2012, ജൂൺ 2, ശനിയാഴ്‌ച

ഗോവര്‍ദ്ധനം

വിമാനത്താവളത്തില്‍നിന്ന് സാങ്കേതികനടപടികളെല്ലാം കഴിഞ്ഞ് മനുവിനോടൊപ്പം ചന്ദ്രമോഹന്‍ പുറത്തിറങ്ങുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. ആദ്യത്തെ കാഴ്ചയെങ്കിലും നെടുമ്പാശേരി വിമാനത്താവളം ചന്ദ്രമോഹന് ഒട്ടും അപരിചിതമായി തോന്നിയില്ല. കുറച്ചുകൂടി വസ്തുനിഷ്ഠമായി പറഞ്ഞാല്‍, നെടുമ്പാശേരിയുടെ അപരിചിതത്വത്തെ ചന്ദ്രമോഹന്‍ ശ്രദ്ധിച്ചതേയില്ല.

വിമാനത്താവളത്തിനു വെളിയില്‍ ഒരു പറ്റം ആളുകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മുന്‍പ് കോഴിക്കോട് വിമാനമിറങ്ങുമ്പോഴൊന്നും ചന്ദ്രമോഹനെ സ്വീകരിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. കാത്തിരിപ്പുകളുടെ ഔപചാരികതകളെ ചന്ദ്രമോഹന്‍ വിലക്കിയിരുന്നു. ഒരു വാടകക്കാറില്‍ നേരെയങ്ങ് വീട്ടിലേയ്ക്ക് ചെല്ലും; അപ്രതീക്ഷിതമായി. വര്‍ഷം തോറും വീടിനെ ഞെട്ടിക്കുന്ന ആ നിമിഷമാണ് ചന്ദ്രമോഹന്‍ മനസ്സിലെ കലണ്ടറില്‍ എല്ലാ മടക്കയാത്രകളിലും ആദ്യം കുറിച്ചിടുന്നത്. ഇപ്പോള്‍ ഈ കാത്തുനില്‍പ്പ് ആദ്യത്തെ അനുഭവമാണ്. എങ്കിലും അവരൊന്നും തന്റെയാളുകളല്ലല്ലോ എന്നോര്‍ത്ത് വിഷമിക്കാന്‍ ചന്ദ്രമോഹന്‍ മിനക്കെട്ടില്ല. അവരെല്ലാം മനുവിന്റെ ആളുകളായിരുന്നു. മനുവിന്റെ അനുജനും അനന്തിരവനുമൊക്കെ.

വിമാനത്താവളത്തില്‍ നിന്ന് ദേശീയപാതയിലേയ്ക്കുള്ള റോഡിന്റെ വശങ്ങളില്‍ നിന്നിരുന്ന ഉയരം കൂടിയ വിളക്കുകാലുകള്‍ കഴുത്തുവളച്ച് വണ്ടിക്കുള്ളിലേയ്ക്ക് എത്തിനോക്കുന്നത് കണ്ടപ്പോള്‍ ചന്ദ്രമോഹന്‍ സംഗീതയുടെ എഴുത്തുകളെ ഓര്‍മ്മിച്ചു. മുടക്കം കൂടാതെ മാസത്തില്‍ രണ്ട് തവണ കടലുകടന്നെത്തുന്ന, ഇന്ത്യന്‍ തപാല്‍വകുപ്പ് പൊട്ടുകുത്തി സുന്ദരമാക്കിയ ആ ലക്കോട്ടുകള്‍ എപ്പോഴും മനസ്സില്‍ അനാവശ്യമായ ഒരു ആകാംക്ഷ ഉണര്‍ത്തിയിരുന്നു. പക്ഷേ ആദ്യമായി മനു സംഗീതയുടെ ഒരു കത്ത് തന്റെനേരെ നീട്ടിയപ്പോള്‍ പൊള്ളുന്നൊരു മണല്‍ക്കാറ്റ് പൊടുന്നനെ ഉള്ളിലൂടെ വീശിയതുപോലെയാണ് ചന്ദ്രമോഹന് തോന്നിയത് ; ഒരിക്കലും ആ കത്തുകള്‍ പൊട്ടിച്ചുനോക്കാനോ, കട്ടുവായിക്കാനോ ആഗ്രഹിച്ചിരുന്നില്ലെങ്കിലും.

ആ മുറിയില്‍ മറ്റാരെ തേടിയും അറബിക്കടല്‍ താണ്ടി കത്തുകള്‍ വന്നിരുന്നില്ല. ആ മുറിയില്‍ ആരുംതന്നെ ഒരിക്കല്‍ പോലും അക്ഷരങ്ങളെ കടലിനുകുറകേ ദൂതയച്ചിരുന്നുമില്ല. പക്ഷേ മനു ഓരോ രണ്ടാഴ്ചയിലും മണലാരണ്യങ്ങളിലിരുന്ന് നേര്‍ത്ത പിങ്ക് വരകളുള്ള, സ്നേഹത്തിന്റെ ഇളം വയലറ്റ് നിറമുള്ള കടലാസുകളില്‍ നീലമഷികൊണ്ട് ചെരിവില്ലാത്ത ഒഴുക്കുള്ള അക്ഷരങ്ങളില്‍ സംഗീതയ്ക്ക് കത്തുകളെഴുതി. അവയ്ക്ക് മറുപടിയായി വിശുദ്ധമായ തൂവെള്ളക്കടലാസുകളില്‍ കറുത്തമഷിയുടെ കരുത്തുറ്റ അക്ഷരങ്ങളുടെ പായ്ക്കപ്പലുകളിലേറി കൃത്യമായ ഇടവേളകളില്‍ സംഗീത കടലുകടന്നെത്തി.

