2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ശുഭസായന്തനം

വസുന്ധരാമ്മയെത്തിയിട്ടും “ഗുഡ് ഈവനിംഗി”ന്റെ രജിസ്റ്ററില്‍ അംഗങ്ങളുടെ എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. പേരുകളില്‍ മാത്രമേ മാറ്റമുണ്ടായുള്ളു. അന്നേ ദിവസം റോസ്മേരി ഗുഡ് ഈവനിംഗിനെ പിരിഞ്ഞതിനാലായിരുന്നു അത്. എന്നാല്‍ പകല്‍ റോസ്മേരിയോട് ആദ്യമായി സംസാരിക്കുമ്പോള്‍ അങ്ങനെയൊന്നിന്റെ നേരിയ മുന്നറിവ് പോലും വസുന്ധരാമ്മയ്ക്ക് ലഭിച്ചില്ല; ഗുഡ് ഈവനിംഗിനെ അവര്‍ക്ക് പരിചയപ്പെടുത്തിയത് റോസ്മേരിയായിരുന്നിട്ടുപോലും.

“കേട്ടോ വസുന്ധരാമ്മേ, ഇവിടം ഒരു വിചിത്രലോകമാണ്. മഴയും വെയിലും കടലും മലയും കലരുന്നിടം. എപ്പോള്‍വേണമെങ്കിലും വെളിച്ചം വീഴുകയോ ഇരുള് പരക്കുകയോ ചെയ്യാം. ദാ ഇപ്പോള്‍ത്തന്നെ, നേരമിത്രയായിട്ടും സൂര്യന്‍ ഉദിച്ചുവരുന്നതേയുള്ളു. നമ്മുടെ നാട്ടില്‍ ഇങ്ങനെയുമൊരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ കണ്ടിട്ടില്ലാത്തവര്‍ വിശ്വസിക്കില്ല.” വെളുത്ത ചായമടിച്ച കോണ്‍ക്രീറ്റ് ക്രാസികള്‍ അതിരുനില്‍ക്കുന്ന, പുല്‍ത്തകിടിയും പൂന്തോട്ടവും സുന്ദരമാക്കുന്ന, അതിവിശാലമായ വളപ്പിന്റെ ഒരരികില്‍ നിന്ന് റോസ്മേരി ഒരു ദാര്‍ശനികയുടെ ഭാവത്തില്‍, ഇംഗ്ലീഷ് ചുവയുള്ള മലയാളത്തില്‍ പറഞ്ഞു, പിന്നെയത് ഉപേക്ഷിച്ച് ഒരു ശിശുവിനെപ്പോലെ പുഞ്ചിരിച്ചു. അവരുടെ പുഞ്ചിരിയില്‍ ഒരു മാന്ദ്യം ഉണ്ടായിരുന്നു. പുഞ്ചിരിയില്‍ മാത്രമല്ല, ചലനങ്ങളിലും വചനങ്ങളിലുമൊക്കെ ഒരു അമാന്തം, ഓര്‍ത്തെടുത്ത് പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യുമ്പോലെ. വസുന്ധരാമ്മ താഴേയ്ക്ക് നോക്കി. ഒരു ചെറിയ കുന്നിന്റെ പാതിയിലാണ് ഗുഡ് ഈവനിംഗ് ഓള്‍ഡ് ഏജ് ഹോം. കോണ്‍ക്രീറ്റ് ക്രാസികളെത്താങ്ങുന്ന കരിങ്കല്‍ക്കെട്ടും കരിങ്കല്‍ക്കെട്ടിനെ താങ്ങുന്ന ഉരുണ്ടുവലിയ കരിമ്പാറക്കൂട്ടങ്ങളും അപ്പുറം ചൂളമരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന മണല്‍പ്പരപ്പും. മണല്‍ത്തിട്ടിനെ ഭരിക്കുകയും പാറക്കെട്ടുകളില്‍ തകരുകയും ചെയ്യുന്ന കടലില്‍നിന്ന് കാറ്റ് ചൂളത്തലപ്പുകള്‍ക്കുമീതേകൂടി കുന്നുകയറിവരുന്നുണ്ടായിരുന്നു. പ്രാതവെയില്‍ കുന്നിനുമേലെ കനക്കുന്നുണ്ടായിരുന്നിട്ടും മഞ്ഞ് നൂലുപോലെ പെയ്തുകൊണ്ടിരുന്നു. വസുന്ധരാമ്മയ്ക്ക് തണുത്തു.

“ഒരുപക്ഷേ ലോകത്ത് മറ്റെങ്ങും കിട്ടാത്ത കരുതല്‍ നമുക്ക് ഇവിടെ കിട്ടും. പക്ഷേ അതിനൊപ്പം ഇവിടുത്തെ വൈരുധ്യങ്ങള്‍ എപ്പോഴും നമ്മളെ അനിവാര്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കും.” റോസ്മേരി വീണ്ടും ഗൌരവത്തിലായി. ഭാവങ്ങളുടെയും വിഷയങ്ങളുടെയും ദ്രുതമാറ്റങ്ങളില്‍ - ചാഞ്ചാട്ടങ്ങളില്‍ - യാന്ത്രികമായ ഒരു അസ്വാഭാവികത വസുന്ധരാമ്മയ്ക്ക് തോന്നി. “അല്ലെങ്കില്‍ നോക്കൂ, ഗുഡ് ഈവനിംഗ് എന്ന ഈ പേര് തന്നെ, ആദം ഡോക്ടര്‍ കാര്യമായൊന്നുമോര്‍ത്തായിരിക്കില്ല ഈ പേരിട്ടത്. നമ്മടെയെല്ലാം മനസുകളെ സന്തോഷിപ്പിക്കുവാനാണ് ഡോക്ടര്‍ ഇത് നടത്തുന്നതും. ഒന്നുപറയട്ടെ, സ്നേഹത്തിനും കരുണയ്ക്കും ഒന്നിച്ചൊരു രൂപമുണ്ടെങ്കില്‍ അതിന് ഡോക്ടറുടെ മുഖമായിരിക്കും.  പക്ഷേ രസമെന്തെന്നാല്‍, നമ്മുടെയൊക്കെ സമയം സന്ധ്യയോടടുത്തിരിക്കുന്നുവെന്ന് ഈ പേരുമുതല്‍ ഓരോ കോണുകൊണ്ടും, നിമിഷംകൊണ്ടും, ഉദ്ദേശലക്ഷ്യങ്ങള്‍കൊണ്ടും ഗുഡ് ഈവനിംഗും ഡോക്ടറും ഇവിടെയുള്ള മറ്റെല്ലാവരും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരുകണക്കിന് നല്ലതാണ്, ഗുഡ് ഈവനിംഗ് നമ്മെ തയ്യാറാക്കുകയാണ്.”

