2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

ജനിതകത്തില്‍ രേഖപ്പെട്ട ചിത്രങ്ങള്‍


1. സ്വപ്നയാഥാര്‍ഥ്യങ്ങള്‍ക്കൊരു മുഖവുര

 

എല്ലാ പ്രണയദുരന്തങ്ങളിലും ശേഷം ചിന്തിക്കുന്നതുപോലെ, വീണ്ടും കണ്ടുമുട്ടുമെന്ന് കൃഷ്ണകുമാർ ഒരിക്കലും വിചാരിച്ചതല്ല; എന്നിട്ടും, ഇന്നിനെ സംബന്ധിച്ച് നാളെയുടെ അപ്രതിരോധ്യതയും അനിവാര്യതയും പോലെ, കൃഷ്ണകുമാർ നീലിമയെ കണ്ടു. അവളെ ഉപേക്ഷിച്ച ശേഷം, അവനെ സംബന്ധിച്ചിടത്തോളം അവളുടെ ഓര്‍മ്മകൾ ഇക്കാലമത്രയും കൊണ്ട് കോടമഞ്ഞ് മൂടിപ്പോയിരുന്നു. ഏകാന്തതയുടെ, കുറ്റബോധസാന്ദ്രമായ കാറ്റുകളിൽ വല്ലപ്പോഴും ചില അരികുകൾ തെളിഞ്ഞിരുന്നെങ്കിലും അവയെല്ലാം തണുത്തുറഞ്ഞും പോയിരുന്നു.

 

എനിക്കറിയാമായിരുന്നു, നീ വരുമെന്ന്.എന്നുമാത്രം നീലിമ പറഞ്ഞു. എങ്ങിനെയെന്ന് കൃഷ്ണകുമാർ ചോദിച്ചില്ല. എങ്ങിനെയോ അവള്‍ക്കത് പൂര്‍ണനിശ്ചയമുണ്ടായിരുന്നു എന്നുതന്നെ അവനു തോന്നി. ചില നിശ്ചയങ്ങൾ അങ്ങനെയാണ്. അവ അസാധ്യമാംവിധം ദൃഢഃപൂർണമായിരിക്കും. അവയെക്കൂറിച്ചുള്ള നിശ്ചയങ്ങളും അങ്ങനെതന്നെ. ഏറ്റവും കൌതുകകരമായ കാര്യം, അവളുടെ വിവാഹനിശ്ചയനാളിലായിരുന്നു ആ പുനഃസമാഗമം എന്നുള്ളതായിരുന്നു. അവള്‍ക്കൊരുവൻ മോതിരമണിയിച്ചു. അവൾ തിരിച്ചും.

 

അന്ന് രാത്രിയിൽ, വിവാഹനിശ്ചയത്തിന് സംബന്ധിച്ചതിൽ നന്ദിയറിയിച്ചുകൊണ്ട് നീലിമയുടെ എസ്.എം.എസ് വന്ന നിമിഷമാണ്, ആ വിവാഹനിശ്ചയരംഗം കണ്ടപ്പോൾ മുതൽ മനസിൽ ഉരുണ്ടുകൂടിയ, അസ്വസ്ഥതാജനകമായ, പക്ഷേ തികച്ചും അവ്യക്തമായിരുന്ന ഒരു കാര്യം അവന് ഉറവജലം പോലെ തെളിഞ്ഞുകിട്ടിയത് - അവളെ മറന്നുപോയതല്ല, എവിടെയോ ഒരിടത്ത് അവളും ഒറ്റയ്ക്കാണ്, അല്ലെങ്കിൽ ഒറ്റയ്ക്കുണ്ട് എന്ന, തനിക്കിതുവരെയും തിരിച്ചറിയാനാകാതെ പോയ ശക്തമായ ഒരു സ്വാര്‍ത്ഥബോധത്തിന്മേലാണ് ഈ വര്‍ഷങ്ങളിലത്രയും, ഓരോ നിമിഷവും കഴിഞ്ഞുകൂടിയിരുന്നത്. ഉപബോധത്തിലെ ആ തിരിച്ചറിവ് നല്‍കിയ ശാന്തതയാണ് മറവിയുടെ പ്രച്ഛന്നവേഷമണിഞ്ഞ്, അവളുടെ ഓര്‍മ്മകള്‍ക്കുമേലെ മഞ്ഞുപോലെ മൂടിക്കിടന്നതെന്നും അവനറിഞ്ഞു. തെരുവിലൊറ്റയ്ക്കായിപ്പോയൊരു കുട്ടിയേപ്പോലെ, ജീവിതത്തില്‍ നടാടെ, കൃഷ്ണകുമാറിനെ അനാഥഭയം ഗ്രസിച്ചു.

 

അനാഥത്വംഎന്ന സങ്കല്‍പ്പം ഒരു മന്ദഃവിഷമാണ്. അതിന്റെ വിധി ദംശിച്ചുകഴിഞ്ഞാലും വിഷം കയറാൻ സമയമെടുക്കും. ഒടുവിൽ സിരാകേന്ദ്രത്തെ ശ്വാസം മുട്ടിച്ചുതുടങ്ങുമ്പോഴേ അതിന്റെ സംഹാരശേഷിയെക്കുറിച്ച് പൂര്‍ണബോധ്യം കൈവന്നുതുടങ്ങൂ. കൃഷ്ണകുമാറിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. താനിത് അര്‍ഹിച്ചതാണെന്ന നിരന്തരചിന്തമൂലം ആയിരിക്കണം, ആദ്യത്തെ വെളിപാട് വലിയ പ്രശ്നമുണ്ടാക്കിയിരുന്നുപോലുമില്ല. എന്നാൽ, ദിവസങ്ങൾ പോകെ, അവൾ ഇനി അവിടെയുണ്ടാകില്ല എന്ന ചിന്തയുടെ പല മാനങ്ങൾ തെളിഞ്ഞുവന്നു. ഓരോ നിമിഷവും ഓരോ മാനങ്ങള്‍.

 

അവൾ അവിടെയില്ല എന്ന ചിന്ത, അതുതന്നെയായിരുന്നു പ്രശ്നം. അവിടെഎന്ന് പറയുമ്പോൾ ഏതെങ്കിലും കേവലഭൌതികമായ ഒരു ഇടമല്ല. സ്ഥലകാലങ്ങൾ ചേര്‍ന്നുനിർമ്മിച്ച, ഒരു ചതുര്‍മാന ഇടം. അന്തരീക്ഷത്തിലും കാലത്തിലുമായി നീര്‍ക്കുമിളപോലെ സ്ഥിതിചെയ്യുന്ന, ഇളകിപ്പറക്കുന്ന, കല്പിതമോ യഥാര്‍ത്ഥമോ എന്ന് നിശ്ചയമില്ലാത്തൊരിടം. സ്ഥലമാനങ്ങളേക്കാൾ സമയമാണ് അതിന്റെ മുഖ്യനിര്‍മ്മാണശില. അത് സമ്മാനിക്കുന്ന ദുഃഖത്തിന്റെ പിന്നിലും പ്രധാനമായത് സമയം തന്നെ. ഇന്നലെ അനുഭവിച്ചതല്ല, ഇന്ന് അനുഭവിക്കുന്നതാണ് ഏറ്റവും തീവ്രമായ അനാഥദുഃഖം എന്ന് ഓരോ ദിവസവും കൃഷ്ണകുമാർ കരുതി. അനൈശ്ചികമായാണെങ്കിലും, ഭക്ഷണവും നിദ്രയുമൊഴിവാക്കി, അസ്ഥിയും മാംസവുമുരുക്കുന്ന അനാഥദുഃഖത്തിന്റെ കൊടുമുടിയില്‍നിന്ന് കൂടുതൽ വലിയ ഒന്നിലേയ്ക്ക് എന്ന രീതിയിൽ, നെറ്റിക്കല്ല് പറിഞ്ഞ അശ്വത്ഥാമാവിനേപ്പോലെ കൃഷ്ണകുമാർ ദിവസവും കയറിക്കൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിലെ ഏകാന്തതയും ഏകാന്തതയിലെ അപരസാന്നിദ്ധ്യവുമായിരുന്നു ആ അനാഥത്വത്തിന്റെ പ്രകടവും, ഏറ്റവും അസഹ്യവുമായ ലക്ഷണം.

 

അനാഥത്വത്തിന്റെയും ഏകാന്തതയുടെയും പർവ്വതാരോഹണങ്ങളിൽ കൃഷ്ണകുമാറിന് പനി പിടിച്ചു. പനി പിടിച്ചതായിരുന്നില്ല, പിടിപ്പിച്ചതായിരുന്നു. കൃഷ്ണകുമാറിന് ആ ദിവസങ്ങളിൽ പീഡ ശ്വാസവായുപോലെ ആവശ്യമായിരുന്നു. കെട്ടഴിഞ്ഞ് ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും ചാടിത്തുള്ളിപ്പറക്കുന്ന ബലൂണ്‍പോലെ, തലയ്ക്കുള്ളിൽ ഉറക്കമില്ലായ്മയുടെ ചുഴലിത്തീക്കാറ്റും മന്ദതയുമായി, അവൻ സ്വമേധയാ കഠിനമായി പനിച്ചു. അടുത്തുനിൽക്കുന്നവർ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാവുന്ന തരത്തിൽ വ്യക്തവും ദൃശ്യവുമായ, ഉടലിനെയപ്പാടെ ഉലയ്ക്കുന്ന കനത്ത ഹൃദയമിടിപ്പുകൾ തന്റെ ആയുസ്സെടുത്തേക്കും എന്ന് കൃഷ്ണകുമാർ ഭയപ്പെടുന്ന തരത്തിലുള്ള പനികൾ.

 

അങ്ങനെയൊരു തീപ്പനിയുടെ ഉച്ചയില്‍നിന്ന സന്ധ്യയിലാണ് നീലിമയുടെ ഫോണ്‍വിളി വന്നത്. ഒറ്റ ഹലോ’യിൽ നിന്ന് അവന്റെ പനി പിടിച്ചെടുക്കുക വഴി, സ്വയം അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളകളെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞു.

 

ദുഃഖം മാനസികമെന്നതിനേക്കാൾ ശാരീരികമായൊരു അനുഭവമാണ്.അസുഖത്തെ കുറിച്ച് ചോദിച്ചപ്പോൾ കൃഷ്ണകുമാർ പറഞ്ഞു. രോഗബാധിതരുടെ ഉടൽ പനിക്കുന്നതിന്റെ കാരണം അവനപ്പോൾ കൂടുതൽ വ്യക്തമായി അറിയാമായിരുന്നു.

 

എന്ത് ദുഃഖം എന്ന് നീലിമ ചോദിച്ചില്ല. ക്രൂരമായി അവന്റെ വാക്കുകളെ അവഗണിച്ചുകൊണ്ടും, അതിൽ ആനന്ദിച്ചുകൊണ്ടും, പകരം മുന്‍കൂട്ടി അറിയാവുന്ന ഒരു ഉത്തരത്തിലേയ്ക്ക് അവൾ മറ്റൊരു ചോദ്യം നീട്ടി,

 

അവൾ എവിടെ, ഷാരോണ്‍?”

 

അതു കഴിഞ്ഞു, പണ്ടേ.. ഇപ്പോൾ വർഷങ്ങളായി.

 

എന്തേ?”

 

കൃഷ്ണകുമാർ മിണ്ടിയില്ല. നീലിമ ശേഷം അതേപ്പറ്റി ചോദിച്ചുമില്ല. പക്ഷേ അവൻ പിന്നെ, ഫോൺ വെക്കുന്നതിന് തൊട്ടുമുന്‍പായി, സംസാരിച്ചുകൊണ്ടിരുന്ന മറ്റൊരു വിഷയത്തെ മുറിച്ചുകൊണ്ട് പെട്ടെന്നോര്‍ത്തതുപോലെ പറഞ്ഞു, “അവളെ ചുംബിക്കുമ്പോഴെല്ലാം ഞാൻ നിന്റെ മുഖം കണ്ടു. ഒരേസമയം ആത്മനിന്ദയോടെയും ആസക്തിയോടെയും, പകയോടെയും പ്രണയത്തോടെയും ഞാനവളെ ചുംബിച്ചു. അവളെ ഞാൻ വെറുത്തുകൊണ്ട് സ്നേഹിച്ചു. എനിക്കുവേണ്ടിയും നിനക്കുവേണ്ടിയും ഞാനവളെ കഠിനമായി വെറുത്തു. എനിക്കുവേണ്ടിയും അവള്‍ക്കുവേണ്ടിയും ഞാനവളെ കഠിനമായി സ്നേഹിച്ചു.

 

നീലിമ നിശബ്ദയായി. പൊടുന്നനെയുള്ള ആ തുറന്നുപറച്ചിൽ അവൾ പ്രതീക്ഷിച്ചിരുന്നു. എന്ന് മാത്രമല്ല, അവർ പിരിഞ്ഞ ദിവസം മുതൽ നീലിമയുടെ മനസ്സിൽ, കൃഷ്ണകുമാറിന്റെ പരുത്ത സ്വരത്തിൽ, ആ പ്രസ്താവന പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. യഥാര്‍ത്ഥത്തിൽ, ഈ വൈകിയ വേളയിൽ തനിക്ക് ഒരാവശ്യവുമില്ലാതിരുന്ന ചിരപരിചിതമായ ആ വെളിപ്പെടുത്തലിന് വേണ്ടിയാണ് അവൾ ഫോൺ വിളിച്ചതുതന്നെ. വിവാഹനിശ്ചയം മുതല്‍ ആ ഫോൺ സംഭാഷണം വരെയുള്ള കാലത്തിന്റെ ദൂരം രണ്ടിടങ്ങളിലിരുന്ന് ഒരേസമയം അളക്കുകയായിരുന്നു തങ്ങളിരുവരുമെന്നായിരുന്നു ഫോൺനമ്പരിലെ ആദ്യ അക്കം ഡയൽ ചെയ്യുന്ന സമയം നീലിമയുടെ ചിന്ത.

 

ഒരുപക്ഷേ അതവൾ മനസിലാക്കിയിരിക്കാം, എന്റെ ഉമിനീരിലും വിയര്‍പ്പിലും നിന്നെ ചുവച്ചിരിക്കാം.

 

നീലിമ ഫോൺ വെച്ചുകളഞ്ഞു. കൃഷ്ണകുമാർ തിരികെ വിളിച്ചിട്ടും അവൾ ഫോണെടുത്തില്ല. പറയുന്ന നിമിഷം വരെയും അവനുതന്നെ വ്യക്തമാകാനിടയില്ലാത്ത എന്തൊക്കെയോകൂടി കൃഷ്ണകുമാറിന് പറയുവാനുണ്ടായിരുന്നു. എങ്കിലും മനസ് ഒരു അപ്പൂപ്പന്‍താടി പോലെ പെട്ടെന്ന് ഭാരം കുറഞ്ഞതായി അവനു തോന്നി. ഒരുപാട് നാളുകള്‍കൂടി അന്നുരാത്രി സമാധാനമായുറങ്ങാമെന്നും അവൻ കരുതി. എന്നാൽ മറിച്ചാണ് സംഭവിച്ചത്. ആ ദിവസത്തിന്റെ രാത്രിയെ പൂര്‍ണമായും കൃഷ്ണകുമാർ തിരിഞ്ഞും മറിഞ്ഞും കിടന്ന് കടത്തിവിട്ടു. കിടക്കയരികിലെ തുറന്നിട്ട ജനാലയിൽക്കൂടി നിലാവ് കെടുന്നതും, കിഴക്ക് കറുത്ത ആകാശം കരിനീലിക്കുന്നതും, നീലയിൽ തീനാടകൾ തിരശ്ചീനമായി തെളിഞ്ഞുവരുന്നതും നോക്കിക്കിടക്കുമ്പോൾ അവനു പുതിയൊരു കാര്യം വ്യക്തമായി – ചിലർ ജീവിതത്തിൽ നിന്ന് ഇല്ലാതാകുന്നതേയില്ല. അവര്‍ ഒരു കോസ്മിക് നിയമമനുസരിച്ചെന്നപോലെ, വീണ്ടും വീണ്ടും നമ്മുടെ ചില ജീവിതഘട്ടങ്ങളിൽ എല്ലാ പുതുമകളോടും കൂടി ഉദിക്കുകയും അതേ പുതുമകളോടുകൂടി അസ്തമിക്കുകയും മാത്രമാണ് ചെയ്യുന്നത്. ഉദയാസ്തമയങ്ങള്‍ക്കപ്പുറം, ഓർത്താലും ഓർത്തില്ലെങ്കിലും, സാമീപ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, അതേ തീക്ഷ്ണതയോടെ അവർ എന്ന വസ്തുതജീവിതത്തിൽ നിലനില്‍ക്കുന്നുണ്ട്!

 

 

2. സ്വപ്നം മുതൽ യാഥാർത്ഥ്യം വരെയുള്ള സ്ഥലകാലം

 

ഫോൺ സംഭാഷണങ്ങളിൽ ഒരിക്കലും നീലിമ കൃഷ്ണകുമാറിനോട് ഷാരോണിന്റെ പേരിൽ ക്ഷമിച്ചുവെന്നോ ക്ഷമിച്ചില്ലെന്നോ പറഞ്ഞില്ല. എനിക്ക് നിന്നോടുള്ള പ്രേമം പുതുക്കപ്പെട്ടിരിക്കുന്നുവെന്നും ഇരുവരും വാക്കാൽ പരസ്പരം അറിയിച്ചില്ല. അല്ലെങ്കിലും, വാക്കുകൾ അപ്രസക്തമായൊരു തരം അതിസ്വകാര്യ മാധ്യമത്തിലാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതും സംവദിക്കുന്നതും എന്ന് അവള്‍ക്കും അവനും തോന്നിത്തുടങ്ങിയിരുന്നു. കടലടിയില്‍, ഒരു നേർത്ത കണ്ണാടിക്കൂടിനുള്ളിൽ കഴിയുന്ന രണ്ടേ രണ്ട് ജലജീവികളെപ്പോലെ. അകത്തും പുറത്തും ഒരേ കടൽജലമാണെങ്കിലും ഉള്ളിലെ ജലം അവരുടെ മാത്രം ലോകമാകുന്നു. ഈയൊരു കുമിളച്ചിന്ത തന്നെയായിരുന്നു പ്രശ്നവും. എന്തെന്നാല്‍ ഒരേ കടലാഴത്തിലെങ്കിലും, സ്ഫടികസുതാര്യതയ്ക്കപ്പുറത്ത് തങ്ങളുടേതല്ലാത്തൊരു ലോകത്തെയും അതിലെ ജൈവസാന്നിധ്യങ്ങളെയും അവർ നിരന്തരം കാണുന്നു. ഉള്ളില്‍നിന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ സ്ഫടികഭിത്തിയുടെ കോണ്‍കേവ് വടിവ് ചില്ലിനപ്പുറത്തെ മുഖങ്ങള്‍ക്ക്   ഭീകരമാനങ്ങൾ നല്‍കുന്നു. പരിചിതമെങ്കിലും ആ മുഖങ്ങളുടെ ഭീതിജനകമായ സാമീപ്യം അവര്‍ക്ക്  സ്ഫടികനേര്‍മ്മയെക്കുറിച്ച് അനാവശ്യമായ ഓര്‍മ്മ നല്‍കുന്നു. ഈ വക കാരണങ്ങളാല്‍, പുറത്തുനിന്നും വരുവാനിടയുള്ള, ഏറെക്കുറെ അനിവാര്യമായ ഒരു ഇടപെടലിനെയും, സ്വയം പൊട്ടുവാനിടയുള്ളൊരു ചില്ലുഭിത്തിയെയും അവർ സദാസമയവും വെറുതെ സങ്കല്പിക്കുന്നു. ജീവിതമാധ്യമത്തെ സംബന്ധിച്ച ആ അരക്ഷിതത്വം അവരുടെ പ്രാണഭയത്തെ എപ്പോഴും സജീവമാക്കി നിലനിര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ അവരെ സംബന്ധിച്ച്, ആത്മീയമെന്ന് വിളിക്കാവുന്നതും ഇരുവരും ഉൾപ്പെട്ടതുമായ ഒരുതരം ഏകാന്തതയ്ക്കുവേണ്ടിയും, ആ ഏകാന്തതയുടെ അരക്ഷിതത്വത്തിനെതിരെയും ഉള്ള പ്രാണസമരത്തിന്റെ അപരനാമമാകുന്നു പ്രണയം. സെല്‍ഫോൺ ടവറുകളില്‍ക്കൂടി മിക്കവാറും സമയം ഘനമൌനങ്ങളും തൊണ്ടയില്‍വെച്ച് ഈര്‍പ്പം കയറി കുതിര്‍ന്ന് കനപ്പെട്ടുപോയ വാക്കുകളും ഒഴുകി.

 

നിനക്ക് അവനെ കല്യാണം കഴിക്കാതിരുന്നുകൂടേ?”

 

ചോദിച്ച നിമിഷം തന്നെ താൻ സ്വയം അന്തസ്സ് നഷ്ടപ്പെടുത്തിയതായി കൃഷ്ണകുമാറിന് മനസ്സിലായി. പ്രേമത്തിന് ഇങ്ങനെ ചില കുഴപ്പങ്ങളുണ്ട്; അപ്രതീക്ഷിതനിമിഷങ്ങളിൽ നമ്മെ അറിയിച്ചുകൊണ്ടുതന്നെ അത് നമ്മെ നാണം കെടുത്തും. എങ്കിലുമാ നാണംകെടൽ നമുക്ക് ഒഴിവാക്കാനാവില്ല.

 

എന്തൊരു ചോദ്യം കൃഷ്ണാ!

 

നീലിമയുടെ ശബ്ദത്തിൽ പരിഹാസമില്ലായിരുന്നുവെങ്കിലും, ആ ചോദ്യത്തിൽ കൃഷ്ണകുമാറിന്റെ നാണക്കേട് പൂരിപ്പിക്കപ്പെട്ടു. ആളൊഴിഞ്ഞ കടല്‍ക്കരയിലെ സന്ധ്യയിൽ, വക്കുകൾ മഞ്ഞച്ച പഴയൊരു കാല്‍പ്പനിക പ്രണയദൃശ്യത്തിലെ കഥാപാത്രങ്ങളായിരിക്കുകയായിരുന്നു അവര്‍. സൂര്യൻ ജ്വലനപർവ്വമെല്ലാം കഴിഞ്ഞ്, തീക്ഷ്ണരശ്മികളുടെ നിയതമല്ലാത്ത പാര്‍ശ്വങ്ങളെല്ലാം മുറിച്ചുമാറ്റി, വ്യക്തമായ പരിധിയുള്ള വലിയൊരു ചുവപ്പുവൃത്തം മാത്രമായി മാറിയിരുന്നു.

 

ഒരാള്‍ക്ക് ഒരേസമയം രണ്ട് പേരെ സ്നേഹിക്കാൻ കഴിയുമോ?”

 

നീ സ്നേഹിച്ചില്ലേ അങ്ങനെ?”

 

കൃഷ്ണകുമാറിന്റെ നാവടഞ്ഞുപോയി. പഞ്ചസാരമണൽ പറ്റിയ അവളുടെ പാദങ്ങളിലേയ്ക്ക് നോക്കി അവൻ ഇരുന്നു. സ്നേഹിക്കപ്പെടുന്നവരുടെ പാദങ്ങളിൽ നഖങ്ങൾ പെൺകുട്ടികളുടെ നെറ്റിമേൽ ചുവന്നുവലിയ വട്ടപ്പൊട്ട് പോലെയാണ്. പാദങ്ങളെ അവ ഉമ്മവെക്കാൻ തോന്നിപ്പിക്കും വിധം വിശ്വസുന്ദരികളുടെ മുഖങ്ങളാക്കുന്നു. അല്ലെങ്കിൽ, സ്നേഹമില്ലെങ്കിൽ, ആരാണ് മറ്റാരുടെയെങ്കിലും കാലിൽ ഉമ്മവയ്ക്കാൻ സ്വയമേവ തയ്യാറാവുക? നീലിമയുടെ പാദവും എന്നെ ഉമ്മ വെയ്ക്കൂ എന്ന് ക്ഷണിക്കും; പക്ഷേ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ. എന്തെന്നാൽ അവയുടെ നഖങ്ങള്‍ക്ക് പാല്‍പ്പല്ലുകളുടെ പടുതിയായിരുന്നു. ശരീരത്തെ അപേക്ഷിച്ച് അസാധാരണമാംവിധം ചെറുതായ ആ പാദങ്ങളിൽ നോക്കിയിരിക്കേ, അവൻ നെരൂദയുടെ കവിത ഓര്‍ത്തു. ‘When I cannot look at your face, I look at your feet...’

 

നീ കേട്ടിട്ടില്ലേ കൃഷ്ണാ, മിക്കവാറുമെല്ലാ മൃഗജാതികളിലും ഇണയെ തിരഞ്ഞെടുക്കുന്നത് പെണ്ണാണെന്ന്? എന്തുകൊണ്ട് അത് അവളുടെ മാത്രം അവകാശമായിരിക്കുന്നു എന്നറിയുമോ?”

 

അതിന്റെ ഉത്തരം കൃഷ്ണകുമാറിന് അറിയില്ലായിരുന്നു. പക്ഷേ ആ ഉത്തരമറിയാചോദ്യം അതിന്റെ സത്ത കൊണ്ടുതന്നെ  അവന്റെ അഹന്തയിൽ ഒരു സൂചി കുത്തി.

 

പെണ്ണിന്റെ ജനിതകത്തില്‍ മാത്രമേ ഇണയുടെ ചിത്രമുള്ളു. തന്റെ ജനിതകത്തില്‍ രേഖപ്പെട്ട ആ അഴകളവുകളെയാണ് അവള്‍ ഓരോ ആണിലും തിരയുന്നത്, ഒടുവില്‍ ഒരേയൊരു ആണിൽ കണ്ടെത്തുന്നത്. അവനെ കണ്ടെത്തിയില്ലെങ്കില്‍ അവളിലെ പെണ്ണ് സ്വസ്ഥയാകില്ലൊരിക്കലും.

 

എന്റെ നീലിമ! നീയീ ഫാന്റസിയിൽ നിന്നൊന്ന് താഴേക്കിറങ്ങി വാ!

 

ശ്ശെടാ! ഇത് ഫാന്റസിയൊന്നുമല്ല. സയൻസാണ്, ഞാനതിനെ ഒന്ന് അലങ്കരിച്ചെന്നേയുള്ളു..

 

എന്തു സയൻസ്? ഇതൊക്കെ എങ്ങനെ പെണ്ണിന്റെ മാത്രം അവകാശമാകുന്നെന്നാണ്?” മുറിവേറ്റ മൃഗത്തിന്റെ ഭാവത്തിൽ അഹന്ത നൊന്ത് കൃഷ്ണകുമാർ ചോദിച്ചു.

 

നീലിമ ചിരിച്ചു. “കൃഷ്ണാ, ആലോചിക്ക്, ഞാനൊരു പേടമയിൽ. എന്റെ മുൻപിൽ ആണ്മയിലുകളുടെ ഒരു പടയണി. പീലി വിടർത്തി ഒപ്പം ചേർന്നുനടന്നും നിന്നും പരസ്പരം നോക്കി മത്സരിക്കുകയാണ് എനിക്കുവേണ്ടി.”

 

നിർത്ത്. ജയിച്ചുവരുന്നയാളെ എന്തായാലും നീ സ്വീകരിച്ചല്ലേ പറ്റൂ. അപ്പോൾ അത് നിന്റെ തിരഞ്ഞെടുപ്പാകുന്നില്ല.”