മനു എഴുതിക്കൊണ്ടിരുന്ന കടലാസിലേയ്ക്ക് ഒന്നെത്തിനോക്കിയിട്ട് റഫീക്ക് ചിരിച്ചു:

“ഓനും ഓക്കും വട്ട് തെന്ന്യാ . അല്ലെങ്കിലാരെങ്കിലും ഇക്കാലത്തിങ്ങനയിരുന്നു കത്തയക്ക്വോ?”

മനു മിണ്ടിയില്ല. തിരിഞ്ഞ് വായ തുറന്നുള്ള, കുഞ്ഞുങ്ങളുടെ പ്രാചീനനിഷ്കളങ്കതയെ ഓര്‍മ്മിപ്പിക്കുന്ന അവന്റെ സ്വന്തം ചിരി ഒരിക്കല്‍ക്കൂടി പുറത്തുകാണിച്ചു.

ദേശീയപാതയില്‍ക്കൂടിക്കടന്നുപോയ ഏതോ മീന്‍വണ്ടിയുടെ ഉച്ചസ്ഥായിയിലുള്ള ഹോണ്‍ ശബ്ദം കേട്ടപ്പോഴാണ് നാട്ടിലെത്തിയെന്ന് ചന്ദ്രമോഹന് ബോധം വന്നത്. തലയ്ക്ക് സമീപത്തെ സ്ലൈഡിംഗ് വിന്‍ഡോ അല്‍പ്പമൊന്ന് നീക്കി അയാള്‍ പുറത്തേയ്ക്ക് നോക്കി. പോക്കുവെയിലും പൊടിക്കാറ്റും ഒരുമിച്ചാണ് ജാലകത്തിലൂടെ അകത്തേയ്ക്ക് കടന്നുവന്നത്.

“എല്ലാ ആഴ്ചേം ഫോണ്‍ ചെയ്യുന്നുണ്ട്. എല്ലാരോടും സംസാരിക്കുന്നുണ്ട്. പക്ഷേ ഈ എഴുത്തുകളാണ് ചന്ദ്രേട്ടാ എന്നെ ഈ ദുബായില് ജീവിപ്പിക്കുന്നെ.” ഒരു ദിവസം മനു പറഞ്ഞു.

റഫീക്കിനോടും രമേഷിനോടും പറയാത്ത കാര്യങ്ങള്‍ ചന്ദ്രമോഹനോട് മനു പറഞ്ഞു. സംഗീതയ്ക്കുള്ള എഴുത്തില്‍ ചന്ദ്രമോഹനെക്കുറിച്ച് ധാരാളമായി എഴുതി. ഒടുവിലൊരു ദിവസം ചന്ദ്രമോഹനോട് പറയാന്‍ സംഗീതയെഴുതിയ വാക്കുകളുമായി വന്ന ഒരു കത്ത് നീട്ടിപ്പിടിച്ചുകൊണ്ട് മനു നിന്നു.

“ഇക്കിളിയൊന്നുമില്ല കേട്ടോ.” മനുവിന്റെ സ്വതസിദ്ധമായ ചിരിയില്‍ കുസൃതി പുരണ്ടു.

സത്യമായിരുന്നു. വളരെ സാധാരണമായ വീട്ടുവിശേഷങ്ങളുടെ കൊച്ചുവര്‍ത്തമാനങ്ങളായിരുന്നു ആ കത്തുകളിലെല്ലാം. പക്ഷേ കുനുകുനായെന്നുള്ള, ഉരുണ്ട ആ അക്ഷരങ്ങള്‍ക്കിടയില്‍ മനുവിന് മാത്രം കാണാനാവുന്ന, അനുഭവിക്കാനാവുന്ന ഇക്കിളികള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ചന്ദ്രമോഹന്‍ വിശ്വസിച്ചു.

ആ എഴുത്തുകളില്‍ കൂടി മനു നാട്ടിലെ പോക്കുവെയില്‍ വിശ്രമിക്കുവാനിറങ്ങിക്കിടക്കുന്ന മലഞ്ചെരുവുകളിലൂടെ മുണ്ട് മാടിക്കുത്തി അഭിമന്യുവിന്റെ കൈപിടിച്ച് നടന്നു. വീടിനുള്ളില്‍ ഇരുള്‍ നിശബ്ദം കുറുകുന്ന ഊണുമുറിയിലിരുന്ന് ചക്കപ്പുഴുക്കും കടുമാങ്ങാക്കറിയും കുഴച്ച് തിന്നു. സംഗീതയുടെ തിണര്‍പ്പുകളിലും വിയര്‍പ്പുകളിലും ചുംബിച്ചു.

“സംഗീത നല്ലൊരു എഴുത്തുകാരിയാണ്. സാധാരണവാക്കുകളോണ്ട് എത്ര ഭംഗ്യായി കത്തെഴുതുന്നു. അവള്‍ക്ക് കത്തെഴുതണേന്റെ ക്രാഫ്റ്റ് അറിയാം.” ഒരു ദിവസം ചന്ദ്രമോഹന്‍ പറഞ്ഞു.

അപ്പോഴും മനു ചിരിച്ചു. പിന്നെ പറഞ്ഞു :

“കാലം കുറേയായില്ലേ ചന്ദ്രേട്ടാ ഈ പണി തുടങ്ങിയിട്ട്.”

