2013, ഡിസംബർ 19, വ്യാഴാഴ്‌ച

മരണലഹരി

“ആ ചിത്രത്തിലെ കൊച്ചുപെണ്‍കുട്ടിക്ക് കഴിയുമെങ്കില്‍,
സ്വയമാരായുക; നിങ്ങള്‍ക്കും കഴിയില്ലേ?”
- ഫന്‍ ഥി കിം ഫുക്*

സ്നാപ് 6

“മൃതിലഹരി”, തികച്ചും മാനുഷികമെങ്കിലും പ്രാകൃതവും സ്വതന്ത്രവുമായ ഒരു കര്‍മ്മസങ്കല്‍പ്പമാണ്; അതിന് “ഞാന്‍, നീ” എന്നതരം കര്‍തൃത്വങ്ങള്‍ മിക്കവാറും ബാധകമല്ല. “ഞാന്‍” മരിക്കുമ്പോഴും “നീ” കൊല്ലപ്പെടുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത് ഒരേ ലഹരിയാണ്. ഇങ്ങനെ പറയുമ്പോള്‍ കാര്യങ്ങളെ അമിതമായി സാമാന്യവല്‍ക്കരിക്കുന്നതായി തോന്നാം. എന്നുമാത്രമല്ല, തികച്ചും അസംബന്ധവുമായിത്തോന്നാം. പക്ഷേ ഒരു ഉദാഹരണം നോക്കൂ, കെവിന്‍ കാര്‍ട്ടര്‍ സുഡാനിലേയ്ക്ക് ക്യാമറയും തൂക്കിപ്പോയത് അവിടുത്തെ ആഭ്യന്തരകലാപങ്ങളില്‍ തന്റെ ജീവനുപോലും ഹാനി സംഭവിച്ചേക്കാം എന്ന “എന്നെ” സംബന്ധിച്ച ഗൂഢമായ ഒരു മരണലഹരികൂടി പേറിയാണ് - ആ ഗൂഢാവേശത്തെ അങ്ങനെ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. കലാപത്തിന്റെ പാരമ്യത പകര്‍ത്തുക എന്ന തൊഴില്‍പരമായ ലക്ഷ്യത്തിന് പുറകില്‍ “നിന്റെ” മരണസംബന്ധിയായ ഒരു ലഹരിയുമുണ്ട്. സുഡാനിലേയ്ക്ക് പോകുമ്പോള്‍ അവ രണ്ടും തമ്മില്‍ കെവിന് വേര്‍തിരിവ് ഉണ്ടായിരുന്നില്ല, അഥവാ അവ രണ്ടും ഫലത്തില്‍ ഒന്ന് തന്നെയായിരുന്നു.”

ജോലിതെറിച്ച ദിവസത്തിന്റെ സന്ധ്യയില്‍ മദ്യശാലയിലിരുന്നാണ് സമി അല്‍ - ഹജ്* അത് പറഞ്ഞത്.

“അതെന്തേലും ആകട്ടെ, നീ എന്തുകൊണ്ട് ആ ഫോട്ടോയെടുത്തില്ല എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.” സമി പറഞ്ഞതിനെ കള്ളുമൂത്തിട്ട് പറഞ്ഞ വാക്കുകളെന്ന നിലയില്‍ അവഗണിച്ചുകൊണ്ട്, പബ്ബിലെ മങ്ങിയ വെട്ടത്തില്‍ ചില്ലുകോപ്പയില്‍നിന്ന് മദ്യം നുകര്‍ന്നുകൊണ്ട് ടെറി ലോയ്ഡ്* പറഞ്ഞു.

“ഉം? പറഞ്ഞാല്‍ നിനക്ക് മനസ്സിലാകുമോ?” സമി അല്‍ - ഹജ് ലഹരിയുടെ ആഴത്തില്‍നിന്ന് തലവലിച്ചുയര്‍ത്തി ചോദിച്ചു. പിന്നെ അയാള്‍ നിന്ദയോടെ ചിരിച്ചു. “അല്ലെങ്കില്‍ ആര്‍ക്കാണത് മനസ്സിലാകാത്തത്? സത്യത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പത്രാധിപര്‍ പോലും മനസ്സിലാകുന്നില്ലെന്ന് അഭിനയിക്കുകയാണ്.” സമി മദ്യത്തിന്റെ സുവര്‍ണനിറത്തിലൂടെ പബ്ബിനുള്ളിലെ ചുവന്ന അലങ്കാരവിളക്കിലേയ്ക്ക് കാഴ്ചയെ ഷാര്‍പ് ചെയ്തുകൊണ്ട് ടെറിയോടെന്നതിലുപരി തന്നോടുതന്നെ പറഞ്ഞു.

“നീ പോ സമി! എല്ലാവരും നിന്നെപ്പോലെയാണെന്ന് വിചാരിച്ചോ നീ? ഒന്നോര്‍ക്കണം, നിന്റെ പ്രൊഫഷനിലാണ് നീ ഉപേക്ഷ വരുത്തിയത്. പ്രത്യേകിച്ച് ജോലിയും ജീവിതവും രണ്ടല്ലാത്തൊരു പ്രൊഫഷനില്‍ അത് എത്രമാത്രം അക്ഷന്തവ്യമായൊരു വീഴ്ചയാണെന്ന് നീ ചിന്തിക്കുന്നുണ്ടോ?”

സമി അല്‍ - ഹജ് ടെറി ലോയ്ഡിന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു. പക്ഷേ, ആ ചോദ്യത്തിനുള്ള മറുപടി ആയിരുന്നില്ല അയാളില്‍നിന്നുണ്ടായത്. “ടെറി, ചിത്രങ്ങളെക്കുറിച്ച് ഒരുപക്ഷേ നിനക്ക് അത്ര അറിയില്ലാത്തൊരു കാര്യം എനിക്കിപ്പോള്‍ പറയാനുണ്ട്. നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, കാലത്തെ നമ്മള്‍, നമ്മളെന്നാല്‍ നമ്മുടെ ജൈവസത്ത ശരിക്കും അടയാളപ്പെടുത്തുക ഘടികാരങ്ങളാലും കലണ്ടറുകളാലുമല്ല, ചിത്രങ്ങളാലാണ്. അല്ലെങ്കില്‍ ചിന്തിച്ചുനോക്കൂ, ഓര്‍മ്മകള്‍ ഭൂതകാലത്തിന്റെ സ്നാപ്പുകളാണ്. ഓരോ ഓര്‍മ്മയും ഓരോ ചിത്രം, അല്ലെങ്കില്‍ ഒരുപിടി ചിത്രങ്ങളുടെ ആല്‍ബം. അവയില്‍ ശബ്ദമില്ല; സിനിമയിലെന്ന പോലെ ശബ്ദത്തെ നമ്മള്‍ മറ്റേതോ ഇടത്താണ് രേഖപ്പെടുത്തുക. എന്നിട്ട് അവയെ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി ഒരു മിഥ്യാശബ്ദചിത്രത്തിന്റെ പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്. യഥാര്‍ഥമായ ഒരേയൊരു ശബ്ദചിത്രം നൈമിഷികമായ വര്‍ത്തമാനകാലമാണ്. എന്നാലോ, അതും ആത്യന്തികമായി ചിത്രം തന്നെയാണ്. വീണ്ടും, ഭാവിസങ്കല്പങ്ങള്‍ നിശബ്ദചിത്രങ്ങളുടെ ആല്‍ബങ്ങളായിമാറുന്നു; പ്രപഞ്ചത്തിന്റെ നിയതമായ ചാക്രികത! ഇനി നോക്ക്, സ്വപ്നങ്ങളുടെ കാര്യമെടുത്താലും അങ്ങനെ തന്നെ. കാലത്തിന്റെ അയഥാര്‍ഥമായ അപഗമനമാണല്ലോ സ്വപ്നങ്ങള്‍. അതുകൊണ്ടുതന്നെ അവയും ഒരു സിനിമാ സ്ക്രീനില്‍ കാണുന്ന ചിത്രങ്ങളായാണ് തെളിയുക; ചിലപ്പോള്‍ സ്ലൈഡുകളായും, ചിലപ്പോള്‍ ചലച്ചിത്രങ്ങളായും.

അതിനാല്‍,

എനിക്ക് ഫോട്ടോഗ്രഫി ചരിത്രത്തിന്റെ ഛായാഗ്രഹണമാകുന്നു. എന്നാല്‍ ലിഖിതചരിത്രത്തിന്റെ അയഥാര്‍ത്ഥതയിലേക്കാള്‍ അലിഖിതചരിത്രത്തിന്റെ യഥാര്‍ത്ഥതയിലേയ്ക്ക് ഫോക്കസ് ചെയ്യുന്ന ഒരു വല്ലാത്ത ക്യാമറയാണ് എന്റെ കൈവശമുള്ളത്.”രാവിലെ സമി അല്‍ - ഹജിനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രതികരണമേതുമില്ലാതെ സമി ഉത്തരവ് സ്വീകരിക്കുകയായിരുന്നു. പത്രാധിപരുടെ മുറിയിലേയ്ക്ക് കയറുമ്പോള്‍ തന്നെ അയാള്‍ ഇത് പ്രതീക്ഷിച്ചതാണ്. എന്നാല്‍ ആ സുനിശ്ചിതത്വത്തിന്റെ ജ്ഞാനം സൃഷ്ടിച്ച ശാന്തതയ്ക്കും മേലെ ഒരു നിസംഗത അലയില്ലാത്ത കടല്‍ പോലെ മനസ്സില്‍ പരന്ന് കിടക്കുന്നത് അയാള്‍ ഉള്‍ക്കണ്ണാല്‍ കണ്ടിരുന്നു. ആ ഉള്‍ക്കാഴ്ച സമി അല്‍ - ഹജിന്റെ മുഖത്ത് സൃഷ്ടിച്ച ഭാവം ഗ്യാരി പ്ര്യിറ്റില്‍ കൂടുതല്‍ അരിശമുണ്ടാക്കുകയാണ് ചെയ്തത്.

“കണ്ടവര്‍ക്കൊക്കെ കാശ് കൊടുക്കാനാണെങ്കില്‍ പിന്നെ നിങ്ങളെയൊക്കെ ശമ്പളം തന്ന് നിയമിച്ചിരിക്കുന്നതെന്തിനാണ്?” ഉച്ചസ്ഥായിയിലുള്ള, വഴുക്കുന്ന അമേരിക്കന്‍ ഇംഗ്ലീഷില്‍ ഗ്യാരിയുടെ ചോദ്യം തെറിച്ച് മുറിയുടെ നാലുചുമരുകളിലും പതിച്ചു. പക്ഷേ ശബ്ദം പ്രകാശമല്ലാത്തതുകൊണ്ടും ചുമരുകള്‍ക്ക് ഗ്രാഹ്യശേഷി ഇല്ലാത്തതുകൊണ്ടും അത് എങ്ങും രേഖപ്പെട്ടില്ല.

ഒരു ക്ലോസ് അപ് ഷോട്ട്.

ഗ്യാരി പ്ര്യിറ്റിന്റെ, ദ്രുതതാളത്തില്‍ ചുരുങ്ങിവികസിച്ചുകൊണ്ടിരുന്ന മൂക്കിന്‍തുമ്പ് കൂടുതല്‍ ചുവന്ന് എതിര്‍ചുവരിലെ ലൈറ്റിന്റെ വെട്ടത്തില്‍ തിളങ്ങി. ഇടുങ്ങിയ കണ്ണുകളിലെ ധവളദേശങ്ങളില്‍ ചുവപ്പിന്റെ നീര്‍ച്ചാലുകള്‍ പടര്‍ന്നു. പാന്‍ചുവപ്പുള്ള ചുണ്ടുകള്‍. ചുവന്നുവിറയ്ക്കുന്ന, മസൃണമായ കവിളുകള്‍.

ക്ളിക്ക്.

വെറുപ്പിന്റെ നിറം ചുവപ്പാണ്.സ്നാപ് 4

ടെറി ലോയ്ഡിന്റെ ബൈക്കിന്റെ പുറകിലിരുന്ന് ക്വാര്‍ട്ടേഴ്സിലേയ്ക്ക് പോകുമ്പോള്‍ ദൂരെ മലനിരകളില്‍ മഞ്ഞ് പൊഴിയുന്നത് സമി അല്‍ - ഹജ് കണ്ടു. കഴിഞ്ഞ കുറേ നാളുകളുടെ സന്ധ്യകളില്‍നിന്ന് വ്യത്യസ്തമായി മഞ്ഞ് മാത്രമേ പൊഴിയുന്നുണ്ടായിരുന്നുള്ളു. മലകളുടെ വിള്ളലുകളില്‍ തണുത്തുകിടന്ന ഷെല്‍ച്ചീളുകള്‍ക്കുമേല്‍ മഞ്ഞുവീണ് കനത്തു.

“എ.പി*യില്‍ എത്തുക എന്ന സ്വപ്നം മുളച്ച ദിവസം മുതലാണ് ഞാന്‍ ഇത്തരം മലകയറ്റങ്ങളെയും സ്വപ്നം കണ്ടുതുടങ്ങിയത്. അറിയുമോ ടെറി, ഉയരങ്ങളെ ഞാന്‍ പ്രണയിക്കുന്നു!” മാസങ്ങള്‍ക്കുമുന്‍പ്, ആദ്യമായി മലകയറവേ, കിതപ്പിനും മേലെ നിശ്വസിച്ച ആവേശത്തില്‍ സമി പറഞ്ഞു. പാറകളില്‍നിന്ന് പാറകളിലേക്ക് വലിഞ്ഞുകയറിയും ചാടിയിറങ്ങിയും അവരെ അവിടം വരെ എത്തിച്ച ട്രക്ക്, അവര്‍ കയറിക്കൊണ്ടിരുന്ന കുത്തനെയുള്ള കുന്നിന്റെ അടിവാരത്തെ ബാരക്കിന് മുന്‍പില്‍ ദൌത്യാനന്തരം ശ്വാസമയച്ച് കിടന്നു. സെക്കന്‍ഡ് ഐ.സി* വലേറി ജിരാസിമോവും വേറെ മൂന്ന് സൈനികരും പയറുപോലെ കുന്ന് കയറുന്നുണ്ടായിരുന്നു.

അതിര്‍ത്തിരക്ഷാസേനയിലെ നാല് സൈനികര്‍ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തില്‍ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടിരുന്നു. “അപ്രതീക്ഷിതം” എന്ന വാക്ക് ആ വാചകത്തിലും വാചകനിര്‍മ്മിതിക്ക് കാരണഭൂതമായ സാഹചര്യത്തിലും വലിയ തമാശയാണ് - വാസ്തവം പറഞ്ഞാല്‍ തികച്ചും വിലക്ഷണവും അസ്ഥാനത്തുള്ളതുമായ ഒരു കറുത്ത ഫലിതം. അതെന്തായാലും, ഇവിടെ അതിന് യാതൊരു പ്രാധാന്യവുമില്ല. സൈനികര്‍ കൊല്ലപ്പെട്ടു എന്നുള്ളത് മാത്രമാണ് പ്രധാനം. അതിര്‍ത്തിയില്‍ ആക്രമണമുണ്ടായിരിക്കുന്നു.

മലമുകളിലേക്ക് കയറുംതോറും നിശബ്ദത സാന്ദ്രമായിക്കൊണ്ടിരുന്നു. കാറ്റ് വീശുന്ന ശബ്ദംപോലും നിശബ്ദതയുടെ കനപ്പായാണ് അനുഭവപ്പെട്ടത്. യാത്രയില്‍ ഇടയ്ക്കിടെ വര്‍ദ്ധിതജാഗ്രതയോടെ സായുധസൈനികര്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ചെക്ക്പോസ്റ്റുകളുടെ മുന്‍പില്‍ അവരുടെ എണ്ണം വര്‍ദ്ധിച്ചു. മുകളിലെത്തുമ്പോഴേയ്ക്ക് സമി അല്‍ - ഹജിന്റെ മൂക്കില്‍നിന്നും രക്തത്തിന്റെ നേരിയ ഉറവ പൊട്ടി.

ആക്രമണമുണ്ടായ പോസ്റ്റിന് മുന്‍പില്‍ റേഡിയോ ട്രാന്‍സ്മിറ്ററും എല്‍.എം.ജി*യുമായി ഇരുന്ന സൈനികന്‍ - അലി അബ്ദുള്ള അയൂബ് - സമിയുടെ സുഹൃത്തായിരുന്നു. “ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വാര്‍ റിപ്പോര്‍ട്ടേഴ്സ് വരുന്നെന്ന് കേട്ടപ്പോള്‍ സാധാരണ പോലെയേ തോന്നിയുള്ളു. പക്ഷേ എംബഡെഡ് ജേണലിസ്റ്റുകളുടെ ലിസ്റ്റില്‍ നിന്റെ പേര് വായിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു.” അലി ചിരിച്ചു.

മഞ്ഞുകാലമല്ലാത്തതിനാല്‍ തണുപ്പിന് നേരിയ കുറവുണ്ടായിരിക്കുമെന്ന് മുന്നറിവുണ്ടായിരുന്നിട്ടും വരണ്ട ശീതക്കാറ്റില്‍ ടെറിയുടെയും സമിയുടെയും ഉടലുകള്‍ ധ്വജത്തുമ്പിലെ കൊടിക്കൂറ പോലെ വിറച്ചുപാറിനിന്നു. 2.ഐ.സി വലേറി ജിരാസിമോവ് അതിര്‍ത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചുകൊണ്ടിരുന്നത് ടെറി ലോയ്ഡ് വോയിസ് റെക്കോഡറില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ജിരാസിമോവിന്റെ കാര്‍ക്കശ്യവും മറികടന്ന് സമിയുടെ ക്യാമറ പലപ്പോഴും അതിര്‍ത്തിക്കപ്പുറത്തേക്ക് ഒറ്റക്കണ്ണ് നീട്ടുന്നുണ്ടായിരുന്നു. അമേധ്യവര്‍ണമുള്ള പൊടിമണ്ണും പാറച്ചീളുകളും നിറഞ്ഞ മലകള്‍ ഭൂമിയുടെ അതിരുകള്‍ പോലെ ആകാശം സ്പര്‍ശിച്ച് കിടന്നു. താഴ്വരയില്‍നിന്ന് കയറിവരുന്ന കാറ്റുവീശി പൊടിപറക്കുന്നുണ്ടായിരുന്നു. പാറകളും മലകളും നിറഞ്ഞ ആ സ്ഥലരാശി മിക്കവാറും വിജനവും വന്ധ്യവുമായിക്കാണപ്പെട്ടു. ആ മരുഭൂവിനെ രണ്ടായി പകുത്തുകൊണ്ട്, പ്രാഗ്യുഗത്തില്‍ ജീവിച്ചിരുന്ന ഭീമാകാരനായൊരു സര്‍പ്പത്തിന്റെ അസ്ഥിപഞ്ജരം പോലെ, വലിയൊരു ചുരുളന്‍ മുള്ളുവേലി ഇരുവശത്തേക്കും അനന്തമായെന്നപോലെ നീണ്ടുകിടന്നു; അതിനപ്പുറവുമിപ്പുറവും മാളഭിത്തികളെന്നപോലെ രണ്ട് മുള്‍മതിലുകളും.

