ചാരായം
എന്നെ പഴക്കിയും വാറ്റിയുമെടുത്ത റാക്ക്...
2021, ഒക്‌ടോബർ 30, ശനിയാഴ്‌ച
വെള്ളംകുടി
കഥ: വെള്ളംകുടി
“കേട്ടാൽ വിശ്വസിക്കത്തില്ല, പക്ഷേ അങ്ങനെ പല സംഗതികളും ഇവിടെ നടന്നതാടാ പിള്ളേരേ.”
അനൂപ് ചേട്ടൻ കഥ പറയുമ്പോൾ ഞങ്ങൾ പൂജയ്ക്കുള്ള സാധനങ്ങൾ വച്ചിരുന്ന മുറിയിലിരുന്ന് പൂക്കൾ നുള്ളുകയായിരുന്നു. ഞങ്ങളെന്ന് പറഞ്ഞാൽ, പിള്ളേരുസെറ്റ് ഏതാണ്ട് മുഴുവനുമുണ്ട്. കണിയാന്തറ തറവാടിന്റെ കൊച്ചുമക്കളത്രയും.
ഞങ്ങൾ പൂക്കൾ നുള്ളുകയെന്ന് പറഞ്ഞാൽ ശരിക്കും ‘ഞങ്ങൾ‘ ആയിരുന്നുമില്ല. എന്നോട് അതിലൊന്നും തൊടണ്ടാന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഞാൻ വെറുതെ കഥ കേട്ടിരുന്നു. ബാക്കി എല്ലാവരും എന്റെ മുന്നിലായി വട്ടത്തിലിരുന്ന് നടുക്ക് വിരിച്ചിട്ട ഇന്നത്തെ ജനയുഗം പത്രത്തിലേക്ക് പൂക്കൾ ഇതളടർത്തി ഇടുകയായിരുന്നു. ആ മുറിയിൽ ഒരുമൂലയ്ക്ക് വിളക്കും വിഗ്രഹവുമൊക്കെ വയ്ക്കാനുള്ള കുഞ്ഞ് ശ്രീകോവിൽ പോലെയുള്ള ഒരു തടിക്കൂടും മറ്റേ മൂലയ്ക്ക് അരുണിനു കിടക്കാൻ ഒരു കട്ടിലും മൂന്നാമത്തെ മൂലയിൽ അരുണിനും കിരണിനും ഇരുന്ന് പഠിക്കാനുള്ള ഒരു സ്റ്റഡി ടേബിളുമുണ്ട്. സമയം സന്ധ്യ കഴിഞ്ഞ് ഇരുട്ടായിരുന്നു.
“പത്തുപതിനഞ്ച് വർഷം മുൻപാ സംഭവം. ഞാനന്ന് എട്ടാം ക്ലാസിലാ. അനന്തു നാലിലും. വല്യപരീക്ഷേടെ സമയമാണ്. ഞങ്ങൾ രണ്ടുപേരും താഴെ പറമ്പിൽ ഇരുന്ന് പഠിക്കുവാണ്. ഇപ്പൊ നമ്മടെ കോഴിക്കൃഷിക്ക് പണിത വല്യ കൂടില്ലേ? അതിരിക്കുന്നിടത്ത് അന്ന് ഒരു പനയാ. അതിന്റെ ചുവട്ടിൽ ഒരു പായിട്ട് അതീക്കിടന്നാ പഠിത്തം. സമയം നട്ടുച്ച. പറമ്പിലെങ്ങും വേറാരുമില്ല. അങ്ങനിരുന്ന് പഠിക്കുമ്പൊ ഉണ്ട്, പെട്ടെന്ന് പടിഞ്ഞാറെ കണ്ടത്തീന്ന് അടിച്ചുകേറിക്കൊണ്ടിരുന്ന കാറ്റ് അങ്ങ് പെട്ടെന്ന് നിന്നു. ഒറ്റ മരവും ചലിക്കുന്നില്ല. ഒരൊറ്റ ഇല പോലും അനങ്ങുന്നില്ല. അത്രേം വല്യ പറമ്പിൽ മുഴുവൻ ഭയങ്കര നിശബ്ദത. പ്രകൃതി മുഴുവൻ ആരോ പിടിച്ച് നിർത്തിയപോലെ.” അനൂപ് ചേട്ടൻ പെട്ടെന്ന് നാടകീയമായി നിർത്തിയിട്ട് നുള്ളിക്കൊണ്ടിരുന്ന പൂവ് കടലാസിലേക്കിട്ടു. എന്നിട്ട് മുഖം വട്ടത്തിൽ തിരിച്ച് ഞങ്ങളെയെല്ലാം മൊത്തത്തിലൊന്ന് നോക്കി. അനൂപ് ചേട്ടന്റെ മുഖത്ത് വല്യ ഗൌരവം. പേരറിയാത്ത ഒരു അസ്വസ്ഥതയുടെ കിരുകിരുപ്പും ആകാംക്ഷയും ഒരുപോലെ പെട്ടെന്ന് വന്ന് എന്നെയങ്ങ് പൊതിഞ്ഞു.
“എനിക്കെന്തോ പന്തികേട് തോന്നി.” പറഞ്ഞുവന്ന സ്പീഡ് കുറച്ചിട്ട് അനൂപ് ചേട്ടൻ ശബ്ദം കൂടുതൽ കനപ്പെടുത്തി ഞങ്ങളുടെ മുഖങ്ങളിലൂടെ കണ്ണോടിച്ച് പതിയെ തുടർന്നു. “കിടന്ന കിടപ്പിൽ ഞാൻ തലപൊക്കി കിഴക്കോട്ട് നോക്കി. അവിടെയാണല്ലോ നമ്മടെ കാലയക്ഷിയേം കാക്കിരിപൂക്കിരികളേമൊക്കെ ഏഴിലം പാലേടെ ചോട്ടിൽ ഇരുത്തീരിക്കുന്നത്. ഞാൻ നോക്കുമ്പോ പറമ്പിലെ വേറൊറ്റ മരവും അനങ്ങുന്നില്ലേലും ആ പാല മാത്രമുണ്ട് ആകാശത്ത് ഇങ്ങനെ തല വട്ടം ചുഴറ്റുവാ.”
അനൂപ് ചേട്ടൻ വീണ്ടും നിർത്തി ഞങ്ങളെ നോക്കി. ഞാൻ കുറേക്കൂടി വട്ടത്തിനടുത്തേക്ക് നീങ്ങിയിരുന്നു. കിരണിന്റേം അരുണിന്റേം ഇടയ്ക്ക് ഇച്ചിരി സ്ഥലമുണ്ടാക്കി അങ്ങോട്ട് കേറി ഇരുന്നാലോ എന്നായിരുന്നു എനിക്കപ്പോൾ.
“ഞാൻ അനന്തൂനെ വിളിച്ച് കാണിച്ചു. നമ്മളു വിചാരിക്കും പാല ഇപ്പൊ വട്ടം ഒടിയുമെന്ന്. എന്നാ ഇല്ല. അതിങ്ങനെ മനുഷ്യർക്കില്ലാത്തത്ര ശക്തിയുള്ള ആരാണ്ട് പിടിച്ച് കുലുക്കുന്നപോലെ ആടിയുലയുവാ. എന്നാലോ, പറമ്പിലെങ്ങും ഒരുതരി കാറ്റുമില്ല. തെളിഞ്ഞ ആകാശവും മേഘങ്ങളും നട്ടപ്ര വെയിലും മരങ്ങളുടെ തണലും ഒക്കെ അനങ്ങാതിങ്ങനെ നിൽക്കുവാ. ഒരു കിളി പോലും ചലിക്കുന്നോ മിണ്ടുന്നോ ഇല്ല.”
എനിക്ക് പുറകോട്ട് തിരിഞ്ഞ് നോക്കണമെന്ന് തോന്നി. പുറകിലെ ജനൽ തുറന്നിട്ടിരിക്കുവാണ്. അതിലൂടെ ആരെങ്കിലും എന്നെ പുറത്തെ ഇരുട്ടിൽ നിന്ന് നോക്കുന്നുണ്ടോ എന്നൊരു വിചാരം. പക്ഷേ തിരിഞ്ഞു നോക്കാൻ ധൈര്യമില്ല. ഞാൻ അരുണിന്റേം കിരണിന്റേം ഇടയ്ക്കോട്ട് കുറച്ചൂടെ കേറി ഇരുന്നു. ഇപ്പൊ ഞാനും ഏതാണ്ട് വട്ടത്തിനുള്ളിലായിട്ടുണ്ട്.
“പെട്ടെന്നുണ്ട്, ഒരു ചിലമ്പിന്റെ ശബ്ദം.” ആ ഒരു വാചകമേ അനൂപ് ചേട്ടൻ പറഞ്ഞുള്ളു.
വട്ടത്തിലിരിക്കുന്നവരുടെയെല്ലാം കൈകൾ നിശ്ചലമായി. എല്ലാവരും അനൂപ് ചേട്ടന്റെ മുഖത്തേക്ക് കണ്ണുമിഴിച്ച് ഇരിക്കുവാണ്.
“ഒറ്റ തവണ. ഓ, എന്റെ പിള്ളേരേ.. എന്റെ ശ്വാസമങ്ങ് പോയി! ഞാൻ ചാടിയെഴുന്നേറ്റു. അനന്തൂം. എനിക്കിനി തോന്നിയതാണോന്നറിയാൻ ഞാൻ ഇവനോട് ചോദിച്ചു നീ വല്ലോം കേട്ടോന്ന്. അവനും പറഞ്ഞു കേട്ടെന്ന്.”
അനന്തുചേട്ടൻ അനൂപ് ചേട്ടൻ പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ ഞങ്ങളെയെല്ലാം നോക്കി തലയാട്ടി.
“പിന്നെ ഒരനക്കവുമില്ല. ഞങ്ങളു ചുറ്റും നോക്കി. പാല ഇപ്പൊ അനങ്ങുന്നില്ല. എന്നാ ഞങ്ങളു ചോട്ടിൽ നിന്ന പന ഒരൊറ്റ ഉലച്ചിലാ! ഒപ്പം പിന്നേം ചിലമ്പിന്റെ ശബ്ദോം. അത് കുറച്ചൂടെ ഉച്ചത്തിലാരുന്നു. അടുത്ത് വരുന്നപോലെ. പക്ഷേ ആ വല്യക്കാട്ടം പറമ്പിലെങ്ങും ഞങ്ങളല്ലാതെ വേറാരേം കാണാനുമില്ല.”
ഞാൻ കിരണിന്റെ കാലിൽ മുറുകെപിടിച്ചു.
“പനയിങ്ങനെ വട്ടം കറങ്ങുവാ. മടക്കിക്കോടാന്ന് ഞാൻ പറഞ്ഞു. മൂന്നാമത്തെ പ്രാവശ്യം ചിലമ്പിന്റെ ശബ്ദം കേൾക്കുന്നേനു മുന്നേ ഞങ്ങൾ പായും പുസ്തകോം മടക്കി നൂറേ നൂറേ വിട്ടു. പറമ്പിന്റെ രണ്ട് തട്ടും നാലാമത്തെ ചിലമ്പിന്റെ ഒച്ച കേൾക്കുന്നേനു മുന്നേ പറന്നുകയറി ഞങ്ങൾ വീട്ടിലെത്തി.”
അനൂപ് ചേട്ടന്റെ മുഖത്തെ മുറുക്കം സ്വല്പം അയഞ്ഞു. ഞങ്ങളു പിള്ളേരാണെങ്കിൽ എല്ലാവരും ശ്വാസമടക്കി പിടിച്ച് ഇങ്ങനെ പുള്ളിയെത്തന്നെ നോക്കി ഇരിക്കുവാണ്. എനിക്ക് എന്റെതന്നെ നെഞ്ചിടിപ്പ് പടപടാന്ന് കേൾക്കാം. പുള്ളി പിന്നേം പൂ നുള്ളാൻ തുടങ്ങി.
“ഇവിടെവന്ന് വെല്ലിച്ചനോട് പറഞ്ഞപ്പൊ വെല്ലിച്ചൻ പറഞ്ഞു, ആ, നട്ടുച്ചക്കും നട്ടപ്പാതിരായ്ക്കും അങ്ങനൊക്കെ പലതും പറമ്പിൽ കാണുകേം കേക്കുകേമൊക്കെ ചെയ്യും, അങ്ങനത്തെ പറമ്പാ നമ്മടേത്, അതുകൊണ്ട് ആ സമയത്തൊന്നും അങ്ങോട്ട് പോകണ്ടാന്ന്. പോയാത്തന്നെ ഒറ്റയ്ക്കൊന്നും പോകണ്ടാന്ന്.” അനന്തുചേട്ടനാണ് അനൂപ് ചേട്ടൻ പറഞ്ഞതിന്റെ ബാക്കി പറഞ്ഞത്.
“ഉത്തക്കൊക്കെ യഷ്ഷി വരുമോ? രാത്തിതിയില്ലേ യഷ്ഷി വരുന്നെ?” കുട്ടന്മോൻ ചോദിച്ചു. പത്തുവയസ്സായിട്ടും അവനിപ്പഴും ശരിക്ക് നാക്ക് തിരിയത്തില്ല.
