2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

നിന്നെയുമെന്നെയും കുറിച്ച് ചില ഭ്രാന്തന്‍ സങ്കല്പങ്ങള്‍

അനുപൂരണം

ഞാന്‍ പ്രപഞ്ചത്തിന്റെ ഒരു തുണ്ട്,
സ്ഥലകാലത്തിന്റെ ഒരു കുമിള.

ഞാൻ ധാതു,
ഒരു മരത്തിന്‍ വേരോട്ടത്തിനുമാത്രം മണ്ണ്
ഒരു മരത്തിന്‍ ശിഖരവിരിവിനുമാത്രം ആകാശം
ഒരു മരത്തിന്‍ ശ്വാസത്തിനുമാത്രം വായു
ഒരു മരത്തിന്‍ തുഞ്ചിലത്തുമ്പുവരെമാത്രം ജലം
ഒരു മരത്തിന്‍ അന്നപാകത്തിന്‍മാത്രം അഗ്നി.

ഞാന്‍ ഋതു,
ഒരു മരത്തിനു നനയുവാന്‍ മാത്രം മഴ
ഒരു മരത്തിനു പൂക്കുവാന്‍ മാത്രം വസന്തം
ഒരു മരത്തിനു കായുവാന്‍ മാത്രം ഗ്രീഷ്മം
ഒരു മരത്തിനു കൊഴിയുവാന്‍ മാത്രം ശിശിരം.

ഞാന്‍ ദിനസരിയിടം,
ഒരു മരത്തിന് ഉറങ്ങുവാന്‍ മാത്രം രാത്രി
ഒരു മരത്തിന് ഇളവേല്‍ക്കാന്‍ മാത്രം പകല്‍
ഒരു മരത്തിന് വളര്‍ന്നൊടുങ്ങുവാന്‍ മാത്രം കാലം
ഒരു മരത്തിന് പടര്‍ന്നിളകുവാന്‍ മാത്രം അന്തരീക്ഷം.

നിന്റെ നിശ്വാസം ശ്വസിച്ച് ഞാനും
എന്റെ നിശ്വാസം ശ്വസിച്ച് നീയും,
നിന്നെ ആഹരിച്ച് ഞാനും
എന്നെ ആഹരിച്ച് നീയും,
പ്രകൃതിയുടെ ഉത്തമസമവാക്യത്തിന്‍
ഇരുവരകള്‍ക്കിരുപുറങ്ങള്‍.നീയും ഞാനും

ഞാനൊരു കുന്നിന്മുകളിലായിരുന്നു
താഴ്വാരം നീയായിരുന്നു
ചുരവും നീയായിരുന്നു

ഇറങ്ങുകയല്ലാതെ
മാര്‍ഗമില്ലായിരുന്നു
ആഴങ്ങളുടെ
ആത്മഹത്യാപ്രലോഭനം
അസ്ഥിയുരുക്കുന്നതായിരുന്നു

നിന്നിലൂടെ,
നിന്നിലേയ്ക്കിറങ്ങുകയായിരുന്നു
വഴി ദുര്‍ഘടമായിരുന്നു
വഴിനീളെ നീ കൂര്‍ത്തമുള്ളായും,
വിഷം പേറിയ കല്ലുകളായും..

നിന്നിലൂടെ നടന്നിറങ്ങിയാലും
നിന്നില്‍ തട്ടി മറിഞ്ഞുവീണാലും
എത്തുന്നത് നിന്നില്‍ത്തന്നെയായിരുന്നു

നടന്നും വീണും
നിണമൊലിച്ചും
നൊന്തും
നീരും നേരവും നീന്തി
താഴ്വരയിലെത്തി,

നീ കുന്നിന്മുടിയായിരുന്നു
നിന്നിലേക്കുള്ള കയറ്റവും
നീതന്നെയായിരുന്നു.


ഭ്രഷ്ട്

നീയൊരു ഭൂമിക
കടലും കരയും
മരുവും മഴക്കാടും
മഞ്ഞും മണലും
കലരുന്നിടം.

നീ
വസന്തവും
ശിശിരവും
വര്‍ഷവും
ഗ്രീഷ്മവും
വരിതെറ്റി
വരുന്നിടം.

മരിയാനയും
എവറസ്റ്റും
തൊട്ടുകിടക്കും,
മധ്യരേഖ
കടന്നുപോകും
ധ്രുവം.

നീ
ഭൂമിയുടെ
ചെറുപതിപ്പ്.

നിന്നിലെന്നിട-
മില്ലായ്മതൻ
നിമിഷം മുതല്‍
ഞാന്‍ നെറ്റിക്കല്ല്
പറിഞ്ഞവന്‍,
ഉഷ്ണത്തിന്റെ കുഞ്ഞ്‌,
അലയുന്ന ചൂള.

ഭ്രഷ്ട്, മരണം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