 

മൈ ഡിയർ മിസ്റ്റർ കൃഷ്ണകുമാർ!” നീലിമ പൊട്ടിച്ചിരിച്ചു. “ജയിക്കേണ്ടത് അവരുടെ ആവശ്യമാണ്. കാരണം ജയിക്കുന്നയാളാരോ അയാൾ മാത്രമാണ് എന്റെ ചോയ്സ്. മനസ്സിലായോ? എനിക്ക് ആണിൽ വേണ്ടത് ഏറ്റവുമധികം വിരിഞ്ഞുതിങ്ങിയ, ഏറ്റം തിളങ്ങുന്ന നീലപ്പച്ച കണ്ണുകളുള്ള പീലികളായിരുന്നു. എന്റെ കൊതി പോലെ, എനിക്ക് വേണ്ടുന്ന ആണാണ് അവരിൽനിന്ന് എന്റെ മുന്നിലെത്തുന്നതും. ഏറ്റവും തെഴുത്ത നീലപ്പച്ചപ്പീലിക്കാരൻ. അവന്റെ ഗർവ്വം ഒന്ന് കാണേണ്ടതാണ്. പക്ഷേ ഞാനൊന്ന് മുഖം തിരിച്ച് നടന്നാൽ വാടുന്ന പീലിച്ചാമരമേ അവനുള്ളു.”

 

കൃഷ്ണകുമാറിന് പീലികൊഴിഞ്ഞു. “ശരി, എന്തെങ്കിലുമാകട്ടെ. അതുകൊണ്ട്?” അവന്റെ ശബ്ദത്തിൽ ദയനീയതയും അസഹ്യതയും ഒരുപോലെ നിറഞ്ഞിരുന്നു.

 

നീലിമ പിന്നെയും ചിരിച്ചു. പിന്നെ, ഒരു നിമിഷശേഷം പറഞ്ഞു, “എന്റെ ജനിതകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രം നിന്റേതാണ്.

 

കൃഷ്ണകുമാർ പെട്ടെന്ന് നിശബ്ദനായി.

 

നീലിമയുടെ അടുത്ത ചിരിക്ക് ഒരു ചെറുതിരയുടെ രഹസ്യഭാവം കൈവന്നിരുന്നു. ‘കൊല്ലുന്ന ചിരി! ഇവളിതെന്തിനാണിങ്ങനെ ചിരിക്കുന്നത്?’ അവൻ അസ്വസ്ഥതയോടെ ഓര്‍ത്തു.

 

പിന്നെ നീ അവനെ കല്യാണം കഴിക്കുന്നതെന്തിനാണ്?” ഒട്ടൊരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ വീണ്ടും നാണംകെട്ട് ചോദിച്ചു. ഇപ്പോഴും നമുക്ക് സമയമുണ്ട്.

 

നമുക്കോ!ഇത്തവണ നീലിമയുടെ ശബ്ദത്തില്‍ പരിഹാസമുണ്ടെന്നുതന്നെ അവന് തോന്നി.

 

നമുക്കിനി സമയമില്ല കൃഷ്ണകുമാർ! നിനക്കറിയാവുന്നതുപോലെ, പണ്ട് ഞാനും ആഗ്രഹിച്ചിരുന്നു അങ്ങിനെ. പക്ഷേ, ഇപ്പോള്‍ ഞാനത് ആഗ്രഹിക്കുന്നില്ല. അത് നിന്നോടുള്ള പഴയ നീരസം കൊണ്ടല്ല. അതൊരു വിഡ്ഢിത്തമായിരിക്കുമെന്ന് കരുതാനും മാത്രം ബോധം ഇപ്പോഴെനിക്കുള്ളതുകൊണ്ടാണ്.

 

എന്ത് വിഡ്ഢിത്തം?”

 

ആ ചോദ്യത്തെ കേള്‍ക്കാതെ നീലിമ തുടര്‍ന്നു, “പിന്നെ കല്യാണം, അത് നടന്നേ പറ്റു. അതിനു കാരണം ഞാനൊരു പേടമയിലും നീ തിളങ്ങുന്ന പീലിമിഴികളുള്ള ആണ്മയിലും അല്ലായെന്നതാണ്. ഞാൻ ഒരാൾ മാത്രമല്ല എന്റെ ലോകത്തിന്റെ പരിധി. എന്റെ സാഹചര്യങ്ങളെയും മനഃസാക്ഷിയെയും കണക്കിലെടുക്കുവോളം വിവാഹം ഒഴിവാക്കാനാവില്ല. ഇതൊക്കെ അറിയാമായിട്ടും ഈ വൈകിയ വേളയിലും ഈ കല്യാണം ഒഴിവാക്കിക്കൂടേ എന്ന് ചോദിക്കുന്ന നിന്നോടാണെനിക്കിപ്പോൾ ഫാന്റസിയിൽനിന്ന് ഉണരൂ എന്ന് പറയാൻ തോന്നുന്നത്.

 

അപ്പോള്‍ അവനോട് നിനക്ക് സ്നേഹമില്ലെന്നാണോ?”

 

നീ തെറ്റിദ്ധരിച്ചു കൃഷ്ണാ! ആദ്യം അവനെ എനിക്ക് അറിയുകയുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അവനോടെനിക്ക് സ്നേഹമാണ്. അവനോടെനിക്ക് അനുതാപവുമാണ്. അവനെ രേഖപ്പെടുത്തിയ ജനിതകമുള്ള, അവനില്ലാത്തയിടങ്ങളില്‍ അവനെ തിരയുന്ന ആ ഏതോ ഒരു പെണ്ണിനോടും.

 

നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല നീലിമ.അവള്‍പറയുന്നതിൽ അവ്യക്തതയൊന്നും ഇല്ലാതിരുന്നിട്ടും ആ വസ്തുതകളുടെ ഘനമത്രയും ഒറ്റയടിക്ക് പേറുന്നതില്‍ പരാജയപ്പെടുന്നുവെന്ന് തോന്നിയതുകൊണ്ടുമാത്രം കൃഷ്ണകുമാര്‍ പറഞ്ഞു.

 

കൂടുതലായൊന്നും ഇതിൽ മനസിലാക്കാനില്ല. ഞാന്‍ നിന്നെ എന്റെ ജനിതകത്തിൽ പേറുന്നു. അത്രമാത്രം.

 

തന്റെ ജനിതകത്തില്‍ രേഖപ്പെട്ടവനാണെന്ന വിശ്വാസം കൊണ്ട് മാത്രമല്ല നീലിമ കൃഷ്ണകുമാറിനെ സ്നേഹിച്ചത്. ഭൂമിയിലെ പലകോടി പുരുഷന്മാരിൽ കൃഷ്ണകുമാറിന് മാത്രം സാധ്യമാകുന്ന, അസാധാരണവും അസംസ്കൃതവുമായൊരു പ്രേമത്തോടുള്ള സ്വാര്‍ഥമെന്ന് വിളിക്കാവുന്ന ഒരുതരം ആസക്തിയാണ് നീലിമയെ അതിന് പ്രേരിപ്പിച്ചത്. അതിന്റെ അസാധാരണിമകൾ ഓരോന്നും ഒരു നവജാതശിശുവിന്റെ നഖങ്ങളെപ്പോൽ സൂക്ഷ്മവും ലോലവും ഹൃദയഹാരിയുമായിരുന്നു. അതിന്റെ അസംസ്കൃതിമകള്‍ നീരൊലിക്കുന്ന ഒരു ആനയുടെ ചേഷ്ടകളെപ്പോൽ പ്രവചനാതീതവും വന്യവുമായിരുന്നു. അതിന് ഒരു കാട്ടുതീയുടെ അപ്രതിരോധ്യത ഉണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ സ്നേഹത്തിന്റെ സൂക്ഷ്മവും സ്വകാര്യവുമായ വെളിപ്പെടലുകള്‍ക്ക് വേണ്ടി നീലിമ കൃഷ്ണകുമാറിനെ കഠിനമായി സ്നേഹിച്ചു. അത് അവള്‍ക്ക് തന്നോടു തന്നെയുമുള്ള സ്നേഹമായിരുന്നു. അതൊഴിച്ചാല്‍ ആ സ്നേഹത്തിൽ അവള്‍ക്ക് മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ലതാനും.

 

തിരികെ നടക്കുമ്പോൾ ഒരു സ്വീകരണമുറിഭിത്തിയിലെ ചിത്രത്തിനെ കൃത്യമായി അനുകരിച്ചുകൊണ്ട്, കിഴക്ക്, അരികുകള്‍ക്ക് മങ്ങിയ മഞ്ഞ നിറമുള്ള ഇരുണ്ട പഞ്ഞിമേഘങ്ങള്‍ക്കിടയിൽ പൂര്‍ണചന്ദ്രൻ ഉദയത്തിന്റെ ആരംഭശൂരത്വമായ അമിതവലിപ്പത്തോടെ വിളറിനിന്നു. ആ ദൃശ്യം കണ്ടതും, അപ്രതീക്ഷിതമായ തിരിച്ചറിവുകള്‍ക്ക് മാത്രം സഹജമായൊരു ആവേശത്തോടെ കൃഷ്ണകുമാർ തിരിഞ്ഞുനോക്കി. സൂര്യൻ ഉപേക്ഷിച്ച് പോയ അവസാനത്തെ എട്ടുമിനിട്ട് ചുവപ്പ് പടിഞ്ഞാറൻ ചക്രവാളത്തിലാകെ. ഉറവിടം കാണാനില്ലാത്ത ശുദ്ധമായ ചോരപ്പടര്‍പ്പ്! കൃഷ്ണകുമാറിന്റെ മനസ്സ് മണം പിടികിട്ടിയ ഒരു പോലീസ് നായയെപ്പോലെ ഒരു സ്വപ്നത്തിന്റെ പൊരുളിന് പിന്നാലെ പായാന്‍ തുടങ്ങി. അവന്‍ പൊതുവെ ഉറക്കത്തിൽ സ്വപ്നം കാണുന്ന ആളായിരുന്നില്ല. തുടര്‍ച്ചയായി പനിപിടിക്കാൻ തുടങ്ങിയതു മുതലാണ് കൃഷ്ണകുമാർ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്. പലതരം വിചിത്രമായ, എന്നാൽ യഥാർത്ഥമെന്ന് തെറ്റിദ്ധരിച്ചുണര്‍ന്നിരുന്ന സ്വപ്നങ്ങൾ. സൂര്യനില്‍നിന്ന് ചന്ദ്രനിലേക്ക് നേര്‍രേഖയിലുള്ള ഒരു പാതയുണ്ടെങ്കിൽ, ആ പാതയില്‍ക്കൂടി ശൂന്യാകാശത്തിന്റെ ഇരുളിനോളംപോന്ന അരണ്ട വെളിച്ചത്തിൽ നടക്കുമ്പോൾ ഒരറ്റത്ത് ചുവന്ന വെയിലും തിരിഞ്ഞുനോക്കുമ്പോൾ നിലാവും കാണാമെങ്കിൽ, അടിയിൽ ഇരുളിന്റെ അഗാധതയുള്ള അത്തരമൊരു സുതാര്യ പാതയിലെ നൂല്‍വഴിയെ നടന്നുപോകാമെങ്കിൽ, അങ്ങനെ രണ്ടുതരം വിദൂരവെളിച്ചങ്ങൾ അറ്റങ്ങളായ, അസ്പഷ്ടമായൊരു വഴിത്താരയില്‍ക്കൂടി നടന്നകലുന്നൊരു നിഴലായിരുന്നു അവൻ ആയിടെ ഒന്നിലധികം തവണ കണ്ട സ്വപ്നം. പാതയുടെ ഒരറ്റത്തുനിന്ന് നോക്കുമ്പോൾ നീല അരികുകളും മറുപാതിയില്‍നിന്ന് നോക്കുമ്പോൾ ചുവന്ന അരികുകളുമുള്ള ഒരു നിഴൽ. ആ സ്വപ്നം എല്ലായ്പ്പോഴും ഒരു വിദൂരദൃശ്യമായിരുന്നു. ആ നിഴലിനെ അടുത്ത് കാണണമെന്ന് ഓരോ തവണയും ഉല്‍ക്കടമായി നിദ്രയിൽ ആഗ്രഹിച്ചുവെങ്കിലും ഒരിക്കലും അതിനവനു സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോൾ ഈ നിമിഷം!

 

ഭൂത, വര്‍ത്തമാന യാഥാര്‍ഥ്യങ്ങൾ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുക സാധാരണയാണ്. പക്ഷേ ഭാവിയുടെ ഒരു നിമിഷം പോലെയൊന്ന് സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പൊരുൾ എന്താണ്? ആ ചോദ്യത്തേക്കാളുപരി കൃഷ്ണകുമാറിനെ അലട്ടിയത് സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള വൈചിത്ര്യങ്ങളായിരുന്നു. സ്വപ്നത്തില്‍ ഒരൊറ്റ നിഴലേയുള്ളു, യാഥാര്‍ഥ്യത്തിൽ രണ്ട് നിഴലുകൾ ഉണ്ടായിരുന്നു. അതിന്റെ അര്‍ഥമെന്താണ്? നെരൂദ, പാദങ്ങള്‍, അഭൌമപാത, നിഴൽ.. ഇന്നത്തെ ചിന്തകളില്‍ കൌതുകമുണര്‍ത്തി വന്ന ബിംബങ്ങൾ തമ്മിൽ രഹസ്യബന്ധമെന്താണ്?

 

 

3. സ്വപ്നയാഥാർത്ഥ്യങ്ങളുടെ മാറാട്ടം

 

കടല്‍ക്കരയിലെ സന്ധ്യയുടെ രാത്രി വെളിപാടിന്റെ രാത്രിയായിരുന്നു. അതിനാല്‍ അത് മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെയും കുമ്പസാരപ്പെട്ട പൌര്‍ണമിയുടെയും രാത്രി ആയിരുന്നു. കൃഷ്ണകുമാര്‍ ആ രാത്രിയിൽ തിരിച്ചറിവിന്റെ സ്വാസ്ഥ്യം പൂകി. കേട്ടുകേള്‍വിയിൽ പോലുമില്ലാത്തതും എന്നാൽ എവിടെയോ ഉള്ളതെന്ന് ആത്മസുനിശ്ചിതവുമായ, അമൂല്യനിധികളാൽ നിറഞ്ഞ ഒരു ദ്വീപ് തേടി ജീവിതത്തോളം സമുദ്രപര്യവേക്ഷണം ചെയ്തിരുന്ന ഒരു മനുഷ്യനായി അവൻ തന്നെത്തന്നെ കണ്ടു. ആ ദ്വീപ് കണ്ടെത്തുമ്പോൾ ജീവന്റെ തിരച്ചിൽ അവസാനിക്കുകയും അത് വിശ്രാന്തികൊള്ളുകയും ചെയ്യും. കൃഷ്ണകുമാറിന്റെ ആ ദ്വീപ് നീലിമയാണ്.

 

ഇരുളില്‍ ആ വെളിപാടിന്റെ പല നിലകളിൽ മാറിമാറി കിടക്കവേ, അത്രനേരം ദൃഷ്ടിയെ നിയന്ത്രിച്ചുകൊണ്ട് ഭിത്തിമേല്‍ സഞ്ചരിച്ചിരുന്ന മിന്നാമിനുങ്ങ് ആകാശത്ത് ഒരു എയ്ത്തുനക്ഷത്രം പാഞ്ഞുമറയുംപോലെ പെട്ടെന്ന് പറന്നുയരുകയും, അതേ നിമിഷം മച്ചില്‍നിന്ന് തൂങ്ങിക്കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ ചിറകില്‍തട്ടി കെടുകയും, ആ കൂട്ടിയിടിയുടെ നേര്‍ത്ത അപകടശബ്ദത്തിൽ കൃഷ്ണകുമാർ ഞെട്ടിപ്പോവുകയും ചെയ്തു. അവൻ പെട്ടെന്നെഴുന്നേറ്റ് മുറിയിൽ വെളിച്ചം വരുത്തി എങ്ങോട്ടേയ്ക്കാണ് ആ പ്രാണി വീണതെന്ന് അന്വേഷിച്ചു. എന്നാൽ അത് എങ്ങുമുണ്ടായിരുന്നില്ല.

 

മ്ലാനമായ മനസ്സോടെ വീണ്ടും ലൈറ്റണച്ച് കിടക്കയിലേയ്ക്ക് ചാഞ്ഞപ്പോഴാണ് കൃഷ്ണകുമാർ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധിച്ചത്. മിന്നാമിനുങ്ങ് ഇന്നത്തെ രാത്രിയുടെ മാത്രം അതിഥിയല്ല. ഈ സന്ദര്‍ശനം പലരാത്രികളിലുമുള്ള ആവര്‍ത്തനമാണ്.

 

സ്നേഹം വെളിപ്പെടുത്തുമ്പോഴും ഉമ്മ വെക്കുമ്പോഴും രതിയിലേര്‍പ്പെടുമ്പോഴും അപ്രതീക്ഷിതമായി മരിച്ചുപോകുന്നവരുടെ ആത്മാക്കളാണ് മിന്നാമിനുങ്ങുകള്‍.ഒരിക്കൽ നീലിമ പറഞ്ഞു.

 

ഓഹൊ! നിനക്കെങ്ങനെ അറിയാം?” കൃഷ്ണകുമാർ കളിയാക്കലോടെ ചോദിച്ചു.

 

എന്നോട് ഒരു മുതിർന്ന സ്ത്രീ പറഞ്ഞിട്ടുണ്ട്. നീ ചിരിക്കരുത്, വളരെ ഗൌരവത്തോടെയാണവർ അതുപറഞ്ഞത്.

 

ഒരു നിമിഷം കഴിഞ്ഞ് അവള്‍ രഹസ്യാത്മകമായി കുസൃതിപ്പെട്ടു, “ആദ്യത്തെ രണ്ട് ക്ലോസുകളേ അവര്‍ പറഞ്ഞിരുന്നുള്ളു, മൂന്നാമത്തേത് ഞാൻ കൂട്ടിച്ചേര്‍ത്തതാണ്, അവരെപ്പോലെ ഞാനും മുതിര്‍ന്നപ്പോൾ!

 

എന്ത്?” കൃഷ്ണകുമാർ നീലിമയുടെ രഹസ്യത്തിലും കുസൃതിയിലും പങ്ക് ചേര്‍ന്നു.

 

രതി.

 

വെളിപാടുരാത്രിയുടെ ഏഴാം നാളായിരുന്നു രതി. കൃഷ്ണകുമാറിന്റെ വാസസ്ഥലത്ത്, പരസ്പരം പറയാതെ, എന്നാല്‍ ഇരുവരുമൊരുമിച്ച് മുന്‍കൂട്ടി നിശ്ചയിച്ചതുപോലെതന്നെ.

 

നീ ഒരു സ്ത്രീയ്ക്ക് ആവശ്യമുള്ളതിലും അധികം മാന്യനാണ് കൃഷ്ണാ!സ്വയം വീണ്ടെടുത്തുകഴിഞ്ഞപ്പോള്‍ നീലിമ പുഞ്ചിരിച്ചു, പിന്നെ ചുംബിച്ചു.

 

എന്തേ?”

 

കിടക്കയിലെ നിന്റെയീ അന്തസ്സും, കൊല്ലുന്ന ക്ഷമയും!നീലിമ കുലുങ്ങിച്ചിരിച്ചു, ശേഷം ചോദിച്ചു, “ഷാരോണ്‍?”

 

കൃഷ്ണകുമാർ മൌനിയായി. പിന്നെ അവളുടെ ചോദ്യത്തെ ഒരു മറുചോദ്യം കൊണ്ട് നേരിട്ടു, “ഇതൊക്കെ നിനക്കെങ്ങനെ മനസിലായി?”

 

എത്ര ലളിതം കൃഷ്ണാ! നിനക്കത് മനസ്സിലായില്ല?”

 

കൃഷ്ണകുമാറിന്റെ മുഖത്ത് ആശ്ചര്യം പടര്‍ന്നു.

 

നീ പോയ ശേഷമുള്ള, കടലെടുത്ത അവസ്ഥ.നീലിമയുടെ ശബ്ദത്തിൽ വളരെക്കാലം കൂടി കൃഷ്ണകുമാർ വിഷാദം രുചിച്ചു. മരണത്തോളം നോവ്. ആത്മഹത്യയുടെ തുമ്പ്. ഒടുവിൽ ട്രപ്പീസിൽനിന്ന് വലയിലേക്കിറങ്ങിവന്നപ്പോള്‍, സ്ഫോടനതുല്യമുള്ളൊരു സ്വയം തിരിച്ചറിവിൽ ആദ്യം തീരുമാനിച്ചത് അതായിരുന്നു.

 

കൃഷ്ണകുമാർ വല്ലാതായി. പിന്നെ സങ്കോചത്തോടെ, ലജ്ജയും അസൂയയും കലർന്ന ആകാംക്ഷയിൽ ചോദിച്ചു, “ആരായിരുന്നു? അത് പറയൂ.

 

ആരായിരുന്നു?” നീലിമ കൃഷ്ണകുമാറിനെ നോക്കി, കന്യാമറിയത്തേപ്പോലെ പുഞ്ചിരിച്ചു. അതിൽ കാര്യമില്ല കൃഷ്ണാ. എനിക്ക് ആ അനുഭവം തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായിരുന്നു. ക്രൂരതയാണ്, സ്വാർത്ഥതയുമാണ്. എങ്കിലും യാഥാർത്ഥ്യമതാണ്. കരുതിക്കൂട്ടിയല്ലെങ്കിലും, അയാള്‍, പാവം, സത്യത്തിൽ അതുസംഭവിക്കുമ്പോൾ അയാൾ ചിത്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അയാൾ മാത്രമല്ല, ആ മുറിയും മുറിക്കുപുറത്തുള്ള ലോകവും എല്ലാം. ഞാന്‍, ഞാൻ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. പ്രശാന്തിയുടെ സമുദ്രത്തിൽ, സ്വയം നഷ്ടപ്പെട്ടും കണ്ടെടുത്തും ഞാനൊരാൾ മാത്രം..

 

കൃഷ്ണകുമാറിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഓര്‍മ്മകളിൽ, ആ നിമിഷങ്ങളിൽ വീണ്ടും എത്തിപ്പെട്ടതുപോലെ കണ്ണടച്ചുകിടന്ന നീലിമയുടെ മുഖത്തേയ്ക്കുതന്നെ മിഴിച്ചുനോക്കി അവനിരുന്നു.

 

പിന്നെ അയാളെ കണ്ടോ?” കൃഷ്ണകുമാർ ചോദിച്ചു.

 

എന്തൊരു അസൂയ!” കണ്ണടച്ചുകിടന്ന നീലിമയുടെ മുഖത്ത് ചുണ്ടുകൂട്ടിപ്പിടിച്ച , കാര്യമല്ലാത്തൊരു പരിഹാസപ്പുഞ്ചിരി ഉണ്ടായിരുന്നു. “ഇല്ല, പിന്നെ കണ്ടില്ല.കണ്ണടച്ചുതന്നെ കിടന്ന് നീലിമ തുടര്‍ന്നു. അയാൾ പോകുമ്പോൾ ഞാൻ കരയുകയായിരുന്നു. അയാൾ ഭയന്നുപോയിരിക്കണം, പിന്നെ ഞങ്ങൾ കണ്ടിട്ടില്ല.ഒരു നിമിഷം നിര്‍ത്തിയിട്ട് അവൾ തുടര്‍ന്നു, “കാണാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.

 

വിർജിനിറ്റി റ്റാബു! എന്റെ പൊന്നു നീലിമ!

 

ഞാൻ കരഞ്ഞത് കന്യകാത്വത്തെ ഓര്‍ത്തല്ല.പെട്ടെന്നു കൃഷ്ണകുമാറിന് നേരെ കണ്‍തുറന്ന്, അവനെ മുഴുമിക്കാൻ വിടാതെ നീലിമ പറഞ്ഞു. സ്വയമറിഞ്ഞുള്ള കന്യകാത്വനഷ്ടത്തിൽ കരയുന്നവർ സന്ദേഹികളും അവിശ്വാസികളുമാണ്. അവര്‍ക്ക് ആത്മാവിന്റെ ശരികളിൽ പൂര്‍ണവിശ്വാസമില്ല.

 

അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. പിന്നെ, കൃഷ്ണകുമാറിന്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് തുടര്‍ന്നു,

 

ഞാൻ കരഞ്ഞത് നിന്നെ ഓര്‍ത്താണ്. അത് കുറ്റബോധമൊന്നുമായിരുന്നില്ല. വെറും ഓര്‍മ്മ. വിചിത്രം, അല്ലേ? പക്ഷേ അങ്ങനെ ഒരാള്‍ക്ക് കരയാൻ പാടില്ലേ? വെറുതെ ഒരാളെ ഓര്‍ത്ത് വെറുതെ കരയാൻ?” അവളുടെ കണ്ണുകൾ ഇപ്പോൾ നീരണിഞ്ഞിരിക്കുന്നുവെന്ന് അവൻ കണ്ടു. കൃഷ്ണകുമാറിന് പെട്ടെന്ന് കുറ്റബോധം തോന്നി. അവന്റെ കണ്ണുകൾ നിറഞ്ഞു. നീലിമ, നീ അന്നൊരിക്കൽ പറഞ്ഞില്ലേ, ജനിതകത്തിൽ രേഖപ്പെട്ട ചിത്രങ്ങളെപ്പറ്റി? ആണിന്റെ ജനിതകത്തിലും അതുണ്ടെന്നാണെനിക്കിപ്പോൾ തോന്നുന്നത്. പക്ഷേ അത് ഡീകോഡ് ചെയ്ത് കാണുവാനുള്ള ശേഷി ഞങ്ങള്‍ക്ക് പരിണാമത്തിന്റെ തുടക്കത്തിലെവിടെയോ സൂക്ഷ്മപ്രാണിയായിരിക്കേ നഷ്ടപ്പെട്ടതായിരിക്കണം.

 

നീലിമ കൃഷ്ണകുമാറിനെ ചേര്‍ത്തുപിടിച്ചു. അങ്ങനെ അവര്‍ ഉറങ്ങി. തുറന്നിട്ട ജനാലയ്ക്ക് പുറത്ത് ദ്വിമാനചിത്രങ്ങളായിത്തീര്‍ന്ന മരങ്ങളുടെ ഇരുള്‍ത്തുഞ്ചങ്ങളിൽ മിന്നാമിനുങ്ങുകളുടെ സംഘടിതമായ നക്ഷത്രവീഴ്ചകൾ നിരന്തരവും ശക്തവുമായി. ഉറക്കത്തിലേയ്ക്കുള്ള അവസാന ആക്കത്തില്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് മുറിയിൽ മിന്നാമിനുങ്ങ് ഇല്ലാത്ത രാത്രിയാണല്ലോയെന്ന് കൃഷ്ണകുമാർ അത്ഭുതപ്പെട്ടു. ആ അത്ഭുതം, പങ്കയിൽ തട്ടിത്തെറിച്ച് മറഞ്ഞ മിന്നാമിനുങ്ങ് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ഇരുളിൽ മേശമേൽ മിന്നുന്നത് കണ്ടപ്പോൾ അവനുണ്ടായതു പോലെ തന്നെ ഒന്നായിരുന്നു. എന്തെന്നാല്‍, അവൻ കരുതിയിരുന്നത് പങ്കയുടെ വീശിയടിയെ അതിജീവിക്കുവാനുള്ള ത്രാണി ആ‍ പ്രാണിക്ക് ഉണ്ടാവില്ല എന്നാണ്. എന്നാൽ ജീവന്റെ അപാരമായ ശക്തിയെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ തുച്ഛമായ അറിവിനെ പരിഹസിച്ചുകൊണ്ട്, മരണത്തെ തോല്‍പ്പിച്ച് മിന്നാമിനുങ്ങ് ഇരുളിൽ വെളിച്ചത്തിന്റെ ഒരു പൊട്ട് കുത്തി. മറ്റുള്ളവര്‍ക്ക് തികച്ചും സാധാരണമെന്ന് തോന്നാവുന്ന ആ നിരന്തര ജീവസാന്നിധ്യത്തെ, പ്രേമിയായി ജീവിക്കുന്നവൻ എന്ന ഒറ്റക്കാരണത്താൽ കൃഷ്ണകുമാറിന് അസാധാരണമായിത്തോന്നി. പ്രേമത്തിന്റെ മറ്റൊരു പ്രത്യേകത; അത് ലോകത്തിന്റെ സാധാരണിമകളെ വ്യക്തികളുടെ അസാധാരണിമകളാക്കിത്തീര്‍ക്കും.