അത് പറഞ്ഞിട്ട് നോക്കിയ റോസ്മേരി കണ്ടത് വസുന്ധരാമ്മയുടെ മ്ലാനമായ മുഖമായിരുന്നു.

“ഓ, വസുന്ധരാമ്മ ക്ഷമിക്ക്, ഇന്നുതന്നെ ഞാന്‍ ഇതൊന്നും പറയേണ്ടിയിരുന്നില്ല. സത്യത്തില്‍ നിങ്ങള്‍ വീടുവിട്ടതിന്റെയും മക്കളെപ്പിരിഞ്ഞതിന്റെയുമൊക്കെ വിഷമത്തിലാണെന്ന് ഞാന്‍ ഓര്‍ത്തതേയില്ല, വര്‍ത്തമാനം പറയാന്‍ പുതിയ ഒരാള്‍കൂടി എന്നേ വിചാരിച്ചുള്ളൂ. അല്ലെങ്കിലും എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍പ്പിന്നെ ഏതവസരത്തിലാണ്, എന്തൊക്കെയാണ് പറയുന്നതെന്നൊന്നും എനിക്കുതന്നെ അറിയില്ല.”

പെട്ടെന്ന് വസുന്ധരാമ്മയുടെ കണ്ണ് നനഞ്ഞു. ഈ ദിവസം കരയുകയില്ലെന്ന് നാളുകള്‍ക്കുമുന്‍പേ ഉറപ്പിച്ചതാണ്. എന്നിട്ടും തീര്‍ത്തും നിരുപദ്രവകരമായ വാക്കുകള്‍പ്പോലും നോവിക്കുന്നു. അവര്‍ രാവിലെ ഓഫീസിലിരുന്ന മനുവിനെ ഓര്‍ത്തു. നേരിയ വ്യത്യാസങ്ങളോടെ കാലം ആവര്‍ത്തിക്കപ്പെടുന്നതുപോലെയാണ് വസുന്ധരാമ്മയ്ക്ക് തോന്നിയത്. വിട്ടുപോകുന്നയാളുടെ മുഖത്തെ നിസഹായതയും കുറ്റബോധവുമായിരുന്നു പ്രധാന വ്യത്യാസം.

“നോക്കൂ സര്‍, നിങ്ങള്‍ക്ക് ഒരു അമ്മയേയുള്ളു. എനിക്ക്, എനിക്കെന്നല്ല, ഞങ്ങള്‍ക്കിവിടെ പതിനേഴ് അമ്മമാരുണ്ട്.” ഡോ.ആദം ഫ്രാങ്കിന്റെ കനിവുള്ള കണ്ണുകള്‍ പുഞ്ചിരിച്ചു. “ഇനിമുതല്‍ പതിനെട്ടും.”

മേശയ്ക്ക്മുകളില്‍ വെച്ചിരുന്ന മനുവിശ്വനാഥിന്റെ കൈകളില്‍ കൈപ്പത്തി ചേര്‍ത്തുകൊണ്ട് ഡോക്ടര്‍ പറഞ്ഞു. അപരന്റെ കൈകള്‍ തണുത്തിരിക്കുന്നതായി ഇരുവര്‍ക്കും തോന്നി. മനുവിശ്വനാഥിന്റെ കണ്ണുകളില്‍ തെളിഞ്ഞുകിടന്ന ദു:ഖത്തിന്റെയും സന്ദേഹത്തിന്റെയും രാശികള്‍ ദുര്‍ബലമാകുന്നത് ഡോക്ടര്‍ കണ്ടു.

പൂന്തോട്ടത്തില്‍നിന്ന് തിരിച്ചുനടക്കുമ്പോഴാണ് ഗുഡ് ഈവനിംഗിനു തൊട്ടുപുറകില്‍ വെളിച്ചം കടക്കാത്ത, അതിപ്രാചീനമായ മഴക്കാടുകളുടെ കടുത്ത പച്ച പുതച്ച് മയങ്ങുന്ന മലനിരകള്‍ വസുന്ധരാമ്മ കണ്ടത്. മേഘങ്ങള്‍ മലകളിലും മരങ്ങളിലും കുടുങ്ങിക്കിടക്കുന്നു. റോസ്മേരി പറഞ്ഞതൊക്കെ ശരിയാണെന്ന് വസുന്ധരാമ്മയ്ക്ക് തോന്നിത്തുടങ്ങി. ഗുഡ് ഈവനിംഗിന്റെ ഇടം തീരമോ ഇടനാടോ മലനാടോ അല്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അവയെല്ലാം കൂടിച്ചേര്‍ന്നൊരിടമാണിത്.

പൂന്തോട്ടത്തിന്റെ മറ്റൊരു മൂലയില്‍ ശേവന്തിച്ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന തൂവെള്ള ഗൌണണിഞ്ഞ വൃദ്ധ തെല്‍മയാണെന്നും അവര്‍ ബ്രിട്ടീഷ് എംബസിയിലായിരുന്നു ജോലിചെയ്തിരുന്നതെന്നും റോസ്മേരി പറഞ്ഞു. ആ ശേവന്തിച്ചെടികള്‍ മുഴുവന്‍ തെല്‍മ നട്ടുപിടിപ്പിച്ചതാണ്. പൂന്തോട്ടത്തില്‍ മേഘങ്ങള്‍ കൃത്യമായി തണലുനല്‍കുന്ന ചെറിയ ഇടത്തില്‍ തെല്‍മ നിഴലില്‍ ജീവിക്കുന്ന പൂച്ചെടികള്‍ നട്ടുവളര്‍ത്തുന്നു. ദിവസത്തില്‍ മൂന്നുനേരം തെല്‍മ അവയ്ക്ക് വെള്ളമൊഴിക്കും. വസുന്ധരാമ്മ നോക്കുമ്പോള്‍ ആ പൂന്തോട്ടത്തില്‍ തെല്‍മയും ചെടികളും മാത്രം മേഘങ്ങളുടെ നിഴലിലായിരുന്നു.