“അവര്‍ പത്ത് പേരോളമുണ്ടായിരുന്നു, യൂണിഫോമണിഞ്ഞവരും അല്ലാത്തവരും. പുലര്‍ച്ചെയായിരുന്നു നുഴഞ്ഞുകയറ്റം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് അതൊരു എക്സ്ക്യൂസല്ല. എന്നാലും അത് സംഭവിച്ചു. ബി.കോയി*, രണ്ടാം സെക്ഷന്‍ ആയിരുന്നു കുന്നിന്റെ കിഴക്കേചെരിവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്താണ് നടക്കുന്നതെന്ന് ബോധം വരാനെടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ രണ്ട് ആളുകള്‍ വീണുകഴിഞ്ഞിരുന്നു.” ജിരാസിമോവിന്റെ ശബ്ദത്തിലെ ഔദ്യോഗികമായ നിസംഗതയിലും രോഷത്തിന്റെ നേര്‍ത്ത കിനിപ്പ് ടെറി ലോയ്ഡ് അറിഞ്ഞു. ദൂരെ മഞ്ഞുമൂടിയ മുടിത്തുമ്പിനപ്പുറംനിന്നുയര്‍ന്ന് അടുത്തുവരുന്ന, ചൂടും ഭക്ഷണവും തേടി ധ്രുവം മുതല്‍ ധ്രുവം വരെ പറക്കുന്ന ദേശാടനപ്പക്ഷികള്‍ ചമയ്ക്കുന്ന, മേഘമുഖങ്ങളുടെ പുരികക്കൊടികളിലേയ്ക്ക് ക്യാമറ ഫോക്കസ് ചെയ്യുകയായിരുന്ന സമി അല്‍ - ഹജ് കാല്‍ച്ചുവട്ടിലെ മഞ്ഞനിറമാര്‍ന്ന പുല്‍പ്പടര്‍പ്പിനുള്ളില്‍ ഒരനക്കം കണ്ണാല്‍ കാണാതെ കണ്ടു.

“അനങ്ങരുത്!” 2.ഐ.സി ജിരാസിമോവിന്റെ ശബ്ദം പെട്ടെന്ന് പതിയുകയും ദൃഢമാവുകയും ചെയ്തു. ഫോട്ടോഗ്രാഫറെന്ന നിലയിലുള്ള ചിരപരിചിതത്വത്താല്‍ ജിരാസിമോവിന്റെ മുന്നറിയിപ്പിന് മുന്‍പേ സമി ശ്വാസവും ചലനവും ഉപേക്ഷിച്ചിരുന്നു. അയാള്‍ ദൃഷ്ടിയുടെ ദിശ മാത്രം താഴേക്ക് തിരിച്ചു. 90 ഡിഗ്രി പൂര്‍ണമാകാനനുവദിക്കാതെ കാഴ്ചയുടെ ആംഗിള്‍ കട്ട് ചെയ്തുകൊണ്ട്, മലകളുടെ കെട്ട മഞ്ഞനിറം തന്നെയുള്ള ഒരു ചതുരത്തലയന്‍ പാമ്പ് മുന്നോട്ട് തലനീട്ടി.

“പാവമാണ്. നിങ്ങള്‍ ഉപദ്രവിക്കാതിരുന്നാല്‍ അത് ഒന്നും ചെയ്യില്ല. അതിന്റെ പാട്ടിനത് പൊയ്ക്കൊള്ളും.” 2.ഐ.സി ജിരാസിമോവിന്റെ ബൂട്ടുകള്‍ ആ വാചകങ്ങളെ തരംഗങ്ങളായി മണ്ണിലെത്തിച്ചതിനാലാവണം, പോസ്റ്റ് മുതല്‍ തുടങ്ങി മുള്ളുവേലിക്കടിയിലൂടെ അപ്പുറത്തേക്ക് വിശാലമായി പടര്‍ന്നുകിടക്കുന്ന നരച്ച പുല്‍പ്പടര്‍പ്പിലൂടെ, കമ്പിവേലിയുടെ മുള്‍മൂര്‍ച്ചകള്‍ സ്പര്‍ശിക്കാതെ കടന്ന്, തലയ്ക്ക് മുകളില്‍ കടന്നുപോകുന്ന ആര്‍ട്ടിക് റ്റേണുകളുടെ* നിഴല്‍ച്ചാപങ്ങളെ പിന്‍തള്ളി, നിസംഗിയായി പാമ്പ് സാവധാനം ഇഴഞ്ഞകന്നു.

മദ്യഗന്ധവുമായി സമി അല്‍ - ഹജ് കയറിച്ചെല്ലുമ്പോള്‍ ക്വാര്‍ട്ടറിന്റെ ഉമ്മറത്ത് വയലറ്റ് ഉണ്ടായിരുന്നു. സമിയെ കാണ്‍കെ അവളുടെ കണ്ണുകളില്‍ വാത്സല്യവും നീരും നിറഞ്ഞു. ഓഫീസിലെന്തുണ്ടായി എന്നവള്‍ ചോദിച്ചും പറഞ്ഞുമില്ല. അന്ന് രാവിലെമുതല്‍ എന്തൊക്കെയായിരിക്കും സംഭവിച്ചിരിക്കുക എന്ന് അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നു. “ഇന്നും കഴിച്ചോ?” എന്ന് മാത്രമാണ് നിരര്‍ത്ഥകമാണെന്നറിഞ്ഞുകൊണ്ടുതന്നെ അവള്‍ ചോദിച്ചത്.

സമി അല്‍ - ഹജ് അതിന് മറുപടിയൊന്നും പറഞ്ഞില്ല. എന്തെന്നാല്‍ വയലറ്റ് ഒരുപക്ഷേ അംഗീകരിക്കാനിടയില്ലാത്തൊരു സിദ്ധാന്തമാണ് ആ ചോദ്യത്തിനയാള്‍ക്ക് മറുപടിയായി നല്‍കാനുണ്ടായിരുന്നത് - ‘യുഗങ്ങളിലൂടെ മനുഷ്യന്‍ അവനുചുറ്റും പണിതുയര്‍ത്തിയ സംസ്ക്കാരങ്ങളുടെ എല്ലാ കെട്ടുപാടുകളെയും ആടയാഭരണങ്ങളെയും താല്‍ക്കാലികമായെങ്കിലും, ഒരു പരിധിവരെയെങ്കിലും അഴിച്ചുമാറ്റി, ആദിമവും പ്രാകൃതവുമായ മനുഷ്യസത്തയിലേയ്ക്ക് മടങ്ങുവാനുള്ള അവന്റെ തീവ്രമായ ജൈവചോദനയാണ് മദ്യാഭിനിവേശത്തിന്റെ അതിഗുപ്തമായ തായ്‌വേര്. മദ്യപിക്കുമ്പോള്‍ പെട്ടെന്നുചിരിക്കുകയും പെട്ടെന്നുകരയുകയും പെട്ടെന്ന് ക്ഷുഭിതനാകുകയും ഹൃദയത്തില്‍നിന്ന് സംസാരിക്കുകയും സത്യങ്ങള്‍ വിളിച്ചുപറയുകയുമൊക്കെ ചെയ്യുന്നത് അപ്രതീക്ഷിതമായി ജീവവായുലഭിച്ചു സ്വതന്ത്രമായ, എന്നാല്‍ വൈകാരികമായി എല്ലായ്പ്പോഴും ദുര്‍ബലമായ ആ മനുഷ്യസ്വത്വമാണ്. അത്തരമൊരു സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും ലഹരിയുടെ പ്രലോഭനത്തെ ചെറുക്കുവാന്‍ അസാധാരണമാംവിധം സദാചാരത്തിനടിപ്പെട്ടൊരു മനസ്സുള്ളവര്‍ക്കല്ലാതെ മറ്റൊരു മനുഷ്യനും ആവില്ല.’

ആഹാരമെല്ലാം അടച്ചുവെച്ച് കിടപ്പുമുറിയില്‍ എത്തുമ്പോള്‍ ബെഡ് ലാമ്പിന്റെ പ്രകാശത്തില്‍ സമി അല്‍ - ഹജ് അന്നത്തെ എല്ലാ നിമിഷങ്ങളോടെയും കിടക്കുന്നത് വയലറ്റ് കണ്ടു. അവള്‍ കിടക്കയില്‍ സമിയ്ക്കൊപ്പം കിടന്ന് അയാളെ ചേര്‍ത്തുപിടിച്ചു. തണുത്ത കുളി അയാളുടെ മദ്യഗന്ധത്തെ ഇരട്ടിയായി വാറ്റിയിരുന്നു. കിടപ്പറവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വയലറ്റിന്റെ കണ്ണിലെ വെണ്മയില്‍ കരുണ നിറയുന്നത് സമി അല്‍ - ഹജ് കണ്ടു. അപ്പോള്‍ അതേ വെളിച്ചത്തിന്റെയും വെളുപ്പിന്റെയും രസാവര്‍ത്തനത്തെ അയാള്‍ ഓര്‍ത്തു. രണ്ട് ദിവസം മുന്‍പിലെ രാത്രിയിലും ഇതേ വെളിച്ചവും ഇതേ വെളുപ്പും ഇതേ കരുണയോടെ ആവര്‍ത്തിച്ചിരുന്നു. അന്ന്, മദ്യം ഇളതാക്കിയ സമി ഒരു ആശ്രയത്തിനെന്നപോലെ വയലറ്റിനെ പൊതിയുകയും, കണ്ണീര്‍ അവളുടെ മാറിനെ നനയ്ക്കുകയും ചെയ്തു. സമിയെ ചേര്‍ത്തുപിടിച്ച് നിറുകയില്‍ ചുണ്ടമമര്‍ത്തി വയലറ്റ് കിടന്നു. അനന്തരം നെഞ്ചിലെ നനവ് അയാളുടെ ശ്വാസം തട്ടി ഉണങ്ങിത്തുടങ്ങിയപ്പോള്‍ അവള്‍ നെറുകയില്‍നിന്നും താഴേയ്ക്ക് ചുംബനങ്ങളാല്‍ വഴിതീര്‍ത്തു.

മാറില്‍ നിന്നും മുഖം പിടിച്ചുയര്‍ത്തിയ രണ്ടുകൈകള്‍ തീര്‍ത്ത ഫ്രെയിമിനുള്ളില്‍ ഒറ്റശ്വാസത്തിന്റെ അകലം പോലുമില്ലാത്ത ഒരു മാക്രോഷോട്ട്.

കിടക്കവിളക്കിന്റെ വെളിച്ചത്തില്‍ വയലറ്റിന്റെ കണ്ണിലെ കരുണയുടെ വെളുപ്പില്‍ പടരുന്ന ആസക്തിയുടെ ചുവപ്പ്. ദീര്‍ഘനിശ്വാസങ്ങളുടെ ചുടുകാറ്റിലും പിന്നെ, സ്പര്‍ശങ്ങളിലും തട്ടി ഉണങ്ങുന്ന പാടലാധരം. കാലം തെറ്റി കവിളില്‍ പൂത്തൊരു ഒറ്റമുഖക്കുരുവിന്റെ ചുവപ്പന്‍ അഗ്നിപര്‍വതമുഖം.

ക്ളിക്ക്.

സ്നേഹത്തിന്റെ നിറം ചുവപ്പാണ്.സ്നാപ് 1

വയലറ്റിനെ കിടക്കയില്‍ ഉപേക്ഷിച്ച് സമി അല്‍ - ഹജ് ബാത്ത്റൂമിലേയ്ക്ക് നടന്നത് കരുണയും ആസക്തിയും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയില്‍ അസഹ്യനായിട്ടായിരുന്നില്ല. മറിച്ച് വയലറ്റിന്റെ കണ്ണിലെ ചുവപ്പ് പതിവുപോലെ തന്നില്‍ മാന്ത്രികത പ്രവര്‍ത്തിക്കുന്നില്ലയെന്ന് തിരിച്ചറിഞ്ഞതിലെ അമ്പരപ്പ് കൊണ്ടായിരുന്നു. അത് വയലറ്റിനെ അറിയിക്കുന്നതില്‍ പെട്ടെന്ന് അപകര്‍ഷം തോന്നിയതിനാലാണ്, രാത്രിവരെ അലട്ടിയ എല്ലാ ചിന്തകളെയും കുളിമുറിക്ക് പുറത്തുപേക്ഷിച്ച്, കേവലമായ അസ്തിത്വഭയത്തോടെ സമി കുളിമുറിവാതില്‍ അടയ്ക്കുകയും യൂറോപ്യന്‍ കൊമോഡിലിരുന്ന് അരക്കെട്ടിലേയ്ക്ക് സസന്ദേഹം നോക്കുകയും തുടര്‍ന്ന് ഒരു പരീക്ഷണമെന്നനിലയില്‍ വിവാഹപൂര്‍വപ്രണയത്തിന്റെ രതിസ്മൃതികളിലേയ്ക്ക് മനസിനെ ബലമായി വ്യാപരിപ്പിച്ചുകൊണ്ട് ആത്മോത്ഥാനമാരംഭിക്കുകയും ചെയ്തത്.

സ്വയം വിശ്വസിപ്പിക്കാനും ആശ്വസിപ്പിക്കാനുമുള്ള ശ്രമത്തിനിടയില്‍, ചില ഭൌതികസ്മരണകളല്ലാതെ മറ്റധികം ഓര്‍മ്മകളൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍വപ്രണയത്തെസംബന്ധിച്ച് പൂര്‍ണവ്യക്തതയോടെ മനസില്‍ ബാക്കിയാകുന്നില്ലെന്ന് സമി അല്‍ - ഹജ് തിരിച്ചറിഞ്ഞു. അത് മനുഷ്യപ്രകൃതിയാവാം; അല്ലെങ്കില്‍പ്പിന്നെ ആസക്തിയുടെ ചിദംബരങ്ങള്‍ തെളിഞ്ഞ മിഴികളല്ലാതെ പൂര്‍വകാമുകിയുടെ മറ്റ് മിഴികളൊന്നും ഇപ്പോള്‍ ഓര്‍മ്മവരാത്തതെന്തെന്ന് സമി, ആ അവസരത്തില്‍ അവയൊന്നും ആവശ്യമില്ലാത്ത മിഴികളായിരുന്നെങ്കിലും സാശ്ചര്യം ചിന്തിച്ചു. അതേസമയം, മദം കലക്കിച്ചുവപ്പിച്ച വലിയ കണ്ണുകള്‍ക്ക് നടുവിലെ കൃഷ്ണമണികളുടെ മാക്രോസ്നാപ് അയാളെ, സൂം ചെയ്യുമ്പോള്‍ തള്ളിവരുന്ന ക്യാമറാലെന്‍സുകളെയും ലെന്‍സുകള്‍ രണ്ട് കിണറുകളുടെ ഇരുളാഴങ്ങളെയും ഓര്‍മ്മിപ്പിച്ചു. അതില്‍ ഒരു കിണര്‍ അയാള്‍ കഴിഞ്ഞ പകല്‍കൂടി കണ്ടതാണ്; മറ്റൊന്ന് വിദൂരമായ ഭൂതസ്മൃതികളിലൊരിടത്ത് ഉള്ളതും.

പകലത്തെ കാഴ്ച സമി അല്‍ - ഹജിന് ആ കിണറിന്റെ രണ്ടാമത്തെ കാഴ്ച ആയിരുന്നു. കല്ലുകള്‍ വെറുതെ അടുക്കിത്തീര്‍ത്ത ആള്‍മറയുള്ള ആ വലിയ കിണറിന്റെയും അതിന്റെ പരിസരഭൂദൃശ്യമായ പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ വരണ്ട കാട്ടുപ്രദേശത്തിന്റെയും ആദ്യകാഴ്ചയിലാണ്, കിണറിനരികിലെ താല്‍ക്കാലികകൂടാരത്തില്‍ വീഞ്ഞപ്പെട്ടികള്‍ക്ക് മുകളില്‍ കയറിയിരുന്ന് ബിസ്ക്കറ്റ് തിന്നുകയായിരുന്ന ബാലചന്ദ്രനെ* സമി കണ്ടതും. പന്ത്രണ്ടോ പതിമൂന്നോ വയസില്‍ കൂടുതല്‍ തോന്നിക്കുകയില്ല. അവന്റെ മടിയില്‍ ഒരു ഊസി* ഉണ്ടായിരുന്നു. കാഴ്ചയില്‍ അതിന് ഒരാഴ്ചമുന്‍പ് റോഷിന് വാങ്ങിനല്‍കിയ കളിപ്പാട്ടത്തോക്കുമായി യാതൊരു വ്യതാസവുമുണ്ടായിരുന്നില്ല. അത് ഉയര്‍ത്തിക്കാണിച്ച് ബാലചന്ദ്രന്‍ ചിരിച്ച ചിരിയ്ക്ക്, തോക്ക് കൈയ്യില്‍കിട്ടിയപ്പോള്‍ റോഷിന്‍ ചിരിച്ച ചിരിയുമായും. അവന്‍ ആയുധപരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു.

“മനുഷ്യന്‍ മിശ്രഭുക്കായിത്തീര്‍ന്ന സസ്യഭുക്കാണെന്നൊക്കെ ചില നരവംശശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ശാസ്ത്രവും ചരിത്രവും എന്തുമാകട്ടെ, എനിക്ക് തോന്നുന്നത് നേരെ മറിച്ചാണ്. പരിപൂര്‍ണമാംസാഹാരിയില്‍ നിന്ന്, യാതൊരു നിര്‍ബന്ധബുദ്ധിയുമില്ലാതെ, നിലനില്‍പ്പിന് വേണ്ടിമാത്രം തുടങ്ങിയതെന്ന നാട്യത്തില്‍ ഇറച്ചി തിന്നുന്ന, ഒരു കപടസസ്യാഹാരിയിലേയ്ക്കൊരു പകര്‍ന്നാട്ടം. സംശയമുണ്ടെങ്കില്‍ അവന്റെ ഉളിപ്പല്ലുകള്‍ നോക്കൂ. മൃഗിമയില്‍നിന്ന് സംസ്കൃതമനുഷ്യനിലേയ്ക്കുള്ള പരിണാമത്തില്‍, ആയുധം ഒളിപ്പിക്കുന്ന കുറ്റവാളിയുടെ കൌശലത്തോടെ അവന്‍ സ്വമേധയാ തന്റെ മോണകള്‍ക്കുള്ളിലേയ്ക്ക് പിന്‍വലിച്ചതാണ് അവയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നിട്ടും മറച്ചുവയ്ക്കാനാവാത്ത പ്രകൃതിമയുടെ അടയാളമായി അവമാത്രം പല്ലുകളുടെ നിരയില്‍നിന്ന് വേറിട്ട് പുറത്തേയ്ക്കല്‍പ്പം നീണ്ടുനില്‍ക്കുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം മടി കൂടാതെ പുറത്തുചാടുകയും ചെയ്യുന്നു. യുഗങ്ങളുടെ സ്ഫുടനത്തിനും അവരുടെ ഉളിപ്പല്ലുകളെ കൊഴിക്കാനായിട്ടില്ല. ഓരോ നിമിഷവും രക്തത്തിന്റെ ചൂടിനെ കൊതിക്കുന്ന, വെറിയുള്ളൊരു മാംസഭുക്കിന്റെ ഹൃദയം ആ ഉളിപ്പല്ലിനുള്ളിലുണ്ട്.” വിമതരുടെ രഹസ്യകേന്ദ്രത്തില്‍നിന്ന് മടങ്ങുന്ന വാനിലിരുന്ന് സമി അല്‍ - ഹജ് ടെറി ലോയ്ഡിനോട് പറഞ്ഞു. കണ്ണില്‍ കെട്ടിയിരിക്കുന്ന കറുത്തതുണിയുടെ ഇരുളും കണ്ണിമകള്‍ക്കുള്ളില്‍ ചംക്രമിക്കുന്ന രക്തത്തിന്റെ ചുവപ്പും ഒരുമിച്ചുകൂടി ഒരു ഡാര്‍ക്ക് റൂമിലെ ചുവന്ന ഇരുട്ട് സൃഷ്ടിച്ചിരുന്നു. ഡവലപ് ചെയ്ത ഒരു പുത്തന്‍ഫോട്ടോഗ്രാഫിലെ പുതുമയോടും വ്യക്തതയോടും കൂടി, പരിശീലനവേളയില്‍ കല്പിതയിരകളെ ഉന്നം വയ്ക്കുന്ന ബാലചന്ദ്രന്റെ കണ്ണിലെ പ്രാചീനമായ ഏകാഗ്രതയും ക്രൌര്യവും ആ ഇരുള്‍ച്ചുവപ്പില്‍ തെളിഞ്ഞു.