 

അതുകൊണ്ടുതന്നെ നീലിമയല്ലാത്തവരൊക്കെ ഒരുപക്ഷേ പൈങ്കിളിയെന്ന് മുദ്രകുത്തിയേക്കാവുന്ന ഒരു പ്രവൃത്തിയാണ് കൃഷ്ണകുമാർ പിന്നീട് ചെയ്തത്. അവൻ ഇരുളിൽ ആ മിന്നാമിനുങ്ങിന്റെ ചിത്രം മൊബൈല്‍ഫോണിന്റെ ക്യാമറയിൽ പകര്‍ത്തുകയും, അപ്പോൾ തന്നെ, കേവലം കറുപ്പിൽ ഒരു പച്ചകുത്ത് അല്ലാതെ മറ്റൊന്നുമല്ലാത്ത ആ ചിത്രം നീലിമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കൃഷ്ണകുമാറിനൊപ്പം രാത്രി ചിലവഴിക്കാൻ വരുന്നതിനു കാരണമായി നീലിമ ആദ്യം പറഞ്ഞതും ആ മിന്നാമിനുങ്ങിനെ കാണണമെന്നുള്ള ആഗ്രഹമായിരുന്നു. എന്നാൽ പിറ്റേന്ന് പകൽ തിരികെ മടങ്ങും വരെ അവൾ മിന്നാമിനുങ്ങിനെ കുറിച്ച് ഒരു തവണപോലും ഓര്‍ത്തതേയില്ല; ഉറക്കത്തിന് മുന്‍പുള്ള ബോധത്തിന്റെ ഒരേയൊരു നിമിഷത്തിലൊഴികെ കൃഷ്ണകുമാറും.

 

പുലര്‍ച്ചെ കണ്ണുതുറക്കുമ്പോൾ വലം കൈയ്യാൽ മുലകളിൽ അലസമായി ചൊറിഞ്ഞും, ഇടം കൈയ്യുടെ ചൂണ്ടുവിരലിൽ മുടിത്തുമ്പ് ചുറ്റിയുമഴിച്ചും കലണ്ടറിന് മുന്‍പിൽ നില്‍ക്കുന്ന നീലിമയെയാണ് അവൻ കണ്ടത്.

 

ഹഹ! ഇതാര്? വീനസ് വീണ്ടും പിറന്നപടിയോ!

 

നീലിമ തലചെരിച്ച് കൃഷ്ണകുമാറിനെ നോക്കി.

 

പ്രണയം ശരീരത്തിന്റെയും കാലത്തിന്റെയും കണിശതകളെ പരിഹസിക്കുന്നു.തന്നെനോക്കി കണ്ണുമിഴിച്ചുകിടക്കുന്ന കൃഷ്ണകുമാറിനരികിലേയ്ക്ക് ഉത്സാഹത്തോടെ നടന്നടുക്കവേ അവൾ പറഞ്ഞു.

 

എന്തേ?”

 

ഒന്നുമില്ല, ജീവിതത്തിൽ ആദ്യമായി ഈ മാസത്തിൽ ഏഴ് ദിവസംമുന്‍പേ ഞാൻ ചുവപ്പുകൊടി നാട്ടി.

 

ഏഴ് ദിവസം?”

 

ആവോ, എന്തെന്നറിയില്ല. നിന്റെ അധിനിവേശത്തോട് പ്രതിഷേധിച്ചതാവും.

 

അതാവും. പക്ഷേ ആ ചുവപ്പ് ഒരു വഞ്ചനയുടെ വിളംബരം കൂടിയാണ്.

 

വഞ്ചന?” നീലിമയുടെ പുരികമുയര്‍ന്നു.

 

പുതിയ ജീവനെ വരവേല്‍ക്കുവാനായി ഒരുങ്ങിയിരുന്ന ഉടലിനോട് ജീവി കാട്ടുന്ന വഞ്ചനയിൽ നൊന്തുള്ള ജീവന്റെ നിലവിളി, രക്തച്ചൊരിച്ചിൽ. ഉയിരുടൽ സമരം, ചുവന്ന കണ്ണീര്!കൃഷ്ണകുമാർ തമാശപോലെയാണ് പറഞ്ഞത്. പക്ഷേ നീലിമ ചിന്താധീനയായിക്കിടന്നു. പിന്നെ പതിയെ പറഞ്ഞു,

 

ഇത്തവണ ഈ വഞ്ചന അവസാനിക്കും കൃഷ്ണാ. ഇന്ന് ഫെബ്രുവരി ഇരുപത്തിയെട്ട്. കൃത്യം മാര്‍ച്ച് പതിനഞ്ചിന് ഞാൻ നിന്നെ വിളിച്ചിട്ട് പറയും, മിസ്റ്റർ കൃഷ്ണകുമാർ, ദാ എന്റെ വയറ്റിലൊരു കുട്ടിക്രിസ്തു.

 

കല്യാണത്തിന്റെ അന്നോ!

 

കുന്തം! കല്യാണത്തിന്റെ അന്നാണെങ്കിലെന്ത്!

 

കൃഷ്ണകുമാർ ഒരുവട്ടം കണ്ണ് മിഴിച്ചു കറക്കുകയും നീലിമ തുടരുകയും ചെയ്തു.

 

നിന്റെ കുഞ്ഞ്, കൃഷ്ണാ. നിന്നില്‍നിന്ന് ഞാൻ ധരിക്കുന്ന ദിവ്യഗര്‍ഭം. നീയാകുന്ന പിതാവും പുത്രനും.

 

നിനക്ക് വട്ടാണ് നീലിമ.

 

നീലിമയുടെ ദിവ്യഗർഭത്തെ കുറീച്ച് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കൃഷ്ണകുമാറിന്റെ മനസിലേയ്ക്ക് പിന്നെ വന്നത്, അവള്‍ പോയിക്കഴിഞ്ഞ രാത്രിയിൽ, ചിത്രപ്പണികൾ ചെയ്തു ചായമടിച്ച് മേശപ്പുറത്തു വച്ചിരുന്ന മണ്‍കൂജയില്‍നിന്നു പൂത്തുനിന്ന മയില്‍പ്പീലികളിൽ മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടപ്പോഴായിരുന്നു. ആത്മാവ് എന്ന സങ്കല്പം യാഥാര്‍ഥ്യമായിരുന്നുവെങ്കിൽ, അതിന് ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന്റെ വലിപ്പം മാത്രമേ കാണുമായിരിക്കുകയുള്ളൂ എന്ന കാര്യത്തില്‍ അവന് സംശയമൊന്നുമുണ്ടായിരുന്നില്ല. അതിന് മിന്നാമിനുങ്ങിന്റെ ഉദരത്തിന്റെ പച്ചവെളിച്ചമായിരിക്കുകയും ചെയ്യും.

 

പുല്ല്! യുക്തിവാദിയായ കൃഷ്ണകുമാർ ഇതൊക്കെ ചിന്തിക്കുന്നതെന്തിനാണ്? അങ്ങനെ സ്വയം ചോദിക്കുന്നതിന് പകരം കൃഷ്ണകുമാർ ചോദിച്ചത് ഇങ്ങനെയായിരുന്നു; “ഇപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ എന്നെ യഥാര്‍ഥത്തിൽ പ്രേരിപ്പിക്കുന്നതെന്താണ്?”



4. ജനിമൃതികൾക്കപ്പുറം

 

നീ വിവാഹത്തിന് വരേണ്ട എന്ന് നീലിമയും ഇനിമേൽ നമ്മൾ തമ്മിൽ കാണേണ്ട എന്ന് കൃഷ്ണകുമാറും പരസ്പരം പറഞ്ഞത് കല്യാണദിവസത്തിന്റെ തലേന്നത്തെ സംഭാഷണത്തിലായിരുന്നു. പ്രത്യക്ഷത്തിൽ ഒരു വിവാഹപൂര്‍വപ്രണയത്തിന്റെ സ്വാഭാവികമായ അന്ത്യത്തിൽ ഉച്ചരിക്കപ്പെടുന്ന സ്ഥിരം നൈരാശ്യഭരിതവാചകങ്ങളായി രണ്ടിനെയും തോന്നാമെങ്കിലും അവയ്ക്ക് പിന്നിലെ വികാരങ്ങൾ പരസ്പരം തികച്ചും ഭിന്നങ്ങളായിരുന്നു.

 

നിന്റെ ഒരു ചോദ്യം ഞാനോര്‍മ്മിപ്പിക്കട്ടെ, നിന്നെ വിവാഹം കഴിക്കുന്നതില്‍ എന്താണ് വിഡ്ഢിത്തമെന്ന ചോദ്യം? അതിനുള്ള ഉത്തരം ഞാനിപ്പോൾ പറയാം.” മൊബൈൽ ഫോണിന്റെ സ്പീക്കറിലേയ്ക്ക് നീലിമയുടെ ശബ്ദത്തിനായി കൃഷ്ണകുമാർ ശ്രദ്ധയോടെ കാതോർത്തു.

 

എനിക്കൊരു വീട് സ്വപ്നത്തിലുണ്ട് കൃഷ്ണകുമാർ. യാത്രകളിൽനിന്ന് എനിക്ക് മടങ്ങിയെത്താനും ചിറക് വിരുത്തി ക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് ഉന്മേഷം വീണ്ടെടുക്കാനുമായൊരു വീട്. അവിടെയെനിക്ക് നീയും വേണം. അല്ലെങ്കില്‍, മറ്റാരെക്കാളും നിന്നെയാണെനിക്ക് വേണ്ടതും. പക്ഷേ ദിനചര്യയായിമാറുന്ന പ്രണയത്തേക്കാൾ മടുപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ലെന്ന് ഞാൻ ഭയക്കുന്നു. അതുകൊണ്ടാണ് നിന്നെ വിവാഹം കഴിക്കുക എന്ന ആശയത്തെ ഞാന്‍ വെറുക്കുന്നത്. എനിക്കിത് അങ്ങനെ അവസാനിക്കേണ്ട. എന്നെ സംബന്ധിച്ച്, എന്റെ നിത്യജീവിതത്തിലെ നിന്റെ ശാരീരികമായ ഇല്ലായ്മയാണ് നമ്മുടെ സ്നേഹം.നീലിമ പറഞ്ഞു.

 

ആ ചിന്തകൊണ്ടാണ് നിനക്ക് പകരം മറ്റൊരാളെ വളരെ എളുപ്പത്തിൽ ഞാൻ ആ വീട്ടിൽ സങ്കല്‍പ്പിച്ചത്. പക്ഷേ ഒരു വിരോധാഭാസം പോലെ, ഇപ്പോള്‍ ആ സങ്കൽപ്പം ജീവിതത്തിലേയ്ക്ക് പെറ്റുവീഴാൻ പാകത്തിൽ തൊട്ടുമുകളിൽ നിൽക്കുമ്പോൾ ആ വീടും അതിലെ നീയില്ലായ്മയും എന്നെ ഭയപ്പെടുത്തുന്നു!

 

പ്രപഞ്ചം വര്‍ത്തിക്കുന്നത് ചതുര്‍മാനമായാണെന്നും ചാക്രികമായാണെന്നും ആരാണ് പറഞ്ഞത്? കൃഷ്ണകുമാർ ഓർക്കുവാൻ ശ്രമിച്ചു. അതുപ്രകാരം നാലാം മാനമായ കാലം അതിന്റെ വളർച്ച നിർത്തിക്കഴിയുമ്പോൾ പ്രപഞ്ചമപ്പാടെ നിരന്തരവികാസം നിര്‍ത്തുകയും ചുരുങ്ങുവാൻ തുടങ്ങുകയും ചെയ്യണം. ഒടുവില്‍ ഉല്‍പ്പത്തിയിലെന്നപോലെ നാലുമാനവും ചുരുങ്ങി ഒറ്റ ഘനബിന്ദുവിലെത്തണം. പ്രപഞ്ചത്തിന്റെ ഈ പൊതുസ്വഭാവം അതിലെ ഓരോ സൂക്ഷ്മകണികകളിലും ആവര്‍ത്തിക്കണമെന്ന നിയമത്തെ അനുവര്‍ത്തിച്ചെന്ന പോലെ, താന്‍ അദ്യകാലത്ത് കയറിക്കൊണ്ടിരുന്ന പർവ്വതങ്ങൾ ഇറങ്ങുകയും നീലിമ കയറുകയും ചെയ്യുകയാണെന്ന് കൃഷ്ണകുമാറിന് മനസിലായി.

 

അവന്റെ ദുഃഖാവരോഹണത്തിന്റെ കാരണം പരിശോധിച്ചാൽ വിചിത്രമെന്ന് തോന്നാം, അതും ഇരുവരും തമ്മില്‍ വിവാഹം പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു. ആ തിരിച്ചറിവ് പക്ഷേ നീലിമയ്ക്ക് സംഭവിച്ചതുപോലെ, വിവാഹാനന്തരം പ്രണയം ഒരു മടുപ്പിക്കുന്ന ദുഃശ്ശീലമായിമാറും എന്ന ഭയത്തില്‍നിന്ന് ഉരുവായതായിരുന്നില്ല. മറിച്ച്, നീലിമയോടുള്ള പ്രണയത്തില്‍ ഇനി ഉടലിന് കാര്യമായൊന്നും ചെയ്യാനില്ലെന്നും, ഉടലിനെ അത്  മറികടന്നുകഴിഞ്ഞുവെന്നുമുള്ള ബോധ്യം കൊണ്ടായിരുന്നു. ഇപ്പോള്‍ അതുതന്നെയാണ് തന്റെ ജീവിതമാധ്യമമെന്നും, ഉടലില്ലായ്മയിൽ, അത് പരസ്പരവിനിമയത്തിനും പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്കും അതിരുകളുടെ പരിമിതികള്‍ക്കും അതീതമാണെന്നും ഉള്ള, അരക്ഷിതത്വത്തെയും ഭയങ്ങളെയും കഴിഞ്ഞുള്ള പ്രശാന്തബോധ്യം.

 

ആ ബോധ്യത്തിന്റെ പുതപ്പിനടിയില്‍ ചൂടുപറ്റിക്കിടന്നു പിറ്റേന്ന്, നീലിമയുടെ വിവാഹരാത്രിയിൽ കൃഷ്ണകുമാർ അന്തംവിട്ടുറങ്ങി. ഉറക്കത്തില്‍ കുറേ നാളുകള്‍ക്ക് ശേഷം അഭൌമപാതയിലെ നിഴല്‍നടത്ത സ്വപ്നം കാണുകയും ചെയ്തു. എന്നാൽ ഇത്തവണ അവൻ ആ സ്വപ്നത്തെ കൂടുതൽ വിശദമായി കണ്ടു. ഇരു ദിശകളില്‍നിന്ന് നോക്കുമ്പോൾ എതിർവശത്തെ വെയിലിനോ നിലാവിനോ എതിരായി ഒറ്റനിഴലായും, മുകളിലും താഴെയുമുള്ള അനന്തതകളില്‍നിന്ന് നോക്കുമ്പോൾ പരസ്പരം എല്ലായ്പ്പോഴും നടന്നടുത്തുകൊണ്ടിരിക്കുന്ന, എന്നാല്‍ ഒരേ അകലം പാലിക്കുന്ന രണ്ട് നിഴലുകളായും കൃഷ്ണകുമാറിനു മുന്‍പിൽ അവന്റെ സ്വപ്നപ്രഹേളിക വെളിപ്പെട്ടു.

 

അടുത്ത പുലരിയിൽ ഉണർന്നപ്പോൾ പാദങ്ങളുമായി സ്വപ്നത്തിനുള്ള ബന്ധം കൃഷ്ണകുമാറിന് സംശയംവിനാ തെളിഞ്ഞിരുന്നു. എന്നാല്‍ ആ പുത്തനറിവിൽ നിന്നുകൊണ്ട് മിന്നാമിനുങ്ങിന്റെ വരവുകളെ വ്യാഖ്യാനിക്കുവാനോ, പുനഃസമാഗമശേഷം നീലിമ ആദ്യമായി ഫോണ്‍ചെയ്ത നാളിന്റെ രാത്രിയിലാണ് തികച്ചും യാദൃശ്ചികമായി ആ സന്ദര്‍ശനം ആരംഭിച്ചതെന്ന വസ്തുത കണക്കിലെടുക്കാനോ അവൻ മിനക്കെട്ടില്ല.

***************************

2013 സെപ്റ്റംബർ 15, ഞായറാഴ്‌ച

ശുഭസായന്തനം

വസുന്ധരാമ്മയെത്തിയിട്ടും “ഗുഡ് ഈവനിംഗി”ന്റെ രജിസ്റ്ററില്‍ അംഗങ്ങളുടെ എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. പേരുകളില്‍ മാത്രമേ മാറ്റമുണ്ടായുള്ളു. അന്നേ ദിവസം റോസ്മേരി ഗുഡ് ഈവനിംഗിനെ പിരിഞ്ഞതിനാലായിരുന്നു അത്. എന്നാല്‍ പകല്‍ റോസ്മേരിയോട് ആദ്യമായി സംസാരിക്കുമ്പോള്‍ അങ്ങനെയൊന്നിന്റെ നേരിയ മുന്നറിവ് പോലും വസുന്ധരാമ്മയ്ക്ക് ലഭിച്ചില്ല; ഗുഡ് ഈവനിംഗിനെ അവര്‍ക്ക് പരിചയപ്പെടുത്തിയത് റോസ്മേരിയായിരുന്നിട്ടുപോലും.

“കേട്ടോ വസുന്ധരാമ്മേ, ഇവിടം ഒരു വിചിത്രലോകമാണ്. മഴയും വെയിലും കടലും മലയും കലരുന്നിടം. എപ്പോള്‍വേണമെങ്കിലും വെളിച്ചം വീഴുകയോ ഇരുള് പരക്കുകയോ ചെയ്യാം. ദാ ഇപ്പോള്‍ത്തന്നെ, നേരമിത്രയായിട്ടും സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളു. നമ്മുടെ നാട്ടില്‍ ഇങ്ങനെയുമൊരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ കണ്ടിട്ടില്ലാത്തവര്‍ വിശ്വസിക്കില്ല.” വെളുത്ത ചായമടിച്ച കോണ്‍ക്രീറ്റ് ക്രാസികള്‍ അതിരുനില്‍ക്കുന്ന, പുല്‍ത്തകിടിയും പൂന്തോട്ടവും സുന്ദരമാക്കുന്ന, അതിവിശാലമായ വളപ്പിന്റെ ഒരരികില്‍ നിന്ന് റോസ്മേരി ഒരു ദാര്‍ശനികയുടെ ഭാവത്തില്‍, ഇംഗ്ലീഷ് ചുവയുള്ള മലയാളത്തില്‍ പറഞ്ഞു, പിന്നെയത് ഉപേക്ഷിച്ച് ഒരു ശിശുവിനെപ്പോലെ പുഞ്ചിരിച്ചു. അവരുടെ പുഞ്ചിരിയില്‍ ഒരു മാന്ദ്യം ഉണ്ടായിരുന്നു. പുഞ്ചിരിയില്‍ മാത്രമല്ല, ചലനങ്ങളിലും വചനങ്ങളിലുമൊക്കെ ഒരു അമാന്തം, ഓര്‍ത്തെടുത്ത് പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുമ്പോലെ. വസുന്ധരാമ്മ താഴേയ്ക്ക് നോക്കി. ഒരു ചെറിയ കുന്നിന്റെ പാതിയിലാണ് ഗുഡ് ഈവനിംഗ് ഓള്‍ഡ് ഏജ് ഹോം. കോണ്‍ക്രീറ്റ് ക്രാസികളെത്താങ്ങുന്ന കരിങ്കല്‍ക്കെട്ടും കരിങ്കല്‍ക്കെട്ടിനെ താങ്ങുന്ന ഉരുണ്ടുവലിയ കരിമ്പാറക്കൂട്ടങ്ങളും അപ്പുറം ചൂളമരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന മണല്‍പ്പരപ്പും. മണല്‍ത്തിട്ടിനെ ഭരിക്കുകയും പാറക്കെട്ടുകളില്‍ തകരുകയും ചെയ്യുന്ന കടലില്‍നിന്ന് കാറ്റ് ചൂളത്തലപ്പുകള്‍ക്കുമീതേകൂടി കുന്നുകയറിവരുന്നുണ്ടായിരുന്നു. പ്രാതവെയില്‍ കുന്നിനുമേലെ കനക്കുന്നുണ്ടായിരുന്നിട്ടും മഞ്ഞ് നൂലുപോലെ പെയ്തുകൊണ്ടിരുന്നു. വസുന്ധരാമ്മയ്ക്ക് തണുത്തു.

“ഒരുപക്ഷേ ലോകത്ത് മറ്റെങ്ങും കിട്ടാത്ത കരുതല്‍ നമുക്ക് ഇവിടെ കിട്ടും. പക്ഷേ അതിനൊപ്പം ഇവിടുത്തെ വൈരുധ്യങ്ങള്‍ എപ്പോഴും നമ്മളെ അനിവാര്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കും.” റോസ്മേരി വീണ്ടും ഗൌരവത്തിലായി. ഭാവങ്ങളുടെയും വിഷയങ്ങളുടെയും ദ്രുതമാറ്റങ്ങളില്‍ - ചാഞ്ചാട്ടങ്ങളില്‍ - യാന്ത്രികമായ ഒരു അസ്വാഭാവികത വസുന്ധരാമ്മയ്ക്ക് തോന്നി. “അല്ലെങ്കില്‍ നോക്കൂ, ഗുഡ് ഈവനിംഗ് എന്ന ഈ പേര് തന്നെ, ആദം ഡോക്ടര്‍ കാര്യമായൊന്നുമോര്‍ത്തായിരിക്കില്ല ഈ പേരിട്ടത്. നമ്മടെയെല്ലാം മനസുകളെ സന്തോഷിപ്പിക്കുവാനാണ് ഡോക്ടര്‍ ഇത് നടത്തുന്നതും. ഒന്നുപറയട്ടെ, സ്നേഹത്തിനും കരുണയ്ക്കും ഒന്നിച്ചൊരു രൂപമുണ്ടെങ്കില്‍ അതിന് ഡോക്ടറുടെ മുഖമായിരിക്കും.  പക്ഷേ രസമെന്തെന്നാല്‍, നമ്മുടെയൊക്കെ സമയം സന്ധ്യയോടടുത്തിരിക്കുന്നുവെന്ന് ഈ പേരുമുതല്‍ ഓരോ കോണുകൊണ്ടും, നിമിഷംകൊണ്ടും, ഉദ്ദേശലക്ഷ്യങ്ങള്‍കൊണ്ടും ഗുഡ് ഈവനിംഗും ഡോക്ടറും ഇവിടെയുള്ള മറ്റെല്ലാവരും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരുകണക്കിന് നല്ലതാണ്, ഗുഡ് ഈവനിംഗ് നമ്മെ തയ്യാറാക്കുകയാണ്.”

അത് പറഞ്ഞിട്ട് നോക്കിയ റോസ്മേരി കണ്ടത് വസുന്ധരാമ്മയുടെ മ്ലാനമായ മുഖമായിരുന്നു.

“ഓ, വസുന്ധരാമ്മ ക്ഷമിക്ക്, ഇന്നുതന്നെ ഞാന്‍ ഇതൊന്നും പറയേണ്ടിയിരുന്നില്ല. സത്യത്തില്‍ നിങ്ങള്‍ വീടുവിട്ടതിന്റെയും മക്കളെപ്പിരിഞ്ഞതിന്റെയുമൊക്കെ വിഷമത്തിലാണെന്ന് ഞാന്‍ ഓര്‍ത്തതേയില്ല, വര്‍ത്തമാനം പറയാന്‍ പുതിയ ഒരാള്‍കൂടി എന്നേ വിചാരിച്ചുള്ളൂ. അല്ലെങ്കിലും എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍പ്പിന്നെ ഏതവസരത്തിലാണ്, എന്തൊക്കെയാണ് പറയുന്നതെന്നൊന്നും എനിക്കുതന്നെ അറിയില്ല.”

പെട്ടെന്ന് വസുന്ധരാമ്മയുടെ കണ്ണ് നനഞ്ഞു. ഈ ദിവസം കരയുകയില്ലെന്ന് നാളുകള്‍ക്കുമുന്‍പേ ഉറപ്പിച്ചതാണ്. എന്നിട്ടും തീര്‍ത്തും നിരുപദ്രവകരമായ വാക്കുകള്‍പ്പോലും നോവിക്കുന്നു. അവര്‍ രാവിലെ ഓഫീസിലിരുന്ന മനുവിനെ ഓര്‍ത്തു. നേരിയ വ്യത്യാസങ്ങളോടെ കാലം ആവര്‍ത്തിക്കപ്പെടുന്നതുപോലെയാണ് വസുന്ധരാമ്മയ്ക്ക് തോന്നിയത്. വിട്ടുപോകുന്നയാളുടെ മുഖത്തെ നിസഹായതയും കുറ്റബോധവുമായിരുന്നു പ്രധാന വ്യത്യാസം.

“നോക്കൂ സര്‍, നിങ്ങള്‍ക്ക് ഒരു അമ്മയേയുള്ളു. എനിക്ക്, എനിക്കെന്നല്ല, ഞങ്ങള്‍ക്കിവിടെ പതിനേഴ് അമ്മമാരുണ്ട്.” ഡോ.ആദം ഫ്രാങ്കിന്റെ കനിവുള്ള കണ്ണുകള്‍ പുഞ്ചിരിച്ചു. “ഇനിമുതല്‍ പതിനെട്ടും.”

മേശയ്ക്ക്മുകളില്‍ വെച്ചിരുന്ന മനുവിശ്വനാഥിന്റെ കൈകളില്‍ കൈപ്പത്തി ചേര്‍ത്തുകൊണ്ട് ഡോക്ടര്‍ പറഞ്ഞു. അപരന്റെ കൈകള്‍ തണുത്തിരിക്കുന്നതായി ഇരുവര്‍ക്കും തോന്നി. മനുവിശ്വനാഥിന്റെ കണ്ണുകളില്‍ തെളിഞ്ഞുകിടന്ന ദു:ഖത്തിന്റെയും സന്ദേഹത്തിന്റെയും രാശികള്‍ ദുര്‍ബലമാകുന്നത് ഡോക്ടര്‍ കണ്ടു.

പൂന്തോട്ടത്തില്‍നിന്ന് തിരിച്ചുനടക്കുമ്പോഴാണ് ഗുഡ് ഈവനിംഗിനു തൊട്ടുപുറകില്‍ വെളിച്ചം കടക്കാത്ത, അതിപ്രാചീനമായ മഴക്കാടുകളുടെ കടുത്ത പച്ച പുതച്ച് മയങ്ങുന്ന മലനിരകള്‍ വസുന്ധരാമ്മ കണ്ടത്. മേഘങ്ങള്‍ മലകളിലും മരങ്ങളിലും കുടുങ്ങിക്കിടക്കുന്നു. റോസ്മേരി പറഞ്ഞതൊക്കെ ശരിയാണെന്ന് വസുന്ധരാമ്മയ്ക്ക് തോന്നിത്തുടങ്ങി. ഗുഡ് ഈവനിംഗിന്റെ ഇടം തീരമോ ഇടനാടോ മലനാടോ അല്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അവയെല്ലാം കൂടിച്ചേര്‍ന്നൊരിടമാണിത്.