പുല്‍ത്തകിടിയില്‍ ഉലാത്തുകയായിരുന്ന ട്രീസയെയും ശാരദയെയും രാജമ്മയെയും റോസ്മേരി വസുന്ധരാമ്മയ്ക്ക് പരിചയപ്പെടുത്തി. പുല്‍ത്തകിടിയില്‍ വെയില്‍ വീഴുന്ന ചെറിയ ഇടനേരങ്ങളിലെല്ലാം ഞങ്ങള്‍ വെയില്‍ കാഞ്ഞ് നടക്കുവാനിറങ്ങുമെന്ന മുഖവുരയോടെയാണ് ട്രീസ സംസാരിച്ചുതുടങ്ങിയത്. അവരുടെ തൊലിക്കും ചിരിയ്ക്കും പ്രകാശിക്കുന്നൊരു സ്നിഗ്ദ്ധത ഉണ്ടായിരുന്നു. രാജമ്മയെ കൈപിടിച്ചുനടത്താന്‍ ഹൃദ്യമായി പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു കൂടെ. അത് ഗുഡ് ഈവനിംഗിലെ അറ്റന്‍ഡര്‍മാരിലൊരാളാണെന്ന് വസുന്ധരാമ്മയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. അവളായിരുന്നു അവര്‍ക്ക് കിടക്കയൊരുക്കി നല്‍കിയതും പെട്ടികള്‍ മുറിയിലെത്തിച്ചതുമൊക്കെ. എന്നാല്‍ പേര് മാത്രം വസുന്ധരാമ്മയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. പ്രിയ എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് റോസ്മേരി ഓര്‍മ്മിപ്പിച്ചു.

ഗുഡ് ഈവനിംഗിലെ മറ്റ് അന്തേവാസികള്‍ റോസ്മേരിയെപ്പോലെ ആയിരുന്നില്ല. ആദ്യമായി വസുന്ധരാമ്മയുടെ അടുത്തെത്തുമ്പോള്‍ത്തന്നെ അവര്‍ വസുന്ധരാമ്മയുടെ അപരിചിതത്വത്തെയും ദു:ഖത്തെയും കുറിച്ച് നിരന്തരബോധവതികളായി കാണപ്പെട്ടു. പക്ഷേ അത് വസുന്ധരാമ്മയ്ക്ക് കൂടുതല്‍ അപരിചിതത്വവും ദു:ഖവും നല്‍കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല താനും. അവര്‍ ഉച്ചവരെയും മുറിയില്‍ത്തന്നെ കഴിച്ചുകൂട്ടി. ഗുഡ് ഈവനിംഗിലെ കനത്ത ഫീസുകള്‍ അവിടുത്തെ സൌകര്യങ്ങളിലും പ്രതിഫലിച്ചിരുന്നു. സാധാരണ വൃദ്ധസദനങ്ങളിലെ ഡോര്‍മിറ്ററികളില്‍നിന്ന് വ്യത്യസ്തമായി ഗുഡ് ഈവനിംഗില്‍ ഒന്നും രണ്ടും ആളുകള്‍ക്ക് താമസിക്കാവുന്ന സുഖപ്രദമായ മുറികളായിരുന്നു ഉണ്ടായിരുന്നത്. വൃദ്ധസദനമെന്നതിനേക്കാള്‍ ഒരു ഹില്‍ സ്റ്റേഷന്‍ റിസോര്‍ട്ടിനെയാണ് ഗുഡ് ഈവനിംഗ് അനുസ്മരിപ്പിച്ചത്. റോസ്മേരി ഓര്‍മ്മകളെ പെറുക്കിയെടുത്ത് വാക്കുകളാക്കി തന്റെ വിശദചരിത്രം നിര്‍ത്തിനിര്‍ത്തി വസുന്ധരാമ്മയെ ബോധിപ്പിച്ചു. വസുന്ധരാമ്മ പക്ഷേ ഏറിയസമയവും മൌനിയായിരുന്നു. ഇടയ്ക്കിടെ മറ്റുമുറികളില്‍നിന്ന് സന്ദര്‍ശകര്‍ വന്നും പോയുമിരുന്നു. പോകെപ്പോകെ, ഗുഡ് ഈവനിംഗിലെ എല്ലാ അന്തേവാസികള്‍ക്കും റോസ്മേരിയുടെ പ്രശ്നമുണ്ടെന്ന് വസുന്ധരാമ്മ വിഷാദത്തിനിടയിലും കണ്ടുപിടിച്ചു - ദൃഷ്ടി ഉറയ്ക്കാത്തതുപോലെയുള്ള കണ്ണുകളും ഓര്‍മ്മക്കുറവുള്ളതുപോലെയുള്ള പെരുമാറ്റവും സംസാരവും.

വസുന്ധരാമ്മയുടെ വയര്‍ ദിവസങ്ങളായി കെട്ടുകിടക്കുകയായിരുന്നു. പാത്രത്തില്‍ ചിക്കി, ഉച്ചഭക്ഷണം കഴിച്ചെന്നുവരുത്തി അവര്‍ എഴുന്നേറ്റു. പൂന്തോട്ടത്തിന്റെ കോണില്‍, കോണ്‍ക്രീറ്റ് അഴികളില്‍പ്പിടിച്ച് കടലിന് കാതോര്‍ത്തുനില്‍ക്കുമ്പോള്‍ നിറുകയില്‍ കാളിനിന്നിരുന്ന ഉച്ചവെയില്‍ നിമിഷാര്‍ദ്ധംകൊണ്ട് മങ്ങുന്നത് വസുന്ധരാമ്മ അറിഞ്ഞു. ഗുഡ് ഈവനിംഗിന്റെ ആകാശം മയങ്ങി. മഞ്ഞ് ചാറിനിന്നു. വസുന്ധരാമ്മയുടെ ചുളിവുവീണുതുടങ്ങിയ മുഖത്തും നര പടര്‍ന്ന മുടിയിലും ഈര്‍പ്പം പൊതിഞ്ഞു.

“ഞാന്‍ മുന്‍പ് പറഞ്ഞില്ലേ, ഇവിടെ വെളിച്ചവും ഇരുളും മാറിവീഴുന്നത് എപ്പോഴെന്ന് പറയാനാകില്ലെന്ന്..” റോസ്മേരിയുടെ ഇംഗ്ലീഷ് - മലയാളം മിശ്രിതം മങ്ങിയ അന്തരീക്ഷത്തിലും കോടക്കാറ്റിലും തട്ടി രാകി ദുര്‍ബലമായിത്തീര്‍ന്നിരുന്നു. അവര്‍ ഗോവാക്കാരിയായിരുന്നു. കേന്ദ്രസര്‍വകലാശാലയില്‍ പ്രൊഫസറായിവന്നതാണ്. ഗവേഷണങ്ങളവസാനിച്ചിട്ടും തിരികെ പോയില്ല. വിവാഹമോ കുട്ടികളോ ജീവിതത്തില്‍ ഒരിക്കലും സംഭവിച്ചില്ലെങ്കിലും കഴിഞ്ഞ മഞ്ഞുകാലത്ത് അവര്‍ ഗുഡ് ഈവനിംഗിലെ പതിനേഴാമത്തെ അമ്മയായി.

