2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

പാരഡൈസ് ബാര്‍

സനാതനധര്‍മ്മരക്ഷാസേന - അംഗബലം കുറവാണെങ്കിലും സേന സേനതന്നെയാണ്. അരവിന്ദന്‍ അതിന്റെ സ്ഥാപകനേതാവും. അങ്ങനയായിരിയ്ക്കും ചരിത്രത്തില്‍ അരവിന്ദനെ കാലം അടയാളപ്പെടുത്തുക. ചരിത്രപുരുഷനായ ആ അരവിന്ദന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ പുറം ലോകം കാണുകയാണ്. ഇതിന് മുന്‍പൊരിക്കല്‍ അരവിന്ദന്‍ ലോകത്തിന്റെ ദൃശ്യപ്പുതുമയിലേയ്ക്ക് ആശ്ചര്യത്തോടെ മിഴിച്ചുനോക്കിയത് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നട്ടുച്ചയ്ക്കായിരുന്നു. അന്ന് അരവിന്ദനെ ആ കാഴ്ച കാണിച്ചത് അവന്റെ അമ്മ പത്മാവതി ആയിരുന്നു.

അന്ന് കണ്ടതെന്താണെന്ന് തീര്‍ച്ചയായും അപ്പോള്‍ പൊടിക്കുഞ്ഞായിരുന്ന, ഇന്നത്തെ അരവിന്ദന് ഓര്‍മ്മ കാണുകയില്ലെന്നത് നിശ്ചയം. എന്നാല്‍ ആ കാഴ്ച കാലത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ചിത്രഗുപ്തര് രേഖപ്പെടുത്തിയിരിയ്ക്കുന്നത് തെക്കേതിലെ നസീറിന്റെ ഉടുക്കാക്കുണ്ടി എന്ന അടിക്കുറിപ്പോടെയാണ്. നസീറിനെ അവന്റെ ഉമ്മ നൂര്‍ജഹാന്‍ കുളിപ്പിക്കുവാന്‍ പാളയില്‍ കിടത്തുന്നതിന് മുന്നോടിയായി വായുവിലേയ്ക്കുയര്‍ത്തിപ്പിടിച്ച് കൊഞ്ചിക്കുകയായിരുന്നു അന്നേരം. പാലുകുടിച്ച് സമാധാനമായി ഉറങ്ങുവാന്‍ വിധിക്കപ്പെട്ട അരവിന്ദന്‍ അതിനുപകരം ഉണര്‍ന്നിരിക്കുവാനും കരയുവാനുമുള്ള നിയോഗം തിരഞ്ഞെടുത്തപ്പോള്‍ അവനെ സമാധാനിപ്പിക്കുവാനായാണ് പത്മാവതി അവനെയുമെടുത്ത് ഉമ്മറത്ത് വന്ന് ആ നഗ്നരംഗം കാണിച്ചുകൊടുത്തത്. ദൈവത്തിന്റെ തോട്ടത്തില്‍നിന്ന് അരവിന്ദന്റെ മനസ്സ് വിടുതല്‍ പ്രാപിച്ചിരുന്നില്ല അന്ന്. എന്നാലും പത്മാവതിയുടെ കൈയ്യില്‍ അരവിന്ദന്‍ നസീറിനേപ്പോലെതന്നെ ഉടുക്കാക്കുണ്ടിയായിരുന്ന്, രണ്ട് വലിയ ചെറുനാരങ്ങാവലിപ്പമുള്ള നസീറിയന്‍ നഗ്നചന്തിക്കവിളുകള്‍ കണ്ട് ചുവന്ന തൊള്ള കാണിച്ച് വെറുതെ ചിരിച്ചു.

പിന്നെയും അരവിന്ദന്‍ ഒരുപാട് തവണ നസീറിന്റെ മുന്നിലെയും പിന്നിലെയും നഗ്നത കണ്ടിട്ടുണ്ട്. നസീറിന്റെ മാത്രമല്ല, അവന്റെ അനിയത്തി നിലോഫറിന്റെയും. അരവിന്ദനും അനിയത്തിയായ ആരതിയും നസീറും അനിയത്തിയായ നിലോഫറും ഒരുമിച്ചാണ് തോട്ടില്‍ കുളിക്കാന്‍ പോവുക. ഒന്നുരണ്ടുതവണ അരവിന്ദന്‍ തോട്ടിലെ വെള്ളത്തിനടിയില്‍ വെച്ച് നിലോഫറിന്റെ വിളര്‍ത്തുമെലിഞ്ഞ ബാലികാശരീരത്ത് ചുറ്റിയ തോര്‍ത്തിനുള്ളില്‍ കൈയ്യോടിച്ചുനോക്കിയിട്ടുണ്ട്. ആദ്യത്തെ തവണ നിലോഫര്‍ ഇളകിച്ചിരിച്ചുകൊണ്ട് നീന്തിയകന്നു. രണ്ടാമതൊരിക്കല്‍ നിലോഫര്‍ അരവിന്ദന്റെ കുഞ്ഞുകൈത്തണ്ടയില്‍ വെളുത്ത കീരിപ്പല്ലുകള്‍കൊണ്ട് ആഞ്ഞൊരു കടി കൊടുത്തു. വെള്ളം തോര്‍ത്തി വീട്ടിലേയ്ക്ക് നടക്കുന്നതിനിടയില്‍ ആരതിയും നസീറും കേള്‍ക്കാതെ നിലോഫര്‍ പറഞ്ഞു:

“ഞാന്‍ ഉമ്മായോട് പറഞ്ഞുകൊടുക്കും!”

അരവിന്ദന്‍ എന്ന തെമ്മാടിയായ കുട്ടി വിയര്‍ത്തുപോയി.

“എന്റെ പൊന്നു നീലുവല്ലേ.. ആരോടും പറയല്ലേ. സത്യമായിട്ടും ഞാനിനി അങ്ങനെ ചെയ്യില്ല.” എന്ന് പറയണമെന്നുണ്ടായിരുന്നു അരവിന്ദന്. പക്ഷേ പറഞ്ഞില്ല. പറയാന്‍ നാവ് പൊങ്ങിയില്ല.

നൂറുമ്മയെ പേടിച്ച് അരവിന്ദന്‍ രണ്ട് ദിവസം തെക്കേതിലേയ്ക്ക് പോയതേയില്ല. പക്ഷേ അവന്‍ ഭയപ്പെട്ടതുമാതിരി ഒന്നുമുണ്ടായിരുന്നില്ല. നിലോഫര്‍ സ്നേഹമുള്ളവളായിരുന്നു.

