‍ മാത്രം അടക്കം പറഞ്ഞു.

അരവിന്ദചരിതം ചരിത്രപരമായ ഒരു സന്ധിയിലെത്തിയ ദിവസമായിരുന്നു അന്ന്. അരവിന്ദനെന്ന ഊര്‍ജ്ജസ്വലനായ രാഷ്ട്രീയനേതാവിന് അതോടെ സുല്ലിടേണ്ടിവന്നു. വാസുദേവന്റെ പ്രേതം കടങ്ങളുടെ നീണ്ട ലിസ്റ്റുമായി ഉറക്കം കെടുത്തിയപ്പോള്‍ എങ്ങനെയോ ഒരു വിസ തരപ്പെടുത്തി അരവിന്ദന്‍ ഗള്‍ഫിലേയ്ക്കുള്ള വിമാനം കയറി. അഞ്ച് നേരം കൃത്യമായി നിസ്ക്കരിയ്ക്കുന്ന ഒരു അറബിയുടെ കാരുണ്യത്തില്‍ സനാതനധര്‍മ്മരക്ഷാസേനയുടെ സ്ഥാപകനേതാവ് ജീവിച്ചു. എങ്കിലും അരവിന്ദന്‍ ദു:ഖിച്ചില്ല. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് ഓഫീസില്‍ ഒഴിവുസമയം കിട്ടുമ്പോഴൊക്കെ അവന്‍ ബ്ലോഗിലും ഫേസ്ബുക്കിലും നിരന്തരം എഴുതിക്കൊണ്ടിരുന്നു. സോഷ്യല്‍ മീഡിയയും ശക്തമായൊരു രാഷ്ട്രീയപ്രചരണായുധമാണെന്ന് അരവിന്ദനെന്ന രാഷ്ട്രതന്ത്രജ്ഞന്‍ വിശ്വസിച്ചു.

ഗള്‍ഫില്‍വെച്ചാണ് ആരതി നസീറിനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത അരവിന്ദന്‍ അറിയുന്നത്. അന്നേരം അരവിന്ദന്‍ സിപ്-അപ് വലിച്ചുകുടിക്കുന്ന കൊച്ചുകുട്ടിയല്ലാതിരുന്നതിനാല്‍ പല്ലുകള്‍ ഞെരിക്കുകയും കൈകള്‍ കൂട്ടിത്തല്ലുകയും ചെയ്തു. അന്നേരം തന്നെയാണ് നിലോഫറിനെയും അരവിന്ദന്‍ ഓര്‍ത്തത്. ആ ഓര്‍മ്മ തന്റെ ദേഷ്യത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയും മനസ്സിനെ തെല്ലൊന്നടക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിയെങ്കിലും അരവിന്ദന്റെ ആങ്ങളമനസ്സ് ആദ്യമൊന്നും മെരുങ്ങിയില്ല. നാട്ടിലെ സേനാസുഹൃത്തുക്കളുടെ തത്സമയമുഖഭാവങ്ങള്‍ സങ്കല്‍പ്പിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ നിലോഫര്‍ മാഞ്ഞുപോവുകയും ആരതിയും നസീറും മനസ്സില്‍ തെളിയുകയും തദനന്തരം അരവിന്ദന്‍ വീണ്ടും വീണ്ടും പല്ലുഞെരിക്കുകയും കൈകള്‍ കൂട്ടിത്തല്ലുകയും ചെയ്തു.

പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് അരവിന്ദന്‍ നാട്ടിലെത്തിയത്. മരുവാഴികള്‍ അപാരമായ ഏകാന്തതയെയും അതുവഴി അനാദിയായ പ്രണവത്തിന്റെ വെളിച്ചത്തെയും ഇടയ്ക്കിടെയും ചിലപ്പോള്‍ നിരന്തരവും അരവിന്ദന് വെളിപ്പെടുത്തിയിരുന്നു. നാട്ടിലെത്തുമ്പോള്‍ അയാള്‍ക്ക് ആരതിയോടും നസീറിനോടും ദ്വേഷമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നിലോഫറിന്റെ കൈയ്യില്‍ നിന്നും അഡ്രസ് വാങ്ങി നസീറും ആരതിയും താമസിക്കുന്ന പട്ടണത്തിലേയ്ക്ക് അരവിന്ദന്‍ വണ്ടി കയറിയത്.

ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അരവിന്ദന്റെ ജീവിതം ചരിത്രകല്ലോലിനിയിലൂടെ സുഗമമായി ഒഴുകുകയാണ്. ഇനി അത് പാറക്കൂട്ടങ്ങളില്‍ ചെന്ന് തല്ലിയലച്ച് ഗതിമാറുന്നത് എങ്ങിനെയെന്ന് കണ്ടോളൂ.

എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് നസീര്‍ ഞെട്ടിയുണര്‍ന്നത്. മദ്യലഹരിയിലായതുകാരണം തല പൊങ്ങുന്നില്ല. എങ്കിലും പടക്കം പൊട്ടുന്നതുപോലെയുള്ള ശബ്ദങ്ങള്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്. കൂടെ ആരതിയുടെ നിലവിളിയും. നസീര്‍ ചെവിയോര്‍ത്തു.

“കഴുവേര്‍ടമോളേ! ഇതിനാണോടീ നീ അവന്റെ കൂടെ ഇറങ്ങിപ്പോന്നത്?” മന്ദിച്ച തലയാണെങ്കിലും ഒറ്റ നിമിഷം കൊണ്ട് നസീര്‍ അരവിന്ദന്റെ സ്വരം തിരിച്ചറിഞ്ഞു.

ആരതി കരയുന്നു.

“നസീറിതറിഞ്ഞാല്‍ അവനെങ്ങനെ സഹിക്കുമെടീ!”

വീണ്ടും ആരതി കരയുന്നു.

“ആരതീ... നീ ഞങ്ങളെ....”

“ഏട്ടനൊന്ന് നിര്‍ത്തുന്നുണ്ടോ!” ഇപ്പോള്‍ ആരതി അരവിന്ദന്റെ വാചകത്തിനിടയിലേയ്ക്ക് ഇടിച്ചുകയറുന്നു.

“അയാളും കൂടറിഞ്ഞിട്ടാ..... അയാളാ എന്നെ ഇങ്ങനാക്കിയത്.!” ആരതി പൊട്ടിത്തെറിയ്ക്കുന്നു.

നിശബ്ദത.

നസീര്‍ പിടഞ്ഞെഴുന്നേറ്റ് മുണ്ട് വാരിച്ചുറ്റി ആടിയാടി അടുത്തമുറിയിലേയ്ക്ക് ധൃതിയില്‍ നടന്നു.

“ഭര്‍ത്താവുതന്നെ വീട്ടില്‍ പൂട്ടിയിട്ട് കൂട്ടിക്കൊടുത്താല്‍ സ്വന്തക്കാരെ ധിക്കരിച്ചിറങ്ങിപ്പോന്ന ഒരു പെണ്ണിനെന്ത് ചെയ്യാനൊക്കും? ആരോട് ദെണ്ണം പറയും?”

ഇപ്പോള്‍ നസീര്‍ മുറിയുടെ വാതിക്കല്‍ എത്തി അരവിന്ദന്റെ ദൃഷ്ടിപഥത്തിനുള്ളില്‍ കയറിപ്പറ്റി. വാതിലിന് പുറം തിരിഞ്ഞ് നില്‍ക്കുന്ന ആരതിയുടെ ശബ്ദം താണുതുടങ്ങി.

“ആദ്യമൊക്കെ കുഴപ്പമില്ലാരുന്നു.. പിന്നെപ്പിന്നായപ്പോ നസീറിക്കായ്ക്ക് കുടിച്ചാ മാത്രം മതിയെന്നായേട്ടാ.. അതിനുവേണ്ടി..”

“നിര്‍ത്തെടീ പട്ടീ” എന്നലറിക്കൊണ്ട് നസീര്‍ ആരതിയ്ക്കുനേരെ കുതിച്ചതും അരവിന്ദന്‍ കാലുയര്‍ത്തി നസീറിന്റെ നാഭിയ്ക്ക് ചവിട്ടിയതും വൃഷണം പൊട്ടുന്നതിന്റെ തരിപ്പ് അരവിന്ദന്റെ കാല്‍പ്പാദത്തില്‍ നിന്ന് ഉച്ചിയിലേയ്ക്ക് കുതിച്ചതും നസീര്‍ നാഭി പൊത്തി കുഴഞ്ഞുവീണതും അരനിമിഷം കൊണ്ട് കഴിഞ്ഞു.

വീഴുമ്പോള്‍ ആ അരനിമിഷംകൊണ്ട് തന്നെ തന്റെ ബാര്‍ മേറ്റ് സലീം ഏതാണ്ട് മുക്കാല്‍നഗ്നനായി നിലത്ത് കിടന്ന് ഞരങ്ങുന്നതും അവന്റെ കടവായില്‍നിന്ന് ചോര കിനിയുന്നതും സ്തബ്ധയായി നില്‍ക്കുന്ന ആരതിയുടെ മലര്‍ക്കെത്തുറന്ന വായും മിഴിച്ച കണ്ണുകളും കലികൊണ്ട് വിറയ്ക്കുന്ന അരവിന്ദന്റെ തീപോലെയുള്ള മുഖവും നസീര്‍ കണ്ടു. ഓത്തുപള്ളിയില്‍നിന്ന് ഇറങ്ങിയതില്‍പ്പിന്നെ ആദ്യമായും അവസാനമായും നസീര്‍ “അള്ളാഹ്” എന്ന് ഒരു തവണ നിശ്വസിച്ചു.