“എന്നാരുന്ന് ഞാനും വിചാരിച്ചിരുന്നെ. വെല്ലിച്ചൻ പക്ഷേ പറഞ്ഞതെന്നാണെന്നോ? നട്ടുച്ചയ്ക്ക് അരനാഴിക സമയം അവർക്ക് അനുവദിച്ചിട്ടുണ്ട്. ആ സമയത്ത് അവർ പാലയിൽ നിന്നും പനയിൽ നിന്നും കല്ലീന്നുമൊക്കെ ബോറടി മാറ്റാൻ പുറത്തിറങ്ങും.” അനൂപ് ചേട്ടൻ മുഖമുയർത്തി പറഞ്ഞു.
“ചെല ദിവസി ഉച്ചയ്ക്ക് നല്ല വെയിലൊക്കെ ഉണ്ടേലും പെട്ടെന്ന് എല്ലാം അനങ്ങാതാകുന്നത് കണ്ടിട്ടില്ലേ? കാറ്റൊന്നുമില്ലാതെ? അത് അവരിറങ്ങുന്നതാ.”
“ഇനിയിപ്പൊ ഉച്ചക്ക് പുറത്തിറങ്ങണേലും സൂക്ഷിക്കണവല്ലോ.” അരുണാണത് പറഞ്ഞത്. ഞാൻ നോക്കുമ്പോ അവന്റെ കവിളൊക്കെ പേടികൊണ്ട് വലിഞ്ഞ് താഴോട്ട് തൂങ്ങിയിരിക്കുന്നു. അവന്റെ മാത്രമല്ല, കൂട്ടത്തിലുള്ള എല്ലാ കൊച്ചുപിള്ളേരുടേം മുഖത്ത് നല്ല പേടിയുണ്ട്.
ആണ്ടിൽ രണ്ട് പ്രാവശ്യമാണ് ഞങ്ങളെല്ലാവരും ഒത്തുകൂടുക. ഒന്ന് ഇവിടെ നാട്ടിൽ അമ്പലത്തിലെ പത്താമുദയത്തിനും രണ്ട് കുടുംബത്തെ ഈ പൂജയ്ക്കും. പത്താമുദയം ഏപ്രിലിലാണ്, വിഷു മുതൽ പത്ത് ദിവസത്തെ ഉത്സവം. പൂജ കർക്കിടകസംക്രാന്തിയ്ക്കും. ഓരോ കൂടലിനും ഇങ്ങനെ ഓരോ കഥ പറച്ചിലാണ്, പഴയതും പുതിയതും. അതൊട്ട് തീരത്തുമില്ല.
“ഇവളെ ആരാ ഇതിനു നടുക്ക് കേറ്റി ഇരുത്തിയത്. എടി കാത്തൂ! ഇതൊക്കെ ഇനീം നിനക്ക് പറഞ്ഞ് തരണോ?” പൂജാമുറിയിലേക്ക് വന്ന വിജയനമ്മാവൻ എന്നെ കണ്ട് ഒച്ചയിട്ടപ്പോ ഞാൻ കുറ്റബോധത്തോടെ എഴുന്നേറ്റു. പകലുമുഴുവൻ കളിയായിരുന്ന കൊണ്ടായിരിക്കും, കൈയ്യും കാലുമൊക്കെ നല്ല വേദന. ക്ഷീണം. ഞാൻ അകത്തേക്ക് പയ്യെ നടന്നു.
താഴത്തെ പറമ്പിനേക്കുറിച്ച് ഇതാദ്യമല്ല ഇങ്ങനെയുള്ള കഥകൾ കേൾക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോൾ ഗായത്രിചിറ്റമ്മ പറഞ്ഞത് ഓർമ്മയുണ്ട്. ചിറ്റപ്പനെ കല്യാണം കഴിച്ച് ചിറ്റമ്മ വന്നയിടെയാണ്. അന്ന് ചിറ്റമ്മയ്ക്ക് പറമ്പിനെക്കുറിച്ചൊന്നും വല്യ പിടിയില്ല. ഒരു ദിവസം ചിറ്റമ്മ സന്ധ്യയ്ക്ക് താഴെ പറമ്പിൽ എന്തിനോ പോയി. തിരിച്ചു കേറി വന്ന് ഇച്ചിരി നേരം കഴിഞ്ഞപ്പോ തുടയ്ക്ക് രണ്ടും നീറ്റൽ. കുളിമുറീൽ ചെന്ന് നോക്കുമ്പോഴുണ്ട്, രണ്ട് തുടയിലും ആരോ നീളത്തിൽ മാന്തിക്കീറിയതുപോലെ ചോര കിനിയുന്ന അഞ്ച് നഖങ്ങളുടെ പാടുകൾ വീതം.
“പെണ്ണുങ്ങക്ക് പറമ്പിലോട്ട് പോകാൻ ചില നേരോം കാലോമൊക്കെയുണ്ട്. ഗന്ധർവ്വനെ ലയിപ്പിച്ച് നിർത്തീരിക്കുന്ന സ്ഥലമാ അത്. സൂക്ഷിക്കണമെടി കൊച്ചേ.” അടുക്കളത്തിണ്ണയിലിരുന്ന് അത്താഴത്തിനുള്ള കപ്പ ചെണ്ടൻ വെട്ടുന്നതിനിടയിൽ വെല്ലിമ്മച്ചി ചിറ്റമ്മയോട് പറഞ്ഞു.
അങ്ങനെയാണ് ചിറ്റമ്മ കണിയാന്തറ വീട്ടിലെ താഴേക്കു താഴേക്ക് നാല് വിശാലമായ തട്ടുകളായി പരന്നുകിടക്കുന്ന പറമ്പിന്റെ രഹസ്യങ്ങളെ കുറിച്ച് ആദ്യമായി അറിഞ്ഞത്. ചിറ്റമ്മയേപ്പോലെ കണിയാന്തറയിലെ മരുമക്കളായെത്തിയ ഓരോ പെണ്ണും ഇതേപോലെ എന്തെങ്കിലുമൊക്കെ അനുഭവങ്ങളിലൂടെ തറവാടിനെ ചൂഴ്ന്നുനിൽക്കുന്ന അതീന്ദ്രിയശക്തികളെ പരിചയപ്പെട്ടവരായിരുന്നു.
എന്റെ അമ്മേടെ അനുഭവം പറഞ്ഞാൽ, അതും ചിറ്റമ്മേടെ പോലെ കല്യാണം കഴിഞ്ഞ ഉടനെ ആയിരുന്നു. അന്ന് തറവാട്ടിൽ രണ്ടുമൂന്ന് പശുക്കളുണ്ട്. മെയിൻ പശൂന്റെ പേര് അമ്മിണിക്കുട്ടീന്നാണ്. (ആ പേരാണ് വെല്ലിമ്മച്ചി എന്നെ കുഞ്ഞിലെ കൊഞ്ചിക്കാൻ വിളിച്ചിരുന്നത്.) ഒരു ദിവസം അമ്മ അമ്മിണിക്കുട്ടിക്ക് തീറ്റ കൊടുക്കാനായി പറമ്പിൽ പുല്ല് പറിക്കാൻ പോയി. സമയം നാലഞ്ചുമണി ആയിരുന്നു. പറമ്പ് നിറയെ മരവും മരത്തിനിടെ കപ്പകൃഷിയും തെങ്ങും കാപ്പിയുമൊക്കെ ആണ്. ഇഷ്ടം പോലെ പുല്ലുമുണ്ട്. ഒരു തെങ്ങിന്റെ ചോട്ടിൽ നിറച്ച് പുല്ല് കണ്ട് അമ്മ അവിടെച്ചെന്ന് കുത്തിയിരുന്ന് പുല്ല് പറിക്കാൻ തുടങ്ങി. കുറച്ച് പറിച്ച പുല്ലെല്ലാം കൂടി അമ്മ തെങ്ങിഞ്ചോട്ടിൽ കണ്ട ഒരു കല്ലിമ്മേ വച്ചു. എന്നിട്ട് വീണ്ടും പുല്ല് പറിക്കാൻ തുടങ്ങിയപ്പോ പെട്ടെന്ന് ആരാണ്ട് വലത്തേ ചെവീടെ തൊട്ടടുത്ത് ആഞ്ഞ് കൈവീശിയപോലെ ഒരു മൂളക്കം. അമ്മ വിചാരിച്ചു തോന്നിയതാണെന്ന്. പിന്നേം പറിച്ച പുല്ലുമായി തിരിഞ്ഞപ്പോ കല്ലിമ്മേൽ വച്ചിരുന്ന പുല്ലെല്ലാം താഴെ കിടക്കുവാണ്. ഇത് വെച്ചാ വച്ചടത്ത് ഇരിക്കത്തില്ലേന്ന് പുല്ലിനേ വഴക്ക് പറഞ്ഞോണ്ട് അമ്മ അതൊക്കെ വാരിക്കൂട്ടി കല്ലിമ്മേൽ വെച്ചപ്പൊ ഉണ്ട്, അമ്മിണിക്കുട്ടി കൊതുകിനെ ഓടിക്കാൻ പുറം വിറപ്പിക്കുന്ന പോലെ കല്ല് ഒറ്റ വിറപ്പിക്കൽ! ദാ കിടക്കുന്നു പുല്ലെല്ലാം കൂടെ പിന്നേം താഴെ. അമ്മയിങ്ങനെ അന്തം വിട്ട് ശബ്ദമില്ലാണ്ട് നിക്കുമ്പഴതാ വീണ്ടും ചെവിയെ തൊട്ടു തൊട്ടില്ലാന്ന് പറഞ്ഞ് അതേ മൂളക്കം. അമ്മേടെ ചെവിയങ്ങ് അടഞ്ഞുപോയി. നാല് ദിവസിയാണ് അന്ന് അമ്മ ചെവിവേദനേം പനീമായിട്ട് കിടന്നത്. ഇപ്പഴും അമ്മേടെ വലതുചെവിക്ക് കേൾവിശക്തി കുറവാണ്. അമ്മ പുല്ല് വച്ച ആ കല്ല് ആനമറുത ആയിരുന്നു.
ഗന്ധർവ്വനും കാലയക്ഷിയും ആനമറുതയും ഞങ്ങടെ കുടുംബത്തിന്റെ മെയിൻ പരദേവതകളാണ്. വീടിന്റെ പുറകിലേയ്ക്കിറങ്ങിയാൽ രണ്ടാമത്തെ തട്ടിൽ ആനമറുതയേം അടുത്ത തട്ടിൽ യക്ഷിയമ്മയെയും ഇരുത്തിയിരിക്കുന്നു. കണ്ടാൽ പ്രതിഷ്ഠയാണെന്നൊന്നും ഒറ്റ നോട്ടത്തിൽ തോന്നത്തില്ല. കപ്പയ്ക്കും ചേമ്പിനുമൊക്കെ ഇടയ്ക്ക് വെറും മണ്ണിൽ കുത്തി നിർത്തിയ ഇടത്തരം വലിപ്പമുള്ള രണ്ട് കല്ലുകൾ, അത്രേയുള്ളു. ആനമറുതയ്ക്ക് പിന്നേം ഇച്ചിരേം കൂടെ വലിപ്പമുണ്ടെന്ന് തോന്നുന്നു. യക്ഷിയമ്മേടെ കൂടെ എനിക്ക് പേരറിയാത്ത വേറെ കുറേ ഉപദേവതകളൊക്കെയുണ്ട്. റെയിൽപ്പാളത്തിലെ മെറ്റിലിന്റെ അത്രേം മാത്രം വലിപ്പമുള്ള കുഞ്ഞുക്കുഞ്ഞു പ്രതിഷ്ഠകൾ. ഗന്ധർവ്വനെ മാത്രം എങ്ങും ഇരുത്താൻ പറ്റില്ല. ഇരുത്തിയാൽ അവിടം ഗന്ധർവ്വക്ഷേത്രമായിപ്പോകുമത്രെ! പിന്നെ ആ ഏരിയേക്കൂടൊന്നും പെണ്ണുങ്ങൾക്ക് ഒട്ടും വഴി നടക്കാൻ പറ്റാതാകും. അതുകൊണ്ട് പുള്ളിയെ അന്തരീക്ഷത്തിൽ ഇങ്ങനെ ലയിപ്പിച്ച് നിർത്തിയേക്കുവാണ്. കണിയാന്തറയുടെ പറമ്പിന്റെ നാലതിരുകൾക്കുള്ളിൽ ഗന്ധർവ്വൻ കാറ്റായും കിളിയായും കടവാവലായും മിന്നാമിനുങ്ങും പൂമ്പാറ്റയായുമൊക്കെ ഇങ്ങനെ ഏതുനേരവും ചുറ്റിത്തിരിയുന്നു.