പൂന്തോട്ടത്തിന്റെ മറ്റൊരു മൂലയില്‍ ശേവന്തിച്ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന തൂവെള്ള ഗൌണണിഞ്ഞ വൃദ്ധ തെല്‍മയാണെന്നും അവര്‍ ബ്രിട്ടീഷ് എംബസിയിലായിരുന്നു ജോലിചെയ്തിരുന്നതെന്നും റോസ്മേരി പറഞ്ഞു. ആ ശേവന്തിച്ചെടികള്‍ മുഴുവന്‍ തെല്‍മ നട്ടുപിടിപ്പിച്ചതാണ്. പൂന്തോട്ടത്തില്‍ മേഘങ്ങള്‍ കൃത്യമായി തണലുനല്‍കുന്ന ചെറിയ ഇടത്തില്‍ തെല്‍മ നിഴലില്‍ ജീവിക്കുന്ന പൂച്ചെടികള്‍ നട്ടുവളര്‍ത്തുന്നു. ദിവസത്തില്‍ മൂന്നുനേരം തെല്‍മ അവയ്ക്ക് വെള്ളമൊഴിക്കും. വസുന്ധരാമ്മ നോക്കുമ്പോള്‍ ആ പൂന്തോട്ടത്തില്‍ തെല്‍മയും ചെടികളും മാത്രം മേഘങ്ങളുടെ നിഴലിലായിരുന്നു.

പുല്‍ത്തകിടിയില്‍ ഉലാത്തുകയായിരുന്ന ട്രീസയെയും ശാരദയെയും രാജമ്മയെയും റോസ്മേരി വസുന്ധരാമ്മയ്ക്ക് പരിചയപ്പെടുത്തി. പുല്‍ത്തകിടിയില്‍ വെയില്‍ വീഴുന്ന ചെറിയ ഇടനേരങ്ങളിലെല്ലാം ഞങ്ങള്‍ വെയില്‍ കാഞ്ഞ് നടക്കുവാനിറങ്ങുമെന്ന മുഖവുരയോടെയാണ് ട്രീസ സംസാരിച്ചുതുടങ്ങിയത്. അവരുടെ തൊലിക്കും ചിരിയ്ക്കും പ്രകാശിക്കുന്നൊരു സ്നിഗ്ദ്ധത ഉണ്ടായിരുന്നു. രാജമ്മയെ കൈപിടിച്ചുനടത്താന്‍ ഹൃദ്യമായി പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു കൂടെ. അത് ഗുഡ് ഈവനിംഗിലെ അറ്റന്‍ഡര്‍മാരിലൊരാളാണെന്ന് വസുന്ധരാമ്മയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. അവളായിരുന്നു അവര്‍ക്ക് കിടക്കയൊരുക്കി നല്‍കിയതും പെട്ടികള്‍ മുറിയിലെത്തിച്ചതുമൊക്കെ. എന്നാല്‍ പേര് മാത്രം വസുന്ധരാമ്മയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. പ്രിയ എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് റോസ്മേരി ഓര്‍മ്മിപ്പിച്ചു.

ഗുഡ് ഈവനിംഗിലെ മറ്റ് അന്തേവാസികള്‍ റോസ്മേരിയെപ്പോലെ ആയിരുന്നില്ല. ആദ്യമായി വസുന്ധരാമ്മയുടെ അടുത്തെത്തുമ്പോള്‍ത്തന്നെ അവര്‍ വസുന്ധരാമ്മയുടെ അപരിചിതത്വത്തെയും ദു:ഖത്തെയും കുറിച്ച് നിരന്തരബോധവതികളായി കാണപ്പെട്ടു. പക്ഷേ അത് വസുന്ധരാമ്മയ്ക്ക് കൂടുതല്‍ അപരിചിതത്വവും ദു:ഖവും നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല താനും. അവര്‍ ഉച്ചവരെയും മുറിയില്‍ത്തന്നെ കഴിച്ചുകൂട്ടി. ഗുഡ് ഈവനിംഗിലെ കനത്ത ഫീസുകള്‍ അവിടുത്തെ സൌകര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. സാധാരണ വൃദ്ധസദനങ്ങളിലെ ഡോര്‍മിറ്ററികളില്‍നിന്ന് വ്യത്യസ്തമായി ഗുഡ് ഈവനിംഗില്‍ ഒന്നും രണ്ടും ആളുകള്‍ക്ക് താമസിക്കാവുന്ന സുഖപ്രദമായ മുറികളായിരുന്നു ഉണ്ടായിരുന്നത്. വൃദ്ധസദനമെന്നതിനേക്കാള്‍ ഒരു ഹില്‍ സ്റ്റേഷന്‍ റിസോര്‍ട്ടിനെയാണ് ഗുഡ് ഈവനിംഗ് അനുസ്മരിപ്പിച്ചത്. റോസ്മേരി ഓര്‍മ്മകളെ പെറുക്കിയെടുത്ത് വാക്കുകളാക്കി തന്റെ വിശദചരിത്രം നിര്‍ത്തിനിര്‍ത്തി വസുന്ധരാമ്മയെ ബോധിപ്പിച്ചു. വസുന്ധരാമ്മ പക്ഷേ ഏറിയസമയവും മൌനിയായിരുന്നു. ഇടയ്ക്കിടെ മറ്റുമുറികളില്‍നിന്ന് സന്ദര്‍ശകര്‍ വന്നും പോയുമിരുന്നു. പോകെപ്പോകെ, ഗുഡ് ഈവനിംഗിലെ എല്ലാ അന്തേവാസികള്‍ക്കും റോസ്മേരിയുടെ പ്രശ്നമുണ്ടെന്ന് വസുന്ധരാമ്മ വിഷാദത്തിനിടയിലും കണ്ടുപിടിച്ചു - ദൃഷ്ടി ഉറയ്ക്കാത്തതുപോലെയുള്ള കണ്ണുകളും ഓര്‍മ്മക്കുറവുള്ളതുപോലെയുള്ള പെരുമാറ്റവും സംസാരവും.

വസുന്ധരാമ്മയുടെ വയര്‍ ദിവസങ്ങളായി കെട്ടുകിടക്കുകയായിരുന്നു. പാത്രത്തില്‍ ചിക്കി, ഉച്ചഭക്ഷണം കഴിച്ചെന്നുവരുത്തി അവര്‍ എഴുന്നേറ്റു. പൂന്തോട്ടത്തിന്റെ കോണില്‍, കോണ്‍ക്രീറ്റ് അഴികളില്‍പ്പിടിച്ച് കടലിന് കാതോര്‍ത്തുനില്‍ക്കുമ്പോള്‍ നിറുകയില്‍ കാളിനിന്നിരുന്ന ഉച്ചവെയില്‍ നിമിഷാര്‍ദ്ധംകൊണ്ട് മങ്ങുന്നത് വസുന്ധരാമ്മ അറിഞ്ഞു. ഗുഡ് ഈവനിംഗിന്റെ ആകാശം മയങ്ങി. മഞ്ഞ് ചാറിനിന്നു. വസുന്ധരാമ്മയുടെ ചുളിവുവീണുതുടങ്ങിയ മുഖത്തും നര പടര്‍ന്ന മുടിയിലും ഈര്‍പ്പം പൊതിഞ്ഞു.

“ഞാന്‍ മുന്‍പ് പറഞ്ഞില്ലേ, ഇവിടെ വെളിച്ചവും ഇരുളും മാറിവീഴുന്നത് എപ്പോഴെന്ന് പറയാനാകില്ലെന്ന്..” റോസ്മേരിയുടെ ഇംഗ്ലീഷ് - മലയാളം മിശ്രിതം മങ്ങിയ അന്തരീക്ഷത്തിലും കോടക്കാറ്റിലും തട്ടി രാകി ദുര്‍ബലമായിത്തീര്‍ന്നിരുന്നു. അവര്‍ ഗോവാക്കാരിയായിരുന്നു. കേന്ദ്രസര്‍വകലാശാലയില്‍ പ്രൊഫസറായിവന്നതാണ്. ഗവേഷണങ്ങളവസാനിച്ചിട്ടും തിരികെ പോയില്ല. വിവാഹമോ കുട്ടികളോ ജീവിതത്തില്‍ ഒരിക്കലും സംഭവിച്ചില്ലെങ്കിലും കഴിഞ്ഞ മഞ്ഞുകാലത്ത് അവര്‍ ഗുഡ് ഈവനിംഗിലെ പതിനേഴാമത്തെ അമ്മയായി.

“ഗുഡ് ഈവനിംഗ് മേഘങ്ങളുടെ കളിത്തട്ടാണ്. ഒന്നിനുമേതേ മറ്റൊന്ന് പറന്നുകയറിയും പാളിയകന്നും ഇടഞ്ഞുമൊക്കെ അവര്‍ ഈ സ്ഥലത്തിന്റെ ആകാശത്തില്‍ ഇനിയും പേര് വീഴാത്ത ഏതോ ഭ്രാന്തന്‍കളി കളിക്കുന്നു. അവര്‍ ഇവിടെ മഞ്ഞും മഴയും വെയിലും നിഴലും മാറിമാറി വിതറുന്നു. എന്നാലും ഞാന്‍ പറയട്ടെ വസുന്ധരാമ്മേ, ഒരുപക്ഷേ മേഘങ്ങള്‍ മാത്രമായിരിക്കണമെന്നുമില്ല ഇതിന്റെയൊക്കെ പിന്നില്‍.” ഒടുവിലായപ്പോള്‍ റോസ്മേരിയുടെ ശബ്ദം തന്തിമുറുക്കിയ വീണയുടേതുപോലെ മുറുകി. മറ്റ് അന്തേവാസികളുടെ സാന്ത്വനവചസുകളേക്കാള്‍ ഒട്ടൊക്കെ ഭ്രമാത്മകമെന്ന് തോന്നുന്ന, സാഹചര്യത്തോട് മിക്കവാറും പൊരുത്തപ്പെടാത്തമട്ടിലുള്ള, നിത്യസാധാരണങ്ങളല്ലാത്ത റോസ്മേരിയുടെ വചനങ്ങള്‍ വസുന്ധരാമ്മയ്ക്ക് വിചിത്രമായ ഒരു ആശ്വാസം നല്‍കിത്തുടങ്ങിയിരുന്നു.

“ഏതായാലും, ഇവിടെ അന്തരീക്ഷമിങ്ങനെ പെട്ടെന്നുമാറുമ്പോള്‍ എനിക്ക് പരീക്ഷണങ്ങള്‍ക്കായി ബാക്ടീരിയകളെ ലാബില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഓര്‍മ്മവരുന്നത്. മനുഷ്യന്‍ കൊടുക്കുന്ന ചൂടിനും തണുപ്പിനും വെളിച്ചത്തിനും ഇരുളിനും കീഴ്പ്പെട്ട് അവ വളര്‍ച്ചയുടെ വേഗം കൂട്ടുകയും കുറയ്ക്കുകയും സ്വയം വിഭജിക്കുകയും ഒന്നിക്കുകയും നിസംഗരാകുകയും മരവിക്കുകയുമൊക്കെ ചെയ്യുന്നു.” അതായിരുന്നു റോസ്മേരി അവസാനം പറഞ്ഞ വാചകം.

പിന്നെ, റോസ്മേരിയുടെ കിടക്കയ്ക്ക് ചുറ്റും പതിനാറ് നരച്ച തലകള്‍ കൂട്ടം കൂടിനിന്നു. രാജമ്മയ്ക്ക് വലിവ് കൂടിയതിനാല്‍ പ്രിയ അവരെ തിരികെ മുറിയിലാക്കിയിരുന്നു. കൃത്യമായ ഇടവേളയില്‍ ഇന്‍ഹേലര്‍ വലിച്ചുകൊണ്ട് അവര്‍ കിടക്കയില്‍ ചുരുണ്ടുകൂടി.

ഡോ. ആദം ധൃതിയില്‍ കടന്നുവന്ന് റോസ്മേരിയുടെ നാഡിമിടിപ്പ് നോക്കി, ശേഷം പാതിയടഞ്ഞ ഇമകള്‍ തുറന്ന് കണ്ണുകള്‍  പരിശോധിച്ചു. കൂടിനിന്നവരില്‍ ആരോ മന്ത്രധ്വനിപോലെ അവ്യക്തമായ ഏതോ പ്രാര്‍ഥന ചൊല്ലുന്നുണ്ടായിരുന്നു.

“അമ്മമാരെല്ലാം പുറത്തേയ്ക്ക് പോകൂ. മേരിയമ്മയൊന്ന് ശ്വാസമെടുത്തോട്ടെ.” സ്റ്റെതസ്കോപ്പ് റോസ്മേരിയുടെ നെഞ്ചില്‍ച്ചേര്‍ത്തുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.

അന്തേവാസികള്‍ക്കുപിന്നില്‍ മുറിയുടെ വാതിലടഞ്ഞു. വേര്‍തിരിച്ചറിയാനാകാത്ത എന്തൊക്കെയോ ആഘാതങ്ങളും ദു:ഖങ്ങളും ഒരേസമയം വസുന്ധരാമ്മയെ ആക്രമിച്ചു. ഭയപ്പാടോടെ അവര്‍ ചിന്തിച്ചതത്രയും അശുഭനിമിത്തങ്ങളെക്കുറിച്ചായിരുന്നു.

തെല്‍മ വരാന്തയിലെ ചിത്രപ്പണികളുള്ള ചാരുബഞ്ചുകളിലൊന്നിലിരുന്ന് “സ്വര്‍ഗസ്ഥനായ പിതാവേ” ചൊല്ലുവാന്‍ തുടങ്ങി. അവരുടെ കൈവിരലുകള്‍ക്കിടയില്‍ കൊന്തമണികള്‍ സാവധാനം തിരിയുന്നുണ്ടായിരുന്നു. ശാരദയും ലക്ഷ്മിക്കുട്ടിയും വരാന്തയില്‍ നീളത്തോടുനീളമുള്ള, വെളുത്ത ചെക്ക് ഫ്രെയിമുകളുള്ള ജനാലകള്‍ക്കരികില്‍നിന്ന് സന്ധ്യപോലെതോന്നിച്ച അപരാഹ്നത്തിലേയ്ക്കും പൂന്തോട്ടത്തില്‍ വീഴുന്ന മഞ്ഞുനൂല്‍മഴയിലേയ്ക്കും നോക്കിനിന്നു. മുറിയ്ക്ക് മുന്‍പില്‍ സാവധാനം ഉലാത്തിയ ട്രീസയുടെ ചുണ്ടുകളില്‍ പ്രാര്‍ഥനയാണോ എന്ന് വ്യക്തമല്ലാത്തൊരു വിറയല്‍ ഉണ്ടായിരുന്നു.

ഭിത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന കസേരകളിലൊന്നില്‍ തലകുമ്പിട്ടിരുന്നിരുന്ന വസുന്ധരാമ്മ ഇടയ്ക്കിടെ വെളിപാട് കിട്ടിയിട്ടെന്ന പോലെ അന്തേവാസികളില്‍ ആരെങ്കിലും തന്നെ ശാപമിഴികളോടെ നോക്കുന്നുണ്ടോയെന്ന് ഭയക്കുന്നതുപോലെ തലയുയര്‍ത്തി ചുറ്റുംനോക്കിക്കൊണ്ടിരുന്നു. എന്നാല്‍ എല്ലാവരും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളില്‍മാത്രം ബദ്ധശ്രദ്ധരായിരുന്നു.

മുറിയുടെ വാതില്‍ തുറക്കുമ്പോഴേയ്ക്ക്, ദൈവത്തിനുചുറ്റും കൊന്തമണികളാല്‍ തീര്‍ക്കപ്പെട്ട ഭ്രമണപഥത്തില്‍ തെല്‍മയുടെ തള്ളവിരല്‍ രണ്ടാമത്തെ പര്യടനത്തിന്റെ അവസാനനിമിഷങ്ങളിലേയ്ക്കെത്തിയിരുന്നു. ഡോ.ആദത്തിന്റെ ചെന്നിയിലും മൂക്കിന്‍ തുമ്പത്തും വിയര്‍പ്പുപൊടിഞ്ഞിരുന്നു. ദു:ഖം വലിപ്പം കുറച്ച കണ്ണുകളില്‍ ചുവപ്പും നനവും ഗുഡ് ഈവനിംഗിന്റെ അമ്മമാര്‍ കണ്ടു. ട്രീസ കുരിശുവരച്ച് മന്ത്രിച്ചു, “കര്‍ത്താവേ, റോസ്മേരിയുടെ ആത്മാവിന് കൂട്ടായിരിക്കേണമേ!”

റോസ്മേരിയുടെ അപ്രതീക്ഷിതമരണത്തോടെയാണ് വസുന്ധരാമ്മ പൂര്‍ണമായും ഒരു വൃദ്ധസദനാന്തേവാസിയായത്. ഗോവയില്‍നിന്നെത്താനുള്ള സഹോദരനെ കാക്കുവാനായി റോസ്മേരി ആദം ഡോക്ടറുടെ തന്നെ ഉടമസ്ഥതയിലുള്ള, അധികം ദൂരെയല്ലാത്ത ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് പോയി. ആംബുലന്‍സ് ഗുഡ് ഈവനിംഗിന്റെ പൂന്തോട്ടത്തെ ചുറ്റിയുള്ള റോഡില്‍ക്കൂടി പതിയെയൊഴുകി കാണാതായതുമുതല്‍ വസുന്ധരാമ്മ മുറിയില്‍, അഴികളില്ലാത്ത ജനാലയ്ക്കരികില്‍ മഴക്കാടുകളിലേയ്ക്ക് നോക്കിനിന്നു. കാടുകളില്‍ നീരാവിയും തണുപ്പും മൌനവും ഘനീഭവിച്ചുകിടന്നു. ശ്യാമസാന്ദ്രമേഘങ്ങള്‍ ഇരുണ്ട കാടുകളില്‍നിന്ന് ഈറന്‍കാറ്റിനൊപ്പം ഗുഡ് ഈവനിംഗിലേയ്ക്ക് ഇറങ്ങിവന്നു.

ജനലരികിലല്ലാത്ത നേരങ്ങളില്‍ അവര്‍ മഞ്ഞുപോലെ തണുത്ത കിടക്കയില്‍ സമയം ചിലവഴിച്ചു. കടലിന്റെ ഇരമ്പം മുന്‍പുള്ളതിനേക്കാളൊക്കെ വ്യക്തമായി ഗുഡ് ഈവനിംഗില്‍ വന്നലച്ചുകൊണ്ടിരുന്നു. അടുത്തുള്ള ഏതോ മുറിയില്‍നിന്ന് വല്ലപ്പോഴും ഉയരുന്ന രാജമ്മയുടെ ശ്വാസം മുട്ടിയ ചുമ ഒഴിച്ചാല്‍ അതുമാത്രമായിരുന്നു ഗുഡ് ഈവനിംഗിന്റെ വായുവില്‍ ആകെക്കേട്ട, പരിഗണിക്കപ്പെടാവുന്ന ഒരേയൊരു ശബ്ദം. ഗാഢമൌനവായുവിലെ കടലിരമ്പത്തിന്റെ അതികഠിനമായ ആ ഏകാന്തത വസുന്ധരാമ്മയെ മുറിക്കുള്ളില്‍ ഞെരിച്ചമര്‍ത്തിയപ്പോള്‍ അവര്‍ മുറിവിട്ടു പുറത്തുകടന്നു.

ഇരുളുനീങ്ങി വെയില്‍ തെളിഞ്ഞിട്ടും പുല്‍ത്തകിടിയില്‍ ഇളവേല്‍ക്കുവാന്‍ ട്രീസയോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. തെല്‍മയുടെ ശേവന്തിച്ചെടികള്‍ വെയിലേറ്റുനിന്നു. ചെടിനനയ്ക്കുവാന്‍ തെല്‍മ ഉപയോഗിക്കുന്ന, ഒരുവശത്ത് സ്പ്രിങ്ക്ലറുള്ള, വലിയ അലുമിനിയം ജഗ് വരാന്തയിലെ ജനല്‍പ്പടികളിലൊന്നില്‍ അനാഥമായിരിപ്പുണ്ടായിരുന്നു. വസുന്ധരാമ്മ വരാന്തയിലൂടെ നടന്നു. മിക്കവാറും മുറികള്‍ തുറന്നും ശൂന്യമായും കിടന്നു. ചില കിടക്കകളില്‍ വൃദ്ധകള്‍ വളഞ്ഞുകൂടിക്കിടന്നിരുന്നു.

പ്രാര്‍ഥനാമുറിയില്‍ ഗുഡ് ഈവനിംഗിന്റെ അമ്മമാരില്‍ ഭൂരിപക്ഷവും ഉണ്ടായിരുന്നു. തലയില്‍ക്കൂടി ഷാള്‍ പുതച്ച്, ഉണ്ണീശോയുടെ തിരുസ്വരൂപത്തിനുമുന്‍പില്‍, ചാരുബഞ്ചില്‍, സത്യവേദപുസ്തകത്തിലേയ്ക്ക് മുഖമാഴ്ത്തി തെല്‍മയിരിക്കുന്നത് വസുന്ധരാമ്മ കണ്ടു. തെല്‍മയുടെ ചുണ്ടുകള്‍ നിശബ്ദമായി വചനങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. മെലാനിന്‍ നഷ്ടപ്പെട്ട് പുള്ളികള്‍ വീണ, വിളറിയ കവിളുകളില്‍ക്കൂടി കണ്ണീരിന്റെ ഉറവ ധാരമുറിയാതൊഴുകിക്കൊണ്ടിരുന്നു. മറ്റുള്ളവരാരും പ്രാര്‍ഥിക്കുകയായിരുന്നൊന്നുമില്ല. പരസ്പരം ശ്രദ്ധിയ്ക്കുകപോലും ചെയ്യാതെ, എന്നാല്‍ പരസ്പരം ആശ്വാസം പകര്‍ന്ന്, നിശബ്ദരായി അവര്‍ ആ മുറിയിലെ ബെഞ്ചുകളില്‍ അവിടവിടെയായി ഇരുന്നിരുന്നു എന്ന് മാത്രം. മൌനദു:ഖങ്ങളുടെ ഗര്‍ഭഗൃഹം പോലെയുള്ള ആ ഇടത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുക ആ മുറിയില്‍ മാത്രമാണെന്ന, വാക്കുകളാല്‍ സംവദിക്കപ്പെടാഞ്ഞ പൊതുവായ ഒരു ഉപബോധചിന്തയാലാണ് അവരെല്ലാം അവിടെ ഒറ്റകളായെത്തിച്ചേര്‍ന്ന് ഒരു കൂട്ടമായിത്തീര്‍ന്നിരുന്നത്. പ്രിയയും വേറെ മൂന്ന് അറ്റന്‍ഡര്‍മാരും മുറിയിലുണ്ടായിരുന്നു. അവരും ആ സമയം വൃദ്ധരെപ്പോലെ തോന്നിച്ചു.

വസുന്ധരാമ്മയ്ക്ക് ഉള്ളിലേയ്ക്ക് കടക്കുവാന്‍ തോന്നിയില്ല. വാതില്‍ക്കല്‍ കുറേനേരം അറച്ചുനിന്ന ശേഷം അവര്‍ പുറത്തേയ്ക്ക് നടന്നു. കാലില്‍ പേശികള്‍ കഴച്ചുതുടങ്ങിയപ്പോള്‍ കുറച്ചുനാളായി കുറഞ്ഞിരുന്ന വാതത്തിന്റെ ശല്യം വീണ്ടും അലട്ടിത്തുടങ്ങുന്നുണ്ടെന്ന് അവര്‍ മനസിലോര്‍ത്തു. പൂന്തോട്ടത്തിന്റെ ഒരിരികില്‍, മേഘങ്ങളുടെ നിഴലില്‍, മലകളിലേയ്ക്കുനോക്കി ഡോ. ആദം ഏകനായി നില്‍പ്പുണ്ടായിരുന്നു. വസുന്ധരാമ്മ തോട്ടത്തിന്റെ എതിരരികില്‍ സൈപ്രസ് മരത്തിന്റെ ചുവട്ടില്‍, കടലിനഭിമുഖമായിക്കിടക്കുന്ന ബഞ്ചില്‍ പോയിരുന്നു. ചക്രവാളത്തില്‍ ചുവപ്പുപടരുന്നു. തണുത്തകാറ്റില്‍ നാല്‍പ്പത്തിയൊന്നാം നമ്പര്‍ മഴയുടെ നൂലുകള്‍ക്ക് ദിശ പാളിക്കൊണ്ടിരുന്നു. തറിക്ക് മുന്‍പിലിരുന്ന്, നെയ്യുംതോറും മാഞ്ഞുപോകുന്ന, സുതാര്യമായൊരു വസ്ത്രം നെയ്യുന്ന ഒരു പാഴ്നെയ്ത്തുകാരിയാണ് താനെന്ന് എന്തുകൊണ്ടോ വസുന്ധരാമ്മയ്ക്ക് അപ്പോള്‍ തോന്നി.

“അമ്മയെന്തിനാണിരുന്ന് മഴ നനയുന്നത്? പനിപിടിച്ച് കിടക്കാന്‍ ഞാന്‍ സമ്മതിക്കില്ല കേട്ടോ..” ആദം ഡോക്ടറുടെ പുഞ്ചിരി സൈപ്രസിലകളില്‍നിന്നുതിരുന്ന കാനല്‍ത്തുള്ളികള്‍ക്കും മഴനൂലുകള്‍ക്കുമിടയില്‍ വസുന്ധരാമ്മ കണ്ടു.

“വരൂ, ഞാന്‍ മുറിയിലെത്തിക്കാം.” ഡോക്ടറുടെ കൈകള്‍ക്ക് അപ്പോള്‍ കരുണയുടേതുപോലുള്ള ഒരു ചൂടുണ്ടായിരുന്നു. വസുന്ധരാമ്മ നിശബ്ദയായി ഡോക്ടറെ അനുസരിച്ചു. “ഇത്തിരി കഴിയുമ്പോള്‍ അത്താഴത്തിന് നേരമാകും. ആഹാരം കഴിക്കണം. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്ന് പ്രിയ പറഞ്ഞ് ഞാനറിഞ്ഞു. ഇനിമുതല്‍ അത് പറ്റില്ല, മരുന്നുകള്‍ കഴിക്കാനുള്ളതാണ്.” ഡോക്ടറുടെ വാക്കുകള്‍ തീര്‍ത്തും സൌമ്യമായിരുന്നെങ്കിലും അതിന് അപാരമായൊരു ആജ്ഞാശക്തി ഉണ്ടായിരുന്നു.

ഉച്ചയുടെ ഭക്ഷണമുറി ആയിരുന്നില്ല രാത്രിയുടേത്. പ്ലേറ്റുകളില്‍ സ്പൂണുകള്‍ മുട്ടുമ്പോഴുള്ള ശബ്ദങ്ങളെ അതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ പോലെ വൃദ്ധരെല്ലാം ശ്രവിച്ചു. പൂര്‍ണമൌനത്തേക്കാള്‍ ശബ്ദങ്ങളുടെ ഏകാന്തതയാണ് ആത്മാക്കളെ ശ്വാസം മുട്ടിക്കുകയെന്ന് തിരിച്ചറിഞ്ഞപോലെ അവരെല്ലാം പെട്ടെന്നുതന്നെ അത്താഴം കഴിക്കുകയോ, കഴിച്ചെന്ന് വരുത്തുകയോ ചെയ്ത് എഴുന്നേറ്റു. ഉച്ചയ്ക്ക് വസുന്ധരാമ്മ ആരെയും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ രാത്രിയില്‍ തന്നെ ആരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നതില്‍ വസുന്ധരാമ്മ ജാഗരൂകയായിരുന്നു. ആരും തന്നെ ശ്രദ്ധിക്കുന്നേയില്ലെന്ന് കണ്ടപ്പോള്‍ വസുന്ധരാമ്മയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഉച്ചയെ ആവര്‍ത്തിച്ച് വസുന്ധരാമ്മ മുറിവിട്ടു.