വിശുദ്ധമായി, ധ്യാനം ചെയ്യും പോലെ, രതി അനുഷ്ഠിക്കും പോലെയാണ് മനു എഴുത്തുകളെഴുതുന്നതെന്ന് ഒരിക്കല്‍ ശൂന്യമായ കടലാസിനുമേല്‍ അടപ്പുതുറന്ന പേനവച്ച് നിശബ്ദനായി കണ്ണടച്ചിരിക്കുന്ന മനുവിനെക്കണ്ടപ്പോള്‍ ചന്ദ്രമോഹന് തോന്നി. അങ്ങനെ, രണ്ടാഴ്ച കൂടുമ്പോള്‍ മനു എഴുത്തുകളില്‍ക്കൂടി സംഗീതയുമായി രതിയും ധ്യാനവും പങ്കുവച്ചു.

ആലുവാപ്പാലം താണ്ടി ഇളകിയാടി മൂര്‍ത്തമായ കാറ്റായി വണ്ടി ഒഴുകിക്കൊണ്ടിരുന്നു. അങ്ങനെ പൊയ്ക്കൊണ്ടിരുന്നപ്പോള്‍ വഴുക്കുന്ന ചുവന്ന മണ്ണുള്ള വയനാട്ടിലെ തണുത്ത ഗ്രാമത്തില്‍നിന്ന് മാനന്തവാടിക്കുള്ള ജീപ്പില്‍ യാത്ര ചെയ്തിരുന്ന കുട്ടിക്കാലത്തെ ചന്ദ്രമോഹന്‍ വീണ്ടെടുത്തു. വയനാടിന്റെ വളവുകളും, വണ്ടിയുടെ കുടുക്കവും, ജീപ്പിനെയും സീറ്റിനെയും പൊതിയുന്ന റെക്സീനിന്റെ മണവും എല്ലാ യാത്രകളിലും ചന്ദ്രമോഹനെ ഛര്‍ദ്ദിപ്പിച്ചു. എല്ലാ യാത്രകള്‍ക്കൊടുവിലും ചന്ദ്രമോഹന് തലവേദന നല്‍കി.

“പിന്നെ മനുവേട്ടാ, ഇന്നലെ ഇവിടെ ഭൂമികുലുക്കമുണ്ടായി. പടിയേല്‍ നിന്നിരുന്ന അഭി വേച്ചുവീണു. വീണിടത്തുനിന്ന് അവന്‍ എഴുന്നേറ്റോടിയതെങ്ങോട്ടാരുന്നെന്നോ. നമ്മുടെ ഗോവര്‍ദ്ധനം വീണോന്ന് നോക്കാന്‍.” സംഗീതയുടെ എഴുത്ത് മനു ചന്ദ്രമോഹനെ കാണിക്കുമ്പോള്‍ കിഴക്ക് സമുദ്രത്തിന്നാഴങ്ങളില്‍ ഭൂമിയുടെ ഗൂഢഗര്‍ഭങ്ങള്‍ ഒരു മാത്ര കുതികൊണ്ടിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിരുന്നു. ആ ഭൂമികുലുക്കത്തിന്റെ ഉച്ചനേരത്ത്, നാട്ടിലെ അണക്കെട്ടില്‍ തിരയിളക്കമുണ്ടായെന്ന് വാര്‍ത്ത കണ്ടതിന് ശേഷം മനു ഭക്ഷണം കഴിച്ചില്ല. തലവേദനയെന്ന് പറഞ്ഞ് കിടന്ന അവന്‍ അന്ന് രാത്രിയില്‍ ഛര്‍ദ്ദിക്കുകയും വയറിളകുകയും ചെയ്തു.

ഒരിക്കല്‍ ഒരവധിക്ക് ഒരുമിച്ച് നാട്ടില്‍ ചെന്നപ്പോള്‍ മനുവിന്റെ വീട്ടില്‍ പോയിരുന്നു. വീടിന്റെ പിന്നാമ്പുറത്ത് മുണ്ട് മാടിക്കുത്തി നിന്ന് അവന്‍ ദൂരേയ്ക്ക് ചൂണ്ടിക്കാണിച്ചു.

“ആക്കാണുന്നതാണ് മുല്ലപ്പെരിയാര്‍ ഡാം.”

ചന്ദ്രമോഹന്‍ സംഗീതയുണ്ടാക്കിയ ഏലക്കാച്ചായ മൊത്തിക്കുടിച്ചുകൊണ്ട് മാവിന്റെ ചുവട്ടില്‍ നിന്നു. ദൂരെ, തെളിഞ്ഞ ആകാശത്തിന്റെ അടിവാരത്ത്, പ്രകൃതിയുടെ നിംനരഹസ്യത്തിലെ കറുത്തുനേരിയ ഒരു കളങ്കം പോലെ അണക്കെട്ട് കിടന്നിരുന്നു.

“ഇത്ര കാലവും കടം വീട്ടാനായി പോയി; എഞ്ചിനീയറായതിന്റേം കല്യാണം കഴിച്ചതിന്റേമൊക്കെ. ഇനിയെനിക്കിത്തിരി സ്ഥലം വാങ്ങണം, ദൂരെയെവിടേലും. ഇവിടിനീമിങ്ങനെ വയ്യ. ” മനു പറഞ്ഞു.