ഇവർക്കെല്ലാം കൂടി വർഷത്തിലൊരിക്കൽ, കാലം മിഥുനരാശിയിൽ നിന്ന് കർക്കിടകത്തിലേക്ക് ചുവടുമാറുന്ന അർദ്ധരാത്രിക്ക് കണിയാന്തറയിലെ സന്തതികൾ അരത്തവും കള്ളും കരിക്കുമൊക്കെ കാഴ്ച വച്ച് പൂജ ചെയ്യും. അന്നേ ദിവസം ഉച്ചകഴിയുമ്പോ മുതൽ എല്ലാ തായ് തന്ത വഴികളിൽ നിന്നുമുള്ളവർ തറവാട്ടിൽ വന്നുചേരും. ഒരുക്കങ്ങളെല്ലാം രാത്രി പതിനൊന്നുമണിയോടെ പൂർത്തിയാക്കി ആണുങ്ങളെല്ലാം, കുട്ടികൾ മുതൽ പ്രായമായവർ വരെ സാധനങ്ങളെല്ലാം ചുമന്നു താഴെയെത്തിച്ച്, കത്തിച്ചുനിർത്തിയ പന്തങ്ങളുടെ വെളിച്ചത്തിൽ യക്ഷിക്കും മറുതയ്ക്കും ഗന്ധർവ്വനും മറ്റ് ഭൂതഗണങ്ങൾക്കും കാഴ്ചയർപ്പിക്കും. അത് ചിലപ്പോ രാത്രി രണ്ട് മണി വരെ നീണ്ടുപോകും. അതുവരെ പെണ്ണുങ്ങളെല്ലാം മുകളിൽ തറവാട്ടുവീട്ടിൽ ഉറങ്ങാതെ ആഹാരം കഴിക്കാതെ കാത്തിരിക്കും. അവർക്ക് പൂജയ്ക്ക് പങ്കെടുക്കാൻ അവകാശമില്ല. പരദേവതകളെ ഊട്ടി ഇരുളിൽ പന്തങ്ങളുടെ ഒറ്റയടിപ്പാതയിലൂടെ ആണുങ്ങൾ തട്ട് കയറി വരിവരിയായി വന്നുകഴിയുമ്പോൾ അന്നത്തെ അത്താഴം വിളമ്പിത്തുടങ്ങും.
അടുക്കളയിലെത്തുമ്പോൾ അവിടെ രണ്ട് ചിറ്റമ്മമാരും അപ്പച്ചിമാരും അമ്മയും പാചകത്തിലാണ്. രാത്രി പൂജ കഴിയുമ്പോ വന്നവർക്കെല്ലാം ചോറും സാമ്പാറും അവിയലും തോരനുമൊക്കെയായി ലാവിഷായി ഊണ് കൊടുക്കണം. എന്നോട് ഉള്ളീടെ തൊലി കളയാൻ പറഞ്ഞിട്ട് കത്തിയെടുക്കാൻ അമ്മ തിരിഞ്ഞ ഗ്യാപ്പിൽ ഞാൻ അടുക്കള വാതിൽ വഴി രക്ഷപെട്ടു. പുറത്തിറങ്ങിയപ്പോ ഇരുട്ട്. പെട്ടെന്ന് അനൂപ് ചേട്ടന്റെ കഥ ഓർത്തു. അടുക്കളപ്പുറത്തെ ചേമ്പിൻ തോട്ടത്തിനും പയറുപന്തലിനും ഉള്ളിലെ ഇരുട്ടിൽ നിന്ന് ഏതെങ്കിലും കണ്ണുകൾ എന്നെ സൂക്ഷിച്ച് നോക്കി നിൽപ്പുണ്ടോന്ന് ഞാൻ മിഴിച്ച് നോക്കി. ഇല്ല, ആരുമില്ല. അകത്ത് മനുഷ്യരുടെയും പുറത്ത് ചീവീടിന്റെയും ശബ്ദങ്ങൾ മാത്രം. ഞാൻ ഭിത്തിയുടെ അരിക് പറ്റി പടിഞ്ഞാറേ പുറത്തേക്ക് കരുതലോടെ നടന്നു. വയറുവേദന എടുക്കുന്നുണ്ടല്ലോ. വിശന്നിട്ടാണോ? വൈകിട്ട് ചായേം ബിസ്ക്കറ്റും കഴിച്ചതാ. ഇനി പൂജ കഴിയാണ്ട് ഒന്നും കഴിക്കാൻ തരില്ലെന്നാ അമ്മ പറഞ്ഞേക്കുന്നെ.
പടിഞ്ഞാറ് സൈഡെത്തിയപ്പോ മുകളിൽ ടെറസിൽ നിന്ന് സംസാരം കേട്ടു.
“എന്റെ പൊന്നെടാവ്വേ.. ഞാനീ പൂജയ്ക്കൊക്കെ വരുന്നതെന്തിനാന്നറിയാമോ? നമ്മള് സഹോദരങ്ങളെല്ലാം കൂടെ ഒന്ന് ഒത്തുകൂടുന്ന ദിവസം. അതെനിക്ക് മിസ്സ് ചെയ്യാൻ പറ്റുകേല. അതാ.”
ശബ്ദം താഴ്ത്തിയാണ് പറയുന്നത്. അതുകൊണ്ട് ആരാണെന്ന് മനസ്സിലാകുന്നില്ല.
“അതൊള്ളതാ ചേട്ടായി. എനിക്കും അങ്ങനാ. വിശ്വാസോം അതുമൊക്കെ ഒരു കാര്യം. പക്ഷേ നമ്മടെ ഈ ഒരു കൂട്ടായ്മേം സ്നേഹോം ഉണ്ടല്ലോ. അതെപ്പഴും ഇങ്ങനെതന്നെ വേണം. സത്യം പറഞ്ഞാൽ ഈ പൂജേടെയൊക്കെ ഒരു ഉദ്ദേശം തന്നെ അതാ, അല്ലേ? ചേട്ടായി പറ..”
സന്ദീപ് ചേട്ടന്റെ ശബ്ദം എനിക്ക് മനസ്സിലായി. ഞാൻ മൂക്ക് വിടർത്തി ശ്വാസമെടുത്തു. ബ്രാണ്ടീടെ മണം. അമ്പടാ! ഒരു ചെറിയ കല്ലെടുത്ത് മുകളിലേക്ക് എറിഞ്ഞിട്ട് ഞാനോടി.
കറങ്ങിത്തിരിഞ്ഞ് ചായ്പ്പിലെത്തുമ്പോ അവിടെ ഒരുക്കങ്ങൾ കാര്യമായിട്ട് നടക്കുവാണ്. നാരായണൻ മാമൻ പോളപ്പതം ഉണ്ടാക്കുന്നതിന്റെ പുറകിൽ ഞാൻ ചെന്നുനിന്നു. വാഴേടെ ഫ്രഷ്ഷു പോള ഒരിഞ്ച് കനത്തിൽ കീറി രണ്ടുമൂന്നടി നീളത്തിൽ മുറിച്ച പട്ടകൾ തലങ്ങും വിലങ്ങും വച്ച് കുറേ കള്ളികളുള്ള വലിയൊരു ചതുരമാക്കിയെടുക്കുന്നതാണ് പോളപ്പതം. ഒരു കാരംസ് ബോർഡിന്റെ അത്രേം വലിപ്പം കാണും. യക്ഷിയമ്മയ്ക്ക് പതിനാറു കള്ളികളുള്ള വലിയ പോളപ്പതവും മറുതയ്ക്ക് ഒൻപത് കള്ളിയുടെ ചെറിയ പോളപ്പതവും. അത് അവരുടെ മുന്നിൽ വച്ച് അതിലാണ് അരത്തം നേദിക്കുന്നത്.
നാരായണൻ മാമൻ സന്ധ്യയ്ക്ക് മുന്നേ എത്തിയതാണ്. പുള്ളീടെ വീട് ഇവിടുന്ന് ഒരര മണിക്കൂർ നടക്കാനുണ്ട്. നാരായണൻ മാമനാണ് പരദേവതകൾക്കുള്ള കള്ള് വാങ്ങാനുള്ള ഡ്യൂട്ടി. പുള്ളിയെ ആരും ഏൽപ്പിച്ചതൊന്നുമല്ല. എന്നാലും പുള്ളി എല്ലാക്കൊല്ലവും വരുന്ന വഴിക്ക് മറക്കാതെ അത് വാങ്ങിക്കോളും എന്നാണെല്ലാവരുടെയും വിശ്വാസം. പൂജേടെ അന്ന് നാരായണൻ മാമൻ കുളിച്ച് റെഡിയായി വെള്ളമുണ്ടും ഷർട്ടുമൊക്കെയിട്ട് നെറ്റിയിൽ നീളത്തോട് നീളം ഭസ്മക്കുറിയൊക്കെ തൊടും. എന്നിട്ട് രണ്ട് ലിറ്ററിന്റെ സോഡാ കിട്ടുന്ന വല്യൊരു പ്ലാസ്റ്റിക്ക് കുപ്പി കഴുകിയെടുത്ത് നേരെ ഷാപ്പിലോട്ട് നടക്കും. പുള്ളിക്ക് പറ്റുള്ള ഷാപ്പാണ് അതെന്നാണ് അഛൻ പറയാറ്. മാമൻ അവിടെ ചെന്ന് അത്യാവശ്യം മിനുങ്ങീട്ട് സോഡാക്കുപ്പിക്കാത്ത് നിറച്ച് കള്ളും വാങ്ങി സന്ധ്യയാകുമ്പഴേ ഇങ്ങെത്തും. നമ്മളെയൊക്കെ കാണുമ്പൊ ഒരു ചിരിയുണ്ട്.
“നാരായണോ.. കുംഭം ഉണ്ടോടാ?” രാമൻകുട്ടി ചിറ്റപ്പൻ ചോദിക്കും. അപ്പോ മാമന്റെ ചിരി പിന്നെയും വിടരും. പുള്ളി കക്ഷത്തിൽ വച്ചിരിക്കുന്ന കുപ്പിയുടെ അറ്റം തോർത്ത് ഒരല്പം മാറ്റി ചിറ്റപ്പനെ കാണിക്കും.
“നീ കുംഭം പുത്തിച്ചോടാ കഴുവേർടമോനേ?” മാമന്റെ ചിരി കാണുമ്പോ രാമൻകുട്ടി ചിറ്റപ്പൻ പിന്നെയും ചോദിക്കും.
“പിന്നേ! എനിക്കതല്ലേ പണി! ഒന്ന് പോ ചിറ്റപ്പാ!” നാരായണൻ മാമൻ കെറുവ് കാണിച്ച് കുപ്പിയുമായി ചായ്പ്പിലേക്ക് കയറി, ഒരു മൂലയ്ക്ക് കള്ള് ഭദ്രമായി വച്ചിട്ട് പോളപ്പതവും കുരുത്തോലത്തോരണവും ഈർക്കിൽ പന്തങ്ങളുമൊക്കെ ഉണ്ടാക്കാനുള്ള പണികൾ തുടങ്ങും. രാമൻകുട്ടി ചിറ്റപ്പൻ അപ്പോൾ പ്രധാന പന്തങ്ങൾക്കുള്ള കാപ്പിക്കമ്പുകൾ പുള്ളി എപ്പഴും കൂടെക്കൊണ്ടുനടക്കുന്ന പേനാക്കത്തി കൊണ്ട് മിനുക്കുകയായിരിക്കും.
ശരിക്കും രാമൻകുട്ടി ചിറ്റപ്പൻ എന്ന് ഞങ്ങൾ പിള്ളേരു സെറ്റടക്കം വിളിക്കുന്ന പത്തെഴുപത്തഞ്ച് വയസ്സുള്ള ആ മനുഷ്യൻ എന്റഛന്റേം ഈ നാരായണൻ മാമന്റേമൊക്കെ ചിറ്റപ്പനാണ്. എന്റെ വെല്ലിച്ചൻ കൃഷ്ണൻ വൈദ്യരുടേം നാരായണൻ മാമന്റെ അമ്മ വല്യപെണ്ണമ്മയുടെയും ഒക്കെ ഏറ്റവുമിളയ അനിയൻ. പക്ഷേ നാരായണൻ മാമനും രാമൻകുട്ടി ചിറ്റപ്പനുമൊക്കെ വല്യ പ്രായവ്യത്യാസം ഇല്ലാത്തതുകൊണ്ട് കൂട്ടുകാരെ പോലാ.
രാമൻകുട്ടി ചിറ്റപ്പൻ താമസിക്കുന്നതും ഇവിടെനിന്നും ഒന്നുരണ്ട് കിലോമീറ്റർ ദൂരെയാണ്. വരുന്ന വഴി തറവാടിനടുത്തുള്ള നാട്ടിലെ പ്രധാന അമ്പലത്തിൽ കേറി തൊഴുത് കുറിയൊക്കെ തൊട്ടാണ് ആശാനെന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന ചിറ്റപ്പൻ കളത്തിലിറങ്ങുക. പുള്ളി ആയ കാലത്ത് നാട്ടിലെ പിള്ളേരെ കോലൻ തുള്ളലും ശീതങ്കൻ തുള്ളലും പഠിപ്പിച്ചിരുന്നു.
“രമേശൻ വരാറായോടാ സുധാകരാ?” രാമൻകുട്ടി ചിറ്റപ്പൻ മിനുക്കിയ കാപ്പിപ്പിടിയിൽ പന്തം ചുറ്റുന്നതിനിടെ അകത്തോട്ട് ഉറക്കെ വിളിച്ചുചോദിച്ചു.
“എപ്പഴേ എത്തി. കൊച്ചേട്ടന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുവാ.”
രമേശൻ ചേട്ടൻ ഈ പറയുന്നപോലെ എന്റെ അഛന്റെ കസിനാണ്. പത്തുമുപ്പത് വയസ്സേയുള്ളെങ്കിലും ചിറ്റപ്പാന്നാണ് ഞാനൊക്കെ വിളിക്കേണ്ടത്. പക്ഷേ ചേട്ടാന്ന് വിളിച്ച് ശീലിച്ചുപോയി. പുള്ളിയാണ് ഇപ്പോ കുറേയായി എല്ലാ വർഷവും പൂജ ചെയ്യുന്നത്.