അഴികളില്‍ക്കൂടി നുഴഞ്ഞുകയറുന്ന നാലുമണിക്കാറ്റേറ്റുകൊണ്ട് അരവിന്ദന്‍ പോലീസ് ലോക്കപ്പ് റൂമിന്റെ മൂലയ്ക്ക് കുത്തിയിരിയ്ക്കുമ്പോള്‍ സലീം പോലീസുകാരോടും പിന്നീട് പത്രക്കാരോടും ഇപ്രകാരം പറഞ്ഞു:

“ഞാനും നസീറും സംസാരിച്ചിരിക്കുകയായിരുന്നു. അയാള്‍ കേറി വന്നപാടെ, - നീയെന്റെ പെങ്ങളെ ലവ് ജിഹാദില്‍ കുടുക്കിയല്ലേടാ! - എന്നുപറഞ്ഞ് നസീറിനിട്ട് ഒറ്റച്ചവിട്ടായിരുന്നു. തടസ്സം പിടിക്കാന്‍ ചെന്ന എനിക്കും കിട്ടി!” അനന്തരം സലീം വാപൊളിച്ച് പൊഴിഞ്ഞുപോയ അണപ്പല്ലിന്റെ സ്ഥാനത്തെ ശൂന്യശോണഭൂമിക പ്രദര്‍ശിപ്പിച്ചു.

സലീമിന്റെ പല്ലില്ലാത്ത തത്സമയവായ ടിവിയില്‍ നിറയേണ്ട താമസം ദേശമൊട്ടുക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രണയിച്ച് വിവാഹിതരായ ഒരു ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും ഉത്തരേന്ത്യയില്‍ ഒരിടത്ത് ചുട്ടുകൊന്നത് ഒരാഴ്ച മുന്‍പായിരുന്നു. ലവ് ജിഹാദിന്റെ പേരില്‍ നാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടത് രണ്ട് ദിവസം മുന്‍പായിരുന്നു. സലീമിന്റെ കാണാതായ പല്ലും നസീറിന്റെ ഉടഞ്ഞ വൃഷണവും പൊടിപറത്തിയ ഒരു നിശ്വാസവും കൂടിയായപ്പോള്‍ തിരനിറയ്ക്കല്‍ പൂര്‍ണമായി. റോഡില്‍ കല്ലും തടിയും നിരന്നു. പോലീസ് നാടൊട്ടുക്കും നിരന്നു. പ്രതിഷേധപ്രകടനങ്ങള്‍ ഇരമ്പിയാര്‍ത്തു.

ഒരു കല്ല് വീഴേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. പിന്നെ അടിയും വെടിയും തലങ്ങും വിലങ്ങും പൊട്ടി. അവിടവിടെ പൂട്ടിയ കടകളില്‍ നിന്നും നിര്‍ത്തിയിട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളില്‍നിന്നും തീയുയരാന്‍ തുടങ്ങി. വൈകുന്നേരമായപ്പോഴേയ്ക്കും രണ്ട് മുസ്ലീമുകള്‍ മരിച്ചിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെയുള്ള വാര്‍ത്തയില്‍ അഞ്ച് ഹിന്ദുക്കളും മൂന്ന് മുസ്ലിമുകളും മരിച്ചെന്ന് ഒരു ചാനല്‍ പറഞ്ഞു. നാല് ഹിന്ദുക്കളും നാല് മുസ്ലിമുകളുമെന്ന് വേറൊരു ചാനല്‍ പറഞ്ഞു. കലാപം കത്തിപ്പടരുകയായിരുന്നു. നാട്ടില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു.

രണ്ടുദിവസമെടുത്തു പോലീസിന് കലാപം അടിച്ചമര്‍ത്തുവാന്‍. കലാപമൊഴിഞ്ഞിട്ടും തെരുവുകള്‍ വിജനമായിക്കിടന്നു. തീയും പുകയും ചിലയിടങ്ങളില്‍നിന്ന് കെടാതെ ഉയര്‍ന്നുകൊണ്ടിരുന്നു.

സബ്ജയിലില്‍ വച്ച് രഹസ്യമായി കിട്ടിയ പത്രത്തില്‍ നിന്നാണ് നിലോഫര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത അരവിന്ദന്‍ അറിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഫോട്ടോകളില്‍ ചില പഴയ സേനാസുഹൃത്തുക്കളെ അരവിന്ദന്‍ തിരിച്ചറിഞ്ഞു.

അന്ന് ജയില്‍മുറിയിലെ ഇരുട്ടില്‍ക്കിടന്ന് ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്ത് ജയില്‍മുറ്റത്ത് നിറഞ്ഞുപരക്കുന്ന നിലാവില്‍ നോക്കി അരവിന്ദന്‍ ഉറക്കെ കരഞ്ഞു. കരഞ്ഞുകൊണ്ട് നിലോഫറിനെ ഓര്‍ത്തു.

ഗള്‍ഫിലേയ്ക്ക് പോകുന്ന തലേന്ന് രാത്രി തെക്കേതിലെ മാവിന്റെ ചുവട്ടില്‍ നിലാവിന്റെ കടലാഴം തെളിഞ്ഞുകിടന്നിരുന്നെന്ന് അരവിന്ദന്‍ ഓര്‍ത്തു. നിലോഫറിന്റെ ചുണ്ടിലും നിലാവ് വീണുകിടന്നിരുന്നു. ആ നിലാവിനെ ചുംബിച്ചിട്ട് അരവിന്ദന്‍ മടങ്ങുമ്പോള്‍ നിലോഫറിന്റെ കണ്ണുകളില്‍നിന്ന് നിലാവ് തുളുമ്പി കവിളുകളിലൂടെ തിളങ്ങിയൊഴുകുന്നുണ്ടായിരുന്നു.

പരോള്‍ ഒന്നാം ദിവസം, അതായത് ഇന്ന്, പുലര്‍ച്ചെ പട്ടണത്തില്‍ ബസ്സിറങ്ങുമ്പോള്‍ അത് തന്റെ ജീവിതത്തിലെ പകരം വയ്ക്കാനില്ലാത്ത, ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കുമെന്ന് അരവിന്ദന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പട്ടണം ഉണര്‍ന്നുവരുന്നതേയുണ്ടായിരുന്നുള്ളു. തെരുവ് ഏറെക്കുറെ വിജനമായിരുന്നു.

ബസ്സിറങ്ങിയ അരവിന്ദന്‍ മുന്നോട്ട് പതിനഞ്ചടി കഷ്ടിച്ച് നടന്നുകാണും. ഒരു വാന്‍ പാഞ്ഞ് വന്ന് അരികത്തുനിന്നതും അതില്‍നിന്ന് നാലഞ്ച് ആളുകള്‍ ആയുധങ്ങളുമായി ചാടിയിറങ്ങിയതും അതിലൊരാള്‍ കൊടുവാളുകൊണ്ട് ആഞ്ഞ് വെട്ടിയതും അരവിന്ദന്‍ അറിഞ്ഞില്ല. അറിഞ്ഞുവന്നപ്പോഴേയ്ക്ക് അരവിന്ദന്‍ നിലത്ത് വീണിരുന്നു.

വിജനമായ തെരുവിലെ വിരളമായ ആളനക്കങ്ങള്‍ പെട്ടെന്ന് കടമറകള്‍ക്കുള്ളിലേയ്ക്കും തൂണുകളുടെ പുറകിലും അഭയം തേടി.

“ഇത് ഞങ്ങടെ നസീറിന്. അള്ളാഹ് ജയിക്കട്ടെ!” അലറിക്കൊണ്ട് അയാള്‍ വീണ്ടും വെട്ടി.

തികഞ്ഞ അഭ്യാസിയായ അരവിന്ദന് ഉണരുവാന് വേണ്ട സാവകാശം അതിനിടയില്‍ കിട്ടിക്കഴിഞ്ഞിരുന്നു. വെട്ടുവാന്‍ വന്നവന്‍ ഒറ്റച്ചവിട്ടിന് തെറിച്ചുപോയി. നിലത്തുവീണ കൊടുവാളെടുത്ത് അരവിന്ദന്‍ നാലുവശത്തുനിന്നും വരുന്ന ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞുവീശി.

ആര്‍ക്കൊക്കെയോ കൊള്ളുന്നുണ്ട്. രണ്ടുപേര്‍ വീണു. അരവിന്ദനും കിട്ടി മൂന്നാല് വെട്ട്. രണ്ട് മിനുട്ട് നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ അക്രമികള്‍ പലായനം ചെയ്തുകഴിഞ്ഞപ്പോള്‍ അരവിന്ദനും കുഴഞ്ഞുവീണു.

ഓപ്പറേഷന്‍ ടേബിളില്‍ നെഞ്ചിലെയും കഴുത്തിലെയും മുറിവുകള്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടുമ്പോള്‍ അരവിന്ദന്‍ കരഞ്ഞില്ല. അബോധത്തിന്റെ പാതിമുറിയില്‍ കണ്ണടച്ച് കിടന്നു.

തുന്നിക്കെട്ടല്‍ കഴിഞ്ഞ് ഡോക്ടര്‍മാര്‍ എല്ലാവരും പോവുകയും മുറിയിലേയ്ക്ക് അറ്റന്‍ഡര്‍മാരാല്‍ എത്തിക്കപ്പെടുകയും മുറിയില്‍ തനിച്ചാവുകയും ചെയ്തപ്പോള്‍ അരവിന്ദന് ദാഹിച്ചു. വേദനയുണ്ട്. എന്നാലും അയാള്‍ എഴുന്നേറ്റ് നേരെ ഒറ്റ നടപ്പങ്ങ് വെച്ചുകൊടുത്തു.