പ്രയാണങ്ങളുടെ, പലായനങ്ങളുടെ ആവര്‍ത്തനം - ചന്ദ്രമോഹന്‍ ഓര്‍ത്തു. പത്തുനൂറ് വര്‍ഷം മുന്‍പൊരു പുലരിയിലാണ് ജീവനാര്‍ത്ഥം മനുവിന്റെ മുതുമുത്തച്ഛന്‍ ചങ്ങനാശേരിക്കാരന്‍ ശങ്കരന്‍ കിഴക്ക്, മഞ്ഞ് പുകപോലെ പൊതിഞ്ഞുനിന്ന കുന്നുകളുടെ തണുതേടിയെത്തിയത്. കുന്നിന്റെ അരിക് ചെത്തിയിറക്കി അയാള്‍ നിരപ്പുള്ള തട്ടുകളാക്കി അവയിലൊന്നില്‍ കുടിവെച്ചു. വെള്ളം മാറിയ, ഉണങ്ങിത്തുടങ്ങിയ ചെളിമണ്ണില്‍ മനുവിന്റെ പിതൃക്കള്‍ വേരുകളോട്ടി, ആ വേരുകള്‍ക്ക് അവരുടെതന്നെ വിയര്‍പ്പിന്റെ ഈര്‍പ്പമിറ്റിച്ച് വളര്‍ന്നുകൊഴിഞ്ഞു.

“അതാണ് ഞങ്ങടെ ഗോവര്‍ദ്ധനപ്പാറ!”

വീടിനുപുറകിലെ പന്ത്രണ്ടടിയോളം ഉയരമുള്ള, കീഴ്ക്കാംതൂക്കായ ചുവന്ന കുന്നിന്‍ഭിത്തിയുടെ മുകളില്‍നിന്ന് താഴെ, വായുവിലേയ്ക്ക് പകുതിയോളം തള്ളിനിന്ന ഭീമാകാരമായ പാറയിലേയ്ക്ക് ഒഴിഞ്ഞ ചായക്കോപ്പയും കൈയ്യില്‍ പിടിച്ച് ചന്ദ്രമോഹന്‍ നോക്കിനിന്നപ്പോള്‍ സംഗീത പറഞ്ഞു. പാറ ഇപ്പോള്‍ വീടിനുമുകളിലേയ്ക്ക് വീഴുമെന്ന് ചന്ദ്രമോഹന് തോന്നി.

അയാള്‍ കൌതുകത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

“ചന്ദ്രേട്ടന്‍ നോക്കിക്കേ. അദൃശ്യനായ ആരോ താങ്ങി നിര്‍ത്തിയിരിക്കുന്നപോലല്ലേ അത്.” കത്തുകളില്‍ക്കൂടി സിദ്ധിച്ച സ്വാതന്ത്ര്യം സംഗീതയുടെ ശബ്ദത്തിലുണ്ടായിരുന്നു.

“ഭഗവാന്‍ കൃഷ്ണനാണത് താങ്ങുന്നേന്നാ അപ്പൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പണ്ട് ഗോവര്‍ദ്ധനം താങ്ങിയതുപോലെ.”

പെട്ടെന്ന് വയനാട്ടിലെ സാന്ധ്യമഞ്ഞ് കലര്‍ന്ന ഇരുളില്‍ ചാണകം മെഴുകിയ ഉമ്മറത്തറയുടെ തണുപ്പില്‍ നിലവിളക്ക് തെളിഞ്ഞു. ചന്ദ്രമോഹന്‍ മുത്തശ്ശിയുടെ ഭസ്മഗന്ധത്തില്‍ അലിഞ്ഞുചേര്‍ന്നു.

“മുത്തശ്ശീടെ ചന്ത്വേ,” തലമുറകളുടെ സ്നേഹം വിളിച്ചു.

“അങ്ങിനെ എല്ലാരും പൂജ ചെയ്യണ സമേത്ത് ദേവേന്ദ്രന്‍ കോപിച്ച് പൂക്കുലകണക്കങ്ങ് തുള്ളാന്‍ തൊടങ്ങീത്രേ!”

മുത്തശ്ശി ചന്ദ്രമോഹനെയുംകൊണ്ട് കാലങ്ങള്‍ക്കുകുറുകെയുള്ള യാത്ര ആരംഭിച്ചു.