“ഈ പൂജാ പൂജാന്നൊക്കെ ഇപ്പഴല്ലേ ഈ പറയാൻ തുടങ്ങിയത്. ഞങ്ങളൊക്കെ പറഞ്ഞിരുന്നത് വെള്ളംകുടീന്നാ. അല്ലെങ്കിലെന്നാ, ഇത് പൂജയാണോ?” രാമൻകുട്ടി ചിറ്റപ്പൻ മുറുമുറുത്തു.
“എടാ മക്കളേ, ഈ പൂജാന്നൊക്കെ പറയുന്നത് ഒരു വേറെ സംഗതയാ. നമ്മളീ ചെയ്യുന്നത് നമ്മുടെ കാർന്നോന്മാർക്കും മറുതയ്ക്കും യക്ഷിക്കുമൊക്കെ ഇച്ചിരി കള്ളും തൊട്ടുനക്കാനുമൊക്കെ കൊടുത്ത് ഒന്ന് സുഖിപ്പിക്കുന്നു. നമ്മളു വീട്ടിലൊക്കെ ചെയ്യുന്നപോലെ ചുമ്മാ ഒരു രസത്തിനുള്ള പരിപാടി. ഇതിനൊക്കെ ആരേലും പൂജാന്ന് പറയുമോ? ഇത് വെള്ളംകുടീന്നാ പറയണ്ടെ.”
“ഓ, എനിക്കെന്നാ അറിയാൻ മേലാത്തതാണോ ചിറ്റപ്പാ?” നാരായണൻ മാമൻ വാഴപ്പോളകൾ ചേരുന്ന ജംഗ്ഷനുകളിൽ ചെറുതായി ചെരിച്ചു മുറിച്ച കുരുത്തോല കഷ്ണങ്ങൾ വിടർത്തി അമ്പിന്റെ വാലുപോലാക്കി കുത്തി നിർത്തുവായിരുന്നു. “ഞാനും അങ്ങനൊക്കെ തന്നെയാ പറഞ്ഞോണ്ടിരുന്നത്. ഇതിപ്പോ പറഞ്ഞും കേട്ടും അങ്ങ് ശീലമായിപ്പോയതല്ലേ.”
“എന്ത് ശീലം? ഇതൊക്കെ തോന്നിവാസമാണ്.” രാമൻകുട്ടി ചിറ്റപ്പൻ എന്തിനാ ദേഷ്യപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
“ഈ വെള്ളംകുടീന്നൊക്കെ പറേന്നതിലും ഒരു സ്റ്റൈലൊക്കെയില്ലേ ചിറ്റപ്പാ കർക്കിടക പൂജാന്നൊക്കെ പറയുമ്പൊ? ഏ?” നാരായണൻ മാമൻ രാമൻകുട്ടി ചിറ്റപ്പനെ കളിയാക്കുന്ന പോലെ ചിരിച്ചോണ്ട് ചോദിച്ചു.
“പ്ഫാ! കൊച്ചുകഴുവേർടമോനേ!”
രാമൻകുട്ടി ചിറ്റപ്പൻ പറയുന്ന കേക്കുമ്പൊ രമേശൻ ചേട്ടന്റെ സ്റ്റൈലൊന്നും പുള്ളിക്ക് ഒട്ടും ഇഷ്ടമല്ലാന്ന് തോന്നും. പണ്ട് ചിറ്റപ്പനായിരുന്നു ഈ പൂജയൊക്കെ ചെയ്തിരുന്നത്. അതിനും മുമ്പ് എന്റെ വെല്ലിച്ചൻ കൃഷ്ണൻ വൈദ്യരായിരുന്നു അതിനുള്ള ആള്. സാധാരണ കുടുംബത്തിലെ മൂത്ത കാർന്നോരാണ് എല്ലാക്കാലത്തും അതൊക്കെ ചെയ്തിരുന്നത്. മൂന്നാല് കൊല്ലം മുന്നെ ചിറ്റപ്പൻ ഒന്ന് കിടപ്പിലായ സമയം മുതലാണ് രമേശൻ ചേട്ടൻ പരിപാടി ഏറ്റെടുത്തത്. പിന്നെ ചിറ്റപ്പന്റെ പോന്നു. ഇത് രണ്ടുമൂന്ന് മണിക്കൂർ ഒറ്റയിരിപ്പ് ഇരിക്കേണ്ട പരിപാടിയാണേ.
രമേശൻ ചേട്ടൻ കരുവാറ്റയിൽ പോയി ഒരു വല്യ ജ്യോത്സ്യരുടെ വീട്ടിൽ താമസിച്ച് ജ്യോത്സ്യം പഠിച്ചയാളാണ്. വേറെ എങ്ങാണ്ടൂന്ന് പൂജാവിധികളും ഒക്കെ പഠിച്ചിട്ടുണ്ട്. ദൂരെയൊരു അമ്പലത്തിലെ പൂജാരിപ്പണിയുണ്ട് പുള്ളിക്ക്. രമേശൻ ചേട്ടനെ ആളുകൾ വീടുകളിൽ വിളിച്ച് വല്യ ഹോമങ്ങളും പൂജകളുമൊക്കെ ചെയ്യിക്കാറുണ്ട്. പലടത്തും പ്രശ്നോം ദേവപ്രശ്നോമൊക്കെ പറയാൻ പോകാറുമുണ്ട്. എപ്പൊ ഇവിടെ പൂജയ്ക്ക് വന്നാലും പുള്ളിക്ക് രണ്ട് അസിസ്റ്റന്റുമാരൊക്കെ ഉണ്ടാകും. നിവേദ്യപ്പായസം ഉണ്ടാക്കാനും രമേശൻ ചേട്ടനെ പൂജയ്ക്ക് സഹായിക്കാനും.
“ഇവനൊക്കെ ഓരോന്ന് കാണിച്ചുകൂട്ടുന്ന കാണുമ്പഴാ! എന്റെ പൊന്നു നാരായണാ, ഇവിടീ പരിപാടിക്ക് വെളീന്ന് വേറാരേലും ഉണ്ടായ ചരിത്രം നീ കേട്ടിട്ടുണ്ടോ? വെള്ളം കുടിക്ക് ആരേലും അറുനാഴിപ്പായസം വെച്ച കഥ കേട്ടിട്ടുണ്ടോ?” ആദ്യതവണ രമേശൻ ചേട്ടന്റെ അസിസ്റ്റന്റുമാർ ചായ്പ്പിനു പുറത്ത് ടാർപ്പായ കൊണ്ട് ഒരു താൽക്കാലിക തിടപ്പള്ളി ഉണ്ടാക്കി അതിനുള്ളിൽ അടുപ്പുകൂട്ടി ഓട്ടുരുളിയിൽ നിവേദ്യപ്പായസം ഇളക്കുന്നത് കണ്ടപ്പോൾ രാമൻകുട്ടി ചിറ്റപ്പൻ പല്ലുകടിച്ചു.
“കള ചിറ്റപ്പാ. അവൻ ഒത്തിരി പഠിച്ചതല്ലേ. ഇതൊക്കെ പറ്റുമായിരിക്കും.” നാരായണൻ മാമൻ സമാധാനിപ്പിച്ചു.
“ഉം.. പടവലങ്ങ പോലെ അവന്റമ്മേടെ പഠിത്തം!”
ആ കൊല്ലം പൂജ്.. വെള്ളംകുടി നടന്നതിന്റെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് പറമ്പിൽ തേങ്ങ പെറുക്കാൻ പോയ വെല്ലിമ്മച്ചി ഓടിക്കിതച്ചാണ് തിരിച്ചെത്തിയത്. വെല്ലിമ്മച്ചി പറമ്പിലേക്ക് ഇറങ്ങിപ്പോയ ഒറ്റയടിപ്പാത ആനമറുതയെ ഇരുത്തിയിരിക്കുന്നതിനു തൊട്ടടുത്തുകൂടിയായിരുന്നു നീണ്ടുകിടന്നിരുന്നത്. മറുതയുടെ കല്ലിനു ചുറ്റും പോളപ്പതവും പൂക്കളും കുരുത്തോലത്തോരണങ്ങളും കിടന്നിരുന്നു. തേങ്ങ പെറുക്കി തിരിഞ്ഞു നടക്കുമ്പോൾ വെല്ലിമ്മിച്ചിയുടെ മുതുകത്ത് ആരോ ചരലു വാരിയെറിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല. ചെരിപ്പിൽ നിന്ന് തെറിച്ചതാണെന്ന് വിചാരിച്ച് വെല്ലിമ്മച്ചി പിന്നെയും നടന്നപ്പോ പിന്നെയും പുറത്ത് ചരലു വീണു. പിന്നെ ചറുപറാ ചരലു വരികയായി. വെല്ലിമ്മച്ചി തേങ്ങയിട്ടിട്ട് ഓടി.
“വൈദ്യരുടെ അമ്മ മരിച്ചേപ്പിന്നെ ഈ വീട്ടിന്റെ നാഥയായി ഞാൻ ജീവിക്കാൻ തുടങ്ങീട്ട് പത്തറുപത് കൊല്ലമായി. എല്ലാം കണ്ടറിഞ്ഞേ ചെയ്തിട്ടുള്ളു. അന്നുമുതലിന്നു വരെ ഉള്ള കാലത്തിനിടയ്ക്ക് ആദ്യമായിട്ടാ എനിക്കിങ്ങനൊരു അനുഫവം.” വെല്ലിമ്മച്ചി പേടി കൊണ്ട് വിറയ്ക്കുവേം സങ്കടം കൊണ്ട് കരയുവേമായിരുന്നു.
പിറ്റേക്കൊല്ലം വെള്ളംകുടി കഴിഞ്ഞ് രാത്രി എല്ലാവരും കൂടെ തറവാട്ടിലെ ഹാളിൽ കൂടിയിരുന്ന് വർത്തമാനം പറയുമ്പോ രമേശൻ ചേട്ടൻ പറഞ്ഞു,
“നമുക്ക് യക്ഷിയമ്മേം മറുതാക്ഷിയേമൊക്കെ ഒന്ന് വൃത്തിക്ക് ഇരുത്തണ്ടേ? ഒരു തറയൊക്കെ കെട്ടി?”
“മറുതാക്ഷിയോ? മറുതേനെ കേറി മറുതാക്ഷീന്നൊക്കെ വിളിക്കാൻ നിന്റെ മടീലിരുത്തിയാണോ രമേശാ മറുതയ്ക്ക് പേരിട്ടെ?” രാമൻകുട്ടി ചിറ്റപ്പൻ ചൂടായി.
“ഇതൊക്കെ നമ്മളിടുന്ന പേരല്ലേ ചിറ്റപ്പാ, ഇവരൊക്കെ നമ്മടെ സ്വന്തം പരദേവതകളല്ലേ. ഈ പേരൊന്നും അവർക്കൊരു വിഷയമല്ല.” രമേശൻ ചേട്ടൻ സാത്വിക ഭാവത്തിൽ ഒരു പൂജ ചെയ്യുന്നപോലെ കൈകളൊക്കെ അനക്കി പറഞ്ഞു.
“നിന്റെ പേര് രമേശനെന്നല്ല, മണകൊണാഞ്ചനെന്നാണെന്ന് ഞാൻ നാളെ അങ്ങ് പറഞ്ഞാൽ നിനക്കത് ഇഷ്ടപ്പെടുമോ? എടാ ഇഷ്ടപ്പെടുമോന്ന്? പേരും ഊരുമൊക്കെ എല്ലാർക്കും ഒരു വിഷയമാണെടാവ്വേ.. അതിപ്പോ ദൈവങ്ങളാന്നേലും.”
“എന്റെ ചിറ്റപ്പാ അത് വിട്. നമുക്ക് കാര്യത്തിലോട്ട് വരാം. ഇവരെ ഇങ്ങനെ കാറ്റും മഴയുമൊക്കെ കൊള്ളാനായിട്ട് ചുമ്മാ അങ്ങ് ഇട്ടാൽ മതിയോ? ഇത്രേം ബുദ്ധീം കഴിവുമുള്ളവരായിട്ടും കലാകാരന്മാർ ഇഷ്ടം പോലുണ്ടായിട്ടും നമ്മുടെ കുടുംബത്തിലൊരാൾക്കും കാര്യമായിട്ട് അഭിവൃദ്ധി ഉണ്ടാകാത്തതെന്താ? ഇതൊക്കെ നമുക്ക് ആലോചിക്കണ്ടേ?”
“അല്ല രമേശാ,” സുധാകരൻ ചിറ്റപ്പൻ വിളിച്ചു. “പണ്ട് അഛൻ മരിച്ചുകഴിഞ്ഞപ്പോ മറ്റേ വസുപഞ്ചകം കാരണം പ്രശ്നം വച്ചതോർക്കുന്നുണ്ടോ?”