തെരുവുകള്‍ അപ്പോഴും ഏറെക്കുറെ വിജനമായിരുന്നു. ആളുകള്‍ പരസ്പരം സംശയദൃഷ്ടിയോടെ നോക്കിക്കൊണ്ട് ഇടയ്ക്കിടെ കടന്നുപോകുന്നുണ്ടായിരുന്നു. വീട്ടിലേയ്ക്കുള്ള വണ്ടി ബസ് സ്റ്റേഷനില്‍ കിടക്കുന്നു. അരവിന്ദന് കയറാന്‍ തോന്നിയില്ല. വേച്ചുവേച്ച് വീണ്ടും നടന്നു.

നഗരപ്രാന്തമെത്താറായപ്പോള്‍ ഇടത്തോട്ടുള്ള ഒരു വഴി പ്രത്യേകമായി കിടക്കുന്നത് അരവിന്ദന്‍ കണ്ടു. മറ്റ് റോഡുകളില്‍ നിന്ന് വ്യത്യസ്തമായി ആ വഴിയില്‍ ദീര്‍ഘചതുരാകൃതിയിലുള്ള, ഇളം മഞ്ഞനിറമാര്‍ന്ന വലിയ ചുണ്ണാമ്പുകല്ലുകള്‍ പാകിയിരിക്കുന്നു. അയാള്‍ ആ വഴിയിലേയ്ക്ക് കയറി. വഴിയുടെ ഇരുവശവും പുരാതനമായ കടകള്‍. പോക്കുവെയില്‍ വഴിയിലേയ്ക്ക് പാളിവീണുകിടന്നു. കടകളുടെ നിഴലുകള്‍ ചെരിഞ്ഞും. പൌരാണികമായ ഒരു വഴിയിലെത്തിപ്പെട്ടതുപോലെ അരവിന്ദന് തോന്നി. ആ വഴിയിലൂടെ അയാള്‍ ആദ്യമായി നടക്കുകയായിരുന്നു.

നടന്നുനടന്ന് വഴിയുടെ അറ്റമെത്താറായപ്പോള്‍ ദൂരെ വഴിക്കപ്പുറം പോക്കുവെയില്‍ പടര്‍ന്ന് മഞ്ഞച്ച്പോയ ഒരു ശൂന്യസ്ഥലിയാണെന്ന് അരവിന്ദന്‍ കണ്ടു. അവിടെ കറുത്ത നിഴലുകള്‍ പോലെ ഇലയില്ലാത്ത ഉണക്കമരങ്ങള്‍ ശിഖരങ്ങളുമായി അങ്ങുമിങ്ങും എഴുന്നുനിന്നു. ചിലയിടങ്ങളില്‍ നിന്ന് പുകയുയരുന്നു. കറുത്ത പക്ഷികള്‍ മഞ്ഞച്ച ആകാശത്തുകൂടി അങ്ങുമിങ്ങും പറന്നു. വിഭ്രമജനകമായ ഒരു കാഴ്ച പോലെ അരവിന്ദന്‍ അത് നോക്കിക്കണ്ടു.

വഴിയുടെ ഏറ്റവും അറ്റത്ത് ഇടത്തേവശത്തുള്ള അതിപ്രാചീനമെന്ന് തോന്നിക്കുന്ന കെട്ടിടത്തിന്റെ മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത് അയാള്‍ വായിച്ചു:

“പാരഡൈസ് ബാര്‍.”

അതൊരു ഡാന്‍സ് ബാര്‍ കൂടിയാണെന്ന് അരവിന്ദന്‍ കണ്ടു. ഈനാട്ടില്‍ ഈക്കാലത്ത് ഇങ്ങനെയൊരു ബാറോ! അരവിന്ദന്‍ അത്ഭുതപ്പെട്ടു. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് കണ്ട “ഹലോ” സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന “എക്സ് എം.എല്‍.എ കടയ്ക്കാവൂര്‍ ശശിയണ്ണന്റെ അളിയന്റെ ആ പാരഡൈസ് ബാര്‍” ആണോ ഇത്?

പശ്ചാത്തലത്തിലെ വരണ്ടുമഞ്ഞച്ച ശൂന്യഭൂമികയിലേയ്ക്കും ആകാശത്തിലേയ്ക്കുമായി മുഴച്ച്നിന്നിരുന്ന, പീതനിറമുള്ള വലിയ ചതുരക്കല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ, ആ ഭീമാകാരമായ കെട്ടിടത്തിലേയ്ക്ക് അരവിന്ദന്‍ പ്രാഞ്ചിപ്രാഞ്ചി കയറിച്ചെന്നു. കാവല്‍ക്കാരന്റെ മുഖത്തിനും പോക്കുവെയിലിന്റെ നിറവും ബാറിന്റെയത്ര പൌരാണികതയും ഉണ്ടായിരുന്നു.

“പേരെന്താ?” അരവിന്ദനെ തടഞ്ഞുനിര്‍ത്തി പ്രേതം പോലെയുള്ള മുഖംകൊണ്ട് അയാള്‍ ചോദിച്ചു.

ബാറില്‍ കയറാന്‍ പേരും നാളും പറയണോ എന്ന് ആ മുഖത്തേയ്ക്ക് നോക്കി അത്ഭുതപ്പെടാന്‍ അരവിന്ദനായില്ല. പേരും മറ്റ് വിവരങ്ങളും പറഞ്ഞു.

“കേറിച്ചെല്ലുമ്പോള്‍ വലതുവശത്തെ ആദ്യത്തെ വാതില്‍ വഴി കയറിക്കോ.” കാവല്‍ക്കാരന്‍ പറഞ്ഞു.

മങ്ങിയ ചുവര്‍ബള്‍ബുകള്‍ വെളിച്ചം പകരുന്ന ഇടനാഴിയില്‍ പല വാതിലുകള്‍ നിരനിരയായി കൃത്യമായ അകലത്തില്‍ അരവിന്ദന്‍ കണ്ടു. ഓരോന്നിനും അരികില്‍ ഓരോ കാവല്‍ക്കാരും നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാതിലിനുമുകളില്‍ കത്തിനില്‍ക്കുന്ന മങ്ങിയ ബള്‍ബിന് കീഴെ “ഓം” എന്ന് ദേവനാഗരിയില്‍ എഴുതിയിരിയ്ക്കുന്നത് അരവിന്ദന്‍ വായിച്ചു. അതിനപ്പുറത്തെ വാതിലിനുമുകളില്‍ ചന്ദ്രക്കലയും നക്ഷത്രവുമാണ്. അതിനപ്പുറം കുരിശ്. ഓരോ വാതിലും ഓരോ ചിഹ്നങ്ങളെയും തലയില്‍ ചുമന്ന് നീണ്ടുനിവര്‍ന്ന് നിരനിരയായി നില്‍ക്കുന്നു.

“ഏകത്വത്തില്‍ നാനാത്വം!” അരവിന്ദന്റെ അത്ഭുതം അതിരുകളില്ലാത്തതായി. വ്യത്യസ്തമതക്കാര്‍ക്കായി വേറെ വേറെ മുറികളുള്ള ബാര്‍ അരവിന്ദന്‍ ആദ്യമായി കാണുകയായിരുന്നു.

“അതേതായാലും നന്നായി! ഒന്നുമില്ലേലും ഒരു ‌.................മക്കള്‍ടേം ശല്യമില്ലാതെ സ്വസ്ഥമായി ഇത്തിരി കള്ള് കുടിക്കുകയെങ്കിലും ചെയ്യാമല്ലോ!” അരവിന്ദന്‍ സ്വയം പറഞ്ഞു.

“ഓം” വാതിലിനുമുന്‍പില്‍ നിന്ന കാവല്‍ക്കാരന്‍ അരവിന്ദന്റെ പേരും വിവരങ്ങളും അന്വേഷിച്ച ശേഷം വാതിലിലൂടെ അകത്തേയ്ക്ക് കടത്തിവിട്ടു. അകത്ത് നിറയെ അരണ്ടവെളിച്ചമാണ്. പക്ഷേ സാധാരണ ബാറുകളിലെപ്പോലെ ചുവന്ന വെളിച്ചമല്ല. നീലവെളിച്ചമാണ്.

ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ഒരു പബ്ബില്‍ ചെന്നതുപോലെ അരവിന്ദന് തോന്നി. നൃത്തവും സംഗീതവും മദ്യവും നിറഞ്ഞൊഴുകുന്നു. അര്‍ദ്ധനഗ്നരോ പൂര്‍ണനഗ്നരോ ആയ സുന്ദരികളും സുന്ദരന്മാരും റാന്തലുകളുടെ സുവര്‍ണവെളിച്ചത്തില്‍ നൃത്തം ചെയ്യുകയും പാടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നു. ഫിഡിലും സപ്തസ്വരമണികളും പോലെയുള്ള സംഗീതോപകരണങ്ങളാണ്. അവയില്‍നിന്നുള്ള സംഗീതം റാന്തലിന്റെ ശാന്തഗംഭീരമായ സുവര്‍ണസുന്ദരപ്രകാശം പോലെതന്നെയുണ്ടായിരുന്നു. അരണ്ട വെളിച്ചത്തില്‍ ആളുകള്‍ തലങ്ങും വിലങ്ങും നടക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഇരുന്നും നിന്നും സംസാരിയ്ക്കുന്നു, മദ്യപിക്കുന്നു, ചുംബിക്കുന്നു, ആലിംഗനം ചെയ്യുന്നു. വട്ടത്തിലുള്ള മേശകളില്‍ ചിലതിന് ചുറ്റും നിറയെ ആളുകള്‍. ചിലതിനരികില്‍ ഒന്നോ രണ്ടോ പേര്‍. പല രൂപങ്ങളും ഭാവങ്ങളും. ആകെ ശബ്ദമുഖരിതം. എങ്കിലും സര്‍വ്വം സൌഹൃദമയം. നീലവെളിച്ചത്തിലെ അസംഖ്യം തലകള്‍ക്കുമുടലുകള്‍ക്കുമിടയിലൂടെ അവിടവിടെ റാന്തല്‍ വെട്ടങ്ങളുടെ തണലില്‍ നൃത്തസംഗീതോത്സവത്തിന്റേതായ ആ ദൃശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മദഭരമായ ആ കാഴ്ചയുടെ അറ്റം അങ്ങനെ നീണ്ട് നീണ്ട് കാണാനാവാത്ത ദൂരേയ്ക്ക് മറഞ്ഞുപോവുകയാണ്. അരവിന്ദന് ഇത് തന്റെ ഭ്രമകല്‍പ്പനയാണോ അതോ ശരിയ്ക്കും ഒരു മാന്ത്രികലോകത്തില്‍ താന്‍ എത്തിപ്പെട്ടതാണോ എന്ന് ആശയക്കുഴപ്പമായി.

അയാള്‍ തിരിഞ്ഞുനോക്കി. പിന്നില്‍ വാതില്‍ അടഞ്ഞിരുന്നു. അപ്പോഴാണ് മറ്റൊരു കാര്യം അരവിന്ദന്‍ ശ്രദ്ധിച്ചത്. എല്ലാ വാതിലുകളും ആ ഹാളിലേയ്ക്ക് തന്നെയാണ് തുറക്കുന്നത്. ഓരോ വാതിലില്‍നിന്ന് വന്നവര്‍ ആരൊക്കെയാണെന്നറിയാനാവാത്ത വിധം മധുശാല ജനനിബിഢമാണ് താനും.

ഒഴിഞ്ഞ ഒരു മേശയ്ക്കരികില്‍ ഒരു ചഷകം മദ്യവുമായി അരവിന്ദന്‍ ആസനസ്ഥനായപ്പോള്‍ മൂന്നാല് മേശയ്ക്കപ്പുറം ഇരുണ്ട ഒരു കോണില്‍ കിടക്കുന്ന മേശയ്ക്കരികില്‍ ഒറ്റയ്ക്കിരുന്ന് മദ്യം മോന്തുന്ന ആളുടെ അവ്യക്തമായ മുഖം നസീറിന്റേതാണോയെന്നും അതിനപ്പുറത്തെ മേശയ്ക്കിരുപുറവുമിരിയ്ക്കുന്ന രണ്ടുപേരുടെ കുറച്ചുകൂടി അവ്യക്തമായ മുഖങ്ങള്‍ രാവിലെ തന്നെ ആക്രമിച്ചവരുടേതാണോയെന്നും അയാള്‍ സംശയിച്ചു.

ആ ചിന്തയുമായി അങ്ങോട്ടുതന്നെ നോക്കിയിരുന്ന്, സോമത്തിന്റെ സുഖകരമായ തരിപ്പ് നാവിന്റെ കാണാപ്പുറങ്ങളിലേയ്ക്കെത്തിയ്ക്കവേ, പെട്ടെന്ന്, വളരെ പെട്ടെന്ന്, തന്നെ സ്നേഹം തഴുകുന്നതായി അരവിന്ദന്‍ മനസ്സിലാക്കി. എവിടെനിന്നാണ് അത് വരുന്നതെന്ന് അയാള്‍ അങ്ങുമിങ്ങും, ചുറ്റും നോക്കി. അങ്ങനെ നോക്കിവന്നപ്പോള്‍, നേരിയ വെളിച്ചം മാത്രമുള്ള ഒരു കോണില്‍ ഒരു മേശയുടെ അരികില്‍ ഒറ്റയ്ക്ക് ഒരാള്‍ തന്നെത്തന്നെ നോക്കിയിരിയിക്കുന്നത് ഒരു നിഴല്‍ ചിത്രം പോലെ അരവിന്ദന്‍ കണ്ടു. അവിടെ നിലാവ് അപാരമാവുകയായിരുന്നു.

2012, ജൂൺ 2, ശനിയാഴ്‌ച

ഗോവര്‍ദ്ധനം

വിമാനത്താവളത്തില്‍നിന്ന് സാങ്കേതികനടപടികളെല്ലാം കഴിഞ്ഞ് മനുവിനോടൊപ്പം ചന്ദ്രമോഹന്‍ പുറത്തിറങ്ങുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. ആദ്യത്തെ കാഴ്ചയെങ്കിലും നെടുമ്പാശേരി വിമാനത്താവളം ചന്ദ്രമോഹന് ഒട്ടും അപരിചിതമായി തോന്നിയില്ല. കുറച്ചുകൂടി വസ്തുനിഷ്ഠമായി പറഞ്ഞാല്‍, നെടുമ്പാശേരിയുടെ അപരിചിതത്വത്തെ ചന്ദ്രമോഹന്‍ ശ്രദ്ധിച്ചതേയില്ല.

വിമാനത്താവളത്തിനു വെളിയില്‍ ഒരു പറ്റം ആളുകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മുന്‍പ് കോഴിക്കോട് വിമാനമിറങ്ങുമ്പോഴൊന്നും ചന്ദ്രമോഹനെ സ്വീകരിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. കാത്തിരിപ്പുകളുടെ ഔപചാരികതകളെ ചന്ദ്രമോഹന്‍ വിലക്കിയിരുന്നു. ഒരു വാടകക്കാറില്‍ നേരെയങ്ങ് വീട്ടിലേയ്ക്ക് ചെല്ലും; അപ്രതീക്ഷിതമായി. വര്‍ഷം തോറും വീടിനെ ഞെട്ടിക്കുന്ന ആ നിമിഷമാണ് ചന്ദ്രമോഹന്‍ മനസ്സിലെ കലണ്ടറില്‍ എല്ലാ മടക്കയാത്രകളിലും ആദ്യം കുറിച്ചിടുന്നത്. ഇപ്പോള്‍ ഈ കാത്തുനില്‍പ്പ് ആദ്യത്തെ അനുഭവമാണ്. എങ്കിലും അവരൊന്നും തന്റെയാളുകളല്ലല്ലോ എന്നോര്‍ത്ത് വിഷമിക്കാന്‍ ചന്ദ്രമോഹന്‍ മിനക്കെട്ടില്ല. അവരെല്ലാം മനുവിന്റെ ആളുകളായിരുന്നു. മനുവിന്റെ അനുജനും അനന്തിരവനുമൊക്കെ.

വിമാനത്താവളത്തില്‍ നിന്ന് ദേശീയപാതയിലേയ്ക്കുള്ള റോഡിന്റെ വശങ്ങളില്‍ നിന്നിരുന്ന ഉയരം കൂടിയ വിളക്കുകാലുകള്‍ കഴുത്തുവളച്ച് വണ്ടിക്കുള്ളിലേയ്ക്ക് എത്തിനോക്കുന്നത് കണ്ടപ്പോള്‍ ചന്ദ്രമോഹന്‍ സംഗീതയുടെ എഴുത്തുകളെ ഓര്‍മ്മിച്ചു. മുടക്കം കൂടാതെ മാസത്തില്‍ രണ്ട് തവണ കടലുകടന്നെത്തുന്ന, ഇന്ത്യന്‍ തപാല്‍വകുപ്പ് പൊട്ടുകുത്തി സുന്ദരമാക്കിയ ആ ലക്കോട്ടുകള്‍ എപ്പോഴും മനസ്സില്‍ അനാവശ്യമായ ഒരു ആകാംക്ഷ ഉണര്‍ത്തിയിരുന്നു. പക്ഷേ ആദ്യമായി മനു സംഗീതയുടെ ഒരു കത്ത് തന്റെനേരെ നീട്ടിയപ്പോള്‍ പൊള്ളുന്നൊരു മണല്‍ക്കാറ്റ് പൊടുന്നനെ ഉള്ളിലൂടെ വീശിയതുപോലെയാണ് ചന്ദ്രമോഹന് തോന്നിയത് ; ഒരിക്കലും ആ കത്തുകള്‍ പൊട്ടിച്ചുനോക്കാനോ, കട്ടുവായിക്കാനോ ആഗ്രഹിച്ചിരുന്നില്ലെങ്കിലും.