ഇന്ദ്രന്‍ തീക്ഷ്ണമായി കോപിച്ചു. ആകാശത്തിന്റെ അകിടുകള്‍ കനത്ത് ഘനശ്യാമങ്ങളായി. അതിന്റെ ഞരമ്പുകളില്‍ കൂടി ആലക്തികരേണുക്കള്‍ പാഞ്ഞു. അദൃശ്യമായ മുലക്കണ്ണുകള്‍ തുടിച്ച് നിന്നു. ആ തുടിപ്പുകളുടെ മുഴക്കങ്ങളില്‍ ദിഗന്തങ്ങള്‍ വിറകൊണ്ടു. പ്രളയവാതത്തില്‍ അന്തരീക്ഷം കടഞ്ഞു. ഇന്ദ്രകോപത്തിന്റെ അതിമര്‍ദ്ദത്തില്‍ ആകാശം ചുരന്നു. ആദിമാരിയെ ഓര്‍മ്മിപ്പിച്ച മഴയുടെ കുടംകണക്കിനുള്ള തുള്ളികള്‍ക്കിടയിലൂടെ, ദധീചിയുടെ കശേരുക്കളില്‍നിന്ന് ഉയിര്‍കൊണ്ട വെളുത്ത കൊള്ളിമീനുകള്‍ പരസ്പരം പിണഞ്ഞ് ഭൂമിയിലേയ്ക്ക് പുളഞ്ഞിറങ്ങി. ലോകം ഇരുണ്ട്, നനഞ്ഞ്, ഭയത്തില്‍ കുളുര്‍ന്നു. അപ്പോള്‍ ഒരു മിന്നലിന്റെ അപാരമായ പ്രകാശനിമിഷത്തിലേയ്ക്ക് ആകാശത്തേക്കാളുയരത്തില്‍ ഗോവര്‍ദ്ധനപര്‍വ്വതം ഉയര്‍ന്നുവന്നു. ചെറുവിരലിന്റെ തുമ്പില്‍ ഗോവര്‍ദ്ധനത്തിന്റെ ഭൂഗുരുത്വരഹസ്യങ്ങളെയത്രയും ഒളിപ്പിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അതുല്യമായ പുഞ്ചിരിയുമായി നിലകൊണ്ടു. അമ്പാടിയൊന്നാകെ പരിശുദ്ധമായ ആ പുഞ്ചിരിയിലേയ്ക്ക് ഒരുനിമിഷം നോക്കിയശേഷം ഗോവര്‍ദ്ധനത്തിന്റെ അടിയിലെ നനവില്ലായ്മയുടെയും ചൂടിന്റെയും സാന്ത്വനം തേടി. ഏഴുപകലും ഏഴുരാത്രിയും മഹാവര്‍ഷത്തിന്റെയും പേക്കാറ്റിന്റെയും മുരള്‍ച്ചകള്‍ക്കുമേല്‍ കൃഷ്ണമുരളിയുടെ സംഗീതം മുഴങ്ങിപ്പടര്‍ന്നുനിന്നു.

അണക്കെട്ട് സുരക്ഷിതമാണെന്ന് വിദഗ്ദ്ധസമിതി സുപ്രീംകോടതിയില്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ച ദിവസത്തെ സന്ധ്യയില്‍ ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരുന്നപ്പോള്‍ റഫീക്ക് ഉച്ചത്തില്‍ രോഷപ്പെട്ടു:

“ഇത് ചതിയാ. ഒരു ജനതേനല്ലേ ഓല് ഒറ്റുകൊടുത്തത്!”

ആരും അല്‍പ്പനിമിഷം പ്രതികരിച്ചില്ല. റഫീക്ക് അരികിലിരുന്ന സുഹൃത്തുക്കളെ നോക്കി. തന്നെപ്പോലെതന്നെ അവരും അപ്പോള്‍ മനുവിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് അയാള്‍ക്കറിയാമായിരുന്നു; മനു ഒഴികെ.

“ആര്‍ക്കറിയാം. ഒരുപക്ഷേ സമിതി പറയുന്നതാണ് ശരിയെങ്കിലോ.” ടിവിയിലേയ്ക്ക് തന്നെ നോക്കിക്കൊണ്ട് സങ്കോചത്തോടെയും സന്ദേഹത്തോടെയും രമേഷ് പതിയെ പറഞ്ഞു.

“അപ്പൊ മ്മളെ ഐഐട്ടിക്കാറെ ഈ റിപ്പോര്‍ട്ടെല്ലം പറേന്നതെന്ത്ന്നാ ?”

രമേഷ് അതിന് മറുപടി പറഞ്ഞില്ല. റഫീക്കിനെ അല്‍പ്പനേരം നോക്കിയിരുന്നിട്ട് അയാള്‍ വീണ്ടും ടിവിയിലേയ്ക്ക് മുഖം തിരിച്ചു.

മനു നിശബ്ദനായിരുന്നു. ഭാവരഹിതനായി അവന്‍ ടിവിയിലേയ്ക്ക് തന്നെ കണ്ണ് നട്ടിരുന്നു.

സമരം പുനരാരംഭിച്ചിരിക്കുന്നു.

വീണ്ടും സജീവമായ സമരപ്പന്തലിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ തെളിഞ്ഞപ്പോള്‍ പെട്ടെന്ന് അവന്‍ ഉറക്കെ, അല്‍പ്പം ആശ്ചര്യത്തോടെ, ചടുലമായി പറഞ്ഞു:

“അഭിയും സംഗീതേം!”

ആ സന്ധ്യയില്‍ മനു ആദ്യമായി ഉച്ചരിച്ച വാക്കുകള്‍ അവയായിരുന്നു.

ടിവിസ്ക്രീനിന്റെ താഴത്തെ പാതിയെ സ്വന്തമാക്കിയ സ്ക്രോളിംഗ് ന്യൂസുകള്‍ക്കും ഫ്ലാഷ് ന്യൂസുകള്‍ക്കും മേലെ, ആവേശക്കടലില്‍ വാക്കുകള്‍ക്ക് തപ്പുന്ന റിപ്പോര്‍ട്ടറുടെ വിക്കലുകള്‍ തീര്‍ത്ത പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ, വീണ്ടും തെളിഞ്ഞ വീഡിയോക്ലിപ്പിംഗില്‍ സമരപ്പന്തലിലും പുറത്തുമായി നിരന്നിരിക്കുന്ന ആളുകള്‍ക്കിടയില്‍ സംഗീതയെ ചന്ദ്രമോഹന്‍ തിരിച്ചറിഞ്ഞു. സംഗീതയെപ്പോലെ അവളുടെ മടിയിലിരിക്കുന്ന അഭിമന്യുവും സമരവാക്യങ്ങള്‍ ഉരുവിടുന്നത് ദൃശ്യങ്ങളുടെ വിരസമായ ആവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു.