ആടിയുലയലുകള്‍ക്കിടയിലെ നിരന്തരഘര്‍ഷണംകൊണ്ട് മാത്രമറിയുന്ന ടെറി ലോയ്ഡിന്റെ മൌനസാന്നിധ്യത്തോട് സമി അല്‍ - ഹജ് തുടര്‍ന്നു, “കേള്‍ക്ക് ടെറി, കുട്ടികള്‍ നാഗരികമനുഷ്യന്റെ പൂര്‍വികരാണ്. അവരിലാണ് ഞാന്‍ മുന്‍പ് പറഞ്ഞ ഉളിപ്പല്ലുകള്‍ അനൌചിത്യങ്ങളുടെ സങ്കോചങ്ങളെയോ മാന്യതയുടെ കപടപ്രതിച്ഛായകളെയോ വിവേകത്തിന്റെ വീണ്ടുവിചാരങ്ങളെയോ വക വയ്ക്കാതെ, തികച്ചും നിഷ്കളങ്കമായി പുറത്തുചാടുന്നത്. ‘നിഷ്കളങ്കം’ എന്ന വാക്ക് ശ്രദ്ധിച്ചോ? അത് ഞാന്‍ ഏത് അവസരത്തിലാണ് ഉപയോഗിച്ചതെന്നും? വിചിത്രമായ തമാശയെന്ന് തോന്നാം; എങ്കിലും അതാണ് സത്യം. കുട്ടികളാണ് ഏറ്റവും ക്രൂരരും നിഷ്കളങ്കരുമായ ജൈവവര്‍ഗം. അവരിലെ മാനുഷികമായ പൈശാചികത മുളയിലേ നുള്ളേണ്ടതുണ്ട്, സാധ്യമായ എല്ലാ പരിധികള്‍ക്കുമുള്ളില്‍നിന്നുകൊണ്ട്. നിര്‍ഭാഗ്യവശാല്‍, അവരുടെ ഉളിപ്പല്ല് കൊഴിക്കുവാനായി വളര്‍ന്നതെന്ന് അവകാശപ്പെടുന്ന, സഹസ്രാബ്ദങ്ങളുടെ പ്രായമുള്ള ഒരു സംസ്ക്കാരത്തിനും യഥാര്‍ഥത്തില്‍, മുതിര്‍ന്നവരിലേയ്ക്കുള്ള കുട്ടികളുടെ യാത്രയില്‍ ആ പല്ലുകളെ മിനുക്കുവാനും, അവ ഒളിപ്പിക്കുവാനുള്ള കൂടുതല്‍ മനോഹരമായ ഉറകള്‍ പണിയുവാനും സഹായിക്കുകയല്ലാതെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.”

തിരികെ പത്രമോഫീസിലെത്തിയപ്പോഴാണ് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ അന്നേദിവസം കൊല്ലപ്പെട്ടത് ആറ് സൈനികരാണെന്നും അതിലൊരാള്‍ സെക്കന്റ് ഐ.സി വലേറി ജിരാസിമോവ് ആണെന്നും അവര്‍ കേട്ടത്. അന്ന് സമി അല്‍ - ഹജ് നേരത്തേ ഓഫീസ് വിട്ടു. ക്വാര്‍ട്ടറിലേയ്ക്ക് കേറുന്നതിനുമുന്‍പുതന്നെ റോഷിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. അവന്‍ കാര്‍ട്ടൂണ്‍ കാണുന്നതിന്റെ ആഘോഷങ്ങള്‍.

“സമി കേട്ടോ, കുട്ടികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താനും പതിനായിരം പുതിയ വാക്കുകള്‍ അവര്‍ പഠിക്കാനുമായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍മാര്‍ ഡിസൈന്‍ ചെയ്ത കാര്‍ട്ടൂണുകളാണ് ഈ ചാനലില്‍ വരുന്നതെല്ലാം. ഇന്ന് പത്രത്തില്‍ കണ്ടതാണ്.” വന്നപാടെ റോഷിനെതന്നെ ഉറ്റുനോക്കി കസേരയില്‍ ഇരിക്കുന്ന സമി അല്‍ - ഹജിനെ കണ്ട് വയലറ്റ് പറഞ്ഞു. ട്രാന്‍സ്ഫോമേഴ്സിനെ അനുകരിച്ച് റോഷിന്‍ റ്റി.വിയിലേയ്ക്ക് തോക്കുചൂണ്ടി വെടിവെക്കുന്നതായും വാഹനമോടിക്കുന്നതായുമൊക്കെ ആംഗ്യങ്ങളും ശബ്ദങ്ങളും പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.

“എന്നിട്ട് ഏത് വാക്കുകളൊക്കെയാണ് അവന്‍ പഠിച്ചത്?” അവനെത്തന്നെ നോക്കിയിരുന്ന്, ഒരിടവേളയോടെ സമി അല്‍ - ഹജ് ചോദിച്ചു. വായിച്ചുകൊണ്ടിരുന്ന 'Grapes of Wrath'-ല്‍ നിന്ന് മുഖമുയര്‍ത്തി വയലറ്റ് സമിയെ നോക്കി. വീണ്ടും ഘോഷമുയര്‍ന്നപ്പോള്‍ പെട്ടെന്നൊരു വെളിപാടുണ്ടായതുപോലെ സമി അല്‍ - ഹജ് റ്റി.വിയുടെ റിമോട്ട് കണ്ട്രോളറെടുത്ത് ചാനല്‍ മാറ്റി. രസച്ചരട് മുറിഞ്ഞ റോഷിന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കുകയും റിമോട്ട് കണ്ട്രോളറുമായിരിക്കുന്ന സമിയെ കണ്ട് നിലവിളിക്കാനാരംഭിക്കുകയും ചെയ്തു.

“ഇതെന്താണ് സമി? അവന്‍ കാണട്ടെ..” വയലറ്റ് അമ്പരപ്പോടെ പറഞ്ഞു. അയാള്‍ അനങ്ങിയില്ല. വിചിത്രമെന്ന് സ്വയം ആശ്ചര്യപ്പെടുത്തിക്കൊണ്ട്, സമിയ്ക്ക് ഒരേ സമയം ദു:ഖവും ദ്വേഷവും പീഡകസു:ഖവും തോന്നി.

റ്റീപ്പോയിയുടെ അപ്പുറം മുട്ടുകുത്തിനിന്ന് നെഞ്ച് അതിന്റെ വിളുമ്പിലേയ്ക്കുചാരി കരയുന്ന റോഷിന്റെ ഒരു ഷോര്‍ട്ട് മിഡ് ഷോട്ട്.

കണ്ണീര്‍ മൂടിയ ഉണ്ടക്കണ്ണുകളിലെ, കരച്ചിലിന്റെ കലങ്ങിയ ചുവപ്പ്. മലര്‍ക്കെ തുറന്ന വായില്‍ മുകളിലെ പല്ലുകളില്‍നിന്ന് താഴത്തെ പല്ലുകളിലേയ്ക്ക് ഇഴപാകിയ കൊഴുത്ത ഉമിനീരിന്റെ നൂലുകള്‍പ്പുറം പക്ഷിക്കുഞ്ഞുങ്ങളുടെ കൊക്കുള്ളുകള്‍ക്ക് മാത്രം സ്വന്തമായ നിഷ്കളങ്കതയുടെ രക്തനിറം. തൊലി വലിഞ്ഞുനില്‍ക്കുന്ന ലോലമായ കവിളുകളില്‍ തൊട്ടെടുക്കാവുന്ന നിണം.

ക്ളിക്ക്.

നിഷ്കളങ്കതയുടെ നിറം ചുവപ്പാണ്.സ്നാപ് 2

ചിന്തകളില്‍നിന്ന് മനസിന്റെ ഒറ്റക്കണ്ണ് വീണ്ടും, തിരയൊഴിഞ്ഞ തോക്ക് പോലെ ഉപയോഗശൂന്യമായി കൈവെള്ളയില്‍ തളര്‍ന്നുമയങ്ങുന്ന സ്വാസ്തിത്വത്തിലേയ്ക്കെത്തിയപ്പോള്‍ സമി അല്‍ - ഹജിന് പരാജയം സമ്പൂര്‍ണമാണെന്ന് ബോധ്യപ്പെട്ടു. അയാള്‍ ബാത്ത്റൂമില്‍ നിന്നിറങ്ങി റോഷിന്റെ മുറിയിലേയ്ക്ക് നടന്നു. കിടപ്പറവിളക്കിന്റെ വെളിച്ചത്തില്‍ കുട്ടികള്‍ക്ക് മാത്രം സാധ്യമായൊരുതരം അപാരനിദ്രയില്‍ റോഷിന്‍ മലര്‍ന്നുകിടക്കുന്നു. സമി കിടക്കയില്‍ റോഷിനരികിലിരുന്നു. കുട്ടിയുടെ പാതിവിടര്‍ന്ന ചുണ്ടുകളിലെ ചുവപ്പിന്റെ നിഷ്കളങ്കതയിലും പകുതിയടഞ്ഞ കണ്ണുകളില്‍, ചന്ദ്രോദയാസ്തമയങ്ങളുടെ വിഷ്വല്‍ നെഗറ്റീവിനെ ഓര്‍മ്മിപ്പിച്ച് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരന്തരം തുഴയുന്ന കൃഷ്ണമണികളുടെ വിശുദ്ധിയിലും, സമിയ്ക്ക് ദു:ഖത്തോടൊപ്പം പശ്ചാത്താപം ബാധിച്ചു.

ബാലചന്ദ്രന്റെ കണ്ണുകളും ഉറങ്ങിക്കിടക്കുന്ന റോഷിന്റേതുപോലെതന്നെ പാതിവിടര്‍ന്നാണ് കിടന്നിരുന്നത്. ഒരേയൊരു വ്യത്യാസം, റോഷിന്റെ കൃഷ്ണമണികളെ അപേക്ഷിച്ച് ബാലചന്ദ്രന്റെ കൃഷ്ണമണികള്‍ മത്സ്യച്ചന്തയിലെ മീനുകളുടേതുപോലെ ചലനരഹിതമായിരുന്നു.

“എന്റെ നാട്ടില്‍ ഒരു മീന്‍ വില്പനക്കാരനുണ്ടായിരുന്നു സമി; വലിയ മീനുകളെമാത്രം വില്‍ക്കുന്ന ഒരാള്‍.” വിമതരുടെ രഹസ്യക്യാമ്പിലേയ്ക്കുള്ള അടിയന്തിരയാത്രയ്ക്കിടെ ടെറി ലോയ്ഡ് പറഞ്ഞു. സമി അല്‍ - ഹജ് വെറുതെ മൂളിയതേയുള്ളു; എന്നാല്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

“അയാള്‍ പെട്ടെന്നൊരു ദിവസം ആ കച്ചവടം നിര്‍ത്തി മാടുകളുടെ അറവുശാല തുടങ്ങി. ഒപ്പം പൂച്ചപിടുത്തവും.”

“എന്തേ ഇപ്പോ അയാളെ ഓര്‍ക്കാന്‍?”

“നീ ഇടയ്ക്ക് പറയില്ലേ കൊല്ലുന്നതിന്റെയും ചാകുന്നതിന്റെയും ലഹരിയെപ്പറ്റി? അത് ഇപ്പോഴോര്‍ത്തപ്പോള്‍ എന്തോ ആ മനുഷ്യനെയും ഓര്‍മ്മവന്നു.”

സമി മിണ്ടിയില്ല.

“അയാള്‍ മീന്‍വില്പന നിര്‍ത്തിയത് അറുക്കുന്ന സമയത്തെ അവയുടെ കണ്ണിലെ നിര്‍ജീവതയില്‍ മടുപ്പ് അനുഭവപ്പെട്ടുതുടങ്ങിയപ്പോഴാണത്രെ! മാടുകള്‍ മീനുകളെപ്പോലെയല്ല. പ്രകൃതിയുടെയും കാലത്തിന്റെയും മുഴുവന്‍ ജീവിതാസക്തിയും ദൈന്യവും അറുക്കുന്ന നേരം അവയുടെ കണ്ണുകളുടെ ഇത്തിരിയിടത്ത് ഒതുങ്ങുമെന്നും അതുകാണാന്‍ മാത്രമാണ് അയാള്‍ അറവുശാല തുടങ്ങിയതെന്നും ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. പിന്നീട് അതിലും തൃപ്തിപോരാഞ്ഞാണ് പൂച്ചപിടുത്തം തുടങ്ങിയത്. നാട്ടില്‍ അലഞ്ഞുതിരിയുകയും വീടുകളില്‍ ശല്യമാവുകയും ചെയ്യുന്ന പൂച്ചകളെ കെണിവച്ച് പിടിക്കും. പിടികൂടുന്ന പൂച്ചകളെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിയിട്ടടിച്ച് കൊല്ലും. മരണനേരത്ത് കഴുത്തുമുറുകി, അടികൊണ്ട് പതുങ്ങുന്ന പൂച്ചയുടെ പച്ചക്കണ്ണുകളില്‍ തെളിയുന്ന ക്രൌര്യമാണ് ലോകത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്നതും എന്നാല്‍ ലഹരികൊള്ളിക്കുന്നതുമായ ദൃശ്യമെന്നും ആ മനുഷ്യന്‍ പറഞ്ഞു.”

കിണറിനരികില്‍ അരവരെ നഗ്നനായി കിടക്കുകയായിരുന്നു ബാലചന്ദ്രന്‍. കാട്ടില്‍ ആ ചുറ്റുവട്ടത്ത് പലയിടങ്ങളിലും മുതിര്‍ന്നവരുടെ മൃതദേഹങ്ങള്‍ ചിതറിയിരുന്നു.

“ടെററിസ്റ്റായിരുന്നു. കണ്ടില്ലേ, അവനേക്കാള്‍ വലിയ തോക്കും തൂക്കിയാണ് നായിന്റെമോന്‍ നടന്നിരുന്നത്.” ക്യാപ്റ്റന്‍ റൊണാള്‍ഡ് ഒഡീനോ പറഞ്ഞു.

ഉറങ്ങിക്കിടക്കുന്ന ഒരു ശിശുവിന്റെ സ്മരണയുയര്‍ത്തിയ ബാലചന്ദ്രന്റെ ഒരു മിഡ് ഷോട്ട്.

ഉടുപ്പില്ലാത്ത, വാടിയ നെഞ്ചില്‍ രക്തത്തിന്റെ അനവധി ഉറവക്കണ്ണുകള്‍. പാതിമലര്‍ന്ന ചുണ്ടുകളിലും കണ്ണിലെ നിഷ്കളങ്കതയുടെ വെള്ളയിലും തെറിച്ച, പകയുള്ള രക്തം. നിലം നനച്ചുപടര്‍ന്ന്, കറുത്തുതുടങ്ങിയ, വര്‍ഗവേദനയുടെ യുഗാന്തരശോണിമ.

ക്ളിക്ക്.

പകയുടെ നിറം ചുവപ്പാണ്.സ്നാപ് 3

റോഷിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന സമി അല്‍ - ഹജിന്റെ പിന്നിലേയ്ക്ക് വയലറ്റ് ചേര്‍ന്നു. അന്ന് പകലിലെ കാഴ്ചകള്‍ സമി അവളോട് വിവരിച്ചിരുന്നില്ല. അതിനുള്ള ധൈര്യമയാള്‍ക്കില്ലായിരുന്നു. തന്നെപ്പുണര്‍ന്നയാള്‍ കരഞ്ഞപ്പോഴും വയലറ്റ് അതെന്തെന്ന് ചോദിച്ചില്ല. തന്നോട് പറയാനിഷ്ടപ്പെടാത്തതെന്തോ മാത്രമാണതെന്ന് അവള്‍ക്കറിയാമായിരുന്നു. വയലറ്റിന്റെ ചുടുമിഴിനീര്‍ കവിളില്‍ വീണപ്പോള്‍ സമിയില്‍ പകലിന്റെ, തണുപ്പില്ലാത്ത മഴ പിന്നെയും പെയ്തു.

മഴയില്‍നിന്ന് ക്യാമറയെ രക്ഷിക്കാന്‍ സമി അല്‍ - ഹജ് കാട്ടില്‍നിന്ന് പെട്ടെന്ന് മടങ്ങുകയായിരുന്നു. അപ്പോഴാണ് ദൂരെ ബാലചന്ദ്രന്റെ നനയുന്ന ശരീരം നനഞ്ഞുകൊണ്ടുതന്നെ ഒരു സൈനികന്‍ എടുത്തുയര്‍ത്തി കിണറിനരികിലേയ്ക്ക് നടക്കുന്നത് അയാള്‍ കണ്ടത്. മഴയെ അവഗണിച്ച് പെട്ടെന്ന് ക്യാമറ പുറത്തെടുത്ത് കിണറിലേക്ക് നോട്ടമയച്ച സമിയുടെ ഫ്രെയിമിനുള്ളില്‍, തൊട്ടുമുന്നില്‍ ക്യാപ്റ്റന്‍ റൊണാള്‍ഡ് ഒഡീനോ നിറഞ്ഞുനിന്നു.

“നമ്മുടെ ദേശത്തിനുവേണ്ടി നിങ്ങള്‍ ആ ചിത്രം പകര്‍ത്തില്ല, അല്ലേ പ്രിയസുഹൃത്തേ?” മഴയ്ക്കും മേലെ, ക്യാപ്റ്റന്റെ ശബ്ദം ലോകത്ത് ഏറ്റവുമധികം മുറുകിയ തന്തികളുള്ളൊരു വാദ്യത്തിന്റെ മന്ത്രസ്ഥായിയിലുള്ള സ്വനത്തിന് സമാനമായിരുന്നു. സമി അല്‍ - ഹജ് മിഴിച്ചുനിന്നു. ബാലചന്ദ്രനപ്പോഴേയ്ക്കും കിണറിന്റെ അടിത്തട്ടിലെത്തിയിരുന്നു.