വസുപഞ്ചകം ഒരു മരണദോഷമാണെന്ന് അഛൻ പറഞ്ഞുതന്നിട്ടുണ്ട്. ഒരു പ്രത്യേക നാളിൽ ഒരാൾ മരിച്ചാൽ വല്യ താമസമില്ലാതെ ആ നാളുമായി വസുപഞ്ചകബന്ധമുള്ള അഞ്ച് നാളുകളിലായി കുടുംബത്തിലെ വേറെ ആളു്കളും മരിക്കും. അതൊഴിവാക്കാൻ നല്ല കടുകട്ടി ദോഷപരിഹാരമൊക്കെ ചെയ്യണം. വല്യച്ചൻ മരിച്ചതൊക്കെ എനിക്ക് ചെറിയ ഓർമ്മയുണ്ട്. കുറച്ചേതാണ്ട് മിനിട്ടുകൂടി കഴിഞ്ഞിരുന്നെങ്കിൽ വസുപഞ്ചകസമയം കഴിയുമായിരുന്നത്രെ. ഏതായാലും ദോഷം ഒഴിവാക്കാനായിട്ട് സഞ്ചയനത്തിന്റന്ന് വല്യ കർമ്മങ്ങളൊക്കെ ചെയ്തു. ആഞ്ഞിലിത്തടികൊണ്ട് കൈപ്പത്തി നീളത്തിൽ അഞ്ച് ആൾരൂപങ്ങൾ ഉണ്ടാക്കി, വെല്ലിച്ചനെ ദഹിപ്പിച്ചിടത്ത് അഞ്ച് കുഞ്ഞു ചിതകൾ നിരത്തിയുണ്ടാക്കി അതിൽവച്ച് അഞ്ച് കുടുംബാംഗങ്ങളാണെന്ന് സങ്കല്പിച്ച് ദഹിപ്പിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. അന്നത്തെ ദിവസം, ഓ! ഓർക്കാൻ മേല!
അതുവരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. നല്ല തെളിഞ്ഞ അന്തരീക്ഷമൊക്കെ ആയിരുന്നു. പക്ഷേ മുറ്റത്തുവച്ച് പിണ്ഡ കർമ്മങ്ങളൊക്കെ കഴിഞ്ഞ് രൂപങ്ങളെ അടക്കാനെടുത്തപ്പോ ആകാശമങ്ങ് ഭയങ്കരമായിട്ട് ഇരുണ്ടു. ഇരുണ്ടെന്ന് പറഞ്ഞാ, കാറുമൂടിയിട്ട് സന്ധ്യ കഴിഞ്ഞപോലെ. അത്രയ്ക്ക് ഇരുട്ട്. കാറ്റ് വീശിയിട്ട് മുറ്റത്തേം പറമ്പിലേമൊക്കെ മരങ്ങളെല്ലാം ഭ്രാന്തുപിടിച്ചപോലെ വട്ടം ചുറ്റുവായിരുന്നു. ജീവിതത്തി ഞാനത്രേം പേടിച്ചിട്ടില്ല. ഞാൻ മാത്രമല്ല, അവിടെ കൂടി നിന്ന വല്യവരും ചെറിയവരുമെല്ലാം അങ്ങ് ഒന്നാന്തരമായി പേടിച്ചു. ഒരുവിധപ്പെട്ടവരെല്ലാം ചാടി വീടിനാത്ത് കയറി. ഞാൻ ജനലീക്കൂടെ നോക്കുമ്പോ അനൂപ് ചേട്ടനും നാരായണൻ മാമനും കൂടി ഈ രൂപങ്ങളെ തെക്കേ പറമ്പിൽ ചിതയിൽ വയ്ക്കുവാ. രൂപങ്ങൾ എടുക്കുമ്പോ എല്ലാവരും ഉണ്ടായിരുന്നു. എന്നാ ഇപ്പൊ അവരു മാത്രമേയുള്ളു. ബാക്കി എല്ലാവരും പേടിച്ച് വലിഞ്ഞു. ചിതയ്ക്ക് ചുറ്റുമുള്ള മരവും മാലിപ്പുരയുമൊക്കെ ഇപ്പൊ അവരുടെ മുകളിലോട്ട് മറിഞ്ഞു വീഴുമെന്ന് തോന്നും.
അനൂപ് ചേട്ടൻ ചിതയ്ക്ക് തീകൊളുത്തുമ്പോ ജനലീക്കൂടി എന്റെ കവിളത്ത് ആദ്യത്തെ മഴത്തുള്ളി വീണു. വേദന കാരണം ഞാൻ ഞെട്ടിപ്പോയി. ഒറ്റ തുള്ളിയേൽ എന്റെ മുഖം കമ്പ്ലീറ്റ് നനഞ്ഞാരുന്നു. ചിതയ്ക്ക് തീപിടിച്ചു വരുമ്പോ മഴ ചറപറാന്ന് പെയ്യാൻ തുടങ്ങി. അങ്ങനത്തെ ഒരു കാറ്റും മഴയും അതീപ്പിന്നെ ഞാൻ കണ്ടിട്ടില്ല. നാരായണൻ മാമൻ പിടിച്ചു നിന്നിരുന്ന കുട മഴവെള്ളം വീണ് ഒടിഞ്ഞു. പിന്നെ അതിന്റെ ശീലയെല്ലാം കാറ്റത്ത് പറന്നുപോയി.
വീടിനകത്ത് ജനലീക്കൂടി ഇതെല്ലാം കണ്ടുനിന്ന ആളുകളെല്ലാവരും ഉറക്കെ നിലവിളിക്കുന്നുണ്ടാരുന്നു. ഞാനോർത്തു ചിതയെല്ലാം കെട്ടു പോകുമെന്ന്. ഇതിനിടെ ചിതയ്ക്ക് പടിഞ്ഞാറുവശത്ത് നിന്നിരുന്ന കമുക് വട്ടമൊടിഞ്ഞ് മാലിപ്പുരയെ തൊട്ടൂ തൊട്ടില്ലാന്ന് പറഞ്ഞ് വീണു. അപ്പോ നാരായണൻ മാമൻ വീട്ടിലോട്ട് തിരിച്ച് ഓടി വന്നു. എല്ലാവരും ജനലീക്കൂടി അനൂപ് ചേട്ടനെ ഉറക്കെ വിളിക്കുകയാണ്. ഇങ്ങനത്തെ പെരുമഴയത്ത് ആര് കേൾക്കാനാ! എന്നാലും, അനൂപ് ചേട്ടന്റെ ധൈര്യം എന്നാ ധൈര്യമാരുന്നു. പുള്ളി ചിത കത്തി തീരുന്നത് വരെ, മഴ ചാറി വീണിട്ട് തീ കുറയുമ്പോ നെയ്യും വിറകും ഇട്ടും പന്തം കൊണ്ട് പിന്നേം തീ കൊടുത്തും ആ കാറ്റത്തും മഴയത്തും അവിടെത്തന്നെ നിന്നു. അതിലൊക്കെ അത്ഭുതം, ചിത മുഴുവൻ കത്തിത്തീർന്നതും മഴയും കാറ്റും സ്വിച്ചിട്ട പോലെ നിന്നെന്നുള്ളതാ. ആ കാറ്റത്തും മഴയത്തും പറമ്പിലെ മൂന്ന് തെങ്ങും ഒരു ആഞ്ഞിലിയും ഒരു പ്ലാവും വട്ടമൊടിഞ്ഞു. പിറ്റേ ദിവസം പറമ്പ് കാണണമായിരുന്നു. യുദ്ധക്കളമായിരുന്നു.
“അന്നും ഈ ഒരു സജഷൻ വന്നാരുന്നു. പക്ഷേ ഗോവിന്ദൻ ജോത്സ്യര് താംബൂലപ്രശ്നോം മറ്റേ പ്രശ്നോമൊക്കെ വച്ചു പറഞ്ഞത് പരദേവതകൾക്ക് നമ്മള് ഇതുവരെ കൊടുത്തിരുന്നതൊക്കെ തുടർന്നും കഴിച്ച് ഇപ്പൊ ഇരിക്കുന്നപോലൊക്കെ തന്നെ അങ്ങ് കണ്ടിന്യു ചെയ്യുന്നതാ ഇഷ്ടം എന്നല്ലേ?”
അങ്ങനെയാണ് ആദ്യമായി രമേശൻ ചേട്ടൻ യക്ഷിക്കും മറുതയ്ക്കും അമ്പലം പണിയുന്ന കാര്യം പറഞ്ഞതും ആ ആലോചന അപ്പൊത്തന്നെ ഡ്രോപ്പ് ചെയ്തതും.
പക്ഷേ പിന്നെയും രമേശൻ ചേട്ടൻ ഇതേ കാര്യം പല പ്രാവശ്യം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
“ഈയിടെ നമ്മടെ കുടുംബത്തെക്കുറിച്ച് ഞാനൊന്ന് വിചാരിച്ചപ്പോ യക്ഷിയമ്മയ്ക്കും മറുതാക്ഷിക്കുമൊക്കെ ഒരു സ്ഥാനം നൽകണമെന്ന് തെളിഞ്ഞു ചേട്ടാ.” കഴിഞ്ഞ വെള്ളംകുടീടെ സമയത്ത് രമേശൻ ചേട്ടൻ അഛനോട് പറഞ്ഞു. അഛന് രമേശൻ ചേട്ടന്റെ അഭിപ്രായമൊന്നും അല്ലായിരുന്നു. തന്നേമല്ല, രമേശൻ ചേട്ടൻ പുള്ളീടടുത്ത് പ്രശ്നോം ഹോമോം ഒക്കെ നടത്താൻ വരുന്നവരെയൊക്കെ നമ്മടെ പറമ്പിലേക്ക് പറഞ്ഞുവിടുന്ന ഒരു പരിപാടി തുടങ്ങീട്ടുണ്ടായിരുന്നു. അവരു വന്ന് യക്ഷിക്കും മറുതയ്ക്കുമൊക്കെ തിരി കത്തിച്ച് പ്രാർത്ഥിച്ചിട്ട് പോകും. കണ്ടവരൊക്കെ നമ്മടെ പരദേവതകൾക്ക് വിളക്ക് വെക്കാൻ വരുന്നൂന്ന് പറഞ്ഞ് അഛനും ചിറ്റപ്പൻമാർക്കുമൊക്കെ നല്ല ദേഷ്യമായിരുന്നു.
“ഇതെന്നാ നാട്ടുകാർക്കെല്ലാം കൂടിവേണ്ടി ഇത് വല്യ അമ്പലമാക്കാനാണോ രമേശന്റെ ഉദ്ദേശം?” ഒരു സന്ധ്യയ്ക്ക് തറവാട്ടിൽ ചെന്നപ്പോ ഗായത്രി ചിറ്റമ്മ അമ്മയോടും അഛനോടും ചോദിച്ചു.
അതിന്റെ തലേ ആഴ്ച രമേശൻ ചേട്ടൻ സുധാകരൻ ചിറ്റപ്പനെ വിളിച്ചിട്ടുണ്ടായിരുന്നു. “നമ്മടെ മറുതാക്ഷിയേം യക്ഷിയമ്മേം ഇരിക്കുന്നതിനു ചുറ്റുമുള്ള ആ കപ്പയൊക്കെ അങ്ങ് പറിച്ചുകള ചേട്ടാ. വരുന്നവർക്ക് അതൊരു ദേവസ്ഥാനമാണെന്ന് കണ്ടാൽ തോന്നണ്ടേ.”
“അതെന്തിനാ രമേശാ.. ഇത്രനാളും അവരു അതിന്റെയൊക്കെ ഇടയ്ക്ക് തന്നല്ലേ ഇരുന്നത്. ആരായാലും അങ്ങനൊക്കെ തന്നെ കണ്ടാപ്പോരേ?” ചിറ്റപ്പൻ ചോദിച്ചു.
പക്ഷേ അതുകഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പൊ രമേശൻ ചേട്ടൻ രണ്ട് പണിക്കാരെ ഒക്കെ കൂട്ടിവന്ന് രണ്ട് കല്ലിന്റെയും ചുറ്റിനുമുള്ള കുറേ സ്ഥലം കപ്പയും കാടുമൊക്കെ പറിച്ച് വൃത്തിയാക്കിച്ചു.
“നമ്മുടെ പറമ്പും നമ്മടെ ദൈവങ്ങളുമൊക്കെ നമ്മുടേതല്ലാതായി പോകുമേ കൊച്ചേട്ടാ!” ഹോരാശാസ്ത്രം വായിച്ചിരുന്ന അഛനോട് ചിറ്റമ്മ പറഞ്ഞു.
പക്ഷേ ഈ തൊഴാൻ വരുന്നവർക്കൊക്കെ അതുകൊണ്ട് നല്ല ഫലം കിട്ടുന്നുണ്ടെന്ന് രമേശൻ ചേട്ടൻ പറഞ്ഞു തുടങ്ങിയപ്പോ അഛന്റെ ദേഷ്യമൊക്കെ കുറഞ്ഞു.
“നമ്മടെ യക്ഷിയമ്മേടേം മറുതാക്ഷീടേമൊക്കെ ശക്തി നമ്മള് വിചാരിക്കുന്നതുപോലൊന്നുമല്ല ചേട്ടാ. വിളിച്ചാൽ വിളിപ്പുറത്താ.” രമേശൻ ചേട്ടൻ കൈ നെഞ്ചിൽ ചേർത്ത് കൃഷ്ണമണിയൊക്കെ പുറകിലോട്ട് മറിച്ചു നിന്നോണ്ട് പറഞ്ഞു. നല്ല രസമുണ്ടായിരുന്നു അത് കാണാൻ.