അന്ന് അത്താഴമേശയില്‍ മൌനവും വിളമ്പിയിരുന്നു.

“ചന്ദ്രേട്ടാ..”

രാത്രി ബാല്‍ക്കണിയിലെ ഇരുട്ടില്‍ അലുമിനിയം റെയിലില്‍ പിടിച്ചുനിന്നുകൊണ്ട് മനു വിളിച്ചു. ആ രാത്രി അവന്‍ രണ്ടാമതായി ഉച്ചരിച്ച വാക്ക്. മുന്നില്‍ മരുഭൂമികളുടെയും മരുപ്പച്ചകളുടെയും നാട് പലനിറങ്ങളുള്ള വെളിച്ചങ്ങളായി ഇരുട്ടില്‍ പരന്നുകിടന്നു.

“നമ്മുടെ നേതാക്കന്മാരാണോ.. അതോ ഈ... ജഡ്ജിമാരും വക്കീലന്മാരുമൊക്കെയാണോ.. ആരാ യൂദാസുകളിക്കുന്നേന്ന് മനസ്സിലാവുന്നില്ലെനിക്ക്.”

ഇരുളില്‍ കാണാനാവില്ലെങ്കിലും മനുവിന്റെ മുഖഭാവം എങ്ങനെയായിരിക്കുമെന്ന് ചന്ദ്രമോഹന് അപ്പോള്‍ അറിയാമായിരുന്നു. അവന്റെ മൂക്കിന്റെ ഇരുവശത്തുനിന്നും കവിളിലേയ്ക്ക് വീണുകിടക്കുന്ന വരകള്‍ രണ്ടും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ടാവും. കണ്ണുകള്‍ ചെറുതുമായിട്ടുണ്ടാവും.

പാലാ കഴിഞ്ഞ് കുറേ ചെന്നപ്പോള്‍ മനുവിന്റെ അനന്തിരവനായ കൌമാരക്കാരന് വയറ് കടഞ്ഞു. ഡ്രൈവര്‍ വണ്ടിനിര്‍ത്തി. പയ്യന്‍ ഛര്‍ദ്ദിക്കുന്ന നേരം ചന്ദ്രമോഹന്‍ അടുത്തുകണ്ട പീടികയില്‍നിന്ന് ഒരു സിഗരറ്റ് വാങ്ങിക്കത്തിച്ചു. നാടിന്റെ പുക! അയാള്‍ ആഞ്ഞ് വലിച്ചു. ചുമച്ചു. കഫം കെട്ടിക്കിടന്ന് കുറുകുന്ന നെഞ്ചില്‍ നിന്ന് ഒരു ചുമയ്ക്കുള്ള വിഹിതം വാങ്ങി അയാള്‍ നീട്ടിത്തുപ്പി. ഒറ്റദിവസം കൊണ്ട് അതിന് മഞ്ഞനിറമായിരിക്കുന്നു.

ഇരുട്ട് വീണുതുടങ്ങിയിരുന്നു. പച്ചനിറമുള്ള വഴികാട്ടിയിലെ “വിളക്കുമാടം” എന്ന അഞ്ച് അക്ഷരങ്ങളിലേയ്ക്ക് ആ ദേശം ഒതുങ്ങിയിരിക്കുന്നത് ചന്ദ്രമോഹന്‍ കണ്ടു.

അവര്‍ വണ്ടിയില്‍ കയറിയപ്പോഴേക്കും അവിടങ്ങളില്‍ ലോഡ്ഷെഡ്ഡിംഗ് ആരംഭിച്ചിരുന്നു. ഇരുളില്‍നിന്ന് വീണ്ടും ഇരുളിലേയ്ക്കാഴ്ന്ന വിളക്കുമാടത്തില്‍നിന്ന് വണ്ടി അകന്നകന്നു പോയി.

കടന്നുപോകുന്ന കാലത്തിന്റെ ഛായാഗ്രഹണമാണ് ഓര്‍മ്മകള്‍ - ഇരുളിന്റെ പാരാവാരത്തിലൂടെ രേഖീയമായി പറക്കുന്ന ഒരു മിന്നാമിനുങ്ങിനേപ്പോലെയോടിക്കൊണ്ടിരുന്ന വണ്ടിയിലിരുന്ന് ചന്ദ്രമോഹന്‍ ഓര്‍മ്മകളെ വെറുതെ നിര്‍വ്വചിച്ചു. രാവണന്‍കോട്ട പോലെയുള്ള മനസ്സിലെ തുടക്കവും ഒടുക്കവുമറിയാത്ത ഇടുങ്ങിയ ഊടുവഴികള്‍ക്ക് ഇരുപുറവുമുള്ള അസംഖ്യം ഭിത്തികളില്‍ അവ ഫ്രെയിം ചെയ്ത് തൂക്കിയിടപ്പെടുന്നു. ചിലതൊക്കെ ഒടുക്കം വരേയ്ക്കും നിലനില്‍ക്കും. ഭൂരിപക്ഷവും കാലപ്രയാണത്തില്‍ പഴകിമാഞ്ഞ് തിരിച്ചറിയാന്‍ പറ്റാതാവും. കാലം കാലത്താല്‍ തട്ടിയുടയ്ക്കപ്പെടും. കാലം കാലത്താല്‍! - അങ്ങനെ ചിന്തിച്ചപ്പോള്‍ ചന്ദ്രമോഹന് പെട്ടെന്ന് മനസ്സിരുണ്ടു.