“നല്ലത്.” സമിയുടെ കണ്ണിന്റെ അടിത്തട്ടിലേയ്ക്ക് നോട്ടമാഴ്ത്തി, ഒരു പുഞ്ചിരിയോടെ അയാളുടെ ചുമലില്‍ തട്ടി അഭിനന്ദിച്ച് ക്യാപ്റ്റന്‍ നടന്നു.

സൈനികന്‍ കര്‍മ്മാനന്തരം പിന്‍വാങ്ങിയിടത്തേയ്ക്ക്, പെട്ടെന്ന് ചലനശേഷി തിരിച്ചുകിട്ടിയ സമി മഴയിലൂടെ ഓടി. അയാളുടെ പരിഭ്രാന്തമായ ചലനങ്ങളില്‍തട്ടി ആള്‍മറയില്‍നിന്ന് ഒരു കല്ലടര്‍ന്ന് അഗാധമായ കിണറ്റിനുള്ളിലേയ്ക്ക് പതിച്ചു. ബാലചന്ദ്രന്‍ ആ കല്ല് തീര്‍ത്ത ഓളങ്ങളുടെ അധോദൃശ്യം മീന്മിഴികളുടെ നിര്‍ജീവിതയിലൂടെ കണ്ടുകൊണ്ട് കിണറിന്റെ ഇരുണ്ട അടിത്തട്ടില്‍ തൊട്ടും തൊടാതെയും, ഭാരമില്ലാതെ ഇളകിക്കിടന്നു. ബാലചന്ദ്രനുവേണ്ടി കിണറിന്റെ ഇരുള്‍ക്കയത്തിലേയ്ക്ക് നോക്കിനിന്ന ആ നിമിഷങ്ങളിലാണ് അതുവരേയ്ക്കും അവ്യക്തമായിരുന്ന, രണ്ടാമത്തെ കിണറിന്റെ ഇരുളും പെട്ടെന്ന് സമി അല്‍ - ഹജിന്റെ മുന്‍പില്‍ അനാവൃതമായത്. ഭൂതകാലത്തിന്റെ ആ ആഴത്തില്‍, നഗരമൈതാനത്തെ കാര്‍ണിവല്‍ കൂടാരങ്ങള്‍ക്കിടയില്‍ ഒരു മരണക്കിണറിന് ചുറ്റും കാണികള്‍ വീര്‍പ്പടക്കിനിന്നു. കിണറിനുള്ളില്‍ ഭൌതികബലങ്ങളുടെ ആനുകൂല്യങ്ങളില്‍ ഒരു മനുഷ്യന്‍ മോട്ടോര്‍സൈക്കിള്‍ച്ചുഴലി തീര്‍ത്തു. കുഞ്ഞുസമിയ്ക്ക് അത് കണ്ടപ്പോള്‍ മധുരം ചേര്‍ക്കുന്നതിലുപരി കാപ്പിക്കോപ്പയുടെ നടുവില്‍ രൂപം കൊള്ളുന്ന ചുഴിയുടെ കാഴ്ചയ്ക്കായി കോപ്പയില്‍ അതിവേഗം കറക്കുന്ന കരണ്ടിയാണ് ഓര്‍മ്മവന്നത്.

എന്നാല്‍ വല്യസമിയ്ക്ക് ഇപ്പോള്‍ മരണക്കിണറുകളെ സംബന്ധിച്ച് വ്യക്തമായ ഒരു തത്വമുണ്ട്. മോട്ടോര്‍സൈക്കിളുകൊണ്ട് അഭ്യാസി വായുവില്‍ തീര്‍ക്കുന്ന ഒരു അദൃശ്യചുഴിയിലേയ്ക്ക് ആ മനുഷ്യന്റെ ശ്രദ്ധയും ശരീരവും തെറ്റിപ്പതിക്കുന്നൊരു നിമിഷാര്‍ദ്ധത്തിനായാണ് മരണക്കിണറിന്റെ വക്കില്‍ അത്രയും കാഴ്ചക്കാര്‍ വീര്‍പ്പടക്കി കാത്തുനില്‍ക്കുന്നത്. ആ കാത്തിരിപ്പിനെ പരാജയപ്പെടുത്തിന്നടത്താണ് ഓരോ തവണയും അഭ്യാസി വിജയിക്കുന്നതും അടുത്തതവണയും ആ കിണറ്റുവക്കില്‍ ശ്വാസം പിടിച്ചുനില്‍ക്കാനായി കാണികള്‍ ആകര്‍ഷിക്കപ്പെടുന്നതും. കാണികള്‍ക്കത് മൃതികാരകമായൊരു പിഴവിന്റെ കാഴ്ചാസംബന്ധിയായ ലഹരിയുടെ, ആകാംക്ഷാഭരിതമായ വീര്‍പ്പടക്കലാണ്. അഭ്യാസിക്കത് സ്വജീവന്‍ മരണത്തിന്റെ വക്കിലിട്ട് കറക്കിത്തിരിച്ചെടുക്കുന്നതിന്റെ, പകരം വയ്ക്കാനാവാത്ത സാഹസികതയുടെ ലഹരിയും.

അന്ന് ഓഫിസില്‍ മടങ്ങിയെത്തിയപ്പോള്‍ കാത്തിരുന്ന വാര്‍ത്ത അലി അബ്ദുള്ള അയൂബ് എന്ന സൈനികന്റെ മരണമായിരുന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ അനൌദ്യോഗികമായി നിലവില്‍ വന്ന് കഴിഞ്ഞിരുന്നെങ്കിലും, പട്രോളിംഗിനിടയില്‍ ഒരു മൈനിന്റെ പൂത്തുവിരിയലില്‍ പങ്കുചേര്‍ന്ന് ചിതറിപ്പോയ അലിയുടെ, അന്തരീക്ഷത്തില്‍ക്കൂടിയെത്തിയ ഒരു ലോംഗ് മിഡ് ഷോട്ട്.
നിസഹായമായൊരു ശവത്തിന്റെ മരണാനന്തരോപചാരങ്ങളിലെ പുഷ്പവൃഷ്ടിയുടെ അവശിഷ്ടങ്ങള്‍പോലെ ചുറ്റും ചിതറിയ ഇറച്ചിപ്പൂക്കള്‍ക്കിടയില്‍, മണ്ണില്‍, ചെറിപ്പഴം പോലെ ചുവന്ന, ഒറ്റപ്പെട്ടൊരു വൃഷണം. തുടകളില്‍ മാംസം മാറിയ ഇടത്തെ എല്ലുകളില്‍ പറ്റിയ, തിളച്ച ചോരക്കറ. വയറില്‍ തൊലിയുരുകിമാറിയ ഇടത്തെ, വെന്ത മാംസത്തിന്റെ ഇളം ചുവപ്പ്. വലംകണ്ണ് തെറിച്ചുപോയിടത്ത് അവശേഷിച്ച, കാഴ്ചനിഷേധത്തിന്റെ ചുവന്നതും അടഞ്ഞതുമായ ഒറ്റപ്പൊത്ത്.

ക്ളിക്ക്.

നിസഹായതയുടെ നിറം ചുവപ്പാണ്.സ്നാപ് 5

“നല്ലൊരു മനുഷ്യനായിരുന്നു, നല്ലൊരു പൌരനും.” അതിര്‍ത്തിയില്‍ അലി അബ്ദുള്ള അയൂബുമായുണ്ടായ കൂടിക്കാഴ്ചകളുടെ സൌഹൃദസ്മരണകളില്‍ ടെറി ലോയ്ഡ് ദു:ഖത്തോടെ പറഞ്ഞു. സമി മൌനമായി മദ്യമകത്താക്കിക്കൊണ്ടിരുന്നു. മദ്യശാലയിലായിരുന്നു ഇരുവരും.

“ടെറി,” ഡബിള്‍ ലാര്‍ജിന്റെ തരിപ്പില്‍ സമി അല്‍ - ഹജ് വിളിച്ചു. “എ.പിയുടെ ഫോട്ടോഗ്രാഫര്‍ എഡ്ഡി ആഡംസിന്റെ ഒരു ഫോട്ടോയുണ്ട്. വിയറ്റ്നാമില്‍, മിക്കവാറും ഒരു ലോകയുദ്ധമായിമാറിയ ആഭ്യന്തരയുദ്ധത്തില്‍, ബന്ദിയായ ക്യാപ്റ്റന്‍ നുയെന്‍ വാന്‍ ലെമ്മിന്റെ തലയിലേയ്ക്ക് നിറയൊഴിക്കുന്ന ബ്രിഗേഡിയര്‍ ജനറല്‍ നുയെന്‍ നാവ്ക് ലാന്‍. എനിക്കുറപ്പാണ്, ജനറല്‍ അപ്പോള്‍ അനുഭവിച്ചത് ശൂന്യദൂരത്തുനിന്ന് ഇരയെ വെടിവെച്ചിടുന്ന വേട്ടക്കാരന്റെ, ഹൃദയസ്തംഭനത്തിന് കാരണമാകത്തക്കവിധം ശക്തമായ ലഹരിയായിരിക്കണം. പുറകില്‍ പിണച്ച കൈകളുമായിനില്‍ക്കുന്ന ക്യാപ്റ്റന്റെ കണ്ണുകളിലെ നിര്‍ഭയത്വത്തിലൊളിഞ്ഞിരുന്നത് കൊല്ലപ്പെടുന്നവന്റെ വിചിത്രലഹരിയും. ഒരു കാര്യം നീ പ്രത്യേകം ശ്രദ്ധിക്കുക, കൊല്ലുന്നവന്റെയും കൊല്ലപ്പെടുന്നവന്റെയും പേര്‍ നുയെന്‍ എന്ന് തന്നെയാണ്!”

“എത്ര വിരോധാഭാസകരമായ സാമ്യത!” ടെറി ലോയ്ഡ് പ്രതിവചിച്ചു.“നാളെ അവരുടെ പ്രധാനമന്ത്രി സന്ധിചെയ്യുവാന്‍ വരുമ്പോള്‍ നിങ്ങളിരുവരുമാണ് കവര്‍ ചെയ്യേണ്ടത്.” പിറ്റേന്ന് ഗ്യാരി പ്ര്യിറ്റ് കണ്ണടയ്ക്ക് മുകളില്‍ കൂടി നോക്കിക്കൊണ്ട് പറഞ്ഞു.

“അങ്ങനെ യുദ്ധം തീരുന്നു.” പത്രാധിപരുടെ മുറിയില്‍നിന്നിറങ്ങുമ്പോള്‍ ടെറി ലോയ്ഡ് പറഞ്ഞു.

സമി അല്‍ - ഹജ് ആദ്യം പ്രതികരിച്ചില്ല. പിന്നെ ചോദിച്ചു, “അതിന് യുദ്ധങ്ങള്‍ എന്നാണ് അവസാനിച്ചിട്ടുള്ളത്?”

“അതെന്തൊരു ചോദ്യം സമി!”

“ടെറി, നീ കെവിന്‍ കാര്‍ട്ടറിന് പുലിറ്റ്സര്‍ സമ്മാനത്തോടൊപ്പം മരണത്തെയും സമ്മാനിച്ച ചിത്രം കണ്ടിട്ടുണ്ടോ?” ഒരു മറുചോദ്യമാണ് ക്യാബിനിലേയ്ക്ക് നടക്കുന്നതിനിടയില്‍ സമിയില്‍നിന്നുണ്ടായത്.

“ആ പെണ്‍കുട്ടി?”

“അതെ, പട്ടിണിയുടെ പ്രത്യക്ഷവിളംബരം പോലെയൊരു സുഡാന്‍ ബാലിക. ഒരു ദരിദ്രോദരത്തില്‍ കാലംതെറ്റിയെത്തിയ, ഗര്‍ഭാരംഭത്തിലെ ശിശുവിനെപ്പോലെ, തലമുഴുത്ത്, എഴുന്ന അസ്ഥികളില്‍മേല്‍ അയഞ്ഞ കുപ്പായം പോലെ തൊലിയോടിയൊരു കുഞ്ഞ്. തന്റെ തന്നെ തലയോടിന്റെ ഭാരം താങ്ങാനാവാതെ നിലത്ത് നെറ്റിമുട്ടിച്ച് ഇഴയുന്ന അവളുടെ പുറകില്‍ കാത്തിരിക്കുന്നൊരു കരിങ്കഴുകന്‍.”

“എനിക്ക് നല്ല ഓര്‍മ്മയുണ്ട് സമി.”

“സഹതപിപ്പിക്കുന്നതിനപ്പുറം, ആ ചിത്രവും അതിലെ ദൃശ്യവും അദൃശ്യവുമായ എല്ലാ ബിംബങ്ങളും ചേര്‍ന്ന്, ഇന്നെനിക്ക് പലതും വെളിവാക്കുന്നുണ്ട്.”

സമി അല്‍ - ഹജിന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിക്കൊണ്ട് ടെറി ലോയ്ഡ് കസേരയിലേയ്ക്കമര്‍ന്നു.

“ദാരിദ്ര്യം ദാരിദ്ര്യത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്. അത് മറ്റ് പലതിനെയും പ്രതിനിധീകരിക്കുന്നുണ്ട്, പ്രധാനമായും ചരിത്രത്തിനെ. നിരന്തരമായ യുദ്ധവൈരങ്ങളും, അശ്വമേധങ്ങളും, കൊള്ളിവെപ്പുകളും, അങ്ങിനെ പലതുമടങ്ങിയ ഹിംസാത്മകമായ നമ്മുടെ ചരിത്രത്തിന്റെ പ്രതിബിംബമാണ് ദാരിദ്ര്യം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു രാജ്യവും ദരിദ്രമായി ജനിക്കുന്നില്ല. ചരിത്രമാണ് ചിലരെ ദരിദ്രരും ചിലരെ സമ്പന്നരുമാക്കുന്നത്. പക്ഷേ ചരിത്രത്തിന്റെ ആല്‍ബത്തില്‍ ഇടം കിട്ടാത്ത ചിത്രങ്ങള്‍, തുല്യപ്രാധാന്യമുള്ളവരെങ്കിലും ആ ദരിദ്രരുടേതാണ്.”

“സുഡാനെ ആരും ആക്രമിച്ചതായി ഓര്‍മ്മയില്ലല്ലോ, അവര്‍ സ്വതന്ത്രരായതിന് ശേഷം.”

സമി അല്‍ - ഹജ് ചിരിച്ചു. “സുഡാനെ ആരും ആക്രമിച്ചില്ല ടെറി, സുഡാന്‍ സുഡാനെത്തന്നെ ആക്രമിക്കുകയായിരുന്നു. എത്ര ദയനീയവും അപഹാസ്യകരവുമായ വൈചിത്ര്യം, അല്ലേ? അതിര്‍ത്തിക്കപ്പുറംനിന്നുള്ള ഭീഷണികളുടെ രാഹിത്യത്തില്‍ മടുപ്പ് തോന്നുമ്പോള്‍ അതിര്‍ത്തിക്കുള്ളില്‍ അതുവരെ ഒരുമിച്ച് നില്‍ക്കുന്ന ജനങ്ങള്‍ പരസ്പരം ആക്രമിച്ചുതുടങ്ങുന്നു. അല്ലെങ്കില്‍ത്തന്നെ, ഒന്നോര്‍ത്താല്‍ ആര് ആരെ ആക്രമിക്കുന്നു എന്നുള്ളത് പ്രസക്തമേയല്ല. യുദ്ധങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു എന്നുള്ളതാണ് പ്രസക്തം. കുറച്ചുകൂടി വിശദമാക്കിയാല്‍, യുദ്ധം എന്ന പ്രതിഭാസം ഒരു മനുഷ്യനില്‍നിന്ന് മറ്റൊരു മനുഷ്യനിലേയ്ക്കും, ഒരു ജനതയില്‍നിന്ന് മറ്റൊരു ജനതയിലേയ്ക്കും, അവരില്‍നിന്നും ഇനിയൊരു മനുഷ്യനിലേയ്ക്കും ഇനിയൊരു ജനതയിലേയ്ക്കും പടര്‍ന്ന്, പിന്നെയും തിരിച്ച് ആദ്യമനുഷ്യനിലേയ്ക്കും ആദ്യജനങ്ങളിലേയ്ക്കുമെത്തി, ഒരു പകര്‍ച്ചവ്യാധിപോലെ, നാശമില്ലാത്തൊരു വിനാശകാരിയായി, മരണലഹരിയുടെ പ്രത്യക്ഷാടയാളമായി, അങ്ങനെ തുടരും.”

“യുദ്ധങ്ങള്‍ തുടങ്ങുന്നുമില്ല, അവസാനിക്കുന്നുമില്ല. അതൊരു തുടര്‍ച്ചയാണ്.” സമി കൂട്ടിച്ചേര്‍ത്തു.“കുറേനാള്‍ കൂടി ഇന്നലെയാണ് ഞാനൊന്ന് നന്നായുറങ്ങിയത്.” പുലരിയുടെ തെളിമഞ്ഞില്‍ കുളിര്‍ന്ന് ഉല്ലാസത്തോടെ ഓടുന്ന മീഡിയാവാനിലിരുന്ന് ടെറി ലോയ്ഡ് യാത്രയ്ക്കിടയില്‍ പറഞ്ഞു.

സമി അല്‍ - ഹജ് തടം വീര്‍ത്ത, ചുവന്ന കണ്ണുകളുമായി ടെറിയെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് തലേന്നത്തെ വെളിപാടിനെ ഇപ്രകാരം പൂരിപ്പിച്ചു, “എനിക്കിപ്പോള്‍ ഒരു കാര്യം മനസിലായി ടെറി, മനുഷ്യന്റെ ലോകത്തെ ലോകമാക്കിയും ജീവിതത്തെ ജീവിതമാക്കിയും നിലനിര്‍ത്തുന്ന എന്തിലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മരണലഹരിയുണ്ട്; വിവിധതരം ഭൌതികോര്‍ജങ്ങള്‍ പോലെ. അത് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ചോദനകളെ നിയന്ത്രിക്കുവാന്‍ നൂറ്റാണ്ടുകളായി ശ്രമിച്ചുവരുന്ന മനുഷ്യനും സംസ്ക്കാരങ്ങളും പക്ഷേ ഏറ്റവുമധികം പരാജയപ്പെട്ടുപോകുന്നത് ആ ലഹരിയെ നിയന്ത്രിക്കുന്നതിലാണുതാനും. ആ ലഹരിയാണ്, ഭരണാധികാരികള്‍ നിരന്തരം യുദ്ധങ്ങള്‍ പ്രഖ്യാപിക്കുന്നതിനും സന്ധിയൊപ്പിടുന്നതിനും കാരണം; നേരിട്ടല്ലാതെയുള്ള, മാനസികമായ വധങ്ങളില്‍ക്കൂടി അധികാരിയുടെ ജീവിതത്തെ നിലനിര്‍ത്തുന്നതിന്‍ലഹരി. ആ ലഹരിയാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികന്റെയും നുഴഞ്ഞുകയറുന്ന ചാവേറിന്റെയും വിപദിധൈര്യത്തിനും കാരണം; ദേശസ്നേഹത്തിനോ, പ്രത്യയശാസ്ത്രത്തിനോ അപ്പുറം, സുനിശ്ചിതമെങ്കിലും അന്യസാഹചര്യങ്ങളില്‍ വിദൂരമായേക്കാവുന്നൊരു മരണത്തെ ഏതുനിമിഷവും തൊട്ടുമുന്‍പില്‍ നേരിടേണ്ടിവന്നേക്കാമെന്ന, ഭ്രമിപ്പിക്കുന്നൊരു ലഹരി. ആ ലഹരിതന്നെയാണ്, നമ്മുടെ പാവം ഹഴ്സ്റ്റ് ഫാസിന്* കാല്‍ നഷ്ടപ്പെട്ടതിന്, എന്തിന്, കുഞ്ഞുങ്ങള്‍ തുമ്പികളെ അംഗങ്ങളായി ക്രമത്തില്‍ വേര്‍പെടുത്തുന്നതിനുപോലും കാരണം. ചരിത്രത്തിന്റെ മനുഷ്യന്‍ പരാജയപ്പെട്ട പ്രധാന ഇടങ്ങള്‍, വീടും വിദ്യാലയങ്ങളും അധികാരകേന്ദ്രങ്ങളും ആയുധശാലകളും അതിര്‍ത്തികളുമാകുന്നു.”