അന്ന് രാത്രിയിലെ ചർച്ചയിൽ അതുവരെ തറയൊന്നും വേണ്ടാന്ന് പറഞ്ഞിരുന്ന അഛൻ വേണമെങ്കിൽ നമുക്ക് ഒരു പ്രശ്നോം കൂടി വെച്ചു നോക്കാം, ചിലപ്പോ തറ വേണമെങ്കിലോ എന്ന് പറഞ്ഞു.
“ഇവളിവിടേം വന്നോ! ഈ പെണ്ണിനേക്കൊണ്ട് തോറ്റല്ലോ!”
ദുഷ്ടൻ വിജയൻ മാമൻ പിന്നേം! എനിക്കങ്ങ് ദേഷ്യോം സങ്കടോമൊക്കെ വന്നു. ഇതിനു മുന്നേയുള്ള വർഷങ്ങളിലും ഇതൊക്കെ പതിവാ. ഒരുക്കങ്ങളിലെല്ലാം ഞാൻ ചെന്ന് ചാടും. അപ്പൊ ആരേലും വഴക്ക് പറയും. എന്നാലും ഞാൻ പിന്നെയും അതിലൊക്കെ തലയിടും. അതൊക്കെ എനിക്ക് ശീലമാ. ഇതിപ്പോ പക്ഷേ എന്തിനാന്നറിയില്ല, എനിക്ക് ഭയങ്കര വിഷമം വന്നു. എന്റെ കണ്ണീന്ന് കണ്ണീര് കുടുകുടാന്ന് ഒഴുകാൻ തുടങ്ങി.
“ആ, കള വിജയാ! അവളവിടെ നിന്നൂന്ന് വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഈ തറവാട്ടിലെ ഒറ്റ പെങ്കൊച്ചല്ലേ അവള്. അവളോട് ദേവതകൾക്കൊന്നും ഒരു പിണക്കോമുണ്ടാവത്തില്ല.” നാരായണൻ മാമൻ പോളപ്പതത്തേൽ തിരിവെക്കാനുള്ള വാഴയില നുറുക്കുകൾ ചതുരത്തിൽ മുറിച്ച് ഉണ്ടാക്കുന്നതിനിടെ പറഞ്ഞു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് ചിരിച്ചോണ്ട് കണ്ണിറുക്കി കാണിച്ചു,
“അല്ലേടി കാർത്ത്യായനീ!”
എനിക്ക് സങ്കടം മാറിയില്ല. ഞാൻ ആ ചായ്പ്പിന്റെ നിലത്തോട്ട് കുത്തിയിരുന്ന് വലിയ വായിൽ കരഞ്ഞു.
“പോട്ടെ, നിന്റെ അമ്മാവൻ ചുമ്മാ പറഞ്ഞതല്ലേ. നമുക്കവനിട്ട് നല്ല പെട കൊടുക്കാം.” രാമൻകുട്ടി ചിറ്റപ്പൻ പന്തമെല്ലാം ഒതുക്കിവച്ച് എഴുന്നേറ്റ് വന്നു. എന്നെ പിടിച്ചുപൊക്കിയിട്ട് അകത്തേയ്ക്ക് നടന്നു. ഏങ്ങലടിച്ച് കരഞ്ഞിട്ടായിരിക്കും, എനിക്ക് നെഞ്ചും വയറുമൊക്കെ വേദനിച്ചു. വേദന കാരണം ഞാൻ കൂനിയാണ് നടന്നത്.
അകത്ത് പിള്ളേരുസെറ്റ് അപ്പഴും പൂ നുള്ളുവായിരുന്നു. അങ്ങോട്ടാണ് രാമൻകുട്ടി ചിറ്റപ്പൻ എന്നേം കൊണ്ട് പോയത്.
“ഇതെന്നാ താമരയോ?” പത്രക്കടലാസേൽ കിടക്കുന്ന പൂക്കൾ കണ്ട് രാമൻകുട്ടി ചിറ്റപ്പൻ ചോദിച്ചു.
“ആ, അമ്പലക്കുളത്തീന്ന് പറിച്ചതാ.” അരുൺ മറുപടി പറഞ്ഞു.
“ഓ, അതിന്റെയൊക്കെ എന്നാ ആവശ്യമാടാ. നമുക്കിവടെ നമ്മടെ പറമ്പീത്തന്നെ ഉള്ള പൂക്കളൊക്കെ മതിയില്ലേ.” അതും പറഞ്ഞ് രാമൻകുട്ടി ചിറ്റപ്പൻ എന്നെ അവരുടെ അടുത്തിരുത്തി.
“രമേശൻ ചേട്ടൻ പറഞ്ഞിട്ടാ ചിറ്റപ്പാ.” അനൂപ് ചേട്ടനാണ് കാരണം പറഞ്ഞത്. അത് ഞാനും കേട്ടതാണ്. ഞങ്ങൾ മുറ്റത്തുനിന്ന് ചെത്തിപ്പൂവും തുളസിയുമൊക്കെ പറിക്കുകയായിരുന്നു.
“മക്കളേ, കുറച്ച് താമരപ്പൂ കൂടി വേണമല്ലോ പൂജയ്ക്കായിട്ട്.” രമേശൻ ചേട്ടൻ കാറിൽ വന്നിറങ്ങിയ പാടെ ഞങ്ങളെ കണ്ട് പറഞ്ഞു.
“ഓരോരോ പരിഷ്ക്കാരങ്ങള്!” എന്റടുത്തൂന്ന് എഴുന്നേൽക്കുന്നേനിടെ രാമൻകുട്ടി ചിറ്റപ്പൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.
ഞാനാണേൽ കണ്ണൊക്കെ തുടച്ച് മിണ്ടാതിരിക്കുകയായിരുന്നു. അങ്ങനിരിക്കുമ്പോ വയറ്റിൽ അള്ളിപ്പിടിക്കുന്നപോലൊരു വേദന.
അപ്പഴേക്കും അമ്പലത്തീന്ന് വെള്ളംകുടിക്കുള്ള സാധനങ്ങളുമായിട്ട് അഛനും രമേശൻ ചേട്ടനുമെത്തി. കുറേ വർഷമായിട്ട് വെള്ളംകുടിക്കുള്ള കുറേ സാധനങ്ങൾ അമ്പലത്തീന്നാണ് തരുന്നത്. അതിനൊരു കാരണമുണ്ട്. വെല്ലിമ്മച്ചി പറഞ്ഞുതന്ന കഥയാണ്.
പണ്ടുപണ്ട് ഒരു ഉത്സവസകാലത്ത് അമ്പലത്തീന്ന് ദേവി നാടുചുറ്റി പറയെടുക്കാനിറങ്ങി. കണിയാന്തറ തറവാടിന്റെ മുന്നിലെ വഴിയിലെത്തിയപ്പോൾ ദേവിയുടെ തിടമ്പുമായിട്ട് വന്ന ആന അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നമട്ടിൽ ഒറ്റ നിൽപ്പായി. മുറ്റത്തിന്റെ അതിരീന്ന് വഴീലേക്ക് ചാഞ്ഞുനിൽക്കുന്ന പാലയുടെ തണലിൽ അതങ്ങനെ അങ്ങ് നിക്കുവാ. പാപ്പാൻമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആന അനങ്ങുന്നില്ല. എന്ത് ചെയ്യുമെന്ന് വിഷമത്തിലായി എല്ലാവരും. അപ്പോ കൂടെയുണ്ടായിരുന്ന വെളിച്ചപ്പാട് പെട്ടെന്ന് ഉറഞ്ഞുതുള്ളി അലറിക്കൊണ്ട് അമ്പലത്തിലോട്ട് തിരിച്ചോടി. അമ്പലത്തിച്ചെന്ന വെളിച്ചപാട് ഉറഞ്ഞോണ്ട് നടയ്ക്ക് ആഞ്ഞൊരു വെട്ടുവെട്ടി. അപ്പഴുണ്ട് അതിരേ നിന്ന പാലയുടെ വഴിയിലേക്ക് ചാഞ്ഞുനിന്ന ഒരു വല്യ കൊമ്പ് അങ്ങ് ഒടിഞ്ഞുവീണു. കൊമ്പ് ഒടിഞ്ഞുവീണതും ആന പ്രത്യേകിച്ചൊന്നും അവിടെ സംഭവിച്ചതേയില്ലാത്ത പോലെ മുന്നോട്ട് നടക്കാൻ തുടങ്ങി.
എല്ലാരും വിചാരിച്ചു എല്ലാം ഓക്കേ ആയെന്ന്. പക്ഷേ അതുകഴിഞ്ഞ് അമ്പലത്തിൽ വല്യ വല്യ ദുഃശകുനങ്ങളൊക്കെ കാണാൻ തുടങ്ങി. ഒടുക്കം ദേവപ്രശ്നം വച്ചപ്പഴല്ലേ മനസ്സിലായത്. അന്ന് കൊമ്പൊടിഞ്ഞുവീണ പാലയിൽ കണിയാന്തറ വീടിന്റെ കാലയക്ഷി ഇരുന്ന് മുടി ചിക്കുവായിരുന്നു. യക്ഷിയമ്മേടെ പനങ്കുല പോലത്തെ നീണ്ട മുടി വഴി മുട്ടി അങ്ങനെ കിടക്കുമ്പഴാണ് അമ്പലത്തീന്ന് ദേവി അതിലേ വരുന്നത്. യക്ഷിയമ്മേടെ മുടി കാരണം ദേവിക്ക് പോകാൻ വയ്യാതായിട്ടാണ് ആന അനങ്ങാതിരുന്നത്. കൊമ്പ് ഒടിഞ്ഞു വീണപ്പോ പെട്ടെന്ന് കാര്യം മനസ്സിലായ യക്ഷിയമ്മ പാലയിൽ നിന്നിറങ്ങി വഴിയൊഴിഞ്ഞു കൊടുത്തു. പക്ഷേ സംഗതി രണ്ടുപേരും പരാശക്തിയുടെ രണ്ട് രൂപങ്ങളാണല്ലോ. ഒരാൾ മറ്റൊരാൾക്ക് വഴിയൊഴിഞ്ഞ് കൊടുക്കുന്നത് കുറച്ചിലാണ്. അങ്ങനെ മാനക്കേട് പറ്റിയ യക്ഷിയമ്മേടെ ദേഷ്യവും സങ്കടവുമൊക്കെയാണ് അമ്പലത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഇത് മനസ്സിലായേപ്പിന്നെ, പരിഹാരമെന്ന നിലയ്ക്ക് അമ്പലത്തീന്ന് കണിയാന്തറ വീട്ടിലേക്ക് എല്ലാ കർക്കിടക സംക്രാന്തിക്കും യക്ഷിയമ്മയ്ക്ക് വെള്ളംകുടി വയ്ക്കാനുള്ള സാധനങ്ങൾ തരാൻ തുടങ്ങിയിരുന്നു. പിന്നെ എപ്പോഴോ ആ പതിവ് നൂറ്റാണ്ടുകളോളം നിന്നുപോയി. ഒടുവിൽ പത്തിരുപത് വർഷം മുൻപ് അമ്പലത്തിൽ നടന്ന ദേവപ്രശ്നത്തിൽ ഈ കഥ പിന്നേം പുറത്തുവന്നതിൽപ്പിന്നെയാണ് ആ പതിവ് വീണ്ടും തുടങ്ങിയത്.
വയറുവേദന കൂടിയപ്പോ ഞാൻ അകത്തൊരു മുറിയിൽ ചെന്ന് കിടന്നു. എനിക്ക് പിന്നേം സങ്കടം വരുന്നുണ്ടായിരുന്നു. എല്ലാരും അപ്രത്തും ഇപ്രത്തുമൊക്കെ വല്യ പരിപാടിയിലാണ്. അടുക്കളേന്നും ചായ്പ്പീന്നും ഉമ്മറത്തൂന്നുമൊക്കെ ആളുകൾടെ ശബ്ദം കേൾക്കാം. എന്റെ കണ്ണ് നിറഞ്ഞൊഴുകുവായിരുന്നു.
ഏതാണ്ട് വല്യ ഒച്ചപ്പാടൊക്കെ കേട്ടാണ് ഞാനെണീറ്റത്. അങ്ങനെ കിടന്നങ്ങ് മയങ്ങിപ്പോയാരുന്നു. പുറത്ത് രാമൻകുട്ടി ചിറ്റപ്പന്റെ ശബ്ദം കേൾക്കാം. വഴക്കാണോ? ഞാൻ ചാടിയെഴുന്നേറ്റു. അമ്മേന്ന് വിളിച്ച് വയറുപൊത്തിക്കൊണ്ട് തിരിച്ചങ്ങ് ഇരുന്നുപോയി. അടിവയറ്റിൽ കൊളുത്തിട്ട് പിടിച്ചപോലെ. ഒന്നുരണ്ട് മിനിട്ട് അങ്ങനങ്ങ് ഇരുന്നിട്ടാണ് എഴുന്നേറ്റത്. തൊട്ടപ്പുറത്തെ ഹാളിൽ നിന്നാണ് ശബ്ദം. വയറ്റിൽ അമർത്തിപ്പിടിച്ചോണ്ട് ഞാൻ ശ്രദ്ധിച്ചു.