അമൂര്‍ത്തമായ ആ അസ്വസ്ഥതയെ മറികടക്കുവാനും വണ്ടിയ്ക്കുള്ളിലെ നരച്ച ഇരുട്ടിലിരുന്ന് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടും അയാള്‍ വീണ്ടും മനസ്സിനുള്ളില്‍ ഞാന്നുകിടന്ന നിമിഷങ്ങളുടെ തുടര്‍ച്ചകളെ തേടുവാന്‍ തുടങ്ങി.

രാവിലെ ടിവിയില്‍ സമിതിറിപ്പോര്‍ട്ടിനെ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് വിമര്‍ശിക്കുന്ന നേരത്ത്, മടിയിലിരുന്ന ലാപ്ടോപ്പില്‍ കുത്തഴിഞ്ഞുകിടന്ന ഫേസ്ബുക്കിന്റെ താളുകളില്‍ക്കൂടി ചന്ദ്രമോഹന്‍ സഞ്ചരിക്കുമ്പോള്‍ കിടക്കയില്‍ മനു വന്ന് ചേര്‍ന്നിരുന്നു. പെരിയാര്‍ വീണ്ടും ഫേസ്ബുക്കിന്റെ ഇടങ്ങളില്‍ ഒഴുകിത്തുടങ്ങിയിരിക്കുന്നു. കൊള്ളാമെന്ന് തോന്നിയ ചില സമരാഹ്വാനചിത്രങ്ങള്‍ ചന്ദ്രമോഹന്‍ ഷെയര്‍ ചെയ്തു. മടുത്തപ്പോള്‍ രമേഷ് അയച്ച റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് അയാള്‍ ഫാംവില്ലയിലേയ്ക്ക് പ്രവേശിച്ചു.

കുറേനേരം കമ്പ്യൂട്ടര്‍ സ്ക്രീനിലേയ്ക്ക് നോക്കിയിരുന്നിട്ട് മനു ശബ്ദിച്ചു:

“ഏതാ ശരി ഏതാ തെറ്റെന്നെനിക്ക്..”

ഒരു നിമിഷം നിര്‍ത്തിയശേഷം അവന്‍ തുടര്‍ന്നു:

“അല്ലെങ്കി അതെന്തുമാകട്ടെ. എന്തേലുമൊന്ന് എത്രേം പെട്ടെന്ന് തീര്‍പ്പാക്കിയിരുന്നെ മതിയാരുന്നു. ഒഴിഞ്ഞുപോണമെന്നാണെങ്കി അതാകാമാരുന്നല്ലോ. ഈ അനിശ്ചിതത്വത്തിന്റെ ത്രിശങ്കുവില് ഒന്നുമൊന്നും മനസ്സിലാകാതെ, മനസ്സുവെന്ത് എത്രനാളിങ്ങനെ...” മനുവിന്റെ സംസാരത്തില്‍ വര്‍ദ്ധിച്ചുവരുന്ന അര്‍ദ്ധോക്തികളെ ശ്രദ്ധിച്ചുകൊണ്ട്, ഉറക്കച്ചടവ് ഉണര്‍ന്നുകിടന്ന അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി ചന്ദ്രമോഹന്‍ ഇരുന്നു.

ചൂളക്കമ്പുകൊണ്ടുള്ള തൂണില്‍ കെട്ടിയ ട്യൂബ്ലൈറ്റിന്റെ വെളിച്ചത്തില്‍ കെ.ചപ്പാത്ത് ജംഗ്ഷനിലെ ചെറിയ സമരപ്പന്തല്‍ ഓടുന്ന വണ്ടിയിലിരുന്നുകൊണ്ട് ചന്ദ്രമോഹന്‍ കണ്ടു. സമരത്തിന്റെ ദിവസക്കണക്കുകള്‍ വെള്ളചോക്കുകൊണ്ട് എഴുതിപ്പിടിപ്പിച്ച ഒരു കറുത്ത പലകയ്ക്കരികില്‍ ഇരുന്നും കിടന്നും മയങ്ങുന്ന സമരക്കാര്‍. ഒരുപാട് ആളുകളൊന്നുമില്ല. പലദിവസങ്ങളുടെ പഴക്കമുള്ള സഹനജീവിതവും മേടവെയിലുകളും അവരെ സ്വപ്നങ്ങളും കൊതുകുമില്ലാത്ത മയക്കത്തില്‍ അലിയിച്ചുചേര്‍ത്തിരിക്കുന്നു.

അന്ന് ടിവിയില്‍ കണ്ട സമരപ്പന്തലിനെ രാത്രി ഒരു അഭയാര്‍ഥിക്യാമ്പ് പോലെയാക്കി മാറ്റിയിട്ടുണ്ട്. ടിവിയില്‍ വീണ്ടും സമരരംഗങ്ങള്‍ പ്രത്യക്ഷമായിട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, കൃത്യമായിപ്പറഞ്ഞാല്‍ ഇന്നലെ അര്‍ദ്ധരാത്രികഴിഞ്ഞനേരം ക്ഷീണിച്ച് മുറിയിലെത്തിയപ്പോള്‍ മനുവിന്റെ മേശപ്പുറത്ത് കിടന്നിരുന്ന സംഗീതയുടെ എഴുത്ത് ചന്ദ്രമോഹന്റെ മനസ്സിലേയ്ക്ക് പെട്ടെന്ന് കയറി വന്നു.