ക്യാമറയുടെ മിന്നലുകള്‍ പൊട്ടിവിടര്‍ന്ന് വിശാലമായ മുറിയില്‍ നിറഞ്ഞു. വെള്ളിപോലെ തിളങ്ങിയ അന്തരീക്ഷത്തില്‍ ആഡംബരമേശയ്ക്ക് അപ്പുറം രാഷ്ട്രനേതാക്കള്‍ ദീര്‍ഘനേരം പരസ്പരം ഹസ്തദാനം നല്‍കിക്കൊണ്ടേയിരുന്നു. പിന്നെയവര്‍, സുവര്‍ണനിറത്തിലുള്ള പേനയുടെ അടപ്പുതുറന്ന് സന്ധിയുടമ്പടി ഒപ്പുവയ്ക്കുന്നേരം ഹാളിനു വലതുവശത്തെ, സായുധഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന, ചിത്രപ്പണികള്‍ ചെയ്തുമിനുക്കിയ വലിയ വാതിലില്‍ കൂടി ഒരു പറ്റം ചെറിയ കുട്ടികള്‍ മൂന്നുവരിയായി മാര്‍ച്ചുചെയ്തുവന്നു. പെട്ടെന്ന് ഹാളും ഹാളിലുണ്ടായിരുന്നവരും കുട്ടികളുടെ പടയുമെല്ലാം ഒരു ഫിഷ്ഐ ലെന്‍സില്‍ക്കൂടി കാണുന്നതുപോലെ, അല്ലെങ്കില്‍ ഉരുണ്ടുസുതാര്യമായൊരു സ്ഫടികപ്പേപ്പര്‍വെയിറ്റില്‍ കണ്ണുചേര്‍ത്ത് അപ്പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നതുപോലെ, മുകള്‍ഭാഗവും അടിഭാഗവും ഇരുവശത്തുനിന്നും ഉള്ളിലേക്ക് വളഞ്ഞ്, ഒരു ഗ്ലോബിലേക്ക് ചുരുണ്ടൊതുങ്ങി. പിന്നെ പതിയെ ഗ്ലോബ് ഉരുകിയഴിഞ്ഞ് നോര്‍മല്‍ ഫ്രെയിമായി, ഒരു ടെലിലെന്‍സില്‍ക്കൂടിയുള്ള കാഴ്ച പോലെ കുട്ടികളൊഴിച്ച് മുറിയില്‍ ബാക്കിയെല്ലാം ഫേഡൌട്ട് ആയി. ക്യാമറാഫ്ലാഷുകളുടെ വെളിച്ചത്തില്‍ കുട്ടികളുടെ കവിളുകളില്‍ കരികൊണ്ടുള്ള വരകള്‍ തിളങ്ങി. അവര്‍ വലകൊണ്ട് പൊതിഞ്ഞ ഉരുക്കുഹെല്‍മെറ്റുകള്‍ ധരിച്ചിരുന്നു. പച്ചച്ചാണകത്തിന്റെ നിറമുള്ള ഉടുപ്പുകളുടെ അറ്റം കാത്സ്രായികള്‍ക്കകത്തേയ്ക്ക് തിരുകിയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും അരയില്‍ വസ്ത്രത്തിന്റെ അതേനിറമുള്ള, വീതിയുള്ള ബെല്‍റ്റുകള്‍ കെട്ടിയിരുന്നു. മുട്ടിനുതാഴെവരെയെത്തുന്ന കറുത്ത ബൂട്ടുകളില്‍ പൊടിപിടിച്ചിരുന്നു. എല്ലാ കുട്ടികളുടെയും തോളില്‍ അവരോളം നീളമുള്ള ഓരോ തോക്കുകള്‍ തൂങ്ങിയിരുന്നു. അവരില്‍ പലരുടെയും മുഖങ്ങളില്‍നിന്ന് കാപ്പിരിയുടെയും റെഡ് ഇന്ത്യന്റെയും ആര്യന്റെയും മദ്ധ്യധരണ്യാഴിക്കാരന്റെയും, മംഗോളിയന്റെയും ദ്രാവിഡന്റെയുമൊക്കെ വംശരാശികള്‍ സമി അല്‍ - ഹജ് വായിച്ചെടുത്തു.

മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രത്തലവന്മാരുടെ മേശയ്ക്കും ഇടയിലുള്ള വിശാലമായ ഇടത്തിലൂടെ പരേഡ് ചെയ്ത് എതിര്‍വശത്തുള്ള വാതിലില്‍ക്കൂടി അവര്‍ കടന്നുപോകുന്നത് നോക്കി സമി ഇരുന്നു. അവസാനത്തെ നിരയും വാതില്‍ക്കലെത്തവേ അറ്റത്തുകൂടി നടന്നിരുന്ന, വംശം തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ മുഖലക്ഷണമുള്ള കുട്ടി തിരിഞ്ഞ് സമിയെനോക്കി തെളിഞ്ഞുചിരിച്ചുകൊണ്ട് കൈവീശിക്കാട്ടി. അവനെ സമി അല്‍ - ഹജ് തിരിച്ചറിഞ്ഞു. അനന്തരം മണികിലുങ്ങുന്നതുപോലെ ഉറക്കെച്ചിരിച്ചുകൊണ്ട് അവന്‍ തന്റെ തോക്ക് ആയാസപ്പെട്ടുതാങ്ങി കൂട്ടുകാര്‍ക്കൊപ്പം എത്താനായി ഫ്രെയിമിന് പുറത്തേയ്ക്ക് ഓടിപ്പോയി.

ഒരു ലോംഗ് ഷോട്ട്.

ക്ളിക്ക്. ക്ളിക്ക്? ഇല്ല, ആ താള്‍ ശൂന്യമാണ്.
************************************************
ഫന്‍ ഥി കിം ഫുക്കിന്,
അവളോടൊപ്പം ഓടിയ, ഓടിക്കൊണ്ടിരിക്കുന്ന, ഓടുവാനുള്ള ശതകോടി ശിശുക്കള്‍ക്ക്..


*ഫന്‍ ഥി കിം ഫുക് - വിയറ്റ്നാം യുദ്ധത്തില്‍ നാപാം ബോംബാക്രമണത്തില്‍ ശരീരമാകെ പൊള്ളി, റോഡിലൂടെ നഗ്നനായോടിയ കൊച്ചുപെണ്‍കുട്ടി. ഇപ്പോള്‍ യുനെസ്കോയുടെ ഗുഡ് വില്‍ അംബാസിഡര്‍. യുദ്ധക്കെടുതികളുടെ ബാലയിരകള്‍ക്കായി കിം ഫുക് ഫൌണ്ടേഷന്‍ ഇന്റര്‍നാഷണല്‍ നടത്തുന്നു.
*സമി അല്‍ - ഹജ് - അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയില്‍ കാരണമില്ലാതെ ആറ് വര്‍ഷം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട, സുഡാനില്‍നിന്നുള്ള, അല്‍ - ജസീറ ക്യാമറാമാന്‍.
*ടെറി ലോയ്ഡ് - ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തില്‍ കൊല്ലപ്പെട്ടു.
*എ.പി - അസോസിയേറ്റഡ് പ്രസ് (ലോകപ്രശസ്ത വാര്‍ത്താ ഏജന്‍സി)
*സെക്കന്റ് ഐ.സി (2.ഐ.സി) - സെക്കന്റ് ഇന്‍ കമാന്‍ഡന്റ്
*എല്‍.എം.ജി - ലൈറ്റ് മെഷീന്‍ ഗണ്‍
*ബി.കോയി - ബ്രാവോ കമ്പനി (അതിര്‍ത്തിരക്ഷാസേനയില്‍ ആല്‍ഫ കമ്പനി മുതല്‍ തുടങ്ങുന്ന പല കമ്പനികളിലൊന്ന്.)
*ആര്‍ട്ടിക് റ്റേണ്‍ - ധ്രുവം മുതല്‍ ധ്രുവം വരെ പറക്കുന്ന ദേശാടനപ്പക്ഷി
*ബാലചന്ദ്രന്‍ - തമിഴ്പുലി പ്രഭാകരന്റെ മകന്‍. ശ്രീലങ്കന്‍ പട്ടാളത്താല്‍ ബാല്യത്തിലേ വധിക്കപ്പെട്ടു.
*ഊസി - ഒരുതരം തോക്ക്
*ഹഴ്സ്റ്റ് ഫാസ് - എ.പിയുടെ ലോകപ്രശസ്തനായ മുഖ്യഫോട്ടോഗ്രാഫര്‍. (ഇദ്ദേഹത്തിന് യുദ്ധചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ കാല്‍ നഷ്ടപ്പെട്ടു.)

2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ജനിതകത്തില്‍ രേഖപ്പെട്ട ചിത്രങ്ങള്‍

നമ്മുടെ വിവാഹം
ഭൂമിയില്‍ പ്രേമത്തിന്റെ അറുതിയും
ലോകാവസാനവുമാകുമായിരുന്നു. - മേതില്‍

1. സ്വപ്നയാഥാര്‍ഥ്യങ്ങള്‍ക്കൊരു മുഖവുര.

എല്ലാ പ്രണയദുരന്തങ്ങളിലും ശേഷം ചിന്തിക്കുന്നതുപോലെ, വീണ്ടും കണ്ടുമുട്ടുമെന്ന് കൃഷ്ണകുമാര്‍ ഒരിക്കലും വിചാരിച്ചതല്ല; എന്നിട്ടും, ഇന്നിനെ സംബന്ധിച്ച് നാളെയുടെ അപ്രതിരോധ്യതയും അനിവാര്യതയും പോലെ, കൃഷ്ണകുമാര്‍ നീലിമയെ കണ്ടു. അവളെ ഉപേക്ഷിച്ച ശേഷം, അവനെ സംബന്ധിച്ചിടത്തോളം അവളുടെ ഓര്‍മ്മകള്‍ ഇക്കാലമത്രയും കൊണ്ട് കോടമഞ്ഞുമൂടിപ്പോയിരുന്നു. ഏകാന്തതയുടെ, കുറ്റബോധസാന്ദ്രമായ കാറ്റുകളില്‍ വലപ്പോഴും ചില അരികുകള്‍ തെളിഞ്ഞിരുന്നെങ്കിലും അവയെല്ലാം തണുത്തുറഞ്ഞും പോയിരുന്നു.

“എനിക്കറിയാമായിരുന്നു, നീ വരുമെന്ന്.” എന്ന് മാത്രം നീലിമ പറഞ്ഞു. എങ്ങനെയെന്ന് കൃഷ്ണകുമാര്‍ ചോദിച്ചില്ല. എങ്ങിനെയോ അവള്‍ക്കത് പൂര്‍ണനിശ്ചയമുണ്ടായിരുന്നു എന്നുതന്നെ അവന് തോന്നി. ചില നിശ്ചയങ്ങള്‍ അങ്ങനെയാണ്. അവ അസാധ്യമാംവിധം ദൃഢപൂര്‍ണമായിരിക്കും. അവയെക്കൂറിച്ചുള്ള നിശ്ചയങ്ങളും അങ്ങനെതന്നെ. ഏറ്റവും കൌതുകകരമായ കാര്യം, അവളുടെ വിവാഹനിശ്ചയനാളിലായിരുന്നു ആ പുന:സമാഗമം എന്നുള്ളതായിരുന്നു. അവള്‍ക്കൊരുവന്‍ മോതിരമണിയിച്ചു. അവള്‍ തിരിച്ചും.

അന്ന് രാത്രിയില്‍, വിവാഹനിശ്ചയത്തിന് സംബന്ധിച്ചതില്‍ നന്ദിയറിയിച്ചുകൊണ്ട് നീലിമയുടെ എസ്.എം.എസ് വന്ന നിമിഷമാണ്, ആ വിവാഹനിശ്ചയരംഗം കണ്ടപ്പോള്‍ മുതല്‍ മനസില്‍ ഉരുണ്ടുകൂടിയ, പക്ഷേ തികച്ചും അവ്യക്തമായിരുന്ന ഒരു കാര്യം അവന് ഉറവജലം പോലെ തെളിഞ്ഞുകിട്ടിയത് - അവളെ മറന്നുപോയതല്ല, എവിടെയോ ഒരിടത്ത് അവളും ഒറ്റയ്ക്കാണ്, അല്ലെങ്കില്‍ ഒറ്റയ്ക്കുണ്ട് എന്ന, തനിക്കിതുവരെയും തിരിച്ചറിയാനാകാതെ പോയ ശക്തമായ ഒരു സ്വാര്‍ത്ഥവിശ്വാസത്തിന്മേലാണ് ഈ വര്‍ഷങ്ങളിലത്രയും, ഓരോ നിമിഷവും കഴിഞ്ഞുകൂടിയിരുന്നതെന്ന്. ഉപബോധത്തിലെ ആ തിരിച്ചറിവ് നല്‍കിയ ശാന്തതയാണ് മറവിയുടെ പ്രച്ഛന്നവേഷമണിഞ്ഞ്, അവളുടെ ഓര്‍മ്മകള്‍ക്കുമേലെ മഞ്ഞുപോലെ മൂടിക്കിടന്നതെന്നും അവനറിഞ്ഞു.  ജീവിതത്തില്‍ നടാടെ, കൃഷ്ണകുമാറിനെ അനാഥഭയം ഗ്രസിച്ചു.

ഈ ‘അനാഥത്വം’ എന്ന സങ്കല്‍പ്പം ഒരു മന്ദ:വിഷമാണ്. അതിന്റെ വിധി ദംശിച്ചുകഴിഞ്ഞാലും വിഷം കയറാന്‍ സമയമെടുക്കും. ഒടുവില്‍ സിരാകേന്ദ്രത്തെ ശ്വാസം മുട്ടിച്ചുതുടങ്ങുമ്പോഴേ അതിന്റെ സംഹാരശേഷിയെക്കുറിച്ച് പൂര്‍ണബോധ്യം കൈവന്നുതുടങ്ങൂ. കൃഷ്ണകുമാറിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. താനിത് അര്‍ഹിച്ചതാണെന്ന നിരന്തരചിന്തമൂലം ആയിരിക്കണം, ആദ്യത്തെ വെളിപാട് വലിയ പ്രശ്നമുണ്ടാക്കിയിരുന്നുപോലുമില്ല. എന്നാല്‍, ദിവസങ്ങള്‍ പോകെ, അവള്‍ ഇനി അവിടെയുണ്ടാകില്ല എന്ന ചിന്തയുടെ പല മാനങ്ങള്‍ തെളിഞ്ഞുവന്നു. ഓരോ നിമിഷവും ഓരോ മാനങ്ങള്‍.

അവള്‍ അവിടെയില്ല എന്ന ചിന്ത, അതുതന്നെയായിരുന്നു പ്രശ്നം. “അവിടെ” എന്ന് പറയുമ്പോള്‍ ഏതെങ്കിലും കേവലഭൌതികമായ ഒരു ഇടമല്ല. സ്ഥലകാലങ്ങള്‍ ചേര്‍ന്നുനിര്‍മ്മിച്ച, ഒരു ചതുര്‍മാന ഇടം. അന്തരീക്ഷത്തിലും കാലത്തിലുമായി നീര്‍ക്കുമിളപോലെ സ്ഥിതിചെയ്യുന്ന, ഇളകിപ്പറക്കുന്ന, കല്പിതമോ യഥാര്‍ഥമോ എന്ന് നിശ്ചയമില്ലാത്തൊരിടം. സ്ഥലമാനങ്ങളേക്കാള്‍ സമയമാണ് അതിന്റെ മുഖ്യനിര്‍മ്മാണശില. അത് സമ്മാനിക്കുന്ന ദു:ഖത്തിന്റെ പിന്നിലും പ്രധാനമായത് സമയം തന്നെ. ഇന്നലെ അനുഭവിച്ചതല്ല, ഇന്ന് അനുഭവിക്കുന്നതാണ് ഏറ്റവും തീവ്രമായ അനാഥദു:ഖം എന്ന് ഓരോ ദിവസവും കൃഷ്ണകുമാര്‍ കരുതി. അനൈശ്ചികമായാണെങ്കിലും, ഭക്ഷണവും നിദ്രയുമൊഴിവാക്കി, അസ്ഥിയും മാംസവുമുരുക്കുന്ന അനാഥദു:ഖത്തിന്റെ കൊടുമുടിയില്‍നിന്ന് കൂടുതല്‍ വലിയ ഒന്നിലേയ്ക്ക് എന്ന രീതിയില്‍ കൃഷ്ണകുമാര്‍ ദിവസവും കയറിക്കൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിലെ ഏകാന്തതയും ഏകാന്തതയിലെ അപരസാന്നിദ്ധ്യവുമായിരുന്നു ആ അനാഥത്വത്തിന്റെ പ്രകടവും, ഏറ്റവും അസഹ്യവുമായ ലക്ഷണം.

അനാഥത്വത്തിന്റെയും ഏകാന്തതയുടെയും പര്‍വതാരോഹണങ്ങളില്‍ കൃഷ്ണകുമാറിന് പനി പിടിച്ചു. പനി പിടിച്ചതായിരുന്നില്ല, പിടിപ്പിച്ചതായിരുന്നു. കൃഷ്ണകുമാറിന് ആ ദിവസങ്ങളില്‍ പീഡ ശ്വാസവായുപോലെ ആവശ്യമായിരുന്നു. കെട്ടഴിഞ്ഞ് ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും ചാടിത്തുള്ളിപ്പറക്കുന്ന ബലൂണ്‍ പോലെ, അവന്‍ സ്വമേധയാ കഠിനമായി പനിച്ചു. അടുത്തുനിൽക്കുന്നവർ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാവുന്ന തരത്തിൽ വ്യക്തവും ദൃശ്യവുമായ, ഉടലിനെയപ്പാടെ ഞെട്ടിക്കുന്ന, കനത്ത ഹൃദയമിടിപ്പുകൾ തന്റെ ആയുസ്സെടുത്തേക്കും എന്ന് കൃഷ്ണകുമാർ കരുതുന്നതരത്തിലുള്ള പനികൾ.

അങ്ങനെയൊരു തീപ്പനിയുടെ ഉച്ചയില്‍ നിന്ന സന്ധ്യയിലാണ് നീലിമയുടെ ഫോണ്‍വിളി വന്നത്. ഒറ്റ ഹലോയില്‍ അവന്റെ പനി പിടിച്ചെടുക്കുക വഴി, സ്വയം അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളകളെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു.