“ഗുഡ് ഈവനിംഗ് മേഘങ്ങളുടെ കളിത്തട്ടാണ്. ഒന്നിനുമേതേ മറ്റൊന്ന് പറന്നുകയറിയും പാളിയകന്നും ഇടഞ്ഞുമൊക്കെ അവര്‍ ഈ സ്ഥലത്തിന്റെ ആകാശത്തില്‍ ഇനിയും പേര് വീഴാത്ത ഏതോ ഭ്രാന്തന്‍കളി കളിക്കുന്നു. അവര്‍ ഇവിടെ മഞ്ഞും മഴയും വെയിലും നിഴലും മാറിമാറി വിതറുന്നു. എന്നാലും ഞാന്‍ പറയട്ടെ വസുന്ധരാമ്മേ, ഒരുപക്ഷേ മേഘങ്ങള്‍ മാത്രമായിരിക്കണമെന്നുമില്ല ഇതിന്റെയൊക്കെ പിന്നില്‍.” ഒടുവിലായപ്പോള്‍ റോസ്മേരിയുടെ ശബ്ദം തന്തിമുറുക്കിയ വീണയുടേതുപോലെ മുറുകി. മറ്റ് അന്തേവാസികളുടെ സാന്ത്വനവചസുകളേക്കാള്‍ ഒട്ടൊക്കെ ഭ്രമാത്മകമെന്ന് തോന്നുന്ന, സാഹചര്യത്തോട് മിക്കവാറും പൊരുത്തപ്പെടാത്തമട്ടിലുള്ള, നിത്യസാധാരണങ്ങളല്ലാത്ത റോസ്മേരിയുടെ വചനങ്ങള്‍ വസുന്ധരാമ്മയ്ക്ക് വിചിത്രമായ ഒരു ആശ്വാസം നല്‍കിത്തുടങ്ങിയിരുന്നു.

“ഏതായാലും, ഇവിടെ അന്തരീക്ഷമിങ്ങനെ പെട്ടെന്നുമാറുമ്പോള്‍ എനിക്ക് പരീക്ഷണങ്ങള്‍ക്കായി ബാക്ടീരിയകളെ ലാബില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഓര്‍മ്മവരുന്നത്. മനുഷ്യന്‍ കൊടുക്കുന്ന ചൂടിനും തണുപ്പിനും വെളിച്ചത്തിനും ഇരുളിനും കീഴ്പ്പെട്ട് അവ വളര്‍ച്ചയുടെ വേഗം കൂട്ടുകയും കുറയ്ക്കുകയും സ്വയം വിഭജിക്കുകയും ഒന്നിക്കുകയും നിസംഗരാകുകയും മരവിക്കുകയുമൊക്കെ ചെയ്യുന്നു.” അതായിരുന്നു റോസ്മേരി അവസാനം പറഞ്ഞ വാചകം.

പിന്നെ, റോസ്മേരിയുടെ കിടക്കയ്ക്ക് ചുറ്റും പതിനാറ് നരച്ച തലകള്‍ കൂട്ടം കൂടിനിന്നു. രാജമ്മയ്ക്ക് വലിവ് കൂടിയതിനാല്‍ പ്രിയ അവരെ തിരികെ മുറിയിലാക്കിയിരുന്നു. കൃത്യമായ ഇടവേളയില്‍ ഇന്‍ഹേലര്‍ വലിച്ചുകൊണ്ട് അവര്‍ കിടക്കയില്‍ ചുരുണ്ടുകൂടി.

ഡോ. ആദം ധൃതിയില്‍ കടന്നുവന്ന് റോസ്മേരിയുടെ നാഡിമിടിപ്പ് നോക്കി, ശേഷം പാതിയടഞ്ഞ ഇമകള്‍ തുറന്ന് കണ്ണുകള്‍  പരിശോധിച്ചു. കൂടിനിന്നവരില്‍ ആരോ മന്ത്രധ്വനിപോലെ അവ്യക്തമായ ഏതോ പ്രാര്‍ഥന ചൊല്ലുന്നുണ്ടായിരുന്നു.

“അമ്മമാരെല്ലാം പുറത്തേയ്ക്ക് പോകൂ. മേരിയമ്മയൊന്ന് ശ്വാസമെടുത്തോട്ടെ.” സ്റ്റെതസ്കോപ്പ് റോസ്മേരിയുടെ നെഞ്ചില്‍ച്ചേര്‍ത്തുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.

അന്തേവാസികള്‍ക്കുപിന്നില്‍ മുറിയുടെ വാതിലടഞ്ഞു. വേര്‍തിരിച്ചറിയാനാകാത്ത എന്തൊക്കെയോ ആഘാതങ്ങളും ദു:ഖങ്ങളും ഒരേസമയം വസുന്ധരാമ്മയെ ആക്രമിച്ചു. ഭയപ്പാടോടെ അവര്‍ ചിന്തിച്ചതത്രയും അശുഭനിമിത്തങ്ങളെക്കുറിച്ചായിരുന്നു.

തെല്‍മ വരാന്തയിലെ ചിത്രപ്പണികളുള്ള ചാരുബഞ്ചുകളിലൊന്നിലിരുന്ന് “സ്വര്‍ഗസ്ഥനായ പിതാവേ” ചൊല്ലുവാന്‍ തുടങ്ങി. അവരുടെ കൈവിരലുകള്‍ക്കിടയില്‍ കൊന്തമണികള്‍ സാവധാനം തിരിയുന്നുണ്ടായിരുന്നു. ശാരദയും ലക്ഷ്മിക്കുട്ടിയും വരാന്തയില്‍ നീളത്തോടുനീളമുള്ള, വെളുത്ത ചെക്ക് ഫ്രെയിമുകളുള്ള ജനാലകള്‍ക്കരികില്‍നിന്ന് സന്ധ്യപോലെതോന്നിച്ച അപരാഹ്നത്തിലേയ്ക്കും പൂന്തോട്ടത്തില്‍ വീഴുന്ന മഞ്ഞുനൂല്‍മഴയിലേയ്ക്കും നോക്കിനിന്നു. മുറിയ്ക്ക് മുന്‍പില്‍ സാവധാനം ഉലാത്തിയ ട്രീസയുടെ ചുണ്ടുകളില്‍ പ്രാര്‍ഥനയാണോ എന്ന് വ്യക്തമല്ലാത്തൊരു വിറയല്‍ ഉണ്ടായിരുന്നു.