“വലുതാവുമ്പോ നിന്റെ അനീത്തി നീലൂനെ എനിക്ക് കെട്ടിച്ച് തരണം.” നസീറിന്റെ പറമ്പിലെ ചിലുമ്പിപ്പുളിമരത്തിന്റെ ചോട്ടിലിരുന്ന് സിപ്-അപ് പകുതിയോളം വലിച്ചുകുടിച്ചിട്ട് അരവിന്ദന്‍ നസീറിനോട് പറഞ്ഞു.

“ആരതിയെ എനിക്ക് കെട്ടിച്ച് തന്നാല്‍ നീലൂനെ നിനക്ക് കെട്ടിച്ച് തരാം.” അരവിന്ദന്റെ കൈയ്യില്‍ നിന്ന് സിപ്-അപ് പിടിച്ചുവാങ്ങി മറ്റേ അറ്റം കടിച്ചുപൊട്ടിച്ച് കുടിച്ചുകൊണ്ട് നസീര്‍ പറഞ്ഞു.

അങ്ങനെയൊരു ബാല്യസന്ധ്യയില്‍ ഒരു മാറ്റക്കല്യാണഉടമ്പടിമേല്‍ അരവിന്ദനും നസീറും ഒരു സിപ്-അപ്പിന്റെ ഓറഞ്ച് മഷിയാല്‍ പ്രതീകാത്മകമായി ഒപ്പ് വെച്ചു.

സ്ക്കൂളില്‍നിന്ന് പുറത്തുകടന്നപ്പോള്‍ നസീര്‍ ദൂരെ, ഉമ്മവീടിന്റെ അടുത്തുള്ള ഒരു കോളേജില്‍ ചേര്‍ന്നു. അരവിന്ദന്‍ നാട്ടിലെ കോളേജിലും.

അവിടെവെച്ചാണ് ചിത്രഗുപ്തരുടെ ഓര്‍മ്മപ്പുസ്തകത്തില്‍നിന്നുപരിയായി ഭൂമിയിലെ ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തുവാന്‍ യോഗ്യമായേക്കുന്ന വിധം അരവിന്ദന്റെ ജീവിതം മാറുന്നത്. അരവിന്ദന്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ബിരുദവിദ്യാഭ്യാസകാലത്താണ്.

അരവിന്ദന്റെ അച്ഛന്‍ വാസുദേവന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അരവിന്ദന്റെ ഗ്രാമം ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമവും. എന്നിട്ടും കോളേജില്‍ അരവിന്ദന്‍ മൃദുഹിന്ദുത്വസമീപനം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയിലാണ് ചേര്‍ന്നത്. അതിന്റെ ഒരേയൊരു ലളിതമായ കാരണം അരവിന്ദന്റെ അടുത്ത സുഹൃത്തുക്കളെല്ലാം ആ സംഘടനയിലെ അംഗങ്ങളായിരുന്നു എന്നതാണ്. ആ കാലഘട്ടത്തിലാണ് അരവിന്ദന്‍ ഹൈന്ദവതയെക്കുറിച്ചും അത് നേരിടുന്ന ഭീഷണികളെക്കുറിച്ചും അതിന്റെ നിലനില്‍പ്പിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ ആധികാരികമായി മനസ്സിലാക്കുന്നത്. അങ്ങനെ അരവിന്ദന്‍ രണ്ടാം വര്‍ഷം തീവ്രഹിന്ദുത്വനയമുള്ള മറ്റൊരു സംഘടനയില്‍ അംഗമായി. മൂന്നാം വര്‍ഷമായപ്പോഴേയ്ക്കും അവരുടെയും നിലപാടുകള്‍ക്ക് തീവ്രത പോരായെന്നും സനാതനധര്‍മ്മപരിപാലനത്തിന് അവയൊന്നും പര്യാപ്തമല്ലായെന്നും ഉള്ള തോന്നലില്‍ അരവിന്ദനും ഒരു കൂട്ടം സുഹൃത്തുക്കളും മാതൃസംഘടനയില്‍നിന്ന് ഇറങ്ങിപ്പോന്ന് രൂപീകരിച്ച സംഘടനയാണ് മേല്‍പ്പറഞ്ഞ സേന.

കൊണ്ടുപിടിച്ച സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നെയൊരു മൂന്നാല് കൊല്ലം. ലഘുലേഖകള്‍ ഇറക്കിയും സേനാംഗങ്ങളെ അഭ്യാസമുറകള്‍ പരിശീലിപ്പിച്ചും പോലീസിന്റെ തല്ലുകൊണ്ടും സേനയും അരവിന്ദനും ജീവിച്ചു. വാസുദേവന്റെ ആക്രോശങ്ങളും പത്മാവതിയുടെ നിലവിളിയും അരവിന്ദന്റെ വീട്ടില്‍നിന്നുയരുന്ന രാത്രികളില്‍ നൂറുമ്മയും നിലോഫറും വടക്കേവീട്ടിലേയ്ക്ക് നോക്കി ആദ്യമൊക്കെ നെടുവീര്‍പ്പിടുമായിരുന്നു. പിന്നെ പിന്നെ വാസുദേവന്‍ ആക്രോശിക്കാതായി. പത്മാവതി നിലവിളിക്കാതെയുമായി.

അങ്ങനെയൊരു ദിവസം പെട്ടെന്ന് വാസുദേവനങ്ങ് മരിച്ചുപോയി. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. നടന്നുപോയ വഴിയെ നെഞ്ച് പൊത്തിപ്പിടിച്ച് ചുമ്മാതങ്ങ് മരിച്ചുവീഴുകയായിരുന്നു. മുടിയാനായിട്ടൊണ്ടായ ആണ്‍പിറപ്പിനെചൊല്ലി ദു:ഖിച്ചിട്ടാണെന്ന് വാസുദേവനെ അടുത്തറിയുന്ന, പല്ലില്ലാത്ത ഒന്ന് രണ്ട് വല്യപ്പന്മാര്‍ മാത്രം അടക്കം പറഞ്ഞു.

അരവിന്ദചരിതം ചരിത്രപരമായ ഒരു സന്ധിയിലെത്തിയ ദിവസമായിരുന്നു അന്ന്. അരവിന്ദനെന്ന ഊര്‍ജ്ജസ്വലനായ രാഷ്ട്രീയനേതാവിന് അതോടെ സുല്ലിടേണ്ടിവന്നു. വാസുദേവന്റെ പ്രേതം കടങ്ങളുടെ നീണ്ട ലിസ്റ്റുമായി ഉറക്കം കെടുത്തിയപ്പോള്‍ എങ്ങനെയോ ഒരു വിസ തരപ്പെടുത്തി അരവിന്ദന്‍ ഗള്‍ഫിലേയ്ക്കുള്ള വിമാനം കയറി. അഞ്ച് നേരം കൃത്യമായി നിസ്ക്കരിയ്ക്കുന്ന ഒരു അറബിയുടെ കാരുണ്യത്തില്‍ സനാതനധര്‍മ്മരക്ഷാസേനയുടെ സ്ഥാപകനേതാവ് ജീവിച്ചു. എങ്കിലും അരവിന്ദന്‍ ദു:ഖിച്ചില്ല. മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനമെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് ഓഫീസില്‍ ഒഴിവുസമയം കിട്ടുമ്പോഴൊക്കെ അവന്‍ ബ്ലോഗിലും ഫേസ്ബുക്കിലും നിരന്തരം എഴുതിക്കൊണ്ടിരുന്നു. സോഷ്യല്‍ മീഡിയയും ശക്തമായൊരു രാഷ്ട്രീയപ്രചരണായുധമാണെന്ന് അരവിന്ദനെന്ന രാഷ്ട്രതന്ത്രജ്ഞന്‍ വിശ്വസിച്ചു.