ഡോ. ആദത്തിന്റെ പതിവു രാത്രിസന്ദര്‍ശനത്തില്‍ ഗുഡ് ഈവനിംഗിന്റെ മുറികളില്‍ പതിവിലും തണുപ്പ് നിറഞ്ഞിരുന്നു. ഡോക്ടര്‍ കടന്നുചെല്ലുമ്പോള്‍ വസുന്ധരാമ്മ ജനാലയ്ക്കരികില്‍ ഇരുള്‍ വീണ മഴക്കാടുകളില്‍ കണ്ണുനട്ട് നില്‍ക്കുകയായിരുന്നു. ഇരുണ്ട മലകളില്‍ മിന്നാമിനുങ്ങുകളുടെ ചുഴലിക്കൊടുങ്കാറ്റുകള്‍ തലങ്ങും വിലങ്ങും വീശിക്കൊണ്ടിരുന്നു.

“മുറിയൊക്കെ എങ്ങിനെ, ഇഷ്ടപ്പെട്ടോ?” ഡോക്ടറുടെ ശബ്ദം വസുന്ധരാമ്മയെ ഞെട്ടിച്ചു. അവര്‍ തിരിഞ്ഞപ്പോള്‍ ചുവര്‍വിളക്കിന്റെ വെട്ടത്തില്‍ കവിളിലെ നനവ് അയാള്‍ കണ്ടു.

“എന്താമ്മേ, എന്തിനാണ് കരയുന്നത്?”

വസുന്ധരാമ്മ മുഖം തുടച്ചു. ഡോക്ടര്‍ വേവലാതിപുരണ്ടതെന്ന് തോന്നിക്കുന്ന ഒരു ഭാവത്തില്‍ വസുന്ധരാമ്മയ്ക്കരികിലെത്തി അവരെ ചേര്‍ത്തുപിടിച്ചു. പിന്നെ സാവധാനം കിടക്കയിലേയ്ക്ക് നയിച്ചു. വസുന്ധരാമ്മയെ ചുമരില്‍ ചാരിയിരുത്തിയിട്ട് ഡോക്ടര്‍ അവര്‍ക്കരികിലിരുന്നു.

“ഇനി പറയൂ, എന്തിനാണ് കരഞ്ഞത്?” ഉത്തരമറിയാമായിരുന്നിട്ടും ഡോക്ടര്‍ ചോദിച്ചു. ആ അവസരത്തില്‍ ആ ചോദ്യം വസുന്ധരാമ്മയ്ക്ക് ശ്വാസം പോലെ ആവശ്യമായിരുന്നു.

“ഒന്നുമില്ല ഡോക്ടര്‍, ഓരോന്നോര്‍ത്തുപോയി. വീടും, പിന്നെ റോസ്മേരിയും..”

“സാരമില്ല, അമ്മയുടെ മകനെപ്പോലെ തന്നെ മക്കളാണെന്ന് കരുതിയാല്‍ മതി ഇവിടുള്ളവരെ. വാസ്തവത്തില്‍ അവര്‍ ശരിക്കും അങ്ങനെയുള്ളവര്‍ തന്നെയാണ്.” ഡോക്ടര്‍ പുഞ്ചിരിച്ചു. “പിന്നെ മേരിയമ്മ. മേരിയമ്മയോട് കര്‍ത്താവിനുള്ള സ്നേഹം പെട്ടെന്ന് കൂടിയെന്ന് വിചാരിച്ചാല്‍ മതി.” ഡോക്ടറുടെ പുഞ്ചിരിയില്‍ പെട്ടെന്ന് വിഷാദം കലര്‍ന്നു. വസുന്ധരാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

“കര്‍ത്താവിന് പ്രിയപ്പെട്ടവരെയാണ് അവന്‍ പെട്ടെന്ന് മുകളിലേയ്ക്ക് വിളിക്കുക. മേരിയമ്മ കര്‍ത്താവിന്റെ ഓമനയായിരുന്നു. അതിന് അവര്‍ ജീവിച്ചിരുന്ന ഓരോ നിമിഷവും ദൃഷ്ടാന്തങ്ങളായിരുന്നു.” ആദം ഫ്രാങ്കിന്റെ ശബ്ദത്തിന് ഒരു ഡോക്ടറുടേതിനേക്കാള്‍ ഒരു പാതിരിയുടെ ശബ്ദത്തിനോടായിരുന്നു സാമ്യം.

“ഞാന്‍ വന്നതുകൊണ്ടാണോ ഡോക്ടര്‍, റോസ്മേരിയ്ക്കിങ്ങനെ..” വസുന്ധരാമ്മ ആദ്യമായി ഗുഡ് ഈവനിംഗിലെ തന്റെ കന്നി ആവലാതി പുറത്തുവിട്ടു.

“ഹേയ്!” ഡോക്ടറുടെ മുഖത്ത് ആശ്ചര്യവും ചിരിയും പടര്‍ന്നു. അയാള്‍ വസുന്ധരാമ്മയെ ചേര്‍ത്തുപിടിച്ചു. “അങ്ങനെയൊന്നും വിചാരിക്കേണ്ട കാര്യമേയില്ല! മേരിയമ്മയുടെ സമയമായിരുന്നു എന്നുമാത്രം കരുതിയാല്‍ മതി. അത് അമ്മ വന്നതുകൊണ്ടൊന്നുമല്ല. അങ്ങനെ ആരും ഇവിടെ വിചാരിക്കുന്നുമില്ല.” വസുന്ധരാമ്മയുടെ മനസ് കണ്ടതുപോലെ ഡോക്ടര്‍ പറഞ്ഞു.

വസുന്ധരാമ്മയ്ക്ക് ഗുഡ് ഈവനിംഗിലെത്തിയ ശേഷം ആദ്യമായി മനസില്‍ അലകള്‍ അല്‍പ്പം ഒതുങ്ങുന്നതുപോലെ തോന്നി. ഡോക്ടര്‍ അവരുടെ തോളില്‍ ഒരു താരാട്ടിന്റെ താളത്തില്‍ പതിയെ കൊട്ടിക്കൊണ്ടിരുന്നു. വസുന്ധരാമ്മയ്ക്ക് മയക്കം വരുന്നുണ്ടായിരുന്നു. സ്ഥിരം മരുന്നുകളുടെയൊപ്പം പ്രിയ തന്ന പുതിയ ഗുളികയാണോ അതോ ഡോക്ടറുടെ സാന്നിധ്യമാണോ നേരത്തേയെത്തിയ ഉറക്കത്തിന് കാരണമെന്ന് അവര്‍ മയങ്ങിപ്പോകുന്നതിനിടയിലും നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

പുറത്ത് പൂന്തോട്ടത്തില്‍ മഴയില്ലാതെ ആലിപ്പഴങ്ങള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു. സമയം ഹൃദയം പോലെ മിടിച്ചു. വചനത്തിന് മുന്നോടിയായിപ്പടര്‍ന്ന അരണ്ടവെളിച്ചത്തിലായിരുന്നു വസുന്ധരാമ്മ. ചുവര്‍വിളക്കിന്റെ മഞ്ഞവെട്ടത്തില്‍ അവരുടെ ചര്‍മ്മം ഭംഗിയായും കൃത്യമായും ഉഴപ്പെട്ട ഭൂമിയുടെ വിദൂരമായ ഒരു ആകാശദൃശ്യം പോലെ ആദത്തിന് തോന്നി. അയഞ്ഞ തൊലിഞൊറികള്‍ ഉഴവുചാലുകളെപ്പോല്‍ പരസ്പരം മുറിച്ചുകടന്നു. പുതുമണ്ണിന്റെ വിടവുകളില്‍നിന്നുയരുന്ന ഭൂഗന്ധം പോലെ ജരകള്‍ക്കിടയില്‍നിന്ന് വാര്‍ദ്ധക്യത്തിന്റെ ആവി പൊങ്ങി. മുലക്കണ്ണുകള്‍ തണുത്തകാറ്റേറ്റിട്ടെന്നപോലെ, ദുര്‍ബലമായാണെങ്കിലും തരിക്കുകയും തടിക്കുകയും ചെയ്തു. വസുന്ധരാമ്മ ഊഷരമെങ്കിലും അകമേ ജീവല്‍ത്തുടുപ്പുള്ള ഭൂമിയായി, പാരാതീതമായി. വാര്‍ദ്ധക്യത്തിന്റെ ജീര്‍ണഗന്ധവുമായി ആദം പുറത്തുകടക്കുമ്പോള്‍ മഴക്കാടുകളില്‍ ചീവീടുകള്‍ കാലുകളുരസുന്നത് അന്നുരാത്രിയിലേക്ക് നിര്‍ത്തിയിരുന്നു.

******************
അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.

2012 ഡിസംബർ 24, തിങ്കളാഴ്‌ച

കിഴവന്റെ കൊട്ടാരം

വൃദ്ധൻ നോക്കുന്നുണ്ട്.

മണ്ണില്‍ കുത്തിയിരുന്ന് തൂമ്പയിലെ മണ്‍കട്ട ചെറിയൊരു കമ്പുകൊണ്ട് കുത്തിക്കളയുന്നതിനിടയില്‍ ദാസന്‍ പാളിനോക്കി. ഉവ്വ്, ഇങ്ങോട്ടുനോക്കി അവിടെത്തന്നെയിരിപ്പാണ്. ദൂരെയാണെങ്കിലും നോട്ടത്തിന്റെ രൂക്ഷമുന ഇവിടംവരെയെത്തി നോവിക്കുന്നുണ്ട്. കിഴവന് വേറൊരു പണിയുമില്ലേ? എത്ര നേരമായി ഇതേ ഇരിപ്പും നോട്ടവും തുടരുന്നു?

ദാസന്‍ കുനിഞ്ഞിരുന്ന് തന്റെ പ്രവൃത്തി തുടര്‍ന്നു. അപ്പോള്‍ ദാസന് വൃദ്ധന്‍ രാവിലെ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മ വന്നു. “നിന്റെ ഭാഗ്യമാണ് നിന്നെ ഇന്ന് ഇവിടെ എന്റെ മുന്‍പില്‍ നിര്‍ത്തിയിരിക്കുന്നത്. എന്നെ നിന്റെ യജമാനനായി തീരുമാനിക്കാന്‍ നിന്നെ പ്രേരിപ്പിച്ച അതേ ഭാഗ്യം. ഇതില്‍പ്പരം നല്ലതൊന്ന് നിനക്കിനി സംഭവിക്കാനില്ല. ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. നീ വെടിപ്പായി നിന്റെ ജോലിചെയ്യുക. നിന്നെ ഞാന്‍ പോറ്റും.”

ദാസന് അത് മതിയായിരുന്നു. ജീവിക്കുക, അത്ര മാത്രം. നാട്ടിൽ സ്വന്തമായി കൃഷിയുണ്ടായിരുന്നു. വിളവെടുക്കുവാൻ പണമില്ലാതെ കൃഷി നശിച്ചു. വിതയ്ക്കുവാൻ കൊണ്ട കടത്തിന്മേൽ നിലവും പോയി. ഇപ്പോഴവിടെ മുന്തിയ ഒരിനം കാറിന്റെ ഫാക്ടറി ഉയരുകയാണ്. അങ്ങനെയാണ് നാട്ടുകവലയിലെ ചായക്കടയില്‍ കട്ടനൂതി ഇരിക്കുമ്പോള്‍ പത്രത്തിന്റെ മൂലയ്ക്ക് ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടന്ന ചെറിയകോളം പരസ്യത്തില്‍ കണ്ണുടക്കിയത്. ജോലിക്ക് ആളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങള്‍ പത്രത്തില്‍ എന്നും ധാരാളമായി വരാറുണ്ടായിരുന്നു. പക്ഷേ ദാസന്‍ അതിനുമുന്‍പ് പത്രങ്ങളെ കാര്യമായി ഗൌനിച്ചിട്ടില്ലാതിരുന്നതിനാല്‍ ആ പരസ്യം അയാള്‍ക്ക് ഒരു പുതുമ ആയിരുന്നു.

“ഈ ബംഗ്ലാവും പുരയിടവും പരിചരിക്കുകയെന്നത് മാത്രമാണ് ഇവിടെ നിന്റെ ലളിതമായ ജോലി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നിന്റെ കടമ. ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടോ നിനക്ക്?.” വൃദ്ധന്‍ മുഖം മുകളിലേയ്ക്കുയര്‍ത്തി കണ്ണടയുടെ താഴത്തെ കട്ടികൂടിയ പാതിയില്‍ക്കൂടി നോക്കിക്കൊണ്ടുപറഞ്ഞു. അയാളുടെ കഴുത്തിലെ ചുക്കിച്ചുളിഞ്ഞ തൊലിയ്ക്കടിയില്‍ താഴേയ്ക്കും മുകളിലേയ്ക്കും ഓടിക്കളിക്കുന്ന തൊണ്ടമുഴയ്ക്കിരുവശവുമായി കുലച്ച വില്ലിന്റെ ഞാണുകള്‍പോലെ ഓരോ പഴഞ്ഞരമ്പുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

ദാസന്‍ തലയാട്ടി വിധേയനായി നിന്നു. വൃദ്ധന്‍ പിന്നെ കുറേനേരം ഒന്നും മിണ്ടിയില്ല. ഈട്ടിത്തടിയില്‍ തീര്‍ത്ത, കൊത്തുപണികളുള്ള, രാജകീയമായ ആ ചാരുകസേരയില്‍ ചാഞ്ഞിരിക്കുന്ന മെലിഞ്ഞുണങ്ങിയ വൃദ്ധശരീരത്തില്‍നിന്നാണ് പാറകള്‍ തമ്മില്‍ കൂട്ടിയുരസുമ്പോള്‍ ഉണ്ടാകുന്നതുമാതിരിയുള്ള ആ മുഴങ്ങുന്ന ശബ്ദം വന്നതെന്നത് ദാസന് അത്ഭുതമായിരുന്നു. പൂമുഖവാതിലില്‍ക്കൂടിവീഴുന്ന പുലരിവെയിലിന്റെ ചതുരം വൃദ്ധന്റെ കണ്ണടയുടെ കട്ടിച്ചില്ലില്‍ തട്ടിത്തെറിച്ച് നേരിയ മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടായിരുന്നിട്ടും ആ ചില്ലുകള്‍ക്കപ്പുറത്തെ കൃഷ്ണമണികളില്‍ പടര്‍ന്നുകിടക്കുന്ന തിമിരത്തിന്റെ വെളുത്ത മേഘമാലകള്‍ ദാസന്‍ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ കടന്നുവരുന്നതുപോലെ തിമിരത്തിന്റെ മൂടാപ്പിനെയും ഭേദിച്ചുകൊണ്ട് രൂക്ഷമായ നോട്ടം അയാളെ നിരന്തരം, അടിമുടി ഉഴിഞ്ഞുകൊണ്ടിരുന്നു. ഉയര്‍ന്നുനില്‍ക്കുന്ന ഇരുളിന്റെ ഒരു കൂമ്പാരം പോലെ കസേരയുടെ കാല്‍ക്കലിരുന്ന, ഭീമാകാരനായ കറുത്ത പട്ടിയുടെ ഉച്ചിയിലെ മിനുമിനുപ്പുള്ള രോമങ്ങളില്‍ക്കൂടി വൃദ്ധന്റെ കൈവിരലുകള്‍ കൃത്യമായ താളത്തില്‍ ഒഴുകുന്നുണ്ടായിരുന്നു. ഉമിനീരിറ്റുന്ന നാവുനീട്ടി കിതച്ചുകൊണ്ടിരുന്ന ആ ജന്തുവിന്റെ തേന്‍നിറമുള്ള, ഇടുങ്ങിയ കണ്ണുകളിലെ തണുത്തതും ക്രൂരവുമായ ശാന്തതയിലേക്ക് നോക്കിയപ്പോള്‍ ദാസന് ഭയം തോന്നി. വൃദ്ധന്റെയും നായയുടെയും അചഞ്ചലദൃഷ്ടികള്‍ക്ക് കീഴ്പ്പെട്ടുനില്‍ക്കുമ്പോള്‍ അയാള്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ഇരുണ്ടതെങ്കിലും കൊട്ടാരസദൃശ്യമായ ആ വലിയ മുറിയുടെ, തരിമ്പും വെളിച്ചമില്ലാത്ത മൂലകളില്‍ അസഹ്യമായ മൌനം പെറ്റുപെരുകിയപ്പോള്‍ എങ്ങിനെയെങ്കിലും അവിടെനിന്ന് രക്ഷപെട്ടാല്‍ മതിയെന്ന് ദാസന്‍ തീവ്രമായി ആഗ്രഹിച്ചു.

ഒടുവില്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുഴങ്ങുന്ന സ്വരത്തില്‍ വൃദ്ധന്‍ മുരണ്ടു: “എങ്കില്‍ വൈകിക്കേണ്ട. നിനക്ക് ജോലി തുടങ്ങാം. ആദ്യം പറമ്പൊന്ന് കിളച്ച് കള പറിച്ച് വൃത്തിയാക്ക്. എന്നിട്ട് അതില്‍ കുഴിയെടുത്ത് തെങ്ങ് നടണം. ഉം, വേഗമാകട്ടെ.”

ദാസന്‍ ദ്രുതഗതിയിലാണ് പുറത്തിറങ്ങിയത്. ആശ്വാസത്തിന്റേതായൊരു ദീര്‍ഘനിശ്വാസത്തോടെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് പണിയായുധങ്ങള്‍ എവിടെയാണെന്ന് കിഴവനോട് ചോദിച്ചില്ലല്ലോ എന്ന് അയാളോര്‍ത്തത്. വീണ്ടും അകത്ത് കയറണോയെന്ന് ശങ്കിച്ചതും തൊട്ടുപുറകില്‍നിന്ന് വൃദ്ധന്റെ സ്വരം മുഴങ്ങി:

“ഈ വരാന്തയിലൂടെ വലത്തേയ്ക്കുപോയി പുറകില്‍ ചെന്നാല്‍ മതി. പിന്നാമ്പുറത്ത് പണിസാമാനങ്ങള്‍ കാണും.”

ദാസന്‍ ഞെട്ടിപ്പോയി. വൃദ്ധനും നായയും തൊട്ടരികില്‍ നില്‍ക്കുന്നു. അയാള്‍ക്ക് കുളിര്‍ന്നു. അവര്‍ വന്നതിന്റെ നേരിയ അനക്കം പോലും കേട്ടില്ലല്ലോ എന്ന് ദാസന്‍ ഉള്ളില്‍നിന്ന് ഒരു ആന്തല്‍ പോലെ ഓര്‍ത്തു. അല്ലെങ്കില്‍, അവര്‍ എങ്ങിനെ ഇത്ര വേഗം തന്റെയടുത്തെത്തി?

നായയുടെ ചുവന്നുനേര്‍ത്ത നാവ് തന്റെ കാലിലേയ്ക്ക് നീണ്ടുവരുന്നത് കണ്ടപ്പോള്‍ ദാസന്‍ ധൃതിയില്‍ തറയോട് പാകിയ നീണ്ട വരാന്തയിലൂടെ നടന്നു. പഴമ കടുത്ത കറകളായി ഉണങ്ങിപ്പിടച്ച ആ വരാന്തയിലൂടെ കുറേ നടക്കേണ്ടിയിരുന്നു പിന്നാമ്പുറത്തെത്താന്‍. അത്രയേറെ വലുതായിരുന്നു ആ ബംഗ്ളാവ്.

രാവിലെ വരുന്ന വഴിക്ക്, ദൂരെനിന്ന് ആ ബംഗ്ലാവിന്റെ അസാധാരണമായ വലുപ്പം കണ്ടപ്പോഴേ ദാസന്‍ കുറച്ച് അമ്പരന്നുപോയിരുന്നു. എങ്കിലും അയാള്‍ അതിന്റെ നിഗൂഢതയില്‍ അമ്പരന്നിരുന്നില്ല. കാരണം അവിടേയ്ക്കുള്ള വഴി ആ ബംഗ്ലാവിനെപ്പോലെ തന്നെ തികച്ചും അപരിചിതവും നിഗൂഢവുമായിരുന്നു. പുലര്‍ച്ചയ്ക്കും മുന്‍പുള്ള ബസില്‍ മണിക്കൂറുകള്‍ ഇരുന്ന്, കാട്ടുമൂലയിലുള്ള ഒരു ഇടത്ത് പരപരായെന്നുള്ള വെളുപ്പിന് ഇറങ്ങിയപ്പോള്‍ മുതല്‍ അനുഭവിച്ചുതുടങ്ങിയ നിഗൂഢതകള്‍. ആ ഇടുങ്ങിയ കാട്ടുവഴി ദാസനെ മാത്രം കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി. വളഞ്ഞുപുളഞ്ഞുകിടക്കുന്ന വഴിയുടെ ഇരുവശവും രണ്ടാള്‍ പൊക്കമുള്ള പൊന്തകള്‍ വളര്‍ന്നുനിന്നിരുന്നു. അക്കാരണംകൊണ്ടുതന്നെ വഴി എങ്ങോട്ടേയ്ക്കാണ്, എങ്ങിനെയാണ് പോകുന്നതെന്ന് കാണാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും പലയിടങ്ങളിലും ചെറുകൈവഴികള്‍ വന്നുചേരുന്ന ആ കാട്ടുപാത തനിക്കുമുന്‍പിലുള്ള ഒരേ ഒരു പാതയാണെന്ന് എന്തുകൊണ്ടോ ദാസന് തോന്നിയിരുന്നു. കനത്ത നിശബ്ദതയും ചീവീടുകളുടെ ഘോഷത്തിന്റെ അസഹ്യമായ ആരോഹണാവരോഹണങ്ങളും മാറിമാറി നിറയുന്ന വഴിയിലൂടെ, ഇടയ്ക്കിടെ ആകാശത്തിനുകുറുകേ ഉയരുന്ന ഏതൊക്കെയോ കാട്ടുപക്ഷികളുടെ ഉച്ചത്തിലുള്ള, പേടിപ്പെടുത്തുന്ന വിലാപങ്ങള്‍ക്കടിയിലൂടെ ദാസന്‍ നടന്നു. എത്രനേരം നടന്നുവെന്ന് നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും ആ യാത്രയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു എന്ന് അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു.

മൂന്നടിയോളമേ ഉയരമുണ്ടായിരുന്നുള്ളുവെങ്കിലും വീതിയേറിയ ഇരുമ്പുപാളികൊണ്ടുണ്ടാക്കിയ പഴകിത്തുരുമ്പിച്ച ആ ഗേറ്റ് തുറക്കുവാന്‍ ഒരു രണ്ടാളുവേണ്ടിവരുമെന്ന് ദാസന് തോന്നി. വിജാഗിരികള്‍ തുരുമ്പിച്ച് ഉണങ്ങിയടര്‍ന്നിരുന്നതിനാല്‍ ഗേറ്റ് അല്‍പ്പം താങ്ങിയുയര്‍ത്തി വേണ്ടിയിരുന്നു തുറക്കാന്‍. ഗേറ്റിനിരുവശവും മതിലുകളൊന്നും ഉണ്ടായിരുന്നില്ല. കാടുകള്‍ക്കിടയിലേയ്ക്ക് നീണ്ടുപോകുന്ന മുള്ളുവേലികളായിരുന്നു പകരം.

ഇരുനിലയുള്ള ആ ബംഗ്ലാവ് പുറകിലേയ്ക്ക് അനന്തമായി നീണ്ടുകിടക്കുകയാണോ എന്നാണ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് ചുവടുവച്ചപ്പോള്‍ ദാസന്‍ ആദ്യം ചിന്തിച്ചത്. ആ കെട്ടിടത്തെ മുന്‍പില്‍നിന്ന് നോക്കുന്ന ആര്‍ക്കും അങ്ങനെ തോന്നുമായിരുന്നു. പായല്‍ പിടിച്ചും മഴവെള്ളമൊലിച്ചും അതിന്റെ കുമ്മായം തേച്ച ഭിത്തികള്‍ കെട്ടുപോയിരുന്നു. ഓടുകള്‍ അവിടവിടെ പൊട്ടിക്കിടന്നു. വെയിലുകൊണ്ട് ഉണങ്ങി വിണ്ടുപൊട്ടിയ തടിത്തൂണുകള്‍ നിരന്നുനില്‍ക്കുന്ന വരാന്ത ചുറ്റോടുചുറ്റുമെന്നപോലെ നീണ്ടുപോകുന്നുണ്ടായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ഗേറ്റിന്റെ പുറം പ്രതലം വരെ വന്നലച്ചുകൊണ്ടിരുന്ന ചീവീടുകളുടെയും കാട്ടുപക്ഷികളുടെയും വിലാപങ്ങള്‍ പുരയിടത്തിലേയ്ക്ക് കാലെടുത്തുവച്ച നിമിഷം മുതല്‍ മരിച്ചുപോയിരുന്നു. ആ വിലാപങ്ങളേക്കാള്‍ ഭയാനകമായ നിശബ്ദതയുടെ അഗാധഗര്‍ത്തങ്ങളില്‍ അസ്ഥിവാരമുറപ്പിച്ച്, നിശ്ചലവും പരിശൂന്യവുമായ ആകാശത്തിലേയ്ക്ക് ആ ബംഗ്ലാവ് തലയുയര്‍ത്തി നിന്നു.

“നീ വരുമെന്ന് എനിയ്ക്കറിയാമായിരുന്നു. ആയുധങ്ങള്‍ നിനക്കുവേണ്ടി കാച്ചിവെച്ചിരിക്കുന്നതാണ്. സൂക്ഷിയ്ക്കുക.”

പിന്നാമ്പുറത്തെ വരാന്തയിലേയ്ക്ക് തുറന്നുകിടക്കുന്ന, പാതിയിരുണ്ട കുടുസുമുറിയില്‍ നിന്ന് ദാസന്‍ തൂമ്പയുടെ വായ്ത്തല പരിശോധിയ്ക്കുമ്പോള്‍ അയാളുടെ കാതിന്റെ പുറകില്‍ ചുണ്ടുമുട്ടിച്ച് വൃദ്ധന്‍ പറഞ്ഞു. ദാസന്റെ പിന്‍കഴുത്തിലെ രോമങ്ങള്‍ എഴുന്നുവന്നു. അയാള്‍ വീണ്ടും ഞെട്ടിയിരുന്നെങ്കിലും വൃദ്ധന്റെയും നായയുടെയും ചലനങ്ങള്‍ ഇത്തവണയും താന്‍ അറിഞ്ഞില്ലല്ലോ എന്ന് അമ്പരപ്പെട്ടില്ല. പെട്ടെന്നുതന്നെ അയാള്‍ സാഹചര്യങ്ങളെ കുറെയൊക്കെ അംഗീകരിച്ചുതുടങ്ങിയിരുന്നു; മനസിലായില്ലെങ്കിലും.

“ദാസാ....”

വൃദ്ധന്റെ ശബ്ദം ദൂരെനിന്നും മുഴങ്ങിയെത്തിയപ്പോള്‍ ദാസന്‍ ചിന്തയില്‍നിന്ന് ഉണര്‍ന്നു. അയാള്‍ ചാരിയിരുന്ന മരത്തണലില്‍നിന്നും നിവര്‍ന്നു.