ഭിത്തിയോട് ചേര്‍ന്ന് കിടന്നിരുന്ന കസേരകളിലൊന്നില്‍ തലകുമ്പിട്ടിരുന്നിരുന്ന വസുന്ധരാമ്മ ഇടയ്ക്കിടെ വെളിപാട് കിട്ടിയിട്ടെന്ന പോലെ അന്തേവാസികളില്‍ ആരെങ്കിലും തന്നെ ശാപമിഴികളോടെ നോക്കുന്നുണ്ടോയെന്ന് ഭയക്കുന്നതുപോലെ തലയുയര്‍ത്തി ചുറ്റുംനോക്കിക്കൊണ്ടിരുന്നു. എന്നാല്‍ എല്ലാവരും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളില്‍മാത്രം ബദ്ധശ്രദ്ധരായിരുന്നു.

മുറിയുടെ വാതില്‍ തുറക്കുമ്പോഴേയ്ക്ക്, ദൈവത്തിനുചുറ്റും കൊന്തമണികളാല്‍ തീര്‍ക്കപ്പെട്ട ഭ്രമണപഥത്തില്‍ തെല്‍മയുടെ തള്ളവിരല്‍ രണ്ടാമത്തെ പര്യടനത്തിന്റെ അവസാനനിമിഷങ്ങളിലേയ്ക്കെത്തിയിരുന്നു. ഡോ.ആദത്തിന്റെ ചെന്നിയിലും മൂക്കിന്‍ തുമ്പത്തും വിയര്‍പ്പുപൊടിഞ്ഞിരുന്നു. ദു:ഖം വലിപ്പം കുറച്ച കണ്ണുകളില്‍ ചുവപ്പും നനവും ഗുഡ് ഈവനിംഗിന്റെ അമ്മമാര്‍ കണ്ടു. ട്രീസ കുരിശുവരച്ച് മന്ത്രിച്ചു, “കര്‍ത്താവേ, റോസ്മേരിയുടെ ആത്മാവിന് കൂട്ടായിരിക്കേണമേ!”

റോസ്മേരിയുടെ അപ്രതീക്ഷിതമരണത്തോടെയാണ് വസുന്ധരാമ്മ പൂര്‍ണമായും ഒരു വൃദ്ധസദനാന്തേവാസിയായത്. ഗോവയില്‍നിന്നെത്താനുള്ള സഹോദരനെ കാക്കുവാനായി റോസ്മേരി ആദം ഡോക്ടറുടെ തന്നെ ഉടമസ്ഥതയിലുള്ള, അധികം ദൂരെയല്ലാത്ത ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് പോയി. ആംബുലന്‍സ് ഗുഡ് ഈവനിംഗിന്റെ പൂന്തോട്ടത്തെ ചുറ്റിയുള്ള റോഡില്‍ക്കൂടി പതിയെയൊഴുകി കാണാതായതുമുതല്‍ വസുന്ധരാമ്മ മുറിയില്‍, അഴികളില്ലാത്ത ജനാലയ്ക്കരികില്‍ മഴക്കാടുകളിലേയ്ക്ക് നോക്കിനിന്നു. കാടുകളില്‍ നീരാവിയും തണുപ്പും മൌനവും ഘനീഭവിച്ചുകിടന്നു. ശ്യാമസാന്ദ്രമേഘങ്ങള്‍ ഇരുണ്ട കാടുകളില്‍നിന്ന് ഈറന്‍കാറ്റിനൊപ്പം ഗുഡ് ഈവനിംഗിലേയ്ക്ക് ഇറങ്ങിവന്നു.

ജനലരികിലല്ലാത്ത നേരങ്ങളില്‍ അവര്‍ മഞ്ഞുപോലെ തണുത്ത കിടക്കയില്‍ സമയം ചിലവഴിച്ചു. കടലിന്റെ ഇരമ്പം മുന്‍പുള്ളതിനേക്കാളൊക്കെ വ്യക്തമായി ഗുഡ് ഈവനിംഗില്‍ വന്നലച്ചുകൊണ്ടിരുന്നു. അടുത്തുള്ള ഏതോ മുറിയില്‍നിന്ന് വല്ലപ്പോഴും ഉയരുന്ന രാജമ്മയുടെ ശ്വാസം മുട്ടിയ ചുമ ഒഴിച്ചാല്‍ അതുമാത്രമായിരുന്നു ഗുഡ് ഈവനിംഗിന്റെ വായുവില്‍ ആകെക്കേട്ട, പരിഗണിക്കപ്പെടാവുന്ന ഒരേയൊരു ശബ്ദം. ഗാഢമൌനവായുവിലെ കടലിരമ്പത്തിന്റെ അതികഠിനമായ ആ ഏകാന്തത വസുന്ധരാമ്മയെ മുറിക്കുള്ളില്‍ ഞെരിച്ചമര്‍ത്തിയപ്പോള്‍ അവര്‍ മുറിവിട്ടു പുറത്തുകടന്നു.

ഇരുളുനീങ്ങി വെയില്‍ തെളിഞ്ഞിട്ടും പുല്‍ത്തകിടിയില്‍ ഇളവേല്‍ക്കുവാന്‍ ട്രീസയോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല. തെല്‍മയുടെ ശേവന്തിച്ചെടികള്‍ വെയിലേറ്റുനിന്നു. ചെടിനനയ്ക്കുവാന്‍ തെല്‍മ ഉപയോഗിക്കുന്ന, ഒരുവശത്ത് സ്പ്രിങ്ക്ലറുള്ള, വലിയ അലുമിനിയം ജഗ് വരാന്തയിലെ ജനല്‍പ്പടികളിലൊന്നില്‍ അനാഥമായിരിപ്പുണ്ടായിരുന്നു. വസുന്ധരാമ്മ വരാന്തയിലൂടെ നടന്നു. മിക്കവാറും മുറികള്‍ തുറന്നും ശൂന്യമായും കിടന്നു. ചില കിടക്കകളില്‍ വൃദ്ധകള്‍ വളഞ്ഞുകൂടിക്കിടന്നിരുന്നു.