ആ മുറിയില്‍ മറ്റാരെ തേടിയും അറബിക്കടല്‍ താണ്ടി കത്തുകള്‍ വന്നിരുന്നില്ല. ആ മുറിയില്‍ ആരുംതന്നെ ഒരിക്കല്‍ പോലും അക്ഷരങ്ങളെ കടലിനുകുറകേ ദൂതയച്ചിരുന്നുമില്ല. പക്ഷേ മനു ഓരോ രണ്ടാഴ്ചയിലും മണലാരണ്യങ്ങളിലിരുന്ന് നേര്‍ത്ത പിങ്ക് വരകളുള്ള, സ്നേഹത്തിന്റെ ഇളം വയലറ്റ് നിറമുള്ള കടലാസുകളില്‍ നീലമഷികൊണ്ട് ചെരിവില്ലാത്ത ഒഴുക്കുള്ള അക്ഷരങ്ങളില്‍ സംഗീതയ്ക്ക് കത്തുകളെഴുതി. അവയ്ക്ക് മറുപടിയായി വിശുദ്ധമായ തൂവെള്ളക്കടലാസുകളില്‍ കറുത്തമഷിയുടെ കരുത്തുറ്റ അക്ഷരങ്ങളുടെ പായ്ക്കപ്പലുകളിലേറി കൃത്യമായ ഇടവേളകളില്‍ സംഗീത കടലുകടന്നെത്തി.

മനു എഴുതിക്കൊണ്ടിരുന്ന കടലാസിലേയ്ക്ക് ഒന്നെത്തിനോക്കിയിട്ട് റഫീക്ക് ചിരിച്ചു:

“ഓനും ഓക്കും വട്ട് തെന്ന്യാ . അല്ലെങ്കിലാരെങ്കിലും ഇക്കാലത്തിങ്ങനയിരുന്നു കത്തയക്ക്വോ?”

മനു മിണ്ടിയില്ല. തിരിഞ്ഞ് വായ തുറന്നുള്ള, കുഞ്ഞുങ്ങളുടെ പ്രാചീനനിഷ്കളങ്കതയെ ഓര്‍മ്മിപ്പിക്കുന്ന അവന്റെ സ്വന്തം ചിരി ഒരിക്കല്‍ക്കൂടി പുറത്തുകാണിച്ചു.

ദേശീയപാതയില്‍ക്കൂടിക്കടന്നുപോയ ഏതോ മീന്‍വണ്ടിയുടെ ഉച്ചസ്ഥായിയിലുള്ള ഹോണ്‍ ശബ്ദം കേട്ടപ്പോഴാണ് നാട്ടിലെത്തിയെന്ന് ചന്ദ്രമോഹന് ബോധം വന്നത്. തലയ്ക്ക് സമീപത്തെ സ്ലൈഡിംഗ് വിന്‍ഡോ അല്‍പ്പമൊന്ന് നീക്കി അയാള്‍ പുറത്തേയ്ക്ക് നോക്കി. പോക്കുവെയിലും പൊടിക്കാറ്റും ഒരുമിച്ചാണ് ജാലകത്തിലൂടെ അകത്തേയ്ക്ക് കടന്നുവന്നത്.

“എല്ലാ ആഴ്ചേം ഫോണ്‍ ചെയ്യുന്നുണ്ട്. എല്ലാരോടും സംസാരിക്കുന്നുണ്ട്. പക്ഷേ ഈ എഴുത്തുകളാണ് ചന്ദ്രേട്ടാ എന്നെ ഈ ദുബായില് ജീവിപ്പിക്കുന്നെ.” ഒരു ദിവസം മനു പറഞ്ഞു.

റഫീക്കിനോടും രമേഷിനോടും പറയാത്ത കാര്യങ്ങള്‍ ചന്ദ്രമോഹനോട് മനു പറഞ്ഞു. സംഗീതയ്ക്കുള്ള എഴുത്തില്‍ ചന്ദ്രമോഹനെക്കുറിച്ച് ധാരാളമായി എഴുതി. ഒടുവിലൊരു ദിവസം ചന്ദ്രമോഹനോട് പറയാന്‍ സംഗീതയെഴുതിയ വാക്കുകളുമായി വന്ന ഒരു കത്ത് നീട്ടിപ്പിടിച്ചുകൊണ്ട് മനു നിന്നു.

“ഇക്കിളിയൊന്നുമില്ല കേട്ടോ.” മനുവിന്റെ സ്വതസിദ്ധമായ ചിരിയില്‍ കുസൃതി പുരണ്ടു.

സത്യമായിരുന്നു. വളരെ സാധാരണമായ വീട്ടുവിശേഷങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങളായിരുന്നു ആ കത്തുകളിലെല്ലാം. പക്ഷേ കുനുകുനായെന്നുള്ള, ഉരുണ്ട ആ അക്ഷരങ്ങള്‍ക്കിടയില്‍ മനുവിന് മാത്രം കാണാനാവുന്ന, അനുഭവിക്കാനാവുന്ന ഇക്കിളികള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ചന്ദ്രമോഹന്‍ വിശ്വസിച്ചു.

ആ എഴുത്തുകളില്‍ കൂടി മനു നാട്ടിലെ പോക്കുവെയില്‍ വിശ്രമിക്കുവാനിറങ്ങിക്കിടക്കുന്ന മലഞ്ചെരുവുകളിലൂടെ മുണ്ട് മാടിക്കുത്തി അഭിമന്യുവിന്റെ കൈപിടിച്ച് നടന്നു. വീടിനുള്ളില്‍ ഇരുള്‍ നിശബ്ദം കുറുകുന്ന ഊണുമുറിയിലിരുന്ന് ചക്കപ്പുഴുക്കും കടുമാങ്ങാക്കറിയും കുഴച്ച് തിന്നു. സംഗീതയുടെ തിണര്‍പ്പുകളിലും വിയര്‍പ്പുകളിലും ചുംബിച്ചു.

“സംഗീത നല്ലൊരു എഴുത്തുകാരിയാണ്. സാധാരണവാക്കുകളോണ്ട് എത്ര ഭംഗ്യായി കത്തെഴുതുന്നു. അവള്‍ക്ക് കത്തെഴുതണേന്റെ ക്രാഫ്റ്റ് അറിയാം.” ഒരു ദിവസം ചന്ദ്രമോഹന്‍ പറഞ്ഞു.

അപ്പോഴും മനു ചിരിച്ചു. പിന്നെ പറഞ്ഞു :

“കാലം കുറേയായില്ലേ ചന്ദ്രേട്ടാ ഈ പണി തുടങ്ങിയിട്ട്.”

വിശുദ്ധമായി, ധ്യാനം ചെയ്യും പോലെ, രതി അനുഷ്ഠിക്കും പോലെയാണ് മനു എഴുത്തുകളെഴുതുന്നതെന്ന് ഒരിക്കല്‍ ശൂന്യമായ കടലാസിനുമേല്‍ അടപ്പുതുറന്ന പേനവച്ച് നിശബ്ദനായി കണ്ണടച്ചിരിക്കുന്ന മനുവിനെക്കണ്ടപ്പോള്‍ ചന്ദ്രമോഹന് തോന്നി. അങ്ങനെ, രണ്ടാഴ്ച കൂടുമ്പോള്‍ മനു എഴുത്തുകളില്‍ക്കൂടി സംഗീതയുമായി രതിയും ധ്യാനവും പങ്കുവച്ചു.

ആലുവാപ്പാലം താണ്ടി ഇളകിയാടി മൂര്‍ത്തമായ കാറ്റായി വണ്ടി ഒഴുകിക്കൊണ്ടിരുന്നു. അങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ വഴുക്കുന്ന ചുവന്ന മണ്ണുള്ള വയനാട്ടിലെ തണുത്ത ഗ്രാമത്തില്‍നിന്ന് മാനന്തവാടിക്കുള്ള ജീപ്പില്‍ യാത്ര ചെയ്തിരുന്ന കുട്ടിക്കാലത്തെ ചന്ദ്രമോഹന്‍ വീണ്ടെടുത്തു. വയനാടിന്റെ വളവുകളും, വണ്ടിയുടെ കുടുക്കവും, ജീപ്പിനെയും സീറ്റിനെയും പൊതിയുന്ന റെക്സീനിന്റെ മണവും എല്ലാ യാത്രകളിലും ചന്ദ്രമോഹനെ ഛര്‍ദ്ദിപ്പിച്ചു. എല്ലാ യാത്രകള്‍ക്കൊടുവിലും ചന്ദ്രമോഹന് തലവേദന നല്‍കി.

“പിന്നെ മനുവേട്ടാ, ഇന്നലെ ഇവിടെ ഭൂമികുലുക്കമുണ്ടായി. പടിയേല്‍ നിന്നിരുന്ന അഭി വേച്ചുവീണു. വീണിടത്തുനിന്ന് അവന്‍ എഴുന്നേറ്റോടിയതെങ്ങോട്ടാരുന്നെന്നോ. നമ്മുടെ ഗോവര്‍ദ്ധനം വീണോന്ന് നോക്കാന്‍.” സംഗീതയുടെ എഴുത്ത് മനു ചന്ദ്രമോഹനെ കാണിക്കുമ്പോള്‍ കിഴക്ക് സമുദ്രത്തിന്നാഴങ്ങളില്‍ ഭൂമിയുടെ ഗൂഢഗര്‍ഭങ്ങള്‍ ഒരു മാത്ര കുതികൊണ്ടിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിരുന്നു. ആ ഭൂമികുലുക്കത്തിന്റെ ഉച്ചനേരത്ത്, നാട്ടിലെ അണക്കെട്ടില്‍ തിരയിളക്കമുണ്ടായെന്ന് വാര്‍ത്ത കണ്ടതിന് ശേഷം മനു ഭക്ഷണം കഴിച്ചില്ല. തലവേദനയെന്ന് പറഞ്ഞ് കിടന്ന അവന്‍ അന്ന് രാത്രിയില്‍ ഛര്‍ദ്ദിക്കുകയും വയറിളകുകയും ചെയ്തു.