വൃദ്ധന്‍ നായയെ തഴുകി അങ്ങനെ തന്നെ ഇരുപ്പാണ്. നോട്ടം മാത്രം സ്ഥിരപ്രതിഷ്ഠം. നായ വൃദ്ധന്റെ കാല്‍ നക്കിത്തുടച്ചുകൊണ്ടിരിക്കുന്നു. ദാസന്‍ അടുത്തേയ്ക്ക് ചെന്നു. ആലസ്യം വിട്ട നായ നിവര്‍ന്നിരുന്ന് നാവ് നുണഞ്ഞു. വൃദ്ധന്‍ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ദൃഷ്ടി മാത്രം ദാസനില്‍ കൊണ്ടുനിന്നു.

ദാസന്‍ വൃദ്ധന്റെ വാക്കുകള്‍ കാത്ത് നിശബ്ദനായി നിന്നു. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.

ഒടുവില്‍ വൃദ്ധന്‍ പറഞ്ഞു, “പോയി ജോലി ചെയ്തോളു.”

ദാസന് ഒന്നും മനസിലായില്ല. അയാള്‍ തിരികെ നടന്നു.

വീണ്ടും തൂമ്പയെടുത്ത് കിളയ്ക്കുവാനാരംഭിച്ചു. പറമ്പ് വിശാലമായി ദൂരേയ്ക്ക് നീണ്ടുപോവുകയാണ്. കിഴവന്‍ സ്ഥലത്തെ പ്രധാന ജന്മി ആയിരിക്കണം. അല്ലെങ്കില്‍ അങ്ങനെ ചിന്തിയ്ക്കുന്നതില്‍ അര്‍ഥമെന്താണ്? ഈ കാട്ടുമൂലയില്‍ ഈ കിഴവന്‍ മാത്രമേ മനുഷ്യജീവി ആയിട്ടുള്ളു എന്നാണ് തോന്നുന്നത്. പിന്നെ എന്ത് പ്രധാന ജന്മി?

തലേന്ന് കിളച്ചിട്ടതുപോലെ മണ്ണ് വിടര്‍ന്നും അയഞ്ഞും കിടന്നു. പക്ഷേ ദാസനെ അതിശയിപ്പിച്ചുകൊണ്ട് അതിലെല്ലാം കുറ്റിച്ചെടികള്‍ വളര്‍ന്നുനില്‍ക്കുകയും ചെയ്തു. എല്ലാം ഉണക്കുപ്രദേശങ്ങളില്‍ വളരുന്നമാതിരി പാഴ്ചെടികളാണെന്നു മാത്രം. കൂടുതലും കള്ളിച്ചെടികളാണ്.

ദാസന്‍ കിളയും കളപറിക്കലും തുടരുന്നതിനിടയിലെല്ലാം ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വൃദ്ധനും നായയും...

കിളച്ചുമുന്നേറും തോറും പണ്ട് ചത്തൊടുങ്ങിയ മൃഗങ്ങളുടെ എല്ലുകള്‍ മണ്ണില്‍നിന്ന് പൊങ്ങിവന്നുകൊണ്ടിരുന്നു. യുഗങ്ങള്‍ക്കുമുന്‍പു മുതലുള്ള, ദ്രവിച്ചുനുറുങ്ങിപ്പോയ എല്ലുകള്‍. ഇത്രമാത്രം മൃഗങ്ങളിവിടെ ജീവിച്ചിരുന്നോയെന്ന് സ്വയം ചോദിച്ച ദാസന്‍ ജീവിതത്തിലാദ്യമായി ജീവന്റെ ചരിത്രത്തെക്കുറിച്ച്, ഉല്‍പ്പത്തി മുതല്‍ ചിന്തിച്ചുതുടങ്ങി. മുന്‍പ് ചിന്തിച്ചിട്ടേയില്ലാതിരുന്നിട്ടും, മുന്‍പരിചയമില്ലാതിരുന്നിട്ടും ചരിത്രം ദാസന് അപരിചിതമായി തോന്നിയില്ല. മാത്രമല്ല, അത് തീര്‍ത്തും, സ്ഫടികതുല്യം വ്യക്തവുമായിരുന്നു. എങ്കിലോ, അതൊട്ട് ദാസനൊന്നും മനസിലാകാത്ത ഒരു പ്രഹേളിക ആയിത്തോന്നുകയും ചെയ്തു. ഒരേ സമയം സുവ്യക്തലളിതവും അവ്യക്തസങ്കീര്‍ണവുമായ ചരിത്രമെന്ന അതുല്യവൈചിത്ര്യത്തെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടാണ് അയാള്‍ പിന്നെ ജോലി തുടര്‍ന്നത്. എല്ലുകള്‍ കൊണ്ട് നിറയുകയായിരുന്നു കിളയ്ക്കും തോറും പറമ്പ്. ഗന്ധകത്തിന്റെയും ഫോസ്ഫറസിന്റെയും നാറ്റം കൂടിക്കൂടിവന്നപ്പോള്‍ ദാസന് ഛര്‍ദ്ദിയ്ക്കാന്‍ തോന്നി.

അയാള്‍ അവശനായി അടുത്തുകണ്ട മാവിന്റെ ചുവട്ടിലിരുന്നു. എന്നിട്ട് ഒരു ബീഡിയെടുത്ത് കൊളുത്തിക്കൊണ്ട് വൃദ്ധനും നായയും ഇരിയ്ക്കുന്ന വരാന്തയിലേയ്ക്ക് നോക്കി. അവര്‍ അവിടെയില്ലായിരുന്നു. പകരം വരാന്തയില്‍ ഇരുന്ന അതേ രീതിയില്‍ മട്ടുപ്പാവില്‍ ഇരുന്ന് ദാസനെ നിരീക്ഷിക്കുകയായിരുന്നു. വരാന്തയില്‍ ഇരുന്ന ഒരു ചിത്രം ആരോ എടുത്ത് അതേപടി മട്ടുപ്പാവില്‍ കൊണ്ടുവച്ചതുപോലെയാണ് അയാള്‍ക്ക് തോന്നിയത്. അല്‍പ്പം മുന്‍പ് താഴെ ഇരുന്നവര്‍ ഇതിനിടയില്‍ എപ്പോള്‍ മുകളില്‍ കയറിയെന്ന് അത്ഭുതചിന്തകളേതുമില്ലാതെ ദാസന്‍ മനസ്സില്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചു.

“ഒരു കടല്‍ക്കിഴവനെപ്പോലെയുണ്ട് ഇയാള്‍,” ദാസന്‍ മനസിലോര്‍ത്തു. എത്ര പ്രായമുണ്ടെന്ന് പോലും മനസിലാകുന്നില്ല. തൊണ്ണൂറ്? നൂറ്? അതോ ഇനി അതിലുമേറെയോ?

മാമ്പഴക്കാലമായിട്ടും പൂക്കുകയോ കായ്ക്കുകയോ ചെയ്യുന്നതിന്റെ വിദൂരലക്ഷണങ്ങള്‍ പോലും പ്രകടിപ്പിയ്ക്കാത്ത മാവിന്റെ ശിഖരങ്ങളിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും, മട്ടുപ്പാവിനെ മറക്കുവാനായി മന:പ്പൂര്‍വ്വം നോക്കിയിരുന്നപ്പോള്‍, വൃദ്ധന്റെ വളപ്പില്‍ വേരിറങ്ങിയ ഒരു മരം പോലും വസന്തത്തിന്റെ ആ ഉച്ചയിലും പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ലെന്ന, വിചിത്രമായൊരു വസ്തുത ദാസന്‍ മനസിലാക്കി.

ഏതോ കിളികള്‍ അതീതഭാഷയില്‍ പരസ്പരം സംവദിച്ചുകൊണ്ടിരുന്ന മാവിന്റെ ചില്ലകളിലേയ്ക്ക് തണുത്ത കാറ്റ് വീശുന്നുണ്ട്. ആകാശം നേര്‍ത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പിണങ്ങിയിരുണ്ട് നില്‍ക്കുകയാണ്. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടാവണം. കാറ്റില്‍ വിയര്‍പ്പ് തണുത്ത് ആറിപ്പോകുന്നു. മെലിഞ്ഞതെങ്കിലും ഇരുണ്ടുറച്ച നെഞ്ചില്‍ ചിതറിക്കിടന്ന മൂന്നേ മൂന്ന് രോമങ്ങളില്‍ മെല്ലെ വലിച്ചുകൊണ്ട് വിയര്‍പ്പിന്റെ ശൈത്യത്തെ ആസ്വദിച്ച് അയാളിരുന്നു.

“ഈ കിഴവനും പട്ടിയ്ക്കും ദിവസം മുഴുവന്‍ ഇതുതന്നെയാണോ തൊഴില്‍?” കാഴ്ചയുടെ കാന്തം മട്ടുപ്പാവില്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന് തോന്നിപ്പിക്കും വിധത്തില്‍, ദാസന്റെ പരാജിതനേത്രങ്ങള്‍ ഒടുവില്‍ അയാളുടെ നിശ്ചയദാര്‍ഢ്യത്തെ വെല്ലുവിളിച്ചുകൊണ്ട് മട്ടുപ്പാവിലേയ്ക്കുതന്നെ നീണ്ടു.

“ചുമ്മാതല്ല ഇതിന് മുന്‍പ് ഇവിടെ നിന്ന ജോലിക്കാരൊക്കെ ഇട്ടേച്ച് പോയത്. ദിവസം മുഴുവന്‍ ഇങ്ങനെ കിഴിഞ്ഞുനോക്കിയിരുന്നാല്‍ എങ്ങനെ സ്വസ്ഥമായി ജീവിക്കാനാണ്!”, അങ്ങനെ ചിന്തിച്ചപ്പോഴാണ് തനിയ്ക്ക് മുന്‍പ് ആരായിരുന്നു ഇവിടെ ജോലിക്ക് നിന്നിരുന്നതെന്നും എന്തിനാണ് അവര്‍ ജോലി ഉപേക്ഷിച്ച് പോയതെന്നുമുള്ള ചോദ്യങ്ങള്‍ പെട്ടെന്ന് ദാസനെത്തേടിയെത്തിയത്. അയാള്‍ക്ക് ആകാംക്ഷയായി.

“ഇന്നലെ ആരായിരുന്നിരിയ്ക്കും ഈ പറമ്പില്‍ പണിചെയ്തിരിയ്ക്കുക? ആരായിരിയ്ക്കും കിഴവന്റെയും പട്ടിയുടെയും രൂക്ഷദൃഷ്ടികളില്‍പ്പെട്ട് ദിവസം മുഴുവന്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടാവുക? ആ വീര്‍പ്പുമുട്ടിലില്‍നിന്ന് അയാള്‍ എങ്ങിനെയാവും രക്ഷപെട്ടിരിയ്ക്കുക?”

“ആരോടാണൊന്ന് ചോദിയ്ക്കുക? കിഴവനും പട്ടിയുമല്ലാതെ ഈ വലിയ ബംഗ്ലാവില്‍ ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. വേറാരുടെയും അനക്കം ഈ പരിസരത്തെങ്ങും ഇതുവരെയും കാണാനോ കേള്‍ക്കുവാനോ പറ്റിയിട്ടില്ല. കിഴവന് കുടുംബമൊന്നുമില്ലേ? ചിലപ്പോള്‍... കിഴവനെ സഹിക്കാന്‍ പറ്റാഞ്ഞിട്ട് അവരും ഉപേക്ഷിച്ച് പോയതാവും.”

“ദാസാ...” ഗുഹയില്‍നിന്നെന്ന പോലെ വീണ്ടും വിളിവന്നു. പെട്ടെന്ന് കാറ്റ് നിന്നതും കിളികള്‍ നിശബ്ദരായതും പിടഞ്ഞെഴുന്നേല്‍ക്കുന്നതിനിടയില്‍ ദാസന്‍ ശ്രദ്ധിച്ചില്ല. കാര്യങ്ങള്‍ ഗ്രഹിച്ചുതുടങ്ങിയിരുന്ന അയാള്‍ ഇത്തവണ വൃദ്ധന്റെയടുത്തേയ്ക്ക് ചെന്നതുമില്ല. മുറുമുറക്കലുകള്‍ നിര്‍ത്തി നിശ്ചലമായിത്തീര്‍ന്ന ഇരുണ്ട ആകാശത്തിന് കീഴെ, ഹുങ്കാരം മുഴക്കുന്ന മൌനത്തിന്റെ ഗുരുത്വകേന്ദ്രത്തില്‍നിന്നുകൊണ്ട്, മിനുങ്ങുന്ന തൊലിക്കടിയില്‍ ബലിഷ്ഠവും അളവുപൂര്‍ണതകള്‍ മുറ്റിയതുമായ പേശികളെ നൃത്തം ചെയ്യിച്ച് ദാസന്‍ തെങ്ങുനടാന്‍ കുഴിയെടുത്തു തുടങ്ങി. ജീര്‍ണിച്ച ജൈവികതയുടെ ഗന്ധം മനംപിരട്ടലുണ്ടാക്കുന്നുണ്ടായിരുന്നു. അയാള്‍ മണ്ണില്‍ പണിയെടുക്കുന്നത് ആദ്യമല്ല. പക്ഷേ ഇത്ര ചീഞ്ഞ നാറ്റമുള്ള മണ്ണിനെ ആദ്യമായി പരിചയപ്പെടുകയായിരുന്നു.

ഇടയ്ക്ക് വീണ്ടും തലയുയര്‍ത്തി നോക്കി. ഉവ്വ്, കിഴവനും നായയും ഇങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നു. ഇപ്പോള്‍ മുറ്റത്തെ മാഞ്ചുവട്ടില്‍ കസേരയിട്ടാണെന്ന് മാത്രം. വിശന്നുതുടങ്ങിയിരിക്കുന്നു. അതിലുമേറെ ദാഹിയ്ക്കുകയും ചെയ്യുന്നു.

“കിഴവനും പട്ടിയ്ക്കും വിശപ്പും ദാഹവും പോലുമില്ലെന്ന് തോന്നുന്നു. ഇതുവരെ ഇരുവരും അല്‍പ്പം വെള്ളം കുടിയ്ക്കുന്നതുപോലും കണ്ടില്ലല്ലോ” എന്ന് ദാസന്‍ ആകുലപ്പെട്ടു. തങ്ങള്‍ക്കോ ദാസനോ വിശക്കുമെന്നോ ദാഹിക്കുമെന്നോ കിഴവനും നായയും ചിന്തിക്കുവാനുള്ള സാധ്യതകള്‍ പോലും അന്തരീക്ഷത്തിലെങ്ങും ഇല്ല. അവര്‍ ജാഗരൂകരായി ഒരേയൊരു പ്രവൃത്തിയില്‍ മുഴുകിയിരിയ്ക്കുകയാണ്. ദാസന്‍ തൂമ്പ വായുവിലുയര്‍ത്തി മണ്ണില്‍ ആഞ്ഞ് വെട്ടി. ഓരോ വെട്ടിലും ആഴങ്ങളില്‍ തുടിച്ചിളകുന്ന ജീവജലത്തിന്റെ മഹാവാരിധി മുകളിലേയ്ക്ക് കുതിക്കാന്‍ വൃഥാ ഉള്ളുനൊന്തുപിടഞ്ഞു.

ഏതോ മൃഗത്തിന്റെ തലയോട്ടിയുടെ അംശങ്ങള്‍ കറുത്തരോമങ്ങളോടെ മണ്ണില്‍നിന്ന് പൊന്തിവന്നപ്പോള്‍ ദാസന്‍ ഞെട്ടി തൂര്‍ന്നുപോയി. കുറച്ചുനേരം കുഴിയുടെ വക്കില്‍ത്തന്നെ കിതച്ചുകൊണ്ട് ഇരിയ്ക്കേണ്ടിവന്നു ദാസന്. കിതപ്പൊന്ന് ആറിയപ്പോള്‍ അയാള്‍ തലയുയര്‍ത്തി മാഞ്ചുവട്ടിലേയ്ക്കുനോക്കി. എന്നാല്‍ കിഴവനും നായയും അപ്പോള്‍ വരാന്തയിലായിരുന്നു. ഉച്ചതിരിഞ്ഞ് ചാഞ്ഞുവീശുന്ന വെയിലില്‍ വരാന്തയില്‍ ഒരു ക്യാന്‍വാസ് സ്റ്റാന്റ് വെച്ച് വലിയൊരു പ്രതലത്തില്‍ ചിത്രം വരയ്ക്കുകയായിരുന്നു വൃദ്ധന്‍. അയാള്‍ തന്റെ നേരെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നതെന്ന് കണ്ടപ്പോള്‍ ദാസന്‍ ഒരുപാട് ആശ്വാസപ്പെട്ടു. നായയുടെ തേന്‍ നിറമുള്ള കണ്ണുകളുടെ ക്രൂരമായ ശാന്തതയെ മാത്രം സഹിച്ചാല്‍ മതിയല്ലോ.

അയവ് തട്ടിയ മനസുമായി, കണ്‍കുഴിയില്‍ കാല്‍വിരല്‍ കടത്തി ഒരു വലിയ തലയോട്ടിക്കഷ്ണമെടുത്ത് വെറുതെ ആട്ടിക്കൊണ്ട് അയാള്‍ വൃദ്ധന്‍ ചിത്രം വരയ്ക്കുന്നത് നോക്കിയിരുന്നു. നിശബ്ദരാക്കപ്പെട്ട മഴമേഘങ്ങള്‍ ദൂരെയൊഴിഞ്ഞ ആകാശച്ചെരുവില്‍നിന്ന് ബംഗ്ലാവിന്റെ വരാന്തയോളം നീളുന്ന പോക്കുവെയിലില്‍ കിഴവന്റെ വെളുത്തതലമുടികള്‍ സ്വര്‍ണം പോലെ തിളങ്ങുന്നു. ബംഗ്ലാവിലേയ്ക്ക് വീഴ്ത്തുന്ന വെയിലില്‍ സൂര്യന്‍ അസാധാരണമായൊരു മാര്‍ദവം കലര്‍ത്തുന്നുണ്ടെന്ന വിചിത്രമായ ഒരു ശ്ലഥമനോവ്യാപാരത്തിലായിരുന്നു ദാസനപ്പോള്‍. ആ ചിന്തയുടെ ആലസ്യത്തില്‍ അയാള്‍ കൈകള്‍ പുറകിലേയ്ക്ക് കുത്തി നടുനിവര്‍ത്തിയതും വൃദ്ധന്റെ ശബ്ദം മുഴങ്ങി.

“ദാസാ....”

ദാസന്‍ നടുങ്ങിപ്പോയി. വൃദ്ധന് തലയ്ക്കുപിന്നിലും കണ്ണുകളുണ്ടോ? അതോ നായയും വൃദ്ധനും തമ്മില്‍ മറ്റാര്‍ക്കും മനസിലാകാത്തതരം ഒരു ടെലിപ്പതിക് ബന്ധം ഉണ്ടോ? ഒരുപക്ഷേ വൃദ്ധനുവേണ്ടിയാണോ നായ ദാസനില്‍നിന്ന് ദൃഷ്ടിമാറ്റാതെയിരിയ്ക്കുന്നത്? വൃദ്ധന് കാണാതെ കാണുവാനായി?

ദാസന്‍ തിടുക്കത്തില്‍ എഴുന്നേറ്റ് അസ്ഥിക്കഷ്ണങ്ങള്‍ കാലുകൊണ്ട് തട്ടിയകറ്റിയിട്ട് വീണ്ടും കിളയ്ക്കുവാനാരംഭിച്ചപ്പോള്‍ വൃദ്ധന്റെ സ്വരം പിന്നെയും വിളിച്ചു.

“ദാസാ..., ഇവിടെ വരൂ.”

ദാസന്‍ അസ്ഥികളെയും രോമങ്ങളെയും തൂമ്പയെയും കുഴിയില്‍ത്തന്നെ ഉപേക്ഷിച്ചിട്ട് ധൃതിയില്‍ വരാന്തയ്ക്കരികിലേയ്ക്ക് ചെന്നു.

“കുഴി തീര്‍ന്നോ?” വൃദ്ധന്‍ പുറംതിരിഞ്ഞുനിന്നുകൊണ്ടുതന്നെ ചോദിച്ചു. കടുത്ത വര്‍ണങ്ങള്‍ അയാളുടെ ക്യാന്‍വാസിലെ കറുത്ത വരകള്‍ക്കിടയില്‍ അമൂര്‍ത്തമായി ചിതറിക്കിടന്നു. നായ തേന്‍ നിറമുള്ള കണ്ണുകള്‍ ദാസന്റെ വിയര്‍പ്പ് തിളങ്ങുന്ന മേനിയില്‍ ഉറപ്പിച്ച്, വാല്‍ വിറപ്പിച്ച് ഇരുന്നു.

കിഴവന്‍ തിരിഞ്ഞാണുനില്‍ക്കുന്നതെങ്കിലും തന്നെ കാണുന്നുണ്ടെന്ന് ദാസന് അറിയാമായിരുന്നു.

“ഒരെണ്ണം തീര്‍ന്നു. രണ്ടാമത്തേത് എടുത്തുകൊണ്ടിരിയ്ക്കുകയാണ്.” വൃദ്ധന്റെ കണക്കുകളില്‍ താന്‍ മടിയനായ ഒരു പണിക്കാരനായിരിക്കുമോ എന്ന് അയാള്‍ വേവലാതികൊണ്ടു.

“ഉം...” അമര്‍ത്തിയൊരു മുരളല്‍. അത് കിഴവനില്‍നിന്നാണോ നായയില്‍നിന്നാണോ എന്ന് വ്യക്തമായിരുന്നില്ല.

“നിനക്ക് പാചകം ചെയ്യാനറിയുമോ?” വൃദ്ധന്‍ തിരിഞ്ഞുകൊണ്ടുചോദിച്ചു. തിമിരത്തിന്റെ അലകള്‍ വെള്ളപൂശിയ കണ്ണുകള്‍ ദാസനിലേയ്ക്ക് നീണ്ടു.

“പാചകം....”

“ഉം...?” ഇത്തവണത്തെ മൂളല്‍ കിഴവനില്‍നിന്ന് തന്നെയാണെന്ന് ദാസന് ഉറപ്പായിരുന്നു.

“അറിയാം.” അയാള്‍ അറിയാതെ പറഞ്ഞുപോയി.

“ഉം. സന്ധ്യതിരിയുമ്പോള്‍ എന്റെ ചില സുഹൃത്തുക്കള്‍ വരും. അവര്‍ക്ക് ഭക്ഷണം ഒരുക്കണം.”

“കിഴവന്, ഈ കാട്ടുമൂലയില്‍ സുഹൃത്തുക്കളോ!” ദാസന്‍ അമ്പരന്നുനിന്നു.

“അത് നീ അറിയേണ്ടുന്ന വിഷയമല്ല ദാസാ. അവര്‍ എന്റെ നിത്യസന്ദര്‍ശകരാണെന്ന് മാത്രം അറിയുക. ഞാന്‍ അവരുടെയും” ദാസന്റെ മനസ് വായിച്ചുകൊണ്ട് വൃദ്ധന്‍ പറഞ്ഞു. ദാസന് ആ മന:ഖനനത്തില്‍ സവിശേഷമായൊന്നും തോന്നിയതുമില്ല.

വൃദ്ധന്‍ ദാസനെ അകത്തേയ്ക്ക് നയിച്ചു. പ്രധാനമുറിയില്‍നിന്നും ഏതോ ഒരു ഇടനാഴിയിലൂടെയായിരുന്നു യാത്ര. അവിടെയെങ്ങും ജീര്‍ണതയുടെ ഒരു ഗന്ധം കനത്തുകിടപ്പുണ്ടായിരുന്നു. അതിശൈത്യമാര്‍ന്ന ആ ഗന്ധം രാവിലെ വൃദ്ധന്റെ മുന്‍പില്‍ ആദ്യം നില്‍ക്കുമ്പോഴേ ദാസന് ലഭിച്ചിരുന്നു. എന്നാല്‍ അത് കിഴവന്റെ പടുവാര്‍ദ്ധക്യത്തിന്റെ നാറ്റമാണോ, നായയുടെ വന്യമായ മൃഗഗന്ധമാണോ എന്ന് മനസിലായിരുന്നില്ല. പക്ഷേ ഇപ്പോള്‍ വൃദ്ധനും നായയ്ക്കും ആ ഇടത്തിലെ വായുവിന്റെ ജീര്‍ണതയുടെ കെട്ട ഗന്ധമാണെന്ന് അയാള്‍ക്ക് മനസിലായി.

വൃദ്ധന്‍ മുന്‍പിലും ദാസന്‍ നടുവിലും നായ പുറകിലുമായി ഒരു ഇടനാഴിയില്‍നിന്നും അടുത്തതിലേയ്ക്ക്, അതില്‍ നിന്നും പിന്നെയും അടുത്തതിലേയ്ക്ക് എന്ന രീതിയില്‍ പടികള്‍ കയറിയും ഇറങ്ങിയും നടന്നുകൊണ്ടിരുന്നു. ഇടത്തേയ്ക്കും വലത്തേയ്ക്കുമായി എത്ര ഇടനാഴികള്‍ കടന്നുവെന്നോ എതിലെയാണ് തങ്ങള്‍ വന്നതെന്നോ ദാസന് നിശ്ചയമുണ്ടായിരുന്നില്ല. ഇടനാഴികളില്‍ ഇരുളിന്റെ ഇടവേളകളിട്ടുകൊണ്ട് പഴയ മുട്ടവിളക്കുകള്‍ അരണ്ട മഞ്ഞവെളിച്ചം പരത്തി, കൃത്യമായ അകലം പാലിച്ച് കരിങ്കല്‍ഭിത്തികളിന്മേല്‍ നിന്നു. തൊട്ടുപുറകില്‍ നായയുടെ കിതപ്പിന്റെ നിശ്വാസച്ചൂടും കാറ്റും തന്റെ കാല്‍വണ്ണകളില്‍ തട്ടുന്നത് ദാസന്‍ അറിയുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കാന്‍ ഭയപ്പെട്ട്, നിവര്‍ന്നു നില്‍ക്കുന്ന രോമങ്ങളുമായി അയാള്‍ ഇടനാഴികളിലെ അരണ്ടവെട്ടത്തിലൂടെ വൃദ്ധനെ ഒരേ വേഗത്തില്‍ പിന്തുടര്‍ന്നു.

പുകയറ പിടിച്ച കരിങ്കല്‍ഭിത്തികളുള്ള വലിയൊരു ഊണുമുറിയിലേയ്ക്കാണ് അവര്‍ എത്തിയത്. കരിങ്കല്‍പ്പാളികൊണ്ടുള്ള, ദീര്‍ഘചതുരാകൃതിയിലുള്ള വലിയൊരു തീന്‍മേശ മുറിയുടെ നടുവില്‍ സ്ഥാപിച്ചിരിയ്ക്കുന്നു. ചുറ്റും ഏതാനും പഴകിയ തടിക്കസേരകളും. മേശയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന, മാറാല കെട്ടിയ, വട്ടത്തിലുള്ളൊരു തകിടുമറയ്ക്കുള്ളില്‍ പൊടിപിടിച്ച് മങ്ങിയ ഒരു വലിയ മുട്ടവിളക്ക്. മേശപ്പുറത്ത് എന്തൊക്കെയോ വിഭവങ്ങള്‍ പാത്രങ്ങളില്‍ അടച്ചുവച്ചിരിയ്ക്കുന്നു. അടപ്പുകളുടെ വക്കില്‍നിന്നും ആവി ഉയരുന്നുണ്ട്. വായുവില്‍ പടര്‍ന്നുനില്‍ക്കുന്ന ജീര്‍ണതയ്ക്കൊപ്പം മസാലയില്‍ വെന്ത ഇറച്ചിയുടെ മണം തിരിച്ചറിഞ്ഞപ്പോഴാണ് തന്റെ വിശപ്പും ദാഹവും കെട്ടുപോയിരിക്കുന്നുവെന്ന് ദാസന്‍ ഓര്‍ത്തത്.