പ്രാര്‍ഥനാമുറിയില്‍ ഗുഡ് ഈവനിംഗിന്റെ അമ്മമാരില്‍ ഭൂരിപക്ഷവും ഉണ്ടായിരുന്നു. തലയില്‍ക്കൂടി ഷാള്‍ പുതച്ച്, ഉണ്ണീശോയുടെ തിരുസ്വരൂപത്തിനുമുന്‍പില്‍, ചാരുബഞ്ചില്‍, സത്യവേദപുസ്തകത്തിലേയ്ക്ക് മുഖമാഴ്ത്തി തെല്‍മയിരിക്കുന്നത് വസുന്ധരാമ്മ കണ്ടു. തെല്‍മയുടെ ചുണ്ടുകള്‍ നിശബ്ദമായി വചനങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. മെലാനിന്‍ നഷ്ടപ്പെട്ട് പുള്ളികള്‍ വീണ, വിളറിയ കവിളുകളില്‍ക്കൂടി കണ്ണീരിന്റെ ഉറവ ധാരമുറിയാതൊഴുകിക്കൊണ്ടിരുന്നു. മറ്റുള്ളവരാരും പ്രാര്‍ഥിക്കുകയായിരുന്നൊന്നുമില്ല. പരസ്പരം ശ്രദ്ധിയ്ക്കുകപോലും ചെയ്യാതെ, എന്നാല്‍ പരസ്പരം ആശ്വാസം പകര്‍ന്ന്, നിശബ്ദരായി അവര്‍ ആ മുറിയിലെ ബെഞ്ചുകളില്‍ അവിടവിടെയായി ഇരുന്നിരുന്നു എന്ന് മാത്രം. മൌനദു:ഖങ്ങളുടെ ഗര്‍ഭഗൃഹം പോലെയുള്ള ആ ഇടത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുക ആ മുറിയില്‍ മാത്രമാണെന്ന, വാക്കുകളാല്‍ സംവദിക്കപ്പെടാഞ്ഞ പൊതുവായ ഒരു ഉപബോധചിന്തയാലാണ് അവരെല്ലാം അവിടെ ഒറ്റകളായെത്തിച്ചേര്‍ന്ന് ഒരു കൂട്ടമായിത്തീര്‍ന്നിരുന്നത്. പ്രിയയും വേറെ മൂന്ന് അറ്റന്‍ഡര്‍മാരും മുറിയിലുണ്ടായിരുന്നു. അവരും ആ സമയം വൃദ്ധരെപ്പോലെ തോന്നിച്ചു.

വസുന്ധരാമ്മയ്ക്ക് ഉള്ളിലേയ്ക്ക് കടക്കുവാന്‍ തോന്നിയില്ല. വാതില്‍ക്കല്‍ കുറേനേരം അറച്ചുനിന്ന ശേഷം അവര്‍ പുറത്തേയ്ക്ക് നടന്നു. കാലില്‍ പേശികള്‍ കഴച്ചുതുടങ്ങിയപ്പോള്‍ കുറച്ചുനാളായി കുറഞ്ഞിരുന്ന വാതത്തിന്റെ ശല്യം വീണ്ടും അലട്ടിത്തുടങ്ങുന്നുണ്ടെന്ന് അവര്‍ മനസിലോര്‍ത്തു. പൂന്തോട്ടത്തിന്റെ ഒരിരികില്‍, മേഘങ്ങളുടെ നിഴലില്‍, മലകളിലേയ്ക്കുനോക്കി ഡോ. ആദം ഏകനായി നില്‍പ്പുണ്ടായിരുന്നു. വസുന്ധരാമ്മ തോട്ടത്തിന്റെ എതിരരികില്‍ സൈപ്രസ് മരത്തിന്റെ ചുവട്ടില്‍, കടലിനഭിമുഖമായിക്കിടക്കുന്ന ബഞ്ചില്‍ പോയിരുന്നു. ചക്രവാളത്തില്‍ ചുവപ്പുപടരുന്നു. തണുത്തകാറ്റില്‍ നാല്‍പ്പത്തിയൊന്നാം നമ്പര്‍ മഴയുടെ നൂലുകള്‍ക്ക് ദിശ പാളിക്കൊണ്ടിരുന്നു. തറിക്ക് മുന്‍പിലിരുന്ന്, നെയ്യുംതോറും മാഞ്ഞുപോകുന്ന, സുതാര്യമായൊരു വസ്ത്രം നെയ്യുന്ന ഒരു പാഴ്നെയ്ത്തുകാരിയാണ് താനെന്ന് എന്തുകൊണ്ടോ വസുന്ധരാമ്മയ്ക്ക് അപ്പോള്‍ തോന്നി.

“അമ്മയെന്തിനാണിരുന്ന് മഴ നനയുന്നത്? പനിപിടിച്ച് കിടക്കാന്‍ ഞാന്‍ സമ്മതിക്കില്ല കേട്ടോ..” ആദം ഡോക്ടറുടെ പുഞ്ചിരി സൈപ്രസിലകളില്‍നിന്നുതിരുന്ന കാനല്‍ത്തുള്ളികള്‍ക്കും മഴനൂലുകള്‍ക്കുമിടയില്‍ വസുന്ധരാമ്മ കണ്ടു.

“വരൂ, ഞാന്‍ മുറിയിലെത്തിക്കാം.” ഡോക്ടറുടെ കൈകള്‍ക്ക് അപ്പോള്‍ കരുണയുടേതുപോലുള്ള ഒരു ചൂടുണ്ടായിരുന്നു. വസുന്ധരാമ്മ നിശബ്ദയായി ഡോക്ടറെ അനുസരിച്ചു. “ഇത്തിരി കഴിയുമ്പോള്‍ അത്താഴത്തിന് നേരമാകും. ആഹാരം കഴിക്കണം. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്ന് പ്രിയ പറഞ്ഞ് ഞാനറിഞ്ഞു. ഇനിമുതല്‍ അത് പറ്റില്ല, മരുന്നുകള്‍ കഴിക്കാനുള്ളതാണ്.” ഡോക്ടറുടെ വാക്കുകള്‍ തീര്‍ത്തും സൌമ്യമായിരുന്നെങ്കിലും അതിന് അപാരമായൊരു ആജ്ഞാശക്തി ഉണ്ടായിരുന്നു.

ഉച്ചയുടെ ഭക്ഷണമുറി ആയിരുന്നില്ല രാത്രിയുടേത്. പ്ലേറ്റുകളില്‍ സ്പൂണുകള്‍ മുട്ടുമ്പോഴുള്ള ശബ്ദങ്ങളെ അതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ പോലെ വൃദ്ധരെല്ലാം ശ്രവിച്ചു. പൂര്‍ണമൌനത്തേക്കാള്‍ ശബ്ദങ്ങളുടെ ഏകാന്തതയാണ് ആത്മാക്കളെ ശ്വാസം മുട്ടിക്കുകയെന്ന് തിരിച്ചറിഞ്ഞപോലെ അവരെല്ലാം പെട്ടെന്നുതന്നെ അത്താഴം കഴിക്കുകയോ, കഴിച്ചെന്ന് വരുത്തുകയോ ചെയ്ത് എഴുന്നേറ്റു. ഉച്ചയ്ക്ക് വസുന്ധരാമ്മ ആരെയും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ രാത്രിയില്‍ തന്നെ ആരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നതില്‍ വസുന്ധരാമ്മ ജാഗരൂകയായിരുന്നു. ആരും തന്നെ ശ്രദ്ധിക്കുന്നേയില്ലെന്ന് കണ്ടപ്പോള്‍ വസുന്ധരാമ്മയ്ക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഉച്ചയെ ആവര്‍ത്തിച്ച് വസുന്ധരാമ്മ മുറിവിട്ടു.