“രമേശാ നിനക്കിതിന്റെ പൊരുള് വല്ലതും അറിഞ്ഞിട്ടാണോ? കോഴീടേം കിഴങ്ങിന്റേം പരിപാടി നീ നിർത്തിച്ചു. ഇനിയിപ്പൊ കുംഭം കൂടി നിർത്തിച്ചാൽ പിന്നെ ഇതെന്തോന്ന് വെള്ളം കുടിയാടാ?”
സംഭവം വഴക്കൊന്നുമല്ലായിരുന്നു. എന്നാ വഴക്ക് പോലെ ആയിരുന്നുതാനും. പണ്ട് വെള്ളം കുടിക്ക് കോഴിയെ അറക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വീട്ടിലെ ഏറ്റവും നല്ല പൂവൻകോഴിയെ ആയിരിക്കും അറക്കുക. അതിനായിട്ടുള്ള കോഴിയെ പ്രത്യേകം വളർത്തുമായിരുന്നു. അവനായിരിക്കും അതുവരേയ്ക്കും വീട്ടിലെ കോഴിപ്പടയുടെ രാജാവ്. വെള്ളംകുടീടെ സമയത്ത് അവന്റെ കഴുത്തറത്ത് യക്ഷീടേം മറുതേടേം അങ്ങനെ എല്ലാ കല്ലുകളിലും ചോര ഇറ്റിക്കും. ഒപ്പം ആ കൊല്ലം പറമ്പിലുണ്ടായ ഏറ്റവും നല്ല കപ്പയും കാച്ചിലും ചെറുകിഴങ്ങുമൊക്കെ വെട്ടിയിട്ട് ചെണ്ടൻ പുഴുങ്ങിയതും സമർപ്പിക്കും. കഴുത്തറുത്ത കോഴിയെ അപ്പൊത്തന്നെ മുകളിൽ തറവാട്ടിലേക്ക് കൊടുത്തയക്കും. തറവാട്ടിൽ കാത്തിരിക്കുന്ന പെണ്ണുങ്ങൾ അപ്പോഴേക്കും വറുത്തരച്ച കോഴിക്കറിക്ക് വേണ്ട ഒരുക്കുകളെല്ലാം നടത്തിയിട്ടുണ്ടാവും. ആണുങ്ങൾ തിരിച്ചെത്തിക്കഴിഞ്ഞാൽ ആ കോഴിക്കറിയും കിഴങ്ങ് പുഴുങ്ങിയതും കൂട്ടി എല്ലാവരും ഭക്ഷണം കഴിക്കും. കുടിക്കുന്ന കാർന്നോന്മാരെല്ലാം കൂടി നേദിച്ചതിന്റെ ബാക്കി കള്ള് പങ്കുവയ്ക്കും.
എന്റെ വെല്ലിച്ചൻ കൃഷ്ണൻ വൈദ്യർ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ചികിത്സേം പ്രശ്നംവെപ്പും പാർട്ടി മീറ്റിംഗുമൊക്കെ കഴിഞ്ഞ് പാതിരായാകുമ്പൊ ‘വെല്ലിച്ചന്റെ പട്ടിക്കണ്ടന്മാരുറങ്ങിയോ’ എന്നും ചോദിച്ച് വെളുക്കെ ചിരിച്ചോണ്ട് കേറിവരുന്ന വെല്ലിച്ചനെ എനിക്കോർമ്മയുണ്ട്. വെല്ലിച്ചൻ ഭയങ്കര പാവമായിരുന്നു. വെല്ലിച്ചന്റെ കാലമായപ്പോ വെള്ളംകുടിക്ക് കോഴിയെ കഴുത്തറുക്കുന്നത് നിർത്തി. കൊല്ലാൻ വെല്ലിച്ചനു മടിയായിരുന്നു. പകരം കോഴിയുടെ പൂവ് ഇച്ചിരി ചെത്തും, എന്നിട്ട് ആ ചോര ഇറ്റിക്കും. കോഴിയെ കൊന്ന് കറിവയ്ക്കാൻ കൊടുക്കുന്നത് മുകളിൽ ചെന്ന് അനൂപ് ചേട്ടനോ സുധാകരൻ ചിറ്റപ്പനോ വല്ലതുമായിരിക്കും.
വെല്ലിച്ചനും വെല്ലിച്ചനുശേഷം രാമൻകുട്ടിചിറ്റപ്പനും ആ പതിവ് തുടർന്നുപോന്നു. രമേശൻ ചേട്ടൻ വന്നതിൽ പിന്നെയാണ് അത് പൂർണമായും നിർത്തി, ചുണ്ണാമ്പും മഞ്ഞളും മലരുമൊക്കെ കലക്കി ചോര പോലാക്കിയ അരത്തം മാത്രമായി കാഴ്ച വയ്ക്കുന്ന പരിപാടി തുടങ്ങിയത്.
“ഞാൻ പറഞ്ഞൂന്നേയുള്ളു. എന്നായാലും പണ്ടാരാണ്ട് തുടങ്ങിവച്ചൂന്ന് വച്ച് ഈ കോഴീം കള്ളും കിഴങ്ങുമൊക്കെ ഒരു ശരിയായ ഏർപ്പാടല്ല ചിറ്റപ്പാ. ഒന്നുമില്ലേലും ദൈവങ്ങളല്ലേ അവര്. അങ്ങനെതന്നെ അവരെ നമ്മള് കാണണ്ടേ.”
“ഇത് നിന്റെ അമ്പലത്തിലെ അത്താഴപൂജ അല്ല രമേശാ. കണിയാന്തറേലെ ദൈവങ്ങളൊക്കെ ഇങ്ങനാ. യക്ഷീം മറുതേമാ. അല്ലാതെ പാർവതീം സരസ്വതീമല്ല. നീ പഠിച്ചിട്ട് വന്നതൊക്കെ അങ്ങ് നിന്റെ പരണത്ത് തന്നെ വച്ചാ മതി.” രാമൻകുട്ടി ചിറ്റപ്പൻ കട്ടായം പറഞ്ഞു. പിന്നെ അനക്കമൊന്നും കേട്ടില്ല.
ഞാൻ പയ്യെ കൂനിക്കൂനി എഴുന്നേറ്റ് ചെല്ലുമ്പോ ഈറ്റക്കുട്ടകളിൽ നിറച്ച സാധനങ്ങളുമായി ആളുകൾ ചായ്പ്പിൽ നിന്നിറങ്ങി വീടിനു പുറകിലെ ഇരുളിലേക്ക് പന്തങ്ങളുമായി വരിവരിയായി ഇറങ്ങുകയായിരുന്നു. രാമൻകുട്ടി ചിറ്റപ്പൻ മുതൽ ആറു വയസ്സുകാരനായ കിച്ചു വരെ തറവാട്ടിലെ എല്ലാ ആണുങ്ങളുമുണ്ട്. അവസാനത്തെ ആളും ചായ്പ്പിനപ്പുറത്തെ ഇരുട്ടിൽ മറയുന്നത് ഞാൻ നോക്കി നിന്നു. പിന്നെ ആ പുറകെ ഞാനുമിറങ്ങി.
ആനമറുതയെ ഇരുത്തിയിരിക്കുന്ന തട്ടിൽ ഇരുട്ടിന്റെ മറപറ്റി ഞാൻ നിന്നു. പേടിയുണ്ടായിരുന്നു, ആ പേടി ഒരു ധൈര്യം പോലെ ആയിരുന്നു. നെഞ്ച് പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു.
അവർ താഴെ മൂന്നാമത്തെ തട്ടിലാണ്. ആദ്യം യക്ഷിയമ്മയ്ക്കും ടീംസിനും വെള്ളംകുടി വച്ചുകഴിഞ്ഞാണ് ആനമറുതയ്ക്ക് വയ്ക്കുക. ഇവിടെനിന്ന് മരങ്ങൾക്കും കാടിനുമിടയിലൂടെ നോക്കുമ്പോൾ ആ കട്ടപിടിച്ചപോലുള്ള ഇരുട്ടിൽ, ഏഴിലം പാലയുടെ ചുവട്ടിൽ കുത്തിനിർത്തിയ പന്തങ്ങളുടെ തീവെട്ടത്തിൽ കുറേയാളുകൾ വട്ടം കൂടി നിൽക്കുന്നു. നടുവിൽ രമേശൻ ചേട്ടനാവണം, കുരുത്തോലപ്പന്തലിൽ ഇരുന്ന് കൈകളുയർത്തിയും വട്ടം കറക്കിയുമൊക്കെ എന്തൊക്കെയോ ചെയ്യുന്നു, ഇടയ്ക്ക് പന്തങ്ങളിലേയ്ക്ക് തെള്ളിപ്പൊടി വാരിയെറിഞ്ഞ് അതിനെ ആളിക്കുന്നു.
നോക്കി നിൽക്കെ എനിക്ക് അടിവയറ് കടഞ്ഞു. വേദനകൊണ്ട് ഞാൻ താഴേക്ക് കുത്തിയിരുന്നു. മൂത്രമൊഴിക്കാൻ മുട്ടുന്നപോലെ. പാവാട പൊക്കി ഷഡി കുറച്ചൂരി ആ ഇരുപ്പിലിരുന്ന് ഞാൻ മൂത്രമൊഴിക്കാൻ മുക്കി. താഴെ രമേശൻ ചേട്ടൻ എന്തൊക്കെയോ മന്ത്രമുരുവിടുന്നത് അവ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു. പുള്ളി എഴുന്നേറ്റ് കൈയ്യിലൊരു വലിയ പന്തവുമായി ഏഴിലം പാലയ്ക്ക് വലം വച്ചു, എന്നിട്ട് മുന്നിൽ വന്നുനിന്ന് പുറകീന്ന് സഹായി നീട്ടിയ തെള്ളിപ്പൊടി ഉയർത്തിപ്പിടിച്ച പന്തത്തിലേക്ക് ആഞ്ഞെറിഞ്ഞു. ആളിയ തീ മുകളിലേയ്ക്ക് അങ്ങ് കേറിപ്പോകുവാണോന്ന് എനിക്ക് തോന്നിപ്പോയി. അത് ശരിക്കും മുകളിലേക്ക് കേറിപ്പോകുവായിരുന്നു. പക്ഷേ തീ ഇല്ലായിരുന്നു, തീയുടെ വെട്ടം മാത്രം പാലയുടെ തുഞ്ചം നോക്കി കേറി പോയി. അടിവയറ്റിലെ വേദന സഹിക്കവയ്യാതെ ഞാൻ ചുണ്ട് കടിച്ചുപിടിച്ചു. മുകളിലേക്ക് പൊത്തിപ്പിടിച്ചു കേറിയ വെട്ടത്തിൽ പാലയുടെ തുഞ്ചം കൊമ്പുകളും ഇലകളും സഹിതം ഞാൻ കണ്ടു. ഒരു നിമിഷം തുഞ്ചത്ത് പറ്റിപ്പിടിച്ചുനിന്ന വെട്ടം ആകാശത്തേക്ക് കടന്ന് ഇരുട്ടിൽ പെട്ടെന്ന് അലിഞ്ഞില്ലാതായപ്പോൾ എനിക്ക് മൂത്രം വന്നു. മൂത്രത്തിൽ പരിചയമില്ലാത്തൊരു വഴുക്കൽ അറിഞ്ഞു വരുമ്പോഴേക്ക് വെട്ടം കടന്നുപോകുന്ന പാലയുടെ തലപ്പ് പുറകിലെ അരണ്ട ആകാശത്തിനെതിരെ മുടിയഴിച്ചിട്ട് നിൽക്കുന്ന ഒരു പെണ്ണിനെപ്പോലെ എനിക്ക് തോന്നിയിരുന്നു. നിറഞ്ഞ കണ്ണിൽ കൂടി നോക്കുമ്പോൾ അവ്യക്തമാവുന്ന കാഴ്ച പോലെ പെണ്ണ് ആകാശത്ത് ഇളകിയപ്പോൾ എന്റെ മുഖത്തിനു തൊട്ടുമുന്നിൽ കൂടി ആരോ പെട്ടെന്ന് കടന്നുവരുന്നപോലെ ഒരു കാറ്റ് ഭും എന്ന് അടിച്ചു. കണ്ണ് മറിഞ്ഞ് ഞാൻ പുറകിലേക്ക് ചാഞ്ഞു.
“ഉയ്യോ, കാർത്ത്യായനിയല്ലേ കിടക്കുന്നെ!”
ആരോ പറയുന്നുണ്ടായിരുന്നു. എന്റെ മുഖത്ത് വെള്ളം വീണു. നാരായണൻ മാമൻ മുഖത്തെ വെള്ളം തുടച്ച് പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തുമ്പോൾ പന്തങ്ങളുടെ വെട്ടത്തിൽ ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് ഞാൻ കണ്ടു. ആനമറുതയെ ഇരുത്തിയിരിക്കുന്ന തെങ്ങിൻ ചോട്ടിലാണ് ഞാൻ ഇരിക്കുന്നതെന്നും ഞാനറിഞ്ഞു.
“ഇവളിതെങ്ങനെ ഇവടെത്തി?” ആരോ ചോദിച്ചു.
“അതൊക്കെ പിന്നെ നോക്കാം. കൊച്ചിനെ ആദ്യം മോളിലെത്തിക്കാൻ നോക്ക്, ചടങ്ങ് മുടങ്ങണ്ട.” രാമൻകുട്ടി ചിറ്റപ്പന്റെ ശബ്ദം.