ഗള്‍ഫില്‍വെച്ചാണ് ആരതി നസീറിനൊപ്പം ഒളിച്ചോടിയെന്ന വാര്‍ത്ത അരവിന്ദന്‍ അറിയുന്നത്. അന്നേരം അരവിന്ദന്‍ സിപ്-അപ് വലിച്ചുകുടിക്കുന്ന കൊച്ചുകുട്ടിയല്ലാതിരുന്നതിനാല്‍ പല്ലുകള്‍ ഞെരിക്കുകയും കൈകള്‍ കൂട്ടിത്തല്ലുകയും ചെയ്തു. അന്നേരം തന്നെയാണ് നിലോഫറിനെയും അരവിന്ദന്‍ ഓര്‍ത്തത്. ആ ഓര്‍മ്മ തന്റെ ദേഷ്യത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയും മനസ്സിനെ തെല്ലൊന്നടക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കിയെങ്കിലും അരവിന്ദന്റെ ആങ്ങളമനസ്സ് ആദ്യമൊന്നും മെരുങ്ങിയില്ല. നാട്ടിലെ സേനാസുഹൃത്തുക്കളുടെ തത്സമയമുഖഭാവങ്ങള്‍ സങ്കല്‍പ്പിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ നിലോഫര്‍ മാഞ്ഞുപോവുകയും ആരതിയും നസീറും മനസ്സില്‍ തെളിയുകയും തദനന്തരം അരവിന്ദന്‍ വീണ്ടും വീണ്ടും പല്ലുഞെരിക്കുകയും കൈകള്‍ കൂട്ടിത്തല്ലുകയും ചെയ്തു.

പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് അരവിന്ദന്‍ നാട്ടിലെത്തിയത്. മരുവാഴികള്‍ അപാരമായ ഏകാന്തതയെയും അതുവഴി അനാദിയായ പ്രണവത്തിന്റെ വെളിച്ചത്തെയും ഇടയ്ക്കിടെയും ചിലപ്പോള്‍ നിരന്തരവും അരവിന്ദന് വെളിപ്പെടുത്തിയിരുന്നു. നാട്ടിലെത്തുമ്പോള്‍ അയാള്‍ക്ക് ആരതിയോടും നസീറിനോടും ദ്വേഷമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നിലോഫറിന്റെ കൈയ്യില്‍ നിന്നും അഡ്രസ് വാങ്ങി നസീറും ആരതിയും താമസിക്കുന്ന പട്ടണത്തിലേയ്ക്ക് അരവിന്ദന്‍ വണ്ടി കയറിയത്.

ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അരവിന്ദന്റെ ജീവിതം ചരിത്രകല്ലോലിനിയിലൂടെ സുഗമമായി ഒഴുകുകയാണ്. ഇനി അത് പാറക്കൂട്ടങ്ങളില്‍ ചെന്ന് തല്ലിയലച്ച് ഗതിമാറുന്നത് എങ്ങിനെയെന്ന് കണ്ടോളൂ.

എന്തൊക്കെയോ ഒച്ചയും ബഹളവും കേട്ടാണ് നസീര്‍ ഞെട്ടിയുണര്‍ന്നത്. മദ്യലഹരിയിലായതുകാരണം തല പൊങ്ങുന്നില്ല. എങ്കിലും പടക്കം പൊട്ടുന്നതുപോലെയുള്ള ശബ്ദങ്ങള്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്. കൂടെ ആരതിയുടെ നിലവിളിയും. നസീര്‍ ചെവിയോര്‍ത്തു.

“കഴുവേര്‍ടമോളേ! ഇതിനാണോടീ നീ അവന്റെ കൂടെ ഇറങ്ങിപ്പോന്നത്?” മന്ദിച്ച തലയാണെങ്കിലും ഒറ്റ നിമിഷം കൊണ്ട് നസീര്‍ അരവിന്ദന്റെ സ്വരം തിരിച്ചറിഞ്ഞു.

ആരതി കരയുന്നു.

“നസീറിതറിഞ്ഞാല്‍ അവനെങ്ങനെ സഹിക്കുമെടീ!”

വീണ്ടും ആരതി കരയുന്നു.

“ആരതീ... നീ ഞങ്ങളെ....”

“ഏട്ടനൊന്ന് നിര്‍ത്തുന്നുണ്ടോ!” ഇപ്പോള്‍ ആരതി അരവിന്ദന്റെ വാചകത്തിനിടയിലേയ്ക്ക് ഇടിച്ചുകയറുന്നു.

“അയാളും കൂടറിഞ്ഞിട്ടാ..... അയാളാ എന്നെ ഇങ്ങനാക്കിയത്.!” ആരതി പൊട്ടിത്തെറിയ്ക്കുന്നു.

നിശബ്ദത.

നസീര്‍ പിടഞ്ഞെഴുന്നേറ്റ് മുണ്ട് വാരിച്ചുറ്റി ആടിയാടി അടുത്തമുറിയിലേയ്ക്ക് ധൃതിയില്‍ നടന്നു.

“ഭര്‍ത്താവുതന്നെ വീട്ടില്‍ പൂട്ടിയിട്ട് കൂട്ടിക്കൊടുത്താല്‍ സ്വന്തക്കാരെ ധിക്കരിച്ചിറങ്ങിപ്പോന്ന ഒരു പെണ്ണിനെന്ത് ചെയ്യാനൊക്കും? ആരോട് ദെണ്ണം പറയും?”

ഇപ്പോള്‍ നസീര്‍ മുറിയുടെ വാതിക്കല്‍ എത്തി അരവിന്ദന്റെ ദൃഷ്ടിപഥത്തിനുള്ളില്‍ കയറിപ്പറ്റി. വാതിലിന് പുറം തിരിഞ്ഞ് നില്‍ക്കുന്ന ആരതിയുടെ ശബ്ദം താണുതുടങ്ങി.