“ദു:ഖം മാനസികമെന്നതിനേക്കാള്‍ ശാരീരികമായൊരു അനുഭവമാണ്.” കൃഷ്ണകുമാര്‍ പറഞ്ഞു. രോഗബാധിതരുടെ ഉടല്‍ പനിക്കുന്നതിന്റെ കാരണം അവനപ്പോള്‍ കൂടുതല്‍ വ്യക്തമായി അറിയാമായിരുന്നു.

എന്ത് ദു:ഖം എന്ന് നീലിമ ചോദിച്ചില്ല. പകരം, മുന്‍കൂട്ടി അറിയാവുന്ന ഒരു ഉത്തരത്തിലേയ്ക്ക് അവള്‍ മറ്റൊരു ചോദ്യം നീട്ടി,

“ അവള്‍ എവിടെ, ഷാരോണ്‍?”

“പോയി, പണ്ടേ..”

“എന്തേ?”

കൃഷ്ണകുമാര്‍ മിണ്ടിയില്ല. നീലിമ പിന്നെ അതിനേപ്പറ്റി ചോദിച്ചുമില്ല. പക്ഷേ അവന്‍ പിന്നെ, ഫോണ്‍ വെക്കുന്നതിന് തൊട്ടുമുന്‍പായി പെട്ടെന്നോര്‍ത്തതുപോലെ പറഞ്ഞു, “അവളെ ചുംബിക്കുമ്പോഴെല്ലാം ഞാന്‍ നിന്റെ മുഖം കണ്ടു. ഒരേസമയം ആത്മനിന്ദയോടെയും ആസക്തിയോടെയും, പകയോടെയും പ്രണയത്തോടെയും ഞാനവളെ ചുംബിച്ചു. അവളെ ഞാന്‍ വെറുത്തുകൊണ്ട് സ്നേഹിച്ചു. എനിക്കുവേണ്ടിയും നിനക്കുവേണ്ടിയും ഞാനവളെ കഠിനമായി വെറുത്തു. എനിക്കുവേണ്ടിയും അവള്‍ക്കുവേണ്ടിയും ഞാനവളെ തീവ്രമായി സ്നേഹിച്ചു.”

നീലിമ നിശബ്ദയായി. പെട്ടെന്നുള്ള ആ തുറന്നുപറച്ചില്‍ അവള്‍ പ്രതീക്ഷിച്ചിരുന്നു. എന്ന് മാത്രമല്ല, അവര്‍ പിരിഞ്ഞ ദിവസം മുതല്‍ നീലിമയുടെ മനസ്സില്‍, കൃഷ്ണകുമാറിന്റെ ശബ്ദത്തില്‍, ആ പ്രസ്താവന പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. യഥാര്‍ത്ഥത്തില്‍ തനിക്ക് ഒരാവശ്യവുമില്ലാതിരുന്ന ചിരപരിചിതമായ ആ വെളിപ്പെടുത്തലിന് വേണ്ടിയാണ് അവള്‍ ഫോണ്‍ വിളിച്ചതുതന്നെ. വിവാഹനിശ്ചയം മുതല്‍ ആ ഫോണ്‍ സംഭാഷണം വരെയുള്ള കാലത്തിന്റെ ദൂരം ഒരേ സമയം രണ്ടിടങ്ങളിലിരുന്ന് അളക്കുകയായിരുന്നു തങ്ങളിരുവരും എന്ന് ഫോണ്‍ നമ്പരിലെ ആദ്യ അക്കം ഡയല്‍ ചെയ്തപ്പോള്‍ തന്നെ നീലിമ മനസിലാക്കിയിരുന്നു.

“ഒരുപക്ഷേ അതവള്‍ മനസിലാക്കിയിരിക്കാം, എന്റെ ഉമിനീരിലും വിയര്‍പ്പിലും നിന്നെ ചുവച്ചിരിക്കാം. ഏതായാലും, അവള്‍ പോയി.”

നീലിമ ഫോണ്‍ വെച്ചുകളഞ്ഞു. കൃഷ്ണകുമാര്‍ തിരികെ വിളിച്ചിട്ടും അവള്‍ ഫോണെടുത്തില്ല. പറയുന്ന നിമിഷം വരെയും അവനുതന്നെ വ്യക്തമാകാനിടയില്ലാത്ത എന്തൊക്കെയോകൂടി കൃഷ്ണകുമാറിന് പറയുവാനുണ്ടായിരുന്നു. എങ്കിലും മനസ് ഒരു അപ്പൂപ്പന്‍താടി പോലെ ഭാരം കുറഞ്ഞതായി അവന് തോന്നി. ഒരുപാട് നാളുകള്‍ കൂടി അന്നുരാത്രി സമാധാനമായുറങ്ങാമെന്നും അവന്‍ കരുതി. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ആ ദിവസത്തിന്റെ രാത്രിയെ പൂര്‍ണമായും കൃഷ്ണകുമാര്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് കടത്തിവിട്ടു. നിലാവ് കാണുവാനായി രാത്രിയുടെ തുടക്കത്തില്‍ തുറന്നിട്ടിരുന്ന, കിടക്കയരികിലെ ജനലില്‍ക്കൂടി നിലാവ് കെടുന്നതും കിഴക്ക് ആകാശം കരിനീലിക്കുന്നതും നീലയില്‍ തീനാടകള്‍ തിരശ്ചീനമായി തെളിഞ്ഞുവരുന്നതും നോക്കിക്കിടക്കവേ അവന് ഒരു കാര്യം വ്യക്തമായി - ചിലര്‍ ജീവിതത്തില്‍ നിന്ന് ഇല്ലാതാകുന്നതേയില്ല. അവര്‍ ഒരു കോസ്മിക് നിയമമനുസരിച്ചെന്നപോലെ, എല്ലാ പുതുമകളോടും കൂടി ഉദിക്കുകയും അതേ പുതുമകളോടുകൂടി അസ്തമിക്കുകയും മാത്രമാണ് ചെയ്യുന്നത്. ഉദയാസ്തമയങ്ങള്‍ക്കപ്പുറം, സാമീപ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, അതേ തീക്ഷ്ണതയോടെ ‘അവര്‍ എന്ന വസ്തുത’ ജീവിതത്തില്‍ നിലനില്‍ക്കുന്നുണ്ട്!


2. സ്വപ്നം മുതല്‍ യാഥാര്‍ഥ്യം വരെ.

ഫോണ്‍ സംഭാഷണങ്ങളില്‍ ഒരിക്കലും നീലിമ കൃഷ്ണകുമാറിനോട് ഷാരോണിന്റെ പേരില്‍ ക്ഷമിച്ചുവെന്നോ ക്ഷമിച്ചില്ലെന്നോ പറഞ്ഞില്ല. എനിക്ക് നിന്നോടുള്ള പ്രേമം പുതുക്കപ്പെട്ടിരിക്കുന്നുവെന്നും ഇരുവരും വാക്കാല്‍ പരസ്പരം അറിയിച്ചില്ല. അല്ലെങ്കിലും, വാക്കുകള്‍ അപ്രസക്തമായൊരു തരം അതിസ്വകാര്യമാധ്യമത്തിലാണ് തങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നതും സംവദിക്കുന്നതും എന്ന് അവള്‍ക്കും അവനും തോന്നിത്തുടങ്ങിയിരുന്നു. കടലടിയില്‍, ഒരു കണ്ണാടിക്കൂടിനുള്‍ളില്‍ കഴിയുന്ന രണ്ടേ രണ്ട് ജലജീവികളെപ്പോലെ. അകത്തും പുറത്തും ഒരേ കടൽജലമാണെങ്കിലും ഉള്ളിലെ ജലം അവരുടെ മാത്രം മാധ്യമമാകുന്നു. ഈയൊരു കുമിളച്ചിന്ത തന്നെയായിരുന്നു പ്രശ്നവും. എന്തെന്നാല്‍ ഒരേ കടലാഴത്തിലെങ്കിലും, സ്ഫടികസുതാര്യതയ്ക്കപ്പുറത്ത് തങ്ങളുടേതല്ലാത്തൊരു ലോകത്തെയും അതിലെ ജൈവസാന്നിധ്യങ്ങളെയും അവര്‍ നിരന്തരം കാണുന്നു. ഉള്ളില്‍നിന്ന് പുറത്തേയ്ക്ക് നോക്കുമ്പോള്‍ സ്ഫടികഭിത്തിയുടെ കോണ്‍കേവ് വടിവ് ചില്ലിനപ്പുറത്തെ മുഖങ്ങള്‍ക്ക് ഭീകരമാനങ്ങള്‍ നല്‍കുന്നു. ഇനിയും പറയുകയാണെങ്കില്‍ പരിചിതമെങ്കിലും ആ മുഖങ്ങളുടെ ഭീതിജനകമായ സാമീപ്യം അവര്‍ക്ക് സ്ഫടികനേര്‍മ്മയെക്കുറിച്ച് അനാവശ്യമായ ഓര്‍മ്മ നല്‍കുന്നു. ഈ വക കാരണങ്ങളാല്‍, പുറത്തുനിന്നും വരുവാനിടയുള്ള ഒരു ഇടപെടലിനെയും, സ്വയം പൊട്ടുവാനിടയുള്ളൊരു ചില്ലുഭിത്തിയെയും അവര്‍ സദാസമയവും വെറുതെ സങ്കല്പിക്കുന്നു. ജീവിതമാധ്യമത്തെ സംബന്ധിച്ച ആ അരക്ഷിതത്വം അവരുടെ പ്രാണഭയത്തെ എപ്പോഴും സജീവമാക്കി നിലനിര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍, അവരെ സംബന്ധിച്ച്, ആത്മീയമെന്ന് വിളിക്കാവുന്ന, ഇരുവർമാത്രം ഉൾപ്പെട്ട ഒരുതരം ഏകാന്തതയ്ക്കുവേണ്ടിയും, ആ ഏകാന്തതയുടെ അരക്ഷിതത്വത്തിനെതിരെയും ഉള്ള പ്രാണസമരത്തിന്റെ അപരനാമമാകുന്നു പ്രണയം. സെല്‍ഫോണ്‍ ടവറുകളില്‍ക്കൂടി മിക്കവാറും സമയം ഘനമൌനങ്ങളും തൊണ്ടയില്‍വെച്ച് ഈര്‍പ്പം കയറി കുതിര്‍ന്ന് കനപ്പെട്ടുപോയ വാക്കുകളും ഒഴുകി.

“നിനക്ക് അവനെ കല്യാണം കഴിക്കാതിരുന്നുകൂടേ?”

ചോദിച്ച നിമിഷം തന്നെ താന്‍ സ്വയം അന്തസ്സ് നഷ്ടപ്പെടുത്തിയതായി കൃഷ്ണകുമാറിന് മനസിലായി. പ്രേമത്തിന്റെ കുഴപ്പമിതാണ്; അപ്രതീക്ഷിതനിമിഷങ്ങളില്‍ നമ്മെ അറിയിച്ചുകൊണ്ടുതന്നെ അത് നമ്മെ നാണം കെടുത്തും.

“എന്തൊരു ചോദ്യം കൃഷ്ണാ!”

നീലിമയുടെ ശബ്ദത്തില്‍ പരിഹാസമില്ലായിരുന്നുവെങ്കിലും, പ്രതികരണത്തില്‍ കൃഷ്ണകുമാറിന്റെ അപഹാസ്യത പൂര്‍ണമായി. കടല്‍ക്കരയില്‍ കണ്ടും കേട്ടും പഴകിയൊരു കാല്‍പ്പനിക പ്രണയദൃശ്യത്തിലെ കഥാപാത്രങ്ങളായിരിക്കുകയായിരുന്നു അവര്‍. സൂര്യന്‍ ജ്വലനപര്‍വമെല്ലാം കഴിഞ്ഞ്, തീക്ഷ്ണപ്രകാശരശ്മികളുടെ നിയതമല്ലാത്ത പാര്‍ശ്വങ്ങളെയെല്ലാം മുറിച്ചുമാറ്റി, വ്യക്തമായ പരിധിയുള്ള വലിയൊരു ചുവപ്പ് വൃത്തം മാത്രമായിമാറിയിരുന്നു.

“ഒരാള്‍ക്ക് ഒരേസമയം രണ്ട് പേരെ സ്നേഹിക്കാന്‍ കഴിയുമോ?”

“നീ സ്നേഹിച്ചില്ലേ അങ്ങനെ?”

കൃഷ്ണകുമാറിന്റെ നാവടഞ്ഞുപോയി. പഞ്ചസാരമണല്‍ പറ്റിയ അവളുടെ പാദങ്ങളിലേയ്ക്ക് നോക്കി അവന്‍ ഇരുന്നു. സ്നേഹിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ പാദങ്ങളില്‍ നഖങ്ങള്‍ നെറ്റിമേല്‍ ചുവന്നുവലിയ വട്ടപ്പൊട്ട് പോലെയാണ്. പാദങ്ങളെ അവ ഉമ്മവെക്കാന്‍ തോന്നിപ്പിക്കും വിധം വിശ്വസുന്ദരികളുടെ മുഖങ്ങളാക്കുന്നു. നീലിമയുടെ പാദവും എന്നെ ഉമ്മ വെക്കൂ എന്ന് ക്ഷണിക്കും; പക്ഷേ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ. എന്തെന്നാല്‍ അവയുടെ നഖങ്ങള്‍ക്ക് പാല്‍പ്പല്ലുകളുടെ പടുതിയായിരുന്നു. ശരീരത്തെ അപേക്ഷിച്ച് അസാധാരണമാംവിധം ചെറുതായ ആ പാദങ്ങളില്‍ നോക്കിയിരിക്കേ, അവന്‍ നെരൂദയെ ഓര്‍ത്തു. ‘When I cannot look at your face, I look at your feet...’ നാശം! കൃഷ്ണകുമാറിന്റെ പ്രശ്നമിതാണ്, വര്‍ത്തമാനത്തിലെ എന്തിനെയും ഓര്‍മ്മകളുമായി ബന്ധപ്പെടുത്തിക്കളയും!

“നീ കേട്ടിട്ടില്ലെ കൃഷ്ണാ, മൃഗങ്ങളില്‍ ഇണയെ തിരഞ്ഞെടുക്കുന്നത് പെണ്ണാണെന്ന്? എന്തുകൊണ്ട് അത് അവളുടെ മാത്രം അവകാശമായിരിക്കുന്നു എന്നറിയുമോ?”

അതിന്റെ ഉത്തരം കൃഷ്ണകുമാറിന് അറിയില്ലെന്ന് അവന്റെ മൌനം പറഞ്ഞു.

“പെണ്ണിന്റെ ജനിതകത്തില്‍ മാത്രമേ ഇണയുടെ ചിത്രമുള്ളു. തന്റെ ജനിതകത്തില്‍ രേഖപ്പെട്ട ആ അഴകളവുകളെയാണ് അവള്‍ ഓരോ ആണിലും തിരയുന്നത്, ഒടുവില്‍ ഒരേയൊരു ആണില്‍ കണ്ടെത്തുന്നത്. അവനെ കണ്ടെത്തിയില്ലെങ്കില്‍ അവളിലെ പെണ്ണ് സ്വസ്ഥയാകില്ലൊരിക്കലും.”

“കടുത്ത കാല്പനികത!”

നീലിമ ചിരിച്ചു. “സംഗതി സത്യമാണ്. ഞാന്‍ അതിനെ ഒന്ന് സാഹിത്യവല്‍ക്കരിച്ചെന്നേയുള്ളു.”

“എന്തെങ്കിലുമാകട്ടെ, അതുകൊണ്ട്?”

നീലിമ പിന്നെയും ചിരിച്ചു. പിന്നെ, ഒരു നിമിഷശേഷം പറഞ്ഞു, “എന്റെ ജനിതകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രം നിന്റേതാണ്.”

കൃഷ്ണകുമാര്‍ പെട്ടെന്ന് നിശബ്ദനായി.

നീലിമയുടെ അടുത്ത ചിരിക്ക് ഒരു ചെറുതിരയുടെ രഹസ്യഭാവം കൈവന്നിരുന്നു. അവളുടെ കൊല്ലുന്ന ചിരി! അവന്‍ അസ്വസ്ഥതയോടെ ഓര്‍ത്തു.

“പിന്നെ നീ അവനെ കല്യാണം കഴിക്കുന്നതെന്തിനാണ്?” ഒട്ടൊരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാര്‍ വീണ്ടും നാണംകെട്ട് ചോദിച്ചു. “ഇപ്പോഴും നമുക്ക് സമയമുണ്ട്.”

“നമുക്കോ!” ഇത്തവണ നീലിമയുടെ ശബ്ദത്തില്‍ പരിഹാസമുണ്ടെന്നുതന്നെ കൃഷ്ണകുമാറിന് തോന്നി.

“നമുക്കിനി സമയമില്ല കൃഷ്ണാ! നിനക്കറിയാവുന്നതുപോലെ, പണ്ട് ഞാനും ആഗ്രഹിച്ചിരുന്നു അങ്ങിനെ. പക്ഷേ, ഇപ്പോള്‍ ഞാന്‍ അത് ആഗ്രഹിക്കുന്നില്ല. നിന്നോട് എന്തെങ്കിലും നീരസം ബാക്കിയായതുകൊണ്ടല്ല. അതൊരു വിഡ്ഢിത്തമായിരിക്കുമെന്ന് കരുതാനും മാത്രം ബോധം ഇപ്പോഴെനിക്കുള്ളതുകൊണ്ടാണ്.”

“എന്ത് വിഡ്ഢിത്തം?”

ആ ചോദ്യത്തെ കേള്‍ക്കാതെ നീലിമ തുടര്‍ന്നു, “പിന്നെ അവന്‍, അത് നടന്നേ പറ്റു എന്ന്‍ തോന്നി. ഞാന്‍ ഒരാള്‍ മാത്രമല്ല എന്റെ ലോകത്തിന്റെ പരിധി. എന്റെ സാഹചര്യങ്ങളെയും മന:സാക്ഷിയെയും കണക്കിലെടുക്കുവോളം വിവാഹം ഒഴിവാക്കാനാവില്ല.”

“അപ്പോള്‍ അവനോട് നിനക്ക് സ്നേഹമില്ലെന്നാണോ?”

“നീ തെറ്റിദ്ധരിച്ചു കൃഷ്ണാ! അവനോടെനിക്ക് നിറയെ സ്നേഹമാണ്. പാവം, അവനോടെനിക്ക് അനുതാപവുമാണ്. അവനെ രേഖപ്പെടുത്തിയ ജനിതകമുള്ള, അവനില്ലാത്തയിടങ്ങളില്‍ അവനെ തിരയുന്ന ആ ഏതോ ഒരു പെണ്ണിനോടും.”

“നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല നീലിമ.” അവള്‍ പറയുന്നതില്‍ അവ്യക്തതയൊന്നും ഇല്ലാതിരുന്നിട്ടും ആ വസ്തുതകളുടെ ഘനമത്രയും ഒറ്റയടിക്ക് പേറുന്നതില്‍ പരാജയപ്പെടുന്നുവെന്ന് തോന്നിയതുകൊണ്ടുമാത്രം കൃഷ്ണകുമാര്‍ പറഞ്ഞു.