വിശേഷണങ്ങളൊന്നുമില്ലാതെയുള്ള “മനുവേട്ടാ” എന്ന സംബോധനയില്‍ നിന്ന് വീടിന്റെ അകത്തളത്തിലേയ്ക്ക് മോഹിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ പടരുന്ന എഴുത്തിന്റെ ക്രാഫ്റ്റ് അന്ന് അയാളില്‍ എന്നത്തെയും പോലെ കൌതുകം ജനിപ്പിച്ചില്ല.

“ഇന്ന് ഞങ്ങള്‍ സമരത്തിന് പോയി. അഭി മുദ്രാവാക്യം വിളിച്ചു. എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവനറിയില്ലായിരുന്നു. അവനെ ഭയപ്പെടുത്തേണ്ടെന്ന് അടുത്തിരുന്നവര്‍ പറഞ്ഞിട്ടും ഞാനവന് പറഞ്ഞുകൊടുത്തു, മനുവേട്ടാ. എനിക്കപ്പോള്‍ അങ്ങനെയാണ് തോന്നിയത്. കുറച്ചുമുമ്പ് ഞാന്‍ നോക്കുമ്പോള്‍ പിന്നാമ്പുറത്തുള്ള മാവിന്റെ ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന് അവന്‍ മുദ്രാവാക്യം വിളിക്കുന്നു, അഛന്‍ ഫോണ്‍ ചെയ്യുമ്പോള്‍ വിളിച്ചുകേള്‍പ്പിക്കാന്‍ പഠിക്കുകയാണെന്ന്. ”

രാത്രിയേറെ ആയിരുന്നു മനുവിന്റെ വീട്ടിലെത്തുമ്പോള്‍. എല്ലാവരും ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. ഒരു വീട്ടിലേയ്ക്ക് ശവവും പേറി ഒരു ആംബുലന്‍സ് കടന്നുവരുന്ന നിമിഷമാണ് ആ വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരന്തപൂര്‍ണമായ നിമിഷമെന്ന് ചന്ദ്രമോഹന് വണ്ടി വീട്ടുപടിക്കലെത്തിയപ്പോള്‍ തോന്നി. മരണം നേരത്തേ ദൂതെത്തിച്ചിട്ടുണ്ടെങ്കില്‍പ്പോലും, വീട്ടിലേയ്ക്കുള്ള വഴിയില്‍ക്കൂടി ആടിയുലഞ്ഞുവന്ന് ആംബുലന്‍സ് മുറ്റത്തിന്റെ അതിരില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അതികഠിനമായ ഒരു ശൈത്യം ആ വീടിന് മീതേയ്ക്ക് മൌനമായി വന്നുവീഴുന്നു. ആ ശൈത്യത്തിലും ഏവരുടെയും നെഞ്ചില്‍ വേവുന്നൊരു ഉഷ്ണം ഒരു നിമിഷാര്‍ദ്ധംകൊണ്ട് രൂപമെടുക്കുന്നു. അപ്പോള്‍ ഒരു മരണം പൂര്‍ണമാകുന്നു.

“എനിക്ക് നാട്ടിലൊന്ന് പോണം ചന്ദ്രേട്ടാ. ഒരു സമാധാനമില്ല.”

അത് പറയുമ്പോള്‍ മനുവിന്റെ മൂക്കിന്റെ ഇരുവശത്തുനിന്നും മീശയ്ക്ക് അതിരുതീര്‍ത്ത് താഴേക്ക് ഒഴുകിക്കിടക്കുന്ന വരകള്‍ രണ്ടു ചെറിയ കിടങ്ങുകളാകുന്നതും കണ്ണുകള്‍ ചെറുതാവുന്നതും ചന്ദ്രമോഹന്‍ കണ്ടു. പിന്നെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ചവിട്ടിനിന്നിരുന്ന കോണ്‍ക്രീറ്റിന്റെ മാന്ത്രികപ്പരവതാനിയിലേറിപ്പറന്ന്, ചന്ദ്രമോഹന്റെ കണ്ണിലെ കൃഷ്ണമണിയുടെ മദ്ധ്യത്തിലുള്ള ഇരുണ്ട കിണറിന്റെ അടിത്തട്ടില്‍ ചിരിയില്ലാതെ മനു കിടന്നു.

നനഞ്ഞകൈകൊണ്ട് കൊട്ടിമടുത്ത അഭിമന്യു കുന്നിനുമേലെ കനത്തുനിന്ന ആകാശത്തിന്റെ അകിടുകളിലേയ്ക്ക് നോക്കിനിന്നനേരത്ത് “സംഗീതേ,” എന്ന് മാത്രം എഴുതിയ വയലറ്റ് കടലാസ് അടങ്ങിയ പെട്ടി മനുവിന്റെ അനുജനെ ഏല്‍പ്പിച്ച് പുറത്തിറങ്ങിയ ചന്ദ്രമോഹന്‍ പിന്നാമ്പുറത്തേയ്ക്ക് നോക്കാതെ നേരെ നടന്നു. അവിടെ പിന്നാമ്പുറത്ത്, ചന്ദ്രമോഹനെ ഭയപ്പെടുത്തി താഴേയ്ക്ക് തൂങ്ങിനിന്ന ഗോവര്‍ദ്ധനപ്പാറയുടെ കീഴ്പ്രതലത്തിലേയ്ക്ക് തീയാളിപ്പിടിക്കുന്നുണ്ടായിരുന്നു.

*******************
അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.