“ആദ്യമൊക്കെ കുഴപ്പമില്ലാരുന്നു.. പിന്നെപ്പിന്നായപ്പോ നസീറിക്കായ്ക്ക് കുടിച്ചാ മാത്രം മതിയെന്നായേട്ടാ.. അതിനുവേണ്ടി..”

“നിര്‍ത്തെടീ പട്ടീ” എന്നലറിക്കൊണ്ട് നസീര്‍ ആരതിയ്ക്കുനേരെ കുതിച്ചതും അരവിന്ദന്‍ കാലുയര്‍ത്തി നസീറിന്റെ നാഭിയ്ക്ക് ചവിട്ടിയതും വൃഷണം പൊട്ടുന്നതിന്റെ തരിപ്പ് അരവിന്ദന്റെ കാല്‍പ്പാദത്തില്‍ നിന്ന് ഉച്ചിയിലേയ്ക്ക് കുതിച്ചതും നസീര്‍ നാഭി പൊത്തി കുഴഞ്ഞുവീണതും അരനിമിഷം കൊണ്ട് കഴിഞ്ഞു.

വീഴുമ്പോള്‍ ആ അരനിമിഷംകൊണ്ട് തന്നെ തന്റെ ബാര്‍ മേറ്റ് സലീം ഏതാണ്ട് മുക്കാല്‍നഗ്നനായി നിലത്ത് കിടന്ന് ഞരങ്ങുന്നതും അവന്റെ കടവായില്‍നിന്ന് ചോര കിനിയുന്നതും സ്തബ്ധയായി നില്‍ക്കുന്ന ആരതിയുടെ മലര്‍ക്കെത്തുറന്ന വായും മിഴിച്ച കണ്ണുകളും കലികൊണ്ട് വിറയ്ക്കുന്ന അരവിന്ദന്റെ തീപോലെയുള്ള മുഖവും നസീര്‍ കണ്ടു. ഓത്തുപള്ളിയില്‍നിന്ന് ഇറങ്ങിയതില്‍പ്പിന്നെ ആദ്യമായും അവസാനമായും നസീര്‍ “അള്ളാഹ്” എന്ന് ഒരു തവണ നിശ്വസിച്ചു.

അഴികളില്‍ക്കൂടി നുഴഞ്ഞുകയറുന്ന നാലുമണിക്കാറ്റേറ്റുകൊണ്ട് അരവിന്ദന്‍ പോലീസ് ലോക്കപ്പ് റൂമിന്റെ മൂലയ്ക്ക് കുത്തിയിരിയ്ക്കുമ്പോള്‍ സലീം പോലീസുകാരോടും പിന്നീട് പത്രക്കാരോടും ഇപ്രകാരം പറഞ്ഞു:

“ഞാനും നസീറും സംസാരിച്ചിരിക്കുകയായിരുന്നു. അയാള്‍ കേറി വന്നപാടെ, - നീയെന്റെ പെങ്ങളെ ലവ് ജിഹാദില്‍ കുടുക്കിയല്ലേടാ! - എന്നുപറഞ്ഞ് നസീറിനിട്ട് ഒറ്റച്ചവിട്ടായിരുന്നു. തടസ്സം പിടിക്കാന്‍ ചെന്ന എനിക്കും കിട്ടി!” അനന്തരം സലീം വാപൊളിച്ച് പൊഴിഞ്ഞുപോയ അണപ്പല്ലിന്റെ സ്ഥാനത്തെ ശൂന്യശോണഭൂമിക പ്രദര്‍ശിപ്പിച്ചു.

സലീമിന്റെ പല്ലില്ലാത്ത തത്സമയവായ ടിവിയില്‍ നിറയേണ്ട താമസം ദേശമൊട്ടുക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. പ്രണയിച്ച് വിവാഹിതരായ ഒരു ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും ഉത്തരേന്ത്യയില്‍ ഒരിടത്ത് ചുട്ടുകൊന്നത് ഒരാഴ്ച മുന്‍പായിരുന്നു. ലവ് ജിഹാദിന്റെ പേരില്‍ നാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടത് രണ്ട് ദിവസം മുന്‍പായിരുന്നു. സലീമിന്റെ കാണാതായ പല്ലും നസീറിന്റെ ഉടഞ്ഞ വൃഷണവും പൊടിപറത്തിയ ഒരു നിശ്വാസവും കൂടിയായപ്പോള്‍ തിരനിറയ്ക്കല്‍ പൂര്‍ണമായി. റോഡില്‍ കല്ലും തടിയും നിരന്നു. പോലീസ് നാടൊട്ടുക്കും നിരന്നു. പ്രതിഷേധപ്രകടനങ്ങള്‍ ഇരമ്പിയാര്‍ത്തു.

ഒരു കല്ല് വീഴേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. പിന്നെ അടിയും വെടിയും തലങ്ങും വിലങ്ങും പൊട്ടി. അവിടവിടെ പൂട്ടിയ കടകളില്‍ നിന്നും നിര്‍ത്തിയിട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളില്‍നിന്നും തീയുയരാന്‍ തുടങ്ങി. വൈകുന്നേരമായപ്പോഴേയ്ക്കും രണ്ട് മുസ്ലീമുകള്‍ മരിച്ചിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെയുള്ള വാര്‍ത്തയില്‍ അഞ്ച് ഹിന്ദുക്കളും മൂന്ന് മുസ്ലിമുകളും മരിച്ചെന്ന് ഒരു ചാനല്‍ പറഞ്ഞു. നാല് ഹിന്ദുക്കളും നാല് മുസ്ലിമുകളുമെന്ന് വേറൊരു ചാനല്‍ പറഞ്ഞു. കലാപം കത്തിപ്പടരുകയായിരുന്നു. നാട്ടില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു.

രണ്ടുദിവസമെടുത്തു പോലീസിന് കലാപം അടിച്ചമര്‍ത്തുവാന്‍. കലാപമൊഴിഞ്ഞിട്ടും തെരുവുകള്‍ വിജനമായിക്കിടന്നു. തീയും പുകയും ചിലയിടങ്ങളില്‍നിന്ന് കെടാതെ ഉയര്‍ന്നുകൊണ്ടിരുന്നു.

സബ്ജയിലില്‍ വച്ച് രഹസ്യമായി കിട്ടിയ പത്രത്തില്‍ നിന്നാണ് നിലോഫര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത അരവിന്ദന്‍ അറിഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഫോട്ടോകളില്‍ ചില പഴയ സേനാസുഹൃത്തുക്കളെ അരവിന്ദന്‍ തിരിച്ചറിഞ്ഞു.