ഒരിക്കല്‍ ഒരവധിക്ക് ഒരുമിച്ച് നാട്ടില്‍ ചെന്നപ്പോള്‍ മനുവിന്റെ വീട്ടില്‍ പോയിരുന്നു. വീടിന്റെ പിന്നാമ്പുറത്ത് മുണ്ട് മാടിക്കുത്തി നിന്ന് അവന്‍ ദൂരേയ്ക്ക് ചൂണ്ടിക്കാണിച്ചു.

“ആക്കാണുന്നതാണ് മുല്ലപ്പെരിയാര്‍ ഡാം.”

ചന്ദ്രമോഹന്‍ സംഗീതയുണ്ടാക്കിയ ഏലക്കാച്ചായ മൊത്തിക്കുടിച്ചുകൊണ്ട് മാവിന്റെ ചുവട്ടില്‍ നിന്നു. ദൂരെ, തെളിഞ്ഞ ആകാശത്തിന്റെ അടിവാരത്ത്, പ്രകൃതിയുടെ നിംനരഹസ്യത്തിലെ കറുത്തുനേരിയ ഒരു കളങ്കം പോലെ അണക്കെട്ട് കിടന്നിരുന്നു.

“ഇത്ര കാലവും കടം വീട്ടാനായി പോയി; എഞ്ചിനീയറായതിന്റേം കല്യാണം കഴിച്ചതിന്റേമൊക്കെ. ഇനിയെനിക്കിത്തിരി സ്ഥലം വാങ്ങണം, ദൂരെയെവിടേലും. ഇവിടിനീമിങ്ങനെ വയ്യ. ” മനു പറഞ്ഞു.

പ്രയാണങ്ങളുടെ, പലായനങ്ങളുടെ ആവര്‍ത്തനം - ചന്ദ്രമോഹന്‍ ഓര്‍ത്തു. പത്തുനൂറ് വര്‍ഷം മുന്‍പൊരു പുലരിയിലാണ് ജീവനാര്‍ത്ഥം മനുവിന്റെ മുതുമുത്തച്ഛന്‍ ചങ്ങനാശേരിക്കാരന്‍ ശങ്കരന്‍ കിഴക്ക്, മഞ്ഞ് പുകപോലെ പൊതിഞ്ഞുനിന്ന കുന്നുകളുടെ തണുതേടിയെത്തിയത്. കുന്നിന്റെ അരിക് ചെത്തിയിറക്കി അയാള്‍ നിരപ്പുള്ള തട്ടുകളാക്കി അവയിലൊന്നില്‍ കുടിവെച്ചു. വെള്ളം മാറിയ, ഉണങ്ങിത്തുടങ്ങിയ ചെളിമണ്ണില്‍ മനുവിന്റെ പിതൃക്കള്‍ വേരുകളോട്ടി, ആ വേരുകള്‍ക്ക് അവരുടെതന്നെ വിയര്‍പ്പിന്റെ ഈര്‍പ്പമിറ്റിച്ച് വളര്‍ന്നുകൊഴിഞ്ഞു.

“അതാണ് ഞങ്ങടെ ഗോവര്‍ദ്ധനപ്പാറ!”

വീടിനുപുറകിലെ പന്ത്രണ്ടടിയോളം ഉയരമുള്ള, കീഴ്ക്കാംതൂക്കായ ചുവന്ന കുന്നിന്‍ഭിത്തിയുടെ മുകളില്‍നിന്ന് താഴെ, വായുവിലേയ്ക്ക് പകുതിയോളം തള്ളിനിന്ന ഭീമാകാരമായ പാറയിലേയ്ക്ക് ഒഴിഞ്ഞ ചായക്കോപ്പയും കൈയ്യില്‍ പിടിച്ച് ചന്ദ്രമോഹന്‍ നോക്കിനിന്നപ്പോള്‍ സംഗീത പറഞ്ഞു. പാറ ഇപ്പോള്‍ വീടിനുമുകളിലേയ്ക്ക് വീഴുമെന്ന് ചന്ദ്രമോഹന് തോന്നി.

അയാള്‍ കൌതുകത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

“ചന്ദ്രേട്ടന്‍ നോക്കിക്കേ. അദൃശ്യനായ ആരോ താങ്ങി നിര്‍ത്തിയിരിക്കുന്നപോലല്ലേ അത്.” കത്തുകളില്‍ക്കൂടി സിദ്ധിച്ച സ്വാതന്ത്ര്യം സംഗീതയുടെ ശബ്ദത്തിലുണ്ടായിരുന്നു.

“ഭഗവാന്‍ കൃഷ്ണനാണത് താങ്ങുന്നേന്നാ അപ്പൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പണ്ട് ഗോവര്‍ദ്ധനം താങ്ങിയതുപോലെ.”

പെട്ടെന്ന് വയനാട്ടിലെ സാന്ധ്യമഞ്ഞ് കലര്‍ന്ന ഇരുളില്‍ ചാണകം മെഴുകിയ ഉമ്മറത്തറയുടെ തണുപ്പില്‍ നിലവിളക്ക് തെളിഞ്ഞു. ചന്ദ്രമോഹന്‍ മുത്തശ്ശിയുടെ ഭസ്മഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്നു.

“മുത്തശ്ശീടെ ചന്ത്വേ,” തലമുറകളുടെ സ്നേഹം വിളിച്ചു.

“അങ്ങിനെ എല്ലാരും പൂജ ചെയ്യണ സമേത്ത് ദേവേന്ദ്രന്‍ കോപിച്ച് പൂക്കുലകണക്കങ്ങ് തുള്ളാന്‍ തൊടങ്ങീത്രേ!”

മുത്തശ്ശി ചന്ദ്രമോഹനെയുംകൊണ്ട് കാലങ്ങള്‍ക്കുകുറുകെയുള്ള യാത്ര ആരംഭിച്ചു.

ഇന്ദ്രന്‍ തീക്ഷ്ണമായി കോപിച്ചു. ആകാശത്തിന്റെ അകിടുകള്‍ കനത്ത് ഘനശ്യാമങ്ങളായി. അതിന്റെ ഞരമ്പുകളില്‍ കൂടി ആലക്തികരേണുക്കള്‍ പാഞ്ഞു. അദൃശ്യമായ മുലക്കണ്ണുകള്‍ തുടിച്ച് നിന്നു. ആ തുടിപ്പുകളുടെ മുഴക്കങ്ങളില്‍ ദിഗന്തങ്ങള്‍ വിറകൊണ്ടു. പ്രളയവാതത്തില്‍ അന്തരീക്ഷം കടഞ്ഞു. ഇന്ദ്രകോപത്തിന്റെ അതിമര്‍ദ്ദത്തില്‍ ആകാശം ചുരന്നു. ആദിമാരിയെ ഓര്‍മ്മിപ്പിച്ച മഴയുടെ കുടംകണക്കിനുള്ള തുള്ളികള്‍ക്കിടയിലൂടെ, ദധീചിയുടെ കശേരുക്കളില്‍നിന്ന് ഉയിര്‍കൊണ്ട വെളുത്ത കൊള്ളിമീനുകള്‍ പരസ്പരം പിണഞ്ഞ് ഭൂമിയിലേയ്ക്ക് പുളഞ്ഞിറങ്ങി. ലോകം ഇരുണ്ട്, നനഞ്ഞ്, ഭയത്തില്‍ കുളുര്‍ന്നു. അപ്പോള്‍ ഒരു മിന്നലിന്റെ അപാരമായ പ്രകാശനിമിഷത്തിലേയ്ക്ക് ആകാശത്തേക്കാളുയരത്തില്‍ ഗോവര്‍ദ്ധനപര്‍വ്വതം ഉയര്‍ന്നുവന്നു. ചെറുവിരലിന്റെ തുമ്പില്‍ ഗോവര്‍ദ്ധനത്തിന്റെ ഭൂഗുരുത്വരഹസ്യങ്ങളെയത്രയും ഒളിപ്പിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അതുല്യമായ പുഞ്ചിരിയുമായി നിലകൊണ്ടു. അമ്പാടിയൊന്നാകെ പരിശുദ്ധമായ ആ പുഞ്ചിരിയിലേയ്ക്ക് ഒരുനിമിഷം നോക്കിയശേഷം ഗോവര്‍ദ്ധനത്തിന്റെ അടിയിലെ നനവില്ലായ്മയുടെയും ചൂടിന്റെയും സാന്ത്വനം തേടി. ഏഴുപകലും ഏഴുരാത്രിയും മഹാവര്‍ഷത്തിന്റെയും പേക്കാറ്റിന്റെയും മുരള്‍ച്ചകള്‍ക്കുമേല്‍ കൃഷ്ണമുരളിയുടെ സംഗീതം മുഴങ്ങിപ്പടര്‍ന്നുനിന്നു.

അണക്കെട്ട് സുരക്ഷിതമാണെന്ന് വിദഗ്ദ്ധസമിതി സുപ്രീംകോടതിയില്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസത്തെ സന്ധ്യയില്‍ ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍ റഫീക്ക് ഉച്ചത്തില്‍ രോഷപ്പെട്ടു:

“ഇത് ചതിയാ. ഒരു ജനതേനല്ലേ ഓല് ഒറ്റുകൊടുത്തത്!”

ആരും അല്‍പ്പനിമിഷം പ്രതികരിച്ചില്ല. റഫീക്ക് അരികിലിരുന്ന സുഹൃത്തുക്കളെ നോക്കി. തന്നെപ്പോലെതന്നെ അവരും അപ്പോള്‍ മനുവിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് അയാള്‍ക്കറിയാമായിരുന്നു; മനു ഒഴികെ.