അനൂപ് ചേട്ടൻ എന്നെയുമെടുത്ത് കിരൺ കാട്ടിയ പന്തത്തിന്റെ വെളിച്ചത്തിൽ നടക്കാൻ തുടങ്ങിയപ്പോ പിന്നീന്ന് ആരോ ചോദിക്കുന്നത് ഞാൻ കേട്ടു,
“ഇതെവിടുന്നാ മറുതേടെ മോളിൽ ചോര?”
2014, ജൂലൈ 17, വ്യാഴാഴ്‌ച
ഒരു വണ്‍വേയാത്രയുടെ തിരുനോവുകള്‍
ഒരു എയ്ത്തുനക്ഷത്രപ്പൊലിയുടെ
ദൂരത്തെയും അപ്രതിരോധ്യതയെയും
കാലത്തെയും മടക്കമില്ലായ്മയെയും
കുറിച്ചെനിക്കറിയാം.
അതിനുശേഷം,
അതിന്റെ ആകാശം ഇരുളായിരിക്കും.
ആ നക്ഷത്രവീഴ്ചയുടെ ദിശാനീളസമയമിടം
എന്നേക്കുമായായിരുൾശൂന്യതയിൽ,
ദുഖ:ഭരിതമായൊരു മൗനത്തിന്റെ,
അദൃശ്യമായ ഒപ്പായിക്കിടക്കും.
ഒരു ചില്ലയിലുരുമ്മിയിരുന്ന
രണ്ട് അപ്പൂപ്പൻതാടിമരവിത്തുകളുടെ
ഘനസാന്ദ്രതകളെ തോൽപ്പിച്ച,
നിറവും ഭാരവും രുചിയുമില്ലാത്ത
നേർത്തു വെളുത്ത രോമങ്ങളെയും
എനിക്കു തിരിച്ചറിയാം.
ചില്ലയും ഞെടുപ്പുകളും
സ്പർശ്ശവും സാമീപ്യവും,
ഹൃദയങ്ങൾപോലെ ഘനംതൂങ്ങിയ,
കാറ്റിൽ പരസ്പരം നഷ്ടമായ വിത്തുകളുടെ,
വിസ്മൃതിപ്പെടാത്ത മറവികളാകും.
പുഴ കെട്ടിക്കിടക്കുകയും
തിരിച്ചൊഴുകുകയുമില്ല,
എന്നും അറിയാം.
എങ്കിലും,
ഒരുവേള പുഴയേ!
ദൂരത്തെയും അപ്രതിരോധ്യതയെയും
കാലത്തെയും മടക്കമില്ലായ്മയെയും
കുറിച്ചെനിക്കറിയാം.
അതിനുശേഷം,
അതിന്റെ ആകാശം ഇരുളായിരിക്കും.
ആ നക്ഷത്രവീഴ്ചയുടെ ദിശാനീളസമയമിടം
എന്നേക്കുമായായിരുൾശൂന്യതയിൽ,
ദുഖ:ഭരിതമായൊരു മൗനത്തിന്റെ,
അദൃശ്യമായ ഒപ്പായിക്കിടക്കും.
ഒരു ചില്ലയിലുരുമ്മിയിരുന്ന
രണ്ട് അപ്പൂപ്പൻതാടിമരവിത്തുകളുടെ
ഘനസാന്ദ്രതകളെ തോൽപ്പിച്ച,
നിറവും ഭാരവും രുചിയുമില്ലാത്ത
നേർത്തു വെളുത്ത രോമങ്ങളെയും
എനിക്കു തിരിച്ചറിയാം.
ചില്ലയും ഞെടുപ്പുകളും
സ്പർശ്ശവും സാമീപ്യവും,
ഹൃദയങ്ങൾപോലെ ഘനംതൂങ്ങിയ,
കാറ്റിൽ പരസ്പരം നഷ്ടമായ വിത്തുകളുടെ,
വിസ്മൃതിപ്പെടാത്ത മറവികളാകും.
പുഴ കെട്ടിക്കിടക്കുകയും
തിരിച്ചൊഴുകുകയുമില്ല,
എന്നും അറിയാം.
എങ്കിലും,
ഒരുവേള പുഴയേ!
2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച
നിന്നെയുമെന്നെയും കുറിച്ച് ചില ഭ്രാന്തന്‍ സങ്കല്പങ്ങള്‍
അനുപൂരണം
ഞാന്‍ പ്രപഞ്ചത്തിന്റെ ഒരു തുണ്ട്,
സ്ഥലകാലത്തിന്റെ ഒരു കുമിള.
ഞാൻ ധാതു,
ഒരു മരത്തിന്‍ വേരോട്ടത്തിനുമാത്രം മണ്ണ്
ഒരു മരത്തിന്‍ ശിഖരവിരിവിനുമാത്രം ആകാശം
ഒരു മരത്തിന്‍ ശ്വാസത്തിനുമാത്രം വായു
ഒരു മരത്തിന്‍ തുഞ്ചിലത്തുമ്പുവരെമാത്രം ജലം
ഒരു മരത്തിന്‍ അന്നപാകത്തിന്‍മാത്രം അഗ്നി.
ഞാന്‍ ഋതു,
ഒരു മരത്തിനു നനയുവാന്‍ മാത്രം മഴ
ഒരു മരത്തിനു പൂക്കുവാന്‍ മാത്രം വസന്തം
ഒരു മരത്തിനു കായുവാന്‍ മാത്രം ഗ്രീഷ്മം
ഒരു മരത്തിനു കൊഴിയുവാന്‍ മാത്രം ശിശിരം.
ഞാന്‍ ദിനസരിയിടം,
ഒരു മരത്തിന് ഉറങ്ങുവാന്‍ മാത്രം രാത്രി
ഒരു മരത്തിന് ഇളവേല്‍ക്കാന്‍ മാത്രം പകല്‍
ഒരു മരത്തിന് വളര്‍ന്നൊടുങ്ങുവാന്‍ മാത്രം കാലം
ഒരു മരത്തിന് പടര്‍ന്നിളകുവാന്‍ മാത്രം അന്തരീക്ഷം.
നിന്റെ നിശ്വാസം ശ്വസിച്ച് ഞാനും
എന്റെ നിശ്വാസം ശ്വസിച്ച് നീയും,
നിന്നെ ആഹരിച്ച് ഞാനും
എന്നെ ആഹരിച്ച് നീയും,
പ്രകൃതിയുടെ ഉത്തമസമവാക്യത്തിന്‍
ഇരുവരകള്‍ക്കിരുപുറങ്ങള്‍.
നീയും ഞാനും
ഞാനൊരു കുന്നിന്മുകളിലായിരുന്നു
താഴ്വാരം നീയായിരുന്നു
ചുരവും നീയായിരുന്നു
ഇറങ്ങുകയല്ലാതെ
മാര്‍ഗമില്ലായിരുന്നു
ആഴങ്ങളുടെ
ആത്മഹത്യാപ്രലോഭനം
അസ്ഥിയുരുക്കുന്നതായിരുന്നു
നിന്നിലൂടെ,
നിന്നിലേയ്ക്കിറങ്ങുകയായിരുന്നു
വഴി ദുര്‍ഘടമായിരുന്നു
വഴിനീളെ നീ കൂര്‍ത്തമുള്ളായും,
വിഷം പേറിയ കല്ലുകളായും..
നിന്നിലൂടെ നടന്നിറങ്ങിയാലും
നിന്നില്‍ തട്ടി മറിഞ്ഞുവീണാലും
എത്തുന്നത് നിന്നില്‍ത്തന്നെയായിരുന്നു
നടന്നും വീണും
നിണമൊലിച്ചും
നൊന്തും
നീരും നേരവും നീന്തി
താഴ്വരയിലെത്തി,
നീ കുന്നിന്മുടിയായിരുന്നു
നിന്നിലേക്കുള്ള കയറ്റവും
നീതന്നെയായിരുന്നു.
ഭ്രഷ്ട്
നീയൊരു ഭൂമിക
കടലും കരയും
മരുവും മഴക്കാടും
മഞ്ഞും മണലും
കലരുന്നിടം.
നീ
വസന്തവും
ശിശിരവും
വര്‍ഷവും
ഗ്രീഷ്മവും
വരിതെറ്റി
വരുന്നിടം.
മരിയാനയും
എവറസ്റ്റും
തൊട്ടുകിടക്കും,
മധ്യരേഖ
കടന്നുപോകും
ധ്രുവം.
നീ
ഭൂമിയുടെ
ചെറുപതിപ്പ്.
നിന്നിലെന്നിട-
മില്ലായ്മതൻ
നിമിഷം മുതല്‍
ഞാന്‍ നെറ്റിക്കല്ല്
പറിഞ്ഞവന്‍,
ഉഷ്ണത്തിന്റെ കുഞ്ഞ്,
അലയുന്ന ചൂള.
ഭ്രഷ്ട്, മരണം!
ഞാന്‍ പ്രപഞ്ചത്തിന്റെ ഒരു തുണ്ട്,
സ്ഥലകാലത്തിന്റെ ഒരു കുമിള.
ഞാൻ ധാതു,
ഒരു മരത്തിന്‍ വേരോട്ടത്തിനുമാത്രം മണ്ണ്
ഒരു മരത്തിന്‍ ശിഖരവിരിവിനുമാത്രം ആകാശം
ഒരു മരത്തിന്‍ ശ്വാസത്തിനുമാത്രം വായു
ഒരു മരത്തിന്‍ തുഞ്ചിലത്തുമ്പുവരെമാത്രം ജലം
ഒരു മരത്തിന്‍ അന്നപാകത്തിന്‍മാത്രം അഗ്നി.
ഞാന്‍ ഋതു,
ഒരു മരത്തിനു നനയുവാന്‍ മാത്രം മഴ
ഒരു മരത്തിനു പൂക്കുവാന്‍ മാത്രം വസന്തം
ഒരു മരത്തിനു കായുവാന്‍ മാത്രം ഗ്രീഷ്മം
ഒരു മരത്തിനു കൊഴിയുവാന്‍ മാത്രം ശിശിരം.
ഞാന്‍ ദിനസരിയിടം,
ഒരു മരത്തിന് ഉറങ്ങുവാന്‍ മാത്രം രാത്രി
ഒരു മരത്തിന് ഇളവേല്‍ക്കാന്‍ മാത്രം പകല്‍
ഒരു മരത്തിന് വളര്‍ന്നൊടുങ്ങുവാന്‍ മാത്രം കാലം
ഒരു മരത്തിന് പടര്‍ന്നിളകുവാന്‍ മാത്രം അന്തരീക്ഷം.
നിന്റെ നിശ്വാസം ശ്വസിച്ച് ഞാനും
എന്റെ നിശ്വാസം ശ്വസിച്ച് നീയും,
നിന്നെ ആഹരിച്ച് ഞാനും
എന്നെ ആഹരിച്ച് നീയും,
പ്രകൃതിയുടെ ഉത്തമസമവാക്യത്തിന്‍
ഇരുവരകള്‍ക്കിരുപുറങ്ങള്‍.
നീയും ഞാനും
ഞാനൊരു കുന്നിന്മുകളിലായിരുന്നു
താഴ്വാരം നീയായിരുന്നു
ചുരവും നീയായിരുന്നു
ഇറങ്ങുകയല്ലാതെ
മാര്‍ഗമില്ലായിരുന്നു
ആഴങ്ങളുടെ
ആത്മഹത്യാപ്രലോഭനം
അസ്ഥിയുരുക്കുന്നതായിരുന്നു
നിന്നിലൂടെ,
നിന്നിലേയ്ക്കിറങ്ങുകയായിരുന്നു
വഴി ദുര്‍ഘടമായിരുന്നു
വഴിനീളെ നീ കൂര്‍ത്തമുള്ളായും,
വിഷം പേറിയ കല്ലുകളായും..
നിന്നിലൂടെ നടന്നിറങ്ങിയാലും
നിന്നില്‍ തട്ടി മറിഞ്ഞുവീണാലും
എത്തുന്നത് നിന്നില്‍ത്തന്നെയായിരുന്നു
നടന്നും വീണും
നിണമൊലിച്ചും
നൊന്തും
നീരും നേരവും നീന്തി
താഴ്വരയിലെത്തി,
നീ കുന്നിന്മുടിയായിരുന്നു
നിന്നിലേക്കുള്ള കയറ്റവും
നീതന്നെയായിരുന്നു.
ഭ്രഷ്ട്
നീയൊരു ഭൂമിക
കടലും കരയും
മരുവും മഴക്കാടും
മഞ്ഞും മണലും
കലരുന്നിടം.
നീ
വസന്തവും
ശിശിരവും
വര്‍ഷവും
ഗ്രീഷ്മവും
വരിതെറ്റി
വരുന്നിടം.
മരിയാനയും
എവറസ്റ്റും
തൊട്ടുകിടക്കും,
മധ്യരേഖ
കടന്നുപോകും
ധ്രുവം.
നീ
ഭൂമിയുടെ
ചെറുപതിപ്പ്.
നിന്നിലെന്നിട-
മില്ലായ്മതൻ
നിമിഷം മുതല്‍
ഞാന്‍ നെറ്റിക്കല്ല്
പറിഞ്ഞവന്‍,
ഉഷ്ണത്തിന്റെ കുഞ്ഞ്,
അലയുന്ന ചൂള.
ഭ്രഷ്ട്, മരണം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)