അന്ന് ജയില്‍മുറിയിലെ ഇരുട്ടില്‍ക്കിടന്ന് ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്ത് ജയില്‍മുറ്റത്ത് നിറഞ്ഞുപരക്കുന്ന നിലാവില്‍ നോക്കി അരവിന്ദന്‍ ഉറക്കെ കരഞ്ഞു. കരഞ്ഞുകൊണ്ട് നിലോഫറിനെ ഓര്‍ത്തു.

ഗള്‍ഫിലേയ്ക്ക് പോകുന്ന തലേന്ന് രാത്രി തെക്കേതിലെ മാവിന്റെ ചുവട്ടില്‍ നിലാവിന്റെ കടലാഴം തെളിഞ്ഞുകിടന്നിരുന്നെന്ന് അരവിന്ദന്‍ ഓര്‍ത്തു. നിലോഫറിന്റെ ചുണ്ടിലും നിലാവ് വീണുകിടന്നിരുന്നു. ആ നിലാവിനെ ചുംബിച്ചിട്ട് അരവിന്ദന്‍ മടങ്ങുമ്പോള്‍ നിലോഫറിന്റെ കണ്ണുകളില്‍നിന്ന് നിലാവ് തുളുമ്പി കവിളുകളിലൂടെ തിളങ്ങിയൊഴുകുന്നുണ്ടായിരുന്നു.

പരോള്‍ ഒന്നാം ദിവസം, അതായത് ഇന്ന്, പുലര്‍ച്ചെ പട്ടണത്തില്‍ ബസ്സിറങ്ങുമ്പോള്‍ അത് തന്റെ ജീവിതത്തിലെ പകരം വയ്ക്കാനില്ലാത്ത, ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കുമെന്ന് അരവിന്ദന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പട്ടണം ഉണര്‍ന്നുവരുന്നതേയുണ്ടായിരുന്നുള്ളു. തെരുവ് ഏറെക്കുറെ വിജനമായിരുന്നു.

ബസ്സിറങ്ങിയ അരവിന്ദന്‍ മുന്നോട്ട് പതിനഞ്ചടി കഷ്ടിച്ച് നടന്നുകാണും. ഒരു വാന്‍ പാഞ്ഞ് വന്ന് അരികത്തുനിന്നതും അതില്‍നിന്ന് നാലഞ്ച് ആളുകള്‍ ആയുധങ്ങളുമായി ചാടിയിറങ്ങിയതും അതിലൊരാള്‍ കൊടുവാളുകൊണ്ട് ആഞ്ഞ് വെട്ടിയതും അരവിന്ദന്‍ അറിഞ്ഞില്ല. അറിഞ്ഞുവന്നപ്പോഴേയ്ക്ക് അരവിന്ദന്‍ നിലത്ത് വീണിരുന്നു.

വിജനമായ തെരുവിലെ വിരളമായ ആളനക്കങ്ങള്‍ പെട്ടെന്ന് കടമറകള്‍ക്കുള്ളിലേയ്ക്കും തൂണുകളുടെ പുറകിലും അഭയം തേടി.

“ഇത് ഞങ്ങടെ നസീറിന്. അള്ളാഹ് ജയിക്കട്ടെ!” അലറിക്കൊണ്ട് അയാള്‍ വീണ്ടും വെട്ടി.

തികഞ്ഞ അഭ്യാസിയായ അരവിന്ദന് ഉണരുവാന് വേണ്ട സാവകാശം അതിനിടയില്‍ കിട്ടിക്കഴിഞ്ഞിരുന്നു. വെട്ടുവാന്‍ വന്നവന്‍ ഒറ്റച്ചവിട്ടിന് തെറിച്ചുപോയി. നിലത്തുവീണ കൊടുവാളെടുത്ത് അരവിന്ദന്‍ നാലുവശത്തുനിന്നും വരുന്ന ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞുവീശി.

ആര്‍ക്കൊക്കെയോ കൊള്ളുന്നുണ്ട്. രണ്ടുപേര്‍ വീണു. അരവിന്ദനും കിട്ടി മൂന്നാല് വെട്ട്. രണ്ട് മിനുട്ട് നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ അക്രമികള്‍ പലായനം ചെയ്തുകഴിഞ്ഞപ്പോള്‍ അരവിന്ദനും കുഴഞ്ഞുവീണു.

ഓപ്പറേഷന്‍ ടേബിളില്‍ നെഞ്ചിലെയും കഴുത്തിലെയും മുറിവുകള്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടുമ്പോള്‍ അരവിന്ദന്‍ കരഞ്ഞില്ല. അബോധത്തിന്റെ പാതിമുറിയില്‍ കണ്ണടച്ച് കിടന്നു.

തുന്നിക്കെട്ടല്‍ കഴിഞ്ഞ് ഡോക്ടര്‍മാര്‍ എല്ലാവരും പോവുകയും മുറിയിലേയ്ക്ക് അറ്റന്‍ഡര്‍മാരാല്‍ എത്തിക്കപ്പെടുകയും മുറിയില്‍ തനിച്ചാവുകയും ചെയ്തപ്പോള്‍ അരവിന്ദന് ദാഹിച്ചു. വേദനയുണ്ട്. എന്നാലും അയാള്‍ എഴുന്നേറ്റ് നേരെ ഒറ്റ നടപ്പങ്ങ് വെച്ചുകൊടുത്തു.

തെരുവുകള്‍ അപ്പോഴും ഏറെക്കുറെ വിജനമായിരുന്നു. ആളുകള്‍ പരസ്പരം സംശയദൃഷ്ടിയോടെ നോക്കിക്കൊണ്ട് ഇടയ്ക്കിടെ കടന്നുപോകുന്നുണ്ടായിരുന്നു. വീട്ടിലേയ്ക്കുള്ള വണ്ടി ബസ് സ്റ്റേഷനില്‍ കിടക്കുന്നു. അരവിന്ദന് കയറാന്‍ തോന്നിയില്ല. വേച്ചുവേച്ച് വീണ്ടും നടന്നു.

നഗരപ്രാന്തമെത്താറായപ്പോള്‍ ഇടത്തോട്ടുള്ള ഒരു വഴി പ്രത്യേകമായി കിടക്കുന്നത് അരവിന്ദന്‍ കണ്ടു. മറ്റ് റോഡുകളില്‍ നിന്ന് വ്യത്യസ്തമായി ആ വഴിയില്‍ ദീര്‍ഘചതുരാകൃതിയിലുള്ള, ഇളം മഞ്ഞനിറമാര്‍ന്ന വലിയ ചുണ്ണാമ്പുകല്ലുകള്‍ പാകിയിരിക്കുന്നു. അയാള്‍ ആ വഴിയിലേയ്ക്ക് കയറി. വഴിയുടെ ഇരുവശവും പുരാതനമായ കടകള്‍. പോക്കുവെയില്‍ വഴിയിലേയ്ക്ക് പാളിവീണുകിടന്നു. കടകളുടെ നിഴലുകള്‍ ചെരിഞ്ഞും. പൌരാണികമായ ഒരു വഴിയിലെത്തിപ്പെട്ടതുപോലെ അരവിന്ദന് തോന്നി. ആ വഴിയിലൂടെ അയാള്‍ ആദ്യമായി നടക്കുകയായിരുന്നു.