“ആര്‍ക്കറിയാം. ഒരുപക്ഷേ സമിതി പറയുന്നതാണ് ശരിയെങ്കിലോ.” ടിവിയിലേയ്ക്ക് തന്നെ നോക്കിക്കൊണ്ട് സങ്കോചത്തോടെയും സന്ദേഹത്തോടെയും രമേഷ് പതിയെ പറഞ്ഞു.

“അപ്പൊ മ്മളെ ഐഐട്ടിക്കാറെ ഈ റിപ്പോര്‍ട്ടെല്ലം പറേന്നതെന്ത്ന്നാ ?”

രമേഷ് അതിന് മറുപടി പറഞ്ഞില്ല. റഫീക്കിനെ അല്‍പ്പനേരം നോക്കിയിരുന്നിട്ട് അയാള്‍ വീണ്ടും ടിവിയിലേയ്ക്ക് മുഖം തിരിച്ചു.

മനു നിശബ്ദനായിരുന്നു. ഭാവരഹിതനായി അവന്‍ ടിവിയിലേയ്ക്ക് തന്നെ കണ്ണ് നട്ടിരുന്നു.

സമരം പുനരാരംഭിച്ചിരിക്കുന്നു.

വീണ്ടും സജീവമായ സമരപ്പന്തലിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ തെളിഞ്ഞപ്പോള്‍ പെട്ടെന്ന് അവന്‍ ഉറക്കെ, അല്‍പ്പം ആശ്ചര്യത്തോടെ, ചടുലമായി പറഞ്ഞു:

“അഭിയും സംഗീതേം!”

ആ സന്ധ്യയില്‍ മനു ആദ്യമായി ഉച്ചരിച്ച വാക്കുകള്‍ അവയായിരുന്നു.

ടിവിസ്ക്രീനിന്റെ താഴത്തെ പാതിയെ സ്വന്തമാക്കിയ സ്ക്രോളിംഗ് ന്യൂസുകള്‍ക്കും ഫ്ലാഷ് ന്യൂസുകള്‍ക്കും മേലെ, ആവേശക്കടലില്‍ വാക്കുകള്‍ക്ക് തപ്പുന്ന റിപ്പോര്‍ട്ടറുടെ വിക്കലുകള്‍ തീര്‍ത്ത പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, വീണ്ടും തെളിഞ്ഞ വീഡിയോക്ലിപ്പിംഗില്‍ സമരപ്പന്തലിലും പുറത്തുമായി നിരന്നിരിക്കുന്ന ആളുകള്‍ക്കിടയില്‍ സംഗീതയെ ചന്ദ്രമോഹന്‍ തിരിച്ചറിഞ്ഞു. സംഗീതയെപ്പോലെ അവളുടെ മടിയിലിരിക്കുന്ന അഭിമന്യുവും സമരവാക്യങ്ങള്‍ ഉരുവിടുന്നത് ദൃശ്യങ്ങളുടെ വിരസമായ ആവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു.

അന്ന് അത്താഴമേശയില്‍ മൌനവും വിളമ്പിയിരുന്നു.

“ചന്ദ്രേട്ടാ..”

രാത്രി ബാല്‍ക്കണിയിലെ ഇരുട്ടില്‍ അലുമിനിയം റെയിലില്‍ പിടിച്ചുനിന്നുകൊണ്ട് മനു വിളിച്ചു. ആ രാത്രി അവന്‍ രണ്ടാമതായി ഉച്ചരിച്ച വാക്ക്. മുന്നില്‍ മരുഭൂമികളുടെയും മരുപ്പച്ചകളുടെയും നാട് പലനിറങ്ങളുള്ള വെളിച്ചങ്ങളായി ഇരുട്ടില്‍ പരന്നുകിടന്നു.

“നമ്മുടെ നേതാക്കന്മാരാണോ.. അതോ ഈ... ജഡ്ജിമാരും വക്കീലന്മാരുമൊക്കെയാണോ.. ആരാ യൂദാസുകളിക്കുന്നേന്ന് മനസ്സിലാവുന്നില്ലെനിക്ക്.”

ഇരുളില്‍ കാണാനാവില്ലെങ്കിലും മനുവിന്റെ മുഖഭാവം എങ്ങനെയായിരിക്കുമെന്ന് ചന്ദ്രമോഹന് അപ്പോള്‍ അറിയാമായിരുന്നു. അവന്റെ മൂക്കിന്റെ ഇരുവശത്തുനിന്നും കവിളിലേയ്ക്ക് വീണുകിടക്കുന്ന വരകള്‍ രണ്ടും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ടാവും. കണ്ണുകള്‍ ചെറുതുമായിട്ടുണ്ടാവും.

പാലാ കഴിഞ്ഞ് കുറേ ചെന്നപ്പോള്‍ മനുവിന്റെ അനന്തിരവനായ കൌമാരക്കാരന് വയറ് കടഞ്ഞു. ഡ്രൈവര്‍ വണ്ടിനിര്‍ത്തി. പയ്യന്‍ ഛര്‍ദ്ദിക്കുന്ന നേരം ചന്ദ്രമോഹന്‍ അടുത്തുകണ്ട പീടികയില്‍നിന്ന് ഒരു സിഗരറ്റ് വാങ്ങിക്കത്തിച്ചു. നാടിന്റെ പുക! അയാള്‍ ആഞ്ഞ് വലിച്ചു. ചുമച്ചു. കഫം കെട്ടിക്കിടന്ന് കുറുകുന്ന നെഞ്ചില്‍ നിന്ന് ഒരു ചുമയ്ക്കുള്ള വിഹിതം വാങ്ങി അയാള്‍ നീട്ടിത്തുപ്പി. ഒറ്റദിവസം കൊണ്ട് അതിന് മഞ്ഞനിറമായിരിക്കുന്നു.

ഇരുട്ട് വീണുതുടങ്ങിയിരുന്നു. പച്ചനിറമുള്ള വഴികാട്ടിയിലെ “വിളക്കുമാടം” എന്ന അഞ്ച് അക്ഷരങ്ങളിലേയ്ക്ക് ആ ദേശം ഒതുങ്ങിയിരിക്കുന്നത് ചന്ദ്രമോഹന്‍ കണ്ടു.

അവര്‍ വണ്ടിയില്‍ കയറിയപ്പോഴേക്കും അവിടങ്ങളില്‍ ലോഡ്ഷെഡ്ഡിംഗ് ആരംഭിച്ചിരുന്നു. ഇരുളില്‍നിന്ന് വീണ്ടും ഇരുളിലേയ്ക്കാഴ്ന്ന വിളക്കുമാടത്തില്‍നിന്ന് വണ്ടി അകന്നകന്നു പോയി.

കടന്നുപോകുന്ന കാലത്തിന്റെ ഛായാഗ്രഹണമാണ് ഓര്‍മ്മകള്‍ - ഇരുളിന്റെ പാരാവാരത്തിലൂടെ രേഖീയമായി പറക്കുന്ന ഒരു മിന്നാമിനുങ്ങിനേപ്പോലെയോടിക്കൊണ്ടിരുന്ന വണ്ടിയിലിരുന്ന് ചന്ദ്രമോഹന്‍ ഓര്‍മ്മകളെ വെറുതെ നിര്‍വ്വചിച്ചു. രാവണന്‍കോട്ട പോലെയുള്ള മനസ്സിലെ തുടക്കവും ഒടുക്കവുമറിയാത്ത ഇടുങ്ങിയ ഊടുവഴികള്‍ക്ക് ഇരുപുറവുമുള്ള അസംഖ്യം ഭിത്തികളില്‍ അവ ഫ്രെയിം ചെയ്ത് തൂക്കിയിടപ്പെടുന്നു. ചിലതൊക്കെ ഒടുക്കം വരേയ്ക്കും നിലനില്‍ക്കും. ഭൂരിപക്ഷവും കാലപ്രയാണത്തില്‍ പഴകിമാഞ്ഞ് തിരിച്ചറിയാന്‍ പറ്റാതാവും. കാലം കാലത്താല്‍ തട്ടിയുടയ്ക്കപ്പെടും. കാലം കാലത്താല്‍! - അങ്ങനെ ചിന്തിച്ചപ്പോള്‍ ചന്ദ്രമോഹന് പെട്ടെന്ന് മനസ്സിരുണ്ടു.

അമൂര്‍ത്തമായ ആ അസ്വസ്ഥതയെ മറികടക്കുവാനും വണ്ടിയ്ക്കുള്ളിലെ നരച്ച ഇരുട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടും അയാള്‍ വീണ്ടും മനസ്സിനുള്ളില്‍ ഞാന്നുകിടന്ന നിമിഷങ്ങളുടെ തുടര്‍ച്ചകളെ തേടുവാന്‍ തുടങ്ങി.

രാവിലെ ടിവിയില്‍ സമിതിറിപ്പോര്‍ട്ടിനെ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് വിമര്‍ശിക്കുന്ന നേരത്ത്, മടിയിലിരുന്ന ലാപ്ടോപ്പില്‍ കുത്തഴിഞ്ഞുകിടന്ന ഫേസ്ബുക്കിന്റെ താളുകളില്‍ക്കൂടി ചന്ദ്രമോഹന്‍ സഞ്ചരിക്കുമ്പോള്‍ കിടക്കയില്‍ മനു വന്ന് ചേര്‍ന്നിരുന്നു. പെരിയാര്‍ വീണ്ടും ഫേസ്ബുക്കിന്റെ ഇടങ്ങളില്‍ ഒഴുകിത്തുടങ്ങിയിരിക്കുന്നു. കൊള്ളാമെന്ന് തോന്നിയ ചില സമരാഹ്വാനചിത്രങ്ങള്‍ ചന്ദ്രമോഹന്‍ ഷെയര്‍ ചെയ്തു. മടുത്തപ്പോള്‍ രമേഷ് അയച്ച റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് അയാള്‍ ഫാംവില്ലയിലേയ്ക്ക് പ്രവേശിച്ചു.