“കൂടുതലായൊന്നും ഇതില്‍ മനസിലാക്കാനില്ല. ഞാന്‍ നിന്നെ എന്റെ ജനിതകത്തില്‍ പേറുന്നു. അത്രമാത്രം.”

തന്റെ ജനിതകത്തില്‍ രേഖപ്പെട്ടവനാണെന്ന വിശ്വാസം കൊണ്ട് മാത്രമല്ല നീലിമ കൃഷ്ണകുമാറിനെ സ്നേഹിച്ചത്. ഭൂമിയിലെ പലകോടി പുരുഷന്മാരില്‍ കൃഷ്ണകുമാറിന് മാത്രം സാധ്യമാകുന്ന, അസാധാരണവും അസംസ്കൃതവുമായൊരു പ്രേമത്തോടുള്ള സ്വാര്‍ഥമെന്ന് വിളിക്കാവുന്ന ഒരുതരം ആസക്തിയാണ് നീലിമയെ അതിന് പ്രേരിപ്പിച്ചത്. അതിന്റെ അസാധാരണിമകള്‍ ഓരോന്നും ഒരു നവജാതശിശുവിന്റെ നഖങ്ങളെപ്പോല്‍ സൂക്ഷ്മവും ലോലവും ഹൃദയഹാരിയുമായിരുന്നു. അതിന്റെ അസംസ്കൃതിമകള്‍ നീരൊലിക്കുന്ന ഒരു ആനയുടെ ചേഷ്ടകളെപ്പോല്‍ പ്രവചനാതീതവും വന്യവുമായിരുന്നു. അതിന് ഒരു കാട്ടുതീയുടെ അപ്രതിരോധ്യത ഉണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ സ്നേഹത്തിന്റെ സൂക്ഷ്മവും സ്വകാര്യവുമായ വെളിപ്പെടലുകള്‍ക്ക് വേണ്ടി നീലിമ കൃഷ്ണകുമാറിനെ കഠിനമായി സ്നേഹിച്ചു. അത് അവള്‍ക്ക് തന്നോടുതന്നെയുമുള്ള സ്നേഹമായിരുന്നു. അതൊഴിച്ചാല്‍ ആ സ്നേഹത്തില്‍ അവള്‍ക്ക് മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ലതാനും.

തിരികെ നടക്കുമ്പോള്‍ ഒരു സ്വീകരണമുറിഭിത്തിയിലെ ചിത്രത്തിനെ കൃത്യമായി അനുകരിച്ചുകൊണ്ട്, കിഴക്ക്, അരികുകള്‍ക്ക് മങ്ങിയ മഞ്ഞ നിറമുള്ള ഇരുണ്ട പഞ്ഞിമേഘങ്ങള്‍ക്കിടയില്‍ പൂര്‍ണചന്ദ്രന്‍ ഉദയത്തിന്റെ ആരംഭശൂരത്വമായ അമിതവലിപ്പത്തോടെ വിളറിനിന്നു. ആ ദൃശ്യം കണ്ടതും, അപ്രതീക്ഷിതമായ തിരിച്ചറിവുകള്‍ക്ക് മാത്രം സഹജമായൊരു ആവേശത്തോടെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കി. സൂര്യന്‍ ഉപേക്ഷിച്ച് പോയ അവസാനത്തെ എട്ടുമിനിട്ട് ചുവപ്പ് പടിഞ്ഞാറന്‍ ചക്രവാളത്തിലാകെ. ഉറവിടം കാണാനില്ലാത്ത ശുദ്ധമായ ചോരപ്പടര്‍പ്പ്! കൃഷ്ണകുമാറിന്റെ മനസ് മണം പിടികിട്ടിയ ഒരു പോലീസ് നായയെപ്പോലെ ഒരു സ്വപ്നത്തിന്റെ പൊരുളിന് പിന്നാലെ പായാന്‍ തുടങ്ങി. അവന്‍ പൊതുവെ ഉറക്കത്തില്‍ സ്വപ്നം കാണുന്ന ആളായിരുന്നില്ല. തുടര്‍ച്ചയായി പനിപിടിക്കാന്‍ തുടങ്ങിയത് മുതലാണ് കൃഷ്ണകുമാര്‍ സ്വപ്നങ്ങള്‍ കാണുവാന്‍ തുടങ്ങിയത്. പലതരം വിചിത്രമായ, എന്നാല്‍ യഥാര്‍ഥമെന്ന് തെറ്റിദ്ധരിച്ചുണര്‍ന്നിരുന്ന സ്വപ്നങ്ങള്‍. സൂര്യനില്‍നിന്ന് ചന്ദ്രനിലേക്ക് നേര്‍രേഖയിലുള്ള ഒരു പാതയുണ്ടെങ്കില്‍, ആ പാതയില്‍ക്കൂടി ശൂന്യാകാശത്തിന്റെ ഇരുളിനോളംപോന്ന അരണ്ട വെളിച്ചത്തില്‍ നടക്കുമ്പോള്‍ ഒരറ്റത്ത് ചുവന്ന വെയിലും തിരിഞ്ഞുനോക്കുമ്പോള്‍ നിലാവും കാണാമെങ്കില്‍, അടിയില്‍ ഇരുളിന്റെ അഗാധതയുള്ള അത്തരമൊരു സുതാര്യ പാതയിലെ നൂല്‍വഴിയെ നടന്നുപോകാമെങ്കില്‍, അങ്ങനെ രണ്ട് തരം വിദൂരവെളിച്ചങ്ങള്‍ അറ്റങ്ങളായ, അസ്പഷ്ടമായ ഒരു വഴിത്താരയില്‍ക്കൂടി നടന്നകലുന്ന ഒരു നിഴലായിരുന്നു കൃഷ്ണകുമാര്‍ ആയിടെയായി ആവര്‍ത്തിച്ച് കണ്ടിരുന്ന സ്വപ്നം. പാതയുടെ ഒരറ്റത്തുനിന്ന് നോക്കുമ്പോള്‍ നീല അരികുകളും മറുപാതിയില്‍നിന്ന് നോക്കുമ്പോള്‍ ചുവന്ന അരികുകളുമുള്ള ഒരു നിഴല്‍. ആ സ്വപ്നം എല്ലായ്പ്പോഴും ഒരു വിദൂരദൃശ്യമായിരുന്നു. ആ നിഴലിനെ അടുത്ത് കാണണമെന്ന് ഓരോ തവണയും ഉല്‍ക്കടമായി നിദ്രയില്‍ ആഗ്രഹിച്ചുവെങ്കിലും ഒരിക്കലും അതിനവനു സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ നിമിഷം!

ഭൂത, വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടുക സാധാരണയാണ്. പക്ഷേ ഭാവിയുടെ ഒരു നിമിഷം പോലെയൊന്ന് സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പൊരുള്‍ എന്താണ്? ആ ചോദ്യത്തേക്കാളുപരി കൃഷ്ണകുമാറിനെ അലട്ടിയത് സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള വൈചിത്ര്യങ്ങളായിരുന്നു. സ്വപ്നത്തില്‍ ഒരു നിഴലേയുള്ളു, യാഥാര്‍ഥ്യത്തില്‍ രണ്ടും. അതിന്റെ അര്‍ഥമെന്താണ്? നെരൂദ, പാദങ്ങള്‍, അഭൌമപാത, നിഴല്‍.. ഇന്നത്തെ ചിന്തകളില്‍ കൌതുകമുണര്‍ത്തി വന്ന, ചേരുംപടി ചേരാത്തവയെന്ന് തോന്നിപ്പിക്കുന്ന ബിംബങ്ങള്‍ തമ്മില്‍ രഹസ്യബന്ധമെന്താണ്?


3. യാഥാര്‍ഥ്യം മുതല്‍ സ്വപ്നം വരെ.

കടല്‍ക്കരയിലെ സന്ധ്യയുടെ രാത്രി വെളിപാടിന്റെ രാത്രിയായിരുന്നു. അതിനാല്‍ അത് മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെയും കുമ്പസാരപ്പെട്ട പൌര്‍ണമിയുടെയും രാത്രി ആയിരുന്നു. കൃഷ്ണകുമാര്‍ ആ രാത്രിയില്‍ തിരിച്ചറിവിന്റെ സ്വാസ്ഥ്യം പൂകി. കേട്ടുകേള്‍വിയില്‍ പോലുമില്ലാത്തതും എന്നാല്‍ എവിടെയോ ഉള്ളതെന്ന് ആത്മസുനിശ്ചിതവുമായ, അമൂല്യനിധികളാല്‍ നിറഞ്ഞ ഒരു ദ്വീപ് തേടി ജീവിതത്തോളം സമുദ്രപര്യവേക്ഷണം ചെയ്തിരുന്ന ഒരു മനുഷ്യനായി അവന്‍ തന്നെത്തന്നെ കണ്ടു. ആ ദ്വീപ് കണ്ടെത്തുമ്പോള്‍ ജീവന്റെ തിരച്ചില്‍ അവസാനിക്കുകയും അത് വിശ്രാന്തികൊള്ളുകയും ചെയ്യും. കൃഷ്ണകുമാറിന്റെ ആ ദ്വീപ് നീലിമയാണ്.

ഇരുളില്‍ ആ വെളിപാടിന്റെ പല നിലകളില്‍ മാറിമാറി കിടക്കവേ, അത്രനേരം ദൃഷ്ടിയെ നിയന്ത്രിച്ചുകൊണ്ട് ഭിത്തിമേല്‍ സഞ്ചരിച്ചിരുന്ന മിന്നാമിനുങ്ങ് ആകാശത്ത് ഒരു നക്ഷത്രം പാഞ്ഞുമറയുംപോലെ പെട്ടെന്ന് പറന്നുയരുകയും, അതേ നിമിഷം മച്ചില്‍നിന്ന് തൂങ്ങിക്കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ ചിറകില്‍ തട്ടി കെടുകയും, ആ കൂട്ടിയിടിയുടെ നേര്‍ത്ത ശബ്ദത്തില്‍ കൃഷ്ണകുമാര്‍ ഞെട്ടിപ്പോവുകയും ചെയ്തു. അവന്‍ പെട്ടെന്നെഴുന്നേറ്റ് മുറിയില്‍ വെളിച്ചം വരുത്തി എങ്ങോട്ടേയ്ക്കാണ് ആ പ്രാണി വീണതെന്ന് അന്വേഷിച്ചു. എന്നാല്‍ അത് എങ്ങുമുണ്ടായിരുന്നില്ല.

മ്ലാനമായ മനസോടെ വീണ്ടും ലൈറ്റണച്ച് കിടക്കയിലേയ്ക്ക് ചാഞ്ഞപ്പോഴാണ് കൃഷ്ണകുമാര്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധിച്ചത്. മിന്നാമിനുങ്ങ് ഇന്നത്തെ രാത്രിയുടെ മാത്രം അതിഥിയല്ല. ഈ സന്ദര്‍ശനം പലരാത്രികളിലുമുള്ള ആവര്‍ത്തനമാണ്.

“സ്നേഹം വെളിപ്പെടുത്തുമ്പോഴും ഉമ്മ വെക്കുമ്പോഴും രതിയിലേര്‍പ്പെടുമ്പോഴും അപ്രതീക്ഷിതമായി മരിച്ചുപോകുന്നവരുടെ ആത്മാക്കളാണ് മിന്നാമിനുങ്ങുകള്‍.” ഒരിക്കല്‍ നീലിമ പറഞ്ഞു.

“നിനക്കെങ്ങനെ അറിയാം?”

“എന്റെ വല്യമ്മ പറഞ്ഞിട്ടുണ്ട്.” 

ഒരു നിമിഷം കഴിഞ്ഞ് അവള്‍ രഹസ്യാത്മകമായി കുസൃതിപ്പെട്ടു, “ആദ്യത്തെ രണ്ട് ക്ലോസുകളേ അവര്‍ പറഞ്ഞിരുന്നുള്ളു, മൂന്നാമത്തേത് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്, മുതിര്‍ന്നപ്പോള്‍.”

“എന്ത്?” കൃഷ്ണകുമാര്‍ നീലിമയുടെ രഹസ്യത്തിലും കുസൃതിയിലും പങ്ക് ചേര്‍ന്നു.

“രതി.”

വെളിപാടുരാത്രിയുടെ ഏഴാം നാളായിരുന്നു രതി. കൃഷ്ണകുമാറിന്റെ കിടക്കയില്‍, പരസ്പരം പറയാതെ, എന്നാല്‍ ഇരുവരുമൊരുമിച്ച് മുന്‍കൂട്ടി നിശ്ചയിച്ചതുപോലെതന്നെ.

“നീ ഒരു സ്ത്രീയ്ക്ക് ആവശ്യമുള്ളതിലും അധികം മാന്യനാണ് കൃഷ്ണാ!” സ്വയം വീണ്ടെടുത്തുകഴിഞ്ഞപ്പോള്‍ നീലിമ പുഞ്ചിരിച്ചു, പിന്നെ ചുംബിച്ചു.

“എന്തേ?”

“കിടക്കയിലെ നിന്റെയീ അന്തസ്സും, കൊല്ലുന്ന ക്ഷമയും!” നീലിമ കുലുങ്ങിച്ചിരിച്ചു, ശേഷം ചോദിച്ചു, “ഷാരോണ്‍?”

കൃഷ്ണകുമാര്‍ മൌനിയായി. പിന്നെ അവളുടെ ചോദ്യത്തെ ഒരു മറുചോദ്യം കൊണ്ട് നേരിട്ടു, “ഇതൊക്കെ നിനക്കെങ്ങനെ മനസിലായി?”

“എത്ര ലളിതം! ഇത് എനിക്കും ആദ്യമല്ലാത്തതുകൊണ്ട്.”

കൃഷ്ണകുമാറിന്റെ മുഖത്ത് ആശ്ചര്യം പടര്‍ന്നു.

“നീ പോയ ശേഷമുള്ള, കടലെടുത്ത അവസ്ഥ.” നീലിമയുടെ ശബ്ദത്തില്‍ വളരെക്കാലം കൂടി കൃഷ്ണകുമാര്‍ വിഷാദം രുചിച്ചു. “മരണത്തോളം നോവ്. ആത്മഹത്യയുടെ തുമ്പ്. ഒടുവില്‍ ട്രപ്പീസിൽനിന്ന് വലയിലേക്കിറങ്ങിവന്നപ്പോള്‍, സ്ഫോടനതുല്യമുള്ളൊരു സ്വയം തിരിച്ചറിവില്‍ ആദ്യം ചെയ്തത് അതായിരുന്നു.”

കൃഷ്ണകുമാര്‍ വല്ലാതായി. പിന്നെ സങ്കോചത്തോടെ, ലജ്ജാരാഹിതമായ ആകാംക്ഷയില്‍ പറഞ്ഞു, “ആരായിരുന്നു? അത് പറയൂ.”

“ആരായിരുന്നു?” നീലിമ കൃഷ്ണകുമാറിനെ നോക്കി, പുഞ്ചിരിച്ചു. “അതില്‍ കാര്യമില്ല കൃഷ്ണാ. എനിക്ക് ആ അനുഭവം തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായിരുന്നു. ക്രൂരതയാണ്, എങ്കിലും യാഥാർത്ഥ്യമതാണ്. കരുതികൂട്ടിയല്ലെങ്കിലും, അയാള്‍, പാവം, സത്യത്തില്‍ അത് സംഭവിക്കുമ്പോള്‍തന്നെ അയാള്‍ ചിത്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അയാള്‍ മാത്രമല്ല, ആ മുറിയും മുറിക്കുപുറത്തുള്ള ലോകവും എല്ലാം. ഞാന്‍, ഞാന്‍ മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. പ്രശാന്തിയുടെ സമുദ്രത്തില്‍, സ്വയം നഷ്ടപ്പെട്ടും കണ്ടെടുത്തും ഞാനൊരാള്‍ മാത്രം..”

കൃഷ്ണകുമാറിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഓര്‍മ്മകളില്‍, ആ നിമിഷങ്ങളില്‍ വീണ്ടും എത്തിപ്പെട്ടതുപോലെ കണ്ണടച്ചുകിടന്ന നീലിമയുടെ മുഖത്തേയ്ക്കുതന്നെ മിഴിച്ചുനോക്കി അവനിരുന്നു.

“പിന്നെ അയാളെ കണ്ടോ?” നേര്‍ത്ത അസൂയയോടെ കൃഷ്ണകുമാര്‍ ചോദിച്ചു.

“ഇല്ല.” കണ്ണടച്ചുകിടന്ന് നീലിമ തുടര്‍ന്നു. “അയാള്‍ പോകുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. അയാള്‍ ഭയന്നുപോയിരിക്കണം, പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല.” ഒരു നിമിഷം നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു, “കാണാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.”

“ഓ, നീലിമ! നീയും ഈ കന്യകാത്വത്തിന്റെ വിശുദ്ധിയിലൊക്കെ...”

“ഞാന്‍ കരഞ്ഞത് കന്യകാത്വത്തെ ഓര്‍ത്തല്ല.” പെട്ടെന്നു കൃഷ്ണകുമാറിന് നേരെ കണ്‍തുറന്ന്, അവനെ മുഴുമിക്കാന്‍ വിടാതെ നീലിമ പറഞ്ഞു. “കന്യകാത്വനഷ്ടത്തില്‍ കരയുന്നവര്‍ അവിശ്വാസികളാണ്. അവര്‍ക്ക് ആത്മാവിന്റെ ശരികളില്‍ പൂര്‍ണവിശ്വാസമില്ല.”

അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. പിന്നെ, കൃഷ്ണകുമാറിന്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് തുടര്‍ന്നു,

“ഞാന്‍ കരഞ്ഞത് നിന്നെ ഓര്‍ത്താണ്. അത് കുറ്റബോധമൊന്നുമായിരുന്നില്ല. വെറും ഓര്‍മ്മ. എത്ര വിചിത്രം, അല്ലേ? പക്ഷേ അങ്ങനെ ഒരാള്‍ക്ക് കരയാന്‍ പാടില്ലേ? വെറുതെ ഒരാളെ ഓര്‍ത്ത് വെറുതെ കരയാന്‍?”

കൃഷ്ണകുമാറിന് പെട്ടെന്ന് കുറ്റബോധം തോന്നി. അവന്റെ കണ്ണുകള്‍ നിറഞ്ഞു. “നീലിമ, നീ അന്നൊരിക്കല്‍ പറഞ്ഞില്ലേ, ജനിതകത്തില്‍ രേഖപ്പെട്ട ചിത്രങ്ങളെപ്പറ്റി? ആണിന്റെ ജനിതകത്തിലും അതുണ്ടെന്നാണെനിക്കിപ്പോള്‍ തോന്നുന്നത്. പക്ഷേ അത് ഡീകോഡ് ചെയ്ത് കാണുവാനുള്ള ശേഷി ഞങ്ങള്‍ക്ക് പരിണാമത്തിന്റെ തുടക്കത്തിലെവിടെയോ സൂക്ഷ്മപ്രാണിയായിരിക്കേ നഷ്ടപ്പെട്ടതായിരിക്കണം.”