“കിഴവന്‍ സദാസമയവും തന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ, ഇതിനിടയില്‍ എപ്പോള്‍ ഇതെല്ലാം പാകം ചെയ്തു?” അയാള്‍ ആശ്ചര്യപ്പെട്ടു.

“ഒരുപക്ഷേ ഇവിടെ വേറെയും ജോലിക്കാര്‍ ഉണ്ടായിരിക്കാം. നിശബ്ദരായ ജോലിക്കാര്‍.”

ആ മുറിയുടെ അങ്ങേവശത്ത് ഒരു വാതിലുണ്ടായിരുന്നു. തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി എരിയുന്ന വിറകടുപ്പ് കണ്ടപ്പോള്‍ അത് അടുക്കളയാണെന്ന് ദാസന്‍ ഊഹിച്ചു.

വൃദ്ധന്‍ ദാസനെയുംകൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു. അത് പുരാതനമായൊരു അടുക്കള ആയിരുന്നു. മഞ്ഞച്ചു നിറം കെട്ടുപോയ ഭിത്തികളെല്ലാം കരിപിടിച്ച മാറാലകളാല്‍ നിറഞ്ഞിരുന്നു. നിലത്തുറപ്പിച്ച, വലിയൊരു തന്തൂരി അടുപ്പും ഉണ്ടായിരുന്നു ആ അടുക്കളയില്‍. വലിയൊരു വീപ്പ പോലുള്ള അതിന്റെ വായില്‍നിന്ന് ഉള്ളിലെരിയുന്ന കനലുകളുടെ ചുവപ്പുനിറം പുറത്തേയ്ക്ക് തിളച്ചുയര്‍ന്നുകൊണ്ടിരുന്നു.

“അത് പുകമുറിയാണ്. ഉള്ളിലെ ചേരുകളില്‍ പുകയിലുണങ്ങുന്ന ഇറച്ചി കാണും. കുറച്ചെടുത്ത് വറക്കൂ. കുറച്ച് തന്തൂരിയില്‍ പൊള്ളിക്കുകയും ചെയ്യൂ.” അടുക്കളയുടെ വലതുവശത്തെ ഭിത്തിയില്‍ കണ്ട വാതിലിലേയ്ക്കുചൂണ്ടി വൃദ്ധന്‍ പറഞ്ഞു.

ദാസന്‍ പുകമുറിയിലേയ്ക്ക് കടന്നു. മിക്കവാറും ഇരുളായിരുന്നു അതിനുള്ളില്‍. അരണ്ട വെട്ടത്തില്‍, മുറിയുടെ മദ്ധ്യത്തിലായി വലിയൊരു നെരിപ്പോട്. അതിന്റെ മുകളിലെ വായില്‍നിന്ന് വരുന്ന പുകയേറ്റുകൊണ്ട്, ഇല്ലിക്കമ്പുകൊണ്ടുള്ള അനവധി തട്ടുകളിലായി ഇറച്ചിത്തുണ്ടങ്ങള്‍ ചൂടുകാഞ്ഞുകിടന്നു.

“അതാണ് കാര്യം. വായുസഞ്ചാരമില്ലാത്ത ഇവിടെ വെടിയിറച്ചിയിട്ട് ഉണക്കിയാല്‍ പിന്നെങ്ങനെ ഈ മുറികളെല്ലാം നാറാതിരിയ്ക്കും?” അങ്ങനെ ചിന്തിച്ചുകൊണ്ട് ദാസന്‍ അടുക്കളയിലേയ്ക്ക് തിരികെയെത്തുമ്പോള്‍ വൃദ്ധനും നായയും അവിടെ ഉണ്ടായിരുന്നില്ല. അവര്‍ എല്ലായ്പ്പോഴുമെന്ന പോലെ മായികമായി മറഞ്ഞുപോയിരുന്നു.

ദാസന്‍ പാതുകത്തില്‍ ചാരി നിന്നൊരു ബീഡി കത്തിച്ചു. കനത്ത നിശബ്ദത. ഇടയ്ക്കിടെ അടുപ്പില്‍നിന്നും ആ നിശബ്ദതയിലേയ്ക്ക് പൊട്ടിവീഴുന്ന, കറയുള്ള വിറകിന്റെ നേര്‍ത്ത നിലവിളികള്‍. നിരീക്ഷണവലയം പൂര്‍ണമായി ഇല്ലാതായതിന്റെ സ്വാതന്ത്ര്യം അയാള്‍ ബീഡി തീരുന്നതുവരെയും ആസ്വദിച്ചു.

പിന്നെ പുകമുറിയിലേയ്ക്ക് നടന്നു. ചേരുകളില്‍ ഉണങ്ങുന്ന മാംസം പരിശോധിച്ചു. ഏറ്റവും താഴെയുള്ള തട്ടിലെ മാംസം പുതിയതാണ്. ഇന്നലെയോ മറ്റോ കിട്ടിയതാവണം, ദാസന്‍ ഓര്‍ത്തു.

ഒരു പാത്രത്തില്‍ കുറെ ഇറച്ചി എടുത്ത് അയാള്‍ അടുക്കളയിലേയ്ക്ക് നടന്നു. ചൂടുവമിക്കുന്ന തന്തൂരിയടുപ്പിലേയ്ക്ക് കുനിഞ്ഞ് മാംസത്തുണ്ടുകള്‍ പൊള്ളിക്കുവാനിടുമ്പോള്‍ ദാസന്‍ മുട്ടിന്റെ പുറകുവശത്ത് തണുപ്പും നനവുമുള്ളതെന്തോ ഇഴയുന്നതറിഞ്ഞു. ഒപ്പം ചുടുനിശ്വാസവും. ദാസന്റെ നെഞ്ചിലെ മൂന്നേ മൂന്ന് രോമങ്ങള്‍ പോലും ഒറ്റനിമിഷം കൊണ്ട് എഴുന്ന് വിറങ്ങലിച്ചു.

തിരിഞ്ഞപ്പോള്‍ പാതിയിരുളില്‍ മുഴു ഇരുളായി നായ. കണ്ണുകളില്‍ അടുപ്പിലെ തീ തിളങ്ങുന്നു. വൃദ്ധന്റെ അസാന്നിധ്യം തീര്‍ത്ത പൂര്‍ണമായ അരക്ഷിതാവസ്ഥയില്‍ കുളുര്‍ന്ന്, ആ ജന്തുവിന്റെ രത്നമിഴികളുടെ മുന്‍പില്‍ ദാസന്‍ വിറച്ചുനിന്നു. നായ നാവുനീട്ടി ദാസന്റെ അകംതുടയില്‍ നാവൊന്നുഴിഞ്ഞിട്ട് പതിയെ പിന്തിരിഞ്ഞ് താളത്തില്‍നടന്ന് ഊണുമുറിയിലെ കസേരകളിലൊന്നില്‍ കയറി അയാളെ നോക്കിയിരിപ്പായി. അതിന്റെ കറുത്തുമിനുത്ത ദേഹം തീന്‍മേശയ്ക്ക് നടുവിലായി തൂങ്ങിക്കിടക്കുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.

“ഈ നാശം എപ്പോഴാണ് തിരികെയെത്തിയത്? അതോ കിഴവനോടൊപ്പം പോയില്ലേ?“ അരണ്ടവെട്ടത്തില്‍ തന്റെ നേരെ പ്രകാശിക്കുന്ന രണ്ട് ചെറുനക്ഷത്രങ്ങളെ നോക്കി ദാസന്‍ നിശ്ചലനായി നിന്നു. താനും നായയും ഈ കുടുസില്‍ ഒറ്റയ്ക്കാണെന്നും കിഴവന്‍ ഒരുപാട് വളവുകള്‍ക്കും തിരിവുകള്‍ക്കുമപ്പുറം ദൂരെയെങ്ങോ ഒരിടത്ത് ആയിരിക്കുമെന്നുമുള്ള ചിന്ത അയാളെ, നട്ടെല്ലില്‍ തുളച്ചുകയറുന്ന ഒരു തണുപ്പായി പൊതിഞ്ഞു.

നോക്കിനില്‍ക്കുംതോറും തണുപ്പ് വര്‍ദ്ധിയ്ക്കുകയായിരുന്നു. അത് സഹിക്കവയ്യാതെ ദാസന്‍ ഒടുവില്‍ തിരിഞ്ഞ് തന്റെ ജോലികള്‍ തുടര്‍ന്നു. സമയം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് ദാസന്‍ വിചാരിച്ചു. ഊണുമുറിയില്‍നിന്ന് അടുക്കളയിലേയ്ക്ക് ഉറ്റുനോക്കിയിരിയ്ക്കുന്ന രണ്ടു വൈരക്കണ്ണുകള്‍ തന്റെ പുറത്തുവന്നുകുത്തുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ എങ്ങനെയെന്നറിയില്ല, ഇതിനുമുന്‍പ് ആരും ഇന്ന് ഈ അടുക്കളയില്‍ പെരുമാറിയിട്ടില്ലായിരിക്കാം എന്ന ചിന്ത ദാസനെ ജ്വരം പോലെ ബാധിച്ചു.

“ദാസാ....”

വൃദ്ധന്റെ വിളി അതിവിദൂരതയില്‍നിന്നെന്നവണ്ണം മുഴങ്ങി.

ദാസന്‍ പാകം ചെയ്ത ഇറച്ചി പാത്രങ്ങളിലാക്കി അടച്ചുവെച്ച് നായയെ നോക്കി. അത് അയാളെത്തന്നെ നോക്കിയിരിക്കുന്നു. നായയുടെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ട് ദാസന്‍ പതിയെ അതിന്റെയരികിലൂടെ നടന്ന് ഇടനാഴിയിലേയ്ക്കിറങ്ങി. നായയുടെ കണ്ണുകള്‍ ആ നേരമത്രയും അയാളെ പിന്തുടര്‍ന്നു.

ദാസന്‍ വേഗത്തില്‍ ഇടനാഴികളില്‍നിന്ന് ഇടനാഴികളിലേയ്ക്ക് നടന്നു. എവിടെനിന്നോ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള ചിരികള്‍ ഉയരുന്നുണ്ടായിരുന്നു. അവ ഒരേ സമയം വിദൂരതയില്‍ നിന്നും അതേ സമയം ഒരു ഭിത്തിക്കപ്പുറത്തുനിന്നും എന്ന് തോന്നിച്ചു. പല ഇടനാഴികള്‍ കൂട്ടിമുട്ടുന്ന കവലകളില്‍ ദാസന്‍ ശങ്കിച്ചുനിന്നു. പിന്നെ, ഓരോ തവണയും ചിരികേട്ടതെന്ന് തോന്നിയ ദിക്ക് ലക്ഷ്യമാക്കി നടന്നു. നടന്നുനടന്ന് അയാള്‍ക്ക് ഭ്രാന്ത് പിടിയ്ക്കുന്നതുപോലെ തോന്നി. മുട്ടവിളക്കുകള്‍ നല്‍കിയ, കൃത്യമായ ഇരുളിടവേളകളില്‍ തന്നെ ഒറ്റയ്ക്കാക്കുന്ന നിഴലിനെ കാല്‍പ്പാദങ്ങളില്‍ കെട്ടിവലിച്ച് അയാള്‍ ഇടനാഴികളില്‍നിന്നും ഇടനാഴികളിലേയ്ക്ക് ഓടി.

ഒടുവില്‍ ഒരു ഇടനാഴിയിലെത്തിയപ്പോള്‍ അതിന്റെയങ്ങേയറ്റത്ത് താന്‍ ആദ്യം കണ്ട പ്രധാനമുറിയാണെന്നും അവിടെനിന്നാണ് ചിരിയും സംഭാഷണവും ഉയരുന്നതെന്നും ദാസന്‍ അറിഞ്ഞു. പിന്‍കാലിലെ ഇരുളില്‍ ചുടുനിശ്വാസവും കിതപ്പിന്റെ ശബ്ദവും തട്ടിയപ്പോള്‍ അയാള്‍ ഞെട്ടിയോടി ചിരിയുടെ തുടക്കത്തിലേയ്ക്ക് ചാടിവീണു. എന്നിട്ട് ആശ്വാസത്തോടെ കിതച്ചു.

മുറിയില്‍ വൃദ്ധനോടൊപ്പം വേറെയും അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാം പടുവൃദ്ധന്മാര്‍. ദാസന്റെ വൃദ്ധനെപ്പോലെതന്നെ കടല്‍ക്കിഴവന്മാര്‍. ഓരോരുത്തര്‍ക്കും വ്യത്യസ്തച്ഛായ ആയിരുന്നെങ്കിലും ആരും തന്നെ ഈ ദേശക്കാരാണെന്ന് തോന്നുന്നില്ല എന്നതായിരുന്നു അവരില്‍ ദാസന്‍ കണ്ടെത്തിയ മറ്റൊരു സാമ്യത.

“ഭക്ഷണം പാകമായോ ദാസാ?” വൃദ്ധന്‍ ചോദിച്ചു. ദാസന്‍ കിതച്ചും വിയര്‍ത്തും തലയാട്ടി.

“എങ്കില്‍ ഇവരെ ഭക്ഷണമുറിയിലേയ്ക്ക് കൊണ്ടുപോവുക.” വൃദ്ധന്‍ പറഞ്ഞു.

മറ്റ് വൃദ്ധന്മാരെല്ലാം എഴുന്നേറ്റ് ഇടനാഴിയ്ക്കരികിലേയ്ക്ക് നടന്നു.

“ഈ രാവണന്‍കോട്ടയില്‍ അങ്ങോട്ടുപോകുവാനുള്ള വഴി എനിയ്ക്കുതന്നെ നിശ്ചയമില്ല. പിന്നെങ്ങനെയാണ് ഞാനിവരെ കൊണ്ടുപോവുക?” എന്ന് ദാസന്‍ ശങ്കിക്കവേ വൃദ്ധന്മാര്‍ അയാളെ കടന്ന് ഇടനാഴിയിലേയ്ക്ക് നടന്നു. എല്ലാ വൃദ്ധന്മാര്‍ക്കും തന്റെ വൃദ്ധന്റെ അതേ നാറ്റം തന്നെയാണെന്നൊരു സാമ്യത കൂടി ദാസന്‍ ശ്വസിച്ചെടുത്തു.

വാര്‍ദ്ധക്യത്തിന്റെ നേരിയ ഇടര്‍ച്ചയോടെ, എന്നാല്‍ തികച്ചും അസാധാരണമായൊരു ഊര്‍ജസ്വലതയോടെ, വൃദ്ധന്മാര്‍ ഊന്നുവടികളുടെ മുഴങ്ങുന്ന ശബ്ദങ്ങളെ ഇടനാഴികളില്‍ കടവാവലുകളെപ്പോലെ തലങ്ങും വിലങ്ങും പറക്കുവാനയച്ച്, ചിരപരിചിതരേപ്പോലെ നീങ്ങി. അത്ഭുതത്തോടെ ദാസന്‍ അവരെ അനുഗമിച്ചു.

“ഇവരുടെ വീടുകളും ഒരുപക്ഷേ ഇതുപോലെതന്നെയുള്ള ബംഗ്ലാവുകള്‍ ആയിരിക്കണം. അവിടങ്ങളിലെല്ലാം ഇതേ ഇടനാഴികള്‍ ഇതേ കവലകളും വളവുകളും പടവുകളും കടന്ന് ഇതേ ഭക്ഷണമുറിയില്‍ എത്തുമായിരിക്കണം.” അയാള്‍ വിചാരിച്ചു.

അതിഥികള്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞാണ് വൃദ്ധന്‍ നായയുമായി എത്തിയത്.

ദാസന്‍ അടുക്കളയിലെ പാതുകത്തില്‍ ചാരി അത്താഴവിരുന്ന് നോക്കിനിന്നു.

കിഴവന്‍ കറുത്തനിറമുള്ള പഴയൊരു കുപ്പി തുറന്ന് ചില്ലുകോപ്പകളിലേയ്ക്ക് പകര്‍ന്നു. പിന്നെ തന്റെ അരികിലായി നിലത്തിരിയ്ക്കുന്ന നായയുടെ മുന്‍പിലെ പാത്രത്തിലും കുപ്പിയില്‍നിന്ന് പാനീയം പകര്‍ന്നു. നായ അത് ആര്‍ത്തിയോടെ നക്കിക്കുടിച്ചു. പാനീയത്തിന്റെ കടുത്തനിറം കണ്ടപ്പോള്‍ വീഞ്ഞായിരിക്കാം എന്ന് ദാസന്‍ ഊഹിച്ചു. ദാസന്റെ ദാഹം എന്നെന്നേക്കുമായി കെട്ടുപോയതുപോലെയായിരുന്നു.

സാവധാനം വിരുന്ന് മുറുകി. മേശയ്ക്കുചുറ്റും ഇരിക്കുന്നവരെല്ലാം വീഞ്ഞും ഇറച്ചിയുമല്ലാതെ മറ്റൊന്നും തിന്നുന്നില്ലല്ലോ - അല്ലെങ്കില്‍ തന്നെ ഇറച്ചിയല്ലാതെ മറ്റൊന്നും ആ മേശമേല്‍ തിന്നുവാനായി ഇല്ലായിരുന്നു - എന്ന കൌതുകത്തോടൊപ്പം, കാലങ്ങളുടെ പഴക്കം കൊണ്ടുമാത്രം സ്വായത്തമാകുന്ന, കണിശവും കൃത്രിമവുമായൊരു ഔപചാരികതെയെ അവരെല്ലാംതന്നെ വിരുന്നിലുടനീളം പിന്തുടരുന്നതായി തോന്നിക്കുന്നുവെന്ന മറ്റൊരു കൌതുകവും ദാസന് ലഭിച്ചു.

സംഭാഷണങ്ങളും ചിരികളും ഊണുമുറിയില്‍ നിറഞ്ഞു. ഇടയ്ക്ക് ദാസന്‍ സദസിലേയ്ക്ക് വിളിയ്ക്കപ്പെട്ടു. അയാള്‍ക്കും കിട്ടി ഒരു പാത്രത്തില്‍ കുരുമുളകുപൊടിയിട്ടുപൊരിച്ച ഉണക്കയിറച്ചി. നല്ല രുചിയുണ്ട്. മ്ലാവോ, മാനോ? എന്ത് ഇറച്ചിയാണെന്ന് ദാസന് മനസിലായില്ല. വെടിയിറച്ചി തിന്ന് തനിക്ക് ശീലമില്ലല്ലോയെന്ന് മാത്രം അയാള്‍ ഓര്‍ത്തു.

രാത്രി എപ്പോഴാണ് വിരുന്ന് തീര്‍ന്നതെന്നും അതിഥികള്‍ പോയതെന്നും ദാസന്‍ അറിഞ്ഞില്ല. പാതുകത്തില്‍ ചാരിയിരുന്ന് ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയ അയാളെ വൃദ്ധന്റെ ശബ്ദമാണ് തട്ടിയുണര്‍ത്തിയത്.

“ദാസാ...”

ഊണുമുറിയില്‍ കിഴവനും നായയും മാത്രം. ദാസന്‍ കടവായ പുറംകൈകൊണ്ട് തുടച്ച്, ധൃതിയില്‍ ഊണുമുറിയിലേയ്ക്ക് നടന്നു. തീന്‍മേശപോലും ആരോ വൃത്തിയാക്കിയിരിക്കുന്നു. അയാള്‍ കുറ്റബോധത്തോടെ നിന്നു.

വൃദ്ധന്‍ തീന്‍മേശയുടെ വീതികുറഞ്ഞ വശത്തിട്ടിരുന്ന ഒറ്റക്കസേരയില്‍ ദാസനെത്തന്നെ സൂക്ഷിച്ചുനോക്കിയിരുന്നു. തമോഗര്‍ത്തങ്ങളിലെത്തിപ്പെടുന്ന പ്രകാശരശ്മികളേപ്പോലെ, തിമിരത്തിന്റെ മേഘമാലകളില്‍ മുട്ടവിളക്കിന്റെ ദുര്‍ബലമായ മഞ്ഞവെളിച്ചം വീണലിഞ്ഞുചേര്‍ന്നുകൊണ്ടിരുന്നു. നായ ചിറിനക്കിത്തുടച്ച് വൃദ്ധന്റെ അരികില്‍ അലസമായി ദാസനെ കടാക്ഷിച്ചുകിടന്നു.

“നിന്റെ വസ്ത്രം അഴിച്ചുമാറ്റുക.”

ദാസന്‍ ഞെട്ടിപ്പോയി. ശരീരത്ത് നാണം മറയാന്‍ ആകെയുള്ളത് ഈ മുണ്ടാണ്. ദാസന്‍ പരുങ്ങിനിന്നു.

“ഞാന്‍ നിന്റെ യജമാനനാണ്. നീ തേടിനേടിയ യജമാനന്‍. ഞാന്‍ നിന്നോടെന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് നിന്റെ നല്ലതിനാണെന്ന് നീ മനസിലാക്കുക.” വൃദ്ധന്റെ ശബ്ദം അമര്‍ന്ന ശ്രുതിയിലും താളത്തിലും പതിയെ പുറത്തുവന്നു. അതിനൊരു ആജ്ഞാശക്തിയുണ്ടെന്ന് ദാസന് മനസിലായില്ല. കാരണം ആ ആജ്ഞയുടെ മാന്ത്രികതയില്‍ അയാള്‍ക്ക് വിഭ്രാന്തി സംഭവിച്ചുകഴിഞ്ഞിരുന്നു. കാന്തികശക്തിയുള്ള തിമിരനേത്രങ്ങള്‍ക്ക് അടിപ്പെട്ട് ദാസന്‍ ശരീരത്തെ ഏക കവചവും അഴിച്ചുമാറ്റി.

“മേശമേല്‍ കയറിക്കിടക്കുക.”

ചാവികൊടുത്ത ഒരു പാവയെപ്പോലെ യാന്ത്രികമായി ദാസന്‍ കല്‍മേശയുടെ തണുപ്പിലേയ്ക്ക് വലിഞ്ഞുകയറി മലര്‍ന്നുകിടന്നു.

വൃദ്ധന്‍ ദാസനില്‍ത്തന്നെ മിഴിയുറപ്പിച്ച്, എഴുന്നേറ്റ് മേശയ്ക്കുചുറ്റും മന്ദമായി ഒരു വലം വെച്ചു. നായ താളത്തില്‍ കിതച്ചുകൊണ്ട് അയാളെ പിന്തുടര്‍ന്നു. ഒടുവില്‍ അയാള്‍ ദാസന്റെ വലത്തേ അരികിലെത്തിനിന്നു. പിന്നെ മേശയുടെ അടിയിലെ കല്ലുകൊണ്ടുതന്നെയുള്ള ഒരു വലിപ്പ് തുറന്ന് എന്തോ പുറത്തെടുത്തു. പുറത്തേയ്ക്കുള്ള വഴിയറിയാതെ ഊണുമുറിയില്‍ ചുറ്റിത്തിരിയുന്ന, കെടുംബിച്ച മൌനത്തിലേയ്ക്ക് ലോഹങ്ങള്‍ തമ്മിലുരയുന്ന ശബ്ദം ഇരട്ടിയായി മുഴങ്ങിയുയര്‍ന്നു.നേരെ മുകളില്‍നിന്ന് തൂങ്ങിക്കിടക്കുന്ന മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ പലതരം കത്തികളുടെ തിളങ്ങുന്ന വായ്ത്തലകളെ ദാസന്റെ കൃഷ്ണമണികള്‍ പ്രതിഫലിപ്പിച്ചു. നായ വൃദ്ധന്റെ അരികില്‍ക്കിടന്ന ഒരു കസേരയിലേയ്ക്ക് ചാടിക്കയറി ദാസനെനോക്കിയിരിപ്പായി.

വൃദ്ധന്‍ കരം നീട്ടി ദാസന്റെ നെഞ്ചില്‍ സ്പര്‍ശിച്ചു. അയാളുടെ കര്‍ക്കശമായ കൈപ്പടം മൂന്നുരോമങ്ങള്‍ മാത്രമുള്ള നെഞ്ചിലും രോമരഹിതമായ വയറിലും പതിയെ ഉഴിഞ്ഞപ്പോള്‍ തന്റെ അരക്കെട്ടില്‍ക്കൂടി ഒരു തരിപ്പ് കയറുന്നത് ദാസന്‍ അറിഞ്ഞു. വൃദ്ധന്റെ കൈ സാവധാനം ദാസന്റെ ഉണര്‍ന്നുദ്ധരിക്കുന്ന പുരുഷാവയവത്തിലേയ്ക്ക് സഞ്ചരിക്കുന്നതും നോക്കി നായ മേശത്തണുപ്പിലേയ്ക്ക് താടിവെച്ച് അലസമായിരുന്നു.

“നിനക്കെന്തിനാണ് ദാസാ ഇത്? യഥാര്‍ഥത്തില്‍ ഇവിടെ, നിനക്ക് ഇതിന്റെ ആവശ്യം തന്നെയില്ല. ഉണ്ടോ? നീ തന്നെ ചിന്തിക്കുക.” വൃദ്ധന്‍ അതിന്മേല്‍ ചൂണ്ടുവിരലിന്റെ നഖമോടിച്ചുകൊണ്ട് ചോദിച്ചു.

തലയുയര്‍ത്തി വൃദ്ധന്റെ ചലനങ്ങള്‍ കാണുകയായിരുന്ന ദാസന്‍ പകുതിചിമ്മിയ കണ്ണുകളോടെ നിഷേധാര്‍ഥത്തില്‍ സാവധാനം ശിരസ്സിളക്കി.

വൃദ്ധന്‍ ദാസന്റെ നാഭിയിലെ രോമങ്ങളെ സാവധാനം കത്തികൊണ്ട് മാറ്റിയിട്ട് ലിംഗത്തിന്റെ കടയ്ക്കലേയ്ക്ക് കത്തിയുടെ മഞ്ഞുപോലെ തണുത്ത മൂര്‍ച്ചയെ ചേര്‍ത്തു പതിയെ ചലിപ്പിച്ചു. ലോഹത്തിന്റെ തിളക്കത്തെ രക്തത്തിന്റെ തിളക്കം ജയിക്കുന്നത് വീക്ഷിച്ചുകൊണ്ട് അയാള്‍ നിസംഗമായൊരു ശ്രദ്ധയോടെ ജോലിതുടര്‍ന്നു. യുഗങ്ങളുടെ പാരമ്പര്യമുള്ളൊരു ജൈവികത്തുടര്‍ച്ചയെ തേടുന്ന, ദാസന്റെ പരിഭ്രാന്തപ്പെട്ട ജനിതകം ലിംഗശീര്‍ഷത്തില്‍ പകുതിമാത്രം പനിച്ചുനിന്ന ഒരു രേതസിന്‍തുള്ളിയുടെ ഉള്‍ഭിത്തിയില്‍ ചെന്നിടിച്ച് വഴിമുട്ടിപ്പിടഞ്ഞു. ദാസന് അഗാധമായി വേദനിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദാസന് വേദനിക്കുന്നുമില്ലായിരുന്നു. കുരിയാലയില്‍ ഒരു ബലി കാണുന്നവനെപ്പോലെ അയാള്‍ ആ കര്‍മ്മത്തിന് ദൃക്‌സാക്ഷിത്വം വഹിച്ചു.

ദാസന്റെ ലിംഗവും പിന്നാലെ വൃഷണസഞ്ചിയും മേശയുടെ വിളുമ്പിലേയ്ക്കുവീണു. മേശയില്‍നിന്ന് തലയുയര്‍ത്തിയ നായ നാവുനുണഞ്ഞ് തന്റെ മുന്‍പിലേയ്ക്കുവീണ വസ്തുക്കളെ മണത്തു. പിന്നെ തന്റെ അസ്തിത്വത്തെ എല്ലാ അര്‍ത്ഥത്തിലും സ്ഥാപിച്ചുകൊണ്ട്, ഒരു മുരളലോടെ, ഒറ്റയാക്കത്തില്‍ അവ കടിച്ചെടുത്തു. വൃഷണങ്ങള്‍ ഉടയുന്നതിന്റെ നേര്‍ത്തശബ്ദം കേട്ട് നായയെ ശ്രദ്ധിച്ച ദാസന്‍ രക്തവും രേതസും ഉമിനീരും കലര്‍ന്ന കൊഴുത്ത ദ്രാവകം നായയുടെ കടവായിലൂടെ ഒലിച്ചിറങ്ങുന്നത് കണ്ടു.