കുറേനേരം കമ്പ്യൂട്ടര്‍ സ്ക്രീനിലേയ്ക്ക് നോക്കിയിരുന്നിട്ട് മനു ശബ്ദിച്ചു:

“ഏതാ ശരി ഏതാ തെറ്റെന്നെനിക്ക്..”

ഒരു നിമിഷം നിര്‍ത്തിയശേഷം അവന്‍ തുടര്‍ന്നു:

“അല്ലെങ്കി അതെന്തുമാകട്ടെ. എന്തേലുമൊന്ന് എത്രേം പെട്ടെന്ന് തീര്‍പ്പാക്കിയിരുന്നെ മതിയാരുന്നു. ഒഴിഞ്ഞുപോണമെന്നാണെങ്കി അതാകാമാരുന്നല്ലോ. ഈ അനിശ്ചിതത്വത്തിന്റെ ത്രിശങ്കുവില് ഒന്നുമൊന്നും മനസ്സിലാകാതെ, മനസ്സുവെന്ത് എത്രനാളിങ്ങനെ...” മനുവിന്റെ സംസാരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അര്‍ദ്ധോക്തികളെ ശ്രദ്ധിച്ചുകൊണ്ട്, ഉറക്കച്ചടവ് ഉണര്‍ന്നുകിടന്ന അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി ചന്ദ്രമോഹന്‍ ഇരുന്നു.

ചൂളക്കമ്പുകൊണ്ടുള്ള തൂണില്‍ കെട്ടിയ ട്യൂബ്ലൈറ്റിന്റെ വെളിച്ചത്തില്‍ കെ.ചപ്പാത്ത് ജംഗ്ഷനിലെ ചെറിയ സമരപ്പന്തല്‍ ഓടുന്ന വണ്ടിയിലിരുന്നുകൊണ്ട് ചന്ദ്രമോഹന്‍ കണ്ടു. സമരത്തിന്റെ ദിവസക്കണക്കുകള്‍ വെള്ളചോക്കുകൊണ്ട് എഴുതിപ്പിടിപ്പിച്ച ഒരു കറുത്ത പലകയ്ക്കരികില്‍ ഇരുന്നും കിടന്നും മയങ്ങുന്ന സമരക്കാര്‍. ഒരുപാട് ആളുകളൊന്നുമില്ല. പലദിവസങ്ങളുടെ പഴക്കമുള്ള സഹനജീവിതവും മേടവെയിലുകളും അവരെ സ്വപ്നങ്ങളും കൊതുകുമില്ലാത്ത മയക്കത്തില്‍ അലിയിച്ചുചേര്‍ത്തിരിക്കുന്നു.

അന്ന് ടിവിയില്‍ കണ്ട സമരപ്പന്തലിനെ രാത്രി ഒരു അഭയാര്‍ഥിക്യാമ്പ് പോലെയാക്കി മാറ്റിയിട്ടുണ്ട്. ടിവിയില്‍ വീണ്ടും സമരരംഗങ്ങള്‍ പ്രത്യക്ഷമായിട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, കൃത്യമായിപ്പറഞ്ഞാല്‍ ഇന്നലെ അര്‍ദ്ധരാത്രികഴിഞ്ഞനേരം ക്ഷീണിച്ച് മുറിയിലെത്തിയപ്പോള്‍ മനുവിന്റെ മേശപ്പുറത്ത് കിടന്നിരുന്ന സംഗീതയുടെ എഴുത്ത് ചന്ദ്രമോഹന്റെ മനസ്സിലേയ്ക്ക് പെട്ടെന്ന് കയറി വന്നു.

വിശേഷണങ്ങളൊന്നുമില്ലാതെയുള്ള “മനുവേട്ടാ” എന്ന സംബോധനയില്‍ നിന്ന് വീടിന്റെ അകത്തളത്തിലേയ്ക്ക് മോഹിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ പടരുന്ന എഴുത്തിന്റെ ക്രാഫ്റ്റ് അന്ന് അയാളില്‍ എന്നത്തെയും പോലെ കൌതുകം ജനിപ്പിച്ചില്ല.

“ഇന്ന് ഞങ്ങള്‍ സമരത്തിന് പോയി. അഭി മുദ്രാവാക്യം വിളിച്ചു. എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവനറിയില്ലായിരുന്നു. അവനെ ഭയപ്പെടുത്തേണ്ടെന്ന് അടുത്തിരുന്നവര്‍ പറഞ്ഞിട്ടും ഞാനവന് പറഞ്ഞുകൊടുത്തു, മനുവേട്ടാ. എനിക്കപ്പോള്‍ അങ്ങനെയാണ് തോന്നിയത്. കുറച്ചുമുമ്പ് ഞാന്‍ നോക്കുമ്പോള്‍ പിന്നാമ്പുറത്തുള്ള മാവിന്റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് അവന്‍ മുദ്രാവാക്യം വിളിക്കുന്നു, അഛന്‍ ഫോണ്‍ ചെയ്യുമ്പോള്‍ വിളിച്ചുകേള്‍പ്പിക്കാന്‍ പഠിക്കുകയാണെന്ന്. ”

രാത്രിയേറെ ആയിരുന്നു മനുവിന്റെ വീട്ടിലെത്തുമ്പോള്‍. എല്ലാവരും ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. ഒരു വീട്ടിലേയ്ക്ക് ശവവും പേറി ഒരു ആംബുലന്‍സ് കടന്നുവരുന്ന നിമിഷമാണ് ആ വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരന്തപൂര്‍ണമായ നിമിഷമെന്ന് ചന്ദ്രമോഹന് വണ്ടി വീട്ടുപടിക്കലെത്തിയപ്പോള്‍ തോന്നി. മരണം നേരത്തേ ദൂതെത്തിച്ചിട്ടുണ്ടെങ്കില്‍പ്പോലും, വീട്ടിലേയ്ക്കുള്ള വഴിയില്‍ക്കൂടി ആടിയുലഞ്ഞുവന്ന് ആംബുലന്‍സ് മുറ്റത്തിന്റെ അതിരില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അതികഠിനമായ ഒരു ശൈത്യം ആ വീടിന് മീതേയ്ക്ക് മൌനമായി വന്നുവീഴുന്നു. ആ ശൈത്യത്തിലും ഏവരുടെയും നെഞ്ചില്‍ വേവുന്നൊരു ഉഷ്ണം ഒരു നിമിഷാര്‍ദ്ധംകൊണ്ട് രൂപമെടുക്കുന്നു. അപ്പോള്‍ ഒരു മരണം പൂര്‍ണമാകുന്നു.

“എനിക്ക് നാട്ടിലൊന്ന് പോണം ചന്ദ്രേട്ടാ. ഒരു സമാധാനമില്ല.”

അത് പറയുമ്പോള്‍ മനുവിന്റെ മൂക്കിന്റെ ഇരുവശത്തുനിന്നും മീശയ്ക്ക് അതിരുതീര്‍ത്ത് താഴേക്ക് ഒഴുകിക്കിടക്കുന്ന വരകള്‍ രണ്ടു ചെറിയ കിടങ്ങുകളാകുന്നതും കണ്ണുകള്‍ ചെറുതാവുന്നതും ചന്ദ്രമോഹന്‍ കണ്ടു. പിന്നെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ചവിട്ടിനിന്നിരുന്ന കോണ്‍ക്രീറ്റിന്റെ മാന്ത്രികപ്പരവതാനിയിലേറിപ്പറന്ന്, ചന്ദ്രമോഹന്റെ കണ്ണിലെ കൃഷ്ണമണിയുടെ മദ്ധ്യത്തിലുള്ള ഇരുണ്ട കിണറിന്റെ അടിത്തട്ടില്‍ ചിരിയില്ലാതെ മനു കിടന്നു.

നനഞ്ഞകൈകൊണ്ട് കൊട്ടിമടുത്ത അഭിമന്യു കുന്നിനുമേലെ കനത്തുനിന്ന ആകാശത്തിന്റെ അകിടുകളിലേയ്ക്ക് നോക്കിനിന്നനേരത്ത് “സംഗീതേ,” എന്ന് മാത്രം എഴുതിയ വയലറ്റ് കടലാസ് അടങ്ങിയ പെട്ടി മനുവിന്റെ അനുജനെ ഏല്‍പ്പിച്ച് പുറത്തിറങ്ങിയ ചന്ദ്രമോഹന്‍ പിന്നാമ്പുറത്തേയ്ക്ക് നോക്കാതെ നേരെ നടന്നു. അവിടെ പിന്നാമ്പുറത്ത്, ചന്ദ്രമോഹനെ ഭയപ്പെടുത്തി താഴേയ്ക്ക് തൂങ്ങിനിന്ന ഗോവര്‍ദ്ധനപ്പാറയുടെ കീഴ്പ്രതലത്തിലേയ്ക്ക് തീയാളിപ്പിടിക്കുന്നുണ്ടായിരുന്നു.

*******************
അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.