ഡോ. ആദത്തിന്റെ പതിവു രാത്രിസന്ദര്‍ശനത്തില്‍ ഗുഡ് ഈവനിംഗിന്റെ മുറികളില്‍ പതിവിലും തണുപ്പ് നിറഞ്ഞിരുന്നു. ഡോക്ടര്‍ കടന്നുചെല്ലുമ്പോള്‍ വസുന്ധരാമ്മ ജനാലയ്ക്കരികില്‍ ഇരുള്‍ വീണ മഴക്കാടുകളില്‍ കണ്ണുനട്ട് നില്‍ക്കുകയായിരുന്നു. ഇരുണ്ട മലകളില്‍ മിന്നാമിനുങ്ങുകളുടെ ചുഴലിക്കൊടുങ്കാറ്റുകള്‍ തലങ്ങും വിലങ്ങും വീശിക്കൊണ്ടിരുന്നു.

“മുറിയൊക്കെ എങ്ങിനെ, ഇഷ്ടപ്പെട്ടോ?” ഡോക്ടറുടെ ശബ്ദം വസുന്ധരാമ്മയെ ഞെട്ടിച്ചു. അവര്‍ തിരിഞ്ഞപ്പോള്‍ ചുവര്‍വിളക്കിന്റെ വെട്ടത്തില്‍ കവിളിലെ നനവ് അയാള്‍ കണ്ടു.

“എന്താമ്മേ, എന്തിനാണ് കരയുന്നത്?”

വസുന്ധരാമ്മ മുഖം തുടച്ചു. ഡോക്ടര്‍ വേവലാതിപുരണ്ടതെന്ന് തോന്നിക്കുന്ന ഒരു ഭാവത്തില്‍ വസുന്ധരാമ്മയ്ക്കരികിലെത്തി അവരെ ചേര്‍ത്തുപിടിച്ചു. പിന്നെ സാവധാനം കിടക്കയിലേയ്ക്ക് നയിച്ചു. വസുന്ധരാമ്മയെ ചുമരില്‍ ചാരിയിരുത്തിയിട്ട് ഡോക്ടര്‍ അവര്‍ക്കരികിലിരുന്നു.

“ഇനി പറയൂ, എന്തിനാണ് കരഞ്ഞത്?” ഉത്തരമറിയാമായിരുന്നിട്ടും ഡോക്ടര്‍ ചോദിച്ചു. ആ അവസരത്തില്‍ ആ ചോദ്യം വസുന്ധരാമ്മയ്ക്ക് ശ്വാസം പോലെ ആവശ്യമായിരുന്നു.

“ഒന്നുമില്ല ഡോക്ടര്‍, ഓരോന്നോര്‍ത്തുപോയി. വീടും, പിന്നെ റോസ്മേരിയും..”

“സാരമില്ല, അമ്മയുടെ മകനെപ്പോലെ തന്നെ മക്കളാണെന്ന് കരുതിയാല്‍ മതി ഇവിടുള്ളവരെ. വാസ്തവത്തില്‍ അവര്‍ ശരിക്കും അങ്ങനെയുള്ളവര്‍ തന്നെയാണ്.” ഡോക്ടര്‍ പുഞ്ചിരിച്ചു. “പിന്നെ മേരിയമ്മ. മേരിയമ്മയോട് കര്‍ത്താവിനുള്ള സ്നേഹം പെട്ടെന്ന് കൂടിയെന്ന് വിചാരിച്ചാല്‍ മതി.” ഡോക്ടറുടെ പുഞ്ചിരിയില്‍ പെട്ടെന്ന് വിഷാദം കലര്‍ന്നു. വസുന്ധരാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.

“കര്‍ത്താവിന് പ്രിയപ്പെട്ടവരെയാണ് അവന്‍ പെട്ടെന്ന് മുകളിലേയ്ക്ക് വിളിക്കുക. മേരിയമ്മ കര്‍ത്താവിന്റെ ഓമനയായിരുന്നു. അതിന് അവര്‍ ജീവിച്ചിരുന്ന ഓരോ നിമിഷവും ദൃഷ്ടാന്തങ്ങളായിരുന്നു.” ആദം ഫ്രാങ്കിന്റെ ശബ്ദത്തിന് ഒരു ഡോക്ടറുടേതിനേക്കാള്‍ ഒരു പാതിരിയുടെ ശബ്ദത്തിനോടായിരുന്നു സാമ്യം.

“ഞാന്‍ വന്നതുകൊണ്ടാണോ ഡോക്ടര്‍, റോസ്മേരിയ്ക്കിങ്ങനെ..” വസുന്ധരാമ്മ ആദ്യമായി ഗുഡ് ഈവനിംഗിലെ തന്റെ കന്നി ആവലാതി പുറത്തുവിട്ടു.

“ഹേയ്!” ഡോക്ടറുടെ മുഖത്ത് ആശ്ചര്യവും ചിരിയും പടര്‍ന്നു. അയാള്‍ വസുന്ധരാമ്മയെ ചേര്‍ത്തുപിടിച്ചു. “അങ്ങനെയൊന്നും വിചാരിക്കേണ്ട കാര്യമേയില്ല! മേരിയമ്മയുടെ സമയമായിരുന്നു എന്നുമാത്രം കരുതിയാല്‍ മതി. അത് അമ്മ വന്നതുകൊണ്ടൊന്നുമല്ല. അങ്ങനെ ആരും ഇവിടെ വിചാരിക്കുന്നുമില്ല.” വസുന്ധരാമ്മയുടെ മനസ് കണ്ടതുപോലെ ഡോക്ടര്‍ പറഞ്ഞു.