വൃദ്ധന്‍ അല്‍പ്പനേരം നായയുടെ ചവയ്ക്കല്‍ നോക്കിനിന്നിട്ട് വീണ്ടും ദാസനിലേയ്ക്കു തിരിഞ്ഞു. നായ നാവുനീട്ടി മേശക്കല്ലിന്മേല്‍ പരന്ന ചോരനക്കിയെടുത്തു, പിന്നെ ചിറിനക്കിയിട്ട് വീണ്ടും മേശമേല്‍ താടിചേര്‍ത്തു.

“നീയൊരു ഭാഗ്യവാനാണ് ദാസാ. എത്ര ആരോഗ്യമുള്ളവനാണ് നീ. ഓരോ വ്യക്തിയും അവനെക്കുറിച്ച്, അവന്റെ അനന്തസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അവശ്യമാണ്. നിനക്കു നിന്നെക്കുറിച്ചുതന്നെ അറിയേണ്ടേ?” വൃദ്ധന്‍ മുന്‍പോട്ടാഞ്ഞ് ദാസന്റെ മുഖത്തേയ്ക്കു മുഖമടുപ്പിച്ചു ചോദിച്ചു. ദാസന്‍ അമ്പരന്ന, എന്നാല്‍ അടിപ്പെട്ട കണ്ണുകളുമായി തലയാട്ടി.

വൃദ്ധന്‍ ദാസന്റെ മുഖത്തേയ്ക്ക് ചിരിച്ചു. ഈത്തയൊലിയ്ക്കുന്ന വായിലെ നാറ്റത്തില്‍ ദാസന് വയറ് കടഞ്ഞു. വൃദ്ധന്‍ നിവര്‍ന്ന് ഒരു ദീര്‍ഘശ്വാസമെടുത്തു. പിന്നെ കൈയ്യിലിരുന്ന കത്തിയുടെ അറ്റം ദാസന്റെ നെഞ്ചിന്‍കൂടിന്റെ മദ്ധ്യാസ്ഥിയ്ക്കിരുപുറവും കണക്കാക്കിക്കൊണ്ട് തൊലിപ്പുറത്തുകൂടി ഓടിച്ചു.

പിന്നത്തെ നിമിഷങ്ങള്‍ നിറഭേദങ്ങളുടേതായിരുന്നു. ദാസന്റെ കറുത്ത നെഞ്ചില്‍ മാംസത്തിന്റെ ഇളം ചുവപ്പുള്ള രണ്ട് സമാന്തരരേഖകള്‍ തെളിഞ്ഞുവന്നു. പിന്നെ ആ ഇളംചുവപ്പിന്മേല്‍ ചോരയുടെ കടുംചുവപ്പ് പതിയെപ്പടര്‍ന്നു. മൂന്നുരോമങ്ങള്‍ വളര്‍ന്നുമുറ്റിയ തൊലിയുടെ ഒരു ചതുരഭൂഖണ്ഡത്തെ കീറിമാറ്റിയിട്ട് വൃദ്ധന്‍ കത്തിതാഴെയിട്ടു. എന്നിട്ട് കൈത്തഴക്കത്തോടെ ദാസന്റെ നെഞ്ചിലെ മദ്ധ്യാസ്ഥിയുടെ വശങ്ങളിലായി തള്ളവിരലും ചൂണ്ടുവിരലും ആഴ്ത്തി. ചൂടും വഴുക്കവുമുള്ള മാംസത്തിനിടയിലൂടെ വിരലുകള്‍ അസ്ഥിയുടെ താഴ്വാരം തേടിച്ചെന്നു. ദാസന് നെഞ്ചില്‍ കൊളുത്തിപ്പിടിക്കുന്ന കഠിനമായ നോവുണ്ടായിരുന്നു. എന്നിട്ടും താന്‍ ആ നോവിനെ നിര്‍ദയം അവഗണിക്കുന്നതെന്തേയെന്ന്, വൃദ്ധന്റെ വിരലുകള്‍ തന്റെ നെഞ്ചിന്റെ നടുവിലുള്ള അസ്ഥി വലിച്ചൂരിയെടുക്കുന്നത് നോക്കിക്കിടക്കവേ അയാള്‍ അത്ഭുതപ്പെടുന്നുമുണ്ടായിരുന്നു.

വൃദ്ധന്‍ ദാസന്റെ വാരിയെല്ലുകളെ ഇരുവശത്തേയ്ക്കും ശക്തിയായിത്തള്ളി നെഞ്ചിന്‍കൂട് തുറന്നു. തന്റെ നെഞ്ചകം നേരിട്ടുകാണാന്‍ ദാസന് പെട്ടെന്ന് ഉല്‍ക്കടമായൊരു ആസക്തിയുണ്ടായി. അയാള്‍ ആളിപ്പിടിക്കുന്ന അതിവേദനയെ തന്റെ ചുണ്ടുകളില്‍ ആവാഹിച്ച്, പല്ലുകള്‍ക്കിടയിലേയ്ക്ക് ഞെരുക്കിക്കൊണ്ട് തലയുയര്‍ത്തി നോക്കി. മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ ചുവന്നുതിളങ്ങുന്ന, കൊഴുത്ത ശരീരരസത്തില്‍ മുങ്ങിക്കിടക്കുന്ന, മിടിക്കുന്ന ഹൃദയം.

“ആഹ്! ഇതാണ്! എനിയ്ക്കറിയാം, നിനക്ക് ആകാംക്ഷ കാണുമെന്ന്! നോക്കൂ, എത്ര സുന്ദരവും ആരോഗ്യമുള്ളതുമാണ് നിന്റെ ഹൃദയം. താളത്തിലുള്ള അതിന്റെ ആ ഇളക്കവും കുണുക്കവും കാണൂ..”

കിഴവന് ഇത്രയും വാചാലനാകാന്‍ അറിയാമോ എന്ന് ദാസന്‍ ആശ്ചര്യപ്പെട്ടു. അയാളുടെ മുഴങ്ങുന്ന ഘര്‍ഷണശബ്ദത്തില്‍ ആ വാചാലത സ്ഥാനം തെറ്റിയ ഒരു ആഭരണം പോലെയായിരുന്നു.

“നിന്നെപ്പോലെ ഭാഗ്യം ചെയ്തവര്‍ വേറെ കാണില്ല ദാസാ. സ്വന്തം ഹൃദയം മിടിക്കുന്ന ജീവനോടെ നേരെ കാണുവാന്‍ എത്രപേര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്, ശരിയല്ലേ?” ത്രസിക്കുന്ന മാംസത്തിന്റെ ചൂടിലേയ്ക്ക് കൈകള്‍ താഴ്ത്തിക്കൊണ്ട് വൃദ്ധന്‍ ചോദിച്ചു. അതുശരിയാണെന്ന് ദാസന്‍ തലചലിപ്പിച്ചു.

കൊഴുപ്പിന്റെ മഞ്ഞപ്പൂക്കള്‍ക്കിടയില്‍നിന്ന്, വഴുക്കുകയും കുതറുകയും ചെയ്യുന്ന ഹൃദയം വൃദ്ധന്‍ കൈയ്യിലെടുത്ത നിമിഷം തിമിരത്തിന്റെ സമസ്ത മൂടാപ്പുകളെയും ഭേദിച്ചുകൊണ്ട് അയാളുടെ കൃഷ്ണമണികള്‍ നിലാവുതട്ടിയ പുതുവൈഡൂര്യങ്ങള്‍ പോലെ ഒരുമാത്ര അസാധാരണമായി തിളങ്ങിയോയെന്ന് ദാസന് നൈമിഷികമായ ഒരു വിഭ്രമം ഉണ്ടായി. നായ മേശപ്പുറത്തുനിന്ന് തല ഒന്നുയര്‍ത്തിനോക്കിയിട്ട് വീണ്ടും നിസംഗനായി പഴയ സ്ഥിതിയില്‍ കിടന്നു.

“ഇതാണ് പെരിക്കാര്‍ഡിയം. നിന്റെ ഹൃദയത്തെ തടവിലാക്കിവെച്ചിരിക്കുന്ന വില്ലന്‍. ഇതില്‍നിന്നും നമുക്ക് നിന്റെ ഹൃദയത്തെ സ്വതന്ത്രമാക്കണം, വേണ്ടേ ദാസാ?” ഹൃദയത്തെ പൊതിഞ്ഞുകിടന്ന നേര്‍ത്തുസുതാര്യമായൊരു സ്തരത്തെ നഖങ്ങള്‍ക്കിടയില്‍ നുള്ളിയുയര്‍ത്തിക്കാണിച്ചുകൊണ്ട് വൃദ്ധന്‍ ചോദിച്ചു.

“ഏത് ഹൃദയമാണ് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം കൊതിക്കാത്തത്?” ദാസനോടെന്നതിലുപരി സ്വയം ചോദിച്ചുകൊണ്ട് ഒരു കത്തിയുടെ കൂര്‍ത്തമുനകൊണ്ട് വൃദ്ധന്‍ ഹൃദയത്തെ സ്തരത്തിന്റെ തടവില്‍നിന്നും വേര്‍പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച ഹൃദയം പതിന്മടങ്ങ് ശക്തിയോടെ കുതിച്ചുയരുകയും മിടിക്കുകയും ചെയ്യുന്നത് കണ്ട ദാസനും തോന്നി,

“എല്ലാ ഹൃദയങ്ങളും യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ട്.”

ദാസന്‍ ശാന്തനായി, സുഷുമ്നയിലൂടെ അരിച്ചുകയറുന്ന കല്‍ത്തണുപ്പിനെ ആസ്വദിച്ചുകൊണ്ട് കിടന്നു. വൃദ്ധന്റെ പരുപരുത്ത കൈകള്‍ ദാസന്റെ ഹൃദയത്തിന്റെ അരികുകളിലും അടിയിലുമൊക്കെ ധാര്‍ഷ്ട്യത്തോടെ, മയമില്ലാതെ പരതിനടന്നു. ദാസന് നെഞ്ചിനുള്ളില്‍ അതിവേദനയുടെ ഇക്കിളിതോന്നി.

“നിന്റെ രക്തം അമൂല്യമാണ്, ദാസാ. അത് വെറുതെ വിയര്‍പ്പിച്ച് ആവിയാക്കാനുള്ളതല്ല. അതോര്‍ത്ത് എനിയ്ക്ക് വളരെയേറെ ഉല്‍ക്കണ്ഠ ഉണ്ട്, ഒരുപക്ഷേ നിന്നേക്കാളുമേറെ.”

ദാസന്‍ തലയുയര്‍ത്തിനോക്കുമ്പോള്‍ വൃദ്ധന്‍ ചെമ്പുകൊണ്ടുള്ള ഒരു കുഴിയന്‍ പിഞ്ഞാണം നെഞ്ചിന്‍കൂട്ടില്‍, ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ഹൃദയത്തിനടിയിലേയ്ക്ക് തിരുകുകയായിരുന്നു. പിന്നെ അയാള്‍ കത്തിയെടുത്ത് ഹൃദയത്തിലേയ്ക്കുള്ള തടിച്ച ഞരമ്പുകളെ ഓരോന്നായി മുറിച്ചു. ഞരമ്പുകളുടെ മൃദുപേശികളില്‍ക്കൂടി, നീളന്‍ കോശങ്ങളെ രണ്ടായിപ്പിളര്‍ന്ന്, ലോഹം നേരിയൊരു കിരുകിരുപ്പോടെ തണുത്തുരഞ്ഞു ചലിച്ചു. എല്ലാം സാവധാനമാണ് വൃദ്ധന്‍ ചെയ്യുന്നത്. പക്ഷേ രക്തം എത്രവേഗമാണ് പിഞ്ഞാണത്തില്‍ ഒഴുകിനിറയുന്നത്.

രക്തത്തില്‍മുങ്ങിക്കിടക്കുന്ന ഹൃദയത്തോടെ പിഞ്ഞാണമെടുത്ത് വൃദ്ധന്‍ മാറ്റി. മുറിഞ്ഞുകിടന്ന ഞരമ്പുകളില്‍നിന്ന് നെഞ്ചിനുള്ളിലെ ചുവന്ന ഇറച്ചിയിലേയ്ക്ക് ഒഴുകിപ്പടരുന്ന ചോര കണ്ട് നായ തല ദാസന്റെ നെഞ്ചിലേയ്ക്ക് നീട്ടി മണപ്പിച്ചു. നായയുടെ മൂക്കിന്‍തുമ്പിലെയും നാവിലെയും തണുപ്പ് ഇറച്ചിയില്‍ തട്ടിയപ്പോള്‍ ദാസന്റെ നെഞ്ച് പിന്നെയും ഇക്കിളികൊണ്ടു.

“ഈ കുപ്പികൂടി മതിയാകുമെന്ന് എനിയ്ക്ക് ഉറപ്പാണ്. നീ ആശങ്കപ്പെടേണ്ടതില്ല, അല്‍പ്പം പോലും നഷ്ടപ്പെടില്ല,” നായയുടെ തലയില്‍ ഒരു കിഴുക്കുകൊടുത്തിട്ട് വൃദ്ധന്‍ കറുത്ത നിറമുള്ള ഒരു കുപ്പിയെടുത്ത് രക്തക്കുഴലുകളെ ഒരുമിച്ച് അതിന്റെ വായ്ക്കുള്ളിലേയ്ക്ക് തള്ളി. അല്‍പ്പം മുന്‍പ്, കിഴവന്മാര്‍ക്കുള്ള വിരുന്നില്‍ ആദ്യം തുറന്ന പാനീയക്കുപ്പിയാണതെന്ന് ദാസന് മനസിലായി. അയാള്‍ക്ക് കൊതിപ്പിക്കുന്നൊരു തളര്‍ച്ചയുടെ അത്യാധിക്യമുണ്ടായിത്തുടങ്ങി.

വൃദ്ധന്‍ ക്ഷമയോടെ കുപ്പിനിറയുന്നത് കാത്തിരുന്നു. പിന്നെ, ഒഴുക്കുനിലച്ച ഞരമ്പുകളെ ശ്രദ്ധയോടെ കുപ്പിയില്‍നിന്ന് ഊരിമാറ്റി കുപ്പിയുടെ വായ കോര്‍ക്കുവെച്ച് അടച്ച് മാറ്റിവെച്ചു. ദാ‍സന്റെ കണ്ണുകളില്‍ മയക്കം ശക്തമായി ബാധിച്ചു. ചലിക്കുവാന്‍ ശേഷിയില്ലാതെ അയാള്‍ ബോധത്തിന്റെ ഒരേയൊരു താമരനൂലിന്മേല്‍തങ്ങി വാടിക്കിടന്നു. സുഷുംനയ്ക്കിരുവശവും വലിഞ്ഞുനിന്ന നാഡിഞരമ്പുകളില്‍ ചരിത്രത്തിന്റെ ഞാണൊലി കേള്‍ക്കുമോയെന്ന് വൃദ്ധന്റെ വിരലുകള്‍ കുസൃതിപ്പെട്ട നിമിഷം, തികച്ചും അനൈശ്ചികമായി ദാസന്‍ തന്റെ ഇരുകാലുകളും വിരലുകളും അസാധാരണമാം വിധം ചടുലമായി വിറപ്പിച്ച നേരം, അവസാനത്തെ താമരനൂലും പൊട്ടിയകന്നു. പാതിവിടര്‍ച്ചയില്‍ അനക്കം നിലച്ചുപോയ കണ്‍പോളകള്‍ തീര്‍ത്ത വിടവില്‍ക്കൂടി, പ്രജ്ഞയില്‍ രേഖപ്പെടാതെ പോയ ഒരു ലോഹത്തിളക്കം ദാസന്റെ ഇടത്തേ കണ്‍കോണില്‍ വീണു.

“നിനക്കറിയുമോ ദാസാ, സ്വന്തം തലച്ചോര്‍ കാണാന്‍ സാധിക്കുകയെന്നത് ഹൃദയം കാണുന്നതിലുമേറെ ഭാഗ്യമാണ്. കാരണമെന്തെന്നോ, ഹൃദയത്തേക്കാള്‍ പ്രധാനം ബുദ്ധിയാണെന്നത് തന്നെ!” തുടര്‍ന്ന് വൃദ്ധന്‍ പൊട്ടിച്ചിരിച്ചു. ഒരു വിസ്മൃതിയിലെന്ന പോലെ, സംവേദനക്ഷമത തീരെയില്ലാത്ത ഒരു സ്വരം പോലെ നേര്‍ത്ത്, അവ്യക്തമായിക്കേട്ട ആ ചിരിയായിരുന്നു ദാസന്‍ അവസാനമായി ശ്രവിച്ച ശബ്ദം. പിന്നെ, ചെന്നിയില്‍ക്കൂടി കത്തിയുടെ മുന പരിചയസമ്പന്നനായ ഒരു പര്യവേക്ഷകനേപ്പോലെ തലയോട്ടിയിലെ വിടവുകളിലേയ്ക്ക് വഴിതേടുന്നത് ദാസനറിഞ്ഞതേയില്ല.

“നോക്കൂ, നോക്കൂ ദാസാ, നിന്റെ തലച്ചോര്‍, നിന്റെ സിരാകേന്ദ്രം. കാണൂ, അഭിമാനത്തോടെ കാണൂ..” സുഷുമ്നനാഡി തുടങ്ങുന്നയിടത്തുവെച്ച് മുറിച്ചെടുത്ത തലച്ചോര്‍ വൃദ്ധന്‍ തലപൊളിഞ്ഞ ദാസന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു. അതില്‍നിന്ന് രക്തം കലര്‍ന്ന കൊഴുത്ത ദ്രാവകം അയാളുടെ പാതിവിടര്‍ന്ന, ശോണരാശി മാഞ്ഞു കറുത്തുപോയ ചുണ്ടിലേയ്ക്കും ഉമിനീരുണങ്ങി തിളക്കം കെട്ട പല്ലിലേയ്ക്കും ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്തമട്ടിലുള്ള വൃദ്ധന്റെ ആവേശം കാണുവാനായിമാത്രം ദാസന്‍ കണ്ണുതുറന്നില്ല. അതുമനസിലാക്കിയ വൃദ്ധന്‍ പുലമ്പല്‍ തുടര്‍ന്നുകൊണ്ട് തന്റെ പരുക്കന്‍ വിരലുകളാല്‍ ദാസന്റെ കണ്‍പോളതുറന്ന് തലച്ചോറിനെ ആ കണ്ണുകളിലേയ്ക്ക് അടുപ്പിച്ചുപിടിച്ചു. മുട്ടവിളക്കിന്റെ വെളിച്ചത്തില്‍, ദൃക്‌ക്ഷമത അന്യപ്പെട്ടു നിശ്ചലമായിത്തീര്‍ന്ന കൃഷ്ണമണിമേല്‍ സിരാകേന്ദ്രത്തിന്റെ അനന്തമായ ഇടുക്കുവഴികള്‍ തെളിഞ്ഞുകിടന്നു.

ഏതാനും നിമിഷം മാത്രം നീണ്ട, ഒരു രതിമൂർച്ഛയെ അനുസ്മരിപ്പിച്ച ആവേശത്തിനൊടുവില്‍ പെട്ടെന്ന് പഴയ നിസംഗത വീണ്ടെടുത്ത വൃദ്ധന്‍ തലച്ചോര്‍ ഒരു പാത്രത്തില്‍ വെച്ചശേഷം മറ്റൊരു വലിയ കത്തി എടുത്തു. ദാസന്റെ തല അല്‍പ്പം പുറകിലേയ്ക്ക് വലിച്ചുപിടിച്ച്, കഴുത്തില്‍ തൊണ്ടമുഴത്തുമ്പില്‍ വരഞ്ഞു. പിന്നെ കത്തി ആ വരയിലേയ്ക്ക് അമര്‍ത്തിയിട്ട് മുന്നിലേയ്ക്കും പുറകിലേയ്ക്കും മന്ദമായി ചലിപ്പിച്ചുകൊണ്ടിരുന്നു. സ്വനതന്തുക്കള്‍ സൂക്ഷ്മമായി അളന്നുതിട്ടപ്പെടുത്തിയിട്ടെന്നപോലെ നീളം കൃത്യമായി വിഭജിച്ചുകൊണ്ട്, രണ്ട് നാലായി, പൊട്ടിയ വീണക്കമ്പികള്‍ പോലെ വിറച്ചടങ്ങി. വളരെ സാവധാനം പിടലി മുറിഞ്ഞുവന്നു. വേര്‍പെട്ട കൊരവള്ളിയ്ക്ക് താഴെ നട്ടെല്ലിന്റെ കശേരുവിനിടയില്‍ കത്തിമുന കയറ്റി വൃദ്ധന്‍ ഒന്ന് തിരിച്ചു. സുഷുംനയില്‍ നാഡീകോശങ്ങള്‍ തൂവെള്ളത്തുമ്പപ്പൂക്കളായിച്ചിതറി. ദാസന്റെ തലയും ഉടലും യാതൊരു എതിര്‍പ്പുമില്ലാതെ രണ്ടായി പിരിഞ്ഞു.

പിന്നെ, വിദഗ്ദ്ധനായ ഒരു കശാപ്പുകാരനെപ്പോലെ അവിടെയുമിവിടെയും ഓരോ പോറല്‍. ദാസന്റെ എണ്ണമിനുപ്പുള്ള തൊലി മേശമേല്‍ നീണ്ടുനിവര്‍ന്നുകിടന്ന വിളറിവെളുത്ത മാംസശരീരത്തിനപ്പുറം മുഷിഞ്ഞൊരു മുഴുക്കുപ്പായംപോലെ ചുരുണ്ടുകിടന്നു.

വൃദ്ധന്റെ കൈക്കുഴ ഒരു വാദ്യകലാകാരന്റേതിന് സമമായിരുന്നു. കത്തികള്‍ കൃത്യമായും മെയ്‌വഴക്കത്തോടെയും ഓടിനടന്നു. ആദ്യം കക്ഷത്തില്‍, പിന്നെ ഇടുപ്പില്‍. കൈകളും കാലുകളും ശരീരത്തില്‍നിന്ന് മാറി ഒരുമിച്ച് ചേര്‍ന്നുകിടന്നു. കല്ലിന്മേല്‍ കത്തിയുടെ വായ്ത്തല ഓരോ പോറലും വീഴ്ത്തുന്നതനുസരിച്ച് ദാസന്റെ ഇറച്ചി വലിയ തുണ്ടുകളായി മുറിഞ്ഞ് മാറിക്കൊണ്ടിരുന്നു.

“ദാസന്റെ കരള് എത്ര വലുതെന്ന് നോക്ക് നീ..” വൃദ്ധന്‍ തവിട്ടുനിറമുള്ള, വഴുക്കുന്ന വലിയ കരള്‍ കൈയിലെടുത്ത് നായയുടെ നേരെ തിരിഞ്ഞ് അതിശയം പറഞ്ഞു. നായ തലയുയര്‍ത്തി നാവ് നുണഞ്ഞു.

“നിനക്കിനിയും കൊതിമാറിയിട്ടില്ല, അല്ലേ?” അയാള്‍ വാത്സല്യമൂറുന്ന ഒരു ചിരിയോടെ ചോദിച്ചു. പിന്നെ ദാസന്റെ കരള്‍ നായയുടെ മുന്‍പിലേയ്ക്കിട്ടുകൊടുത്തു.

പുകമുറിയ്ക്കുള്ളില്‍ ഏറ്റവും താഴെ ഒഴിഞ്ഞുകിടന്ന തട്ടിലേയ്ക്ക് ഇറച്ചിത്തുണ്ടുകള്‍ അടുക്കിവെച്ചിട്ട് ചൂളയിലേയ്ക്ക് കുറച്ചുകൂടി വിറകുകള്‍ തള്ളിവെച്ച് വൃദ്ധന്‍ തിരികെ തീന്മുറിയില്‍ എത്തുമ്പോള്‍ മേശമേല്‍ നായയുടെ തീറ്റ കഴിഞ്ഞിരുന്നു. അതിന്റെ ചുണ്ടിനുചുറ്റുമുള്ള രോമങ്ങളും മൂക്കും പിത്തരസത്തിന്റെ സ്നിഗ്ദ്ധതയില്‍ കൂടുതല്‍ തിളങ്ങി.

വൃദ്ധന്‍ ഹൃദയവും തലച്ചോറും വെച്ചിരുന്ന പാത്രങ്ങളും രക്തം സൂക്ഷിച്ച കുപ്പിയുമെടുത്ത് അടുക്കളയിലേയ്ക്ക് വീണ്ടും നടന്നു. ചെറിയ ചതുരക്കട്ടകളായിമുറിഞ്ഞ് പിഞ്ഞാണത്തിലെ ചോരയില്‍ മുങ്ങി, അടുപ്പിന്മേല്‍ തിളച്ചുമറിയുന്ന എണ്ണയിലേയ്ക്കു യാത്രചെയ്ത ദാസന്റെ തലച്ചോറിനെ ഹൃദയം പിന്തുടര്‍ന്നു. ഒറ്റ വ്യത്യാസം മാത്രം, ഹൃദയം മുറിക്കപ്പെടാതെ അതേപടിയാണ് എണ്ണയിലേയ്ക്ക് പോയത്. നായ വറചട്ടിയിലേയ്ക്കുനോക്കി പാതുകത്തിന്റെ ഒരരികില്‍  ക്ഷമയോടെയിരുന്നു. തലച്ചോറും ഹൃദയവും എണ്ണയില്‍ മൂക്കുന്ന നേരത്ത് വൃദ്ധന്‍ പിഞ്ഞാണത്തില്‍നിന്ന് കട്ടകെട്ടാതിരിക്കാനുള്ള പൊടി ചേര്‍ത്ത രക്തം കുപ്പികളിലേയ്ക്ക് വടിച്ചൊഴിച്ച്, കോര്‍ക്കുകൊണ്ട് അടച്ച് അലമാരയില്‍ വെച്ചു.

ദാസന്റെ അവശിഷ്ടങ്ങള്‍ തെങ്ങിന് വെട്ടിയ കുഴിയില്‍കൊണ്ടിട്ടുമൂടി വൃദ്ധൻ സ്വീകരണമുറിയില്‍ തിരിച്ചെത്തുമ്പോള്‍ നായ വറുത്ത ഹൃദയം കടിച്ചുമുറിച്ച്, അതിനുള്ളില്‍ ചോക്ലേറ്റിന്റെ നിറത്തില്‍ കട്ടകെട്ടിയിരുന്ന വെന്ത ചോര നക്കിനുണഞ്ഞുകൊണ്ട് ചാരുകസേരയുടെ കാല്‍ക്കല്‍ കിടക്കുന്നുണ്ടായിരുന്നു. നായയുടെ തലയില്‍ തലോടിക്കൊണ്ട് അയാൾ കസേരയിലേയ്ക്ക് ചാഞ്ഞു. ഇരുളടഞ്ഞ മുറിയ്ക്കുള്ളില്‍, പൂമുഖവാതിലില്‍ക്കൂടി വെളിപ്പെട്ട കിഴക്കേ ആകാശത്ത് പടരുന്ന നേരിയ വെളിച്ചത്തിലേയ്ക്കുനോക്കി, വറുത്തുകോരിയ തലച്ചോര്‍ കഷ്ണങ്ങള്‍ കൊറിച്ചുകൊണ്ട് വൃദ്ധന്‍ ദാസനെ പ്രതീക്ഷിച്ചിരുന്നു.