നടന്നുനടന്ന് വഴിയുടെ അറ്റമെത്താറായപ്പോള്‍ ദൂരെ വഴിക്കപ്പുറം പോക്കുവെയില്‍ പടര്‍ന്ന് മഞ്ഞച്ച്പോയ ഒരു ശൂന്യസ്ഥലിയാണെന്ന് അരവിന്ദന്‍ കണ്ടു. അവിടെ കറുത്ത നിഴലുകള്‍ പോലെ ഇലയില്ലാത്ത ഉണക്കമരങ്ങള്‍ ശിഖരങ്ങളുമായി അങ്ങുമിങ്ങും എഴുന്നുനിന്നു. ചിലയിടങ്ങളില്‍ നിന്ന് പുകയുയരുന്നു. കറുത്ത പക്ഷികള്‍ മഞ്ഞച്ച ആകാശത്തുകൂടി അങ്ങുമിങ്ങും പറന്നു. വിഭ്രമജനകമായ ഒരു കാഴ്ച പോലെ അരവിന്ദന്‍ അത് നോക്കിക്കണ്ടു.

വഴിയുടെ ഏറ്റവും അറ്റത്ത് ഇടത്തേവശത്തുള്ള അതിപ്രാചീനമെന്ന് തോന്നിക്കുന്ന കെട്ടിടത്തിന്റെ മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത് അയാള്‍ വായിച്ചു:

“പാരഡൈസ് ബാര്‍.”

അതൊരു ഡാന്‍സ് ബാര്‍ കൂടിയാണെന്ന് അരവിന്ദന്‍ കണ്ടു. ഈനാട്ടില്‍ ഈക്കാലത്ത് ഇങ്ങനെയൊരു ബാറോ! അരവിന്ദന്‍ അത്ഭുതപ്പെട്ടു. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് കണ്ട “ഹലോ” സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന “എക്സ് എം.എല്‍.എ കടയ്ക്കാവൂര്‍ ശശിയണ്ണന്റെ അളിയന്റെ ആ പാരഡൈസ് ബാര്‍” ആണോ ഇത്?

പശ്ചാത്തലത്തിലെ വരണ്ടുമഞ്ഞച്ച ശൂന്യഭൂമികയിലേയ്ക്കും ആകാശത്തിലേയ്ക്കുമായി മുഴച്ച്നിന്നിരുന്ന, പീതനിറമുള്ള വലിയ ചതുരക്കല്ലുകള്‍കൊണ്ട് പടുത്തുയര്‍ത്തിയ, ആ ഭീമാകാരമായ കെട്ടിടത്തിലേയ്ക്ക് അരവിന്ദന്‍ പ്രാഞ്ചിപ്രാഞ്ചി കയറിച്ചെന്നു. കാവല്‍ക്കാരന്റെ മുഖത്തിനും പോക്കുവെയിലിന്റെ നിറവും ബാറിന്റെയത്ര പൌരാണികതയും ഉണ്ടായിരുന്നു.

“പേരെന്താ?” അരവിന്ദനെ തടഞ്ഞുനിര്‍ത്തി പ്രേതം പോലെയുള്ള മുഖംകൊണ്ട് അയാള്‍ ചോദിച്ചു.

ബാറില്‍ കയറാന്‍ പേരും നാളും പറയണോ എന്ന് ആ മുഖത്തേയ്ക്ക് നോക്കി അത്ഭുതപ്പെടാന്‍ അരവിന്ദനായില്ല. പേരും മറ്റ് വിവരങ്ങളും പറഞ്ഞു.

“കേറിച്ചെല്ലുമ്പോള്‍ വലതുവശത്തെ ആദ്യത്തെ വാതില്‍ വഴി കയറിക്കോ.” കാവല്‍ക്കാരന്‍ പറഞ്ഞു.

മങ്ങിയ ചുവര്‍ബള്‍ബുകള്‍ വെളിച്ചം പകരുന്ന ഇടനാഴിയില്‍ പല വാതിലുകള്‍ നിരനിരയായി കൃത്യമായ അകലത്തില്‍ അരവിന്ദന്‍ കണ്ടു. ഓരോന്നിനും അരികില്‍ ഓരോ കാവല്‍ക്കാരും നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാതിലിനുമുകളില്‍ കത്തിനില്‍ക്കുന്ന മങ്ങിയ ബള്‍ബിന് കീഴെ “ഓം” എന്ന് ദേവനാഗരിയില്‍ എഴുതിയിരിയ്ക്കുന്നത് അരവിന്ദന്‍ വായിച്ചു. അതിനപ്പുറത്തെ വാതിലിനുമുകളില്‍ ചന്ദ്രക്കലയും നക്ഷത്രവുമാണ്. അതിനപ്പുറം കുരിശ്. ഓരോ വാതിലും ഓരോ ചിഹ്നങ്ങളെയും തലയില്‍ ചുമന്ന് നീണ്ടുനിവര്‍ന്ന് നിരനിരയായി നില്‍ക്കുന്നു.

“ഏകത്വത്തില്‍ നാനാത്വം!” അരവിന്ദന്റെ അത്ഭുതം അതിരുകളില്ലാത്തതായി. വ്യത്യസ്തമതക്കാര്‍ക്കായി വേറെ വേറെ മുറികളുള്ള ബാര്‍ അരവിന്ദന്‍ ആദ്യമായി കാണുകയായിരുന്നു.

“അതേതായാലും നന്നായി! ഒന്നുമില്ലേലും ഒരു ‌.................മക്കള്‍ടേം ശല്യമില്ലാതെ സ്വസ്ഥമായി ഇത്തിരി കള്ള് കുടിക്കുകയെങ്കിലും ചെയ്യാമല്ലോ!” അരവിന്ദന്‍ സ്വയം പറഞ്ഞു.

“ഓം” വാതിലിനുമുന്‍പില്‍ നിന്ന കാവല്‍ക്കാരന്‍ അരവിന്ദന്റെ പേരും വിവരങ്ങളും അന്വേഷിച്ച ശേഷം വാതിലിലൂടെ അകത്തേയ്ക്ക് കടത്തിവിട്ടു. അകത്ത് നിറയെ അരണ്ടവെളിച്ചമാണ്. പക്ഷേ സാധാരണ ബാറുകളിലെപ്പോലെ ചുവന്ന വെളിച്ചമല്ല. നീലവെളിച്ചമാണ്.

ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ഒരു പബ്ബില്‍ ചെന്നതുപോലെ അരവിന്ദന് തോന്നി. നൃത്തവും സംഗീതവും മദ്യവും നിറഞ്ഞൊഴുകുന്നു. അര്‍ദ്ധനഗ്നരോ പൂര്‍ണനഗ്നരോ ആയ സുന്ദരികളും സുന്ദരന്മാരും റാന്തലുകളുടെ സുവര്‍ണവെളിച്ചത്തില്‍ നൃത്തം ചെയ്യുകയും പാടുകയും സംഗീതോപകരണങ്ങള്‍ വായിക്കുകയും ചെയ്യുന്നു. ഫിഡിലും സപ്തസ്വരമണികളും പോലെയുള്ള സംഗീതോപകരണങ്ങളാണ്. അവയില്‍നിന്നുള്ള സംഗീതം റാന്തലിന്റെ ശാന്തഗംഭീരമായ സുവര്‍ണസുന്ദരപ്രകാശം പോലെതന്നെയുണ്ടായിരുന്നു. അരണ്ട വെളിച്ചത്തില്‍ ആളുകള്‍ തലങ്ങും വിലങ്ങും നടക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഇരുന്നും നിന്നും സംസാരിയ്ക്കുന്നു, മദ്യപിക്കുന്നു, ചുംബിക്കുന്നു, ആലിംഗനം ചെയ്യുന്നു. വട്ടത്തിലുള്ള മേശകളില്‍ ചിലതിന് ചുറ്റും നിറയെ ആളുകള്‍. ചിലതിനരികില്‍ ഒന്നോ രണ്ടോ പേര്‍. പല രൂപങ്ങളും ഭാവങ്ങളും. ആകെ ശബ്ദമുഖരിതം. എങ്കിലും സര്‍വ്വം സൌഹൃദമയം. നീലവെളിച്ചത്തിലെ അസംഖ്യം തലകള്‍ക്കുമുടലുകള്‍ക്കുമിടയിലൂടെ അവിടവിടെ റാന്തല്‍ വെട്ടങ്ങളുടെ തണലില്‍ നൃത്തസംഗീതോത്സവത്തിന്റേതായ ആ ദൃശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മദഭരമായ ആ കാഴ്ചയുടെ അറ്റം അങ്ങനെ നീണ്ട് നീണ്ട് കാണാനാവാത്ത ദൂരേയ്ക്ക് മറഞ്ഞുപോവുകയാണ്. അരവിന്ദന് ഇത് തന്റെ ഭ്രമകല്‍പ്പനയാണോ അതോ ശരിയ്ക്കും ഒരു മാന്ത്രികലോകത്തില്‍ താന്‍ എത്തിപ്പെട്ടതാണോ എന്ന് ആശയക്കുഴപ്പമായി.

അയാള്‍ തിരിഞ്ഞുനോക്കി. പിന്നില്‍ വാതില്‍ അടഞ്ഞിരുന്നു. അപ്പോഴാണ് മറ്റൊരു കാര്യം അരവിന്ദന്‍ ശ്രദ്ധിച്ചത്. എല്ലാ വാതിലുകളും ആ ഹാളിലേയ്ക്ക് തന്നെയാണ് തുറക്കുന്നത്. ഓരോ വാതിലില്‍നിന്ന് വന്നവര്‍ ആരൊക്കെയാണെന്നറിയാനാവാത്ത വിധം മധുശാല ജനനിബിഢമാണ് താനും.

ഒഴിഞ്ഞ ഒരു മേശയ്ക്കരികില്‍ ഒരു ചഷകം മദ്യവുമായി അരവിന്ദന്‍ ആസനസ്ഥനായപ്പോള്‍ മൂന്നാല് മേശയ്ക്കപ്പുറം ഇരുണ്ട ഒരു കോണില്‍ കിടക്കുന്ന മേശയ്ക്കരികില്‍ ഒറ്റയ്ക്കിരുന്ന് മദ്യം മോന്തുന്ന ആളുടെ അവ്യക്തമായ മുഖം നസീറിന്റേതാണോയെന്നും അതിനപ്പുറത്തെ മേശയ്ക്കിരുപുറവുമിരിയ്ക്കുന്ന രണ്ടുപേരുടെ കുറച്ചുകൂടി അവ്യക്തമായ മുഖങ്ങള്‍ രാവിലെ തന്നെ ആക്രമിച്ചവരുടേതാണോയെന്നും അയാള്‍ സംശയിച്ചു.

ആ ചിന്തയുമായി അങ്ങോട്ടുതന്നെ നോക്കിയിരുന്ന്, സോമത്തിന്റെ സുഖകരമായ തരിപ്പ് നാവിന്റെ കാണാപ്പുറങ്ങളിലേയ്ക്കെത്തിയ്ക്കവേ, പെട്ടെന്ന്, വളരെ പെട്ടെന്ന്, തന്നെ സ്നേഹം തഴുകുന്നതായി അരവിന്ദന്‍ മനസ്സിലാക്കി. എവിടെനിന്നാണ് അത് വരുന്നതെന്ന് അയാള്‍ അങ്ങുമിങ്ങും, ചുറ്റും നോക്കി. അങ്ങനെ നോക്കിവന്നപ്പോള്‍, നേരിയ വെളിച്ചം മാത്രമുള്ള ഒരു കോണില്‍ ഒരു മേശയുടെ അരികില്‍ ഒറ്റയ്ക്ക് ഒരാള്‍ തന്നെത്തന്നെ നോക്കിയിരിയിക്കുന്നത് ഒരു നിഴല്‍ ചിത്രം പോലെ അരവിന്ദന്‍ കണ്ടു. അവിടെ നിലാവ് അപാരമാവുകയായിരുന്നു.

24 അഭിപ്രായങ്ങൾ:

 1. ലോകമിങ്ങനെ, നാകമങ്ങനെ.
  കഥ സുന്ദരം.

  മറുപടിഇല്ലാതാക്കൂ
 2. അക്രമത്തിനു ശേഷം ഇടതുവശതെക്ക് തിരിയുന്നത് മനസ്സിലാവുന്നില്ല.ബാറിലും ബിവറേജ് ക്യൂവിലും കാണുന്നത് ക്ഷമയും സഹവര്‍ത്തിത്വവും ആണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹഹഹ്.... ആ ചോദ്യമെനിക്ക് ഇഷ്ടപ്പെട്ടു. അത് ഗഹനമായി ചിന്തിക്കാനുള്ള ഒരു വിഷയമാണ് ഉദയപ്രഭന്‍..