വസുന്ധരാമ്മയ്ക്ക് ഗുഡ് ഈവനിംഗിലെത്തിയ ശേഷം ആദ്യമായി മനസില്‍ അലകള്‍ അല്‍പ്പം ഒതുങ്ങുന്നതുപോലെ തോന്നി. ഡോക്ടര്‍ അവരുടെ തോളില്‍ ഒരു താരാട്ടിന്റെ താളത്തില്‍ പതിയെ കൊട്ടിക്കൊണ്ടിരുന്നു. വസുന്ധരാമ്മയ്ക്ക് മയക്കം വരുന്നുണ്ടായിരുന്നു. സ്ഥിരം മരുന്നുകളുടെയൊപ്പം പ്രിയ തന്ന പുതിയ ഗുളികയാണോ അതോ ഡോക്ടറുടെ സാന്നിധ്യമാണോ നേരത്തേയെത്തിയ ഉറക്കത്തിന് കാരണമെന്ന് അവര്‍ മയങ്ങിപ്പോകുന്നതിനിടയിലും നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

പുറത്ത് പൂന്തോട്ടത്തില്‍ മഴയില്ലാതെ ആലിപ്പഴങ്ങള്‍ പൊഴിഞ്ഞുകൊണ്ടിരുന്നു. സമയം ഹൃദയം പോലെ മിടിച്ചു. വചനത്തിന് മുന്നോടിയായിപ്പടര്‍ന്ന അരണ്ടവെളിച്ചത്തിലായിരുന്നു വസുന്ധരാമ്മ. ചുവര്‍വിളക്കിന്റെ മഞ്ഞവെട്ടത്തില്‍ അവരുടെ ചര്‍മ്മം ഭംഗിയായും കൃത്യമായും ഉഴപ്പെട്ട ഭൂമിയുടെ വിദൂരമായ ഒരു ആകാശദൃശ്യം പോലെ ആദത്തിന് തോന്നി. അയഞ്ഞ തൊലിഞൊറികള്‍ ഉഴവുചാലുകളെപ്പോല്‍ പരസ്പരം മുറിച്ചുകടന്നു. പുതുമണ്ണിന്റെ വിടവുകളില്‍നിന്നുയരുന്ന ഭൂഗന്ധം പോലെ ജരകള്‍ക്കിടയില്‍നിന്ന് വാര്‍ദ്ധക്യത്തിന്റെ ആവി പൊങ്ങി. മുലക്കണ്ണുകള്‍ തണുത്തകാറ്റേറ്റിട്ടെന്നപോലെ, ദുര്‍ബലമായാണെങ്കിലും തരിക്കുകയും തടിക്കുകയും ചെയ്തു. വസുന്ധരാമ്മ ഊഷരമെങ്കിലും അകമേ ജീവല്‍ത്തുടുപ്പുള്ള ഭൂമിയായി, പാരാതീതമായി. വാര്‍ദ്ധക്യത്തിന്റെ ജീര്‍ണഗന്ധവുമായി ആദം പുറത്തുകടക്കുമ്പോള്‍ മഴക്കാടുകളില്‍ ചീവീടുകള്‍ കാലുകളുരസുന്നത് അന്നുരാത്രിയിലേക്ക് നിര്‍ത്തിയിരുന്നു.

******************
അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.

6 അഭിപ്രായങ്ങൾ:

  1. നല്ല ഒതുക്കത്തോടെ എഴുതിവന്ന കഥ. മിതത്വവും കൈയ്യടക്കവും പാലിച്ച് എഴുതിവന്ന് അവസാന ഖണ്ഡികയില്‍ എന്തോ ഒരു അപാകത അനുഭവപ്പെട്ടു. ആ അവസാന പാരഗ്രാഫ് ഇല്ലായിരുന്നെങ്കിലും ഈ കഥക്ക് നല്ല കഥയായി നില്‍ക്കാനാവുമായിരുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ അവസന പാരഗ്രാഫ് മാത്രമാണ് പ്രദീപ് മാഷേ ഇക്കഥ! ആ പാരഗ്രാഫിലേക്കെത്താനാണ് ഞാന്‍ ഈ കഥ എഴുതിയത് തന്നെ! :)

      ഇല്ലാതാക്കൂ
    2. പാരഡൈസ് ബാറിന് ഞാനെഴുതിയ അഭിപ്രായത്തിന് ബിനു ഇതേ വാക്കുകള്‍ തന്നെയാണ് മറുപടി തന്നത്.
      ഇനി കഥ വായിക്കട്ടെ കേട്ടോ.

      ഇല്ലാതാക്കൂ
    3. :D

      ഐ ലവ് ത്രില്ലേഴ്സ്!

      ആന്‍ഡ് ഐ ലവ് റ്റു സര്‍പ്രൈസ് ദ റീഡേഴ്സ്! അതിനായി ഞാന്‍ എന്റെ കഥകളില്‍ ഏതെങ്കിലുമൊരു വരിയില്‍, അല്ലെങ്കില്‍ ഖണ്ഡികയില്‍ അവര്‍ക്കായി സസ്പെന്‍സുകളൊരുക്കുവാന്‍ ഇഷ്ടപ്പെടുന്നു! അവയെ കഥകളിലെവിടെയെങ്കിലും അതീവരഹസ്യാത്കമതയോടെ ഒളിപ്പിക്കുവാനും ഞാന്‍ ഇഷ്ടപ്പെടുന്നു! സാധ്യമായ കഥകളിലൊക്കെ ഞാന്‍ എന്റെ ആ ഇഷ്ടങ്ങള്‍ നടപ്പാക്കുന്നു! :)

      ഇല്ലാതാക്കൂ
  2. ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി ഭൂമിക്കൊരു ചരമഗീതം ഓര്മ വന്നു. പ്രത്യേകത തോന്നി അത് തന്നെ ഇതിന്റെ പ്രത്യേകതയും എന്തായാലും കഥയല്ലേ കടകഥ ആവാൻ ഒക്കില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  3. ഉവ്വ്, ആ അവസാനപാരഗ്രാഫ് ഇല്ലായിരുന്നെങ്കില്‍ കഥ ഒരു അതിസാധാരണകഥ മാത്രമായിത്തീര്‍ന്നേനെ. അവസാനപാരഗ്രാഫ് വായിച്ചുകഴിയുമ്പോള്‍ കഥ അനിതരസാധാരണമായി മാറുന്നു.

    അപരന്റെ കൈകള്‍ തണുത്തിരിക്കുന്നതായി ഇരുവര്‍ക്കും തോന്നി>>> നാലഞ്ച് വാക്കുകള്‍ കൊണ്ട് ബിനു ഒരു ചിന്താപ്രപഞ്ചം തന്നെ തീര്‍ക്കുന്നതിന് ഉത്തമോദാഹരണം!!

    മറുപടിഇല്ലാതാക്കൂ