നീലിമ കൃഷ്ണകുമാറിനെ ചേര്‍ത്തുപിടിച്ചു. അങ്ങനെ അവര്‍ ഉറങ്ങി. തുറന്നിട്ട ജനാലയ്ക്ക് പുറത്ത് ദ്വിമാനചിത്രങ്ങളായിത്തീര്‍ന്ന മരങ്ങളുടെ ഇരുള്‍ത്തുഞ്ചങ്ങളില്‍ മിന്നാമിനുങ്ങുകളുടെ സംഘടിതമായ നക്ഷത്രവീഴ്ചകള്‍ നിരന്തരവും ശക്തവുമായി. ഉറക്കത്തിലേയ്ക്കുള്ള അവസാന ആക്കത്തില്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് മുറിയില്‍ മിന്നാമിനുങ്ങ് ഇല്ലാത്ത രാത്രിയാണല്ലോയെന്ന് കൃഷ്ണകുമാര്‍ അത്ഭുതപ്പെട്ടു. ആ അത്ഭുതം, പങ്കയില്‍ തട്ടിത്തെറിച്ച് മറഞ്ഞ മിന്നാമിനുങ്ങ് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ഇരുളില്‍ മേശമേല്‍ മിന്നുന്നത് കണ്ടപ്പോള്‍ അവനുണ്ടായത് പോലെ തന്നെ ഒന്നായിരുന്നു. എന്തെന്നാല്‍, അവന്‍ കരുതിയിരുന്നത് പങ്കയുടെ വീശിയടിയെ അതിജീവിക്കുവാനുള്ള ത്രാണി ആ‍ പ്രാണിക്ക് ഉണ്ടാവില്ല എന്നാണ്. എന്നാല്‍ ജീവന്റെ അപാരമായ ശക്തിയെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ തുച്ഛമായ അറിവിനെ പരിഹസിച്ചുകൊണ്ട്, മരണത്തെ തോല്‍പ്പിച്ച് മിന്നാമിനുങ്ങ് ഇരുളില്‍ വെളിച്ചത്തിന്റെ ഒരു പൊട്ട് കുത്തി. മറ്റുള്ളവര്‍ക്ക് തികച്ചും സാധാരണമെന്ന് തോന്നാവുന്ന ആ നിരന്തര ജീവസാന്നിധ്യത്തെ, പ്രേമിയായി ജീവിക്കുന്നവന്‍ എന്ന ഒറ്റക്കാരണത്താല്‍ കൃഷ്ണകുമാറിന് അസാധാരണമായിത്തോന്നി. പ്രേമത്തിന്റെ മറ്റൊരു പ്രത്യേകത; അത് ലോകത്തിന്റെ സാധാരണിമകളെ വ്യക്തികളുടെ അസാധാരണിമകളാക്കിത്തീര്‍ക്കും.

അതുകൊണ്ടുതന്നെ നീലിമയല്ലാത്തവരാരും തികച്ചും പൈങ്കിളിയെന്ന് മുദ്രകുത്തിയേക്കാവുന്ന ഒരു പ്രവൃത്തിയാണ് കൃഷ്ണകുമാര്‍ പിന്നീട് ചെയ്തത്. അവന്‍ ഇരുളില്‍ ആ മിന്നാമിനുങ്ങിന്റെ ചിത്രം മൊബൈല്‍ ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തുകയും അപ്പോള്‍ തന്നെ, കേവലം കറുപ്പില്‍ ഒരു പച്ചകുത്ത് അല്ലാതെ മറ്റൊന്നുമല്ലാത്ത ആ ചിത്രം നീലിമയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കൃഷ്ണകുമാറിനൊപ്പം രാത്രി ചിലവഴിക്കാന്‍ വരുന്നതിനു കാരണമായി നീലിമ ആദ്യം പറഞ്ഞതും ആ മിന്നാമിനുങ്ങിനെ കാണണമെന്നുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ പിറ്റേന്ന് പകല്‍ തിരികെ മടങ്ങും വരെ അവള്‍ മിന്നാമിനുങ്ങിനെ കുറിച്ച് ഒരു തവണപോലും ഓര്‍ത്തതേയില്ല; ഉറക്കത്തിന് മുന്‍പുള്ള ബോധത്തിന്റെ ഒരേയൊരു നിമിഷത്തിലൊഴികെ കൃഷ്ണകുമാറും.

പുലര്‍ച്ചെ കണ്ണുതുറക്കുമ്പോള്‍ വലം കൈയ്യാല്‍ മുലകളില്‍ അലസമായി ചൊറിഞ്ഞും, ഇടം കൈയ്യുടെ ചൂണ്ടുവിരലില്‍ മുടിത്തുമ്പ് ചുറ്റിയുമഴിച്ചും കലണ്ടറിന് മുന്‍പില്‍ പൂര്‍ണനഗ്നയായി നില്‍ക്കുന്ന നീലിമയെയാണ് അവന്‍ കണ്ടത്.

“വാഹ്! വീനസ് വീണ്ടും പിറന്നപടി!” ബോട്ടിസെല്ലി വരച്ചിട്ട ‘വീനസിനെ’ ഓര്‍ത്തുകൊണ്ട് കൃഷ്ണകുമാര്‍ ഉറക്കത്തിന്റെ ഇടര്‍ച്ച ബാക്കികിടന്ന ശബ്ദത്തില്‍ ആശ്ചര്യപ്പെട്ടു.

നീലിമ തലചെരിച്ച് കൃഷ്ണകുമാറിനെ നോക്കി.

“പ്രണയത്തില്‍ ശരീരം കാലത്തിന്റെ കണിശതകളെ പരിഹസിക്കുന്നു.” തന്നെനോക്കി കണ്ണുമിഴിച്ചുകിടക്കുന്ന കൃഷ്ണകുമാറിനരികിലേയ്ക്ക് ഉത്സാഹത്തോടെ നടന്നടുക്കവേ അവള്‍ പറഞ്ഞു.

“എന്തേ?”

“ഒന്നുമില്ല, ജീവിതത്തില്‍ ആദ്യമായി ഈമാസത്തില്‍ ഏഴ് ദിവസംമുന്‍പേ ഞാന്‍ സ്ത്രീയുടെ കൊടിയടയാളമുയര്‍ത്തി.”

“ഏഴ് ദിവസം?”

“ആവോ, എന്തെന്നറിയില്ല.”

“ആ ചുവപ്പ് ഒരു വഞ്ചനയുടെ പ്രഖ്യാപനം കൂടിയാണ്.”

“വഞ്ചന?” നീലിമയുടെ പുരികമുയര്‍ന്നു.

“വിത്തിനെ വരവേല്‍ക്കുവാനായി ഒരുങ്ങിയിരുന്ന ഉടലിനോട് ജീവി കാട്ടുന്ന വഞ്ചനയില്‍ നൊന്തുള്ള ജീവന്റെ രക്തച്ചൊരിച്ചില്‍. ശരീരത്തിന്റെ സമരം, ചുവന്ന കണ്ണീര്!” കൃഷ്ണകുമാര്‍ തമാശപോലെയാണ് പറഞ്ഞത്. പക്ഷേ നീലിമ ചിന്താധീനയായിക്കിടന്നു. പിന്നെ പതിയെ, എന്നാല്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു,

“ഇത്തവണ ഞാന്‍ ഈ വഞ്ചന അവസാനിപ്പിക്കും, ഉടലുകളുടെ ശാസ്ത്രത്തെ പ്രണയം കൊണ്ട് പൊളിച്ചെഴുതും. ഇന്ന് ഫെബ്രുവരി ഇരുപത്തിയെട്ട്. കൃത്യം മാര്‍ച്ച് പതിനഞ്ചിന് ഞാന്‍ നിന്നെ വിളിച്ചിട്ട് പറയും, കൃഷ്ണാ, എന്റെ വയറ്റിലൊരു ക്രിസ്തു.”

“കല്യാണത്തിന്റെ അന്ന് തന്നെയോ!” കൃഷ്ണകുമാര്‍ പൊട്ടിച്ചിരിച്ചു.

“കുന്തം! നിനക്കൊന്നുമറിയില്ല കൃഷ്ണാ! അത് അവന്റെ കുഞ്ഞായിരിക്കില്ല!”

കൃഷ്ണകുമാര്‍ ചിരിനിര്‍ത്തുകയും നീലിമ തുടരുകയും ചെയ്തു.

“നിന്റെ കുഞ്ഞ്. നിന്നില്‍ നിന്ന് ഞാന്‍ ധരിക്കുന്ന ദിവ്യഗര്‍ഭം. നീയാകുന്ന പിതാവും പുത്രനും.”

“നിനക്ക് വട്ടാണ് നീലിമ.”

നീലിമയുടെ മിത്തിനെ വിശ്വസിക്കാമോയെന്ന അസംബന്ധചിന്ത പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കൃഷ്ണകുമാറിന്റെ മനസിലേയ്ക്ക് ആദ്യമായി വന്നത്, അവള്‍ പോയിക്കഴിഞ്ഞ രാത്രിയില്‍, ചിത്രപ്പണികള്‍ ചെയ്ത് ചായമടിച്ച് മേശപ്പുറത്ത് വെച്ചിരുന്ന മണ്‍കൂജയില്‍നിന്നു പൂത്തുനിന്ന മയില്‍പ്പീലികളില്‍ മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടപ്പോഴായിരുന്നു. ആത്മാവ് എന്ന സങ്കല്പം യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍, അതിന് ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന്റെ വലിപ്പം മാത്രമേ കാണുമായിരിക്കുകയുള്ളൂ എന്ന കാര്യത്തില്‍ അവന് സംശയമൊന്നുമുണ്ടായിരുന്നില്ല. അതിന് മിന്നാമിനുങ്ങിന്റെ പച്ചവെളിച്ചമായിരിക്കുകയും ചെയ്യും. പക്ഷേ യുക്തിവാദിയായ കൃഷ്ണകുമാര്‍ ആത്മാവിനെപ്പറ്റി ചിന്തിക്കുന്നതില്‍ ഒരു ശരികേടില്ലേ? അങ്ങനെ സ്വയം ചോദിക്കുന്നതിന് പകരം കൃഷ്ണകുമാര്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു; “ഇപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുവാന്‍ എന്നെ യഥാര്‍ഥത്തില്‍ പ്രേരിപ്പിക്കുന്നതെന്താണ്?”


4. സ്വപ്നയാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം.

നീ വിവാഹത്തിന് വരേണ്ട എന്ന് നീലിമയും ഇനിമേല്‍ നമ്മള്‍ തമ്മില്‍ കാണേണ്ട എന്ന് കൃഷ്ണകുമാറും പരസ്പരം പറഞ്ഞത് കല്യാണദിവസത്തിന്റെ തലേന്നത്തെ സംഭാഷണത്തിലായിരുന്നു. പ്രത്യക്ഷത്തില്‍ ഒരു വിവാഹപൂര്‍വപ്രണയത്തിന്റെ സ്വാഭാവികമായ അന്ത്യത്തില്‍ ഉച്ചരിക്കപ്പെടുന്ന സ്ഥിരം നൈരാശ്യഭരിതവാചകങ്ങളായി രണ്ടിനെയും തോന്നാമെങ്കിലും അവയ്ക്ക് പിന്നിലെ ചേതോവികാരങ്ങള്‍ പരസ്പരം തികച്ചും ഭിന്നങ്ങളായിരുന്നു.

“നിന്റെ ഒരു ചോദ്യം ഞാനോര്‍മ്മിപ്പിക്കട്ടെ, നിന്നെ വിവാഹം കഴിക്കുന്നതില്‍ എന്താണ് വിഡ്ഢിത്തമെന്ന ചോദ്യം? ഇപ്പോള്‍ ഞാന്‍ പറയട്ടെ, എനിക്കൊരു വീട് വേണം, യാത്രകളുടെ ഇടവേളകളില്‍ എനിക്ക് മടങ്ങിയെത്താനും ചിറക് വിരുത്തി ക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് ഉന്മേഷം വീണ്ടെടുക്കാനുമുള്ള അവധിക്കാലങ്ങള്‍ക്കായി ഒരു വീട്. അതില്‍, അപ്പോൾ,  നീയുണ്ടായാല്‍ നന്ന്. അല്ലെങ്കില്‍, മറ്റാരെക്കാളും നിന്നെയാണെനിക്ക് വേണ്ടതും. പക്ഷേ ദിനചര്യയായിമാറുന്ന പ്രണയത്തേക്കാള്‍ മടുപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ലെന്ന് ഞാന്‍ ഭയക്കുന്നു. അതുകൊണ്ടാണ് നിന്നെ വിവാഹം കഴിക്കുക എന്ന ആശയത്തെ ഞാന്‍ വെറുക്കുന്നത്. എന്നെ സംബന്ധിച്ച്, എന്റെ നിത്യജീവിതത്തിലെ നിന്റെ ശാരീരികമായ ഇല്ലായ്മയാണ് നമ്മുടെ പ്രണയം.” നീലിമ പറഞ്ഞു.

“ആ ചിന്തകൊണ്ടാണ് നിനക്ക് പകരം മറ്റൊരാളെ വളരെ എളുപ്പത്തില്‍ ഞാന്‍ ആ വീട്ടില്‍ സങ്കല്‍പ്പിച്ചത്. പക്ഷേ ഒരു വിരോധാഭാസം പോലെ, ഇപ്പോള്‍ ആ സങ്കല്‍പ്പത്തിന്റെ അപ്രതിരോധ്യമായ സംഭാവ്യത തൊട്ടടുത്തുനില്‍ക്കുമ്പോള്‍ ആ വീടും അതിലെ നീയില്ലായ്മയും എന്നെ ഭയപ്പെടുത്തുന്നു!”
 
പ്രപഞ്ചം വര്‍ത്തിക്കുന്നത് ചതുര്‍മാനമായാണെന്നും ചാക്രികമായാണെന്നും ആരാണ് പറഞ്ഞത്? കൃഷ്ണകുമാര്‍ ഓര്‍ക്കുവാന്‍ ശ്രമിച്ചു. അതുപ്രകാരം നാലാം മാനമായ കാലം ചുരുങ്ങിത്തുടങ്ങുമ്പോള്‍ പ്രപഞ്ചം നിരന്തരവികാസം നിര്‍ത്തുകയും ചുരുങ്ങുവാന്‍ തുടങ്ങുകയും ചെയ്യണം. ഒടുവില്‍ ഉല്‍പ്പത്തിയിലെന്നപോലെ നാലുമാനവും ചുരുങ്ങി ഒറ്റ ഘനബിന്ദുവിലെത്തണം. പ്രപഞ്ചത്തിന്റെ ഈ പൊതുസ്വഭാവം അതിലെ ഓരോ സൂക്ഷ്മകണികകളിലും ആവര്‍ത്തിക്കണമെന്ന നിയമത്തെ അനുവര്‍ത്തിച്ചാവണം, താന്‍ ആദ്യകാലത്ത് കയറിക്കൊണ്ടിരുന്ന പര്‍വതങ്ങള്‍ ഇറങ്ങുകയും നീലിമ കയറുകയും ചെയ്യുകയാണെന്ന് കൃഷ്ണകുമാറിന് മനസിലായി.

അവന്റെ ദു:ഖാവരോഹണത്തിന്റെ കാരണം പരിശോധിച്ചാല്‍ വിചിത്രമെന്ന് തോന്നാം, അതും ഇരുവരും തമ്മില്‍ വിവാഹം പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു. ആ തിരിച്ചറിവ് പക്ഷേ നീലിമയ്ക്ക് സംഭവിച്ചതുപോലെ, വിവാഹാനന്തരം പ്രണയം ഒരു മടുപ്പിക്കുന്ന ദുശ്ശീലമായിമാറും എന്ന ഭയത്തില്‍നിന്ന് ഉരുവായതായിരുന്നില്ല. മറിച്ച്, നീലിമയോടുള്ള പ്രണയത്തില്‍ ഇനി ഉടലിന് കാര്യമായൊന്നും ചെയ്യാനില്ലെന്നും, ഉടലിനെ അത്  മറികടന്നുകഴിഞ്ഞുവെന്നുമുള്ള ബോധ്യം കൊണ്ടായിരുന്നു. ഇപ്പോള്‍ അതുതന്നെയാണ് തന്റെ ജീവിതമാധ്യമമെന്നും, ഉടലില്ലായ്മയിൽ, അത് പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്കും അതിരുകളുടെ പരിമിതികള്‍ക്കും പരസ്പരവിനിമയങ്ങള്‍ക്കും അതീതമാണെന്നും ഉള്ള, അരക്ഷിതത്വത്തെയും ഭയങ്ങളെയും കഴിഞ്ഞുള്ള പ്രശാന്തബോധ്യം.

ആ ബോധ്യത്തിന്റെ പുതപ്പിനടിയില്‍ ചൂടുപറ്റിക്കിടന്ന് പിറ്റേന്ന്, നീലിമയുടെ വിവാഹരാത്രിയില്‍ കൃഷ്ണകുമാര്‍ അന്തംവിട്ടുറങ്ങി. ഉറക്കത്തില്‍ കുറെ നാളുകള്‍ക്ക് ശേഷം അഭൌമപാതയിലെ നിഴല്‍നടത്ത സ്വപ്നം കാണുകയും ചെയ്തു. എന്നാല്‍ ഇത്തവണ അവന്‍ ആ സ്വപ്നത്തെ കൂടുതല്‍ വിശദമായി കണ്ടു. ഇരു ദിശകളില്‍നിന്ന് നോക്കുമ്പോള്‍ എതിര്‍വശത്തെ വെയിലിനോ നിലാവിനോ എതിരായി ഒറ്റനിഴലായും, മുകളിലും താഴെയുമുള്ള അനന്തതകളില്‍നിന്ന് നോക്കുമ്പോള്‍ പരസ്പരം എല്ലായ്പ്പോഴും നടന്നടുത്തുകൊണ്ടിരിക്കുന്ന, എന്നാല്‍ ഒരേ അകലം പാലിക്കുന്ന രണ്ട് നിഴലുകളായും കൃഷ്ണകുമാറിനുമുന്‍പില്‍ അവന്റെ സ്വപ്നപ്രഹേളിക വെളിപ്പെട്ടു. 

അടുത്ത പുലരിയില്‍ ഉണര്‍ന്നപ്പോള്‍ പാദങ്ങളുമായി സ്വപ്നത്തിനുള്ള ബന്ധം കൃഷ്ണകുമാറിന് സംശയംവിനാ തെളിഞ്ഞിരുന്നു. എന്നാല്‍ ആ പുത്തനറിവില്‍നിന്നുകൊണ്ട് മിന്നാമിനുങ്ങിന്റെ വരവുകളെ വ്യാഖ്യാനിക്കുവാനോ, പുന:സമാഗമശേഷം നീലിമ ആദ്യമായി ഫോണ്‍ ചെയ്ത രാത്രിയിലാണ് തികച്ചും യാദൃശ്ചികമായി ആ സന്ദര്‍ശനം ആരംഭിച്ചതെന്ന വസ്തുത കണക്കിലെടുക്കാനോ അവന്‍ മിനക്കെട്ടില്ല. അല്ലെങ്കില്‍ത്തന്നെ, അതിനൊക്കെ ഇനിയെന്ത് പ്രസക്തി?
***************************

അറിയിപ്പ് : ഈ ബ്ലോഗിലെ കഥകള്‍ അനുവാദം കൂടാതെ മറ്റ് ഇടങ്ങളില്‍ പ്രസിദ്ധീകരിക്കരുത്.