   ഇല്ലാതാക്കൂ
 3. എന്താ മാഷെ പറയണ്ടത്? ഇത് വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും എനുശ്യന് മതം മനുഷ്യനെ മാറ്റി വിടുന്നത് എന്ന്... മനോഹരമായി... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഇഷ്ടപ്പെട്ടു..
  എങ്കിലും ചിലയിടത്ത് വായന വിരസമാകുന്നുണ്ട്..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുതിപ്പോകാന്‍ നല്ല രസമായിരുന്നു. ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയ്ക്കുള്ള 24 കിലോമീറ്റര്‍ സ്ട്രെയിറ്റ് റോഡില്‍ ഒരു 60-70 കിലോമീറ്റര്‍ സ്പീഡില്‍ ബൈക്ക് കത്തിച്ചുവിടുന്നതു പോലെ.. :)

   ഇല്ലാതാക്കൂ
 5. അവസാനം കൊണ്ടു കുടമുടച്ചു എന്ന് ഞാന്‍ പറയും
  പാരഡൈസ് ബാര്‍ എത്തുന്നതുവരെയും നന്നായി വായിച്ചു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ കുടമുടയ്ക്കാനാണ്, അതിനുവേണ്ടി മാത്രമാണ് ചേട്ടാ... ഞാന്‍ പാരഡൈസ് ബാര്‍ വരെ എത്തിയത്! :)

   ഇല്ലാതാക്കൂ
 6. അജിത്‌ സാറിന്‍റെ അഭിപ്രായം തന്നെയാണ് എനിക്കും, ആ ബാറിലേക്ക്‌ കഥയുമായി കേറണ്ടായിരുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബാറിലല്ലേ താഹിറേ കഥ! ബാറില്ലെങ്കില്‍ പിന്നെന്ത് കഥ!! :)

   ഇല്ലാതാക്കൂ
 7. "എല്ലാ വാതിലുകളും ആ ഹാളിലേയ്ക്ക് തന്നെയാണ് തുറക്കുന്നത്. ഓരോ വാതിലില്‍നിന്ന് വന്നവര്‍ ആരൊക്കെയാണെന്നറിയാനാവാത്ത വിധം മധുശാല ജനനിബിഢമാണ് താനും."

  ബാറില്‍ കയറിയതുകൊണ്ടല്ലെ ഇത് പറയാന്‍ സാധിച്ചത്... ഇതല്ലേ പറയേണ്ടത്...

  മറുപടിഇല്ലാതാക്കൂ
 8. എനിക്ക് താങ്കളുടെ കോണ്ടാക്റ്റ് നമ്പര്‍ ഒന്ന് തരുമോ??? എന്‍റെ ഇമെയില്‍ vignesh.229@hotmail.com pleas....

  മറുപടിഇല്ലാതാക്കൂ
 9. ഇത്രയും ആര്‍ത്തിയോടെ ഞാനൊരു ബ്ലോഗും വായിച്ചിട്ടില്ല.....!ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്ര സന്തോഷത്തോടെ ഞാനൊരു കമന്റും! :)

   ഇല്ലാതാക്കൂ
 10. വളരെ മികച്ച കഥ. നല്ല ആശയം.. ബാറിലേക്ക് താങ്കള്‍ കഥ എത്തിച്ചത് എനിക്കിഷ്ടമായി.. പക്ഷെ അത് കൊണ്ടുണ്ടായ പ്രശനം അത് വരെ realistic ആയി പറഞ്ഞ കഥ പെട്ടെന്ന് abstract ആയി മാറിയപ്പോള്‍ വായനക്കാര്‍ക്ക് അല്‍പ്പം confusion ആയി എന്നതാണ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ കൂടുമാറ്റത്തിലല്ലേ അതിന്റെ ഒരു ഇത് നിസാരന്‍!! :)

   ഇല്ലാതാക്കൂ
 11. ഇത് ഞാന്‍ നേരത്തെ വായിച്ചിരുന്നു. പിന്നെ ഒന്നുടെ വായിച്ചു. എല്ലാവരും ഈ ബാറിലേക്ക് തന്നെ എത്തിപ്പെടും അല്ലെ. പക്ഷെ ഓടി വന്ന തീവണ്ടി പറന്നു പൊയ് എന്ന് പറഞ്ഞപോലെ ആയി അവസാനം. എന്നാലും മികച്ച കഥ തന്നെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ ഉപമ എനിക്ക് മനസ്സിലായില്ല ശ്രീജിത്.... :)

   ഇല്ലാതാക്കൂ
 12. കഥ വളരെ നന്നായി .എല്ലാവരും പറഞ്ഞ പോലെ അവസാനം മോശമായി എന്നൊന്നും എനിക്കഭിപ്രായമില്ല .പക്ഷെ ഇടയ്ക്കു പലയിടത്തും കഥ വല്ലാതെ ഇഴഞ്ഞു .എഡിറ്റിംഗ് കൂടിയേ തീരൂ ,എത്ര പ്രിയപ്പെട്ടതാനെങ്കിലും കുറെ വരികള്‍ വെട്ടിക്കളയും എന്ന് എഴുത്തുകാരന്‍ തീരുമാനിക്കണം

  മറുപടിഇല്ലാതാക്കൂ
 13. നീലവെളിച്ചത്തിലെ കള്ളുകുടി നന്നായി.
  മുഷിവോന്നും തോന്നിയില്ല.

  മറുപടിഇല്ലാതാക്കൂ
 14. കഥ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ബിനു....
  കഥ എവിടെയും ഇഴഞ്ഞതായി തോന്നിയില്ല. കൃത്യമായ കഥാഗതിയിലൂടെ അവസാനത്തിലേക്കെത്തിയതും നന്നായി. മുഴുവൻ സന്ദേശവും ആ ബാറിന്റെ പാശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നു....

  ബിനുവിന്റെ കഥകൾ ഓരോന്നായി വായിക്കുന്നു. നല്ല കഥകളുടെ ബ്ലോഗ് ശ്രദ്ധിക്കാൻ വൈകിപ്പോയി...

  മറുപടിഇല്ലാതാക്കൂ
 15. അയാള്‍ തിരിഞ്ഞുനോക്കി. പിന്നില്‍ വാതില്‍ അടഞ്ഞിരുന്നു. അപ്പോഴാണ് മറ്റൊരു കാര്യം അരവിന്ദന്‍ ശ്രദ്ധിച്ചത്. എല്ലാ വാതിലുകളും ആ ഹാളിലേയ്ക്ക് തന്നെയാണ് തുറക്കുന്നത്. ഓരോ വാതിലില്‍നിന്ന് വന്നവര്‍ ആരൊക്കെയാണെന്നറിയാനാവാത്ത വിധം മധുശാല ജനനിബിഢമാണ് താനും............. ഏറ്റവും മനോഹരം

  മറുപടിഇല്ലാതാക്കൂ